ഗ്രീഷ്മതാപം ഉയർന്നുയർന്ന് 42 ഡിഗ്രി വരെ എത്തിയതോടെയാണ് ഒരു യാത്രയെ കുറിച്ച് ആലോചിച്ചത്. മകനും ഭാര്യയും ഏറെക്കാ
ലമായി ക്ഷണിക്കുന്നു. ഭാര്യയുടെ സ്കൂൾ, പൂരം, വിഷു അങ്ങനെ ഓരോ കടമ്പകൾ. ഇത്തവണ ഏതായാലും ഞങ്ങളും വരാമെന്ന് പറഞ്ഞ് ബാംഗളൂരിലേയ്ക്ക് യാത്രയായി.
പൂന്തോട്ട നഗരത്തിലും മെർക്കുറി വിതാനം ഉയരുന്നതു കണ്ടു കൊണ്ടാണ് വാരാന്ത്യത്തിൽ ചിക്കമംഗലൂരിലേയ്ക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നത്. സത്യത്തിൽ കൂർഗിൽ പോകാമെന്ന് പറഞ്ഞാണ് മകനും ഭാര്യയും പ്രലോഭിപ്പിച്ചത്. അപ്പോഴാണ് വാരാന്ത്യo ആഘോഷിക്കാൻ നഗരത്തിലെ ടെക്കികളത്രയും തണുപ്പ് തേടി കൂർഗിലും മെർക്കാറയിലും എത്തിയെന്നറിയുന്നത്. റിസോർട്ടുകളും ഹോം സ്റ്റേകളും ഒന്നും ഒഴിവില്ല. ഒരു ഹോം സ്റ്റേ ഉടമ പറയുന്നു.
എനിക്ക് 60 ഹോം സ്റ്റേ ഉണ്ട്. പക്ഷേ ഒന്നും ഒഴിവില്ല.
ഒടുവിൽ കൂർഗ് ഒഴിവാക്കി ചിക്കമഗലൂർ നോക്കി. അവിടെയും അവസ്ഥ തഥൈവ. ഒടുവിൽ മകൻ, ഒഴിവില്ലെന്ന് കണ്ടെങ്കിലും അവരുടെ നമ്പറിൽ വെറുതെ വിളിച്ചു നോക്കി. ഭാഗ്യത്തിന് രണ്ടു പേർക്ക് താമസിക്കാൻ കഷ്ടിച്ച് താമസമൊരുക്കാമെന്ന് പറഞ്ഞു. ഞങ്ങൾ ആണെങ്കിൽ നാലു പേരുണ്ട്. ഒടുവിൽ ഒരു മുറിയിൽ തന്നെ നാലു പേരും കഴിയാമെങ്കിൽ തരാമെന്നായി. കൂടെയുള്ളത് അച്ഛനുമമ്മയും ആണെന്ന് പറഞ്ഞപ്പോൾ അവരുടെ അർദ്ധസമ്മതം പൂർണസമ്മതമായി.
നഗരത്തിരക്കിൽ നിന്ന് പുറത്തുകടക്കാൻ തന്നെ രണ്ടു മണിക്കൂർ വേണ്ടി വന്നു. ഏതാണ്ട് ഏഴുമണിയോടെ ഞങ്ങൾ ചിക്കമഗലൂർ നഗരത്തിൽ എത്തി. ഹോം സ്റ്റേ വീണ്ടും 12 കി.മി. ദൂരെയെവിടെയോ ആണ്.
