1.സാഗരസംഗമം
"പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവച്ചും
സ്വച്ഛാബ്ധി മണൽത്തിട്ട പദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെ
കാത്തുകൊള്ളുന്നു കുമാരിയും ഗോകർണേശനുമമ്മേ "
ഭാഷാസംസ്ഥാനങ്ങൾ രൂപപ്പെടും, മുമ്പുള്ള കവിയുടെ കേരളവർണ്ണന മനസ്സിൽ തെളിയുമ്പോൾ ഞാൻ കുമാരിമുനമ്പിൽ നിന്ന് അസ്തമയക്കാഴ്ച കാണുകയാണ്.സമുദ്രങ്ങളുടെ സംഗമം. സംസ്കാരങ്ങളുടെ സംഗമം.ചരിത്രത്തിന്റെ ഗതകാല വിസ്മ യങ്ങളുടെ സംഗമം. ഈ അർദ്ധദ്വീപിൽ അണഞ്ഞുനിൽക്കുമ്പോൾ അവിരാമം വീശിയടിക്കുന്ന കടൽക്കാറ്റു കാതിൽ പറയുന്നത് ഭാരതത്തിൻറെ ഇതിഹാസഗാഥകളോ ?സനാതന ധർ മ ത്തിന്റെ ബോധനഗീതികളോ? ഭൂഭാഗം ഈ മുനമ്പിൽ അവസാനിക്കുന്ന പ്രതീതി.ഈ ഇന്ത്യൻ മുനമ്പിൽ ചരിത്രവും ഭൗമശാസ്ത്രവും സമ്മേളിക്കുന്നു.മേടമാസത്തിലെ പൗർണ്ണമിയിൽ ഇവിടെ നിന്ന് നോക്കിയാൽ സൂര്യോദയവും ചന്ദ്രാസ്തമയവും ഒരേ സമയം കാണാം.ഒരുഭാഗത്തു സുവർണ്ണഗോളം അലകൾക്കുമീതെ അനാവൃതമാവുമ്പോൾ മറുഭാഗത്തു രജതരാജികൾ ആഴിക്കുഴിയിൽ അന്തർദ്ധാനം ചെയ്യുന്നു.

കുമരിമുനമ്പ് ഒരുകാലത്തു 64.5 കി.മി.തെക്കോട്ടു നീണ്ടുകിടന്നിരുന്നുവത്രെ. ബി.സി.200 നു മുമ്പ് കടൽക്ഷോഭത്തിൽ കരയുടെ കുറെ ഭാഗങ്ങൾ നഷ്ടപ്പെട്ടു.കടലിൽ ചിതറിക്കിടക്കുന്ന ഭൂഭാഗങ്ങളും പാറക്കൂട്ടങ്ങളും നിത്യവിസ്മയമായ വിവേകാനന്ദപ്പാറയും ഇത് വിശ്വാസയോഗ്യമാക്കുന്നു.ശ്രീ.വിവേകാനന്ദൻ ഭാരതാവർത്തം മുഴുവൻ സഞ്ചരിച്ചു കന്യാകുമാരിയിൽ എത്തിയപ്പോൾ ഏകാന്തധ്യാനത്തിനു തെരെഞ്ഞെടുത്തത് മുനമ്പിൽ നിന്ന് വേറിട്ട് കടലിൽ സ്ഥിതിചെയ്ത ഒരു ഖണ്ഡത്തെയാണ്.ഇത് പിൽക്കാലത്തു സ്വാമിയുടെസ്മാരകമായി.
അലറിയാർക്കുന്ന അലമാലകൾക്കിടയിലും മനസ്സിനെ ഏകാഗ്രമാക്കാൻ ,ധ്യാനധന്യമായ ആത്മാന്വേഷണത്തിനു പ്രാപ്തമാക്കാൻ ഈ ധ്യാനകേന്ദ്രം സഞ്ചാരികൾക്കു മുമ്പിൽ തുറന്നുകിടക്കുന്നു.മുനമ്പിൽ നിന്ന് യന്ത്രനൗകയിൽ സംഗമപാതയിലൂടെ പതിനഞ്ചു മിനിറ്റ് യാത്രചെയ്താൽ ധ്യാനത്തിന്റെ മഹാസന്നിധിയിൽ എത്താൻ കഴിയും.ബി.സി.200 നു മുമ്പ് നട ന്ന കടൽക്ഷോഭം നമുക്ക് കേട്ടുകേൾവിയെയുള്ളൂ. എന്നാൽ സമീപകാലത്തു വീശിയടിച്ച സുനാമിത്തിരകൾ വിവേകാനന്ദസ്മാരകത്തിന്റെ പാർശ്വഭിത്തികളും കൈവരികളും സഞ്ചാരവീഥികളും വരെ വിഴുങ്ങി.രാക്ഷസത്തിരകൾ കവർന്നെടുത്ത മനുഷ്യജീവനുകൾ ഒട്ടനവധി.
പാരതന്ത്ര്യത്തിന്റെ നാളുകളിൽ നിന്നും പരകീയാധിപത്യത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കാൻ വേണ്ടിയുള്ള കർമ്മകാണ്ഡം ഗാന്ധിജിയുടെ സമർപ്പണമായിരുന്നു.അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം -സ്മാരകം-ഇവിടെയല്ലെങ്കിൽ മറ്റെവിടെയാണുണ്ടാവേണ്ടത്. ഈ ത്രിസേതുസംഗമമായ കുമരി മുനമ്പിൽ കാലൂന്നി കാശ്മീരം വരെ വളർന്ന ആ ചെറിയ വലിയ മനുഷ്യനെ ആഴിതിരകൾ പാദോപധാനം ചെയ്ത് ആദരിക്കുന്നു.ജ്യോതിശാസ്ത്രത്തിനു ജ്യാമിതീയ സംഭാവനകൾ നൽകിക്കൊണ്ട് അർദ്ധചന്ദ്രദിനങ്ങളിൽ സൂര്യരശ്മി ഒരേ രേഖയിൽ ഒരേ സ്ഥാനത്തു (ഗാന്ധിസ്മാരകം) പതിക്കുന്ന സംവിധാനം ഇവിടെ രൂപപ്പെടുത്തിയത് എന്നെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു. അതുപോലെതന്നെ 16 സ്തംഭങ്ങളോടുകൂടിയ കൽമണ്ഡപം മറ്റൊരു വിസ്മയക്കാഴ്ചതന്നെ.
കന്യകയായ കുമാരീദേവിയുടെ ക്ഷേത്രസങ്കേതമാണ് കന്യാകുമാരി ആയത്. കുമരി എന്നത് കന്യാകുമാരിയായത് ക്ഷേത്രോല്പത്തിമുതലാവാം.ക്ഷത്രിയവധം ചെയ്ത് പാപമോചനാർത്ഥം പരശുരാമൻ സ്ഥാപിച്ച ക്ഷേത്രങ്ങളിലൊന്നത്രെ കന്യാകുമാരി. ശ്രീകൃഷ്ണ സഹോദരനായ ബലരാമൻ സൂതവധം കൊണ്ടുണ്ടായ പാപം തീരാൻ ഇവിടെ ഭജന ഇരുന്നതായും കഥയുണ്ട്.
