ആഴിത്തിരകളും ആഴിയാഴങ്ങളും താണ്ടിയുള്ള യാത്രയുടെ സാഹസികത ഞാൻ മനസ്സിൽ കണ്ടു. ചരിത്ര- ഭൂമിശാസ്ത്ര ക്ലാസ്സിൽ കേന്ദ്രഭരണപ്രദേശമായി അടയാളപ്പെടുത്തി കണ്ട കൊച്ചു തുരുത്തുകൾ. അക്ഷാംശ രേഖാംശങ്ങളുടെ കള്ളികളിൽ വിറങ്ങലിച്ചു കിടന്ന സമുദ്രാവക്ഷിപ്തം. കലാപകാരികളുടേയും കരുതൽതടങ്കലുകാരുടേയും സ്വാതന്ത്ര്യസമരപ്പോരാളികളുടെയും ചോരവീണ കാലാപാനി. നരഭോജികളായ ഗോത്രസമൂഹം അധിവസിക്കുന്ന ഏകാന്ത ദ്വീപുകൾ. അങ്ങനെ ആൻഡമാനെ പറ്റി ഏറെ കേട്ടറിവുകൾ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് അഞ്ചു ദിവസത്തെ ആൻഡമാൻ പാക്കേജുമായി മകൻ്റെ ഭാര്യ എത്തിയത്. മകനും ഭാര്യയും ബാംഗളൂരിൽ ആയതിനാൽ അവിടെ നിന്ന് യാത്ര പുറപ്പെടാൻ തീരുമാനിച്ചു.
ഞങ്ങൾ പത്തു പേരുള്ള കുടുംബ സംഘമായിരുന്നു യാത്രയ്ക്കൊരുങ്ങിയത്. എന്നാൽ അവിചാരിത കാരണങ്ങളാൽ നാലുപേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഞങ്ങൾ ആറുപേർ സംഘം യാത്ര പുറപ്പെട്ടു.
ബാംഗളൂർ നിന്ന് ചെന്നൈയ്ക്കും അവിടെ നിന്ന് പോർട്ട് ബ്ലയറിനും എന്ന തരത്തിലായിരുന്നു വിമാനയാത്ര. ചെന്നൈയിൽ എത്തിയപ്പോൾ ചെറിയ തരത്തിൽ മഴരൂപപ്പെട്ടിരുന്നു. എങ്കിലും തടസ്സമില്ലാതെ വിമാനം ടേക് ഓഫ് ചെയ്തു. മഴയായതിനാലും ആകാശം മേഘാവൃതമായിരുന്നതിനാലും ആകാശക്കാഴ്ചകളൊന്നും ശരിയായി കാണാൻ കഴിഞ്ഞില്ല.
മൂന്നുമണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ പോർട്ട് ബ്ലയറിലെത്തി. അവിടെയും ചന്നംപിന്നം ചെയ്യുന്ന മഴ അലോസരപ്പെടുത്തി.
ഹാവ് ലോക്ക്
പോർട്ട്ബ്ലയറിലെ ഒരു പ്രധാന വാർഫ് ആണ് ഹഢോ (Haddo). അവിടെ നിന്നാണ് ഞങ്ങൾ ഹാവ് ലോക്കിലേയ്ക്ക് (സ്വരാജ് ദ്വീപ് ) യാത്ര ചെയ്തതത് . നൗടിക (Nautika ) എന്ന കമ്പനിയുടെ ക്രൂയ്സിൽ (ചെറുതരം കപ്പൽ) ആണ് യാത്ര. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത അത്യാഡംബര നൗകയാണിത്. ഒന്നര മണിക്കൂർ ഈ ചെറുകപ്പലിൽ ആടിയുലഞ്ഞ് ഞങ്ങൾ ഹാവ്ലോക്കിൽ എത്തി. ടൂർ ഏജൻസിക്കാർ കാറുമായി കാത്തുനിന്നിരുന്നു. ആദ്യം പോയത് ശാക്കാഹാർ എന്ന പേരിലുള്ള
വാസസ്ഥലത്തേയ്ക്കാണ്.
ടിൻഷീറ്റ് മേഞ്ഞ് പനമ്പു തട്ടികൾ കൊണ്ടുള്ള ഒരു നിർമ്മിതി. നമ്മുടെ ഹൗസ് ബോട്ടുകളിൽ കാണുന്ന ശയനാഗാരം പോലെയുള്ള ഒന്ന്. വൃത്തിയുള്ള ശൗചാലയവും ഏ.സി.ഉൾപ്പടെയുള്ള സൗകര്യങ്ങളും ഉണ്ട്.
ഞങ്ങൾ ആദ്യം പോയത് കാലാപദ്ഥർ ബീച്ച് കാണാനാണ്. കറുത്ത പാറക്കെട്ടുകൾ നിറഞ്ഞ സമുദ്രതീരം, കാഴ്ചയിൽ ഏറെ മനോഹരം. വെള്ളത്തിനുമുണ്ട് ഒരു കറുപ്പുരാശി . ആൻഡമാന് പൊതുവേ പറയുന്ന പേരു തന്നെ കാലാപാനി എന്നാണ്. ഉച്ചയ്ക്ക് പതിവു ഭക്ഷണം കഴിക്കാതിരുന്നതിനാൽ എല്ലാവരും പരീക്ഷീണരായിരുന്നു. അതിനാൽ സമുദ്രതീരത്തു തന്നെയുള്ള
'വീട്ടിൽ ഭക്ഷണം ' പോലുള്ള ഒരിടത്തു നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. സംഗതി തട്ടുകട ലൈനാണെങ്കിലും കോൺടിനെൻ്റൽ വിഭവങ്ങൾ വരെ അവിടെ ലഭിക്കും. ഞങ്ങൾ റൊട്ടി, താലി, മലബാർ ഫിഷ് കറി, വെജിറ്റബിൾ പനീർ തുടങ്ങിയവയാണ് കഴിച്ചത്. സ്റ്റാർട്ടറും സൂപ്പ് ഇനങ്ങളും ലഭ്യമാണ്. നാലരയായപ്പോൾ തന്നെ സൂര്യാസ്തമയമായി. കാലാവസ്ഥയും അനുകൂലമല്ലാത്തതിനാൽ ഞങ്ങൾ വാസസ്ഥലത്ത് പോയി വിശ്രമിച്ചു.
ഏതാണ്ട് നാലരയാകുമ്പോൾ തന്നെ ഇവിടെ നേരം പുലരും. ഞങ്ങൾ തൊട്ടടുത്തുള്ള ഗോവിന്ദ് നഗർ ബീച്ചിൽ പോയി. തെളിഞ്ഞ നീലനിറമുള്ള വെള്ളമാണ് ഈ തീരത്ത് കണ്ടത്. സമുദ്രതീരത്ത്, മണൽ പ്രദേശങ്ങളിൽ കാണുന്ന തരത്തിലുള്ള വൻപുന്ന മരങ്ങൾ ധാരാളമായി കാണാം. ഉറപ്പുള്ള അവയുടെ കൊമ്പിൽ ഊഞ്ഞാലുകൾ ഞാത്തിയിരുന്നു. ഒരുപക്ഷേ തൊട്ടടുത്തുള്ള കോട്ടേജ് ഹോട്ടലുകാർ ഏർപ്പെടുത്തിയതാവും ഈ സംവിധാനം.
