Wednesday, 31 December 2025

രാത്രി ജാലകങ്ങൾക്കപ്പുറം

രാത്രി ജാലകങ്ങൾക്കപ്പുറം



ദുഃഖബാഷ്പാകുലങ്ങളാം നേത്രങ്ങൾ

മെല്ലെ ചിമ്മിത്തുറക്കുന്നു താരകം

കാന്തനെപ്പിരിഞ്ഞേകാന്ത രാത്രിയിൽ

കൺകലങ്ങിയിരുന്ന പോൽ പെൺകൊടി


വാനിലെങ്ങും പടരും മുകിൽ ചാർത്തിൻ

കാളിമ നിഴൽ രൂപം വരയ്ക്കുമ്പോൾ

ഓടിയെത്തുന്നൊടിയൻ്റെ മായകൾ

കാട്ടുപോത്തായ് ഹരിണി കരികളായ്

നാട്ടുമാരണപ്പേക്കൂത്തു കാണുവാൻ

രാത്രി ജാലികൾക്കപ്പുറം നോക്കിയാൾ


രണ്ടു കാലിൽ നൊടിയിടെ പായുന്നോർ 

നാലു കാലിൽ കുതിക്കുന്നു വന്യമായ്

ചോരയിറ്റും കുളമ്പുകൾ മിന്നലായ്

കാറ്റിൻ വേഗം കലർന്നു മറഞ്ഞുപോയ്

ശോണരേഖകൾ കാൺമതില്ലെങ്ങുമേ

ശ്യാമം വർണ്ണം പടർന്നുപോയ് ചുറ്റിലും


Tuesday, 30 December 2025

പ്രണയത്തിൻ്റെ തരളതീരങ്ങൾ

അവതാരിക


പോർട്ടോ ഫിനോ (ക്രാവല്ലൂർ മുരളീധരൻ)

ഒരു യാത്രാവിവരണം നോവലിലേയ്ക്കു സംക്രമിക്കുന്ന മനോഹരമായ വാങ്മയദൃശ്യമാണ് കാവല്ലൂർ മുരളീധരൻ്റെ പോർട്ടോഫിനോ അനാവരണം ചെയ്യുന്നത്. . കാവ്യാരാമത്തിലെ സല്ലാപസുഖം പോലെ, അനുഭവങ്ങൾക്കും അനുഭൂതികൾക്കും ഇടയിലൂടെ കൈപിടിച്ചു നടക്കുന്ന പോലെ ഒരു തോന്നൽ. ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാനായി വിദേശിയായ സഹപ്രവർത്തകയ്ക്കൊപ്പം അവരുടെ നാട്ടിലേയ്ക്കുള്ള യാത്രയും മസൃണ അനുഭവങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. നായികാനായകന്മാർക്കൊപ്പം അനുവാചകരെയും കൂടെ നടത്തുന്ന തരത്തിൽ യാത്രയിലെ കാഴ്ചകളും വിവരണങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. 

'ജീവിക്കുക എന്നതുതന്നെ ഒരു വലിയ ജോലിയാണ്' 
എന്ന ആമുഖത്തോടെയാണ് നോവൽ ആരംഭം. ജോലിയുടെ നൈരന്തര്യവും മടുപ്പും വിരസതയുമെല്ലാം ആ ഒരു വരിയിൽ സമഞ്ജസിപ്പിച്ചിരിക്കുന്നു. മനസ്സിൻ്റെ മടുപ്പിൽ നിന്നും ശരീരത്തിൻ്റെ നിരുന്മേഷത്തിൽ നിന്നും മോചനം തേടാൻ ഉദ്ദേശിച്ച കഥാനായകൻ സ്വരാജ്യത്തെ പുണ്യസ്ഥലങ്ങൾ തേടുമ്പോൾ, തൻ്റെ തന്നെ വിദേശി സഹപ്രവർത്തക അയാളെ അവളുടെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നതോടെയാണ് കഥാരംഭം.
ഒരു വിദേശിക്ക് നമ്മുടെ നാടിനോടുള്ള കാഴ്ചപ്പാട് ഇസബെല്ലയുടെ വാക്കുകളിലൂടെ പുറത്തു വരുന്നു; 
" നിങ്ങൾ നിങ്ങളുടെ സംസ്ക്കാരങ്ങളിൽ മുങ്ങിത്താഴ്ന്ന് അപ്രത്യക്ഷരായി ജീവിതത്തിൽ നിന്ന് മുക്തിനേടാൻ ആഗ്രഹിക്കുന്നവരാണല്ലോ " 
അവൾ പറഞ്ഞു..
ഇസബെല്ല എന്ന അവളുടെ പേരിൻ്റെ അർത്ഥം തന്നെ ' ജീവിതം ദൈവത്തിന് സമർപ്പിച്ചവൾ ' എന്നാണ് എന്ന് കഥാകാരൻ പറയുന്നു.. ഇസബെല്ലയെ സംബന്ധിച്ചിടത്തോളം മുക്തിയുടെ അർത്ഥതലം മറ്റൊരു തരത്തിലാകാം.

