Thursday, 9 January 2014

vidhimrugangalkku oru unarthu pattu


 

വിധിമൃഗങ്ങൾക്ക്  ഒരു ഉണർത്തുപാട്ട്  
തോക്കിൻറെയാസുര ഗർജനം മാത്രമേ
കേൾപ്പതുള്ളിന്നീ രണാങ്കണ ഭുമിയിൽ
മാടുകളെപ്പോൽ മരിപ്പവർക്കായി
ചാവുമണിയൊച്ചയും കേൾപ്പാൻ കൊതിക്കൊലാ.

പ്രാർത്ഥനാശുശ്രൂഷയേകുവാൻ എന്തുള്ളൂ
തോക്കിൻ ചിലമ്പിച്ച തേട്ടലും പൊട്ടലും
പെട്ടെന്നൊരുക്കിയ ചാവുഗീതത്തിന്റെ
ശബ്ദമടഞ്ഞ പ്രതിദ്ധ്വനിയാകുമോ?

ഇല്ലൊരു പ്രാർത്ഥന
 ഇല്ല മണിനാദവും
ഇല്ലിനി കാപട്യ ദുഃഖ-
സംഗീതിക!
ചുറ്റിലും കേൾപ്പതു മറ്റെന്ത് ഭ്രാന്തമായ്
വീശിയെറിയുന്ന തീപ്പന്തിന്റെ ശീൽക്കാരം.

ദൂരെ ഗ്രാമങ്ങളിൽ നിന്നുവിളിപ്പതോ
ബ്യുഗിളിൻ ദീന വിലാപപ്പെരുക്കങ്ങൾ
നിത്യശാന്തിക്കായ്‌ ഉയർത്താൻ മെഴുതിരി
 വെട്ടം കരങ്ങളിൽ കുട്ടികളേന്തുമോ?

ഇല്ലവ, കണ്‍കളിൽ കത്തിനിൽക്കുന്നിതാ 
സ്വർഗ്ഗീയ ദൈവ വെളിച്ചം കണക്കിനെ
മഞ്ഞവെളിച്ചം മരവിച്ചുണങ്ങിയ പെണ്‍ -
കൊടിമാരുടെ ദുഃഖം പൊതിഞ്ഞവർ
സ്വന്തം മനസ്സിൻ ക്ഷമാർദ്രപുഷ്പങ്ങളെ
അന്ത്യയാത്രയ്ക്കായ്‌ ഒരുക്കി വയ്ക്കുന്നുവോ?
സന്ധ്യകളോരോന്നു വന്നിരുന്നീയിരുൾ വിരികളെ
മെല്ലവേ താഴ്ത്തും തമസ്സിനെയോരുവാൻ .
 
(വിൽഫ്രെഡ് ഒവെന്റെ anthem for doomed youth എന്ന കവിതയുടെ മൊഴിമാറ്റം )        
   

Monday, 6 January 2014

സൈരന്ധ്രി നിശബ്ദയാണ്‌



സൈരന്ധ്രി നിശബ്ദയാണ് .


വൾ  സൈരന്ധ്രി. നീലമേരുക്കളുടെ  ചരിവോരങ്ങളിൽ  ഗുപ്തനാമാവായി കഴിയുന്നവൾ  . ഇത് വിരാട രാജ്ഞി സുദേഷ്ണയുടെ ഇഷ്ടദാസി സൈരന്ധ്രി യല്ല . കീചകനിൽ  കാമാഗ്നി പടർത്തിയതും ഭീമനിൽ രാഗാവേശം നിറച്ചതും ഇവളല്ല.

ഇവൾ  നിശബ്ദയാണ്. നീലഗിരിയുടെ പടിഞ്ഞാറെച്ചരിവിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാട്. ചീവീടുകളുടെ ശബ്ദംപോലും  അന്യമാ യതിനാലാവാം ബ്രിട്ടീഷുകാർ  ഇവൾക്ക് സൈലന്റ്റ്‌ വാലി എന്ന വിളിപ്പേ രിട്ടത്.