എലഫൻ്റ് ബീച്ച്
പതിനൊന്ന് മണിയോടെ ഞങ്ങൾ എലഫൻ്റ് ബീച്ചിലേയ്ക്ക് യാത്രയായി. ഹാവ്ലോക്കിൽ നിന്ന് സ്പീഡ് ബോട്ടിൽ അര മണിക്കൂർ യാത്ര ചെയ്തു വേണം എലഫൻ്റ് ബീച്ചിൽ എത്താൻ. മനോഹരമായ ഒരു കോറൽ ബീച്ച് ആണിത്. പലതരം സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്. സമുദ്രസ്നാനത്തിനും നീന്തുന്നതിനും എല്ലാം അനുകൂലമായതാണ് ഈ കടലോരം. പവിഴപ്പുറ്റുുകൾ ഇടയ്ക്കിടെ കാണപ്പെടുന്നതിനാൽ കുളിക്കുമ്പോഴും നീന്തുമ്പോഴുമൊക്കെ ശ്രദ്ധ വേണം. വെള്ളമണൽപ്പരപ്പാൽ മനോഹരമായ തീരം. പല തരത്തിലുള്ള വൻ വൃക്ഷങ്ങളാലും കാട്ടുവള്ളികളാലും നിറഞ്ഞതാണ് ഈ ദ്വീപ്. പല തരത്തിലുള്ള പക്ഷികൾ, ചിത്രശലഭങ്ങൾ, മൃഗങ്ങൾ തുടങ്ങി ജന്തുവൈവിധ്യം കൊണ്ടും സമ്പന്നമാണിവിടം. ഇപ്പോൾ ഇവിടെ ആനകൾ ഇല്ലെന്നും ഉണ്ടായിരുന്നവ അവിടെ നിന്നും തുരത്തപ്പെട്ടുവെന്നും അറിയാൻ കഴിഞ്ഞു. കോളനി വാഴ്ചക്കാലത്ത് തടി പിടിക്കാനായി വൻകരയിൽ നിന്ന് കൊണ്ടു വന്നവയാണ് ഇവിടെയുണ്ടയിരുന്ന ആനകൾ.
ടിക്കറ്റ് വച്ചുള്ള അനേകതരം ജല വിനോദങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പാരാഗ്ലൈഡിംംഗ്, Sea Walking, glass bottom boat ride , Scooba diving ,dragon ride, Water Scooter അങ്ങനെ പലതും പലതും. ഏറെ ആകർഷകമായത് ബോട്ടിംഗ് ആണ്. അടിത്തട്ട് ഗ്ലാസ് കൊണ്ടു നിർമ്മിതമായ ബോട്ടിൽ നിന്ന് സമുദ്രാടിത്തട്ടിലുള്ള പവിഴപ്പുറ്റും പല നിറങ്ങളിലുള്ള വിശേഷ മത്സ്യങ്ങളേയും കാണാൻ കഴിയും. ഒരു നല്ല ദിവസം എലഫൻ്റ് ബീച്ചിൽ ചെലവഴിക്കാനായതിൻ്റെ സന്തോഷത്തിൽ ഞങ്ങൾ മടങ്ങുമ്പോൾ അസ്തമനത്തിന് അധികം സമയമില്ലായിരുന്നു.
ഞങ്ങൾ രാധാനഗർ ബീച്ചിലെത്തിയപ്പോൾ അസ്തമയം കഴിഞ്ഞിരുന്നു . ശുചിത്വത്തിൽ ഏഷ്യയിലെ രണ്ടാം സ്ഥാനമുള്ള ബീച്ചാണ് രാധാനഗർ. സമുദ്രസ്നാനത്തിനും നീന്തലിനും പറ്റിയ സമുദ്ര തീരമാണിത്. കൈതക്കാടുകൾ വളർന്നു നിൽക്കുന്ന കടലോരം കേരളത്തിലെ ചില കായലോരങ്ങളെ ഓർമ്മിപ്പിക്കുന്നു.
അടുത്ത ദിവസം രാവിലെ കുറച്ചു സമയം ഗോവിന്ദ് നഗർ ബീച്ചിൽ ചെലവഴിച്ച ശേഷം, പ്രഭാത ഭക്ഷണം കഴിച്ച്ഞങ്ങൾ നീൽ ഐലൻ്റിലേയ്ക്ക് (ഷഹീൻ ദ്വീപ് ) പോയി.
നീൽ ഐലൻ്റ്
പോർട്ട് ബ്ലയറിൽ നിന്ന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ ജെയിംസ് നീലിൻ്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 2018 ൽ നേതാജിയുടെ സ്മരണാർത്ഥം ഇതിന് ഷഹീൻ ദ്വീപ് എന്ന് നാമകരണം ചെയ്തു. ഷഹീൻ എന്നാൽ ധീര രക്തസാക്ഷിയെന്നാണ് അർത്ഥം. സ്വരാജ് ദ്വീപിൽ നിന്ന് ഒന്നേകാൽ മണിക്കൂർ ക്രൂയ്സിൽ യാത്ര ചെയ്താണ് ഞങ്ങൾ ഷഹീൻ ദ്വീപിലെത്തിയത്. ഇവിടെയും ടിൻ ഷീറ്റ് മേഞ്ഞ പാർപ്പിടങ്ങളായിരുന്നെങ്കിലും വൃത്തിയിലും നിർമ്മിതിയിലും സ്വരാജ് ദ്വീപിലേതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നു. സേവ്ഗ്രീൻ എന്ന പാർപ്പിട സമുച്ചയത്തിലാണ് ഞങ്ങൾ താമസിച്ചത്. കേരളത്തിലെ പോലെ തന്നെയുള്ള ഭൂപ്രകൃതി. നെൽകൃഷിക്കും മറ്റും പറ്റിയ മണ്ണും കാലാവസ്ഥയും.
ഇടപ്പാടങ്ങളും ചിറകളുമൊക്കെയായി നാട്ടിൻപുറത്തിൻ്റെ ഒരു പരിച്ഛേദം.
തദ്ദേശീയനായ കിരൺ എന്നയാളെയാണ് ഞങ്ങൾക്ക് ഡ്രൈവർ ആയി കിട്ടിയത്. കിരണിൻ്റെ മുത്തച്ഛൻ 1972-75 കാലയളവിൽ ആൻഡമാനിൽ എത്തിയതാണ്. വിഭജനകാലത്ത് പൂർവ്വ ബംഗാളിൽ നിന്ന് പലായനം ചെയ്തു വന്നവരെ കൽക്കത്തയിൽ അഭയാർത്ഥികളായി പാർപ്പിച്ചിരുന്നു. അവരെ 1972 കാലത്ത് ആൻഡമാനിലേയ്ക്ക് മാറ്റി അധിവസിപ്പിച്ചു. അക്കാലത്ത് ദ്വീപിലെത്തി കൃഷിയും മറ്റുമൊക്കെയായി കഴിഞ്ഞു വന്നവരാണ് കിരണിൻ്റെ പൂർവികർ.
