മാതൃത്വത്തിൻ്റെ തുന്നലടയാളങ്ങൾ
പുരാണങ്ങൾ, ഇതിഹാസങ്ങൾ സനാതന പ്രബോധനം
ഒക്കെയും പ്രകീർത്തിപ്പൂ മാതൃത്വത്തിൻ മഹത്വങ്ങൾ
ഉണ്മയും സത്തുമെല്ലാം ഹൃത്തിനുള്ളിലൊതുക്കുവോർ
മാതൃദുഗ്ധം ചുരത്തുന്നു പുത്രരെ കണ്ടമാത്രയിൽ
കാലമേറെ കഴിഞ്ഞിപ്പോൾ കോലംകെട്ടി നടക്കുവോർ
മാതൃസ്നേഹം കിഴിക്കെട്ടായ് നിക്ഷേപിക്കുന്നു കുപ്പയിൽ
ജീർണ്ണമാമടിവസ്ത്രം പോൽ കുഞ്ഞിനെയെറിയുന്നവർ
ജന്തുവർഗ്ഗത്തിനൊന്നാകെ അപവാദം വരുത്തുവോർ
ഹലാഹല വിഷം താനോ കുടിച്ചു വളരുന്നു മക്കളും
ഘോരമാം മാതൃഹത്യയ്ക്കായ് ഊടുംപാവുമൊരുക്കുവോർ
ജീവിതം ലഹരിമത്തായി, ലഹരി തേടുന്നു ജീവിതം
കൊടുപാതകപ്പെരുംകൂത്താൽ രുധിരാരുവി തീർത്തിടും
മാതൃത്വം മറക്കുന്ന അമ്മമാരിന്നേറെയുണ്ടല്ലോ!
മാതൃത്വം മറയ്ക്കുവാനായ് വേഷഭൂഷകളണിയുവോർ
കുട്ടിയുണ്ടെന്നറിയേണ്ട; മാതൃത്വത്തിൻ്റെ തുന്നലടയാളങ്ങൾ
മറയ്ക്കുവാൻ മരുന്നുണ്ടാമോ ഗൂഗിളിൽ പരതി നോക്കിടാം
,.
No comments:
Post a Comment