കവികൾ മാന്ത്രികരാണ്. അവർ നമ്മുടെ മനസ്സിനെ നമ്മളറിയാതെ അപഹരിക്കുന്നു.
അത്തരം കവികൾ നമുക്ക് പ്രിയപ്പെട്ടവരാണ്.
എന്റെ പ്രിയപ്പെട്ട കവി ആരെന്ന് ഞാനെന്നോടു തന്നെ ചോദിച്ചു. പാഠപുസ്തകത്താളുകളിലൂടെ പരിചയിച്ച കവികൾ മനസ്സിൽ വന്നു നിന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ, ഗാഥാകാരനായ ചെറുശ്ശേരി, വിമർശനകലാ കുലപതി കുഞ്ചൻ .
വീണ്ടും വരിഷ്ഠകവികൾ വരിവരിയായി വരുകയായി. ആശാൻ ,ഉള്ളൂർ, വളത്തോൾ ..... പക്ഷേ ഇവരെല്ലാം തന്നെ ദന്തഗോപുര വാസികൾ . എനിക്ക് അപ്രാപ്യർ.
എന്റെ മനസ്സിനെ ആകർഷിച്ച പ്രിയ കവി ചങ്ങമ്പുഴയാണ്. പക്ഷേ ചങ്ങമ്പുഴ 1947 ൽ ഞാൻ ജനിക്കുന്നതിനും വളരെ മുമ്പേ മൺമറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വരികൾ ഇപ്പോഴും മനസ്സിൽ, ഹൃദയത്തിൽ സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ പാത പിന്തുടർന്ന കവിയായ വയലാറാണ് പിന്നീട് മനസ്സിലേയ്ക്ക് കടന്നുവന്നത്. വാളിനെ സമരായുധമാക്കാത്ത, പച്ചമണ്ണിന്റെ മനുഷ്യത്വമായ ആ കവി ഞാൻ 10-ാം ക്ലാസിൽ പഠിക്കുമ്പോൾ , 1975 ൽ കാവ്യലോകത്തു നിന്ന് വിട പറഞ്ഞു.
ചങ്ങമ്പുഴയുടേയും വയലാറിന്റേയും പാതയിലല്ലെങ്കിലും ബിoബാവിഷ്കാരത്താലും കല്പനാ ചാരുതയാലും എന്നെ ഭ്രമിപ്പിച്ച കവിയാണ് എന്റെ തലമുറക്കാരൻ കൂടിയായ ബാലചന്ദ്രൻ ചുള്ളിക്കാട് . എന്റെ പ്രിയപ്പെട്ട കവി.
ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തല്ല. ഒരു നിലയ്ക്കും സമശീർഷനല്ല. അദ്ദേഹത്തിന് എന്റെ മുഖം ഓർമ
പോലുമുണ്ടാവില്ല. ഞാൻ
അദ്ദേഹത്തിന്റെ കവിതകളുടെ എക്കാലത്തയും ഒരാരാധകൻ മാത്രം. കവിയെ ഒരു ചടങ്ങിന് ക്ഷണിച്ച്, ആനയിച്ചു കൊണ്ടുവന്ന രംഗം, മുപ്പത്തഞ്ചു
വർഷത്തോളം കഴിഞ്ഞെങ്കിലും ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
ഞാനന്ന് എറണാകുളത്തെ ടെലിഗ്രാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ (TRC) സെക്രട്ടറി ആയിരുന്നു. സഹൃദയരായ കൂട്ടുകാരെ കൂട്ടി എല്ലാ മാസവും കലാ-സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു പോന്നിരുന്നു.. അത്തരത്തിൽ സംഘടിപ്പിച്ച " കവിതാ സായാഹ്നം " എന്നു പേരിട്ട ചടങ്ങിലേയ്ക്ക് നാലു പേരറിയുന്ന മൂന്നു നാലു കവികളെ വേണം. ക്ലബ് അംഗങ്ങൾ മാത്രമായി കവിയരങ്ങ് നടത്തിയാൽ കേൾവിക്കാർ ഉണ്ടാവില്ലെന്ന ആശങ്ക, തീർച്ചയായും ഉണ്ടായിരുന്നു. സഹപ്രവർത്തകയായിരുന്ന ശ്രീമതി.