വ്യത്യസ്തമായ ആവാസ വ്യവസ്ഥയുടെ അവസാനവാക്കാണ്‌ സൈരന്ധ്രി വനം. ഇന്നിപ്പോൾ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജന്തുവർഗങ്ങൾ, ഒരുപക്ഷേ ഇവിടെ കണ്ടെന്നിരിക്കാം. ഇവിടെ മാത്രം കണ്ടുവരുന്ന ജന്തുക്കൾ, സസ്യങ്ങൾ, ഉരഗങ്ങൾ,ജലജീവികൾ, വണ്ടുകൾ,ചിത്രശലഭങ്ങൾ എന്നിവ വേറെയും. നിത്യഹരിതമായ, പ്രകൃതിസന്തുലനപ്രധാനമായ ഈ മഴക്കാടുകൾ നാടിൻറെ സമ്പത്തും പ്രകൃതിയുടെ സംരക്ഷണഭിത്തിയുമാണ്. ഈ ഹരിതപ്രാകാരം തകർക്കാനും ഇവിടത്തെ നീരൊഴുക്കിന് കോണ്‍ക്രീറ്റ് തടവറ തീർത്ത് വൈദ്യുതോല്പാദനം നടത്താനും ആലോചിച്ചിരുന്നു. പ്രകൃതിയെപ്പറ്റിയോ പരിസ്ഥിതിയെപ്പറ്റിയോ, സഹജീവികളായ ചരാചരങ്ങളെപ്പറ്റിയോ യാതൊരു ആകുലതയുമില്ലാത്ത വികസനവാദികൾ, വികസനത്തിൻറെ ഷോർട്ട് കട്ട്‌ ആയി പാത്രക്കടവ് പദ്ധതിയെ കണ്ടു. സുഗതകുമാരിയെപോലുള്ള കവികളുടേയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള പരിസ്ഥിതി  ക്ലബ്ബുകളുടെയും ചെറുത്തുനിൽപ്പിന്റെ, മനക്കരുത്തിന്റെ മുന്നിൽ സർക്കാരിനു ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.

ഒരുകാലത്ത് മണ്ണാർക്കാട് മൂപ്പിൽനായരുടെ കൈവശമായിരുന്ന അട്ടപ്പാടി വനമേഖലയിലാണ് സൈരന്ധ്രി വനം. വനത്തിന്റെ ഉന്നത ശീർഷമായ കോഴിപ്പാറ മലമടക്കുകളിൽ നിന്ന് കുന്തിപ്പുഴ ഉറവം കൊള്ളുന്നു, സൈരന്ധ്രിയുടെ ചികുരഭാരത്തെ തലോടിക്കൊണ്ട് കുന്തി ഒഴുകുന്നു. കുന്തിപ്പുഴയുടെ ഉത്ഭവവും സൈരന്ധ്രിയിലെ വെള്ളക്കെട്ടും 1847  ൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സൈരന്ധ്രിയെയും പാത്രക്കടവിനെയും ബന്ധപ്പെടുത്തി പാത്രക്കടവ് ജലവൈദ്യുതപദ്ധതിക്കു രൂപം കൊടുത്തത് 1970 ൽ ആയിരുന്നു .അതിന് വിരാമമായതാവട്ടെ 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, സൈലന്റ്വാലി നാഷണൽ പാർക്ക്‌ പ്രഖ്യാപിച്ചതോടെ മാത്രം. 91 ച .കി.മി. ആണ് പാർക്കിന്റെ വിസ്തൃതി.

കുന്തിപ്പുഴയുടെ ഉറവ നീരെടുക്കുന്നത് കാണണമെങ്കിൽ സൈരന്ധ്രിയുടെ അവസാന പോയിന്റിൽ ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണഗോപുരത്തിൽ നിന്നു നോക്കിയാൽമതി. അകലെ നീലഗിരിയുടെ തെക്കു കിഴക്ക്‌ ഭാഗത്ത് തമിഴ്‌നാട് മേഖലയിലെ അപ്പെർഭവാനി മലകളിൽ നിന്ന് ഭവാനിപ്പുഴ ഒഴുകിയിറങ്ങുന്നത് ചൂണ്ടി ഗൈഡ് സൂചനനൽകിയെങ്കിലും പുകമഞ്ഞു കാരണം ദൃശ്യം വ്യക്തമായില്ല. ഭവാനിപ്പുഴ പടിഞ്ഞാറോട്ടൊഴുകി കേരളമേഖലയിലെ മുക്കാലിയിൽ എത്തി വീണ്ടും വടക്കുകിഴക്കേ ദിശയിലേക്കു പിന്തിരിഞ്ഞ് ഒഴുകുന്നു. ഏതാണ്ട് 25 കി.മി.ദൂരം അട്ടപ്പാടി മേഖലയെ സമ്പുഷ്ടമാക്കിക്കൊണ്ടാണ് ഇതിന്റെ ഗതി.

