: സാലഭഞ്ജിക
കൊത്തിവച്ച സ്വരമണ്ഡപത്തിലെ ചിത്രലേഖനചാരുവാം
സാലഭഞ്ജിക ജീവനാർന്നു മൃദു പാദനിസ്വനമോടെയെൻ
ഖിന്നമാം മനതന്ത്രിയിൽ മണിവീണ മീട്ടിയ നുജ്ഞയാൽ
നാദവൈഖരിയാലെ തീർത്തു മനോജ്ഞ ദേവസഭാതലം
നൃത്തലാസ്യ വിലോലയായിയണഞ്ഞ മത്സഖിയെന്നുമെൻ
ഹൃത്തടത്തിലണഞ്ഞു പാട്ടിനൊടൊത്തു ചുവടുകൾ വയ്ക്കുമോ?
മഞ്ജു പീതമനോജ്ഞമായ നിൻ കഞ്ചുകങ്ങളിൽ മിന്നുമാ
പൊന്നുനൂലുകളാകുവാൻ ഹൃദിയുണ്ടു മോഹമിതെന്തിനോ ?
തങ്കനൂപുരശിഞ്ജിതങ്ങളൊടൊത്തു മേളനമാടുവാൻ
മത്സരിപ്പൊരു സ്വർണകങ്കണ രിംഖണങ്ങൾ കണക്കവേ
നൃത്തശാലയിലെത്തി നിന്നുടൽ ചുറ്റി നിന്ന മണിലസൽ
മേഖലയിലെ കണ്ണിയായിയൊതുങ്ങുവാൻ കൊതികൊള്ളുന്നു.
പൊന്നലുക്കുകൾ മിന്നൽ തീർക്കുമൊളി ചിന്നിടുന്ന നിൻ പൂന്തുകിൽ
വെണ്ണ തോൽക്കുമുടലിൽ തടഞ്ഞു മെടഞ്ഞ പന്നഗജാലമോ !
നൃത്തമാടിയടങ്ങി നിന്ന നിൻ സ്നിഗ്ധമേനിയിലാകവേ
പറ്റി നിന്നൊരു സ്വേദബിന്ദു കണങ്ങളാകണമിന്നിനി
എന്തിനെന്നെ വിളിച്ചുണർത്തിയീ രംഗമണ്ഡപവീഥിയിൽ
ഹന്ത! ഞാനൊരു വിഭ്രമച്ചുഴി തന്നിൽ വീണു പതിച്ചിതോ
സാലഭഞ്ജികകൾ താലമോടെ വരവേറ്റു നിന്ന സഭാങ്കണം
കാൺമതില്ല, വിടെ നൃത്തഭേദമൊരുക്കി നിന്നവളെങ്ങു പോയ്