Saturday, 15 June 2024

സാഹിതീശബ്ദം മാസിക പ്രകാശനം


സാഹിതീശബ്ദം മാസിക ഇന്നലെ കയ്യിൽ കിട്ടിയപ്പോൾ 'അസാദ്ധ്യമായി ഒന്നുമില്ല' എന്ന ആപ്തവാക്യമാണ് മനസിൽ തോന്നിയത്. ഒരു ഓൺലൈൻ സാഹിത്യ കൂട്ടായ്മ അംഗങ്ങളുടെ സർഗ്ഗ വാസനകൾക്ക് പകർന്നാട്ടം നടത്താൻ പാകത്തിലുള്ള പദ്ധതികൾ പലതും ആവിഷ്കരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പദ്ധതികൾ നടപ്പാക്കി. പുസ്തകങ്ങളുടെ പ്രകാശനവും പ്രസാധനവും നടത്തി. ഒടുവിൽ ഇപ്പോൾ പ്രിൻ്റഡ് മാസികയുമായി സഹൃദയസമക്ഷം. 


ഒരു കാര്യം ഏറ്റെടുക്കുമ്പോൾ വേണ്ട ഇച്ഛാശക്തിയുടെ, പ്രവർത്ത്യുന്മുഖതയുടെ ' സാക്ഷാത്ക്കരണമാണ് ജൂൺ രണ്ടാം തീയതി ഉണ്ടായത്. ഞാൻ ഇതിൽ വൈകി വന്ന സാമാജികനാണ് എങ്കിലും എനിക്ക് അഭിമാനമുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചേരലിലാണ് ഞാനും വന്നുപെട്ടതെന്ന്.

 പ്രിൻ്റ് മാഗസിൻ , ഇ- മാഗസിനായി  മാറുന്നതാണ് പലപ്പോഴും കണ്ടുവരാറുള്ളത്. എന്നാൽ ഇവിടെ പ്രായേണ ദുഷ്കരമായ നേരേ തിരിച്ചുള്ള രീതിയാണ് കാണുന്നത്.

 തീർച്ചയായും ഇതിൻ്റെ ചീഫ് എഡിറ്ററും മാനേജിംഗ് എഡിറ്ററും ഈ ഭഗീരഥപ്രയത്നത്തിൽ വിജയിച്ചിരിക്കുന്നു .കൂടാതെ മഹിത മലയാളത്തിന് ഒരു മൊഴിമുദ്ര ചാർത്തുകയും ചെയ്തിരിക്കുന്നു.



മാസികയിലേയ്ക്ക് കണ്ണോടിച്ചപ്പോൾ പ്രൗഢവും വ്യതിരിക്തവുമായ വിഷയങ്ങളാണ് കാണാൻ കഴിഞ്ഞത്. ചീഫ് എഡിറ്റർ ശ്രീ. ബാലചന്ദ്രൻ ഇഷാരയുടെ ശ്രദ്ധേയമായ മുഖക്കുറിപ്പിനു ശേഷം കണ്ട കവർ സ്റ്റോറിയിൽ ഒരു കാലത്ത് തിരസ്കൃതനും അസ്പൃശ്യനുമായിരുന്ന മുട്ടത്തുവർക്കിയെ സസൂക്ഷ്മ വിലയിരുത്തലിലൂടെ സചിത്ര ആഖ്യാനത്തിലൂടെ പുതിയ തലമുറയുടേയും പഴയ തലമുറയുടെയും മനസ്സിൽ കൊണ്ടലൊഴിഞ്ഞ മാനത്തെ മുഴുതിങ്കൾ പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയത്തിലെന്നപോലെ സാഹിത്യത്തിലും അസ്പൃശ്യതയും അവമതിപ്പും നിലനിന്നിരുന്നു. അതിനെയെല്ലാം മറികടന്നാണ് മലയാള ഭാഷ ഇന്നത്തെ നിലയിൽ എത്തിയതെന്ന് ഓർമ്മിപ്പിക്കുയാണ് ശ്രീ വള്ളുവനാടൻ്റെ കവർസ്റ്റോറി.


പ്രൗഢങ്ങളായ 5 ലേഖനങ്ങൾ, 4 കഥകൾ, 6 കവിതകൾ കൂടാതെ അനുഭവം, ക്രൈം ഫിക്ഷൻ, ക്രൈം സ്റ്റോറി പുസ്തക പരിചയം ആരോഗ്യം, സിനിമ,സാമ്പത്തികം, പാചകം, ജ്യോതിഷം കൂടാതെ ഒരു കാർട്ടൂൺ പംക്തിയും ഈ മാസികയെ സമ്പന്നമാക്കുന്നു.


