Thursday, 27 February 2025

തഥാഗതൻ്റെ ധർമ്മവാടങ്ങൾ

തഥാഗതന്റെ ധർമവാടങ്ങൾ


പഗോഡകൾ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യുന്നു. സ്തൂപസദൃശമായ ഒരു സംരചനയായി മാത്രമേ സാധാരണ യാത്രികരുടെ അക്ഷികൾക്ക് അത് ആലോചനാർഥമാവുകയുള്ളൂ. ഉയർന്ന സ്തംഭം. ആയത് മുകളിലേക്ക് വിസ്താരം കുറഞ്ഞ വിതാനത്തിൽ.
കൂടാതെ മേൽപ്പുര,ചക്രം,ധ്വജംഎന്നിങ്ങനെ. സ്ഥംഭം പ്രപഞ്ചകേന്ദ്രത്തിലെ അക്ഷത്തെ സൂചിപ്പിക്കുന്നു.അക്ഷദണ്ഡം ഭൂസ്വർഗങ്ങളെ ബന്ധിപ്പിക്കുന്നതായാണ് വിവക്ഷ. നാലുമൂലയ്ക്കുമുള്ള തൂണുകൾ ആകാശത്തെ താങ്ങിനിർത്തുന്നുവെന്ന് സങ്കല്പനം. ലോകമേരുവിന്റെ തട്ടുകളാണ് പഗോഡയിലെ കക്ഷ്യകൾ അഥവാ നിലകൾ. ചക്രങ്ങളാവട്ടെ വിഭിന്ന സ്വർഗ്ഗങ്ങളുടെ അടയാളങ്ങളും. ബൌദ്ധരുടെ ആത്മീയമായ ആദിബോധത്തിന്റെ ചിരന്തനസ്മരണ പഗോഡകളുടെ ദൃശ്യമാത്രയിൽ തന്നെ പ്രസ്പഷ്ടമാവും.നിർമിതിയുടെ വൈവിദ്ധ്യം കൊണ്ടും ആത്മീയതയിലേക്ക്‌ നിമീലനം ചെയ്യപ്പെടുന്ന ശിൽപചാരുതയുടെ ഭാവനാദീപ്തമായ വൈശിഷ്ട്യം കൊണ്ടും കൊണാർക്ക്‌ എന്ന കറുത്ത പഗോഡ വേറിട്ട കാഴ്ച തന്നെ.

ബംഗളക്കടലിന്റെ അലമാലകളുടെ രൗദ്രഗാനങ്ങൾക്കുമേൽ സൂര്യതേജസ്സ് കൃഷ്ണശിലയിൽ അവതീർണ്ണമാക്കുന്ന  പ്രപഞ്ചസത്യമായി അതു നിലകൊള്ളുന്നു. അതെ, കൊണാർക്കിലെ സൂര്യക്ഷേത്രം അധീശത്വശക്തികൾക്കും ആക്രമണകാരികൾക്കും അടിയറവുപറയാതെ ഇന്നും തലയുയർത്തി നിൽക്കുമ്പോൾ ആകാശമില്ല,ഭൂമിയില്ല, ഉള്ളത് ഭൂസ്വർഗ്ഗങ്ങളെ ബന്ധിപ്പിക്കുന്ന പഗോഡ മാത്രം.

'ഇന്നലെയുടെ ചിന്തകളിൽ നിന്ന്
നമ്മുടെ ഇന്നുകൾ പിറക്കുന്നു.
ഇന്നിൻറെ ചിന്തകൾ നാളെയെ സൃഷ്ടിക്കുന്നു.
മനസ്സിന്റെ സൃഷ്ടിയാകുന്നു ജീവിതം.'
തഥാഗതന്റെ 'ധർമപഥത്തിലെ'   അരുളപ്പാടുകൾ അശരീരി പോലെ ദിഗന്തങ്ങളിൽ മുഴങ്ങുന്നുണ്ടോ ? ജീവിതാവസ്ഥയുടെ പ്രസ്പഷ്ടമായ ആവിഷ്കരണം കൃഷ്ണശിലയിൽ കോറിയിട്ടപ്പോൾ കേവലം കലാസൃഷ്ടിയുടെ പ്രത്യക്ഷീകരണം മാത്രമല്ല, ആത്മീയതയുടേയും തത്വശാസ്ത്രങ്ങളുടെയും സമഞ്ജസമായ മേളനം കൂടി അതിൽ അന്തർഭവിക്കുന്നു. ശില്പചാരുതയുടെ വശ്യത തീണ്ടാത്ത ഒരിഞ്ചുപോലും കൊണാർക്കിൽ അവശേഷിക്കുന്നില്ലയെന്നത് അതിശയിപ്പിക്കുന്ന കാഴ്ചതന്നെ.