ഗൂഗിൾ മാപ് സഹായിയായി. പ്രധാന റോഡിൽ നിന്നും ഇടത്തോട്ടും പിന്നീട് വലത്തോട്ടും ഒക്കെ തിരിഞ്ഞ് കാർ മുന്നോട്ടു നീങ്ങി. പാതകൾ വീതി കുറഞ്ഞും വിജനമായും കാണപ്പെട്ടു. ഇരുപുറവും കാടാണ്. ഇടയ്ക്ക് ചിലയിടങ്ങളിൽ അരണ്ട വെളിച്ചവും ഹോം സ്റ്റേ ബോർഡും കാണാം. പക്ഷേ ഞങ്ങളുടേത് ഇപ്പോഴും കാണാമറയത്തു തന്നെ. വീണ്ടും മുന്നോട്ടു ചെല്ലുന്തോറും നായ്ക്കളുടെ ബഹളം കൂടി വന്നു. റോഡിൽ ആളനക്കമോ വാഹനപ്പെ രുമാറ്റമോ ഇല്ല. അതാ മുന്നിൽ ജെ. സി.ബി പോലൊരു വാഹനം വഴി മുടക്കി നിൽക്കുന്നു. അല്ലെങ്കിൽ തന്നെ റോഡിന് വീതിയില്ല. കുറച്ചു സമയം കാത്തു കിടന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഇടവഴിയിലൂടെ മൂന്നു നാലു പേർ വന്നു. ഡ്രൈവർ വണ്ടി പരമാവധി ഓരം ചേർത്ത് ഒരുക്കിതന്നു. വളരെ വിഷമിച്ചെന്നോണം ഞങ്ങൾ കടന്നു കൂടി . കുറച്ചു കൂടിയേ മുന്നോട്ടു പോകേണ്ടി വന്നുള്ളു. അരണ്ട വെളിച്ചത്തിൽ ഒരു ഗേറ്റ് കാണാം. മുകളിൽ ചെറിയ ഒരു ബോർഡുo.
സത്യസായി ഹോം സ്റ്റേ. ഗേറ്റ് സ്വയം തുറന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഏതാണ്ട് 10 0 മീറ്റർ ഉള്ളിലായി പഴയ ഒരു വീട്. എത്ര കാറുകൾക്ക് വേണമെങ്കിലും പാർക്കു ചെയ്യാവുന്ന വിശാലമായ മുറ്റം. അത് സിമന്റ് ചെയ്ത് ഉറപ്പിച്ചത്. പഴമയും പ്രൗഢിയും വിളിച്ചോ തുന്ന ഇരു നില വീട്. വയനാട്ടിലേയും മറ്റും പഴയ ജന്മിഗൃഹത്തെ ഓർമിപിച്ചു.
ഞങ്ങൾ കാറിൽ നിന്നിറങ്ങും മുൻപു തന്നെ ഒരു മദ്ധ്യവയസ്ക്ക വന്ന് ഞങ്ങളെ സ്വീകരിച്ചു. നല്ല ഇംഗ്ലീഷിൽ ഞങ്ങളെ വിഷ് ചെയ്ത് അകത്തോട്ട് ആനയിച്ചു. അവർ കൂടി താമസിക്കുന്ന പ്രധാന കെട്ടിടത്തിലെ ഒരു മുറിയാണ് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. ചിക്കമഗലൂരിലെ തനത് കോഫിയുടെ സ്വാദ് പകർന്നുകൊണ്ട് അവർ ഞങ്ങളെ പരിചയപ്പെട്ടു. ഞാനും ഭാര്യയും കൂടാതെ മകനും മരുമകളും. ഫ്രഷ് ആയ
ശേഷം രാത്രി ഭക്ഷണം കഴിക്കാൻ പോന്നു കൊള്ളാൻ പറഞ്ഞ് അവർ അകത്തേക്ക് പോയി. മാന്യവും അന്തസുറ്റതുമായ അവരുടെ ആതിഥ്യം ഞങ്ങളെ ആകർഷിച്ചു.
