Saturday, 9 November 2024

ചിക്കമംഗലൂരിലെ രാപ്പകലുകൾ


ഗ്രീഷ്മതാപം ഉയർന്നുയർന്ന് 42 ഡിഗ്രി വരെ എത്തിയതോടെയാണ് ഒരു യാത്രയെ കുറിച്ച് ആലോചിച്ചത്. മകനും ഭാര്യയും ഏറെക്കാ
ലമായി ക്ഷണിക്കുന്നു. ഭാര്യയുടെ സ്കൂൾ, പൂരം, വിഷു അങ്ങനെ ഓരോ കടമ്പകൾ. ഇത്തവണ ഏതായാലും ഞങ്ങളും വരാമെന്ന് പറഞ്ഞ് ബാംഗളൂരിലേയ്ക്ക് യാത്രയായി.


പൂന്തോട്ട നഗരത്തിലും മെർക്കുറി വിതാനം ഉയരുന്നതു കണ്ടു കൊണ്ടാണ് വാരാന്ത്യത്തിൽ ചിക്കമംഗലൂരിലേയ്ക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നത്. സത്യത്തിൽ കൂർഗിൽ പോകാമെന്ന് പറഞ്ഞാണ് മകനും ഭാര്യയും പ്രലോഭിപ്പിച്ചത്. അപ്പോഴാണ് വാരാന്ത്യo ആഘോഷിക്കാൻ നഗരത്തിലെ ടെക്കികളത്രയും തണുപ്പ് തേടി കൂർഗിലും മെർക്കാറയിലും എത്തിയെന്നറിയുന്നത്. റിസോർട്ടുകളും ഹോം സ്റ്റേകളും ഒന്നും ഒഴിവില്ല. ഒരു ഹോം സ്റ്റേ ഉടമ പറയുന്നു.
എനിക്ക് 60 ഹോം സ്റ്റേ ഉണ്ട്. പക്ഷേ ഒന്നും ഒഴിവില്ല. 
ഒടുവിൽ കൂർഗ് ഒഴിവാക്കി ചിക്കമഗലൂർ നോക്കി. അവിടെയും അവസ്ഥ തഥൈവ. ഒടുവിൽ മകൻ, ഒഴിവില്ലെന്ന് കണ്ടെങ്കിലും അവരുടെ നമ്പറിൽ വെറുതെ വിളിച്ചു നോക്കി. ഭാഗ്യത്തിന് രണ്ടു പേർക്ക് താമസിക്കാൻ കഷ്ടിച്ച് താമസമൊരുക്കാമെന്ന് പറഞ്ഞു. ഞങ്ങൾ ആണെങ്കിൽ നാലു പേരുണ്ട്. ഒടുവിൽ ഒരു മുറിയിൽ തന്നെ നാലു പേരും കഴിയാമെങ്കിൽ തരാമെന്നായി. കൂടെയുള്ളത് അച്ഛനുമമ്മയും ആണെന്ന് പറഞ്ഞപ്പോൾ അവരുടെ അർദ്ധസമ്മതം പൂർണസമ്മതമായി.
നഗരത്തിരക്കിൽ നിന്ന് പുറത്തുകടക്കാൻ തന്നെ രണ്ടു മണിക്കൂർ വേണ്ടി വന്നു. ഏതാണ്ട് ഏഴുമണിയോടെ ഞങ്ങൾ ചിക്കമഗലൂർ നഗരത്തിൽ എത്തി. ഹോം സ്റ്റേ വീണ്ടും 12 കി.മി. ദൂരെയെവിടെയോ ആണ്.  
ഗൂഗിൾ മാപ് സഹായിയായി. പ്രധാന റോഡിൽ നിന്നും ഇടത്തോട്ടും പിന്നീട് വലത്തോട്ടും ഒക്കെ തിരിഞ്ഞ് കാർ മുന്നോട്ടു നീങ്ങി. പാതകൾ വീതി കുറഞ്ഞും വിജനമായും കാണപ്പെട്ടു. ഇരുപുറവും കാടാണ്. ഇടയ്ക്ക് ചിലയിടങ്ങളിൽ അരണ്ട വെളിച്ചവും ഹോം സ്റ്റേ ബോർഡും കാണാം. പക്ഷേ ഞങ്ങളുടേത് ഇപ്പോഴും കാണാമറയത്തു തന്നെ. വീണ്ടും മുന്നോട്ടു ചെല്ലുന്തോറും നായ്ക്കളുടെ ബഹളം കൂടി വന്നു. റോഡിൽ ആളനക്കമോ വാഹനപ്പെ രുമാറ്റമോ ഇല്ല. അതാ മുന്നിൽ ജെ. സി.ബി പോലൊരു വാഹനം വഴി മുടക്കി നിൽക്കുന്നു. അല്ലെങ്കിൽ തന്നെ റോഡിന് വീതിയില്ല. കുറച്ചു സമയം കാത്തു കിടന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഇടവഴിയിലൂടെ മൂന്നു നാലു പേർ വന്നു. ഡ്രൈവർ വണ്ടി പരമാവധി ഓരം ചേർത്ത് ഒരുക്കിതന്നു. വളരെ വിഷമിച്ചെന്നോണം ഞങ്ങൾ കടന്നു കൂടി . കുറച്ചു കൂടിയേ മുന്നോട്ടു പോകേണ്ടി വന്നുള്ളു. അരണ്ട വെളിച്ചത്തിൽ ഒരു ഗേറ്റ് കാണാം. മുകളിൽ ചെറിയ ഒരു ബോർഡുo.
സത്യസായി ഹോം സ്റ്റേ. ഗേറ്റ് സ്വയം തുറന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഏതാണ്ട് 10 0 മീറ്റർ ഉള്ളിലായി പഴയ ഒരു വീട്. എത്ര കാറുകൾക്ക് വേണമെങ്കിലും പാർക്കു ചെയ്യാവുന്ന വിശാലമായ മുറ്റം. അത് സിമന്റ് ചെയ്ത് ഉറപ്പിച്ചത്. പഴമയും പ്രൗഢിയും വിളിച്ചോ തുന്ന ഇരു നില വീട്. വയനാട്ടിലേയും മറ്റും പഴയ ജന്മിഗൃഹത്തെ ഓർമിപിച്ചു.
ഞങ്ങൾ കാറിൽ നിന്നിറങ്ങും മുൻപു തന്നെ ഒരു മദ്ധ്യവയസ്ക്ക വന്ന് ഞങ്ങളെ സ്വീകരിച്ചു. നല്ല ഇംഗ്ലീഷിൽ ഞങ്ങളെ വിഷ് ചെയ്ത് അകത്തോട്ട് ആനയിച്ചു. അവർ കൂടി താമസിക്കുന്ന പ്രധാന കെട്ടിടത്തിലെ ഒരു മുറിയാണ് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. ചിക്കമഗലൂരിലെ തനത് കോഫിയുടെ സ്വാദ് പകർന്നുകൊണ്ട് അവർ ഞങ്ങളെ പരിചയപ്പെട്ടു. ഞാനും ഭാര്യയും കൂടാതെ മകനും മരുമകളും. ഫ്രഷ് ആയ 
ശേഷം രാത്രി ഭക്ഷണം കഴിക്കാൻ പോന്നു കൊള്ളാൻ പറഞ്ഞ് അവർ അകത്തേക്ക് പോയി. മാന്യവും അന്തസുറ്റതുമായ അവരുടെ ആതിഥ്യം ഞങ്ങളെ ആകർഷിച്ചു.
അവിടെ ഞങ്ങളെ കൂടാതെ ഏഴോ എട്ടോ ഫാമിലി കൂടിയുണ്ട്. ആകെ ഇരുപത്തഞ്ചോ ളം പേർ. ചപ്പാത്തിയും വെജിറ്റബിൾ കറിയും ചിക്കൻ കറിയും കൂടെ സാലഡും. സ്വാദിഷ്ടമായ ഭക്ഷണം. അടുക്കളയിലും ഞങ്ങളെ സ്വീകരിച്ച സ്ത്രീ തന്നെയാണ്. സഹായിക്കാൻ അകത്ത് ഒരാൾ കൂടിയുണ്ട്. ഭക്ഷണ ശേഷം പൂമുഖത്തും മുറ്റത്തുമായി ഞങ്ങൾ സംസാരിച്ചിചിരുന്നു. പഴമയുടെ ഗരിമ വിളിച്ചോതുന്ന ഫർണിച്ചറുകൾ, പാത്രങ്ങൾ,കൽപാത്തികൾ, ആട്ടുകട്ടിലുകൾ , ആമ്പൽ തൊട്ടി അങ്ങനെ പലതും. മുറ്റത്തിന്റെ വശങ്ങളിൽ പൂവിട്ടുനിൽക്കുന്ന കാപ്പിച്ചെടികൾ . ശരിക്കും ഒരു കാപ്പിത്തോട്ടത്തിന്റെ നടുവിലായാണ് ഈ സ്റ്റേ ഹോം. ഞങ്ങൾ കണ്ട മദ്ധ്യവയസ്ക്കയും മകളും ചേർന്നാണ് ഈ സംരംഭം നടത്തുന്നത്. സഹായിക്കാൻ രണ്ടു ജോലിക്കാരും. അവരുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മകൾ ഏതോ ഐ ടി. സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വർക്ക് ഫ്രം ഹോം ആയതിനാൽ സ്റ്റേ ഹോമും കൂട്ടത്തിൽ നടക്കും. അമ്മ സ്ഫുടമായി കലർപ്പില്ലാത്ത ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ , മകൾ അമ്പഴങ്ങ വായിലിട്ട് സംസാരിക്കുന്നതുപോലെ. 
50 ഏക്കർ വരുന്ന കാപ്പിത്തോട്ടം. കാവലിനായി 3 നായ്ക്കൾ. 2 എണ്ണം ഡാഷ് ഇനത്തിലുള്ളതും മറ്റൊന്ന് ജർമൻ ഷെപ്പേഡും . തോട്ടത്തിൽ അതിക്രമിച്ചു വരുന്ന കുരങ്ങൻമാരേയും മറ്റു ജന്തുക്കളേയും തുരത്താൻ ഇവർ ധാരാളം. 
പിറ്റേന്ന് പരമാവധി സ്ഥലങ്ങൾ കാണണമെന്ന ധാരണയിൽ ഞങ്ങൾ നേ
രത്തേ ഉറങ്ങാൻ തുടങ്ങി.