ഉദ്ദിഷ്ടവരദായിനിയായ ദേവി കന്യാകുമാരിയെ ദർശിക്കുകയെന്നത് ഏന്റെ സഹചാരിയായ സഹധർമ്മിണിക്ക് ഏറെ പ്രധാനമായിരുന്നു.കന്യാകുമാരിദേവിയെക്കുറിച്ചു ഐതിഹ്യങ്ങൾ ഏറെയുണ്ട്.അവിടത്തെ വിശേഷനിറമാർന്ന മണ്ണും പളുങ്കു പാറക്കല്ലുകളും കാണുമ്പോൾ അവയ്ക്ക് ഉത്ഭവഹേതുവായ ഒരു ഐതിഹ്യകഥ 'അമ്മ പറഞ്ഞുതന്നതോർക്കുന്നു.ദേവന്മാരുടെ യാഗകുണ്ഡത്തിൽ നിന്ന് പരാശക്തി കന്യകാരൂപത്തിൽ അവതരിച്ചു.ദേവന്മാരെയും മുനിമാരെയും ഉപദ്രവിക്കുന്ന ബാണാസുരനെ നിഗ്രഹിക്കുകയായിരുന്നു അവതാരലക്ഷ്യം.കന്യകയായ ദേവി, ശിവപ്രീതിക്കായി തീവ്രതപസ്സനുഷ്ഠിച്ചു.ഒടുവിൽ പരമേശ്വരൻ ദേവിക്ക് പ്രത്യക്ഷനായി.ദേവി ഭഗവാനോട് തന്റെ സന്തതസഹചാരി ആയിരിക്കാൻ അപേക്ഷിച്ചു.സപ്തകന്യകകളുമൊത്ത് അവിടെ തപസ്സനുഷ്ഠിക്കാൻ നിർദ്ദേശിച്ചു ശിവൻ പോയ്മറഞ്ഞു.കന്യകയുടെ വിവാഹം നടന്നാൽ ബാണനിഗ്രഹം തടസ്സപ്പെടുമെന്ന് കരുതിയ ദേവന്മാർ ബ്രഹ്മാവിനെയും നാരദനെയും അത് മുടക്കാൻ ഏൽപ്പിച്ചു.വരനെ പരീക്ഷിച്ചിട്ടേ വിവാഹം നടത്താവൂ എന്നവർ കുമാരിയോട് പറഞ്ഞു. സൂര്യോദയത്തിനു മുമ്പ് കണ്ണില്ലാത്ത തേങ്ങയും കമ്പില്ലാത്ത കരിമ്പും ഞരമ്പില്ലാത്ത വെറ്റിലയും വരൻ കൊണ്ടുവരണമെന്നും അല്ലാഞ്ഞാൽ വിവാഹത്തിന് സമ്മതിക്കരുതെന്നും അവർ കുമാരിയോട് ശട്ടം കെട്ടി.ഈ അപൂർവ വസ്തുക്കൾ ശ്രീപരമേശ്വരനു മാത്രമേ തരപ്പെടുത്താൻ കഴിയുമായിരുന്നുള്ളൂ.ശിവൻ ശുചീന്ദ്രത്തുനിന്നും ഈ വസ്തുക്കളോടെ പുറപ്പെട്ടു . ഉടൻ നാരദൻ വഴുക്കൻപാറയിലിരുന്ന് കോഴി കൂകുന്നതുപോലെ ശബ്ദം പുറപ്പെടുവിച്ചു. സമയം വൈകിയതിനാൽ ഇനി പോയിട്ട് കാര്യമില്ലെന്നു പറഞ്ഞു ശിവൻ സ്ഥാണുമൂർത്തിയായി ശുചീന്ദ്രത്തുതന്നെ ഇരിപ്പുറപ്പിച്ചു.ശിവൻ വരാഞ്ഞപ്പോൾ കുപിതയായ ദേവി കല്യാണത്തിനൊരുക്കിയ ദ്രവ്യങ്ങൾ കടലിലെറിഞ്ഞു.അതത്രെ കന്യാകുമാരിയിലെ പല നിറത്തിലുള്ള കല്ലുകൾ.
പിന്നീട് ബാണൻ വിവാഹാഭ്യർഥനയുമായി ദേവിയെ സമീപിച്ചു.അവർ തമ്മിൽ യുദ്ധമുണ്ടായി.ദേവി,ബാണനെ നിഗ്രഹിച്ച സ്ഥലമത്രെ ബാണതീർത്ഥം.
സമുദ്ര ങ്ങളുടെ ഈ സംഗമവേദിയിൽ എത്തുമ്പോൾ നമ്മുടെ കാലുകൾ അറിയാതെ കന്യാതീർത്ഥത്തിലേക്കു നീങ്ങുന്നു. പാറയിടുക്കിലെ ജലരാശിയും മറിഞ്ഞുപതിക്കുന്ന ജലപാതവും യാത്രികന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ വിമലീകരിക്കും. ചാളത്തടിയിൽ (കട്ടമരം )ആലോലമാടുന്ന കരുമാടിക്കുട്ടന്മാർ, കല്ലുമാലകൾ വിൽക്കുന്ന ചെമ്പൻ മുടിയുള്ള പെൺകുട്ടി,കാഷായവേഷത്തിൽ സന്യാസി,കൽമണ്ഡപത്തിലെ കമിതാക്കൾ,അസ്തമയം,തുടുത്ത പശ്ചിമ ദിങ്ങ്മുഖം, ഇരുട്ടിന്റെ നേർത്ത മുഖപടം, അകലെ നൗകാഗൃഹങ്ങളിലെ വജ്രശോഭ പരത്തുന്ന പ്രകാശവീചികൾ,തുറന്നിട്ട ജാലകത്തിൽ കൂടി കാണുന്ന കടലിന്റെ പുറന്തോൽ. വിഹ്വലതകൾ സൃഷ്ടിച്ച രാക്ഷസത്തിരമാലകൾ പിൻവാങ്ങിയശേഷമുള്ള സമുദ്രത്തിന്റെ അക്ഷോഭ്യത. ഇവിടെ ഈ ശയ്യാഗാരത്തിൽ ഞാനുമെന്റെ പ്രിയപ്പെട്ടവളും. സാഗരങ്ങൾ സാക്ഷി.ഞാനോർത്തു.മൂന്നു സമുദ്രങ്ങൾ സാക്ഷിനിർത്തി ഈ സാഗരസംഗമസ്ഥാനത്തുള്ള ഞങ്ങളുടെ സംഗമം.പ്രകൃതിയും മനുഷ്യനും.ആഴിയും ഊഴിയും. ഇവിടെ തിരകൾ അടങ്ങുന്നില്ല.തിരതല്ലിയാർക്കുകതന്നെയാണ്.