സുധ, അവരുടെ അഭിവന്ദ്യപിതാവായ ശ്രീ.കലാമണ്ഡലം കേശവനെ ക്ഷണിച്ചാൽ, വരുമെന്ന് പറഞ്ഞത് എന്നിൽ പ്രത്യാശ ജനിപ്പിച്ചു. അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം മുഖാന്തിരം ശ്രീ.എൻ.കെ. ദേശo അവർകളേയും. കൂടാതെ അക്കാലത്ത് മുളന്തുരുത്തി ബി.ഡി. ഒ ആയിരുന്ന ശ്രീ. എസ്. രമേശനയും ഒരു സുഹൃത്ത് മുഖാന്തിരം ക്ഷണിച്ചു. അപ്പോഴാണ് മനസ്സിലേയ്ക്ക് എന്റെ പ്രിയപ്പെട്ട കവിയുടെ മുഖം തെളിഞ്ഞു വന്നത്. ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് എറണാകുളം ട്രഷറി ആഫീസിൽ ജോലി ചെയ്യുകയാണ്. ട്രഷറി ആഫീസ് , എന്റെ ആഫീസിന് പിറകിൽ ശിവക്ഷേത്രത്തിന് അടുത്താണ്. പക്ഷേ ക്ഷണിക്കാനുള്ള സങ്കോചം എന്നെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം അക്കാലത്ത് തന്നെ, അറിയപ്പെടുന്ന കവിയും യുവാക്കളുടെ ഹരവുമായിരുന്നു. പൊതുവേ പരുക്കനായ പ്രകൃതമായതിനാൽ തെല്ല് ഭയപ്പാടുണ്ട്. ഏതായാലും ധൈര്യമവലംബിച്ച് ഞാൻ ട്രഷറിയിൽ പോയി അദ്ദേഹത്തെ കണ്ടു.
"വരാം"
ഒറ്റവാക്കിൽ സംഭാഷണം അവസാനിച്ചു.
ഞാൻ സംതൃപ്തിയോടെ മടങ്ങിപ്പോന്നു.
ആഫീസിൽ എത്തിയപ്പോൾ കവിയുടെ സഹപാഠികളായിരുന്നവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്ന് ഭാവിച്ചു നടന്നിരുന്ന പലരും എന്റെ സന്തോഷത്തെ കെടുത്തി.
"അത് വല്ല കഞ്ചാവിന്റേയും പുറത്ത് പറഞ്ഞതാവും. വരാൻ സാദ്ധ്യതയില്ല''
ഏതായാലും മറ്റു മൂന്നു കവികൾ ചാക്കിലുണ്ടല്ലോ!, പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
ഒടുവിൽ ആ ദിവസം വന്നെത്തി. 'കവിതാസായാഹ്നം" പരിപാടിയിൽ സംബന്ധിക്കാൻ എറണാകുളത്തെ പി. ആന്റ് .റ്റി. മേഖലയിലെ ജീവനക്കാരെ കൂടാതെ
പുറമേ നിന്നു കൂടി ആളുകൾ വന്നു ചേർന്നുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ട കവികൾ വന്നു തുടങ്ങി. പരിപാടി തുടങ്ങാൻ സമയമായി.
എന്നാൽ പ്രിയപ്പെട്ട കവിയെ മാത്രം കാണുുന്നില്ല. ഒടുവിൽ, എത്തിച്ചേർന്ന കവികളെ ഉപചരിക്കാനായി സുഹൃത്തിനെ ഏർപ്പാട് ചെയ്ത് ഞാൻ നേരേ ട്രഷറി ആഫീസിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ കവി സീറ്റിൽ തന്നെയുണ്ട്. കയ്യിലുള്ള പെൻസിൽ സസൂക്ഷ്മം കൂർപ്പിച്ചു കൊണ്ടിരിക്കുന്നു. ചെന്നപാടേ ഞാൻ പറഞ്ഞു
"ഇന്നാണ് പരിപാടി "
" ഏത് പരിപാടി " കവി തിരിച്ച് ചോദിച്ചു.