അതിരാവിലെ പുറപ്പെടണമെന്ന് കരുതിയെങ്കിലും തട്ടിക്കൊട്ടി ഒരുങ്ങിയിറങ്ങിയപ്പോഴേയ്ക്കും 7 മണിയായി.
പ്രഭാതഭക്ഷണം കഴിച്ച് ദൂരം കൂടുതലുള്ള ബുദൻ ഗിരിയിലേയ്ക് തിരിച്ചു. ടൗണിൽ നിന്ന് ഏതാണ്ട് നാല്പതു കി.മി. വടക്കു മാറിയാണ് ബുദൻഗിരി. ഇൻഡ്യയിലേയ്ക്ക് ആദ്യം കോഫി കൊണ്ടുവന്നത് 16-ാം റ്നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി സന്യാസി വിഭാഗത്തിൽ പെടുന്ന ബാബ ബുദൻ ആണെന്ന് പറയുന്നു. വിശുദ്ധകർമം ചെയ്ത് പോരുന്ന വഴി യെമനിൽ നിന്ന് കൈവശപ്പെടുത്തിയ കാപ്പിച്ചെടിയുടെ വിത്ത് ഈ പുൽമേട്ടിൽ കുഴിച്ചിട്ടതാണ് പിൽക്കാലത്ത് ലോകോത്തര കോഫി ഇനമായി ഇൻഡ്യയിൽ പ്രകീർത്തിക്കപ്പെടുന്നത്. വൈഷ്ണവാംശത്തിൽ പെടുന്ന ദത്താത്രേയന്റെ പേരിൽ ദത്താത്രേയപീഠം എന്നും ഈ പുൽപ്രദേശം അറിയപ്പെടുന്നു. പശ്ചിമഘട്ട മലനിരകളിൽ മൂന്നു ഗുഹകളോടുകൂടിയ മലനിരയാണ് ബുദൻ ഗിരി . ഈ ഗുഹകൾ വിശുദ്ധമായിട്ടാണ് ഹിന്ദുക്കളും മുസ്ലീങ്ങളും കരുതുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1895 m ഉയരത്തിലാണ് ബുദൻഗിരി പുൽമേട് . ഇത് പടിഞ്ഞാറോട്ട് വ്യാപിച്ച് മുളയൻഗിരികുന്നുകൾ വരെ എത്തുന്നു. ഇവിടം സമുദ്രനിരപ്പിൽ നിന്ന് 1930 m ഉയരെയാണ് . കൂടാതെ 1830 m, 1810 m ഉയരത്തിലുള്ള മറ്റു രണ്ടു കുന്നുകൾ കൂടിയുണ്ട്. ഇവിടെയും നീലക്കുറിഞ്ഞി എല്ലാ പന്ത്രണ്ടു കൊല്ലം കൂടുമ്പോഴും പൂവിടുമെന്ന് അവിടത്തുകാർ പറയുന്നു. ഏറ്റവും അവസാനം പൂവിട്ടത് 2018 ൽ ആയിരുന്നുവത്രേ. ഇനി 2030 ൽ പ്രതീക്ഷിച്ചാൽ മതി പോലും. വിശാലമായ പുൽമേടും അവിടവിടെയുള്ള പ്രത്യേക തരത്തിലുള്ള ഒറ്റപ്പെട്ട പാറക്കല്ലുകളും പുകമഞ്ഞിന്റെ മൂടുപടമണിഞ്ഞു നിൽക്കുന്നത് നയനാഭിരാമമായ കാഴ്ചയാണ്.








വടക്കുപടിഞ്ഞാറ് ഭാഗത്തായി ഭദ്രാ വന്യമൃഗസങ്കേതം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.. അത് ആന, പുലി, കടുവ തുടങ്ങിയ മൃഗങ്ങളുടെ ആവാസമേഖലയാണത്രേ .
കാപ്പിത്തോട്ടങ്ങൾക്കു നടുവിലായി ഹെബ്ബാ വെള്ളച്ചാട്ടം ശ്രദ്ധയാകർഷിക്കുന്നതാണ്.
വനവും പുൽമേടുകളും പ്രകൃതിയണിയിച്ചൊരുക്കിയ മുത്തണിക്കുന്നുകളും കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമേയേകുന്നു.

ഏതാണ്ട് 16 കി. മി. സഞ്ചരിച്ച് ഞങ്ങൾ ഝാറി വെള്ളച്ചാട്ടത്തിലേക്കള്ള പ്രവേശന ഗേറ്റിലെത്തി. സ്വന്തം വാഹനത്തിൽ അങ്ങോട്ടേയ്ക് പോകാൻ കഴിയില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കരാർ നൽകിയ ജീപ്പുകൾ ഞങ്ങളെ ദുർഗമ പാതയിലൂടെ വളഞ്ഞും പുളഞ്ഞും മണ്ണിൽ പുതഞ്ഞും ഉയരത്തിൽ നിന്ന് കുത്തനെ ഇറങ്ങിയും അതുപോലെ കയറിയും അംഗോപാംഗം ത്രസിപ്പിച്ച് വെള്ളച്ചാട്ടത്തിനരികിലെത്തിച്ചു. അട്ടിഗുണ്ടി എന്ന സ്ഥലത്തുള്ള ഇതിന് ബട്ടർ മിൽക് ഫാൾസ് എന്നും പേരുണ്ട്. ദൂരെ നിന്നു തന്നെ പേരിനെ അന്വർഥമാക്കുന്ന തരത്തിൽ പതഞ്ഞ് തൈർ കുടം കമിഴ്ത്തിയ പോലെ  കുത്തനെ പതിക്കുന്ന ജലപാതം കണ്ട് ആശ്ചര്യപ്പെട്ടു. മലമുകളിൽ കയറിപ്പറ്റി വെ
ള്ളച്ചാട്ടത്തിന്റെ പ്രഭവ സ്ഥലത്തും കൂടാതെ ഇടയ്ക്ക് ഉള്ള മലമടക്കിലും സാഹസികരായ ചില സഞ്ചാരികൾ കയറിപ്പോകുന്നുണ്ട്. എന്റെ മകന് പാറക്കെട്ടിൽ പൊത്തിപ്പിടിച്ച് കയറാൻ കമ്പം തോന്നി. എന്നാൽ ഭാര്യ കർശനമായി വിലക്കിയതിനാൽ ആ ശ്രമത്തിൽ നിന്ന് ക്ഷണത്തിൽ പിൻവാങ്ങി.  ഒഴുകിയെത്തുന്ന വെള്ളമത്രയും ഒരു തടാകം പോലെ രൂപം കൊണ്ട ശേഷം ചെറു അരുവികളായി താഴോട്ടൊഴുകുന്നു. തടാകം പോലെയുള്ള ഭാഗത്തെ ഒറ്റക്കല്പാറയിൽ ഇരുന്ന് ഞങ്ങൾ തൃപ്തിയടഞ്ഞു.