2 . പെരുമാളിന്റെ സവിധത്തിൽ
സൃഷ്ടിയും സ്ഥിതിയും സംഹാരവും സൂക്ഷ്മതലത്തിൽ പരിശോധിച്ചാൽ ജീവിതചക്രം തന്നെയാണ്.ഈ പരിക്രമണ പ്രക്രിയ തുടരാഞ്ഞാൽ പ്രപഞ്ചത്തിന്റെ നില പരുങ്ങലിലാവും. ശുചീന്ദ്രത്തു സൃഷ്ടിയും സ്ഥിതിയും സംഹാരവും ത്രിത്വരൂപത്തിൽ സംഗമിച്ചിരിക്കുന്നു.സാഗരസംഗമത്തിൽ നിന്ന് ഈ ക്ഷേത്രസങ്കേതത്തിൽ എത്തിയപ്പോൾ ദേവിയുടെ താപത്തിനു കാരണാഭൂതനായ സ്ഥാണുമൂർത്തി, താണുമാലയപ്പെരുമാളായി, ലോകഗതിയെ നിയന്ത്രിച്ചു നിലകൊള്ളുന്നു.ശില്പിയുടെ മനസ്സ് ശിലയിൽ കവിത രചിച്ചപ്പോൾ ക്ഷേത്രം എന്നത് കല്ലിൽ തീർത്ത കേവലസങ്കൽപാധിഷ്ഠിതമായ കർബുരാലയമല്ല , മറിച്ച് സ്പന്ദിക്കുന്ന നാഡീഞരമ്പുകൾ തീർത്ത ജീവഗേഹം തന്നെയെന്ന് പ്രത്യക്ഷീകൃതമാകുന്നു.ഉയർന്ന സ്തംഭങ്ങൾക്കും മണിത്തൂണുകൾക്കും ചെറുതും വലുതുമായ ധമനികളുടെ ധർമ്മമാണിവിടെ. സപ്തസ്വരങ്ങൾ പൊഴിക്കുന്ന ചിത്രത്തൂണുകൾ വാസ്തുകലയ്ക്കും സംഗീതകലയ്ക്കും ഗോത്രവർഗ്ഗ പിന്തുടർച്ചയിലുള്ള സ്ഥാനം വ്യക്തമാക്കുന്നു.ആഞ്ജനേയന്റെ പൂർണ്ണകായപ്രതിമ ,അന്യാദൃശമായ ദര്ശനചാരുതയേകുന്നു; ഒപ്പം ഭക്തിയുടെ അന്തർധാര ചുരത്തുന്നു. വടക്കേഇന്ത്യയിലും മറ്റും ആഞ്ജനേയന്റെ പൂർണ്ണകായം ശയനരൂപത്തിൽ കണ്ടിട്ടുണ്ട്. നിലപാടിലുള്ള രൂപം ഇതിലും ഉത്തുംഗമായത് നാമക്കലിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.കാണാൻ കഴിഞ്ഞത് മഹത്തരം;കാണാൻ കഴിയാത്തത് ഒരുപക്ഷേ മഹത്തമം.

ത്രിമൂർത്തീക്ഷേത്രമായ ഇവിടെ താണുമാലയപ്പെരുമാളാണ് പ്രധാനദേവൻ. താണു (ശിവൻ), മാൽ (വിഷ്ണു), അയൻ(ബ്രഹ്മ്മാവ് ) മൂർത്തികളെ ഒരുമിച്ച് സങ്കൽപ്പിച്ചാണ് താണുമാലയപ്പെരുമാളായ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു കാലത്തു ബ്രാഹ്മണരുടെ സങ്കേതമായാണ് ശുചീന്ദ്രം അറിയപ്പെട്ടിരുന്നത്.ഇന്ദ്രന് ശുചിത്വം നൽകുകയാൽ ശുചീന്ദ്രം എന്ന പേരുവന്നുവെന്ന് പറയപ്പെടുന്നു.
ചുടുനെയ്യിൽ കൈമുക്കി നിരപരാധിത്വം വെളിപ്പെടുത്തുക എന്നൊരേർപ്പാടുണ്ടായിരുന്നു.1920 ൽ സ്വാതിതിരുനാൾ ഒരു വിളംബരം മൂലം ഇത് നിർത്തലാക്കി. ആചാരങ്ങളെ അനാചാരമായി കണ്ട് ഇല്ലായ്മചെയ്യാൻ ആധുനികവീക്ഷണമുണ്ടായിരുന്ന സ്വാതിതിരുനാളിനെപ്പോലെയുള്ള രാജാക്കന്മാരേ മുതിരുകയുള്ളൂ. ഈ ആചാരത്തിന് അടിസ്ഥാനമായത് ഇന്ദ്രൻറെ ശാപവും ശാപമോക്ഷവുമാണ്.ഗൗതമപത്നിയായ അഹല്യയെ വേഴ്ച ചെയ്യുകയാൽ ഇന്ദ്രൻ ശാപഗ്രസ്ഥനായി.തുടർന്ന് ദേവഗുരുവായ ബ്രഹസ്പതിയുടെ ഉപദേശാനുസരണം ശാപമോക്ഷത്തിനായി താണുമാലയപ്പെരുമാളെ സങ്കൽപ്പിച്ചു തപസ്സു ചെയ്യാൻ ശുചീന്ദ്രത്തെത്തി.സ്നാനംചെയ്യാൻ നദികൾ ഇല്ലാതിരുന്നതിനാൽ ഇന്ദ്രവാഹനമായ ഐരാവതം അഗസ്ത്യമലയിൽ കൊമ്പുകൊണ്ടു കുത്തി.ആനയുടെ കുത്തേറ്റ ഭാഗത്തുനിന്ന് ഒരു നദി ഉത്ഭവിച്ചു. അതത്രെ ദന്തനദി, അഥവാ കോട്ടാർ.സന്തുഷ്ടനായ താണുമാലയപ്പെരുമാൾ ഇന്ദ്രനെ തിളയ്ക്കുന്ന നെയ്യിൽ മുക്കി ശരീരശുദ്ധിയും ശാപമോക്ഷവും നൽകി.അന്നുമുതൽ തുടങ്ങിയതാണ് ചുടുനെയ്യിൽ കൈമുക്കിയുള്ള നിരപരാധിത്വം തെളിയിക്കൽ.

ക്ഷേത്രത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയത് സമ്പന്നമായ ഒരു പൈതൃകം, പ്രൗഢമായൊരു ചരിത്രസൂക്ഷിപ്പ് തലമുറകൾ കൈമാറി സൂക്ഷിക്കുന്നതിന്റെ ചാരിതാർഥ്യം ഉള്ളിൽ പേറിയാണ്. ചുറ്റുമതിൽക്കകത്തു ഒരു ഹിംസ്രജീവിയെപ്പോലെ കിടക്കുന്ന തേര്.ഇവിടത്തെ തേരോട്ടം ഏറെ പ്രസിദ്ധമാണ്.വഴിയോരത്തെ തടാകസദൃശമായ നീർചാലുകളിൽ വരിയൊത്തവണ്ണം വിരിഞ്ഞുനിൽക്കുന്ന ചെന്താമര. പൂജാപുഷ്പങ്ങളിൽ ഏറെ ഡിമാൻഡ് ഉള്ള പൂവാണ് താമര. ഒരാൾക്കുമാത്രം ഇരിക്കാവുന്ന വട്ടക്കുട്ടപോലുള്ള ജലയാനങ്ങളിൽ നീങ്ങുന്ന ഗ്രാമീണ കർഷകൻ. ഭാരതീയ ജീവിതത്തിൻറെ പരിച്ഛേദമെന്നപോലെ, ഗ്രാമീണ ജീവിതത്തിൻറെ നൈർമ്മല്യമെന്നപോലെ ദൃഷ്ടിയിൽനിന്നും വിദൂരമാകുന്നു.