" ടെലഗ്രാഫ് ഓഫീസിലെ പരിപാടിക്ക് ഞാൻ കഴിഞ്ഞയാഴ്ച ക്ഷണിച്ചിരുന്നു. പരിപാടി തുടങ്ങാറായിരിക്കുന്നു. എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട് "
"അങ്ങനെയോ . ഞാൻ ഓർക്കുന്നില്ല.
ഏതായാലും പോകാം "
തെല്ലും മടിക്കാതെ എന്റെ കൂടെ കവി വന്നു.
ഓട്ടോ റിക്ഷാ വിളിക്കാൻ തുടങ്ങിയപ്പോൾ
"അടുത്തല്ലേ, നടക്കാം " - മുഴക്കമുള്ള സ്വരത്തിൽ പറഞ്ഞു.
ഞങ്ങൾ മുന്നോട്ടു നീങ്ങി.
രത്ന ഹോട്ടലിനടുത്തെത്തിയപ്പോൾ കവി വീണ്ടും
" എനിക്ക് വല്ലതും കഴിക്കണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല"
സമയം അപ്പോൾ നാലുമണിയോടടുക്കുന്നു.
ഞങ്ങൾ ഹോട്ടലിൽ കയറി. അസമയമായതിനാൽ അവിടെ ഭക്ഷണസാധനമൊന്നുമില്ല.
അപ്പോഴാണ് ചില്ലലമാരയിൽ ഇരിക്കുന്ന രാവിലത്തെ അവശേഷിച്ച പുട്ട് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടത്.
" അതു മതി" - ഘനഗംഭീരമായ ശബ്ദം.
അങ്ങനെ ഒണക്കപ്പുട്ടും കട്ടൻ ചായയും കഴിച്ച് ഞങ്ങൾ ഇറങ്ങി.
ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. സ്വാഗതപ്രസംഗത്തിൽ കവികളെ പരിചയപ്പെടുത്തുമ്പോൾ "മാറ്റത്തിന്റെ തോറ്റംപാട്ടുകാരനായ കവി ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് " എന്ന് പ്രാസലേശം കലർത്തി
പറഞ്ഞത് ഇഷ്ടപ്പെട്ടു കാണുമോ എന്ന് ഞാൻ വൃഥാ സന്ദേഹിച്ചു. സദസ്യരുടെ ആഗ്രഹപ്രകാരം രണ്ടു കവിതകൾ അദ്ദേഹം ആലപിച്ചു. യാത്രാ മൊഴിയും വ്യർത്ഥമാസത്തിലെ കഷ്ടരാത്രിയും.
"ഏതോ തുലാ വരിഷരാവിന്റ മച്ചറയിൽ
ഏകാന്ത മാത്രയിൽ ഒരാഗ്നേയ നിർവൃതി
നുണഞ്ഞതിനു ശിക്ഷയായ് പെങ്ങളേയന്നു
നീ ഉള്ളിൽ മുള കൊള്ളും തുടിപ്പും ഞരമ്പു -
കളിലുന്നിദ്രമാളുന്ന നോവുമായാറിന്റെ
നെഞ്ചകം കീറിപ്പിളർന്ന് മറകൊണ്ടതും
ഒരീറൻ നിലാവ് മിഴിപൊത്തിക്കരഞ്ഞതും
ആരോർക്കുവാൻ ....."
എന്ന വരികൾ സഹൃദയരുടെ മനസ്സിൽ തീ
കോരിയിടുന്ന അനുഭവമായിരുന്നു.