അവിടെ ഞങ്ങളെ കൂടാതെ ഏഴോ എട്ടോ ഫാമിലി കൂടിയുണ്ട്. ആകെ ഇരുപത്തഞ്ചോ ളം പേർ. ചപ്പാത്തിയും വെജിറ്റബിൾ കറിയും ചിക്കൻ കറിയും കൂടെ സാലഡും. സ്വാദിഷ്ടമായ ഭക്ഷണം. അടുക്കളയിലും ഞങ്ങളെ സ്വീകരിച്ച സ്ത്രീ തന്നെയാണ്. സഹായിക്കാൻ അകത്ത് ഒരാൾ കൂടിയുണ്ട്. ഭക്ഷണ ശേഷം പൂമുഖത്തും മുറ്റത്തുമായി ഞങ്ങൾ സംസാരിച്ചിചിരുന്നു. പഴമയുടെ ഗരിമ വിളിച്ചോതുന്ന ഫർണിച്ചറുകൾ, പാത്രങ്ങൾ,കൽപാത്തികൾ, ആട്ടുകട്ടിലുകൾ , ആമ്പൽ തൊട്ടി അങ്ങനെ പലതും. മുറ്റത്തിന്റെ വശങ്ങളിൽ പൂവിട്ടുനിൽക്കുന്ന കാപ്പിച്ചെടികൾ . ശരിക്കും ഒരു കാപ്പിത്തോട്ടത്തിന്റെ നടുവിലായാണ് ഈ സ്റ്റേ ഹോം. ഞങ്ങൾ കണ്ട മദ്ധ്യവയസ്ക്കയും മകളും ചേർന്നാണ് ഈ സംരംഭം നടത്തുന്നത്. സഹായിക്കാൻ രണ്ടു ജോലിക്കാരും. അവരുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മകൾ ഏതോ ഐ ടി. സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വർക്ക് ഫ്രം ഹോം ആയതിനാൽ സ്റ്റേ ഹോമും കൂട്ടത്തിൽ നടക്കും. അമ്മ സ്ഫുടമായി കലർപ്പില്ലാത്ത ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ , മകൾ അമ്പഴങ്ങ വായിലിട്ട് സംസാരിക്കുന്നതുപോലെ.
50 ഏക്കർ വരുന്ന കാപ്പിത്തോട്ടം. കാവലിനായി 3 നായ്ക്കൾ. 2 എണ്ണം ഡാഷ് ഇനത്തിലുള്ളതും മറ്റൊന്ന് ജർമൻ ഷെപ്പേഡും . തോട്ടത്തിൽ അതിക്രമിച്ചു വരുന്ന കുരങ്ങൻമാരേയും മറ്റു ജന്തുക്കളേയും തുരത്താൻ ഇവർ ധാരാളം.
പിറ്റേന്ന് പരമാവധി സ്ഥലങ്ങൾ കാണണമെന്ന ധാരണയിൽ ഞങ്ങൾ നേ
രത്തേ ഉറങ്ങാൻ തുടങ്ങി.
അതിരാവിലെ പുറപ്പെടണമെന്ന് കരുതിയെങ്കിലും തട്ടിക്കൊട്ടി ഒരുങ്ങിയിറങ്ങിയപ്പോഴേയ്ക്കും 7 മണിയായി.
പ്രഭാതഭക്ഷണം കഴിച്ച് ദൂരം കൂടുതലുള്ള ബുദൻ ഗിരിയിലേയ്ക് തിരിച്ചു. ടൗണിൽ നിന്ന് ഏതാണ്ട് നാല്പതു കി.മി. വടക്കു മാറിയാണ് ബുദൻഗിരി. ഇൻഡ്യയിലേയ്ക്ക് ആദ്യം കോഫി കൊണ്ടുവന്നത് 16-ാം റ്നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി സന്യാസി വിഭാഗത്തിൽ പെടുന്ന ബാബ ബുദൻ ആണെന്ന് പറയുന്നു. വിശുദ്ധകർമം ചെയ്ത് പോരുന്ന വഴി യെമനിൽ നിന്ന് കൈവശപ്പെടുത്തിയ കാപ്പിച്ചെടിയുടെ വിത്ത് ഈ പുൽമേട്ടിൽ കുഴിച്ചിട്ടതാണ് പിൽക്കാലത്ത് ലോകോത്തര കോഫി ഇനമായി ഇൻഡ്യയിൽ പ്രകീർത്തിക്കപ്പെടുന്നത്. വൈഷ്ണവാംശത്തിൽ പെടുന്ന ദത്താത്രേയന്റെ പേരിൽ ദത്താത്രേയപീഠം എന്നും ഈ പുൽപ്രദേശം അറിയപ്പെടുന്നു. പശ്ചിമഘട്ട മലനിരകളിൽ മൂന്നു ഗുഹകളോടുകൂടിയ മലനിരയാണ് ബുദൻ ഗിരി . ഈ ഗുഹകൾ വിശുദ്ധമായിട്ടാണ് ഹിന്ദുക്കളും