ആധുനിക മലയാള ചെറുകഥയുടെ വളർച്ചയുടെ കാലഘട്ടം തുടങ്ങുന്നത് 1930 കളിലാണെന്ന് തോന്നുന്നു. പാശ്ചാത്യസാഹിത്യത്തിലുണ്ടായ വിപ്ലവകരമായ പരിവർത്തനത്തിന്റെ ചുവടുപിടിച്ച് ഇവിടെയും കഥാ സാഹിത്യ രംഗത്ത് മാറ്റങ്ങൾ കണ്ടു തുടങ്ങി . കാർഷിക മേഖലയുടെ കഥ പറഞ്ഞ് തകഴിയും വ്യവസായ ശാലകളുടെ പശ്ചാത്തലത്തിൽ കഥയെഴുതി കേശവദേവും മലയോര മേഖലയുടെ മനസ്സറിഞ്ഞ് പൊൻകുന്നം വർക്കിയും കഥാ സാഹിത്യത്തിൽ വിരാജിച്ചിരുന്നു. സഞ്ചാരകഥകൾക്കൊപ്പം മനുഷ്യമനസ്സുകളുടേയും കഥ പറഞ്ഞു, എസ്.കെ. പൊറ്റക്കാട് . കാരൂർ നീലകണ്ഠപിള്ളയും ഉറൂബും എംടിയുമെല്ലാം മനുഷ്യമനസ്സുകളുടെ സങ്കീർണതകളും നിസ്സഹായാവസ്ഥയും ആകുലതയും ആവാഹിച്ച് രചനകൾ നടത്തി. പിന്നീട് ഓ.വി.വിജയനും മുകുന്ദനും സക്കറിയയും തങ്ങളുടെ രചനകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. എം.പി.നാരായണപിള്ളയുടേത് വേറിട്ടുള്ള ശൈലിയായിരുന്നു. പട്ടാളക്കാരായതിനാലാണെന്നു തോന്നുന്നു, പട്ടാളക്കഥകളെന്നു വ്യവഹരിക്കപ്പെട്ടു, കോവിലന്റേയും നന്ദനാരുടേയും സി.വി. ശ്രീരാമന്റേയും രചനകൾ. കൊച്ചുബാവ , സുരേന്ദ്രൻ , ശിഹാബുദീൻ പൊയ്തുംകടവ് തുടങ്ങിയവർ പുതുതലമുറക്കഥകളുടെ ആവിഷ്കർത്താക്കളായി.
കാലം കടന്നുപോകുന്നു. നമ്മളും കാലത്തിനൊപ്പം. പണ്ട് വാരികകളിലും വാരാന്ത്യപ്പതിപ്പുകളിലും മാത്രം പ്രകാശിച്ചു കണ്ടിരുന്ന കവിതകളും ചെറുകഥകളുമെല്ലാം
നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ കൂടുവിട്ടു കൂടുമാറിയിരിക്കുന്നു. താന്താങ്ങളുടെ സൃഷ്ടികൾ യഥേഷ്ടം പ്രകാശിപ്പിക്കാമെന്നതിനാൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളും കൂടുതലാവുന്നു. സാഹിത്യ ഗ്രൂപ്പുകൾ മത്സരബുദ്ധിയോടെ രംഗത്തുള്ളതിനാൽ ആർക്കും നിരാശരാകേണ്ടിയും വരുന്നില്ല. ഫലമോ ! നിലവാരമുള്ളതും ഇല്ലാത്തവയുമായി ധാരാളം സൃഷ്ടികൾ ഉണ്ടാവുന്നു. അവയുടെ ബാഹുല്യം മൂലം നല്ലവ പോലും വായിക്കപ്പെടുന്നില്ല.
ആഘോഷിക്കപ്പെടുന്ന പല എഴുത്തുകാരുടേയും രചനകൾ ഇക്കാലത്ത് നിലവാരമില്ലാത്തതായി തോന്നുന്നുണ്ട്. എന്നാൽ നവമാധ്യമങ്ങളുടെ പിൻബലത്തിൽ രചന തുടങ്ങിയ ചിലരുടെ കൃതികൾ കാമ്പുള്ളതായും ബോധ്യപ്പെട്ടിട്ടുണ്ട്.