അതുപോലെ
"കുരിശേന്തുന്ന മർത്ത്യന്റെ
കത്തിപ്പടരുന്ന രക്തമാകുന്നു നീ
പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു നീ "
എന്ന വരികളും ആലാപനത്തിന്റെ ഭാവതീവ്രത കൊണ്ടും അക്ഷരങ്ങളെ തീപിടിപ്പിക്കുന്ന കാവ്യാവിഷ്കരണ ശൈലി കൊണ്ടും ആളുകളെ അക്ഷരാർത്ഥത്തിൽ ശോകമൂകരാക്കി.
പാബ്ളോ നെരൂദാ കവിതകളിലെ കനൽ , ആ വരികളിൽ കണ്ടെടുക്കാo . ഭാഷാന്തരീകരണത്തിൽ വാക്കുകൾക്ക് ഉലയിൽ ഊതിക്കാച്ചുമ്പോൾ ഉള്ള മൂർച്ച .
മറ്റു കവികൾ പെരുമൺ ദുരന്തത്തേയും മറ്റും അധികരിച്ച് കവിതകൾ ചൊല്ലി. സഹപ്രവർത്തകനും ആനുകാലികങ്ങളിൽ എഴുതിത്തെളിഞ്ഞു വന്ന എഴുത്തുകാരനുമായിരുന്ന ശ്രീ. കൃഷ്ണൻ മൂസത് ആ ദുരന്തത്തിൽ പെട്ടിരുന്നു.
അദ്ദേഹം ഒരു കണ്ണീരോർമയായി ഇന്നും മനസ്സിൽ തെളിയുന്നു.
നല്ല ഒരു സായാഹ്നം സമ്മാനിച്ച പ്രിയപ്പെട്ട കവിയെ മറ്റുള്ളവർക്കൊപ്പം
ഞാൻ യാത്രയയച്ചു. മറ്റു കവികളെയെന്നപോലെ വാഹനത്തിൽ കയറ്റി അയയ്ക്കാനുള്ള എന്റെ ശ്രമം നിരോധിച്ച് കാൽ നടയായി അദ്ദേഹം നടന്നു നീങ്ങി.
പ്രശസ്തിയിൽ എത്തിയാൽ പല സാഹിത്യകാരന്മാരും ചെറിയ പരിപാടികൾക്ക് വിളിച്ചാൽ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവാകുക പതിവാണ്. എനിക്കത് വളരെയേറെ അനുഭവമുള്ളതാണ്. ഒരിക്കൽ ഒരു പ്രശസ്ത സാഹിത്യകാരനെ പരിപാടിക്ക് ക്ഷണിക്കാൻ പോയി. അദ്ദേഹം തന്റെ തിരക്കുകൾ എനിക്ക്ബുദ്ധിമുട്ടു തോന്നാത്ത വിധത്തിൽ അവതരിപ്പിച്ചു.
" ഞാൻ ഒരു നോവലിന്റെ പണിപ്പുരയിലാണ്. അത് കഴിയാതെ പൊതുപരിപാടികളിൽ സംബന്ധിക്കില്ല "
ഞാൻ കൂടുതൽ നിർബന്ധിച്ചില്ല. ന്യായമായ ഒരു കാര്യമാണല്ലോ പറഞ്ഞത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇതേ നോവ
ലിസ്റ്റിനെ ഒരു പൊതുപരിപാടിയിൽ ശ്രവിക്കാൻ എനിക്ക് ഇടവന്നു. പിന്നെ, പലർക്കും യാത്രപ്പടി എന്ന പേരിൽ പണം ലഭിക്കാറുണ്ട്. സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന റിക്രിയേഷൻ ക്ലബ്ബുകൾക്കൊന്നും അത് താങ്ങാൻ കഴിയില്ല. അത് മുൻകൂട്ടിയറിഞ്ഞായിരിക്കും പലരുടേയും പിൻമാറ്റം.
ഏതായാലും പ്രിയപ്പെട്ട കവിയെ ചടങ്ങിന് ക്ഷണിച്ച് പങ്കെടുപ്പിക്കാൻ ആയതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യം തോന്നി.
= ശങ്കരനുണ്ണി