മുസ്ലീങ്ങളും കരുതുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1895 m ഉയരത്തിലാണ് ബുദൻഗിരി പുൽമേട് . ഇത് പടിഞ്ഞാറോട്ട് വ്യാപിച്ച് മുളയൻഗിരികുന്നുകൾ വരെ എത്തുന്നു. ഇവിടം സമുദ്രനിരപ്പിൽ നിന്ന് 1930 m ഉയരെയാണ് . കൂടാതെ 1830 m, 1810 m ഉയരത്തിലുള്ള മറ്റു രണ്ടു കുന്നുകൾ കൂടിയുണ്ട്. ഇവിടെയും നീലക്കുറിഞ്ഞി എല്ലാ പന്ത്രണ്ടു കൊല്ലം കൂടുമ്പോഴും പൂവിടുമെന്ന് അവിടത്തുകാർ പറയുന്നു. ഏറ്റവും അവസാനം പൂവിട്ടത് 2018 ൽ ആയിരുന്നുവത്രേ. ഇനി 2030 ൽ പ്രതീക്ഷിച്ചാൽ മതി പോലും. വിശാലമായ പുൽമേടും അവിടവിടെയുള്ള പ്രത്യേക തരത്തിലുള്ള ഒറ്റപ്പെട്ട പാറക്കല്ലുകളും പുകമഞ്ഞിന്റെ മൂടുപടമണിഞ്ഞു നിൽക്കുന്നത് നയനാഭിരാമമായ കാഴ്ചയാണ്.
വടക്കുപടിഞ്ഞാറ് ഭാഗത്തായി ഭദ്രാ വന്യമൃഗസങ്കേതം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.. അത് ആന, പുലി, കടുവ തുടങ്ങിയ മൃഗങ്ങളുടെ ആവാസമേഖലയാണത്രേ .
കാപ്പിത്തോട്ടങ്ങൾക്കു നടുവിലായി ഹെബ്ബാ വെള്ളച്ചാട്ടം ശ്രദ്ധയാകർഷിക്കുന്നതാണ്.
വനവും പുൽമേടുകളും പ്രകൃതിയണിയിച്ചൊരുക്കിയ മുത്തണിക്കുന്നുകളും കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമേയേകുന്നു.
ഏതാണ്ട് 16 കി. മി. സഞ്ചരിച്ച് ഞങ്ങൾ ഝാറി വെള്ളച്ചാട്ടത്തിലേക്കള്ള പ്രവേശന ഗേറ്റിലെത്തി. സ്വന്തം വാഹനത്തിൽ അങ്ങോട്ടേയ്ക് പോകാൻ കഴിയില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കരാർ നൽകിയ ജീപ്പുകൾ ഞങ്ങളെ ദുർഗമ പാതയിലൂടെ വളഞ്ഞും പുളഞ്ഞും മണ്ണിൽ പുതഞ്ഞും ഉയരത്തിൽ നിന്ന് കുത്തനെ ഇറങ്ങിയും അതുപോലെ കയറിയും അംഗോപാംഗം ത്രസിപ്പിച്ച് വെള്ളച്ചാട്ടത്തിനരികിലെത്തിച്ചു. അട്ടിഗുണ്ടി എന്ന സ്ഥലത്തുള്ള ഇതിന് ബട്ടർ മിൽക് ഫാൾസ് എന്നും പേരുണ്ട്. ദൂരെ നിന്നു തന്നെ പേരിനെ അന്വർഥമാക്കുന്ന തരത്തിൽ പതഞ്ഞ് തൈർ കുടം കമിഴ്ത്തിയ പോലെ കുത്തനെ പതിക്കുന്ന ജലപാതം കണ്ട് ആശ്ചര്യപ്പെട്ടു. മലമുകളിൽ കയറിപ്പറ്റി വെ
ള്ളച്ചാട്ടത്തിന്റെ പ്രഭവ സ്ഥലത്തും കൂടാതെ ഇടയ്ക്ക് ഉള്ള മലമടക്കിലും സാഹസികരായ ചില സഞ്ചാരികൾ കയറിപ്പോകുന്നുണ്ട്. എന്റെ മകന് പാറക്കെട്ടിൽ പൊത്തിപ്പിടിച്ച് കയറാൻ കമ്പം തോന്നി. എന്നാൽ ഭാര്യ കർശനമായി വിലക്കിയതിനാൽ ആ ശ്രമത്തിൽ നിന്ന് ക്ഷണത്തിൽ പിൻവാങ്ങി. ഒഴുകിയെത്തുന്ന വെള്ളമത്രയും ഒരു തടാകം പോലെ രൂപം കൊണ്ട ശേഷം ചെറു അരുവികളായി താഴോട്ടൊഴുകുന്നു. തടാകം പോലെയുള്ള ഭാഗത്തെ ഒറ്റക്കല്പാറയിൽ ഇരുന്ന് ഞങ്ങൾ തൃപ്തിയടഞ്ഞു.