ഷഹീൻ ദ്വീപിലും ബീച്ചുകൾതന്നെയാണ് പ്രധാന ആകർഷണം. നാച്ചുറൽ ബ്രിഡ്ജ് എന്ന പവിഴപ്പുറ്റു പാടം ഏറെ ആകർഷകമാണ്. പ്രകൃത്യാ തന്നെ കോറലാൽ രൂപപ്പെട്ട വളച്ചു വാതിൽ (arch) ആരെയും ആകർഷിക്കും. തിരയിറങ്ങുന്ന സമയത്തു മാത്രമേ അങ്ങോട്ട് കടക്കാൻ കഴിയുകയുളളൂ. അതിനാൽ ഞങ്ങൾ ഉച്ച ഭക്ഷണത്തിനു ശേഷമാണ് അവിടേയ്ക്ക് പോയത്. രാവിലെ മകനും ഭാര്യയും സ്കൂബാ ഡൈവിങ്ങിനു പോയി. എനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും പ്രായ പരിധി നിബന്ധന ഉണ്ടായിരുന്നതിനാൽ കഴിഞ്ഞില്ല. ദൂരെ നിന്ന് നോക്കിയാൽ ചളിപ്പാടമാണെന്ന് തോന്നും നാച്ചുറൽ ബ്രിഡ്ജ് കണ്ടാൽ. തിര പിൻവലിഞ്ഞ സമുദ്രഭാഗമാണിത്. പിങ്ക് നിറത്തിൽ കോറലുകളുടെ പാടമാണിത്. ഇടയ്ക്ക് പ്രകൃത്യാ നിർമ്മിതമായ വളച്ചു വാതിൽ. കോറൽപാടങ്ങളിൽ തലതല്ലുന്ന ശക്തികുറഞ്ഞ തിരകൾ. തിരക്കുഴികളിൽ പല നിറത്തിലുള്ള അലങ്കാര മത്സ്യങ്ങൾ. നീരാളി (octopus), കടൽ വെള്ളരിക്ക (Sea cucumber), സന്യാസി ഞണ്ട് (hermit crab ) കൂടാതെ മറ്റനേകം ജലജീവികളേയും ഇവിടെ കാണാൻ കഴിഞ്ഞു. രണ്ടാമത്തെ കോറൽ നിർമിത വളച്ചു വാതിൽ വിദൂരത്തിൽ കാണാമെങ്കിലും അത് സുനാമിയിൽ ഭാഗികമായി തകർന്നതായി പറയപ്പെടുന്നു. ആ ഭാഗത്തേയ്ക്കുള്ള യാത്രയും അഗമ്യമായി തോന്നി. നല്ല ഒരു ദൃശ്യാനുഭവമാണ് നാച്ചുറൽ ബ്രിഡ്ജ് നൽകുന്നത്. അസ്തമയം നാലരയ്ക്കാണെന്ന് അറിയാമെന്നതിനാൽ ഞങ്ങൾ നേരേ ലക്ഷ്മൺ ബീച്ചിലേയ്ക്ക് പുറപ്പെട്ടു. വഴിയോരത്ത് വില്പനയ്ക്കു വച്ചിരുന്ന ഇളനീരും അനേകജാതി പഴവർഗ്ഗങ്ങളുടെ ഫ്യൂഷനും കഴിച്ച് ഞങ്ങൾ പുറപ്പെട്ടു.
ലക്ഷ്മൺ ബീച്ച്, ഭരത്പൂർബീച്ച്
ലക്ഷ്മൺ ബീച്ചും വളരെ വൃത്തിയുള്ളതാണ്. കരപ്പുറത്തെ മണൽ പോലെ പഞ്ചസാര മണൽ നിറഞ്ഞ ( തരികൾ വളരെ നേർമ്മയുള്ളത്) കടലോരം. ഞങ്ങൾ ഇറങ്ങിയത് വടക്കുഭാഗത്തെ അഭിമുഖീകരിച്ചാണ്. അസ്തമയം കാണാൻ ഞങ്ങൾ പടിഞ്ഞാറേ തീരത്തേയ്ക്കു നടന്നു. കൈതയോലകൾ കൈകാട്ടി വിളിക്കുന്ന കടലോരത്തുകൂടി നടന്ന് ഞങ്ങൾ അസ്തമയ സൂര്യനെ മുഖാമുഖം കാണാൻ പാകത്തിലെത്തി ബീച്ചിൽ കമിതാക്കളുടെ ഫോട്ടോഷൂട്ടും കുട്ടികളുടെ കുട്ടിക്കരണം മറിച്ചിലും പട്ടികളുടെ ക്രീഡാ വിലാസവുമെല്ലാം കണ്ട് ഞങ്ങൾ അസ്തമയം കാത്തിരുന്നു. ഇടയ്ക്ക് മഴമേഘങ്ങൾ ഒളിച്ചു കളിച്ചതിനാൽ അസ്തമയം പൂർണ്ണമായ ചാരുതയിൽ കാണാൻ കഴിഞ്ഞില്ല. എങ്കിലും സാന്ധ്യ ശോഭയിൽ പശ്ചിമാംബരം പ്രലോഭനീയമായി നിൽക്കുന്നതുകണ്ട് ഞങ്ങൾ സംതൃപ്തരായി. ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് ധാരാളം സ്റ്റാളുകൾ ഓപ്പൺ മാർക്കറ്റ് രൂപത്തിൽ കണ്ടു. അവിടെ ആഹാര സാധനങ്ങൾ മുതൽ അലങ്കാരസാധനങ്ങൾ വരെ എന്തും ഏതും ലഭിക്കുന്നു. ഞങ്ങൾ ഒരു കേരള ഫുഡ് കിട്ടുന്ന കടയിൽ കയറി. അതിനുശേഷം, സമയം അതിക്രമിച്ചതിനാൽ ഞങ്ങൾ വാസസ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി.
രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഭരത്പൂർ ബീച്ചിലേയ്ക്ക് പോയി. കണ്ടതിൽ വച്ചേറ്റവും നല്ല ബീച്ചായിരുന്നു അത്. വേലിയിറക്കമായിരുന്നതിനാൽ വെള്ളത്തിൻ്റെ അളവ് കുറവായിരുന്നു. ഒരു കിലോമീറ്റർ വെള്ളത്തിലൂടെ നടന്നാലും അരയ്ക്കു താഴെ മാത്രമേ വെള്ളമുള്ളൂ. ഇടയ്ക്കിടയ്ക്കുള്ള പാറകൾ പ്രവിഴപ്പുറ്റ്) അലോസരമുണ്ടാക്കുന്നതൊഴിച്ചാൽ കുളിക്കാനും നീന്താനുമെല്ലാം വളരെ സൗകര്യപ്രദമാണ്. വാടകയ്ക്ക് കിട്ടുന്ന ക്യാൻവാസ്പായയിൽ കിടന്ന് കടൽക്കാറ്റ് കൊണ്ട് വിശ്രമിച്ച ശേഷം ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ പോർട്ട് ബ്ലയറിലേയ്ക്ക് യാത്ര തിരിച്ചു. നൗടിക കമ്പനിയുടെ ആഡംബര ക്രൂയ്സിൽ ഒന്നര മണിക്കൂർ എടുത്ത് ഞങ്ങൾ പോർട്ട് ബ്ലയറിലെത്തി. തിരക്കോള് കുറവെങ്കിലും കറുത്ത നിറത്തിൽ കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന കടൽ ഭീതിജനിപ്പിച്ചു. നേരം ഇരുട്ടിയിരുന്നു ആറുമണിയോടെ ഞങ്ങൾ പോർട്ട് ബ്ലയർ തുറമുഖത്ത് എത്തിച്ചേർന്നു. ടൂർ ഏജൻസി ഏർപ്പാടാക്കിയ വാഹനത്തിൽ ബ്ലൂ സീ എന്ന ഹോട്ടലിൽ എത്തി.