അതുപോലെ സ്വന്തം നാടിനെപ്പറ്റിപ്പറയുമ്പോഴുമുണ്ട് താരതമ്യ നിരീക്ഷണം.
 " നിൻ്റെ നാട്ടിലെ പോലെ വലിയ തിരകൾ കുറവാണ് " 
എന്നു പറയുമ്പോൾ, കടലിലെ തിരകളെ കുറിച്ചാണ് പരാമർശമെങ്കിലും അതിൽ സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങൾ കണ്ടെടുക്കാൻ കഴിയും. 

രണ്ടാം അദ്ധ്യായത്തിൽ അപകർഷതാചിന്തയുമായി ഏകാന്ത ലോകത്ത് കഴിയുന്ന കഥാനായകനെ സാരസവാക്യങ്ങളാൽ പ്രചോദിപ്പിച്ച് ശൂന്യതയിൽ നിന്ന് ജീവിതത്തിലേയ്ക്ക് ആനയിക്കുകയാണ് ബെല്ല . മനുഷ്യന് ഒറ്റയ്ക്ക് നിലനിൽക്കാനാകില്ലയെന്ന് പറയുന്ന അവൾ ജീവിതം കൂടുതൽ മുറിവുകളുണ്ടാക്കി കനത്ത വേദനകൾ ആസ്വദിക്കാനുള്ളതല്ലയെന്നും മുറിവുകൾ തുന്നി ഉണക്കി ജീവിതത്തെ നേരിടാനുള്ളതാണെന്നും ഉദ്ബോധിപ്പിക്കുന്നു.

തുടർന്നങ്ങോട്ടുള്ള കഥ, ഒരു യാത്രാനുഭവക്കുറിപ്പു പോലെയെങ്കിലും മിഴിവും ചാരുതയും പ്രണയവും ചാലിച്ച് ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമാക്കിയിരിക്കുകയാണ് ശ്രീ. കാവല്ലൂർ മുരളീധരൻ. 

കാല്പനിക പക്ഷത്തുണ്ടായിരുന്ന തത്വചിന്തകരുടെ കാഴ്ച്ചപ്പാടിൽ 
ഉദാത്തതയ്ക്ക് ഉറവിടമായ തത്വങ്ങൾ പലതുണ്ട്. അതെല്ലാം പ്രാവീണ്യം എന്ന മൗലികമായ സിദ്ധിയെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിൽ പ്രധാനം ഉൽകൃഷ്ടമായ വിചാരമാണ്. രണ്ടാമത്തേത് ഊർജ്ജസ്വലവും ചൈതന്യവത്തുമായ വികാരാവിഷ്ക്കരണമാണ്. ഇവ രണ്ടും സഹജമായ സിദ്ധികളെ ആശ്രയിച്ചാണിരിക്കുന്നത്. കലാസങ്കേതങ്ങളുടെ സഹായത്താൽ നിഷ്പന്നമാവുന്ന ഉപാധികൾ വേറെയുമുണ്ട്.
കല്പനയുടെ പ്രയോഗത്തിലുള്ള കൗശലം അതിലൊന്നാണ്. . അന്തസ്സുറ്റ പ്രകാശനം വേറൊന്നാണ് . രചനാ സംവിധാനത്തിൻ്റെ ഗാംഭീര്യവും ഔന്നത്യവുമാണ് അഞ്ചാമത്തേത്.

ഉദാരതയും ഉൽക്കർഷവാഞ്ഛയുമുള്ള ആത്മാവിൽ നിന്നു മാത്രമേ യഥാർത്ഥ വാഗ്മിത സംജാതമാകുകയുള്ളൂ. ഗാംഭീര്യമുള്ള ചിന്തകൾ ഉള്ളവരുടെ വചനങ്ങൾ ഉദാത്തതാനിർഭരമായിത്തീരുന്നു. അതുപോലെ ഭവ്യമായ വചനങ്ങൾ മനസ്വികളുടെ വിശേഷമായ സിദ്ധിയാകുന്നു.

ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പർക്കത്താൽ മലയാളത്തിനു ലഭിച്ച സാഹിത്യ ശാഖയാണ് നോവൽ. സംസ്കൃതത്തിലെ കാദംബരി പോലുള്ള നീണ്ട കൽപ്പിത കഥകൾ മലയാളിക്കു പരിചിതമായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ നോവല്ലകൾ വായിച്ച് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ നോവലുകൾ രചിക്കപ്പെട്ടത്.

എ ഡി.നാലാം നൂറ്റാണ്ടിനടുപ്പിച്ച് ഗ്രീക്കു ഭാഷയിലെഴുതിയ ഡാഫനിസും ഖ്ളോയും (Daphnis and Chloe), ലാറ്റിനിൽ എഴുതപ്പെട്ട ഗോൾഡൻ ആസ്സ് (Golden Ass) എന്നീ കഥകളിൽ നോവൽ പ്രസ്ഥാനത്തിൻ്റെ സ്ഫുരണങ്ങൾ കണ്ടിരുന്നതായി സാഹിത്യ നിരൂപകർ പറയുന്നു. റിയലിസം, നാച്ചുറലിസം, ഇമ്പ്രഷണിസം ഏറ്റവും ഒടുവിൽ ബോധധാരയും (Stream of consciousness) രചനാ മാധ്യമമാണ്. പാശ്ചാത്യസാഹിത്യത്തിൽ വെർജിനിയ വുൾഫും വില്യം ഫോക്നറും(1897-1962) ജെയിംസ് ജോയ്സും (1882-1941) അവിഷ്ക്കരിച്ച സമ്പ്രദായങ്ങൾ ഭാരതീയ സാഹിത്യകാരന്മാർ വിജയകരമായി പരീക്ഷിച്ചതായി ശ്രീ.ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി നിരീക്ഷിച്ചിട്ടുണ്ട്.

നാടകാദി ഗദ്യരചനാ രൂപങ്ങൾ മലയാളത്തിലേയ്ക്ക് കടന്നുവന്നതിൽ നാം ഇംഗ്ലീഷ് സാഹിത്യത്തോടു കടപ്പെട്ടിരിക്കുന്നു. ഗദ്യസാഹിത്യത്തിലെ സുപ്രധാന വിഭാഗമായ നോവൽസാഹിത്യം പാശ്ചാത്യരിൽ നിന്ന് ആദ്യം അനുകരിച്ചത് ബംഗാളികളാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇത് ചുവടുറപ്പിക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.

ആധുനിക മലയാള സാഹിത്യത്തിൻ്റെ പുരോഗതിയിൽ സംസ്കൃത പരിഭാഷയേക്കാൾ കൂടുതൽ സഹായിച്ചത് ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷകളാണ്. അതു തന്നെ നേരിട്ട് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്കും അതു കൂടാതെ ഇതര യൂറോപ്യൻ സാഹിത്യങ്ങളിൽ നിന്ന് ആദ്യം ഇംഗ്ലീഷിലേയ്ക്കും അവിടെ നിന്ന് മലയാളത്തിലേയ്ക്കും എന്ന തരത്തിലായിരുന്നു. ഒരു ഡച്ച് നോവലിൻ്റെ ഇംഗ്ലീഷിലേയ്ക്കുള്ള പരിഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്താണ് വലിയകോയിത്തമ്പുരാൻ 'അക്ബർ' എന്ന നോവൽ എഴുതിയത്. മലയാളത്തിലെ ആദ്യത്തെ നോവൽ തർജ്ജമ ആയിരുന്നു അത്. ഗോൾഡ്സ്മിത്തിൻ്റെ 'വികാർ ഓഫ് വേക്ഫീൽഡ്', മിസ്സസ് ഹെൻറി വുഡിൻ്റെ 'ഈസ്റ്റുലിൻ' തുടങ്ങിയവ ഇത്തരത്തിൽ തർജ്ജമ ചെയ്യപ്പെട്ടവയാണ്.