അത്തരത്തിൽ കാണപ്പെട്ട ഒരു ചെറുകഥാസമാഹാരമാണ് ശ്രീ. ഏ.എൻ. സാബുവിന്റെ 'അനാബസ് അഥവാ അണ്ടി കള്ളി ' . സത്യത്തിൽ പുസ്തകത്തിന്റെ ശീർഷകമാണ് അത് വായിക്കാനുള്ള പ്രേരണ. ഒരു പരദേശ പദവും ഒരു ദ്രാവിഡ പദവും സന്ധിചെയ്യുന്ന തരത്തിൽ ആണ് പുസ്തകത്തിന്റെ പേരും ടൈറ്റിൽ കഥയും.
നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ കഥാപരിസരം കണ്ടെത്തുകയാണ് ശ്രീ. സാബു ചെയ്യുന്നത്. ഒരു വേള നമ്മളിൽ പലരും ആണോ കഥാപാത്രങ്ങൾ എന്നു വരെ തോന്നിപ്പോകും. കഥാകാരന്റെ സൂക്ഷ്മദൃഷ്ടിയും നിരീക്ഷണ പാടവവും കഥകളിലെമ്പാടും കാണും. സകല ഭൂതജാലങ്ങളും കഥയ്ക്ക് വിഷയീഭവിച്ചിരിക്കുന്നു. ഏറ്റവും ചെറിയ സസ്തനിയായ എലിയുടെ അതിജീവനം, ഇലകളുടെ ആത്മാലാപം, ജലജീവിയുടെ ഐഡന്റിറ്റി തുടങ്ങി കരയിലും വെള്ളത്തിലും ആകാശത്തിലും നിന്ന് കഥയ്ക്കുള്ള ഊർജം ആർജിക്കുന്നത് ശ്രദ്ധേയമായി തോന്നി.
അനാബസ് എന്നത് പുതിയ കാലഘട്ടത്തിലെ പേരാണെന്ന് തോന്നുന്നു. അക്വേറിയം സംസ്കാരത്തിൽ നിന്നുരുവം കൊണ്ട പേരു്. അക്വേറിയം മത്സ്യങ്ങൾക്ക് പൊതുവേ പരദേശ നാമമാണല്ലോ ! എന്നാൽ അണ്ടികള്ളി മത്സ്യം കരപ്പുറത്തെ കുളങ്ങളിലും തോടുകളിലും മട്ടലുകളിലും എന്നു വേണ്ട പാടശേഖരങ്ങളിലും കണ്ടുവന്നിരുന്ന ഒരു ചേർ മത്സ്യമാണ്. പാടങ്ങളിൽ നെൽക്കതിർ പഴുത്ത് ചാഞ്ഞു തുടങ്ങുമ്പോൾ അണ്ടികള്ളിക്ക് അത് പത്ഥ്യാഹാരമാകുന്നു. മറ്റു സൂക്ഷ്മ ജീവികളേയും അതു ഭക്ഷിക്കും. ഞാഞ്ഞൂലിനെ (മണ്ണിര ) കോർത്ത് ഇട്ടിട്ടാണ് ചൂണ്ടയിൽ ഇതിനെ പിടിക്കുന്നത്. മൂർച്ചയുള്ള ചിറകുമുള്ളുകൾ വിശറി പോലെ വിതർത്തി ഊർദ്ധ്വഭാഗത്തേയ്ക്ക് തെറുത്തു കയറുന്ന പ്രവണതയാണിതിനുള്ളത്.
ചേറിൽ നിന്ന് തപ്പിപ്പിടിക്കുമ്പോൾ കിട്ടിയ ഒന്നിനെ കടിച്ചു പിടിച്ച് അടുത്തതിനെ പിടിക്കാൻ
ചിലർ ശ്രമിക്കാറുണ്ട്. മുകളിലോട്ട് തെറുത്തു കയറുന്ന സ്വഭാവമുള്ളതിനാൽ ശ്വാസകോശത്തിൽ പെട്ട് മരണകാരകമാകുന്നു.
അതിനാൽ 'ആളെ കൊല്ലി' എന്ന പേരു കൂടി
ഇതിന് പറഞ്ഞുകേൾക്കാറുണ്ട്.