ആൻഡമാൻ -നിക്കോബർ ദ്വീപുകളുടെ തലസ്ഥാനമാണ് പോർട്ട് ബ്ലയർ. ആൻഡമാനെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ കോളനി ആക്കാൻ അവിശ്രമം
പ്രവർത്തിച്ച ലെഫ്റ്റനൻ്റ് ആർച്ചിബാൾഡ് ബ്ലയറിൻ്റെ പേരിൽ നിന്നാണ് പോർട്ട് ബ്ലയർ എന്ന പേരുണ്ടായത്.
മലയഭാഷയിലെ ഹണ്ടുമാൻ (ഹനുമാൻ) എന്ന വാക്കിൽ നിന്നാണ് ആൻഡമാൻ്റെ പദനിഷ്പത്തിയെന്ന് പറയപ്പെടുന്നു. 1956 ൽ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ഇവിടം സായുധസേനകളായ കര-നാവിക-വ്യോമ വിഭാഗങ്ങളുടെ സംയുക്ത നിയന്ത്രണത്തിലാണ്.
ഏഴര മുതൽ സെല്ലുലർ ജെയിലിലെ ലൈറ്റ് ആൻ്റ് സൗണ്ട് ഷോ കണ്ടു. സെല്ലുലർ ജെയിലിൻ്റെ ആവിർഭാവം മുതൽ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാടുകടത്തപ്പെട്ട ദേശീയ നേതാക്കളുടെ പീഡനവും കുരുതിയും ശബ്ദ വെളിച്ച സമ്മിശ്രണത്തിലൂടെ അവതരിപ്പിച്ചു കണ്ടു. 1942 മുതൽ 1945 വരെ, രണ്ടാം ലോക മഹായുദ്ധകാലയളവിൽ ഈ ദ്വീപ് ജപ്പാൻ്റെ നിയന്ത്രണം കൊണ്ടും നേതാജിയുടെ സന്ദർശനം കൊണ്ടും ശ്രദ്ധേയമായി. യുദ്ധാനന്തരം വീണ്ടും ഇവിടം ബ്രിട്ടീഷുകാരുടെ അധീനതയിൽ ചെന്നു ചേർന്നു. സ്വാതന്ത്ര്യാനന്തരം ഇത് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. സവർക്കറുടെ ധീരോദത്തമായ നിലപാടുകൾക്കു സാക്ഷ്യം വഹിച്ച ജയിലിൽ ജി.വി. പാന്തിൻ്റെ പേരിൽ ഒരു ആശുപത്രി കൂടി നിലവിലുണ്ട്.
ബർതാങ്
നൂറ്റിമുപ്പതു കിലോമീറ്റർ ദൂരമുള്ള ബർതാങ് ദ്വീപിലേയ്ക്കാണ് അടുത്ത ദിവസം രാവിലെ അഞ്ചു മണിക്കു തന്നെ ഞങ്ങൾ യാത്ര പോയത്. ആൻഡമാനെ ഭരണസൗകര്യത്തിനായി മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്. പോർട്ട് ബ്ലയർ തെക്കൻ ആൻഡമാനിലാണ്. ഇപ്പോൾ പോർട്ട് ബ്ലയറിൻ്റെ പേര് ശ്രീ വിജയപുരം എന്നാക്കി നാമകരണം ചെയ്തിട്ടുണ്ട് എങ്കിലും പോർട്ട് ബ്ലയർ എന്നു തന്നെയാണ് രേഖകളിൽ ഇപ്പോഴും വ്യവഹരിക്കപ്പെടുന്നത്. ജീർക്കതാങ് വരെയുള്ള ഭാഗത്ത് പരിശോധന ഇല്ലാതെ കടന്നു പോകാൻ കഴിയും. ജീർകതാങ്ങിൽ സുരക്ഷാ പരിശോധനകൾക്കു ശേഷം സായുധ പോലീസിൻ്റ അകമ്പടിയിൽ കോൺവോയി ആയി മാത്രമേ കടത്തിവിടുകയുള്ളൂ. കാരണം ആ ഭാഗം നിബിഡവനമാണ്. അവിടെ പ്രാക്തന ഗോത്രവർഗ്ഗത്തിലുള്ള രണ്ടായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്നു. ഝാർവാ വിഭാഗത്തിൽ പെട്ട ഇവർ വനാന്തർ ഭാഗത്ത് താമസിക്കുന്നവരെങ്കിലും ഭക്ഷ്യാവശ്യങ്ങൾക്കുള്ള സാധനങ്ങൾ ശേഖരിക്കാൻ റോഡിലേയ്ക്ക് വരിക പതിവാണ്. പൊതുവേ മറ്റു ഗോത്രക്കാരെ അപേക്ഷിച്ച് ശാന്തസ്വഭാവക്കാരെങ്കിലും അപൂർവ്വാവസരങ്ങളിൽ ഇവർ അപകടകാരികളാവാറുണ്ട്. ഇവർ കൈ കാണിച്ചാൽ നിറുത്തുകയോ കയറ്റുകയോ അവർക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്യരുതെന്ന് കർശനനിർദ്ദേശം ലഭിച്ചിരുന്നു. എങ്കിലും ചില കവചിതമല്ലാത്ത വാഹനങ്ങളിൽ ഇവർ പിടിച്ചുകയറുകയും ചരക്കു വണ്ടികളിൽ നിന്ന് സാധനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ യാത്രയിൽ, പോകുമ്പോഴും വരുമ്പോഴും ഇത്തരക്കാരെ കണ്ടു. കുട്ടികൾ ഉൾപ്പടെ ഒരു കുടുംബം കലുങ്കിനുമുകളിൽ നായാട്ടുപകരണങ്ങളുമായി നില്ക്കുന്നതാണ് അങ്ങോട്ടു പോകുമ്പോൾ കണ്ടത്. തലയിൽ ഒരു ഹെഡ് ബാൻ്റും അരയിൽ നിറമുള്ള വസ്ത്രങ്ങളുമാണവർ ധരിച്ചിരുന്നത്. മേൽവസ്ത്രംഇല്ലായിരുന്നു. എന്നാൽ മടങ്ങി വരുമ്പോൾ മൂന്നു പേർ ഒരു ചരക്കു വാഹനത്തിന് മുകളിൽ കയറിയിരുന്ന് യാത്ര ചെയ്യുന്നത് കണ്ടു. അവർ കൂളിംഗ് ഗ്ലാസ്സു വച്ച് ജീൻസും ടോപ്പും പോലുള്ള ആധുനിക വേഷങ്ങൾ ധരിച്ചു കണ്ടു. പതിവായി കടന്നു പോകുന്ന ചരക്കു വാഹനങ്ങൾക്കും കൺസ്ട്രക്ഷൻ കമ്പനി വക വാഹനങ്ങൾ ഓടിക്കുന്നവർക്കും ഇവരെ നന്നായി പരിചയമുണ്ടെന്നു തോന്നുന്നു.