3 . ചൈതന്യ നിഷ്യന്ദിയായ വാൽമീകം
ഐതിഹ്യമാലയിലൂടെ പുകൾപെറ്റ തിരുവട്ടാരാദികേശവൻ ,ഗുരുവായൂർ കേശവനെപ്പോലെതന്നെ ദൈവികത്വമുള്ള ഗജവീരനായിരുന്നു.ഒരുകാലത്തു തിരുവട്ടാർ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.അവിടത്തെ ആദികേശവപ്പെരുമാൾ (വിഷ്ണു) ക്ഷേത്രം പൗരാണികപ്രസിദ്ധവുമാണ്.പൗരാണികതയ്ക്ക് ഉത്തമനിദർശനമാണ് അവിടത്തെ ശിലാരേഖകൾ.
മാർത്താണ്ഡവർമ്മ മഹാരാജാവുതികഞ്ഞ വിഷ്ണുഭക്തനായിരുന്നല്ലോ? കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കിയ മാർത്താണ്ഡവർമ്മ തൻറെ വിജയസ്മരണക്കായി ഒരാനയെ തിരുവട്ടാർ ക്ഷേത്രത്തിൽ നടയ്ക്കുവച്ചു.ആ ആനയാണ് തിരുവട്ടാർ ആദികേശവൻ എന്നപേരിൽ പിൽക്കാലത്തു് പുകഴ്പെറ്റത്. മാസത്തിൽ ഒരുദിവസം മാർത്താണ്ഡവർമ്മയ്ക്ക് ആദികേശവനെ കാണാൻ പാകത്തിൽ അവനെ കൊട്ടാരത്തിൽ കൊണ്ടുചെല്ലുമായിരുന്നു. ഈ പതിവ് വർഷങ്ങളോളം തുടർന്നു .മാർത്താണ്ഡവർമ്മയും ആനയും തമ്മിൽ ഏറെ ആത്മബന്ധത്തിലായിരുന്നു.അദ്ദേഹം തീപ്പെട്ട് വളരെക്കഴിയുംമുമ്പ് ആനയും ചരമഗതി നേടി.

ക്ഷേത്രസവിധത്തിലുള്ള സുഹൃത്തിൻറെ വീട്ടിൽനിന്നു പ്രാതൽ കഴിച്ചു ക്ഷേത്രദർശനം നടത്തി ഞങ്ങൾ തൃപ്പരപ്പിലേക്കു നീങ്ങി.ഇതും വേണാട്ടു രാജാക്കന്മാരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഇടമായിരുന്നു. തിരുവിതാംകൂർ രാജാവ് വിശാഖം തിരുനാളിന്റെ സന്ദർശനവേളയിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനും തീർത്ത കൽമണ്ഡപം വിശേഷ ശ്രദ്ധയാകർഷിച്ചു.അഗസ്ത്യമുടിയിൽ നിന്നുമുത്ഭവിച്ചു ഒഴുകുന്ന കോതയാർ ഇവിടെ ഒരു ചെറുജലപാതം സൃഷ്ടിക്കുന്നു.ചിന്നക്കുറ്റാലം എന്നറിയപ്പെടുന്ന ഇവിടം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.സ്ഫാടിക ജലം പരന്നൊഴുകുന്ന പാറക്കെട്ടുകൾ, ഒരുഭാഗത്തു ഉത്തുംഗമായ മലമടക്കുകൾ,തുടർന്ന് വിസ്തൃതവും നിരപ്പാർന്നതുമായ പാറക്കെട്ട്.താഴെ പച്ചത്തഴപ്പാർന്ന പാടശേഖരം. താഴേക്കുള്ള ജലപാതത്തിൽ കുളിക്കാൻ സൗകര്യമുണ്ട്.പണ്ടിതിനെ ഭദ്രകാളിക്കുണ്ടെന്ന് പറഞ്ഞിരുന്നു.കടുകെണ്ണയും മഞ്ഞളും പുരട്ടി നീരാട്ടിനൊരുങ്ങി ഒട്ടേറെപ്പേർ കാത്തുനിൽക്കുന്നു.പാറയിടുക്കിലെ അരുവികൾ നീന്തിക്കയറി ഞങ്ങൾ മുന്നോട്ടുനീങ്ങി.ചില അരുവികൾ കാഴ്ചയിൽ സ്ഫാടിക കാന്തിയാർന്നു ആഴം കുറഞ്ഞതായി തോന്നും.ഇത് എന്നെ ഒരു ചതിക്കുഴിയിൽപെടുത്തിയത് ഭയസംഭ്രമങ്ങളോടെ ഓർത്തുപോകുന്നു.ചുമലിൽ തോൾസഞ്ചിയുമായി ഞാൻ മുന്നോട്ടുനടന്നു.പിറകെ എന്റെ തദ്ദേശീയനായ സുഹൃത്ത്.അരുവി മുറിച്ചുകടക്കാൻ രണ്ടടി വച്ചപ്പോഴേക്കും തന്നെ ഏതോ അടിയൊഴുക്ക് എന്റെ ബാലൻസ് തെറ്റിച്ചു.സഞ്ചിയും ഞാനും വെള്ളത്തിലൂടെ രണ്ടുമൂന്നടി ഒഴുകിനീങ്ങി.തദ്ദേശീയനെങ്കിലും കുബ്ജനായതിനാൽ ശാരീരികവൈഷമ്യമുള്ള എന്റെ സുഹൃത്ത് ആർത്തുകരഞ്ഞു.കാരണം, ഒരു പത്തടിമുന്നിൽ അഗാധമായ ഗർത്തമാണ്.ദൈവാധീനമെന്നുപറയട്ടെ ഒഴുക്കിനിടയിൽ ഒരു പാറക്കല്ലിൽ എനിക്ക് അള്ളിപ്പിടിക്കാനായി.ശക്തി സംഭരിച്ചു ഞാൻ കരയ്ക്കണഞ്ഞപ്പോഴും എന്റെ സുഹൃത്ത് അലമുറയിട്ടു കരയുകതന്നെയായിരുന്നു. പി ന്നെ ഏറെ നേരം അവിടെ നിന്നില്ല. നനഞ്ഞ വസ്ത്രങ്ങൾ ഉണക്കിയെടുത്തു ഞങ്ങൾ യാത്രതിരിച്ചു.