നേരം വൈകിയതു കണ്ട് ഞങ്ങൾ മടങ്ങാൻ തുടങ്ങി. ശാർക്കരകണ്ടകദുർമാർഗ രഥ്യയിലൂടെ ഞങ്ങൾ കാർ നിർത്തിയ പോയന്റിൽ എത്തി. റോഡാകെ ബ്ലോക്കായിരിക്കുന്നു. വശങ്ങളിലുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഗതാഗതം തടസ്സപ്പെടുത്തുന്നു. ഒരു ചെറിയ മഴ കൂടി പെയ്തതോടെ  അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങൾ നീങ്ങാതായി. ഒട്ടേറെ സമയമെടുത്തു തന്നെ ഞങ്ങൾ നഗരത്തിലും തുടർന്ന് ഹോം സ്റ്റേയിലുമെത്തി. അത്താഴം കഴിച്ച് ഫയർ സ്പോട്ടിൽ കുറച്ച് സമയം ചെലവഴിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് മടങ്ങി. അടുത്ത ദിവസം നാട്ടിലേയ്ക് മടങ്ങിപ്പോകണം. പോകുന്ന വഴിയുള്ള തടാകവും ബേലൂരിലെ ചെന്ന കേശവേ ക്ഷേത്രവും   സന്ദർശിക്കണമെന്ന് കരുതി അന്നത്തെ ദിവസം കഴിച്ചു കൂട്ടി.

പ്രഭാതഭക്ഷണത്തിനൊന്നും നിൽക്കാതെ ഞങ്ങൾ രാവിലെ തന്നെ പുറപ്പെട്ടു. ബേ
ലൂർ സന്ദർശനം കഴിയുമ്പോൾ തന്നെ 10 മണിയാകും. ക്ഷേത്രങ്ങളിൽ കയറിയാൽ പിന്നെ എന്റെ സഹധർമിണിയെ പുറത്തെത്തിക്കുക ദുഷ്കരമാണ്. നാടുപിടിക്കാൻ വീണ്ടും ഒരു 9 മണിക്കൂർ കൂടി വേണം.
ചിക്കമഗലൂരിൽ നിന്ന് ഏതാണ്ട് 50 കി.മി. ദൂരെയാണ് ബേലൂർ.  ഇത് ഹസ്സൻ ജില്ലയിൽ പെടുന്നു. ബേലൂരിലെ ചിന്ന  കേശവ ക്ഷേത്രം അതി പുരാതനമാണ്. ഹോയ്ശാല സാമ്രാജ്യത്തിന്റെ ക്ഷേത്രനിർമാണ ചാതുരിയുടെ ഉത്തമ നിദർശനമാണിത്. 12-ാം നൂറ്റാണ്ടിൽ ഹോയ്ശാല സാമ്രാജ്യത്തിലെ പ്രബലനായ വിഷ്ണുവർദ്ധനൻ യാഗദി നദീതീരത്ത് പണികഴിപ്പിച്ചതാണ് ഈ വിഷ്ണു ക്ഷേത്രം. രാമാനുജാചാര്യരുടെ വൈഷ്ണവ പ്രസ്ഥാനത്തിലാകൃഷ്ടരായ ഹോയ്ശാല രാജാക്കന്മാർ കരിങ്കല്ലിൽ തീർത്ത വിസ്മയമാണ് ഈ മനോഹര നിർമ്മിതി . വിദഗ്ധരായ ശില്പികളെ കൊണ്ടുവന്ന് താമസിപ്പിച്ച് 103 വർഷം കൊണ്ട് പണി കഴിപ്പിച്ച് 1117ൽ സമർപ്പിച്ചതാണ് ഈ ക്ഷേത്രം.
ഹോയ്ശാല രാജാക്കന്മാർ തികഞ്ഞ വിഷ്ണുഭക്തന്മാരായിരുന്നു. 1000 CE മുതൽ 1346 CE വരെയായിരുന്നു ആ സാമ്രാജ്യം നിലനിന്നത്.  14-ാം നൂറ്റാണ്ടിൽ ഡൽഹി സുർത്താനായിരുന്ന അലാവുദീൻ കിൽജിയുടെ സേനാനായകനായിരുന്ന മാലിക് കാഫിർ , ഹോയ്ശാല സാമ്രാജ്യത്തെ ആക്രമിച്ചു കൊള്ള ചെയ്തു. പിന്നീട് ഇത് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി.

ഹോയ്ശാല സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു , ബേലൂർ . വിജയനാരായണ ക്ഷേത്രം പ്രധാന ക്ഷേത്രവും തൊട്ടടുത്തു തന്നെ ചെന്ന കേശവക്ഷേത്രമെന്ന മറ്റൊരു ക്ഷേത്രവുമായിരുന്നു. എന്നാൽ ഇന്ന് രണ്ടും ചേർത്തുള്ള ക്ഷേത്രസമുച്ചയത്തെ ചെന്ന കേശവക്ഷേത്രമെന്നാണ് പറയുന്നത്. ചെന്ന  കേശവനെന്നാൽ അലങ്കാര കൃഷ്ണൻ എന്നാണ് അർത്ഥം. വിജയനാരായണ ക്ഷേത്രo വിഷ്ണുവർദ്ധനൻ എന്ന രാജാവും രണ്ടാമത്തേത് അദ്ദേഹത്തിന്റെ ധർമ്മപത്നി ശന്തലാ ദേവിയും സമർപ്പിച്ചതായാണ് പറയപ്പടുന്നത്. ക്ഷേത്രഭിത്തിയിൽ പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം കൊത്തിവച്ചിരിക്കുന്നു. കല്ലിൽ കൊത്തിയ കവിതയായി ഇന്നും അവ ശേഷിക്കുന്നുവെന്നതാണ് അത്ഭുതം. കാരണം 14-ാം നൂറ്റാണ്ടിൽ ഈ സാമ്രാജ്യം ആക്രമിക്കപ്പെടുകയും ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഷ്ണു ഭഗവാന്റെ അവതാരകഥകൾ കല്ലിൽ ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഭാഗവതത്തിലേയും മഹാഭാരതത്തിലേയും കഥകളും കഥാസന്ദർഭങ്ങളും അചിരേണ ആലേഖനം ചെയ്തിരിക്കുന്നു. നരസിംഹാവതാരം, ഭഗവദ്ദൂത്, സീതാപഹരണം, ഗീതോപദേശം തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്.
വൈഷ്ണവർ ഇവിടം ഭൂലോക വൈകുണ്ഡമെന്നും ദക്ഷിണകാശിയെന്നുമൊക്കെ പറയുന്നു.
ഏതായാലും അന്യാദൃശമായ കൊത്തുപണികളാലും അനിതര സാധാരണമായ വാസ്തു ഭംഗി കൊണ്ടും ലോകശ്രദ്ധ നേടാൻ കഴിഞ്ഞു ഈ ക്ഷേത്രത്തിന് . അതിനാൽ തന്നെയാണ് UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഈ നിർമ്മിതി സ്ഥാനം പിടിച്ചത്.
കലയും ശാസ്ത്രവും നിർമാണ പടുത്വവും സമന്വയിക്കുമ്പോൾ  അതിൽ ഉൾചേർന്ന് സാമ്രാജ്യങ്ങളുടെ ജയാപജയങ്ങളുടെ വാഴ്ത്തുപാട്ടും നമുക്ക് കേൾക്കാൻ കഴിയും.