ഝാർവ വിഭാഗത്തിലുള്ളവരെ പോലെയല്ല, സെൻ്റിനലസ് വിഭാഗത്തിൽപെട്ടവർ. പുറംലോകവുമായി യാതൊരു സംസർഗ്ഗവും ഇല്ലാത്ത ഇവർ വടക്കു ഭാഗത്തുള്ള സെൻ്റിനൽ ദ്വീപിലാണ് അധിവസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു വിദേശ മിഷനറിയെ ഇവർ ഗളച്ഛേദം ചെയ്തു കൊന്ന് തല കടലോരത്ത് പ്രദർശിപ്പിച്ചുവെന്നും തല വീണ്ടെടുക്കാൻ ചെന്ന നേവി ഉദ്യോഗസ്ഥരെ
ആക്രമിച്ചുവെന്നും മറ്റും ഞങ്ങളുടെ വാഹനത്തിൻ്റെ ഡ്രൈവർ മണി പറഞ്ഞറിഞ്ഞു. മണിയുടെ കുടുംബം തമിഴ്നാട്ടിൽ വേരുകളുള്ളതാണ്.
ഏതാണ്ട് രണ്ടരയോടെ
ഞങ്ങൾ മിഡിൽ സ്റ്രൈറ്റിൽ (middle Strait) എത്തി. ദക്ഷിണ ആൻഡമാൻ ഇവിടം കൊണ്ടവസാനിക്കും.
ഇവിടെ നിന്ന് സ്വകാര്യ ബോട്ടിൽ ബർതാങ്ങിലേയ്ക്ക്. മിഡിൽ ആൻഡമാൻ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ബർതാങ്ങിൽ നിന്ന് അരമണികൂർ യാത്ര ചെയ്ത് ഞങ്ങൾ ഒരു കണ്ടൽവനത്തിലെത്തി. അവിടെ നിന്ന് വനത്തിനു നടുവിലൂടെ നടന്ന്, ഏകദേശം രണ്ടു കിലോമീറ്റർ താണ്ടി ഞങ്ങൾ ചുണ്ണാമ്പുകല്ലു (Lime stone) ഗുഹയിലെത്തി .
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഗൈഡ് വിശദമായി ഇത്തരത്തിൽ പ്രകൃതിദത്തമായ ഗുഹകൾ ഉണ്ടാകുന്നത് വിവരിച്ചു തന്നു. ഗുഹയുടെ ഉപരിഭാഗങ്ങളിലുള്ള മരങ്ങളുടെ വേരുകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളം ഗുഹയിൽ വെളിച്ചം തട്ടാതെ കാത്സ്യം കാർബണേറ്റ് ആയി മാറുന്നു. ഇവിടെ തന്നെ വെളുത്ത പാറകളും കറുത്ത പാറകളും കാണുന്നുണ്ട്. മുകളിൽ നിന്ന് സൂര്യപ്രകാശം ചെറുസുഷിരങ്ങളിലൂടെ വന്നു പതിക്കുക കാരണമാണ് കറുത്ത പാറയുണ്ടാകുന്നത്. കൂടാതെ സന്ദർശകർ സ്പർശിക്കുമ്പോഴും വെളുത്ത പാറ ഓക്സിഡേഷൻ സംഭവിച്ച് കറുത്ത പാറയായി മാറുന്നു. വെളുത്ത പാറയിൽ സിംഹം, പുലി, ഗണപതി, തൂക്കുവിളക്ക് (chandlier), കമ്ഴത്തി വച്ച താമര തുടങ്ങി പല തരത്തിൽ പാറ രൂപപ്പെട്ടിരിക്കുന്നത് കാണാം.
അനേകം അപൂർവ്വജാതി പക്ഷികൾക്കും ആവാസസ്ഥാനമാണ് ഇവിടത്തെ വനമേഖല. കഴുക വർഗ്ഗത്തിൽ പെടുന്നവ, മൂങ്ങ വർഗ്ഗത്തിൽ പെടുന്നവ, പരുന്ത്, എറിയാൻ മരം കൊത്തി, ആർഡമാൻ പച്ച പ്രാവ്, ആൻഡമാൻ നൈറ്റ് ഝാർ, വെള്ളത്തലയൻ കൊക്ക്, മരത്തത്ത, ആൻഡമാൻ ഡ്രോംഗോ തുടങ്ങിയവ ബർത്താങ്ങ് വനമേഖലയിൽ കാണാം. നിലമ്പൂർ ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ പരിധിയിലുള്ളതാണിതെല്ലാം.
ബർതാങ്ങിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് മഡ് വോൾക്കാനോകൾ. അഗ്നിപർവ്വതമെന്ന പോലെ ഭൂഗർഭത്തിൽ നിന്ന് ചളിമണ്ണ് സ്വാഭാവികമായിപമ്പ് ചെയ്യപ്പെട്ട് മുകളിലേയ്ക്കുയരുന്ന പ്രതിഭാസമാണിത്. രണ്ടു മൂന്നു പോയൻറുകൾ ഇത്തരത്തിൽ മാർക്ക് ചെയ്ത് സംരക്ഷിച്ചു പോരുന്നു.
ഉത്തര ആൻഡമാനിലേയ്ക്ക് ഞങ്ങൾക്ക് പോകാൻ പദ്ധതിയുണ്ടായിരുന്നില്ല. മായാബസാർ മുതലാണ് ഉത്തര ആൻഡമാൻ തുടങ്ങുന്നത്. ഡിജിലിപ്പൂർ എന്നൊരു സിറ്റിയും ഈ മേഖലയിലുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 737 മീറ്റർ ഉയരമുള്ള സാഡിൽ പീക്ക് (Saddle peak ) വടക്കേ ആൻഡമാനിലാണ്. ഇത് ഹൂഗ്ലീനദീമുഖത്തു നിന്ന് 901 കി.മീ. അകലെയാണ്.
ബർത്താങ്ങിൽ നിന്ന് ഏതാണ്ട് ഇരുന്നൂറോളം കിലോമീറ്റർ ദൂരത്താണിത്. രണ്ടരയോടെ ഞങ്ങൾ തിരിച്ച് മിഡിൽ സ്സ്റ്റ്രൈറ്റിൽ എത്തി മടക്കയാത്ര ആരംഭിച്ചു. ഏതാണ്ട് അഞ്ചു മണിയോടെ വാസസ്ഥലത്തെത്തി. നേരം വൈകിയതിനാൽ അന്ന് മറ്റു പരിപാടികൾക്ക് ഇറങ്ങിയില്ല.