യാത്രകളിൽ കണ്ടതും അനുഭവിച്ചതും സരസമായി പ്രതിപാദിക്കുന്നതാണ് സഞ്ചാര സാഹിത്യം. ഉണ്ണുനീലി സന്ദേശം മുതൽ എസ്.കെ.പൊറ്റക്കാടുവരെയും തുടർന്നങ്ങോട്ടും സഞ്ചാരസാഹിത്യം മുന്നോട്ടു പോയി. ദൃശ്യാനുഭവങ്ങൾ കൂടി ചേർത്ത് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര അവതരിപിക്കുന്ന സഞ്ചാരാനുഭവങ്ങളും സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്.
ഇവിടെ സഞ്ചാരാനുഭവത്തെ പ്രണയകഥയുടെ പശ്ചാത്തലം നൽകി ആവിഷ്ക്കരിച്ചിരിക്കുന്നു.

 ആദ്യത്തെ സാമൂഹ്യാഖ്യായികയായ ഇന്ദുലേഖ ഒരു പ്രണയം പ്രതിപാദിച്ചിരുന്നു.
പ്രണയകഥ പറയുന്നതിനൊപ്പം തന്നെ അക്കാലത്തെ മരുമക്കത്തായസമ്പ്രദായത്തിലെ ആചാര വൈകൃതങ്ങളെ തുറന്നുകാട്ടുക കൂടി ചെയ്തു. ഇന്ദുലേഖയിലും നായകനായ മാധവൻ്റെ ദേശസഞ്ചാര അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.

ഇൻഡ്യൻ നഗരത്തിൽ നിന്നും ഇറ്റലിയിലെ ഫിയാമിസിനോ വരെയുള്ള വിമാനയാത്ര ഒരു യാത്രാനുഭവക്കുറിപ്പിലെന്നപോലെ മനോഹരമായാണ് കാവല്ലൂരിൻ്റെ നോവലിൽ വരച്ചു കാട്ടിയിട്ടുള്ളത്.
ഒപ്പം പ്രണയാതുരമായ മനസ്സുകളുടെ തുടിപ്പുകളും കിതപ്പുകളും അനുഭവവേദ്യമാക്കുന്നു. 
ഒരു നോവലിൻ്റെ പാരമ്പര്യവഴികളിലൂടെയല്ല നോവലിസ്റ്റ് നമ്മളെ കൊണ്ടു പോകുന്നത്. മറിച്ച് ഒരു യാത്രാനുഭവത്തെ പ്രണയതരമായി മുന്നോട്ടു നടത്തുകയാണ്.

ഫിയാ മിസിഫിയാമിസിനോയിൽ നിന്ന് ജെനോവയിലേയ്ക്കുള്ള വിമാനയാത്ര', തുടർന്ന് ജനോവ സെസ്റ്റ്രി പോണൻ്റെ റെയിൽവേസ്റ്റേഷനിലേയ്ക്ക് കരമാർഗ്ഗമുള്ള യാത്ര. അവിടെ നിന്ന് സാൻ്റാ മാർഗരിറ്റ ലിഗർ എന്ന തുറമുഖനഗരത്തിലേയ്ക്ക് തീവണ്ടിയിൽ . റെയിൽവേ സ്റ്റേഷനിൽ നിന്ന് റാപ്പല്ലോ ഫെറി പോർട്ടിലേയ്ക്ക് വീണ്ടും കരമാർഗ്ഗം.. അവിടെ നിന്ന പോർട്ടോ ഫിനയിലേയ്ക്ക് കടൽ യാത്ര. അവിടെയാണ് ഇസബെല്ലയുടെ വീട്'. 

