Saturday, 4 October 2014

njaralathu njangalude swaraswathu

ഞരളത്ത് ഞങ്ങളുടെ സ്വരസ്വത്ത്


 "ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ
 ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ "
അമ്മേ ......അമ്മേ .......അമ്മേ ......"

വിറയാർന്നതെങ്കിലും തെളിവുറ്റ സ്വരത്തിൽ 'ഘനസംഘം ' പാടിസമർപ്പിച്ച്‌  ഇടയ്ക്കക്കോലോടെ തന്നെ ഇരുകൈകളും കൂപ്പി സാഷ്ടാംഗപ്രണാമത്തിൽ  സ്വയം മറന്ന ഞരളത്ത്. അതെ. അദ്ദേഹം എല്ലാം മറന്നു. ഈ ലോകത്തെ, ചുറ്റും നില്ക്കുന്നവരെ. എല്ലാം അമ്മയിൽ സമർപ്പിച്ച്, എല്ലാം അമ്മയിൽ ലയിപ്പിച്ച്‌.

        
ഞരളത്ത് കഥാവശേഷനായിട്ടു 20 സംവത്സരങ്ങൾ കഴിഞ്ഞു. ഇപ്പോഴും തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയിൽ ഞരളത്ത് രാമപ്പൊതുവാളിന്റെ അദൃശ്യസാന്നിദ്ധ്യം നിലനില്ക്കുന്നു. ഇടക്കയിലുതിർന്ന നാദവിസ്മയത്തോടൊപ്പം മറ്റൊരു വിസ്മയമായി .

ഞരളത്തിനെ ഒരിക്കൽ കണ്ടവർ പിന്നെ മറക്കില്ല. ഒരു അവധൂതൻ, ഒരു ഭിക്ഷാംദേഹി. ഒരു അവശകലാകാരൻ. ഒരു മതിഭ്രമക്കാരൻ. അങ്ങനെയൊക്കെയെ തോന്നൂ. അങ്ങനെയൊക്കെയാണ്താനും.ഒരിടത്തും തളച്ചിടാൻ കഴിയാത്ത ആ മനസ്സ് വിശ്രാന്തി നേടുന്നത് അമ്മയുടെ (തിരുമാന്ധാംകുന്നിലമ്മയുടെ ) തിരുനടയിൽ മാത്രം.അവിടെ നിന്ന് കൊട്ടിപ്പാടുമ്പോൾ അദ്ദേഹം എല്ലാം മറക്കുന്നു. താനും അമ്മയും മാത്രം. ഇല്ല.താൻ പോലുമില്ല.ഞരളത്തെന്ന കലാകാരൻ ഇടക്കയിലലിഞ്ഞു ചേർന്ന നാദരസായനി മാത്രം പുറത്തേക്ക്. അമ്മയ്ക്കുള്ള നൈവേദ്യമായി. അമ്മയ്ക്കുള്ള കാണിക്കയായി.

ഒരു ദുരൂഹത അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. എവിടെ നിന്നോ വന്നു.എവിടെയൊക്കെയോ അലഞ്ഞു.ഒടുവിൽ ശരിയായ അഭയസ്ഥാനം തട്ടകമാക്കി പുകൾ നേടി.ഇതാണ് ഞരളത്ത്.ഒരിടത്തും ഉറച്ചുനിൽക്കാത്ത മനസ്സ്.ജീവിതത്തിൽ അദ്ദേഹം കൈവയ്ക്കാത്ത സംഗീതശാഖകളില്ല. അതുപോലെ അലയാത്ത ഇടവുമില്ല. ജനിച്ചത്‌ പാലക്കാടു ജില്ലയിലെ തിരുവാഴാംകുന്നിനടുത്ത് ഞരളത്ത് തറവാട്ടിൽ.അമ്മാവനായ ഞരളത്ത് കരുണാകരപ്പൊതുവാളായിരുന്നു ആദ്യകാല ഗുരു.അക്കാലത്തെ വള്ളുവനാട്ടിലെ അറിയപ്പെടുന്ന വാദ്യകലാകാരനായിരുന്നു കരുണാകരപ്പൊതുവാൾ. അഞ്ചാം തരം വരെ ഭീമനാട്ടെ സ്കൂളിൽ വിദ്യാഭ്യാസം.കൂടാതെ തറവാട്ടുവക ശ്രീരാമസ്വാമിക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ.ഇടയ്ക്കയിൽ മാത്രമായിരുന്നില്ല ഞരളത്ത് രാമപ്പൊതുവാൾ കരവിരുത് നേടിയത് . .ചെണ്ട,വീണ,ശാസ്ത്രീയസംഗീതം,കഥകളിപ്പാട്ടു തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ വിരളം.എന്നാൽ മനസ് കൂടുതൽ അഭിരമിച്ചത് ഇടയ്ക്ക വാദനത്തിലും.ഇടയ്ക്ക്  അച്ഛൻ ശങ്കുണ്ണിപ്പൊതുവാളിൻറെ വീടായ കൂടല്ലൂർ ആനക്കരയിൽ താമസിച്ചു.അവിടത്തെ താമസം വാദ്യവിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടാൻ ഞരളത്തിനെ സഹായിച്ചെങ്കിലും കൂടല്ലൂർ വാസം അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും കറുത്ത അദ്ധ്യായമാണ്‌.