ഏതാണ്ട് പത്തരയോടെ ഞങ്ങൾ ബേലൂർ വിട്ടു. വീണ്ടും മൈസൂർ ഭാഗത്തേയ്ക്ക് പോകാൻ നിന്നില്ല. ഒരു വേള കുടക് മാടി വിളിച്ചെങ്കിലോ എന്ന ഭയം. കുട്ട, മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. ഒരു നല്ല അവധിക്കാലത്തിന്റെ സ്മരണകളുമായി.


  


Friday, 1 November 2024

ബുദ്ധൻ

ബുദ്ധൻ


തപിക്കും മനസ്സിൻ തപമാണു ബുദ്ധൻ

ജ്വലിക്കും വിളക്കിൻ വെളിച്ചത്തിളക്കം

മരിക്കാതിരിക്കാൻ തെളിക്കുന്ന രഥ്യ

പ്രശാന്തിക്ക് പര്യായവാക്കാണ് ബുദ്ധൻ



ചിന്തയ്ക്കു ശ്രേഷ്ഠത്വമുണ്ടെന്നിരിക്കിൽ

പ്രയത്നിക്കുമേ മർത്യനവനുള്ള കാലം

വാപീതടം വിട്ട് ആകാശമാർഗ്ഗേ

ആയുന്ന ഹംസങ്ങളാണെന്ന പോലെ

തേടും നിലം വിട്ട് മഹാലയങ്ങൾ

ശ്രേഷ്ഠത്വമാർജ്ജിച്ച ചിന്താസപര്യ


ചഞ്ചലം മനമെന്നാകിൽ

സംയമിപ്പതു ദുഷ്ക്കരം

അസ്വസ്ഥതയ്ക്കടിപ്പെട്ടാൽ

സംരക്ഷിപ്പതു സാഹസം

ആനന്ദത്തിൻ ശ്രോതസ്സ്

മനസ്സാണെന്നറിയുക

തച്ചൻ തടിയെയെന്നോണം

നിയന്ത്രിക്കുക മനസ്സിനെ


കൂരിരുൾ കാട്ടിലകപ്പെട്ടാൻ

കൊതിക്കും തിരിവിളക്കിനായ്

ലോകമാകെ എരിയുമ്പോൾ

ആനന്ദിപ്പവതെങ്ങനെ?



ഇന്ദ്രിയങ്ങൾക്കടിപ്പെട്ട്

സുഖത്തിൻ പൂവറുത്തീടിൽ

മരണം കൊണ്ടു പോയീടും

ഗ്രാമത്തെ മലവെള്ളമെന്ന പോൽ


ആർത്തിയിൽ നിന്ന് ദുഃഖമുണ്ടാം

ആർത്തിയിൽ നിന്ന് ആധിയും

ആർത്തിയും ആധിയും ചേർന്നാൽ

വ്യാധി മറ്റൊന്ന് തേടണോ?'


നമ്മൾ തന്നെ നമ്മൾക്ക്

ഉടയോരെന്നതറിഞ്ഞിടാം 

തിന്മ ചുറ്റിപ്പുണരുന്ന

സാലവൃക്ഷം പോലെയാവൊലാ


ക്ഷമയെന്നത് പരംബലി

നിർവാണം പരമനന്മയും

ആരോഗ്യം മഹാസ്വത്ത്

സംതൃപ്തി മഹാനിധി

ആത്മവിശ്വാസമെന്നെന്നും

മഹാമിത്രമതായിടും


സുഖത്തിൽ നിന്ന് ദുഃഖമുണ്ടാം

സുഖത്തിൽ നിന്ന് ഭയവുമേ

സുഖമുക്തി നേടുന്നാകിൽ

ഭയദുഃഖമൊഴിഞ്ഞു പോം


ഇന്നലെയുടെ ചിന്തയിൽ നി

ന്നിന്നുകൾ പിറകൊള്ളുന്നു

ഇന്നിൻ്റെ ചിന്തകൾ തന്നെ

നാളെയെ സൃഷ്ടിച്ചിടും

മനസ്സിൻ്റെ സൃഷ്ടി തന്നെ 

ജീവിതം എന്നതോർക്കുക

സ്വാതന്ത്യം ആർക്കുമേയില്ല

മരണത്തിൻ മുഷ്ടിയിൽ പെടും


തഥാഗതൻ അരുളുന്നു;

ധർമ്മപാതയിൽ വർത്തിക്കാൻ.


28.9. 2024

മരണത്തിൻ്റെ മണം


അണയാൻ തുടങ്ങും വിളക്കിൻ വെളിച്ചമോ

അലയുന്ന പോക്കുവെയിൽ വെട്ടമാണോ?

ഘനചിന്തയിൽ മനം ഇടനെഞ്ചിനുലയിലെ

കനലൂതിയെന്തോ തിരകയാണോ?


അഴലിൻ വഴികളിൽ നിഴൽ മാത്രമൊപ്പമായ്

 പിരിയാതെ കൂടെക്കഴിഞ്ഞ കാലം

മിഴികളിൽ ചിരിയുമായ്നിറനിലാപ്പാലുപോൽ

 തങ്കക്കിനാക്കൾ  നിറച്ചു നീയും



വിറയാർന്ന കൈകളാൽ നിന്നെതലോടുവാൻ

ഉഴറി ഞാൻ മൊഴിമുട്ടി നിന്ന നേരം

കരിപൂണ്ട മുഖവുമായ് മൗനം കുടിച്ചു നീ

എറിയുന്നു ക്രോധത്തിൻ രൗദ്രഭാവം


വിഷകാളിയൻ്റെ ഫണ,മെന്നപോൽവിരിയുന്ന

വിരലുകൾ വരുതിയിൽ വന്നിടാതായ്

കാൽ പിണച്ചോടക്കുഴലൂതുവാനാഞ്ഞ

കാലിച്ചെറുക്കനെ പോലെ ഞാനും

സപ്രമഞ്ചത്തിൽ കിടന്നിപ്രപഞ്ചത്തിനെ

ഇക്കൊച്ചു കെട്ടിൽത്തളച്ചു നിർത്തി


മരിയാതെ മരണം ഒരുക്കുന്ന നാഡീകോശ

പടുരോഗിയായി ഞാൻ വീണുപോയി

ഇനിയെന്തു ജീവിതം ഇനിയെന്തു മോഹവും

ഇതളുകൾ കരിഞ്ഞ പൂങ്കളികയായ് ഞാൻ 

സാന്ത്വനം നൽകാൻ പരിചരിക്കാനുമായ്

സന്നദ്ധ സേവകരെത്തുന്നു ഘോഷമായ്



ഖനിയുടെ നിശ്ശബ്ദതയേറ്റുന്നു ശ്രോത്രങ്ങൾ

മൊഴി വട്ടമെത്താത്തൊരധരങ്ങളും,

പുകമഞ്ഞുമൂടിയ പുറലോക കാഴ്ച്ചയ്ക്ക്

ഇത്തിരി വെട്ടം ചുരത്തുന്നു കണ്ണുകൾ

പുണ്യാഹവും പുംപുരീഷ്ടവും വേർതിരി

ച്ചറിയാനറയ്ക്കുന്നു മൂക്കിൻ്റെ വിഹ്വലത


അന്നനാളത്തിലേയ്ക്കാണ്ടിറങ്ങുന്നുവോ

ചെന്നിണം കേറും കുഴൽപോലെയൊന്നതാ

നാവിൻ രുചിഭേദമെന്നേ മറന്നു പോയ്

കട്വമ്ലവും മധുക്ഷീരവും ഒന്നു പോൽ.

അറിയാത്ത വേദനയനുഗ്രഹമെങ്കിലുമറി -

യുന്നു മരണത്തിൻ മണമെന്ന സത്യത്തെ.