നിർമിത ബുദ്ധിയെപ്പറ്റിയുള്ള സെയ്ദ് ഷിയാസ് മിർസയുടെ ലേഖനം വിജ്ഞാനപ്രദം തന്നെ.

അതുപോലെ ചികത്സാപ്പിഴവിനെ പറ്റി ശ്രീ. സജീവൻ എഴുതിയ ലേഖനവും കാലികപ്രസക്തമാണ്. ശ്രീ. പി. മോഹൻദാസിൻ്റെ ലേഖനവും ചികിത്സാപ്പിഴവിനെ പറ്റി തന്നെയാണ് പ്രതിപാദിക്കുന്നത്.

ശ്രീ. അനിൽകുമാർ സി.പി. എഴുതിയ ഈ ഭൂമി.... എന്ന ലേഖനം യാന്ത്രിക ജീവിതം നയിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു കൈ ചൂണ്ടിയാണ്. ആഖ്യാനം ഏറെ മനോഹരവും.

വി. ആർ. സുധീഷിൻ്റെ നാടകാന്തം ജീവിതം എന്ന കഥ ഏറെ ഹൃദ്യമാണ്. എന്നാൽ ദൃശ്യം സിനിമയുടെ ഇതിവൃത്തസ്വഭാവവുമായി സാത്മ്യം പുലർത്തുന്നുവെന്ന തോന്നൽ ജനിപ്പിക്കുന്നു.

സൂര്യ സരസ്വതിയുടെ സങ്കീർത്തനം ഒരു ക്ലാസിക് കഥയായി മനസിൽ തോന്നി. അതുപോലെ സി.എസ്. ചന്ദ്രികയുടെ ഷെഹർബാൻ എന്ന കഥയും സ്ത്രീയുടെ ദുരിത ജീവിതത്തിൻ്റെ വിഹ്വലമായ ആവിഷ്ക്കാരമായി.


കവിതകളിൽ ശ്രദ്ധേയമായത് ഗീത ശ്രീകുമാറിൻ്റെ ചില്ലു കൂട്ടിലെ പക്ഷി എന്ന കവിതയും സി.ആർ. ദാസിൻ്റെ സംശയം എന്ന കവിതയുമാണ്. സാഹിതീശബ്ദത്തിൽ

ഒരു മാസികയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേർന്നു വന്നിട്ടുണ്ട്. കുത്തിവര എന്ന കാർട്ടൂൺ പംക്തി എടുത്തു പറയേണ്ടതു തന്നെയാണ്. ശ്രീ. ജി. അരവിന്ദൻ്റെ സദൃശമായ കാർട്ടൂണുകളിലെ അർത്ഥഗർഭമായ മൗനം ഇവിടെ ശ്രീ. റോയ് പി. തോമസിൻ്റെ കുത്തിവരയിൽ  വാചാലതയ്ക്ക് വഴിമാറുന്നുവെന്ന് മാത്രം.

സമാനമായ വിഷയങ്ങൾ വരുന്ന ഒന്നിലേറെ സൃഷ്ടികൾ, അത് വിവിധ വിഭാഗങ്ങളിലായിട്ടാണ് വിന്യസിപ്പിച്ചിരിക്കുന്നതെങ്കിലും ഒഴിവാക്കിയിരുന്ന്ത്ങ്കിൽ ഉചിതമായിരിരുന്നേനെ. ആയവ അടുത്ത ലക്കത്തിൽ പരിഗണിക്കാവുന്നതേയുള്ളൂ.


ആകെ കൂടി ലക്ഷണമൊത്ത ഒരു മാസികയാണ് സാഹിതീ ശബ്ദമെന്ന് നിസ്സംശയം പറയാം.


കടത്തുവള്ളം

പുഴയിൽ കിതച്ചു ചരിക്കുന്ന വള്ളത്തി - നറിയുമോയെൻ മനോനൊമ്പരങ്ങൾ

അഴൽവീണ ജീവിതപ്പുഴ താണ്ടുവാനവൻ തുഴകോലോ ജീവിതനൗക താനോ? 