കഥയിലത്രയും കഥാനായകൻ മൗനത്തിൻ്റെ വല്മീകത്തിൽ ധ്യാനാത്മകമായ നിശബ്ദതയോടെ അതിവർത്തിക്കുകയാണ്. ഒരുപക്ഷേ അതു തന്നെയായിരിക്കാം അയാളുടെ സ്ഥായീഭാവം. കഥയെ മുന്നോട്ടു നടത്തുന്നത് അയാളുടെ സഹപ്രവർത്തകയായ ഇറ്റലിക്കാരി ഇസബെല്ലയാണ്. അയാളുടെ ധ്യാനാത്മകമായ മൗനത്തിൽ ഒളിഞ്ഞിരിക്കുന്ന ഹൃദയമർമ്മരങ്ങൾക്ക് വാഗ്രൂപം നൽകുന്നത് അവളാണ്. ഒരു പക്ഷേ അവൾക്ക് നഷ്ടപ്പെട്ടുപോയവനെ അയാളിൽ തിരയുകയാവാം. ജീവിതത്തിലെ തിരയിളക്കത്തിൽ തനിക്ക് നഷ്ടപ്പെട്ടു പോയ നിർവൃതിദായകമായ മുഹൂർത്തങ്ങളെ അവൾ സൃഷ്ടിച്ചെടുക്കുകയാവാം. വിമാനത്തിൽ പ്രീമിയം ക്ലാസ് ടിക്കറ്റ് എടുത്ത് സ്വകാര്യമായ ലോകം സൃഷ്ടിച്ചെടുത്തത്, പ്രണയത്തിൻ്റെ ലോലഭാവം കൊണ്ട് അയാളെ തരളിത ഹൃദയനാക്കിയത്, തൻ്റെ ഏകാന്തഭവനത്തിലേയ്ക്ക് അയാളെ കൂട്ടിക്കൊണ്ടു പോയത്. ഒടുവിൽ തൻ്റെ പ്രണയം അയാളെ അറിയിച്ച് പ്രത്യാശാപൂർവ്വം മടങ്ങിവരവിനായി കാത്തിരിക്കുന്നത് ; എല്ലാം അയാളിൽ ഒരു നല്ല സുഹൃത്തിനെ കണ്ടുകൊണ്ടാണ്. അഞ്ചു വർഷം കൊണ്ട് താൻ കണ്ടെത്തിയ സുഹൃത്തിനെ ദേശത്തിൻ്റെ ഭാഷയുടെയും അന്തരമുണ്ടെങ്കിലും അവൾ ഹൃദയത്തിൽ സ്വീകരിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈജാത്യമുണ്ടെങ്കിലും മനസ്സിൽ പ്രതിഷ്ഠിച്ചു. സംസ്ക്കാരത്തിൻ്റേയും സമരസപ്പെടലിൻ്റേയും കടമ്പകൾ ഉണ്ടെങ്കിലും കൂടെനിർത്താൻ കൊതിച്ചു. ഉൽക്കടമായ അഭിനിവേശത്തിലും കാതരമായ മനസ്സുകളുടെ ആമന്ത്രണത്തിലും കടലിലും കരയിലും ആകാശത്തിലും അവരുടെ പ്രണയം സുരഭിലദീപ്തമായി. 

അയാൾക്ക് അവൾ സഹപ്രവർത്തകയായ സുഹൃത്ത് മാത്രമാണ്. എന്നാൽ അവൾ അയാളെ തൻ്റെ ലൈഫ് പാർട്ട്ണറായി കണ്ടുകൊണ്ട് തൻ്റെ ഏകാന്ത ഭവനത്തിലേയ്ക്ക് കൊണ്ടുപോകുന്നു. തൻ്റെ മാതാപിതാക്കളും സഹോദരനും പ്രിയപ്പെട്ടവനും ഒരു ദ്വീപിൽ ജന്മദിനാഘോഷത്തിനിടെ കടൽത്തിരകയറി നഷ്ടപ്പെട്ടു. താൻ മാത്രം വിധിബലം കൊണ്ട് രക്ഷപെട്ടതായി അവൾ വെളിപ്പെടുത്തുന്നു. തൻ്റെ ജീവിതകഥയും ഇൻഡ്യയിലെ ജോലി കാലയളവ് അവസാനിച്ചെന്നതും അവൾ വെളിപ്പെടുത്തുന്നത് അയാൾക്ക് ഒറ്റയ്ക്കുള്ള മടക്കടിക്കറ്റ് നൽകിക്കൊണ്ടാണ്. അവർ ജോലി ചെയ്തിരുന്ന കമ്പനിക്ക് താമസംവിനാ ഇറ്റലിയിൽ പുതിയ ആഫീസ് ഉണ്ടാകുമെന്നും അപ്പോൾ അയാൾ തന്നെ തേടി വരണമെന്നും അവൾ ആഗ്രഹിക്കുന്നു. പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നു.

.
പ്രബലമായ ഓരോ പ്രണയവും ഏകാന്തമാണ്. പ്രണയത്തിൻ്റെ നിർവ്വഹണം ഏകാന്തതയുടെ സംക്രമണമാണ്. മൂല്യങ്ങളെ അറിയുന്നത് അകലുമ്പോൾ മാത്രം. അഭാവത്തിൽ അനുഭവത്തിൻ്റെ ജ്വരം പിടിക്കുന്നു. കാളിദാസകൃതികളിൽ മുതൽ നാം കണ്ടുകൊണ്ടിരിക്കുന്ന പ്രണയത്തിൻ്റെ ഭാവതലങ്ങൾ അത്തരത്തിലാണ്. 