കുന്തിപ്പുഴയുടെ ബേസിൻ ആയ കോഴിപ്പാറ മലവാരത്തെ (സൈലന്റ് വാലിയെ ) 4 മേഖലകളായിട്ടാണ് വനം വകുപ്പ് തിരിച്ചിരിക്കുന്നത്.(1 ) പൂച്ചിപ്പാറ (2)വാളക്കാട്‌ (3)നീലിക്കൽ (4)സൈരന്ധ്രി എന്നിവയാണവ. മുക്കാലിയിൽ നിന്ന് 23 കി.മി.ആണ് സൈരന്ധ്രിയിലെ നിരീക്ഷണ ഗോപുരത്തിലേക്കുള്ള ദൂരം. താഴെ കുന്തിപ്പുഴയുടെ സഞ്ചാരഗതിയിൽ ട്രെക്കിംഗിനുള്ള സൗകര്യം ഉണ്ട്. കുന്തിപ്പുഴയുടെ കുറുകെ ഒരു തൂക്കുപാലം കാണുന്നുണ്ടെങ്കിലും അതിലൂടെ പ്രവേശനംനിരോധിച്ചിരിക്കയാണ്. ഉത്തുംഗമായ മലയുടെ പാർശ്വങ്ങളിൽ മഹാവടുക്കൾ തീർത്ത് ഡാം നിർമ്മാണം കുറേയേറെ മുന്നോട്ടു കൊണ്ടുപോയതായി കാണാൻ കഴിയുന്നു. പാത്രക്കടവു പദ്ധതിക്കുവേണ്ടി നിശബ്ദമായ ഈ താഴ്വാരത്ത് യന്ത്രഭീമന്മാരും തീയുണ്ടയും ഒട്ടേറെ അലോസരങ്ങൾ ഉയർത്തിയിരുന്നുവെന്ന് ഇത്രകാലം കഴിഞ്ഞിട്ടുകൂടി ബോദ്ധ്യപ്പെടുന്നു. നാഷനൽ പാർക്ക്‌ നിർമ്മിച്ചത്‌ കൂടാതെ 2002 ൽ 148 ച.കി.മി പ്രദേശം ബഫർസോണ്‍ ആയി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സൈരന്ധ്രി പൂർണമായും നിശബ്ദയായി.   

അനേകജാതി ജന്തുസസ്യജാലങ്ങളുടെ ആവാസമേഖലയാണ് സൈരന്ധ്രിവനം. മുതുകർ, ഇരുളർ തുടങ്ങിയ പ്രാക്തന ഗോത്രങ്ങൾ അട്ടപ്പാടി മേഖലയിൽ പലയിടത്തുമുണ്ട്. പണ്ട്
പശ്ചിമഘട്ടത്തിൽ  പരക്കെക്കണ്ടിരുന്ന പലയിനം ജന്തുക്കളും ഇപ്പോൾ ഇവിടെ മാത്രമേ കാണുന്നുള്ളൂ. മുപ്പത്തിനാലോളം അപൂർവ്വ സസ്തനികൾ ഇവിടെ കാണപ്പെടുന്നുവെന്നാണ് കണക്ക്.വംശനാശം വന്നുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങ് (ഹനുമാൻ കുരുങ്ങ് ), കരടി, കടുവ, കുറുക്കൻ, കരിമന്തി, കുട്ടിത്തേവാങ്ക് തുടങ്ങിയവ ഈ ഇനത്തിൽ പെടും. കൂടാതെ 150 തരം പക്ഷികൾ ഇവിടെ കാണപ്പെടുന്നു. അവയിൽ 16 എണ്ണം വംശനാശ ഭീഷണിയുള്ളവയാണ്.വിവിധതരം മൂങ്ങകൾ, മരംകൊത്തി, മരതകപ്രാവ്, പറക്കും അണ്ണാൻ തുടങ്ങിയവ ധാരാ ളമായി  കാണപ്പെടുന്നു.  ഇരുനൂറിലേറെ തരം ചിത്രശലഭങ്ങൾ സൈലന്റ് വാലിയിൽ കാണപ്പെടുന്നുവെന്നാണ് വനം വകുപ്പിൻറെ കണക്ക്.വർണ്ണവിസ്മയം തീർത്തുള്ള ചിത്രശലഭങ്ങളുടെ വിന്ന്യാസം മനസ്സിന് ഹൃദ്യമായ അനുഭവമാണ്‌.