പ്രകൃതിയുടെ പ്രലോഭനീയമായ ആകർഷണം മനുഷ്യരെ അപകടപ്പെടുത്തുന്നതിന്റെ അനുഭവതിക്തത നേരിട്ടറിഞ്ഞു.മഴയും മണ്ണും ജലപാതവുമെല്ലാം അകന്നുനിന്നു മാത്രം കാണാൻ നമ്മുടെ മനസ്സ് സമ്മതിക്കാറില്ല.പ്രകൃതിയിലേക്ക് നമ്മൾ അണഞ്ഞിറങ്ങിച്ചെല്ലുമ്പോൾ അത് ആത്യന്തികമായ ആദിപ്രകൃതിയിലേക്കുള്ള വിലയം പ്രാപിക്കലാവും.പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളെ, മഴയുടെ രൗദ്രതാളങ്ങളെ മണ്ണിന്റെ ഉള്ളുറപ്പിനെ ക്യാമറയിൽ പകർത്തി, ഒടുവിൽ മണ്ണടരുകളിൽ മറഞ്ഞ പ്രസിദ്ധ ക്യാമറാകാരൻ വിക്ടറിനെ ഈയവസരത്തിൽ ഓർത്തുപോകുന്നു.
ഊഷരമായ വെളിമ്പുറങ്ങൾ താണ്ടി ശകടം മുന്നോട്ടുകുതിക്കുന്നു.വാണിഭകേന്ദങ്ങളും കൃഷിയിടങ്ങളും താണ്ടി വീണ്ടും വരണ്ട പ്രകൃതിയിലേക്ക്.അകലെനിന്ന് വേളി മലയുടെ വിദൂരദൃശ്യം കാണാം.വേളി മലയിൽ ഒരു പുരാതന ക്ഷേത്രമുണ്ട്.പണ്ടിതൊരു ബുദ്ധവിഹാരമായിരുന്നു, ആദിശങ്കരന്റെ അദ്വൈത ദർശനത്തിനും മുമ്പ്.അന്ന് ഭാരതത്തിലങ്ങോളമിങ്ങോളം ബുദ്ധവിഹാരങ്ങളുണ്ടായിരുന്നു.സനാതനമായ ഹിന്ദുധർമം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ബുദ്ധഭിക്ഷുക്കൾ ഇവിടെ നിന്നും ആട്ടിയകറ്റപ്പെട്ടു.മതങ്ങളുടെ മേലുള്ള മതങ്ങളുടെ ആധിപത്യം.
സംസ്കാരങ്ങളുടെ മേലുള്ള സംസ്കാരങ്ങളുടെ ആധിപത്യം."ജാതിയും ഭേദവും കൈവിട്ട ബൗദ്ധരെ നാടുകടത്തി പടിയടച്ചേ "എന്നാണ് ഭരണിപ്പാട്ടിലെ വരികൾ. നാടുകടത്തപ്പെട്ട ഏതോ ബൗദ്ധരുടെ ഏതോ വിഹാരമോ ക്ഷേത്രമോ ആയിരുന്നിരിക്കാം ഈ ക്ഷേത്രം.ഇന്നത് ഒരു സുബ്രഹ്മണ്യൻ കോവിലാണ്.വേളിമലയിലെ മുരുഗൻകോവിൽ.നാഞ്ചിനാട്ടുരാജാവായിരുന്ന കുറവന്റെ ദത്തുമകൾ വള്ളിയെ മുരുഗൻ വേളികഴിച്ച ഇടമാണ് വേളിമല എന്ന് ഐതിഹ്യം.ഈ കോവിലിൽ പ്രസാദമായി നൽകുന്നത് കഞ്ഞിയാണ്.രോഗശാന്തിക്കായി അനേകർ ഈ പ്രസാദം വാങ്ങിക്കാൻ ഇവിടെ എത്തുന്നു.
വേളി മലയിൽ നിന്ന് ഏറെ അകലെയല്ല മണ്ടക്കാട്.ഊഷരമായ വെളിമ്പുറങ്ങളിൽ നിന്ന് ഉർവരമായ പച്ചത്തഴപ്പിലേക്ക്.കല്പവൃക്ഷങ്ങൾ കുടപിടിച്ചുനിൽക്കുന്ന സമുദ്രതീരഗ്രാമം.പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നെങ്കിലും ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കൽക്കുളം താലൂക്കിൽ.കലിയുഗവരദനായ ശബരിമല അയ്യപ്പൻറെ സന്നിധാനത്തേക്ക് യുവതികൾക്ക് പ്രവേശനമില്ലല്ലോ?എന്നാൽ മണ്ടക്കാട്ടമ്മയുടെ സന്നിധാനത്തിലേക്കു വിദൂരദേശങ്ങളിൽനിന്നുപോലും തീർഥയാത്രയായി കെ ട്ടുനിറച്ചു സ്ത്രീകൾ എത്തുന്നത് കാണാൻ കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നപേരിലാണ് മണ്ടക്കാട്ട് അറിയപ്പെടുന്നത്.ഞങ്ങൾ മണ്ടക്കാട്ട് എത്തുമ്പോൾ ഉത്സവകാലമാണ്.എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ വിന്യസിപ്പിച്ചിരിക്കുന്ന അർദ്ധസൈന്യവിഭാഗത്തേയും പോലീസിനെയും കണ്ടതാണ്.അന്വേഷിച്ചതിൽനിന്നും അറിയാൻ കഴിഞ്ഞത് മുൻകാലത്തെപ്പോഴോ ഉത്സവം നടക്കുന്ന അവസരത്തിൽ അവിടെ വർഗീയ ലഹള ഉണ്ടായിപോലും.
മണ്ടക്കാട്ടേത് ഒരു അമ്മൻകോവിലാണ്. അനസ്യൂതം വളരുന്ന ഒരു ചിതൽപ്പുറ്റാണ് അമ്മന്റെ വിഗ്രഹം.പണ്ട് പ്രദേശത്തെ കുട്ടികൾ പനംതേങ്ങ കൊണ്ട് 'കട്ടയടി ' എന്നപേരിൽ ഒരുകളിയിൽ ഏർപ്പെട്ടിരുന്നു.കളിക്കിടെ കുട്ടികളിലാരോ അടിച്ച പനംതേങ്ങ ഒരു ചിതൽപ്പുറ്റിൽ കൊള്ളുകയും പുറ്റുപൊട്ടി രക്തം പ്രവഹിക്കുകയും ചെയ്തുപോലും.പരിഭ്രാന്തരായ കുട്ടികൾ മുതിർന്നവരെ വിവരം അറിയിച്ച പ്രകാരം പ്രശ്നവിചാരം ചെയ്യിക്കുകയും പുറ്റ് അമ്മന്റെതാണെന്നു വെളിപ്പെടുകയും ചെയ്തു.