കഥ അപ്രധാനമാവുകയും കഥയുടെ ദൃഢബന്ധത അപ്രധാനമാക്കി സങ്കൽപ്പങ്ങളും സ്മരണകളും കൂടി ചേർത്ത് നെയ്തുണ്ടാക്കുന്ന തരത്തിലാണ് കാവല്ലൂരിൻ്റെ കഥാവതരണം.

തികച്ചും ലളിതമായ ഒരു വിചാരം, അപ്രകാശിതമായിരുന്നാൽ പോലും അതിൻ്റെ ഉദാത്തതയുടെ ശക്തി കൊണ്ട് മാത്രം സമാദരണീയമായിത്തീരാറുണ്ട്. അതിൻ്റെ ഉജ്ജ്വലമാതൃകയാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാം.

                                             ശങ്കർ ഉണ്ണി

അങ്ങാടിപ്പുറം
14.12.2025



Wednesday, 24 December 2025

അനന്യമാം മലയാളം

അനന്യമാം മലയാളം



എത്ര ഭാഷകൾ വേറെ പഠിച്ചാലും

എത്ര ചേലിൽ ഭാഷിക്കുമെങ്കിലും

നിസ്തുലം മാതൃഭാഷയെന്നാളിലും

നിസ്ത്രപം മറുത്താരും പറഞ്ഞിടാ


അമ്മയെന്നു വിളിച്ചു കരഞ്ഞ നാൾ

നമ്മിൽ വന്നു നിറഞ്ഞ സാരസ്വതം

എന്നുമെന്നും നമുക്കു തുണയായി

വന്നുചേർന്നിടും നിർണ്ണയമോർക്കുക


കണ്ടു നാമേറെ ഭാഷകൾ വാക്കുകൾ

കണ്ടറിഞ്ഞതിൻ വൈഭവം വൈശിഷ്ട്യം

ഇണ്ടലില്ലാതതിൻ പൊരുൾ നാമെല്ലാം

ഇന്നു ലോകം സമസ്തമെന്നോതുന്നു


എത്ര നക്ഷത്രമുജ്ജ്വലം കാൺമു നാം

മിത്രനാ,നാമമെന്നുമനന്യമായ് 

നിൽപ്പു നമ്മൾക്കു ചാലകശക്തിയായ് 

നന്മാതൃഭാഷ മലയാളമെന്ന പോൽ


Wednesday, 17 December 2025

ചിറകിന്നടിയിലെ കാറ്റിരമ്പങ്ങൾ

മഴയെന്ന സൗന്ദര്യമാസ്വദിക്കാൻ 
മഴയുള്ള നാട്ടിൽ ഞാൻ പോയിരുന്നു
ആകാശപക്ഷി പക്ഷി പറന്നുയർന്നു
ചിറകുള്ള മോഹങ്ങളനുയാത്രയായി

കുന്നിൽ പുറങ്ങൾ നടന്നു കേറി
കാതിൽ മഴ തന്നിരമ്പമാണോ !
മഴമേഘമെങ്ങോ പറന്നു പോയി
മഴനൂൽ ചരടുകളറ്റു പോയി
കുന്നിൻപുറങ്ങൾ ചവിട്ടി ഞാനോ
പാദചാരികൾക്കൊപ്പമൊത്തുപോയി
മരതകക്കുന്നുകൾ മൃൺമയമാം
മേലാട ചാർത്തിയണിഞ്ഞു നിന്നു
മഞ്ഞു മേലാപ്പു പുതച്ചു തെന്നൽ
മന്ദമായ് വീശി കുളിർ പടർത്തി
ഒഴുകി വന്നെത്തുന്ന മേഘജാലം
കരിപൂണ്ടു ദ്യോവിൻ മുഖമിരുണ്ടു
കുളിർ മുത്തുവാരിയെറിഞ്ഞ പോലെ
മഴനീർക്കണങ്ങൾ മുഖത്തു വീണു
മനമിന്നൊരാകാശ പക്ഷിയായി
മാനത്തുയരാൻ കൊതിച്ചു നിന്നു
ചിറകിന്നടിയിലെ കാറ്റിരമ്പം കുതി,-
ച്ചുയരാൻ പറഞ്ഞോ മനസ്സിനോട് !