*

നാഡീകോശമരണം= പാർക്കിൻസൺ രോഗം


9.10.24


കുമ്പസാരം

കുമ്പസാരം



അറിയാതെ ചെയ്തു പോയോരവിവേകമാണെന്നാലും

അതു നിൻ്റെ ജീവിതത്തെ കലുഷമാക്കി

അതിനു ഞാൻ നിമിത്തമായതു നീ മൊഴിഞ്ഞതില്ല

അത്രമേലിൽ നീയന്നെന്നെ പ്രണയിച്ചു പോൽ


പ്രണയത്തെ പ്രണയമായ് അറിഞ്ഞപ്പോഴകന്നു നാം

പലമട്ടിൽ പല കാലം കഴിച്ചു കൂട്ടി

അകനെഞ്ചു നുറുങ്ങവേ വിഷാദത്തിൽ വിഴിപ്പുമായ്

നിലയില്ലാക്കയത്തിൽ നീ മറഞ്ഞുപോയീ


അപരാധ ചിന്തകൊണ്ട് അന്ത:രംഗമശാന്തമായ്

അനുദിനം കാർന്നുതിന്നു പാപചിന്തകൾ

ഇന്ദ്രിയാനന്ദം തന്ന ആഗ്നേയമാം നിമേഷമേ

ആവുമെങ്കിൽ അംഗാരമായ് ദഹിപ്പിക്ക മേ

കാതലുള്ള മാമരത്തെ കാട്ടുതീയിൻ സ്ഫുലിംഗങ്ങൾ

കാറ്റിനൊപ്പം കടന്നെത്തി ഗ്രസിക്കുമ്പോലെ

കത്തി നിൽക്കും മെഴുതിരിക്കണ്ണിൽ നിന്നു മൊഴുകിയ

ചുടുനീരിൽ എൻ്റെ കണ്ണീർക്കണങ്ങൾ കാണാം

പാപി തൻ്റെ പങ്കിലമാം മാനസത്തെയുരുക്കുവാൻ

കാനോനിലെ ജലം കൊണ്ട് കഴുകയാണോ?


പണ്ടൊരിക്കലവിടുത്തെ പദതാരിലിതേ വിധം

പാപിയായ മറിയത്തിൻ കരൾ പുകഞ്ഞൂ

കണ്ണുനീരാൽ കുതിർത്തവൾ നാഥാ നിൻ്റെ പദം രണ്ടും

തൈലാഭ്യംഗം ചെയ്തു പിന്നെ പുണർന്നു നിന്നൂ

കൃപാവരം ചൊരിഞ്ഞങ്ങു പശ്ചാത്താപാൽ പ്രായശ്ചിത്തം

പാപമോചകമെന്ന് അരുളിച്ചെയ്തു

കുമ്പസാരകൂട്ടിൽ ഞാനും കമ്പിതമാനസനായ് നിൽപ്പൂ

കുറ്റമേറ്റു പറയുവാൻ, ക്ഷമിക്ക സർവ്വം

പാപത്തിന് ശമ്പളമായ് മരിക്കാൻ നീ വിധിക്കുകിൽ

പാപിയായ ഞാനോ പിന്നെ ഒടുക്കും ജീവൻ


25.9, 2024


Tuesday, 29 October 2024

വിശ്വദർശനം (പ്രകാശ ഗോപുരം)


പ്രകാശ ഗോപുരം കണക്കെയുജ്ജ്വലിച്ച
തേജസിൻ 
മഹൽ പ്രഭയിലിന്നു നമ്മൾ കാൺമു വിശ്വദർശനം
യുഗപ്രഭാവനായ കർമ്മ സൂര്യനാം മഹർഷിതൻ ദർശനത്തിലന്നു ലോകമൊന്നുപോൽ നമിച്ചതും
ചക്രവാത തുല്യനായ യോഗിവര്യനെന്നവർ
കർമ്മയോഗിയായ വേദദർശിയെ വിളിച്ചതും
ശങ്കരൻ്റെ ഭാഷ്യമുള്ളിലുണ്മയായ് തെളിഞ്ഞതിൻ
സത്തചേർത്ത് വിദ്യയാർന്ന് വേദസാരമാകയാൽ
ജീവനാർന്നുണർന്ന് ഹൃത്തിലറിവു നേടിയോർക്കുക 
ശാന്തിപാഠമെന്ന വിശ്വമന്ത്രണം ശ്രവിക്കുക
ഒന്നു നമ്മൾ, ഒരുമയോടെ വീരരായി വാഴുക
അറിവു ഹൃത്തിൽ മാഞ്ഞിടാതെ തെളിമയോടെ വിടരണം 
ലോകർ നമ്മൾ ദ്വേഷ ചിന്ത വിട്ട് വ്യാപരിക്കണം
കാത്തിടട്ടെ ലോകനാഥൻ നമ്മളെയനുക്ഷണം
ഇപ്രകാരമോർക്കിൽ ലോകമെത്രയേറെ സുന്ദരം
വൈരമില്ല യുദ്ധമില്ല ഏവരും പ്രബുദ്ധരായ്
ലോകശാന്തിയെന്നതേ നിനച്ചിടു മനസ്സതിൽ
വേദസാരമാകവേ നിറഞ്ഞുനിൽക്കുമെന്നുമേ
ശിഷ്യരും ഗുരുവുമൊത്തു നൽപെഴും നിലയ്ക്കൊരു 
ആയദായ ബന്ധമായി വാഴ്ക പാരിലാകിലോ
ശിഷ്യനില്ല ഗുരുവുമില്ല ഒന്നു ചേർന്ന മാനവർ
വിശ്വപൗരരായി മാറും ലോകമെത്ര സുന്ദരം

13.10.24

Sunday, 27 October 2024

കവിതയ്ക്ക് പുരസ്കാരം കവി മോർച്ചറിയിൽ


കവി, കാമുകൻ, ഭ്രാന്തൻ. അയ്യപ്പന് ഇതെല്ലാം ചേരും. അയ്യപ്പനിതെല്ലാമാണ്. നിനച്ചിരിക്കാത്ത മരണത്തിന് ആരേയും സാക്ഷി നിർത്താതെ, അജ്ഞാതനായി, അനാഥനായി മരവിച്ച ജഢമായി അവസാനം ശവമുറിയിൽ.

തണുത്തുറഞ്ഞ ശവമുറിയിൽ കവിക്ക് നിത്യശാന്തി. തെരുവോരത്തെ കവിക്ക് മേൽക്കൂരയുള്ള ശവമുറി തന്നെ ഒരാർഭാടമാണ്. നാളത്തെ പത്രത്തലക്കെട്ടുകൾക്കും ദേശനായകരുടെ സ്തുതിവചനങ്ങൾക്കും അത്യന്താധുനികരുടെ വാഴ്ത്തപ്പെടുത്തലുകൾക്കും മീതെ അയ്യപ്പൻ്റെ വചനം മഴയായി പെയ്തിറങ്ങി. ബൊഹീമിയൻ കവിയെന്നും അസ്തിത്വ ദുഃഖത്തിൻ്റെ അപ്പോസ്തലനെന്നും അധുനാധുനികതയുടെ അസാധാരണ അവതാരമെന്നുമൊക്കെ വാഴ്ത്തി അയ്യപ്പൻ്റെ ആത്മാവിനെപ്പോലും അന്ധാളിപ്പിച്ചു, കേരള സമൂഹം.
ഇതോർത്തായിരിക്കാം "അമ്പ് ഏതു നേരവും മുതുകിൽ തറയ്ക്കാം പ്രാണനം കൊണ്ട് ഓടുകയാണ്" എന്ന് അദ്ദേഹം അവസാനം എഴുതി നിർത്തിയത്. താൻ ഭയപ്പെട്ട അമ്പ് ഓടിത്തളർന്ന് വീണപ്പോൾ മുതുകിൽ തറച്ചിരുന്ന കാര്യം അയ്യപ്പൻ അറിഞ്ഞിരുന്നുവോ ആവോ?

എഴുപതുകളിൽ യൗവ്വന തീക്ഷ്ണമായ ചിന്തകളും അനാഥജന്യമായ ആകുലതകളും മഥനം ചെയ്ത മനസ്സിൽ നിന്ന് കോരിയെടുത്ത കവിതകളായിരുന്നു അയ്യപ്പൻ്റേത്.
തുടർന്ന് ബലിക്കുറിപ്പുകൾ, ബുദ്ധനും ആട്ടിൻകുട്ടിയും, 
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ, വെയിൽ തിന്നുന്ന പക്ഷി, ജയിൽ മുറ്റത്തെ പൂക്കൾ തുടങ്ങി നിരവധി സമാഹാരങ്ങൾ.