നേരം വൈകിയതു കണ്ട് ഞങ്ങൾ മടങ്ങാൻ തുടങ്ങി. ശാർക്കരകണ്ടകദുർമാർഗ രഥ്യയിലൂടെ ഞങ്ങൾ കാർ നിർത്തിയ പോയന്റിൽ എത്തി. റോഡാകെ ബ്ലോക്കായിരിക്കുന്നു. വശങ്ങളിലുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഗതാഗതം തടസ്സപ്പെടുത്തുന്നു. ഒരു ചെറിയ മഴ കൂടി പെയ്തതോടെ അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങൾ നീങ്ങാതായി. ഒട്ടേറെ സമയമെടുത്തു തന്നെ ഞങ്ങൾ നഗരത്തിലും തുടർന്ന് ഹോം സ്റ്റേയിലുമെത്തി. അത്താഴം കഴിച്ച് ഫയർ സ്പോട്ടിൽ കുറച്ച് സമയം ചെലവഴിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് മടങ്ങി. അടുത്ത ദിവസം നാട്ടിലേയ്ക് മടങ്ങിപ്പോകണം. പോകുന്ന വഴിയുള്ള തടാകവും ബേലൂരിലെ ചെന്ന കേശവേ ക്ഷേത്രവും സന്ദർശിക്കണമെന്ന് കരുതി അന്നത്തെ ദിവസം കഴിച്ചു കൂട്ടി.
പ്രഭാതഭക്ഷണത്തിനൊന്നും നിൽക്കാതെ ഞങ്ങൾ രാവിലെ തന്നെ പുറപ്പെട്ടു. ബേ
ലൂർ സന്ദർശനം കഴിയുമ്പോൾ തന്നെ 10 മണിയാകും. ക്ഷേത്രങ്ങളിൽ കയറിയാൽ പിന്നെ എന്റെ സഹധർമിണിയെ പുറത്തെത്തിക്കുക ദുഷ്കരമാണ്. നാടുപിടിക്കാൻ വീണ്ടും ഒരു 9 മണിക്കൂർ കൂടി വേണം.
ചിക്കമഗലൂരിൽ നിന്ന് ഏതാണ്ട് 50 കി.മി. ദൂരെയാണ് ബേലൂർ. ഇത് ഹസ്സൻ ജില്ലയിൽ പെടുന്നു. ബേലൂരിലെ ചിന്ന കേശവ ക്ഷേത്രം അതി പുരാതനമാണ്. ഹോയ്ശാല സാമ്രാജ്യത്തിന്റെ ക്ഷേത്രനിർമാണ ചാതുരിയുടെ ഉത്തമ നിദർശനമാണിത്. 12-ാം നൂറ്റാണ്ടിൽ ഹോയ്ശാല സാമ്രാജ്യത്തിലെ പ്രബലനായ വിഷ്ണുവർദ്ധനൻ യാഗദി നദീതീരത്ത് പണികഴിപ്പിച്ചതാണ് ഈ വിഷ്ണു ക്ഷേത്രം. രാമാനുജാചാര്യരുടെ വൈഷ്ണവ പ്രസ്ഥാനത്തിലാകൃഷ്ടരായ ഹോയ്ശാല രാജാക്കന്മാർ കരിങ്കല്ലിൽ തീർത്ത വിസ്മയമാണ് ഈ മനോഹര നിർമ്മിതി . വിദഗ്ധരായ ശില്പികളെ കൊണ്ടുവന്ന് താമസിപ്പിച്ച് 103 വർഷം കൊണ്ട് പണി കഴിപ്പിച്ച് 1117ൽ സമർപ്പിച്ചതാണ് ഈ ക്ഷേത്രം.
