ആധുനിക ചെറുകഥ ആവിർഭവിച്ചിട്ട് നൂറു വർഷം തികഞ്ഞിട്ടില്ല. സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായി കഥാരചനയിൽ ശ്രദ്ധേയമായ മാറ്റം സംഭവിച്ചിരിക്കുന്നു.
സാങ്കേതികവിദ്യയിൽ വന്ന സവിശേഷതകൾ കഥാകാരൻമാർക്ക് ആവിഷ്കാരത്തിന് കൂടുതൽ ഇടം നേടിക്കൊടുത്തു. മുദ്രണാലയങ്ങളേയും പത്രസ്വാമിമാരേയും ആശ്രയിക്കാതെ ആവിഷ്ക്കാരങ്ങൾക്ക് നവമായ മാധ്യമം തുറന്നു കിട്ടി. അവസരങ്ങളുടെ ബാഹുല്യം കഥയെഴുത്തുകാരുടേയും കവികളുടേയും അനിയന്ത്രിതമായ പിറവിക്ക് കാരണമായി. തൽഫലമായി കാമ്പുള്ള കഥകൾ തെരെഞ്ഞെടുത്തു വായിക്കുകയെന്നത് ദുഷ്കരമായിരിക്കുന്നു. എങ്കിലും ശില്പഭംഗിയും രചനാചാതുര്യവും കൊണ്ട് കൈയൊപ്പ് ചാർത്തിയ കഥാസമാഹാരങ്ങളിൽ ഒന്നാണ് എൻ്റെ കയ്യിൽ വന്നു ചേർന്ന അഭിലാഷ് പുഴക്കാട്ടിരിയുടെ 'തനിച്ചല്ലൊരിക്കലും: പ്രവ്ദ ബുക്സ്ആണ് ഇതിൻ്റെ പ്രസാധകർ. ഏറെ ഗഹനതകളില്ലാതെ ഗ്രാമജീവിതത്തിൻ്റെ മിടിപ്പും തുടിപ്പും പകർത്തിയ 10 കഥകളാണ് ഇതിൻ്റെ ഉള്ളടക്കം.
'ഒരു ചക്കചത്ത കഥ'എന്ന ആദ്യ കഥയുടെ പേരു തന്നെ ഹാസ്യദ്യോതകമാണ്. കഥയിലേയ്ക്ക് പ്രവേശിക്കുമ്പോൾ, അംഗനവാടിയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അന്തരംഗ വ്യാപാരങ്ങളും കുട്ടിക്കളിമ്പങ്ങളും കുസൃതിമസൃണമായ സംഭാഷണ വിശേഷങ്ങളും പ്രതിപാദിക്കപ്പെടുന്നു. കൊച്ചുകുട്ടികൾ ദൈവജ്ഞരാണെന്ന് പറയുന്നത് എത്ര ശരിയാണ്. ദൈവത്തിൻ്റെ മുന്നിൽ എല്ലാ സൃഷ്ടികളും ഒരു പോലെ തന്നെ. ലച്ചു 'ചക്ക ചത്തു' എന്നു പറയുമ്പോൾ സമഷ്ടിയിലെ ഒന്ന് ഇല്ലാതായി എന്ന് നാം മനസ്സിലാക്കുന്നുവെങ്കിലും നമ്മുടെയുള്ളിൽ അത് ചിരി പടർത്തുന്നു കുട്ടിയുടെ കളിപ്പേച്ചിനെ തത്വചിന്താപരമായി സമീപിക്കുന്ന കഥാകൃത്ത്,ജനിമൃതികളുടെ അർത്ഥം സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുകയാണ്.