സെല്ലുലർ ജെയിൽ

പ്രഭാത ഭക്ഷണത്തിനു ശേഷം 9 മണിക്ക് ഞങ്ങൾ ചരിത്ര പ്രസിദ്ധമായ സെല്ലുലർ ജെയിൽ സന്ദർശിക്കാൻ പോയി. മലപ്പുറത്ത് വേരുകളുള്ള അബ്ദുള്ള എന്നയാളെയാണ് ഞങ്ങൾക്ക് ഗൈഡ് ആയി കിട്ടിയത്. 1921 ലെ ഖിലാഫത്ത് സമരത്തിൽ നാടുകടത്തിയ ഒരാളിൽ നിന്നാണ് അബ്ദുള്ളയുടെ പൈതൃകത്തുടർച്ച. ആൻഡമാനിൽ ആദ്യം ജയിലുണ്ടായിരുന്നില്ല. കൊടുംകുറ്റവാളികളായി ചിത്രീകരിച്ച് വെടി വച്ചു കൊല്ലുകയും കല്ലു കെട്ടി കടലിൽ താഴ്ത്തുകയും തൂക്കിക്കൊല്ലുകയുമൊക്കെയാണ് ആദ്യം ചെയ്തിരുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം കലാപകാരികളെ നാടുകടത്താനായി കൊളോണിയൽ ഭരണം കണ്ടെത്തിയ സ്ഥലമാണ് ആൻഡമാനിലെ ഏകാന്ത ദ്വീപ്. ഇവിടെ ജയിൽ സ്ഥാപിക്കാൻ ആരംഭിച്ചത് 1896 ൽ ആണ്. അവസാനിച്ചത് 1906 ൽ . മൂന്നു കൊല്ലം കൊണ്ട് തീർക്കാൻ പദ്ധതിയിട്ടെങ്കിലും പത്തു കൊല്ലമെടുത്തു പണിപൂർത്തിയാകാൻ. പാറക്കെട്ടുകൾ നിരത്തിയുണ്ടാക്കിയ തറയിൽ, കല്ലുകൾ കുഴിച്ചെടുത്തതും അതുകൊണ്ട് നിർമ്മാണം നടത്തിയതും തടവുകാർ തന്നെയായിരുന്നു. മറ്റു നിർമ്മാണ സമഗ്രികൾ ബർമ്മയിൽ നിന്ന് കൊണ്ടുവരികയാണുണ്ടായത്. ഏഴ് ആരങ്ങളുള്ള ഒരു സൈക്കിൾ വീലിൻ്റെ ആകൃതിയിലായിരുന്നു നിർമ്മാണം. ഏതു ഭാഗത്തുനിന്നു നോക്കിയാലും തടവുകാരുടെ നീക്കങ്ങൾ മനസ്സിലാക്കുന്ന തരത്തിലായിരുന്നു നിർമ്മിതി. പ്രത്യേക വാച്ച് ടവർ, അഡ്മിനിസ്റ്റ്രേറ്റീവ് കാര്യാലയം, വർക്ക് ഷോപ്പ്, പ്രാർത്ഥനാമുറി, കൊലമുറി ( gallows ) തുടങ്ങിയവയെല്ലാം അതിൽ സജ്ജീകരിച്ചിരുന്നു. തടവുകാർക്കു തമ്മിൽ ആശയവിനിമയം ആവാത്ത തരത്തിലും വാതിൽപൂട്ടിലേയ്ക്ക് കൈയെത്താത്ത തരത്തിലും ഇടുങ്ങിയ, ഒരാൾക്കു മാത്രം താമസിക്കാൻ പറ്റുന്നതുമായ നിർമ്മിതിയാണ്. ഭക്ഷണസാധനങ്ങൾ വയ്ക്കാനുള്ള ദ്വാരമല്ലാതെ മറ്റു ജനലുകളൊന്നുമില്ല. തടവുകാരധികവും രാഷ്ട്രീയ തടവുകാരായിരുന്നു. സ്വാതന്ത്ര്യ സമരം, പല തരത്തിൽ പെട്ട രാഷ്ട്രീയ സംഘടനകളുടെയും വേറിട്ടുള്ള ആശയഗതിയും പ്രവർത്തനപദ്ധതികളും കൊണ്ട് രൂപപ്പെടുത്തിയതായിരുന്നു. അതിൽ മിതവാദികളും തീവ്രവാദികളുമുണ്ടായിരുന്നു. വിപ്ലവ സംഘടനകളും മുസ്ലിം സംഘടനകളുമുണ്ടായിരുന്നു. ബംഗാളിലേയും പഞ്ചാബിലേയും സ്വാതന്ത്ര്യ വാഞ്ഛുക്കളായ നേതാക്കളെ ഏറെയും ആൻഡമാൻ ജയിലിലാണ് പാർപ്പിച്ചത്. കേരളത്തിൽ 1921 ൽ നടന്ന ഖിലാഫത്ത് സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട മാപ്പിള കലാപകാരികളെ ഇവിടേയ്ക്കാണ് കൊണ്ടുവന്നത്. 1933 ൽ നടന്ന രാഷ്ട്രീയ തടവുകാരുടെ നിരാഹാര സമരത്തോടെയാണ് സെല്ലുലർ ജെയിലിലെ പീഡനങ്ങളുടെ കഥ പുറം ലോകമറിയുന്നത്. 33രാഷ്ട്രീയ തടവുകാരുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരം, തങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കും പീഡനങ്ങൾക്കുമെതിരെയായിരുന്നു. ഭഗത് സിംഗിൻ്റെ സഹചാരിയായിരുന്ന മഹാവീർ സിംഗ്, മോഹൻ കിഷോർ നമദാസ്, മോഹിത് മോയ്ത്ര തുടങ്ങിയവർ ബലാൽക്കാരമായി ഭക്ഷണം കഴിക്കുന്നതിനെ ചെറുത്ത് ജീവൻ വെടിഞ്ഞവരാണ്.
നിർബന്ധിത ജോലിയും ജോലി ചെയ്യാഞ്ഞാലുള്ള കൊടിയ പീഡനങ്ങളും തടവുകാരിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ഒരാൾക്ക് നിശ്ചിത എണ്ണം നാളികേരം കൊടുത്ത് അത് പൊളിച്ച് നിർദ്ദിഷ്ട അളവ് എണ്ണ എടുക്കണം എന്നതാണ് ഏല്പിച്ച ജോലിയെങ്കിൽ, അത് ചെയ്യാഞ്ഞാൽ ചാട്ടയടിയും മറ്റു ശിക്ഷകളും നൽകി. ആട്ടിയെടുക്കുന്നതിന് കൈ കൊണ്ട് തിരിക്കുന്ന ചക്ക് വർക്ക് ഷാപ്പിൽ സ്ഥാപിച്ചിട്ടുണ്ടാവും.
അതുപോലെ ചകിരി (നാളികേരത്തിൻ്റെ തൊണ്ട്) കൊണ്ട് കയറുൽപ്പന്നം ഉണ്ടാക്കാനുള്ള ജോലി, അതും നിർദ്ദിഷ്ട എണ്ണം കൊണ്ട് നിർദ്ദിഷ്ട അളവിൽ ചെയ്യണമെന്നാണ് ചട്ടം. തടവുകാരുടെ കാലുകളിൽ ചങ്ങലയും വളയവും ഉണ്ടാകും. ഇരുകാലുകളുടെയും ഇടയ്ക്ക് നീണ്ട ദണ്ഡ്. അതിൽ കോർത്ത ചങ്ങലയും വളയവും. അതുപിടിച്ചു കൊണ്ടു വേണം നടക്കാൻ. കൈകൾ പരസ്പരം ബന്ധിക്കാറില്ല.