വിവിധയിനം സസ്യങ്ങൾ ഇവിടെയുണ്ട്. അവയിൽത്തന്നെ ഉയർന്ന വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ തരംതിരുവുകൾ വേറെയും. മറ്റു പ്രദേശങ്ങളിൽ അന്യമായിക്കൊണ്ടിരിക്കുന്നതാണ് ഇതെല്ലാമെന്നതു ശ്രദ്ധേയമായ കാര്യമാണ്. ആയിരത്തോളം വരുന്ന പൂച്ചെടികൾ ഇവിടെ കാണപ്പെടുന്നുവെന്നു പറയുന്നുണ്ട്. പാറകളിൽ പറ്റിവളരുന്ന ഓർക്കിഡുകൾ തൊട്ട് പേരറിയാത്തവയും വർണ്ണക്കാഴ്ച ഒരുക്കുന്നതുമായ സസ്യജാലങ്ങൾ വരെ പൂച്ചെടികളുടെ കൂട്ടത്തിലുണ്ട്.

ഈറ്റക്കാടുകൾ അന്യാദൃശമായ കാഴ്ച തന്നെ. മുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു പ്ലാവ് മുത്തശ്ശിയെ അവിടെ കാണാൻ കഴിഞ്ഞു. അടിമുടി ഒരേവണ്ണത്തിലും ആയത്തിലും വളരുന്ന വെടിപ്പിലാവ്, മരങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമാണ്.ഇതിൻറെ തളിരില, സിംഹവാലൻ കുരങ്ങുകളുടെ പഥ്യാഹാരമാണ്. ഇവിടെ മരങ്ങൾ വെട്ടിയൊഴിവാക്കുന്നില്ല. വീണിടത്ത് തന്നെ കിടന്ന് ജീർണിച്ച്‌ മണ്ണോടുചേരും. മുള്ളുവർഗ്ഗത്തിൽപെട്ട   ഒരു കാട്ടുചെടി തമ്മിൽ പിണഞ്ഞ് വിചിത്രരൂപത്തിൽ കാണപ്പെട്ടു.

ഉഷ്ണമേഖലാ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന ജൈവവൈവിദ്ധ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ടുകൾ, തേളുകൾ, പഴുതാരകൾ തുടങ്ങി അട്ടകൾ വരെയുള്ളവയും അവയിൽ പെടും.മാരകമായ വിഷം സ്രവിപ്പിക്കുന്ന തേളുകളും പഴുതാരകളും ഈ വനത്തിലുണ്ട്. അട്ടകൾ കാഴ്ചയിൽ ചെള്ളിന്റെ വലിപ്പമേ കാണുകയുള്ളൂ. പുല്ലിലോ മണ്ണിൽ പറ്റിവളരുന്ന ചെടികളിലോ അവയുടെ സാന്നിദ്ധ്യം കാണാം. കാഴ്ച കാണാനുള്ള വ്യഗ്രതയിൽ ഓരം ചേർന്നു നടക്കുമ്പോൾ നാമറിയാതെ അത് നമ്മുടെ പാദങ്ങളിൽ കയറിക്കൂടും. രക്തം വാർന്ന് കാൽപാദങ്ങളിൽ പശിമ പുരളുമ്പോഴാണ് നാം അവയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നത്‌. അതുവരെ അറിയില്ല. അത്രയ്ക്ക് സൂക്ഷ്മമായാണ്, അതിന്റെ ഓപ്പറേഷൻ. ഉപ്പോ തീയോ ഉപയോഗിച്ചാണ്‌ അവയുടെ കടി വിടുവിക്കുന്നത്‌. അൽപം ഉപ്പുപൊടി വിതറിയാൽ അട്ടകൾ ചോരക്കട്ടകളായി മാറുന്നത് കാണാം. കാടുകയറുമ്പോൾ ഉപ്പോ തീപ്പെട്ടിയോ കയ്യിൽ കരുതുന്നതു നന്നായിരിക്കും.