മരിച്ചവൻ്റേയും മരിക്കാത്തവൻ്റേയും വിചാരങ്ങളേയും വിഹ്വലതകളേയും നാട്യങ്ങളേയും നിസ്സഹായതയേയും വരച്ചുകാട്ടുകയാണ്' ശവചിന്ത' എന്ന കഥയിൽ. മരിച്ചു കിടക്കുമ്പോൾ പോലും ശുദ്ധാശുദ്ധിയെപറ്റിയുള്ള ചിന്തകളിൽ തിരിയുന്ന മനുഷ്യമനസ്സിനെ തുറന്നു കാട്ടാൻ ശ്രീ അഭിലാഷ് ശ്രദ്ധിച്ചിരിക്കുന്നു
മരണം ആസന്നമാകുമ്പോൾ മരവിച്ച മസ്തിഷ്കത്തിൽ ഉണരുന്ന ചിന്തകൾ അചിരേണ ആഖ്യാനം ചെയ്യുകയാണ് ,'ശവചിന്ത' എന്ന കഥയിൽ. ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തിരക്കുകളും പെരുകുന്ന മനോവ്യാപാരങ്ങളും അതിൻ്റെ അടയാളപ്പെടുത്തലായി മൊബൈൽ ഫോണും അവതരിപ്പിക്കപ്പെടുന്നു. മരണാഗതനാകുമ്പോഴാണ് വേലിക്കെട്ടുകളില്ലാത്ത ഭൂമിയേയും സമഭാവനയും സഹവർത്തിത്വവുമുള്ള സമൂഹത്തേയും സ്നേഹഭരിതമായ ജീവിതക്രമത്തേയും കാംക്ഷിക്കുന്നത്.
കഥ, കാല്പനികതയുടെ അതിന്ദ്രിയ തലങ്ങളിലേയ്ക്ക് പോകുന്നതാണ് 'അന്ധർ' എന്നതിൽ കാണുന്നത്. മരണശേഷം ആത്മാവ് പുനർജനനത്തിനായി നിയോഗിക്കപ്പെട്ട് ദൈവസമക്ഷം എത്തുന്നതാണ് കഥാപശ്ചാത്തലം. ആത്മാവും ദൈവവുമായുള്ള സംഭാഷണങ്ങൾ നേരിട്ടുള്ള തർക്കങ്ങളായി അവതരിപ്പിച്ചത് ശ്രദ്ധേയമായി. നിറം,ജാത്യഭിമാനം, അന്തസ്സ് തുടങ്ങിയ അന്ത:സാരശൂന്യമായ ഘടകങ്ങൾ തെരെഞ്ഞെടുക്കാൻ വ്യഗ്രതപ്പെടുന്ന മനസ്സ്, ആൺപെൺസങ്കരമാദികളിൽ ആണിനുള്ള പൊള്ളയായ അപ്രമാദിത്വം എന്നിവ ഈ സംഭാഷണങ്ങളിൽ തുറന്നുകാട്ടപ്പെടുന്നു. ഒടുവിൽ സ്വപ്നദർശനത്തിൻ്റെ പൊരുൾ ഉൾക്കൊള്ളാൻപോലുമാവാതെ ജീവിച്ച ജീവിതം തന്നെ വീണ്ടും ജീവിക്കാൻ ഒരുങ്ങുന്ന കഥാനായകനെ നോക്കി ദൈവം പരിഹാസച്ചിരിയുതിർക്കുന്നതോടെ കഥയ്ക്ക് അവസാനമാകുന്നു.
'ചിരിക്കുന്ന കണ്ണുനീർ' എന്ന കഥയിൽ
ഒരു ബസ് യാത്രയ്ക്കിടയിലെ മനുഷ്യൻ്റെ മാത്സര്യചിന്തയെ പ്രതിപാദിച്ച ശേഷം കഥാകൃത്ത് നേരേ പോയത് ക്യാൻസർ ചികിത്സ യ്ക്കുള്ള ആതുരാലയത്തിലേയ്ക്കാണ്. കണ്ണീരോർമകൾ മാത്രമുള്ള സ്ത്രീജന്മത്തിൽ നിന്ന് ഒരു സാമ്പിൾ കണ്ടെടുത്തെഴുതുമ്പോൾ അതൊരു കണ്ണനീർചാലായി അനുവാചകൻ്റെ മുഖത്ത് പടരുന്നു.
ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് വന്യജീവി ആക്രമണം, പ്രത്യേകിച്ച് ആനകളുടെ. അതിന് ഹേതുവായി കഥാകൃത്ത് ഒരു ഭ്രാന്തനിലൂടെ ,ധൂമം എന്ന പ്രതിഭാസം ഭൂമിയിൽ ചെലുത്തുന്ന പ്രഭാവത്തെ കണ്ടെത്തുന്നു. ശാസ്ത്ര ഗവേഷകരുടെ നിഗമനത്തെ അന്ധ വിശ്വാസങ്ങളിലൂടെയും വികലവിലയിരുത്തലിലൂടെയും വക്രീകരിച്ച് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
ഇനിയും അഞ്ചുകഥകൾ കൂടി തനിച്ചല്ലൊരിക്കലും എന്ന പുസ്തകത്തിലുണ്ട്.