ഇത്തരത്തിലുള്ള പീഡനങ്ങൾക്കെതിരായിരുന്നു ജയിൽ നിരാഹാരം.
1942 മുതൽ 1945 വരെ ജപ്പാൻ്റെ നിയന്ത്രണത്തിലായിരുന്നു ദ്വീപും ജയിലും.
ദ്വീപിൻ്റെ താല്ക്കാലിക ചുമതല ആസാദ് ഹിന്ദ് നേതാവായിരുന്ന നേതാവായിരുന്ന നേ
താജിയെ ഏൽപ്പിച്ചു.
1943 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് റോസ് ഐലൻ്റിൽ എത്തി ഇൻഡ്യൻ പതാക ഉയർത്തി. 1945 ൽ യുദ്ധാനന്തരം ബ്രിട്ടീഷുകാർ വീണ്ടും ദ്വീപിൻ്റെയും ജയിലിൻ്റെയും നിയന്ത്രണം ഏറ്റെടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. ദ്വീപ് നിവാസികൾക്കായി ജയിലിൻ്റെ ഒരു ഭാഗം ഗോവിന്ദ് വല്ലഭ പാന്തിൻ്റെ പേരിൽ ആശുപത്രിയായി രൂപാന്തരപ്പെടുത്തി. സെല്ലുലർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.
1996 ൽ കാലാപാനി എന്ന പേരിൽ മലയാള സിനിമ ഇവിടെ വച്ച് ചിത്രീകരിക്കുകയുണ്ടായി.
ജെയിലിലെ കൊടുംക്രൂരതകൾക്കും രാഷ്ട്രീയത്തടവുകാർ അനുഭവിച്ച യാതനകൾക്കും സാക്ഷിയായി ജയിൽ മുറ്റത്ത് ഒരു അരയാൽ മരമുണ്ടായിരുന്നു. എന്നാൽ 1998 ജൂൺ 28ാം തീയതിയിലെ രാവൊടുങ്ങിയപ്പോൾ അത് ഭരണകാര്യാലയം നിൽക്കുന്ന ഭാഗത്തേയ്ക്ക് കടപുഴകി വീണു. എന്നാലും അതേ സ്ഥാനത്ത് പുതിയ ഒരു ആൽമരം നട്ട് സംരക്ഷിച്ചു വരുന്നു.
രക്തസാക്ഷികളുടെ സ്മൃതികുടീരവും സ്വാതന്ത്ര്യസമരസേനാനികളുടെ സമൃതി മണ്ഡപവും അണയാത്ത ദീപശിഖയോടെ പ്രത്യേകമായി സംരക്ഷിച്ചു വരുന്നു.
സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കർ ഈ ജയിലിൽ പത്തു വർഷം ഏകാന്ത തടവുകാരനായി പാർത്തിരുന്നു. ഇൻഡ്യാ ഹൗസ്, ഫ്രീ ഇൻഡ്യ സൊസൈറ്റി തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ പ്രകീർത്തിച്ച് പുസ്തകമെഴുതിയതിൻ്റെ പേരിൽ 1910 ൽ സവർക്കറെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ തീരുമാനിച്ചു. അദ്ദേഹം കപ്പലിൽ നിന്ന് ചാടി രക്ഷപെട്ട് ഫ്രാൻസിൽ എത്തിയെങ്കിലും ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ബ്രിട്ടീഷുകാർക്ക് കൈമാറി. ജീവപര്യന്തം തടവിന് വിധിച്ച് അദ്ദേഹത്തെ സെല്ലുലർ ജയിലിൽ പാർപ്പിച്ചു. 1924 ൽ പത്തു കൊല്ലത്തെ ഏകാന്ത തടവുജീവിതത്തിൽ നിന്ന് അദ്ദേഹം മോചിതനായി.
ജ്ഞാതവും അജ്ഞാതവുമായ ആത്മാക്കളുടെ സ്പന്ദനങ്ങൾ അന്തരീക്ഷത്തിൽ ഇപ്പോഴും തങ്ങിനിൽക്കുന്നതായി തോന്നി. അവനവൻ ചിന്തവിട്ട് രാഷ്ട്ര ചിന്തയിൽ വ്യാപരിച്ചവർ, തങ്ങളുടെ അടിയുറച്ച വിശ്വാസത്തെ, തത്വ സംഹിതകളെ നെഞ്ചോടു ചേർത്തവർ, അറിയാതെ അകപ്പെട്ടു പോയ നിസ്സഹായർ ഇങ്ങനെ പരശ്ശതം ജീവാത്മാക്കൾ ആഹൂതി ചെയ്യപ്പെട്ട് മണ്ണ് മനുഷ്യത്വം മരവിച്ച, പരപഡനത്തിൽ ആനന്ദം കണ്ടെത്തിയ വിദേശികളും സ്വദേശികളുമായ ഉദ്യോഗസ്ഥർ ജീവിച്ചും മരിച്ചും അരങ്ങൊഴിഞ്ഞ വേദികൾ, രക്തം ചവച്ചു തുപ്പിയ തടവു മുറികൾ, സർവ്വതിനും സാക്ഷിയായ അശ്വത്ഥം. കട പുഴകിയെങ്കിലും കണ്ണി പൊട്ടി പടർന്നു നിൽക്കുന്നു, വരും തലമുറയ്ക്ക് ചരിത്രം ചൊല്ലിക്കൊടുക്കാൻ.
നിക്കോബർ
ഇവിടെ വരുന്നതുവരെ എൻ്റെ ധാരണ ആൻഡമാനും നിക്കോബാറും അടുത്തടുത്ത ദ്വീപുകളാണെന്നായിരുന്നു. എന്നാൽ ഇവ രണ്ടും 150 കി.മീ. വിസ്തൃതിയാർന്ന സമുദ്രപ്പാത്തിയാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. നിക്കോബർദ്വീപുകൾ ഇൻഡോനേഷ്യയിലെ സുമാത്രയിൽ നിന്ന് 150 കി.മീ. വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആൻഡമാൻ കടലാണ് ഇതിനെ തായ്ലൻ്റിൽ നിന്ന് വേർതിരിക്കുന്നത്. ഇൻഡ്യൻ ഉപദ്വീപിൽ നിന്ന് 1300 കി.മീ. ദൂരം വരും. തെക്കേ ഇൻഡ്യയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കുള്ള സഞ്ചാര പാതയിലാണ് നിക്കോബർ. 11-ാം നൂറ്റാണ്ടിൽ രാജേന്ദ്ര ചോളൻ ഒന്നാമൻ ചോളസാമ്രാജ്യത്തിനു വേണ്ടി ഈ ദ്വീപുകൾ കയ്യടക്കി. അവർ ആ ഭാഗത്തുകൂടി മലയാ തുടങ്ങിയ രാജ്യങ്ങളിലെത്തി. പിന്നീട് രാജേന്ദ്ര ചോളൻ രണ്ടാമൻ്റെയും കൂലോത്തുംഗൻ്റെയും കാലത്തും ഇതു തുടർന്നു. നിക്കോബർദ്വീപുകൾ പ്രധാന സമുദ്ര വ്യാപാര റൂട്ടിലാണ് നൂറ്റാണ്ടുകളായി സ്ഥിതി ചെയ്തിരുന്നത്. എന്നാൽ അതു സംബന്ധമായ രേഖകൾ കുറവാണ്. ടോളമിയുടെയും ഫാഹിയാൻ്റെയും മറ്റും കുറിപ്പുകളിലാണ്, പ്രധാനമായ വിവരങ്ങളുള്ളത്. ചോള രാജക്കന്മാർ ഇതിനെ നക്കവാരം എന്നു വിളിച്ചിരുന്നു. നഗ്‌നരുടെ നാട് എന്നാണ് തമിഴിൽ നിന്ന് കടം കൊണ്ട ഈ വാക്കിനർത്ഥം. അറബിയിലും ചീനയിലും ഇതിന് വ്യത്യസ്തമായ പേരാണുള്ളത്. 1755 ൽ ഡാനിഷ് ഈസ്റ്റ് ഇൻഡ്യ കമ്പനി നിക്കോബർദ്വീപിലെത്തി. എന്നാൽ മലേറിയ പൊട്ടിപ്പുറപ്പെട്ട് അനേകർ മരിച്ചതോടെ അവർ ദ്വീപു വിട്ടു. പിന്നീട് 1778 മുതൽ 1783 വരെ ഓസ്റ്റ്രിയൻ കോളനി രൂപീകൃതമായി. അവർ നിക്കോബറിന് തെരേസ ഐലൻ്റ് എന്നു പേരിട്ടു.