ബാല്യകാലത്ത്‌ ഉണ്ടായിരുന്ന ഒരു മാനസിക വിഭ്രമവും ഏകാന്തതാബോധവും അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു.അമ്മാവനായ കരുണാകരപ്പൊതുവാൾ തൊട്ട് 'ലോകഗുരു ' ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വരെ ശിഷ്യനാകാൻ ഞരളത്തിന് ഭാഗ്യം കിട്ടി.ചെമ്പൈ ഗ്രാമത്തിലെ വാസവും ചെമ്പൈയുടെ ശിഷ്യത്വവും അദ്ദേഹത്തിന് ശരിയായ മാനസികനില വീണ്ടെടുക്കാൻ സഹായകമായി.ചെമ്പൈയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളായിരുന്നു ഞരളത്ത്.

1957 ൽ ചെമ്പൈക്ക് കലാമണ്‍ഡലത്തിൽ ഒരു സ്വീകരണം ഉണ്ടായിരുന്നു.ഗവർണർ രാമകൃഷ്ണറാവു അദ്ദേഹത്തിനു സമ്മാനം നല്കി.ചെമ്പൈയുടെ കച്ചേരി കേൾക്കാൻ അനേകർ തടിച്ചുകൂടി.കൂട്ടത്തിൽ ഞരളത്തും. ഗുരുനാഥൻ കീർത്തനം പാടി.എല്ലാവരും വികാരവിവശരായി.സ്റ്റേജിൽ നിന്ന് നോക്കിയപ്പോൾ ഗുരു ശിഷ്യനെ കണ്ടു.ഒഴിഞ്ഞുമാറി നിന്ന അദ്ദേഹത്തെ സ്റ്റേജിൽ വിളിച്ചുവരുത്തി ഇടയ്ക്ക പാടിച്ചു.ഗുരുവിനോടുള്ള ആദരവും ഭക്തിയും കണ്ണീരായി വഴിഞ്ഞൊഴുകി.കണ്ണുനീരിൽ കുതിർന്ന ആ ഗാനാലാപനം കേട്ടുനിന്നവർ വികാരം നിയന്ത്രിക്കാനാകാതെ വിഷമിച്ചു.

സഞ്ചാരം,സൗഹൃദം,സ്നേഹവിരുന്ന്, ആരുടെ മുന്നിലും ഇടയ്ക്ക പാടാൻ മടിയില്ല.പക്ഷെ മനസ്സ് പറയണം.അല്ലാഞ്ഞാൽ ഇടഞ്ഞ ആനയെപ്പോലെ. 'തമ്പ് ' എന്ന സിനിമയിൽ ആലിന്റെ ചുവട്ടിൽ ഇരുന്ന് 'എന്താ ഉണ്ണീ, ഇടയ്ക്ക പഠിക്കണമോ 'എന്ന് ചോദിച്ച് ഇടയ്ക്ക കൊട്ടുന്ന ഞരളത്തിനെ അഭ്രപാളിയിലും ഞങ്ങളുടെ മനസ്സിലും കൊണ്ടുവന്നത് അരവിന്ദൻ എന്ന സിനിമാക്കാരനാണ്‌.എന്നാലപ്പോഴെയ്ക്കും തന്നെ വള്ളുവനാട്ടിൽ, അമ്മയുടെ തട്ടകത്ത് കലയുടെ പല കൈവഴികളും കടന്നു ഞരളത്ത് സ്ഥിരപ്രതിഷ്ഠ നേടി.