അറിവീലതും വഴുതിയൊഴുകി മറകൊണ്ടിതാ അലയുന്ന യാനമായ് മാറി ഞാനും


ഉള്ളം തിളയ്ക്കുമ്പോളുള്ളിൽ നുരിയിടും വീർപ്പുകൾ പൊന്തിപ്പതഞ്ഞ പോലെ 

ആറ്റു വെള്ളത്തിലും നീറ്റം കലരുന്നു പോറ്റിവളർത്തിയോർ പോയതാമോ !


അവനില്ലയിനിമേലിൽ അലയുന്നു ഞാനിതാ അവനു നൽകാനെൻ തിലോദകങ്ങൾ



Thursday, 13 June 2024

ജനോത്സവം

ഇന്നലത്തെ ജനോത്സവപ്പെയ്ത്തതിൻ

ഇന്ദ്രജാലത്തിൽ കണ്ണുകൾ മങ്ങിയോ?

ഇന്ദ്രപ്രസ്ഥത്തിൽ ഇന്നിനി കാണ്മത്

ഇന്ദ്രചാപം മുറിച്ച ഗർവ്വങ്ങളെ


ഇഷ്ടമാം മട്ടിലിഷ്ടി നടത്തിയോർ

ഇഷ്ട ദൈവമായ് താനേ ചമയുന്നു

ഇന്നു നമ്മളെ കാക്കുന്നതാകിയ

ഇഷ്ടമൂർത്തിയോ ധർമ്മമാം ദൈവതം

അക്ഷരങ്ങൾ

ക ച ട ത പ
ഖ ഛ O ഥ ഫ
ഗ ജ ഡ ദ ബ
ഘ ഝ ഢ  ധ ഭ
ങ ഞ ണ ന മ



ഞാൻ പെറുക്കിയ അക്ഷരങ്ങൾ
ഞാനൊരുക്കിയ കുറിപ്പുകൾ
ഒരിക്കലും ഇളവേൽക്കാതെ
അക്ഷീണം ചിറകുവിരിച്ച് പറന്ന്
നിൻ്റെ തേങ്ങുന്ന ഹൃദയത്തോളമെത്തി.

പിന്നെ, 
നിശീഥിനികളിൽ നിനക്കായി പാടിക്കൊണ്ട് ജലപാതത്തിനുമപ്പുറത്തേയ്ക്ക്
ഇരുണ്ട   കൊടുങ്കാറ്റിനുമപ്പുറത്തേയ്ക്ക്,
അല്ലെങ്കിൽ
നക്ഷത്ര ദീപ്തിയിലേയ്ക്ക്.


(അവലംബം W.B. Yeats ൻ്റെ ലഘുകവിത)

Tuesday, 4 June 2024

പുസ്തകാഭിപ്രായം

അശാന്തിപർവ്വം

(സന്തോഷ് വാര്യർ പന്തളീയൻ )


സാഹിത്യത്തിലെ അത്യുന്നതമായ കലാരൂപമായാണ് കവിത കണക്കാക്കപ്പെടുന്നത്. മനുഷ്യൻ നായാടിയായിരിക്കുന്ന കാലം മുതലേ കവിത അവനിൽ ഉരുവം കൊണ്ടിരുന്നു. പ്രകൃതിയുടെ താളാത്മകമായ മാറ്റങ്ങൾ പോലും കവിതയായി മാറുന്നു. മഴ, മേഘങ്ങളുടെ സഞ്ചാരം, കാറ്റ്, മുളയുടെ ചൂളംവിളി ഇതെല്ലാം ഒരർത്ഥത്തിൽ കവിതയാണ്. ചുരുക്കത്തിൽ താളങ്ങളുടെ പ്രപഞ്ചമാണ് കവിത. കാലാന്തരത്തിൽ മനുഷ്യന് ചിന്താശേഷിയും ഭാവനാ നൈപുണിയും കൈവന്നതോടെ കവിതയ്ക്ക് തദനരൂപമായ മാറ്റങ്ങളും ഉണ്ടായി. പശ്ചാത്യ രാജ്യങ്ങളിൽ കലയിൽ വന്ന പരിവർത്തനങ്ങൾ മലയാള സാഹിത്യത്തിലും പ്രതിഫലിച്ചു. അങ്ങനെ സംസ്കൃത സംസർഗ്ഗത്തിൽ കഴിഞ്ഞിരുന്ന മലയാള കവിത പുതുവഴികൾ തേടി. ആധുനിക കവിതകൾ കാലഘട്ടത്തിനനുസരണമായി മാറ്റങ്ങളുൾക്കൊണ്ടു. നിരവധിയനവധിയായ കാവ്യ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടു. ആധുനിക കവിതകൾ പിന്നീട് അത്യന്താധുനിക കവിതകൾക്ക് വഴി മാറി.