കഥ പറയുന്ന അച്ഛൻ , 'ഇനി ഞാൻ നിന്നിൽ വിശ്രമിക്കട്ടെ'യെന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കുമ്പോൾ അത് വളർത്തച്ഛനായ അയാളുടെ ജീവിതകഥ തന്നെയായിരുന്നു. കഥാവസാനം തൻ്റെ പ്രണയിനിയെ ഉന്മാദാവസ്ഥയിൽ കാണാനും കഥാനായകനായ ഹതഭാഗ്യന് യോഗമുണ്ടായി.
തനിച്ചല്ലൊരിക്കലും എന്ന ശീർഷക കഥയിൽ പ്രേമത്തിൻ്റെ നിർത്ഥകത ബോധ്യപ്പെട്ട അനുഭവമുള്ളവനെങ്കിലും ഭ്രാന്തമായ സർഗവാസനയുടെ ഉൾച്ചേതനയിൽ അലഞ്ഞു തിരിഞ്ഞ കഥാനായകനെ പരിചയപ്പെടുത്തുന്നു. മഴയ്ക്കൊപ്പം തന്നിലേയ്ക്കെത്തിയ കരാർ കാമുകി, തന്നെ ഭ്രമാത്മകജീവിതത്തിൻ്റെ ചിരാതു വെളിച്ചത്തിൽ ചേർത്തുനിർത്തിയപ്പോൾ, ചേർന്നലിഞ്ഞപ്പോൾ അയാൾ ശരീരം നഷ്ടപ്പെട്ട ആത്മാവായി. വിശ്വാസത്തിൻ്റെ ബിംബങ്ങൾ പ്രതിഷ്ഠിതമായതോടെ ആത്മാവ് മുടിക്കോലേന്തിയ ഇടയച്ചെക്കനായി മലമുകളിലേയ്ക്ക് നടന്നുകയറി. തികച്ചും ഭ്രമാത്മകമായ ഇതിവൃത്തവിശേഷമാണ് ഈ കഥയിലൂടെ അനാവൃതമാവുന്നത്.
ലഹരിയുടെയും സൈബർ കുറ്റങ്ങളുടെയും കഥ പറയുന്നു 'പ്രതിക്രിയ' എന്ന കഥയിൽ.
ലഹരി വരുത്തുന്ന വിനയും കുടുംബഛിദ്രവും തന്നെയാണ് ' വിടരാതെ' എന്ന കഥയിലേയും പ്രമേയം.
വിധിയുടെ വിലക്കുകൾക്കുമപ്പുറം കടന്ന്, അതിജീവിച്ച്, ദാരിദ്യത്തിൻ്റെയും അരക്ഷിതത്വത്തിൻ്റെയും അരണ്ട വെളിച്ചത്തിൽ പഠിച്ച്,തെളിമയുള്ള ഒരു ജീവിതത്തിൻ്റെ കരുതലുള്ള കാവലാളാവാൻ കഴിഞ്ഞ നിത്യ IAS നെ പരിചയപ്പെടുത്തുന്നു' പുഴയൊഴുകിയ വഴിയെ' എന്ന കഥയിൽ ..
അവതാരികയോ സൂതവാക്യമോ ഇല്ലാതെ താൻ തൻ്റെ ജീവിതത്തിൽ കണ്ട കാഴ്ചകളെ, തൻ്റെ ജീവിത ദർശനത്തെ തൻ്റേതായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് അഭിലാഷ്. ജീവിതത്തിൻ്റെ പരുക്കൻ ഭാവങ്ങളെ നേർകണ്ണു കൊണ്ട് കണ്ട ഒരാൾക്ക് ഇങ്ങനെ മാത്രമേ എഴുതാൻ കഴിയുകയുള്ളൂ. അക്കാഡമികമായ അലങ്കാരങ്ങൾ ഒന്നുമില്ലെങ്കിലും അതിജീവനത്തിലൂടെ തൻ്റെ ബലഹീനതകളെ ഉല്ലംഘിച്ച് ലക്ഷണമൊത്ത പത്തു കഥകൾ എഴുതാൻ കഴിഞ്ഞ അഭിലാഷ് എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നു. കഥാകൃത്തിനെ പോലെ തന്നെ കഥകളും അർത്ഥഗർഭമായ മിതത്വം പേറുന്നവയാണ്.
കയ്യടക്കമുള്ള കഥകൾ ഇനിയും അഭിലാഷിൽ നിന്ന് പ്രതീക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്.