7.12.25


ഏകാന്തത

ഒറ്റക്കിരിക്കുമ്പോളൊട്ടിപ്പിടിക്കുന്നു നീയെന്ന ഓർമകൾ ഹൃത്തിലാകെ
ഓർക്കാതിരിക്കുവാനെന്തു ചെയ്യാൻ
മനം മുറ്റുമൊഴിഞ്ഞു മറ്റെങ്ങുപോകും
ഏകാന്തതേ നിൻ സുഖദമാം നോവിൻ്റെ ലഹരിയിൽ നിന്നെന്നെ വിടുതൽ ചെയ്യൂ

Tuesday, 9 December 2025

നിദ്ര



സ്വപ്നസഞ്ചാരം നടത്തുന്ന മാനസം
സ്വച്ഛമാം നിദ്ര തൻ തേരിൽ ചരിക്കുന്നു
സ്വപ്നാടകൻ മനം കൂടുവിട്ടെപ്പൊഴോ
സ്വസ്ഥമാം കൂടൊന്നു വേറെ തിരയുന്നു

നിദ്രയ്ക്കു ഭംഗം വരാതെയിരിക്കട്ടെ
നിർദ്ദയം സ്വപ്നത്തെ ഭംഗപ്പെടുത്തിടാ
സ്വപ്നം മനുഷ്യൻ്റെ സങ്കല്പ സൃഷ്ടികൾ
സ്വപ്നം മനസ്സിൻ്റെ വർണ്ണപ്പകർച്ചകൾ

നിദ്ര പിണങ്ങും മനുഷ്യൻ്റെയുൾത്തടം
നിശ്ചയം വിക്ഷോഭ പൂരിതമോർക്കുക
സങ്കല്പനങ്ങൾക്ക് സന്ധിയില്ലാതെയാം 
സാദ്ധ്യായ ചിന്തയ്ക്കു മാർഗ്ഗണം നഷ്ടമാം

എല്ലാം കഴിഞ്ഞു നിതാന്തമാം നിദ്രയ്ക്കു
മെല്ലെ ഒരുങ്ങിയിരിക്കുവാൻ ഓർക്കുക 
കർമ്മമാർഗ്ഗങ്ങളിൽ നിന്നു നിവൃത്തരായ്
കാത്തിരുന്നീടുക ഐഹികനിദ്രയെ

7.12.25 2nd Prize ദലം 210 KSSV



Thursday, 4 December 2025

മരണദൂരങ്ങളിലെ മാലാഖമാർ


വ്യോമം മറയ്ക്കും മഹാസംഗരങ്ങളിൽ
പ്രാണൻ പിടയ്ക്കും പടപ്പാളയങ്ങളിൽ
ജീവൽ മരണ ബലാബലവേദിയിൽ മദ്ധ്യസ്ഥരാണെങ്ങളാതുര സേവകർ

അംഗാരശൈലം പറന്നെത്തിയാശ തൻ
സംഗങ്ങളിൽ തീത്തൈലം പകർന്നതും
മൃത്യുതൻ വക്ത്രത്തിൽ നിന്ന് തിരിച്ചെത്തി
നിത്യവും നോവിൻ കടുകയ്പുമോന്തിയും
എത്ര പേർ സംഗ്രാമഭൂവിൽ കഴിയുന്നു,
മിത്രഭാവത്തിലങ്ങെത്തുന്നു ഞങ്ങളും

സ്വന്തംപിതാവിൻ്റെയന്ത്യശുശ്രൂഷയ്ക്ക്
സന്തതം നിന്നു പരിചരിക്കേണ്ടവർ
ബന്ധം മറന്നു മരണദൂരങ്ങളിൽ
ബന്ധുര മാലാഖമാരായ് മരുവുന്നു
ലോകം നടുക്കുന്ന യുദ്ധഭൂവിന്നതിൽ
സ്നേഹ പ്രഘോഷകർ ആതുരസേവകർ

12.5.2024


Wednesday, 3 December 2025

ഒറ്റയടിപ്പാത


ചവിട്ടടികളേറ്റ് പാത പതം വന്നു
ധാർഷ്ട്യത്തിൽ തലയുയർത്തിയ
പുൽക്കരുത്ത് ഞെരിഞ്ഞമർന്നു
പാദാധിപത്യം സർവ്വാധിപത്യമായി

പാതയോരങ്ങളിൽ നിതാന്തജാഗ്രത
നുഴഞ്ഞുകയറുന്ന പുൽക്കൊടികളെ
നിർദ്ദയം അരിഞ്ഞു മാറ്റുന്ന നൃശംസത
അതിരുകൾ അതിക്രമിക്കപ്പെടരുതല്ലോ!