ഇന്നിപ്പോൾ ആശയപ്രകാശനത്തിന്, കവിതാ പ്രസിദ്ധീകരണത്തിന്, വിശാലമായ ഇടം ലഭിക്കുന്നു. അതോടെ കവികളുടെയും കവിതകളുടേയും എണ്ണം ശതഗുണീഭവിച്ചിട്ടുണ്ട്. എന്നാൽ കതിരുള്ളതും കാമ്പുള്ളതുമായ രചനകൾ നന്നേ കുറവാണ്. അതിനാൽ തെരെഞ്ഞെടുക്കേണ്ടത് അവധാനതയോടെ വേണം. ഈ വിപൽ സാഹചര്യത്തിൽ എൻ്റെ കയ്യിൽ വന്നുചേർന്ന കവിതാ സമാഹാരമാണ്, ശ്രീ. സന്തോഷ് വാര്യർ പന്തളീയൻ എഴുതിയ അശാന്തിപർവ്വം. സാധാരണ കണ്ടുവരുന്ന കവികളുടെ കാവ്യാനുശീലന വഴികളിൽ നിന്ന് മാറി സഞ്ചരിക്കുന്നു സന്തോഷിൻ്റെ കവിതകൾ. ഛന്ദോബദ്ധമായി, സംവേദനക്ഷമമായി അവതരിപ്പിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ കവിതകളിൽ മനുഷ്യദൈന്യവും അന്യമാകുന്ന ഗ്രാമ വിശുദ്ധിയും അശാന്തിയുടെ വെളുത്ത പുകയും കണ്ടെടുക്കാൻ കഴിയും.


'ഉപാസന' എന്ന പേരിലെുള്ള ആദ്യ കവിത തന്നെ ഹൃദയഹാരിയും കല്ലോലസദൃശവും പ്രതീക്ഷാ സുരഭിലവുമായ ഒരുത്തമഗീതകമാണ്.



യുദ്ധത്തിൻ്റെ ആസുരത ആവാഹിച്ചതാണ് 'യുദ്ധം .... യുദ്ധം...' എന്ന കവിത.യുദ്ധത്തിൻ്റെ നികൃഷ്ടതയും നൃശംസതയും വിളിച്ചറിയിക്കുന്നവയാണ് അതിലെ വരികൾ. "യുദ്ധം! ദ്വേഷബീജം വളർത്തുന്ന സത്രം,

ലക്ഷണം കെട്ട മനസ്സു തൊടുക്കുന്ന ലക്ഷ്യം പിഴയ്ക്കുന്ന അസ്ത്രം" എന്ന വരികളിൽ കവിയുടെ സകല ആശങ്കകളും സന്നിവേശിപ്പിച്ചിരിക്കുന്നു. ഒടുവിൽ "വാക്കാലൊതുക്കാൻ കഴിയാത്തതെന്തുണ്ട്?" എന്ന ചോദ്യവും അതിനനുപൂരകമായി "തോക്കെന്തിനേന്തുന്നു ദുഷ്ടാ "എന്നുള്ള ആക്രന്ദനവും അഹിംസാത്മകമായ

ഭാരതത്തിൻ്റെ വിശ്വദർശനത്തിന് മിഴിവേകുന്നു.


'കുടചൂടിയിട്ടും മഴ നനയുന്നവർ' എന്ന കവിത ഏറെ ശ്രദ്ധേയമാണ്. മുന്നോട്ടു മാത്രം കുതിക്കുന്ന മനസ്സ് അക്രമണകാരിയുടേതാണ്. കവികളുടെ മനസ്സ് പിൻതിരിഞ്ഞും നോക്കും.


 ഗതകാല വറുതികൾ ഒരൊറ്റ ബിംബകല്പനയിൽ ആധാനം ചെയ്തിരിക്കുന്നു, " പലതരം ചരുവത്തിൽ കുടിചോർന്നു പതിക്കുന്ന മഴത്തുള്ളിയുണർത്തുന്ന ജലതരംഗം"എന്ന വരികളിൽ. ഇത്തരം ദുരിതപർവ്വങ്ങൾ താണ്ടിയാണ് ഒട്ടുമിക്ക പേരും പുതിയ കാലവിശേഷത്തിൽ വ്യാപരിക്കുന്നത്.


