Monday, 24 March 2025

അകക്കണ്ണിലെ നിറക്കാഴ്ചകൾ


അകക്കണ്ണിലെ നിറപ്പൂവുകൾ വിടർത്തുന്നതെന്താമോ ?

മിഴിക്കോണുകൾ കണ്ടെടുക്കാത്തതാം നിറക്കാഴ്ചകൾ താനോ?

മന:ചക്ഷുസിൽ തെളിഞ്ഞുകാൺമത്   ഇനിയെഴുതാത്ത കഥകളാം

അകശ്രോത്രങ്ങളിൽ മുഴങ്ങിനിന്നത്  ഇനിയും പാടാത്ത കവിതയാം


പുരിയിൽ നിന്നുമേ പുരിയിലേയ്ക്കു പോം കരിമേഘങ്ങളെ തടഞ്ഞത്രേ

അരിയ സന്ദേശം വിരഹിയാം യക്ഷൻ പ്രണയകാവ്യമായ് മൊഴിഞ്ഞത്.

പ്രകൃതിസൗന്ദര്യം കവിതയായി തൻ പ്രണയിനിയിൽ കണ്ടെടുക്കവേ

ഗിരിശൃംഗങ്ങളെ കുചകുംഭങ്ങളായ് കരുതി മാഴ്കിയ പുലരികൾ

ജലസമൃദ്ധമാം നദങ്ങളോമലിൻ വിലാസ ലോലമാം കുതിപ്പുകൾ

കടുത്ത വേനലിൻ വിരഹത്തീയതിൽ വരണ്ടുണങ്ങും കൈവഴികളെ

മഴകാത്തു കേഴും തടിനി തന്നുടെ മിഴിനീർച്ചാലായി നിനച്ചേവം

വരച്ചുകാട്ടുന്ന മഹിതമാം കാവ്യം വരപ്രസാദമായ് വസുധയ്ക്ക്

15.2.25