 അക്കാദമികളേയോ അധികാരസ്ഥാനങ്ങളെയൊ ' സാഹിത്യത്തമ്പുരാക്കളെത്തന്നെയോ പ്രമാണിക്കാതെ, കവിതയും ലഹരിയും തൻകാര്യജീവിതവുമായി നടന്ന അയ്യപ്പനെ തേടി അക്കാഡമി അവാർഡുകൾ വന്നു ചേർന്നു. ഒടുവിൽ ആശാൻ പുരസ്കാരം സ്വീകരിക്കാൻ ക്ഷണപത്രം വന്നു. വേദികയുയർന്നു. പീഠിക നിരന്നു. അപ്പോഴേയ്ക്കും അയ്യപ്പൻ്റെ ആത്മാവ് അതിലും ഉയർന്ന പുരസ്കാരങ്ങൾ തേടി പറന്നു കഴിഞ്ഞിരുന്നു. അതെ.പുരസ്ക്കാര വേദിയിൽ കാര്യപരിപാടി തുടങ്ങിയപ്പോൾ പുരസ്കൃതകവി ശവമുറിയിൽ. അക്ഷോഭ്യനായി അക്ലിഷ്ഠനായി.

Saturday, 26 October 2024

ശൂന്യം

ശൂന്യം


പിറക്കുന്ന നേരം ചുരുട്ടുന്ന മുഷ്ടിക്കര

ത്തിങ്കലൊക്കെ ഒളിച്ചേ പിടിക്കും

മരിക്കുമ്പോൾ നമ്മൾ ഒളിപ്പിക്കുവാ

നായെടുക്കില്ലയൊന്നും കരം ശൂന്യമാവും


കണക്കിൻ്റെ കാണാപ്പെരുക്കങ്ങളൊക്കെ

നിരത്തി പണത്തെ പൊലിപ്പിച്ചെടുക്കും.

ഇരുട്ടിൻ്റെ പിന്നിൽ മറഞ്ഞക്രമത്താൽ

കവർന്നൊട്ടു ദ്രവ്യം കരത്തിങ്കലാക്കും


നടുക്കുന്ന കൃത്യം മടുപ്പേതുമില്ലാ

തുറച്ചുള്ള ചിത്താലുറപ്പിച്ച് ചെയ്ത്

മനസ്താപമോരാന്നതിൻ കൂലി വാങ്ങി

തരത്തിൽ ചരിക്കാനറപ്പില്ലയാത്തോർ

നിനയ്ക്കുന്നതില്ല മരിക്കുന്ന നേരം

കരം ശൂന്യമാകും തൃണം പോൽ ശരീരം


സമഗ്രാധിപത്യം ഉറപ്പിച്ചു വാഴാൻ

കൊതിക്കുന്ന രാജാവറിഞ്ഞില്ലയെന്നാൽ

കരത്തിങ്കലൊന്നും കരുതേണ്ട വേണ്ട

യമദൂതർ വന്നാൽ ക്ഷണം പോക വേണം


വെറും വാക്കു നൽകി വിലയുള്ള വോട്ട്

വശത്താക്കി മന്ത്രിപ്പണിക്കായി നിന്നു

മന:സാക്ഷി നോക്കാതടക്കിഭരിച്ച്

പെരുത്തുള്ള സമ്പത്തൊരുക്കൂട്ടി വയ്ക്കും

കരുത്തുറ്റ നേതാവൊടുക്കം മരിക്കെ

കരത്താരിൽ ഒന്നും എടുത്തില്ല കഷ്ടം


ഉഴുതിട്ട പാടം വിതച്ചേറ്റി നെല്ലിൻ'

കതിർക്കറ്റ തീർത്തോർക്കരിയില്ലയത്രേ!

നിറഞ്ഞുള്ള ധാന്യപ്പുരയും പുരവും

മരിക്കുന്ന നേരം തുണയ്ക്കാ നിജം താൻ


ചരിത്രത്തിൽ സ്ഥാനം പിടിച്ചോരു സമ്രാ

ട്ടെരിച്ചെത്ര രാജ്യം കവർന്നെത്ര ദ്രവ്യം

ഒടുക്കത്തിലേതോ വിഷവീഞ്ഞു മോന്തി

ക്കരിഞ്ഞത്രേ ജീവൻ അരങ്ങെത്ര ശൂന്യം


20.9.24













Friday, 25 October 2024

അദ്വൈതം

അദ്വൈതം


ദ്വൈതത്തിൽനിന്നദ്വൈതമുണ്ടായതോ

അദ്വൈതമെന്നത് ദ്വൈതമായ് തീർന്നതോ

വേദാന്തസാരങ്ങളൊക്കെക്കലർന്നുള്ള

വൈശിഷ്ട്യമാർന്നമറ്റൊരദ്വൈതമോ?

ഗൗഡപാദർ പദം പിൻപറ്റി ശങ്കരൻ 

പൂർണ്ണാ നദീതീര ഷാഡലത്തിൽ നിന്ന്

അദ്രിശൃംഗങ്ങൾക്കുമപ്പുറത്തെത്തി തൻ

അദ്വൈത ചിന്തകൾക്കാത്മാവ് നൽകിയോ !

എല്ലാം നശിക്കിലുമുള്ളിൽ തിളങ്ങുന്ന

മംഗളാനന്ദസ്വരൂപത്തെയോർത്തങ്ങു

രാമേശ്വരത്തും ഗോകർണ്ണത്തും ദ്വാരക

ഉജ്ജയിനി തന്നിലും കാമരൂപത്തിലും

വിജ്ഞാന ജ്യോതിസ്സുയർത്തി പ്രശോഭിച്ചു

വിശ്വവിജയിയായ് മാനിച്ചു ലോകരും


ബ്രഹ്മസത്യം ജഗൽമിഥ്യ സങ്കല്പത്തിന്നകം പൊരുൾ 

കണ്ടെടുക്കാനുഴന്നത്രേ സഞ്ചരിച്ചത് ശങ്കരൻ

ഭൂമിയല്ലതു ജലവുമല്ലഗ്നിയല്ലാകാശമല്ല നിരൃതിയുമല്ലത് 

ഇന്ദ്രിയമല്ല മനസ്സല്ല മാറ്റത്തിനൊന്നും വഴങ്ങാത്ത സത്യസ്വരൂപമാം സംസാരദുഃഖത്തിനെല്ലാം അതീതമാം സച്ചിന്മയമായ തത്വപ്രകാരവും


മായയാമൊരവിദ്യ നശിക്കുന്നു സൂക്ഷ്മമാം സമ്യക് ജ്ഞാനമുണ്ടാവുമ്പോൾ

മായയാമവിദ്യ മറയുമ്പോൾ

സത്യമാം തത്വമപ്പോൾ  പ്രകാശിക്കും

ഞാൻ തന്നെ ബ്രഹ്മമെന്നപ്പോൾ

അറിയും പ്രജ്ഞൻ സ്വയമേവയാ


ഉള്ളടക്കം

  


കലയും കലാപവും ഒന്നല്ല രണ്ടാണെന്നാൽ

കലയാൽ കലാപത്തെ സൃഷ്ടിക്കും കുബുദ്ധികൾ 

കലാപം കലയ്ക്കുള്ള വിഷയവുമാകാം 

നല്ല ചാരുതയോടെയതു വിരചിക്കിൽ വിവേകികൾ


നമ്മൾക്കു നിർണ്ണയിക്കാം നമ്മൾ തൻ ജീവിതത്തിൻ ഗുണവും

ആർജ്ജിച്ചതാം അനുഭവവൈവിദ്ധ്യവും

ശാന്തമാം ജീവിതത്തെ കാംക്ഷിപ്പൂ നമ്മളെല്ലാം

അന്ത്യ വിശ്രമം നമുക്കേകുവാൻ ശത്രുക്കളും

ലളിതമാം യാഥാർത്ഥ്യത്തെ തിരയുന്ന മനുജനോ

അജ്ഞാതസങ്കീർണ്ണമാക്കുന്നു കാര്യങ്ങളെ

ഉള്ളടക്കം നാം നേരിട്ടറിയണം അല്ലായ്കിലോ

വ്യാഖ്യാനിച്ചപരന്മാർ മറ്റൊന്നതാക്കിത്തീർക്കും

സത്യമെന്നതോ നിഗമനമല്ല തന്നെ

സത്യം സജീവമാം അനുഭവപരിചയം കേൾ

അഹംബോധം കൊണ്ടറിഞ്ഞിടാം നമ്മൾക്കു നമ്മളെത്താൻ

അതിൽനിന്നുളവാകുന്നു ചിന്തകൾ പ്രവർത്തിയും.