കോട്ടയ്ക്കലെ പി.എസ്.വി.നാട്യസംഘത്തിൽ പ്രവർത്തിക്കാൻ ഞരളത്തിന് അവസരം കിട്ടി.കുറച്ചുകാലം കലാമണ്‍ഡലതിൽ ചൊല്ലിയാട്ടക്കളരിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും അതുമായി ബന്ധപ്പെട്ട് കലാരംഗത്ത് കൂട്ടായ്മ ഉണ്ടാക്കാൻ കഴിഞ്ഞതും മറ്റൊരു സുകൃതം. കലാമണ്ഡലത്തിൽ  വള്ളത്തോളിന്റെ പ്രത്യേക ഉപദേശം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.കഥകളിയിൽ ഇടയ്ക്ക വായിക്കുന്നതിന്റെ തികവ് അനുഭവപ്പെട്ടത് കലാമണ്ഡലത്തിൽ വച്ചാണ്.

അക്കാലത്ത് ഷൊർണൂർ ടെലെഫോണ്‍ എക്സ്ചെഞ്ചിൽ ജോലി ചെയ്തിരുന്ന ഞരളത്ത് രാമപ്പൊതുവാളിന്റെ അയൽവാസി അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരം: 'ചന്ദ്രാ ...ലക്ഷ്മിയോട് ഒരൂട്ടം പറയണം....' ഏതാണ്ടൊരു ഭ്രാന്തനെപ്പോലെ ചപ്രചിപ്ര മുടിയും പാറിപ്പറപ്പിച്ച് ഒരു കാറ്റുപോലെ എക്സ്ചെഞ്ചിലെക്കു കടന്നുവന്ന കലാകാരനെ കൂടെ ജോലി ചെയ്തിരുന്നവർക്കു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഏതാണീ കിറുക്കൻ എന്ന് ചോദിക്കാൻ അവർ ധൈര്യപ്പെട്ടത്‌.


ഞരളത്തിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പ്രധാനവ്യക്തികളിൽ ഒരാളാണ് തിരുമാന്ധാം കുന്നിലെ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പന്തലക്കോടത്ത് ശങ്കരൻ നമ്പൂതിരി. ഒരർത്ഥത്തിൽ രാമപ്പൊതുവാളിന് പുനർജ്ജന്മം നൽകിയത് അദ്ദേഹമാണ്.ബുദ്ധിഭ്രമം വന്ന് മാനസികനില ആകെ തകർന്ന നിലയിൽ രാമപ്പൊതുവാളിനെ നമ്പൂതിരിയുടെ മുമ്പിൽ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അമ്മ ജാനകി പൊതുവാളസ്യാർ ആയിരുന്നു.തിരുമാന്ധംകുന്നിലമ്മയുടെയും ധന്വന്തര മൂർത്തിയുടെയും ഉപാസകനായ ശങ്കരൻ നമ്പൂതിരിയുടെ നിരന്തര ചികിത്സയും പ്രാർത്ഥനയും അദ്ദേഹത്തെ കുറേ കാലത്തേയ്ക്ക് രോഗവിമുക്തനാക്കി. ചികിത്സയുടെ ഭാഗമായി രാമപ്പൊതുവാളിനെ തന്റെ ഇല്ലത്തെ ആശ്രിതയും ക്ഷേത്രത്തിലെ ഗോവിന്ദൻ കോമരത്തിന്റെ മകളുമായ ലക്ഷ്മിയെക്കൊണ്ട് വിവാഹം കഴിച്ചുകൊടുക്കാൻ നമ്പൂതിരി മടിച്ചില്ല.ഞരളത്തിന്റെ ശീലവും പ്രകൃതവും നിശ്ചയമുണ്ടായിരുന്ന ലക്ഷ്മിക്ക് അദ്ദേഹത്തെ വരിക്കുന്നതിൽ വൈമനസ്യമുണ്ടായിരുന്നില്ല.അങ്ങനെ 41-)മത്തെ വയസ്സിൽ ഞരളത്ത് വിവാഹിതനായി.വിവാഹച്ചെലവെല്ലാം നമ്പൂതിരി തന്നെ നടത്തി. ഞരളത്തിന്റെ മാനസികനില വീണ്ടെടുക്കാൻ ഈ വിവാഹം സഹായിച്ചു.