കറുപ്പിൽ മഞ്ഞരാശിയുള്ള നിറം, പരന്നു തടിച്ച ശരീരം, മണ്ണിൽ പുതഞ്ഞുകിടക്കുന്ന ശീലം; ഇത്രയുമാണ് അണ്ടികള്ളിയുടെ സവിശേഷത. സർവോപരി സ്വാദിഷ്ടം. മറ്റു ദേശങ്ങളിൽ ഈയി നം മത്സ്യത്തിന് ' കറൂപ്പ' എന്നാണ് പറയുന്നത്.
പുതിയ പേരും പരിവേഷവും തേടുന്ന പുതിയ തലമുറയോട് അതിന്റെ നിരർത്ഥകത ബോധിപ്പിക്കുകയാണ് കഥയിലൂടെ. എന്നാൽ 'കുഴിമന്തി ' എന്ന ആക്ഷേപപരമായ ഭക്ഷണത്തിന്റെ പേരുമാറ്റാത്ത വൈരുദ്ധ്യത്തേയും പഴങ്കണ്ണുകൾ ചോദ്യം ചെയ്യുന്നു. സ്ഥലനാമങ്ങളും സ്ഥാപന നാമങ്ങളും എന്തിന്, രാജ്യത്തിന്റെ പേരുപോലും മാറ്റുന്ന പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിലേയ്ക്കു കൂടി ഈ ആശയം നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകുന്നു.
ഏതായാലും കരപ്പുറത്തിന്റെ തനതു മത്സ്യമായ അണ്ടികള്ളിക്ക് സഹൃദയശ്രദ്ധ കൊടുക്കാൻ സാബുവിനായി.
പുസ്തകത്തിലെ ആദ്യകഥയായി ചേർത്തിരിക്കുന്ന അജാമിളൻ എന്നതും പേരു കൊണ്ട് ശ്രദ്ധേയമായി. അജാമിളൻ ഒരു പുരാണ കഥാപാത്രമാണ്. വിഷ്ണുഭക്തനാണ്. അജ്ഞാതനാമാവായി അജ്ഞാതവാസിയായി കഴിയുകയും എന്നാൽ പോസ്റ്റുകളിലൂടെ വെളിച്ചപ്പെടുകയും ചെയ്തയാൾ പെട്ടെന്ന് അപ്രത്യയനാകുന്നു. അയാളുടെ അസ്തിത്വവും വ്യക്തി വിവരങ്ങളും അന്വേഷിച്ച് ഹതാശനാകുന്ന കഥാനായകനെയാണ് അജാമിളൻ എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്.
ശാസ്ത്രജ്ഞർ പലപ്പോഴും പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാറുള്ളത് എലികളെയാണ്. എന്നാൽ ഇവിടെ കഥാകൃത്ത്
എലിയിലൂടെ ഒരു കഥാ പരീക്ഷണം നടത്തുകയാണ് 'ശത്രുവാര്' എന്ന കഥയിലൂടെ. ജീവിത നൈരന്തര്യത്തിൽ അതിജീവനത്തിനായി ഉഴലുന്ന ചെറു ജീവിയായ എലിയെ സൂക്ഷ്മമായി പഠിക്കാൻ കഥാകാരൻ ശ്രമിച്ചിരിക്കുന്നു. വാലിന്റെ ഉപയോഗം കുപ്പിയിൽ നിന്ന് എണ്ണ പോലുള്ള പദാർത്ഥങ്ങളിൽ അത് മുക്കി ആഹരിക്കാനാണെന്നത് എനിക്ക് പുതിയ അറിവാണ്. എലികളിലൂടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാത്ത സമൂഹ ചിന്തയിലേയ്ക്കു കൂടി ടോർച്ചടിക്കപ്പെടുന്നു.
കനലനുഭവങ്ങളിലൂടെ കടന്നുപോയ കരപ്പുറത്തെ തൊഴിലാളി കുടുംബത്തിലെ കാരണവത്തിയെ അവതരിപ്പിക്കുകയാണ് 'കാർത്തിയമ്മ 'എന്ന കഥയിൽ . വയലാറിന്റെ പശ്ചാത്തലമുള്ള കരപ്പുറത്തെ മണ്ണിൽ കാർത്തിയമ്മയ്ക് സദൃശയായി അനേകം കഥാപാത്രങ്ങളെ കണ്ടെടുക്കാനാകും.