ഉടൻതന്നെ ഒരാളിൽ ദേവി ആവേശിക്കുകയും പുറ്റ് സാക്ഷാൽ ഭദ്രകാളിയുടെ സാന്നിധ്യം ഉള്ളതാണെന്നും ചിതൽപുറ്റ് പൊട്ടി രക്തം ഒലിക്കുന്ന ഭാഗത്തു ചന്ദനം അരച്ചുപുരട്ടിയാൽ രക്തപ്രവാഹം നിലക്കുമെന്നുമറിയിച്ചു. അതിൻ പ്രകാരം , ചെയ്തു, തുടർന്ന് പ്രശ്നവിധി പ്രകാരം അവിടെ ക്ഷേത്രം പണികഴിപ്പിച്ചു നിത്യാരാധന നടത്തിപ്പോരികയും ചെയ്യുന്നു.
ഈശ്വരസാന്നിധ്യം തൂണിലും തുരുമ്പിലുമുണ്ടെന്നതിന്റെ നേർക്കാഴ്ചയാണ് മണ്ടക്കാട്ട് നിന്നും കിട്ടുന്നത്.കേവലം നിസ്സാരങ്ങളായ എറുമ്പു പറ്റങ്ങൾ സ്വരൂപിക്കുന്ന മണ്ണടരുകൾ ഏകത്ര കൂടിച്ചേർന്ന് ജൈവചേതനയുടെ സൂക്ഷ്മരൂപങ്ങൾ പശചേർത്തു തപം ചെയ്തപ്പോൾ തേജസ്സും വൃദ്ധിയും ഉൾച്ചേർന്ന ദൈവിക സാകല്യം രൂപപ്പെട്ടു.ഒരു നാടിനെ, ഒരു ജനതതിയെ കൈവല്യപുണ്യം നൽകി, ആൽമബലമേകി ജീവിതനദി കടത്തുന്ന, ഒരു നാടിന്റെ അഭയകേന്ദ്രവും അനുഗ്രഹ പ്രഭാമണ്ഡലവുമായി വിരാജിക്കുകയാണ് മണ്ടക്കാട്ടമ്മ. കേവലം നിഷാദജന്മത്തിൽനിന്നും സപ്തർഷികളാൽ ആല്മനിമീലനം ചെയ്യപ്പെട്ട് തമോമയമായ സ്വത്വ ഗഹ്വരത്തിൽനിന്ന് ദീപ്തമായ ആല്മബോധത്തിലേക്ക് ഇറങ്ങിവന്ന ഋഷിവര്യനെ നമുക്കോർമ്മിക്കാം.ഏതു തമാന്ധകാരത്തിലും പ്രത്യാശയുടെ ദീപപ്രഭ പ്രത്യക്ഷമാകും, ഇച്ഛാശക്തിയുടെ തുടർമന്ത്രണം മനസ്സിൽ ഉരുവം കൊണ്ടാൽ.
മണ്ടക്കാട് കോവിലിന്റെ ഉടമസ്ഥാവകാശം സിദ്ധിച്ചിരുന്ന കുടുംബക്കാർ പിന്നീട് ധനവാന്മാരും ഉദ്ധതന്മാരുമായി. ദേവിയെക്കുറിച്ചു ഭക്തിയും ശ്രദ്ധയും കുറഞ്ഞു.തുടർന്ന് തിരുവിതാംകൂർ രാജവംശം ഇടപെടുകയും ഉടമകൾക്ക് അവകാശം നൽകി , ഒഴിപ്പിച്ച ക്ഷേത്രകാര്യങ്ങളും വസ്തുക്കളും തിരുവിതാംകൂർ സർക്കാർ വകയാക്കുകയും ചെയ്തു. .
മണ്ടക്കാട്ടമ്മന്റെ (ഭദ്രകാളി)ഭൂതഗണങ്ങൾക്ക് ആടും കോഴിയും വെട്ടി ബലികൊടുക്കുന്ന വഴിപാടിനാണ് മണ്ടക്കാട്ട്കൊട എന്ന് പറഞ്ഞിരുന്നത്.
കുമാരൻകോവിലിലെപ്പോലെ ഇവിടെയും കഞ്ഞി ഒരു വഴിപാടാണ്.പണ്ട് വിശേഷദിവസമായ ചൊവ്വാഴ്ച തോറും ക്ഷേത്രത്തിൽ കൂടിയിരുന്ന ഭക്തജനങ്ങൾ അരിവീതിച്ചെടുത്ത കഞ്ഞിവച്ചു പാവങ്ങൾക്ക്
കൊടുത്തിരുന്നു. ഇതിനും മണ്ടക്കാട്ട്കൊട എന്നാണ് പറഞ്ഞിരുന്നത്. ഇത് ഇപ്പോഴും അ നുഷ്ടിച്ചു വരുന്നു.അതുപോലെ മണ്ടക്കാട്ട് തൂക്കവും പണ്ടുണ്ടായിരുന്നു.മറ്റുപലയിടങ്ങളിലേയുംപോലെ പ്രാകൃത ആചാരം എന്ന നിലയിൽ ഇവിടത്തെ തൂക്കവും സർക്കാർ നിരോധിച്ചു.