വള്ളുവനാടിന്റെ കലാകാരനായിരുന്ന ഞരളത്തിനെ തിരുവിതാംകൂറിലെക്കും പിന്നീട് ഭാരതമാകെയും പരിചയപ്പെടുത്തിയത് കാവാലം നാരായണപ്പണിക്കരും അരവിന്ദനുമാണ്.തമ്പിലെ     'സോപാനസന്ധ്യാനടയിൽ' എന്ന നാവാമുകുന്ദ കീർത്തനം ഏറെ ഹൃദ്യമായി.60-)൦ വയസ്സിൽ കാവാലത്തിന്റെ തിരുവരങ്ങ് നാടകസംഘത്തിൽ ഞരളത്ത് പ്രവർത്തിച്ചു. ആകാശവാണിയിൽ ആദ്യം കഥകളിപ്പദവും പിന്നീട് അഷ്ടപദിയും പാടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.ജയദേവ കൃതിയാണ് അഷ്ടപദി എന്ന നിലയിൽ പാടിപ്പോന്നിരുന്നത്. എന്നാൽ ഞരളത്ത് പൂന്താനത്തിന്റെ ഘനസംഘവും ഒളപ്പമണ്ണ, വള്ളത്തോൾ,കുഞ്ഞിരാമൻ നായർ  തുടങ്ങിയ കവികളുടെ കവിതകളും വരെ ഇടയ്ക്കയുടെ താളത്തിൽ സംഗീതാവിഷ്കരിച്ചു. സോപാനസംഗീതത്തെ ക്ഷേത്രമതിൽക്കെട്ടുകളുടെ   പുറത്തുകൊണ്ടുവരുവാനും അതിനെ ജനകീയമായി ആവിഷ്കരിക്കാനും ഉള്ള ധൈര്യവും ഗുരുപുണ്യവും ഞരളത്തിന് ലഭിച്ചു.

നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.കേരള സംഗീത നാടക അക്കാദമി അവാർഡ് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് കലാമണ്ഡലം കീർത്തിശംഖു് അവാർഡ് ഗുരുവായൂരപ്പൻ പുരസ്കാരം മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് അവാർഡ്  അങ്ങനെയെത്രയെത്ര.
സോപനസംഗീതത്തിന്റെ കുലപതിയായിവിരാജിക്കുമ്പൊഴും ഞരളത്തിന് ഭാവ വ്യത്യാസങ്ങളില്ല.ആ എളിമ,ആ തെളിമ -ഞരളത്തിന് സ്വന്തം.ഒരിക്കൽ തിരുമാന്ധാംകുന്ന് ദേവസ്വം 'ഘനസംഘം ' സി .ഡി.  യിലാക്കുന്നതിന് ഒരു സംരംഭം തുടങ്ങി.പലരുടെയും കൈപ്പാടുകൾ പെട്ട, പകർത്തിഎഴുതിയെഴുതി മൂർച്ചയും കെട്ട് ചോർച്ചയും വന്ന കയ്യെഴുത്ത് പ്രതി, ഒന്ന് സംശോധിച്ചു ആവിഷ്കരിക്കാം എന്നു തീരുമാനിച്ചു. അതിനുപറ്റിയ ആൾ ഘനസംഘം പാടുമ്പോൾ അതെഴുതിയ പൂന്താനമായി മാറുന്ന ഞരളത്തല്ലാതെ മറ്റാരുമില്ലെന്ന് അന്നത്തെ ദേവസ്വം ഭരണാധികാരികൾക്ക് തോന്നി.ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതീവ സന്തുഷ്ടനാവുക മാത്രമല്ല അനേകരോട് അതു പറഞ്ഞ് അഭിമാനം കൊള്ളുക കൂടി ചെയ്തു അദ്ദേഹം.

ഞരളത്ത് പാടാൻ ജനിച്ച കലാകാരനാണെന്നാണ് കവി ഓ.എൻ.വി .കുറുപ്പ് പറയുന്നത്.അഷ്ടപദിയിൽ ബംഗാളി കവിയായ ജയദേവന്റെ 'ഗീതാഗോവിന്ദ'ത്തിലെ വരികളാണല്ലോ ആലപിക്കുനത്.കേരളത്തിലെ പമ്പാ നദിയുടെ കരയിലുള്ള ആറന്മുളയിലിരുന്ന് പൊതുവാൾ പാടുമ്പോൾ ബംഗാളിലെ അജോയ് നദീതീരത്തെ കെന്ദുളിയിരുന്ന് ജയദേവൻ  പാടുകയാണെന്ന് തോന്നും എന്ന് ഓ.എൻ.വി.ചിന്തിക്കുന്നു.അദ്ദേഹത്തിനെ 'സ്മൃതിതാളങ്ങൾ 'എന്ന  കവിതയിൽ 'അർദ്ധനിമീലിതനേത്രനായ് ...വൃദ്ധ ഗായകാ നീ പ്രപഞ്ചം വിസ്മരിക്കുന്നു' എന്ന  വരികൾ ഈ ചിന്തയിൽ നിന്നാണ് ഉറവം കൊണ്ടത്‌.