ഹോയ്ശാല രാജാക്കന്മാർ തികഞ്ഞ വിഷ്ണുഭക്തന്മാരായിരുന്നു. 1000 CE മുതൽ 1346 CE വരെയായിരുന്നു ആ സാമ്രാജ്യം നിലനിന്നത്. 14-ാം നൂറ്റാണ്ടിൽ ഡൽഹി സുർത്താനായിരുന്ന അലാവുദീൻ കിൽജിയുടെ സേനാനായകനായിരുന്ന മാലിക് കാഫിർ , ഹോയ്ശാല സാമ്രാജ്യത്തെ ആക്രമിച്ചു കൊള്ള ചെയ്തു. പിന്നീട് ഇത് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി.
ഹോയ്ശാല സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു , ബേലൂർ . വിജയനാരായണ ക്ഷേത്രം പ്രധാന ക്ഷേത്രവും തൊട്ടടുത്തു തന്നെ ചെന്ന കേശവക്ഷേത്രമെന്ന മറ്റൊരു ക്ഷേത്രവുമായിരുന്നു. എന്നാൽ ഇന്ന് രണ്ടും ചേർത്തുള്ള ക്ഷേത്രസമുച്ചയത്തെ ചെന്ന കേശവക്ഷേത്രമെന്നാണ് പറയുന്നത്. ചെന്ന കേശവനെന്നാൽ അലങ്കാര കൃഷ്ണൻ എന്നാണ് അർത്ഥം. വിജയനാരായണ ക്ഷേത്രo വിഷ്ണുവർദ്ധനൻ എന്ന രാജാവും രണ്ടാമത്തേത് അദ്ദേഹത്തിന്റെ ധർമ്മപത്നി ശന്തലാ ദേവിയും സമർപ്പിച്ചതായാണ് പറയപ്പടുന്നത്. ക്ഷേത്രഭിത്തിയിൽ പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം കൊത്തിവച്ചിരിക്കുന്നു. കല്ലിൽ കൊത്തിയ കവിതയായി ഇന്നും അവ ശേഷിക്കുന്നുവെന്നതാണ് അത്ഭുതം. കാരണം 14-ാം നൂറ്റാണ്ടിൽ ഈ സാമ്രാജ്യം ആക്രമിക്കപ്പെടുകയും ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഷ്ണു ഭഗവാന്റെ അവതാരകഥകൾ കല്ലിൽ ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഭാഗവതത്തിലേയും മഹാഭാരതത്തിലേയും കഥകളും കഥാസന്ദർഭങ്ങളും അചിരേണ ആലേഖനം ചെയ്തിരിക്കുന്നു. നരസിംഹാവതാരം, ഭഗവദ്ദൂത്, സീതാപഹരണം, ഗീതോപദേശം തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്.
വൈഷ്ണവർ ഇവിടം ഭൂലോക വൈകുണ്ഡമെന്നും ദക്ഷിണകാശിയെന്നുമൊക്കെ പറയുന്നു.
ഏതായാലും അന്യാദൃശമായ കൊത്തുപണികളാലും അനിതര സാധാരണമായ വാസ്തു ഭംഗി കൊണ്ടും ലോകശ്രദ്ധ നേടാൻ കഴിഞ്ഞു ഈ ക്ഷേത്രത്തിന് . അതിനാൽ തന്നെയാണ് UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഈ നിർമ്മിതി സ്ഥാനം പിടിച്ചത്.
കലയും ശാസ്ത്രവും നിർമാണ പടുത്വവും സമന്വയിക്കുമ്പോൾ അതിൽ ഉൾചേർന്ന് സാമ്രാജ്യങ്ങളുടെ ജയാപജയങ്ങളുടെ വാഴ്ത്തുപാട്ടും നമുക്ക് കേൾക്കാൻ കഴിയും.
ഏതാണ്ട് പത്തരയോടെ ഞങ്ങൾ ബേലൂർ വിട്ടു. വീണ്ടും മൈസൂർ ഭാഗത്തേയ്ക്ക് പോകാൻ നിന്നില്ല. ഒരു വേള കുടക് മാടി വിളിച്ചെങ്കിലോ എന്ന ഭയം. കുട്ട, മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. ഒരു നല്ല അവധിക്കാലത്തിന്റെ സ്മരണകളുമായി.