ഒറ്റയടിപ്പാതകൾ ബഹുജനഹിതത്തിൻ്റെ
നീതിസാരങ്ങൾ ഉൾക്കൊള്ളുന്നവയല്ല
ഓരങ്ങളിലെ പുൽമേടിൽ യന്ത്രക്കൈ
രാജപാതയിൽ പുൽനാമ്പുകളുടെ ഹനനം

ഇന്നിപ്പോൾ ചവിട്ടടികൾ പതിയുന്നില്ല
ചീറിപ്പായുന്നു കവചിത വാഹനങ്ങൾ
രാജാവിൻ്റേയും രായസത്തിൻ്റെയും
പിന്നെ വെടിയുതിർക്കുന്ന അക്ഷൗഹിണി

1. 12.25


മൗനം വാചാലം

മൗനം വാചാലമാകുന്നതറിയുന്നു നീയെന്നരികിത്തു ചേർന്നു നിൽക്കേ
പറയുവാനാവാത്ത മനസ്സിൻ്റെ ഭാഷകൾ മൂകമുണർത്തിടും നിൻ്റെ കൺകൾ

പരിതാപമെല്ലാം പറയാതെ, കണ്ണുനീർ 
കവിളിൽ പടർന്നതറിഞ്ഞിടാതെ
ഒരു നേർത്ത പുഞ്ചിരിപ്പൂവിൻ്റെ നൊമ്പരം ചുണ്ടിൽ പടർത്തുകയായിരുന്നു

നിൻമുഖമാമ്പലപ്പൂവെന്ന പോലവേ വാടുന്നതേതൊരു ചിന്തയാലേ
മൗനദുഃഖം തീർത്ത വല്മീകമിന്നെൻ്റെ
ഹൃത്തിനെ ഖിന്നമായ് തീർത്തിടുന്നു



കഥകളുറങ്ങുന്ന വൃദ്ധസദനങ്ങൾ



കരഞ്ഞേയിരിക്കും കദനങ്ങൾ മെല്ലെ
കറുത്ത മേലാപ്പു വലിച്ചു മൂടി 
മനസ്സിലെന്നും ഉറങ്ങാതിരിക്കും 
മറന്ന സ്വപ്നം തലപൊക്കിടുന്നു
തനിക്കു താനെന്ന നിറഞ്ഞ ബോദ്ധ്യം മനസ്സിലുണ്ടാമതിൻപ്രകാരം
കഥയുറങ്ങുന്ന വൃദ്ധാശ്രമത്തിൽ 
കഴിഞ്ഞു കൂടും മൃതിയെത്തുവോളം

കരംപിടിച്ച് കരകേറ്റിടുമ്പോൾ പറഞ്ഞതെല്ലാം പതിരായ് മറഞ്ഞു
വിധിക്കു തട്ടിക്കളിക്കാനൊരുക്കും
കളിപ്പന്തുപോലായ് മമ ജീവസ്വപ്നം
നടിക്കുന്നു ഞാനും എനിക്കില്ല ദുഃഖം
തനിച്ചല്ല കൂട്ടുണ്ടരുമക്കിടാങ്ങൾ

കൊതിച്ചതെല്ലാം വിധിച്ചതില്ലെന്നുറച്ചു ഞാനും കഴിഞ്ഞു കൂടി
സ്വതന്ത്രചിന്തയ്ക്കരുനിന്ന തെറ്റിൽ മറഞ്ഞു ബന്ധം മറവിക്കയത്തിൽ
മകൾക്കു പിമ്പേ മകനും തിരഞ്ഞു
തിരക്കു കൂട്ടുന്ന സമസ്യയൊന്ന്
എനിക്കിതൊന്നും വഴങ്ങില്ലയോർത്താൽ
മിഴിപ്പരപ്പിൽ കവിയില്ല കണ്ണീർ

ഇവിടെമെല്ലാമൊരുപോലെ തന്നെ
സമസ്തവും വന്നടിയുന്ന തീരം
കഥയുറങ്ങുന്ന സദനങ്ങൾ ദീപ്ത
സ്മരണ വറ്റി കരിന്തിരികൾ ബാക്കി
കടുത്ത നോവിൻ്റെ പുരട്ടിൽ ജീവൻ
കഴിച്ചുകൂട്ടും കഥകൾ മറന്ന്
അറിഞ്ഞിടാനായ് പല കാര്യമുണ്ടാം 
അതിൻ്റെ കാലം അകന്നൊഴിഞ്ഞു