ഒരിക്കൽ തിരുമാന്ധാംകുന്നു ദേവസ്വം ഞരളത്തിനെ ആദരിക്കാൻ ഒരു ചടങ്ങ് സംഘടിപ്പിച്ചു. താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഒരു പ്രൌഡ സ്വീകരണം.ക്ഷണിക്കപ്പെട്ട അതിഥിയായ ഞരളത്ത് നേരത്തെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.യോഗസമയമായപ്പോൾ വേദിയിലേക്ക് ആനയിക്കാനായി സംഘാടകർ അദ്ദേഹത്തെ തെരഞ്ഞു നടന്നു.ഒടുവിൽ പഞ്ചവാദ്യക്കരുടെയിടയിൽ   ഇടയ്ക്ക കൊട്ടി നിൽക്കുന്ന ഞരളത്തിനെയാണ് അവർക്ക് കാണാൻ കഴിഞ്ഞത്.താൻ പോലുമറിയാതെ അദ്ദേഹം നാദബ്രഹ്മത്തിൽ ലയിക്കുകയാണ്.ചടങ്ങിന്റെ ഗൗരവമൊ ഔചിത്യമോ ഒന്നും അദ്ദേഹം അറിയുന്നില്ല.അറിയുന്നത് ഒരു തരം നിർവൃതി. ആത്മനിർവൃതി.ഷട്കാലഗോവിന്ദമാരാരെപ്പോലെ, കവി കുഞ്ഞിരാമൻ നായരെപ്പോലെ, ആ നിർവൃതി അദ്ദേഹം ആവോളം നുകർന്നു.




കവി ഒളപ്പമണ്ണയുമായും അദ്ദേഹത്തിന്റെ മനയുമായും ഞരളത്ത് വളരെ അടുപ്പത്തിലായിരുന്നു.ഒളപ്പമണ്ണ നിർദ്ദേശിച്ചാൽ ഞരളത്ത് ഏതു പരിപാടിയും ഏൽക്കും. പെരിന്തൽമണ്ണയിലെ പ്രതിമ അനാവരണം ഇതിനുദാഹരണം. പെരിന്തൽമണ്ണയിലെ ഒരു പ്രമുഖ ഹോട്ടലിനു മുന്നിൽ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഒരു സ്ത്രീയുടെ നഗ്ന പ്രതിമയുണ്ട്. ഹോട്ടൽ ഉടമ ഒളപ്പമണ്ണയ്ക്കു വേണ്ടപ്പെട്ട ഒരാൾ. ആയതിനാൽ പ്രതിമ അനാവരണം ചെയ്യാനുള്ള നിയോഗവും ഒളപ്പമണ്ണയ്ക്കു  തന്നെ. എന്നാൽ നഗ്നപ്രതിമ സ്ഥാപിക്കുന്നതിനെതിരെ നഗരത്തില വിവിധ സംഘടനകളുടെ വക പ്രതിഷേധ പ്രകടനം.ഹോട്ടലുടമയും കവിയും ശിൽപ്പിയും വിഷമത്തിലായി.ഒടുവിൽ ഒളപ്പമണ്ണ യുടെ കവിബുദ്ധിയിൽ ഒരു ആശയമുദിച്ചു. ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയിൽ ഭഗവതിയുടെ അംഗപ്രത്യംഗം വർണിക്കുന്ന ഒരു ശ്ലോകമുണ്ട്.അതിനു കുമാരനാശാന്റെ തർജമയുമുണ്ട്. അത് പ്രതിമയ്ക്കുതാഴെ കൊത്തിവയ്പ്പിച്ചു.ശിൽപ്പി തന്നെ ഒരു കൽവിളക്ക്‌ കൊത്തിയുണ്ടാക്കി അതിൽ തിരിയിട്ടു കത്തിച്ച് ഉദ്ഘാടനം ചെയ്യാമെന്ന് തീരുമാനിച്ചു. ഒളപ്പമണ്ണയുടെ നിർദ്ദേശപ്രകാരം ഞരളത്ത് ഘനസംഘം പാടി രംഗത്തിന് മറ്റൊരു പരിവേഷം കൊടുത്തു.ക്രമേണ പ്രതിഷേധം കെട്ടടങ്ങി.