4 ശാ റ്റ ൽ തിരുവിഴൈ

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പല ജില്ലകളിൽ നിന്നും വാതിൽപ്പടികളുണ്ട്.കൊല്ലം ജില്ലയിലെ വാതിൽപ്പടിയാണ് ആര്യങ്കാവ്.പുനലൂരിൽനിന്നും വണ്ടി നീങ്ങുമ്പോൾ തന്നെ പ്രകൃതിയുടെ സമ്മോഹനഭാവം ദൃശ്യമായിത്തുടങ്ങും.ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള തൂക്കുപാലം.കൊല്ലം ചെങ്കോട്ട മീറ്റർഗേജ് റയിൽവേപ്പാത. മൂഴിയാറിന്റെ ഹരിതസമൃദ്ധി.പൈതൃക അവശേഷിപ്പുകളു മനേകം. പുനലൂർ മുതൽതന്നെ മലയാളവും തമിഴും ഇടകലർന്നു കേൾക്കാം. 1956 നു മുമ്പ് വരെ ആര്യങ്കാവ് ചെങ്കോട്ട താലൂക്കിൽ ആയിരുന്നു.തമിഴ്നാടുമായുള്ള വ്യാപാര-ഗതാഗത ബന്ധത്തിൽ ആര്യങ്കാവ് ചുരംസുപ്രധാന പങ്കുവഹിച്ചിരുന്നു.16 -)൦ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോർത്തുഗീസുകാർ കൊല്ലത്തിനടുത്തു ഒരു കോട്ടപണിയാ ൻ ഉദ്ദേശിച്ചിരുന്നു.അതിനുള്ള സന്നാഹങ്ങൾ നടത്തിക്കൊണ്ടിരിക്കെ , 5000 കാളവണ്ടി അരിക്കുപകരം കുരുമുളക് നൽകാനുള്ള കരാർ തമിഴ്നാട്ടിലെയും കേരളത്തിലെയും കച്ചവടക്കാർ തമ്മിൽ ഉറപ്പിച്ചു.തങ്ങൾക്കു വിഹിതമെന്നു തോന്നിയ കുരുമുളക് തമിഴ്നാട്ടിലേക്ക് പോകുന്നത് തടയണമെന്ന് പോർത്തുഗീസുകാർ ദേശിംഗനാട് (ഇപ്പോഴത്തെ കൊല്ലം )റാണിയോടാവശ്യപ്പെട്ടു.പിന്നീട് ആര്യങ്കാവ് ചുരത്തിൽ വച്ച് പോർത്തുഗീസ് സൈന്യം കുരുമുളക് കൈവശപ്പെടുത്തുകയും വ്യാപാരികളെ ശിരച്ഛേദം ചെയ്യുകയും ചെയ്തു. അതിനുശേഷം ആര്യങ്കാവ് ചുരത്തിലൂടെയുള്ള ഗതാഗതം വളരെക്കാലത്തേക്ക് നിലച്ചിരുന്നു. 1904 ൽ ചെങ്കോട്ട നിന്നും കൊല്ലത്തേക്ക് മീറ്റർഗേജ് പാത ആരംഭിച്ചു.മലനിരകളിൽ നിർമ്മിച്ച അഞ്ചോളം തുരങ്കങ്ങൾ. അതിലൂടെയുള്ള റയിൽ . ഇതിൽ ഏറ്റവും നീളം കൂടിയത് (1 കി.മി.) ആര്യങ്കാവ് ചുരമാണ്.ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ ഈ വനഗ്രാമത്തിനു ആധുനികതയുടെ പ്രകാശം നൽകുന്നു.കേരളത്തിലെ പ്രശസ്ത ശാസ്താ ക്ഷേത്രങ്ങളിലൊന്ന് ആര്യങ്കാവിലാണ്.പത്നീസമേതനായ ശാസ്താവാണ് പ്രതിഷ്ഠ.ആര്യങ്കാവിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് പാലരുവി.91 മീ.ഉയരത്തിൽ നിന്ന് പതിക്കുന്ന ജലപാതമാണ് പാലരുവി.കൂടാതെ അനവധി ചെറു ജലപാതങ്ങൾ വേറെയുമുണ്ട്.

ആര്യങ്കാവ് ചുരം കടന്നു കുറ്റാലത്തെത്തുമ്പോൾ ശരീരത്തിനും മനസ്സിനും കുളിർമ തോന്നുന്നു.പണ്ട് തിരുവിതാംകൂർ രാജാക്കന്മാരുടെ അധീനതയിൽപെട്ട ചെങ്കോട്ട താലൂക്കിൽ ആയിരുന്നു കുറ്റാലം.ഇന്നിപ്പോൾ തമിഴ്നാട് സംസ്ഥാനത്തി ഭാഗമാണ്.എങ്കിലും തിരുവിതാംകൂർ രാജാക്കന്മാരുടെ സാന്നിദ്ധ്യം ഇന്നും അവിടെയുണ്ടെന്നു സംശയിച്ചുപോകുന്നു .
വെള്ളച്ചാട്ടങ്ങളുടെ നാടാണ് കുറ്റാലം.10 കി.മി.ചുറ്റളവിൽ ഒമ്പത് ജലപാതങ്ങൾ -പേരരുവി,ഐന്തരുവി,ചിട്ടരുവി,ചെമ്പകദേവി,തേനരുവി,കുറ്റാലം,പുലയറുവി,പുതുവരുവി,പൂന്തോട്ടയരുവി,പഴന്തോട്ടയരുവി -ഇവിടെ കുളിയുത്സവം പ്രധാനമാണ്.ചാറ്റമഴക്കാലത്തു ശാറ്റൽ തിരുവിഴൈ ആസ്വദിക്കാൻ ആയിരങ്ങൾ ഇവിടെയെത്തുന്നു.പരമശിവന്റെ അഞ്ചു നൃത്തശാലകളിൽ ഒ ന്നാണ് കുറ്റാലം എന്ന് കരുതപ്പെടുന്നു.ഇവിടത്തെ കാറ്റിനും കുളിരലകൾക്കും ആരോഗ്യദായകമായ ഔഷധ സ്പർശമുണ്ട്. ഇവിടത്തെ ഐന്തരുവി എന്ന പ ഞ്ചജലപാതത്തിൽ കുളിക്കുന്നത് ഏറെ വിശേഷമാണ്.
ത്രേതായുഗത്തിൽ ഹനുമാൻ ശ്രീരാമാജ്ഞയാ ഔഷധഹരണം നടത്തി ലങ്കയിലേക്ക് പോകുംവഴി അടർന്നു വീണ മലയുടെ അവശിഷ്ടം ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു.മൃതസഞ്ജീവനീ സ്പർശമുള്ള മലമടക്കുകളിലൂടെ ഒഴുകി ഇറങ്ങുന്ന ജലപാതം ആരോഗ്യപ്രദായകമല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഭാരതത്തിനു ഹിമാലയമെന്നപോലെ കേരളത്തിന്റെ കാവൽക്കോട്ടയാണ് പശ്ചിമഘട്ടം.ശ്യാമളവും ഹരിതസമൃദ്ധവുമായ വന നിരകൾ.ഗിരികന്ധ രങ്ങൾ.സ്ഫാടികജലം ചുരത്തുന്ന അമൃതവാഹിനികൾ.ചിത്രശലഭങ്ങൾ മുതൽ നരഭോജികൾ വരെയുള്ള ജന്തുവൈവിധ്യം.ഇവയൊക്കെ പ്രകൃതിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നേരടരുകൾ. മണ്ണിലെ അടിസ്ഥാന ഘടകങ്ങളായി വരുന്ന മൂലകങ്ങൾ തന്നെയാണ് ജീവനുള്ളതുൾപ്പടെ എല്ലാ പദാർത്ഥങ്ങളിലും കാണുന്നത്.അവയുടെ വ്യത്യാസം അളവിലും ഗുണത്തിലും ഘടനയിലും മാത്രം.മണ്ണിൽനിന്നും ജീവജാലങ്ങളിലേക്കും ജീവജാലങ്ങളിൽനിന്നും മണ്ണിലേക്കുമുള്ള മൂലകങ്ങളുടെ അനസ്യൂതപ്രവാഹമാണ് ജീവന്റെ നിലനിൽപ്പിനാധാരം.അനേക വർഷത്തെ ഭൗതിക-രാസിക-ജൈവ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് മണ്ണ്.മണ്ണിന്റെ അടരുകൾ തന്നെയാണ് നദികളെയും കുളങ്ങളെയും തടങ്ങളെയും പരിപോഷിപ്പിക്കുന്നത്.കുന്നുകൾ നശിക്കുന്നതിലൂടെ ഇത്തരം ജലാശയങ്ങൾ ഇല്ലാതാകുന്നു.ആവാസവ്യവസ്ഥ തകിടം മറിയുന്നു.ആവാസവ്യവസ്ഥകൾ ഭൂമിയുടെ അവയവങ്ങൾ തന്നെയാണ്.കുന്നുകൾ ഇടിക്കുന്നതിലൂടെ, മനുഷ്യൻ ഭൂമിയെ അംഗഭംഗം ചെയ്യുകയാണ്. കാലം മാപ്പുതരാത്ത ഒരു തെറ്റിലേക്ക് നാം കാൽവഴുതി വീഴുകയയാണ് .