സൈലന്റ് വാലിയിലെ ജൈവവൈവിദ്ധ്യം ഒറ്റനോട്ടത്തിൽ
1000 ഇനം        പുഷ്പലതാദികൾ
110  ഇനം         ഓർക്കിഡുകൾ
34    ഇനം         സസ്തനികൾ
200  ഇനം         ചിത്രശലഭങ്ങൾ
400  ഇനം         നിശാശലഭങ്ങൾ
128  ഇനം         ചീവീടുകൾ
150  ഇനം         പക്ഷികൾ (അവയിൽ തന്നെ 16 എണ്ണം     വംശനാശ ഭീഷണി-   യുള്ളത്.)

പശ്ചിമഘട്ടം ഇന്ത്യയുടെ നട്ടെല്ലാണ്. ഇപ്പോഴിതിനെ ലോക പൈതൃക പട്ടികയിൽ പെടുത്തിയിരിക്കുന്നു. എന്നാൽ പശ്ചിമഘട്ടത്തിന്റെ പലഭാഗങ്ങളും കയ്യേറ്റത്തിനും വനനശീകരണത്തിനും വിധേയമായിരിക്കുന്നുവെന്നാണ് പഠനങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.കോടതികൾ പോലും ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നു. പണ്ടുകാലത്ത് കാലക്ഷേപത്തിനും കൃഷിക്കും വേണ്ടിയുള്ള കുടിയേറ്റങ്ങളായിരുന്നെങ്കിൽ ഇന്ന് ഖനനത്തിനും റിസോർട്ടുകളുടെ നിർമാണത്തിനും മറ്റും വേണ്ടിയുള്ള വനം കയ്യേറ്റമാണ് നടക്കുന്നത്. ഇത്തരത്തിൽ വനം കയ്യേറ്റം തുടർന്നാൽ പശ്ചിമഘട്ടവും നമ്മുടെ നീലഗിരിക്കുന്നുകളുമെല്ലാം നാശോന്മുഖമാകും. അത് നമ്മുടെ ജൈവഘടനയെ മാറ്റിമറിക്കും. കാലാവസ്ഥയെത്തന്നെ ബാധിക്കും. പാരിസ്ഥിതികമായ ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കും.കേരളത്തിൽ തന്നെ 45000 ഏക്കർ വരുന്ന സ്ഥലം കയ്യേറ്റക്കാരുടെ കയ്യിലാണെന്നത് നമ്മെ ഭയപ്പെടുത്തുന്നു.

പശ്ചിമഘട്ടവും പൂർവഘട്ടവും കൂടിച്ചേരുന്നിടത്താണ് നീലഗിരി. താപ്തീനദി മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു, പശ്ചിമഘട്ട മലനിരകലൾ. പാലക്കാടു മുതൽ    തെക്കോട്ടുള്ള ഭാഗത്തെ സഹ്യപർവതം എന്നാണ് വിവക്ഷിക്കുന്നത്.