നമ്മൾ കാണുന്ന ഓരോരുത്തരേയും സിനിമാ താരങ്ങളോട് താരതമ്യം ചെയ്താലോചിക്കുക എന്നത് മിക്കവരും മനസുകൊണ്ടു ചെയ്യുന്ന കാര്യമാണ്. എന്നാൽ അത് മനസിന്റെ വിഹ്വലതയും പിരിമുറുക്കവും സൃഷ്ടിക്കുമ്പോൾ അത് മറ്റൊരു തലത്തിലാവുന്നു. സാബുവിന്റെ ' സിനിമാക്കഥ' അത്തരത്തിലൊന്നാണ്. കഥയ്ക്ക് പുതിയ അർത്ഥതലങ്ങൾ കൊടുക്കാൻ കഥാകാരന് കഴിഞ്ഞിരിക്കുന്നു.
ഇലകളുടെ ആത്മാലാപം വായിച്ചറിയാൻ കഴിയുന്നു, 'പ്ലേ ഗ്രൗണ്ട് സ്ലൈഡ്' എന്ന കഥയിലൂടെ.
അന്തിച്ചർച്ചകളുടെ നിർത്ഥകതയും അവലക്ഷണവും വെളിവാക്കുന്നതാണ് 'അന്തിച്ചർച്ച' എന്ന കഥ .
അയൽക്കാരുടെ ജീവിതഗതിയിൽ അസുഖകരമായ ചലനങ്ങൾ ഉണ്ടാക്കാൻ പോന്ന നവാഗതൻ . അയാൾ വീടൊഴിയുമ്പോൾ ആ കോളണിയുടെ ദശാസന്ധി മാറുന്നു. സമൂഹത്തിനും രാഷ്ട്രത്തിനും വരെ ഇത്തരത്തിൽ ദശാസന്ധി വന്നുഭവിക്കാം. 'ദശാസന്ധി' എന്ന കഥയ്ക്കു ഒരു പാട് മാനങ്ങൾ കല്പിക്കാൻ കഴിയും.
നാട്ടുകൃഷി രീതിയും അതിനിടയിലെ കുന്നായ്മയുടെയും കഥ പറയുന്നതാണ് ,' ചേമ്പു നടീൽ' .
ഒരു കൊലപാതകവും അതിനു ഹേതുവായതും അതുയർത്തിയതുമായ സാമൂഹ്യ പ്രശ്നങ്ങളുമാണ് 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന കഥയിൽ. കഥയുടെ ആവിഷ്കരണത്തിൽ ഏറെ തന്മയത്വം അവകാശപ്പെടാനുണ്ട്.
അപരിചിതന്റെ ആകസ്മിക അപകടവും ആശുപത്രിവാസവും തുടർന്നുള്ള അയാളുടെ വ്യക്തി ജീവിത സങ്കീർണതകളുമാണ് 'വിസിറ്റിംഗ് കാർഡ് ' എന്ന കഥയ്ക്ക് വിഷയം.
തൊഴിലുറപ്പു തൊഴിലാളികളുടെ പ്രവർത്ത്യുന്മുഖത , വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും രഞ്ജിപ്പിച്ച് അവതരിപ്പിച്ച കഥയാണ് 'തൊഴിലുറപ്പ്'.
വിദ്യാഭ്യാസകാലത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന കഥയാണ് 'പട്റീഷ്യയും ആറാം പ്രമാണവും 'എന്ന കഥ.
തന്റെ കഥകളിലുടനീളം പ്രാപഞ്ചിക വീക്ഷണവും സൂക്ഷ്മമായ നിരീക്ഷണവും ചിത്തവൃത്തിയുടെ സങ്കീർണതയും ഇടകലർത്തി ആവിഷ്ക്കരിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. പച്ച മനുഷ്യന്റെ ആത്മാവിഷ്കാരം പോലെ തന്നെ പച്ചിലയുടെ ആത്മാലാപവും വേറിട്ട ശൈലിയിൽ വരച്ചുകാട്ടുമ്പോൾ വായനക്കാരന് നവമായ ഒരു ആസ്വാദനാനുഭവമാണ് സംവേദക്ഷമമാകുന്നത്.
പൊതുവായനാനുഭവത്തിൽ നിന്ന് അടർന്നു മാറി നിൽക്കുന്ന വേറിട്ട അനുഭവമാണ് ഈ കൃതി എന്ന് നിസ്സംശയം പറയാം.
= ശങ്കരനുണ്ണി