5 . മലദൈവങ്ങൾ പൊന്നുസൂക്ഷിക്കുന്ന ഇടം
പശ്ചിമഘട്ടത്തിന്റെ ദുർഗമമായ യാത്രാപഥങ്ങളിലൂടെ ആയിരത്തോളം മീറ്റർ ഉയരമെത്തുമ്പോൾ നാം പൊന്മുടിയിലെത്തും.കേരളത്തിലെ പ്രധാന ഹിൽ റിസോർട്ട്.മലമുകളിലെ ഈ വിശ്രമകേന്ദ്രം അനുപമമായ ഒന്നാണ്.പുകമഞ്ഞാൽ മൂടുപടമണിഞ്ഞ മലനിരകൾ.ക്രോപ്പുചെയ്ത തേയിലക്കാടുകൾ കാട്ടുചോലകളുടെ മർമ്മരം.എല്ലാത്തിലുമുപരി ഉന്മേഷദായകമായ കാലാവസ്ഥ.
പൊന്മുടിയിൽ എത്തിയപ്പോൾ ഓർമയിലേക്ക് വന്നത് ടി.വി.ചന്ദ്രന്റെ 'സൂസന്ന'യാണ്. അതെ. സ്വയം എരിഞ്ഞടങ്ങുമ്പോഴും സ്നേഹിച്ചവർക്കു മുമ്പിൽ ഒരു മെഴുതിരിയായി തെളിഞ്ഞുനിന്നവൾ.ഉരുകി തീർന്നവൾ. സൂസന്ന സ്ത്രീയായിരുന്നു. പ്രകൃതിയായായിരുന്നു. ചൂഷണം അനുഭവിച്ചു ശോഷണം വന്നവൾ .സ്നേഹം വിളമ്പി വിദ്വേഷം സമ്പാദിച്ചവൾ.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻ മു ടിയെന്ന് ആദിവാസികൾ കൽപിക്കുന്നു . കാണിക്കാർ എന്ന ആദിവാസി കളുടെ അധിവാസകേന്ദ്രമാണിവിടം. ചരിത്ര കാരന്മാരുടെ അഭിപ്രായം വേറിട്ടാണ്. ബൗദ്ധ-ജൈന മ ത സംസ്കാരങ്ങളിലൂടെ കൈവന്നതാണ് ഈ പേര് എന്നവർ രേഖകളുടെ പിൻബലത്തിൽ പറയുന്നു.ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നായിർ ദേവൻ , അഥവാ പൊന്നയിര്കൊൻ എ ന്നാണ് വിളിച്ചിരുന്നത് . അതിൽ നിന്നാണ് പൊന്മുടിയുടെ നിഷ്പത്തി എന്നവർനിരീക്ഷിക്കുന്നു. അഗസ്ത്യകൂടം മലയിലേ {പൊതിയാൽമല } അവ ലോകനീശ്വര വിശ്വാസ സമ്പ്രദായം നിലനിന്നിരു ന്നകേന്ദ്രമുണ്ടായിരുന്നു.,ബുദ്ധ മത ക്കാരുടേതായി. മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പമായിരുന്നു .അവിടെ നില നിന്നത് . സ്വയംനിർമ്മലീകരി ച്ചു ബുദ്ധനാവുകയും നിർ വാണത്തിലേയ്ക്ക് നീങ്ങാതെ തന്നെ മനുഷ്യ വേദന ലോ കത്തു ഇല്ലാതാക്കുക എന്നതുമാണ് ആ സങ്കൽപ്പത്തിന്റെ പൊരുൾ. ചിത്തിര മാസ ത്തിൽ (ഏപ്രിൽ-മെയ്) ഭ ക്തർ തീർഥാടനത്തിനായി കൂട്ടമായി വന്നു ചേർന്നിരുന്നു.ശ്രീ ലങ്കയിൽ നിന്ന് തൊട്ടു ടിബറ്റിൽ നിന്നുവരെ ബുദ്ധമതാനുയായികളും ലാമാമാരും പൊതിയ ൽ മല സന്ദ ർ ശിച്ചിരുന്നു .ടിബെട്ടു കാർ ചെരൻ സി എന്നാണ് പൊതീയൽ
മലയെ
വി ശേ ഷിപ്പിച്ചിരു ന്നത്. ഔട്ട് ഓഫ്ദിസ് വേൾഡ് ഇൻ ടു ഫോർബിഡൻ ടിബറ്റ് എന്ന ലെവൽ തോമസ് ജൂനിയറിന്റെ ഗ്രന്ഥ ത്തിൽ ഇതേക്കു റിച് പ്രതിപാദ്യമുണ്ട്.കൂടാതെ മണി മേഖല യിലും ചില പ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെ പറ്റി പരാമർശമുണ്ട്.ഹുയാങ് സാങ് ഇവിടെ തീർ ഥാടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടു.എങ്കിലും കേട്ടറിവിന്റെ പിൻബലത്തിൽ അദ്ദേഹം വിവരണം നടത്തി. മ ലയ പർവതത്തിന്റെ കിഴക്കു പൊതിയാൽമല . പർവതങ്ങൾ കിഴുക്കാംതൂക്കും ദുർഗ്ഗമവും . ചെങ്കുത്തായ കൊക്കകൾ.മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള തടാകം.ഒരു മലയിടുക്കിൽനിന്നും നദി ഉത്ഭവിച്ചു മലയെ ൨൦ തവണ ചുറ്റി താഴേയ്ക്ക് പോകുന്നു.തടാകക്കരയിലെ കല്ലുകൊട്ടരത്തിലുരുന്നു അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നു.ഇങ്ങനെ പോകുന്നു ഇതി ലെ വിവരണം.അവലോകിതേശ്വരൻ ബുദ്ധ മതക്കാരുടെ ആരാദ്ധ്യ ദേവനും തടാകം സ്ഥിതി ചെയ്യുന്നത് ഇന്നത്തെ പൊന്മുടിയാണെന്നും വേണം വിചാരിക്കാൻ.

കൊടുമുടിയിൽ നിന്നും അരക്കിലോമീറ്റർ അകലെയായി വിനോദ സഞ്ചാരികൾ ക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.സമീപത്തു കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാ ട്ടങ്ങളും.കല്ലാർ നദി യിലേക്കുള്ള കവാടമാണ് പൊന്മുടി.ഉരുളൻ കല്ലുകൾ പച്ചമരങ്ങൾ കുന്നുകൾ പുൽമേടുകൾ മൂടൽമഞ് കുഞ്ഞരുവികൾ തുടങ്ങി പ്രകൃതിയുടെ പ്രലോഭനീയമായ മായക്കാഴ്ചകൾ കണ്ടു മലയിറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ അനുഭവപ്പെട്ടു.