മനസ്സിൻ സമഭാവന, പരിപാകമതെങ്കിലോ

തന്മയത്വം കലർന്നുള്ള ചെയ്തികൾ പ്രാപ്തമായിടും


ഊഴിയിൽ ഇത് നമ്മൾ തന്നൂഴം തിട്ടം അതു നാം തീർക്ക കൃത്യമായ് മോഡിപൂർവ്വകം

നമ്മൾ നമ്മളിൽ തന്നെ മാറ്റങ്ങൾ വരുത്തുകിൽ

പ്രപഞ്ചമൊന്നായ് തന്നെ മാറിടും നമ്മൾക്കൊപ്പം

ദുരിതം താണ്ടുവാനേറെ സമയം വേണ്ടിടുമമ്മട്ടിൽ 

ആനന്ദിപ്പാൻ ലഭിക്കില്ല സമയം പുനരധ്രുവം

നാം തന്നെ സൃഷ്ടിക്കുന്നു നമുക്കുള്ള മതിലുകൾ

അതിൽ തന്നെ തളഞ്ഞാണല്ലോ നയിക്കുന്നു ജീവിതം

നിങ്ങൾതൻ മനവും തനുവും നിങ്ങളാർജ്ജിച്ചതാവിലും നിങ്ങളല്ലതിനുടമസ്ഥർ നിങ്ങളാവില്ലൊരിക്കലും.





Saturday, 12 October 2024

വിദ്യാരംഭം

സരസ്വതി സ്തുതി


വിദ്യാവിനോദിനി വിശ്വവിമോഹിനി

വിശ്വത്തിനാധാരഭൂതയാം ഭാരതി

വാണി മാതാവേ വിരവോടു വന്നെൻ്റെ

വാക്കിന് പൊരുളായ് തെളിഞ്ഞിരിക്കൂ


ശ്വേതാംബരം ചുറ്റി കയ്യിൽ വിപഞ്ചിക

ചേലാർന്ന ബിംബം ധരിച്ചുള്ള കാന്തിയും

മിന്നും കതിർ ചിന്നിയെങ്ങും വെളിച്ചം

പരത്തുന്ന നിൻ രൂപമെന്നും തൊഴുന്നേൻ


പുണ്യസരസ്സിൽ കളിച്ചു മേവുന്നൊരു

വെള്ളഹംസത്തിന് തോഴിയാം ബ്രാഹ്മണി

പാലും സലിലവും ഒന്നിച്ചുചേർന്നതിൽ

പാലിനെ ഹംസം കുടിക്കുന്ന പോലവേ

സത്തും അസത്തും കലർന്നുള്ളതിൽ നിന്ന്

സത്തിനെയുൾപ്പൂവിലേറ്റുകെന്നംബികേ


സൃഷ്ടിക്കു വട്ടങ്ങൾ കൂട്ടും വിരിഞ്ച - ന്നിഷ്ടങ്ങൾ ചെയ്യുന്ന വാഗ്ദേവി നിന്നെ

നിത്യം ഭജിക്കും എനിക്കേകുമോ നീ

ഹൃത്തിൽ തുടിക്കുന്ന കാവ്യാക്ഷരങ്ങൾ


ഹേ ദേവി! നീ ശക്തിയോലുന്നെനിക്ക്

വർണ്ണങ്ങളുള്ളിൽ തെളിഞ്ഞേ വരാനായ്

ഹേ ദേവി! നീ സിദ്ധിയേകുന്നെനിക്ക്

വിജയത്തിളക്കം വരുത്തിപ്പുലരാൻ


വർണ്ണേശ്വരി നിന്നെ വർണ്ണിപ്പതിന്നായ്

വിണ്ണോർക്കുപോലും അസാദ്ധ്യം നിനയ്ക്ക

എൻവാണിമേൽ വന്നിരുന്നെൻ്റെ തായേ

കവിജിഹ്വയാക്കെൻ്റെ പടുനാവിനെ നീ





Monday, 7 October 2024

വഞ്ചിപ്പാട്ട്

വഞ്ചിപ്പാട്ട്

വഞ്ചിഭൂപൻ പണ്ടു വൈയ്ക്കത്തമ്പലത്തിൻ
തേവാരം ചെ-
യ്തഞ്ചിതമനസ്ക്കനായി മടങ്ങുന്നേരം

വഞ്ചിയിൽ വച്ചെഴുതിയ ശീലൊത്തൊരു പാട്ടുകേട്ടു
വഞ്ചിപ്പാട്ടിൻ പെരുമയെ പ്രകീർത്തിച്ചു പോൽ

രാമപുരത്ത്വാര്യർ എന്ന് പേരെടുത്ത കവിശ്രേഷൻ 
ആവും മട്ടിലാലപിച്ചു രാജാജ്ഞ കേൾക്കേ

വേമ്പനാട്ടുകായലിൻ്റെ കുഞ്ഞോളങ്ങൾ താളമിട്ടു
വാശിയോടെ തുഴക്കാരുമാർപ്പുവിളിച്ചൂ.

ആവേശമായിരുപുറമിരുന്ന ശേവുകക്കാർ
കൈത്താളത്താൽ വായ്ത്താരിക്ക് പൊലിമയേറ്റി

മുക്കണ്ണനാം വൈയ്ക്കത്തപ്പൻ തിരുമകൻ ഗണപതി
നിത്യവും തുണയ്ക്കെന്നുള്ള സ്തുതിയോടെയും
എട്ടു വീട്ടിൽ പിള്ളമാരെയൊക്കെയും നിധനം ചെയ്തു
തൃപ്പടിയിൽ സാമ്രാജ്യത്തെ സമർപ്പിച്ചതും

പത്മനാഭൻ പള്ളികൊള്ളും പുരത്തിലെ വിശേഷങ്ങൾ
ഒന്നൊന്നായി കവിശ്രേഷ്ഠൻ വിവരിച്ചുപോൽ


അനന്തരം സുദാമാവിൻ കഥ ചൊല്ലി സതീർത്ഥ്യനാം
ദ്വാരകേശൻ തന്നെ കാണാൻ പുറപ്പെട്ടതും

കുചേലനാം സതീർത്ഥ്യൻ്റെ കാൽകഴുകി സപ്രമഞ്ച 
കട്ടിലിൽ കരേറ്റി മോദാലുപചരിച്ചു.

അവിൽപ്പൊതി കഥകളും അനുഗ്രഹം ചൊരിഞ്ഞതും
സവിസ്തരം വഞ്ചിപ്പാട്ടിൽ വിലയിപ്പിച്ചു .

വഞ്ചിയാത്ര അശേഷവും മുഷിഞ്ഞില്ല വന്നണഞ്ഞു
പത്മനാഭൻ പള്ളികൊള്ളും പുരം തന്നിലേ
വഞ്ചിഭൂപൻ ഓണക്കോടിയേകിക്കൊണ്ട് മൊഴിഞ്ഞത്രേ
അഷ്ടപദി ചമയ്ക്കുക ഭാഷാവൃത്തത്തിൽ രാമപുരത്ത്വാര്യരുടെ വഞ്ചിപ്പാട്ട് പ്രസിദ്ധമാ
യ്വഞ്ചിനാട്ടിൽ പ്രജകൾക്ക് കുതുകമേറ്റി.