പാണ്ഡവരുടെ വനവാസവും അജ്ഞാതവാസവുമൊക്കെയായി ഈ പ്രദേശത്തിന് ബന്ധമുണ്ടെന്ന് ദൃഷ്ടാന്തങ്ങളിലൂടെ മനസ്സിലാകുന്നുണ്ട്. സമീപസ്ഥലമായ അരക്കുപറമ്പ് പാണ്ഡവരുടെ അരക്കില്ലവാസവുമായി ബന്ധപ്പെടുത്തി പറഞ്ഞുകേൾക്കുന്നു. കൂടാതെ ഭീമനാട്, ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങൾ വേറേയും. ജലവൈദ്യുത പദ്ധതിക്കായി പരിഗണിച്ചിരുന്ന പാത്രക്കടവ്, കുന്തീദേവി പാത്രം കഴുകിയ കടവ് ആയിരുന്നുവെന്നും പഴമക്കാർ വിശ്വസിക്കുന്നു. ഐതിഹ്യത്തിന്റെ പൊരുളുകൾ പൊരുളുകളായിത്തന്നെ അവശേഷിക്കുമ്പോഴും സൈരന്ധ്രീവനത്തിന്റെ സൌമ്യശാന്തത ദൃഷ്ടാക്കൾക്ക് തെളിവാർന്ന കാഴ്ചയാണ്; ഹൃദ്യതരമായ അനുഭവമാണ്. ജീവജാലങ്ങളും അവയുടെ അജൈവ പരിസ്ഥിതിയും ഉൾകൊള്ളുന്ന സ്വയംപര്യാപ്ത വ്യവസ്ഥയാണ് സൈലന്റ് വാലിയിലുള്ളത്. ഉല്പാദകരായ ഹരിതസസ്യങ്ങളും ഉപഭോക്താക്കളായ ജന്തുക്കളും വിഘടനകാരികളായ ബാക്ടീരിയകളും ഫംഗസുകളും മുഖ്യ ഘടകങ്ങളായി ചേർന്നുള്ള ഒരു ആവാസവ്യവസ്ഥ ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഇത് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു, ഭക്ഷ്യശൃംഘല രൂപപ്പെടുത്തുന്നു.

സൈലന്റ് വാലിയെ നാലു മേഘലകളാക്കി തിരിച്ചാണ് അതിന്റെ സംരക്ഷണം സാദ്ധ്യമാക്കുന്നത്. മൃഗവേട്ടക്കാർക്കും അനധികൃത കൃഷിക്കാർക്കുമെതിരെ സദാ ജാഗരൂകരാകേണ്ടതുണ്ട്. ഇന്നിപ്പോൾ ബഫർ സോണ്‍ ആയി പ്രഖ്യാപിച്ചതോടെ സുരക്ഷിതത്വത്തിന് പുതിയ മാനങ്ങൾ തേടി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പഴുതടഞ്ഞതും പ്രായോഗികമായതും ഫലപ്രദമായതുമായ സുരക്ഷാരീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സൈലന്റ് വാലി എന്നത് പ്രകൃതിസ്നേഹികളുടെ ഹൃദയമന്ത്രം ആയതിനാൽ സന്നദ്ധപ്രവർത്തനങ്ങളും സഹകരണ മനോഭാവത്തോടെയുള്ള പദ്ധതിആവിഷ്കരണവും ചെയ്യാൻ കഴിയുന്നുണ്ട്. വനം വകുപ്പിനോട്‌ ഒത്തുചേർന്ന് ഇവിടെ പ്രവർത്തിക്കാൻ ഒരു ഇക്കോ ഡവലപ്മെന്റ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതി ക്യാമ്പും പരിസ്തിതി പഠനക്ലാസ്സും  ഒക്കെയായി     ആളുകളിൽ അവബോധം വളർത്താൻ ഈ കമ്മറ്റിക്ക് കഴിഞ്ഞു.ജൈവവൈവിദ്ധ്യത്തെക്കുറിച്ച്, പരിസ്ഥിതി ആഘാതത്തെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്, മഴക്കാടുകളുടെ പ്രാധാന്യത്തെപ്പറ്റി നിരന്തരമായി പ്രചരിപ്പിക്കുകയും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നത് വളരെ ഗുണകരമായി തീർന്നിരിക്കുന്നു. ഇവിടത്തെ ടാക്സി ജീപ്പുകളിലെ ഡ്രൈവർമാർക്കുപോലും പരിസ്ഥിതി അവബോധവും സൈലന്റ് വാലിയുടെ പ്രത്യേകതയും സൂക്ഷ്മമായി അറിയാമെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങൾ ഇത്തരത്തിൽ ബോധാവാന്മാരാവുമ്പോഴാണ് നമ്മുടെ പ്രകൃതി സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ ഭാവി ഭദ്രമാകുന്നത്. പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതചര്യയുടെ ഭാഗമായി കണക്കാക്കേണ്ടിയിരിക്കുന്നു.