1858 ൽ ബ്രിട്ടീഷുകാർ പോർട്ട് ബ്ലയറിൽ കോളനി സ്ഥാപിച്ചതോടെ നിക്കോബർദ്വീപുകളും അവരുടെ നിയന്ത്രണത്തിലായി.
ജൈവമണ്ഡലം
ആൻഡമാൻ സമുദ്രത്തിൽ തന്നെയുള്ള ബാരൻ ഐലൻ്റിൽ സജീവമായ അഗ്നിപർവ്വതം ഉണ്ട്.
സസ്യജന്തു വൈവിദ്ധ്യങ്ങളാൽ പ്രത്യേകതയുള്ളതാണ് ആൻഡമാൻ-നിക്കോബർദ്വീപുകൾ. ചതുപ്പുകളിൽ കണ്ടലുകളും നിരപ്പു സ്ഥലങ്ങളിൽ തെങ്ങും മറ്റു സസ്യജാലങ്ങളും കാണാം. ഏതാണ്ട് പന്ത്രണ്ടുതരം കാടുകൾ ഈ മേഖലയിലുണ്ട്. നിത്യഹരിതവനം മുതൽ പുൽമേടുകൾ വരെ യുണ്ട്. ഇലപൊഴിയും മരങ്ങളുള്ള കാടുകൾ മുതൽ മുളങ്കാടുകൾ വരെയുണ്ട്. ഉപ്പുവെള്ളക്കാടുകൾ മുതൽ പരാദ സസ്യങ്ങളുടെ കാടുകൾ വരെയുണ്ട്. പർവ്വതനിരകളിലെ മരങ്ങളും കരപ്പുറത്തെ മരങ്ങളും ഇവിടെ കാണാൻ കഴിയുന്നു. ആരോഹിതസസ്യങ്ങളും വിവിധയിനം ഓർക്കിഡുകളും ഇവിടെയുണ്ട്.
2200 തരം സസ്യങ്ങൾ ആൻഡമാനിലുണ്ട്, അവയിൽ തന്നെ 1300 എണ്ണം വൻകരയിൽ ഇല്ലാത്തതാണ്. ഇതിൽ 200 എണ്ണം വംശനാശ ഭീഷണി നേരിടുന്നു. 200 തരം മരങ്ങൾ മര ഉരുപ്പടികൾക്ക് ഉപയോഗിക്കാവുന്നവയാണ്.
ഏതാണ്ട് 8300 തരം പുഷ്പങ്ങൾ. അതിൽ 1117 എണ്ണം വംശനാശ ഭീഷണിയിൽ.
64 തരം ഉരഗങ്ങൾ ഉണ്ട്. അതിൽ 32 എണ്ണം ഭീഷണി നേരിടുന്നവയാണ്.
55 സസ്തനികൾ. അതിൽ 32 എണ്ണം വംശനാശ ഭീഷണിയിൽ.
14 തരം വവ്വാൽ, 26 തരം എലികൾ അപകടകാരികളായ ആനകൾ ഇവയെല്ലാം ഇവിടെയുണ്ട്. കാട്ടുപന്നി, പുള്ളിമാൻ, കേഴമാൻ, കലമാൻ തുടങ്ങിയവയും ഉണ്ട്.
270 ഇനം പക്ഷികളിൽ 90 എണ്ണം ഭീഷണി നേരിടുന്നവയാണ്. 896 തരം ചിറകുള്ള പ്രാണികളുണ്ട്. 225 ഇനം ശലഭങ്ങളും.1350 തരം അകശേരുക്കളായ ജലജീവികളും ശംഖിനത്തിൽ പെട്ട ജീവികളും ഉണ്ട്. 200 തരം പവിഴപ്പുറ്റുകൾ വേറെയുമുണ്ട്. 1350 തരം മത്സ്യങ്ങൾ അവയിൽ തന്നെ 13 ഇനം ശുദ്ധജലമത്സ്യങ്ങളാണ്.
ആൻഡമാൻ ദ്വീപുകളിൽ 9 ദേശീയ പാർക്കുകൾ 96 വന്യജീവി സംരക്ഷണ കേന്ദ്രം ഒരു സസ്യ-ജന്തു സംരക്ഷണ മേഖല തുടങ്ങിയവയുണ്ട്.
ഇതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെയും ഇക്കോ ടൂറിസം വകുപ്പിൻ്റെയും വകയായി ചിലയിടങ്ങളിലെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇൻഡ്യയുടെ ഭാഗമാണെങ്കിലും വൻകരയിൽ നിന്നകന്ന് മറ്റൊരു ടെറിട്ടറി പോലെ കിടക്കുന്ന ഈ പ്രദേശത്തെ കണ്ടറിയാനും നമ്മുടെ ഭൂതകാലത്തിൻ്റെ തിരുശേഷിപ്പുകളും ചരിത്രസ്മാരകങ്ങളും കാണാനും ധീര രക്തസാക്ഷികളുടെ ചെറുത്തു നില്പിൻ്റെ ത്രസിപ്പിക്കുന്ന കഥകൾ കേൾക്കാനും ഈ യാത്ര കൊണ്ട് കഴിഞ്ഞു.
പടിഞ്ഞാറ് അറബിക്കടലിലെ ദ്വീപസമൂഹങ്ങളായ ലക്ഷദ്വീപ് കണ്ടപ്പോൾ മുതൽ മനസ്സിൽ കടന്നു കൂടിയ ആഗ്രഹമായിരുന്നു ആൻഡമാൻ കൂടി കാണണമെന്ന്. അത് സാധിതമായതിൻ്റെ ചാരിതാർത്ഥ്യത്തോടെയായിരുന്നു മടക്കയാത്ര.