കേരളത്തിലെ ഒട്ടുമിക്ക അറിയപ്പെടുന്ന കലാകാരന്മാരുമായും ഞരളത്തിന് സ്നേഹപൂർണ്ണമായ മമതാബന്ധം ഉണ്ടായിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ ഇഷ്ടപ്പെട്ടാൽ അവരുമായി ഉൾച്ചേരുന്ന വള്ളുവനാടൻ മനസ്സ് ഞരളത്തിനെ എല്ലവരിലുമെത്തിച്ചു.കടമ്മനിട്ട,എം.ടി.,നെടുമുടി വേണു,ആർട്ടിസ്റ്റ് നമ്പൂതിരി,ജോണ്‍ ഏബ്രഹാം തുടങ്ങി ഒട്ടേറെ പ്രതിഭാധനർ ഞരളത്തിനെ  അറിഞ്ഞാദരിച്ചു.എല്ലാവർക്കു വേണ്ടിയും അദ്ദേഹം ഇടയ്ക്ക കൊട്ടിപ്പാടും.തികഞ്ഞ സംതൃപ്തിയോടെ. നിറഞ്ഞ നിർവൃതിയോടെ .





ഞരളത്ത് ജീവിതത്തിലാദ്യമായി ആശുപത്രിയിൽ  കിടന്നത് ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.ബോധാബോധങ്ങുളുടെ ഇടയിൽ വേദനയുടെ മൂർദ്ധന്യത്തിൽ അദ്ദേഹം പാടും. രാത്രിയെന്നില്ല, പകലെന്നില്ല.ആദ്യമൊക്കെ നഴ്സുമാർ വഴക്കു  പറഞ്ഞു. അവസാനം ഡോക്ടർ പറഞ്ഞു, 'പാടട്ടെ....മനസ്സ് നിറയെ പാടട്ടെ..തൃപ്തി വരും വരെ പാടട്ടെ..'

ഞരളത്തിന്റെ മനസ്സിൽ സംഗീതം മാത്രമായിരുന്നു.എവിടെയും ദെവീചൈതന്യം മാത്രമാണദ്ദേഹം കണ്ടത്.ആ പരംപൊരുൾ പ്രകാശം അദ്ദേഹത്തെ കൈ പിടിച്ചുനടത്തി. അതെ, ശ്രീപെരുംപുത്തൂർ എന്ന സ്ഥലത്ത് രാജീവ് ഗാന്ധി വധിക്കപ്പെട്ട ദിവസം ചെമ്പൈ ഗുരുനാഥന്റെ മകളെ സന്ദർശിച്ച ശേഷം വഴി തെറ്റി ഞരളത്ത് വന്നു പെട്ടു .ഒരു വാഹനം ചീറിപ്പാഞ്ഞു തന്റെ നേർക്ക് വന്നതു മാത്രം അദ്ദേഹം ഓർക്കുന്നു.പെട്ടെന്ന് ഒരു സ്ത്രീ അദ്ദേഹത്തെ കൈപ്പിടിച്ച്‌ വലിച്ചു. മറുതോളിൽ കിടന്ന ഇടയ്ക്ക തട്ടിത്തെറിപ്പിച്ചു വാഹനം കടന്നുപോയി.തന്നെ രക്ഷിച്ചത്‌ തിരുമാന്ധാം കുന്നിലമ്മയാണെന്ന് ഞരളത്ത് വിശ്വസിച്ചു. അതുപോലെ തന്നെ തന്റെ വീട്ടിൽ അഗ്നിബാധ ഉണ്ടായ സന്ദർഭത്തിലും അമ്മ തന്നെ തുണച്ചുവെന്ന് ഞരളത്ത്  വിശ്വസിച്ചു.


1996 ആഗസ്റ്റ്‌ 13-)൦  തിയ്യതി 80-)൦ വയസ്സിൽ ചരമഗതിയടയുമ്പോൾ പത്തോളം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.കൂടാതെ ജനങ്ങൾ നെഞ്ചിലേറ്റിയ ആ താളപ്പെരുമ, ആ നാദഗ്ഗരിമ, തലമുറയിലൂടെ അത് നില നില്ക്കും. അതിന്റെ പുതുനാമ്പാണ് കേരളത്തിലെ അരങ്ങുകളിൽ ശ്രദ്ധേയനായ, സുപരിചിതനായ അദ്ദേഹത്തിന്റെ മകൻ ഹരിഗോവിന്ദൻ.