Saturday, 5 October 2024

വെട്ടം തേടി

ആദിയിൽ മനുഷ്യൻ്റെയാലയം കാടെന്നത്രേ
വേദസാരന്മാർ ചൊല്ലി പഠിപ്പിച്ചു വഴി പോലെ
കാടു നാടായ് പിന്നെ കാടന്മാർ മനുഷ്യരും
പരിഷ്ക്കാരം പറന്നെത്തി, സംസ്കാരം സമീക്ഷയും

അപ്പോഴും വനവാസം വെടിയുവാൻ മടിച്ചെത്ര
പ്രാക്തനമനസ്സുകൾ കാടിൻ്റെ വിളി കേട്ടോർ

കാടിൻ്റെ നിയമങ്ങൾ പാലിക്കുവോരെങ്കിലും
പൂജിച്ചു പ്രകൃതിയെ പ്രീതിയിൽ കാക്കീടിലും
പശിമൂത്തപരൻ്റെ ക്രയ്യ്യങ്ങളെടുക്കീടിൽ
ഭേദ്യം ചൊയ്തൊടുക്കീടും പുറംലോകത്തെ 'മാന്യർ '

വിശക്കും കുരുന്നോൾക്ക് പകർന്നേ കൊടുക്കുവാൻ
പതിരായ് തീർന്ന തൻ്റെ പങ്കിലഗാത്രം മാത്രം

അന്നൊരു മരത്തിൻ്റെ തണലിൽ വച്ചു കണ്ട
ഭിന്നമാം മുഖത്തവൾ കണ്ടു ദൈവത്തെത്തന്നെ
കാടിൻ്റെയിരുൾ വിട്ട് നാടിൻ്റെ വെട്ടം തേടി
കാരുണ്യക്കൈയും പിടിച്ചാ മക്കളിറങ്ങുമ്പോൾ
ഒറ്റയ്ക്കു കരൾപൂട്ടിക്കരഞ്ഞേ നിൽപ്പാണവൾ
വന്യമാം പ്രകൃതിക്കും ഊരിന്നും മദ്ധ്യേ കാട്ടിൽ

സ്നേഹിക്ക എല്ലാരെയും സേവിക്കയതേവിധം
എന്നു ചൊല്ലിയ പുണ്യം പുഞ്ചിരി തൂകി നിൽക്കും
മന്ദിരം മഹനീയം, കാടിൻ്റെ കിടാങ്ങൾക്കായ്
മാധവ സേവ നൽകും മാനവർ സമർപ്പിച്ചു.
മിഴിനീരുണങ്ങിയ കൺകളിൽ കാണാകുന്നു
മിന്നുന്ന നക്ഷത്രങ്ങൾ, ദീപ്തമാം കിരണങ്ങൾ
സ്നേഹത്തിൻ ഭാഷ്യമേറെ കാണാകും തിരയുകിൽ
താജ്മഹൽ പോലെയുള്ള ഹർമ്യങ്ങളസംഖ്യമായ്
അത്തരം ഭാഷ്യങ്ങളെ തിരുത്തി മഹിതരീ
മന്ദിരം തീർത്തു സത്യസായി തൻ നികേതനം

ഇവിടെ കാണാകുന്നു ക്രിസ്തുതൻ വചനങ്ങൾ
ഇവിടെ കേൾക്കാകുന്നു ഗീതോപദേശപ്പൊങ്ങൾ
ഗുരുവിൻ സൂക്തങ്ങളും നബിതൻ വചനങ്ങളും
നിസ്വാർത്ഥ പ്രേമത്തിൻ്റെമുഖമായ്സായിയേയും
മന്ദിരം അചേതനം, സ്പന്ദിക്കും ഹൃദപുഷ്പത്തെ താങ്ങുന്ന കരങ്ങളോ കാരുണ്യക്കടലാണല്ലോ!

ഇങ്ങനെയുള്ള സ്നേഹതീരങ്ങൾ മനോഹരം
തിങ്ങിന മോദത്തോടെ ലസിപ്പൂ വനപുഷ്പങ്ങൾ










Thursday, 3 October 2024

അഹിംസ

അഹിംസ


മേൽവസ്ത്രമില്ലാത്ത മേനിയും

ഇടം കയ്യിൽ ഊന്നിപ്പിടിച്ച വടിയും

വട്ടച്ച കണ്ണട വട്ടത്തിനുള്ളിലെ

കത്തിച്ചു വച്ച മിഴിച്ചിരാതും

സത്യത്തിനൊപ്പം ചരിക്കുന്ന പാദങ്ങൾ

 എത്തുന്നു തീണ്ടാത്തുരുത്തുകളിൽ

മിണ്ടാവ്രതത്തിനുമുണ്ട് കരുത്തെന്ന്

മിണ്ടാതെ മിണ്ടുന്ന കർമ്മ മാർഗ്ഗം

പട്ടിണിയുണ്ണുവതല്ലുപവാസമത് 

ഉള്ളിലെയുലയൂതിയോരുന്ന സമരമാം

തീയുണ്ട തുപ്പവേ 'ഹേ റാം' എന്ന നേരിനാൽ

ഹിംസയെ അഹിംസയാൽ നേരിട്ടു ഭാരതം


വാൽക്കഷണം :

ജീവിതം കൊണ്ടു സന്ദേശം 

ആരചിക്കുന്ന ധീരരെ 

വാഴ്ത്തിടും ലോകമെന്നാളും

അതിനില്ലൊരു സംശയം


Monday, 23 September 2024

എൻ്റെ നാട്

എൻ്റെ നാട്


എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം

എൻ്റെ ജീവിതത്തിൻ്റെ നാൾവഴിക്കുറിപ്പുകൾ

എൻ്റെ ജീവിതമല്ല; എൻ്റെ നാടിൻ്റെ തന്നെ

മുന്നേതാം സ്ഥിതികാണാം,രജതസ്ഥലികളും


കുന്നുകൾ കുളങ്ങളും കിന്നരി തീർക്കും മട്ടിൽ

പച്ചപ്പു വിതാനിക്കും നെൽവയൽ വരമ്പുകൾ

കല്പതാരുക്കൾ നൽകും അമൃതിൻ കുടങ്ങളിൽ

സ്വപ്നവും ജീവിതവും കടഞ്ഞേ കഴിഞ്ഞല്ലോ!


വെള്ളമൺ പരപ്പിന്നിടയ്ക്കായ് പഞ്ചാരമൺ

 കൂനകൾ നിരത്തിയ കുന്നുകൾ നീളെക്കാണാം

വെള്ളിമൺവഴികളിൽ ചായം കൊണ്ടെഴുതിയ 

ചിത്രമെന്നതുപോലെ തളിർപുന്നകൾ, പ്രകൃതിതൻ 

ഭിന്നഭാവങ്ങൾ മിന്നിമറയും ദ്യോവിൻ മുഖം ചായക്കൂട്ടണിയുന്നുണ്ടഴിക്കുന്നുണ്ടു വേഗം.

പായ്വഞ്ചിയേറിവന്ന വർത്തകപ്പറങ്കികൾ

വിത്തിട്ട വൃക്ഷം ഞങ്ങൾക്കഷ്ടിക്കു വകതന്നു


ദൂരെയേതോ കുന്നിൽ മുട്ടയിട്ടയ്യോ കാണാഞ്ഞെങ്ങുമേ കരഞ്ഞാർത്തു വിളിക്കുന്നൊട്ടേച്ചികൾ

ശാന്തമായ് ഒഴുകുന്ന കായലിന്നോളക്കൈകൾ

തീരത്തെയാശ്ലേഷിക്കാൻവെമ്പലാർന്നടുക്കയോ

വൻപുന്നമരത്തിൻ്റെ കൊമ്പിന്മേൽ വല ഞാത്തും

വൻപരുന്താണോ? ചീനവലയോ ശങ്കിപ്പു നാം

കന്നത്തു കടക്കണ്ണിൻ വെളിച്ചം പ്രകാശിക്കും

ഉന്നതം വിളക്കുകാൽ ആരെയോ കാത്തിരിപ്പാം

അക്കരെ വയലാറ്റെ വിപ്ലവപ്പെരുങ്കളിയാട്ട

ത്തിലൊടുങ്ങിയ ധീരരാം മക്കളെയോ?

കെട്ടുവള്ളത്തിലേറി വർത്തകർവണിക്കുകൾ

പണ്ടേപ്പോൽ വരുമെന്ന മിഥ്യയിൽ മനം നട്ടോ?