ദാരിദ്ര്യത്തിൻ്റെ ദുരവസ്ഥയും മാതൃത്വത്തിൻ്റെ മഹനീയതയും വിളിച്ചോതുന്ന കവിതയാണ് 'ചിത്രം വിചിത്രം ' എന്നത്.


പാർശ്വവൽക്കരിക്കപ്പെട്ടവർ പാഥേയം തേടുന്ന തീപ്പാതകളും അതിൽ ചിതൽ തിന്നു ശേഷിച്ച സ്വരാജ്യത്തിൻ്റെ ഭൂപടം വിൽക്കുന്ന ദീനബാലികയുടെയും ചിത്രം കോറിയിടുകയാണ് 'ഭൂപടം വിൽക്കുന്ന പെൺകുട്ടി' എന്ന കവിതയിൽ.


ഇരുളിലെ ദൃശ്യജാഥകളെ മിഴിതുറന്നു കാണുന്ന കവിയെയാണ് ' നിനവോരക്കാഴ്ചകൾ' എന്ന കവിതയിൽ കാണുന്നത്. 


പ്രബുദ്ധരെന്നും സംസ്കാരചിത്തരെന്നും കരുതുന്ന ജനതയുടെ പൊള്ളത്തരം വിളിച്ചോതുന്ന കവിതയാണ് 'സംസ്കൃതി പുഴയോരം'.

"വിരുദ്ധഭാഷകൾ വലയെറിഞ്ഞൊരു

വിശുദ്ധമീനിനെ കുരുക്കിലാക്കുന്നു" എന്ന വരികളിൽ ആനുകാലികസംഭവങ്ങളും ആകുലചിന്തകളും പങ്കുവയ്ക്കുന്നു.


ഓണക്കാലത്തിൻ്റെ പ്രകൃതി ചൈതന്യവും അദ്ധ്വാനത്തിൻ്റെ സംതൃപ്തിയും ഓർത്തെടുക്കുകയാണ് 'ഓണാർത്ഥം' എന്ന കവിതയിൽ. കാലം കടന്നുപോകുമ്പോൾ അതൊരു സുഖകരമായ ഓർമയും സങ്കൽപവും ആയി മാറിപ്പോകുന്നു. നടതള്ളപ്പെടുന്നവരുടെ വെളിച്ചംകെട്ട ഓണക്കാലത്തേയ്ക് കൂടി കവിതാകാരൻ കണ്ണയയ്ക്കുന്നു.


ഉണ്ണിയും ദൈവവുമായുള്ള സംഭാഷണം സ്വർഗ്ഗത്തിനും സ്വഗൃഹത്തിനും ഇടയ്ക്കുള്ള കൊച്ചുകുട്ടിയുടെ താരതമ്യപഠനം പോലെ അവതരിപ്പിക്കുന്നു; 'ഉണ്ണിയും ദൈവവും ' എന്ന കവിതയിൽ.



കാൽപ്പെട്ടി നഷ്ടപ്പെട്ട വാർദ്ധക്യങ്ങളെ വരികളിലൂടെ വരച്ചുകാട്ടുന്നു 'നഷ്ടപ്പെട്ട കാൽപ്പെട്ടി ' എന്ന കവിതയിൽ.


തെരെഞ്ഞെടുത്ത പത്തു കവിതകൾ മാത്രമാണ് വിലയിരുത്താനായി ഞാൻ എടുത്തത്. അതിനർത്ഥം മറ്റു കവിതകൾ വിലയില്ലാത്തവയാണെന്നല്ല. നാൽപത്തി എട്ടു കവിതകളുള്ള ഈ സമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം തന്നെ. വിസ്തരഭയത്താൽ വിലയിരുത്താൻ മുതിരുന്നില്ലെന്ന് മാത്രം.

കവിതയോടും കവിതയെഴുത്തിനോടും തനിക്കുള്ള അദമ്യമായ അഭിനിവേശം ശ്രീ. സന്തോഷ് തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്.

കേവലം അച്ചടിമഷി പുരട്ടിക്കാണുകയെന്നതോ നവമാധ്യമങ്ങളിൽ ഇഷ്ടങ്ങൾ ക്ഷണിക്കാനോ വേണ്ടി മാത്രമുള്ളതല്ല തൻ്റെ രചനകളെന്നും അതിൽ കവിതയുടെ കനലും കരുതലുമുണ്ടെന്നും അദ്ദേഹം ബോധ്യപ്പെടുത്തുന്നു.