തന്റെ രോഗബാധമാറ്റിത്തന്ന സൂര്യദേവന് ഉചിതമായ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ആഗ്രഹമേ ശ്രീകൃഷ്ണപുത്രനായ സാംബ രാജാവിനുണ്ടായിരുന്നുള്ളൂ. തന്നെ ഏറെ ദുഖിതനും ഹതാശനുമാക്കിയ കുഷ്ഠരോഗബാധയിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം പന്ത്രണ്ടു വർഷം  സൂര്യദേവനെ ഭജിച്ചു; തപസ്സുചെയ്തു. സൂര്യദേവന്റെ വികിരണ പർജനി അദ്ദേഹത്തെ വ്രണവിമുക്തനാക്കി. സപ്താശ്വങ്ങൾ പൂട്ടിയ സുവർണ്ണരഥത്തിൽ സൂര്യദേവന്റെ ഭൂപ്രദിക്ഷിണം ഒരു ചിത്രത്തിലെന്നപോലെ രാജാവിന്റെ മനസ്സിൽ കടന്നുവന്നു. അതിന്റെ പ്രത്യക്ഷീകരണമായിരുന്നു ക്ഷേത്രനിർമ്മിതി. രഥാകൃതിയിൽ പടുത്ത പാദുകം, 12 ജോഡി അലംകൃത ചക്രങ്ങൾ ഉള്ള തേര്, അവയെ 7 ജോഡി അശ്വങ്ങൾ വലിക്കുന്ന മാതൃകയിലാണ് നിർമ്മിതി. പിരമിഡാകൃതിയിലുള്ള മേൽപുര, കാന്തികബലത്തിൽ കല്ലട്ടികൾ നിരത്തി ഏകോപിപ്പിച്ചിരിക്കുന്നു. കുംഭകത്തട്ട് ഒറ്റ അക്ഷത്തിൽ ഉറപ്പിച്ചുനിർത്തിയിരിക്കുന്നു. സൂര്യദേവന്റെ ഒറ്റക്കൽ വിഗ്രഹത്തിൽ ബാലാർക്കന്റെയും മധ്യഹ്നാർക്കന്റെയും അസ്തമയാർക്കന്റെയും പീത-ശുക്ല-ശോണ രശ്മികൾ സമയസഞ്ചാരത്തി നനുസൃതമായി  പതിക്കുമെന്നത് ജ്യോതിശാസ്ത്രത്തിന്റെയും വാസ്തുവിദ്യയുടെയും മാന്ത്രികത വെളിവാക്കുന്ന നിർമ്മാണവൈദഗ്ധ്യം തന്നെ. ദ്രാവിഡ-ഒറിയൻ വാസ്തുവിദ്യയുടെ സങ്കലനസൗകുമാര്യം കൊണാർക്കിനെ അദ്വിതീയമായ ശില്പസൌന്ദര്യമാക്കുന്നു.കൊണാർക്ക് എന്ന പേരിൽ  പോലും ദ്രാവിഡ-ഒറിയൻ ബന്ധം കാണാൻ കഴിയും.kona  എന്ന ദ്രാവിഡ പദവും arka  എന്ന സംസ്കൃതപദവും കൂടിച്ചേരുമ്പോഴാണ്‌ കൊണാർക്ക് ആകുന്നത്.

രഥചക്രങ്ങൾക്ക് ഏറെ പ്രത്യേകതയുണ്ട്. ചക്രത്തിന്റെ 12 ആരങ്ങൾ സമയസൂചിപോലെയാണ്. ചക്രങ്ങളുടെ നിഴലിനനുസരിച്ച് സമയസൂചന ദൃഷ്ടാക്കൾക്ക് ലഭിക്കുന്നു.സൂര്യന്റെ സഞ്ചാരദിശയ്ക്കനുസരണമായാണല്ലോ സമയക്രമം രൂപപ്പെടുന്നത്.
"ഇവിടെ ശിലകളുടെ ഭാഷ മനുഷ്യഭാഷയെ മറികടക്കുന്നു"വെന്ന് രബീന്ദ്രനാഥ ടാഗോർ പറഞ്ഞത് പരമാർഥം തന്നെ.ക്ഷേത്രഭിത്തികളിൽ ഖജുരാഹോ മാതൃകയിലാണ് കൊത്തുപണികൾ ചെയ്തിരിക്കുന്നത്.അവിടേയും മനുഷ്യാവസ്ഥയുടെ ആവിഷ്കാരങ്ങൾ പ്രസ്പഷ്ടമാകുന്നു. മൂന്ന് വിതാനങ്ങളി ലാണ്  കൊത്തുപണി. താഴെ ശൈശവാവസ്ഥ യെ പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങൾ ; ശിശു,കളിക്കോപ്പുകൾ, പക്ഷി,പറവ തുടങ്ങി.മധ്യവിതാനത്തിൽ മനുഷ്യന്റെ പ്രകൃതിയെ പച്ചയായി ആവിഷ്കരിക്കുന്നു. അവയവഭംഗിയും ലാസ്യഭാവവും ഒത്തിണങ്ങിയ ശിൽപങ്ങളുടെ കൂട്ടത്തിൽ രതിഭാവം ഉണർത്തുന്ന മൈഥുനസ്ഥിതികളും ഏറെ  കാണാം. ഉപരിവിതാനത്തിൽ സന്ന്യാസചര്യയുടെ ഘട്ടങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യ-യൗവ്വന-വാർദ്ധക്യ ദശകളുടെ ശിലാഭാഷ്യം ഇവിടെ നമുക്ക് വായിച്ചെടുക്കാൻ കഴിയും.

            ഭാരതത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് കൊണാർക്ക്‌ ക്ഷേത്രം. കൂടാതെ ലോക പൈതൃക സമ്പത്തിൻറെ പട്ടികയിലും.സിംഹകവാടം കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ.ഇരുവശങ്ങളിലും യുദ്ധവീര്യമുള്ള മദഹസ്തിയെ തകർക്കുന്ന സിംഹം. മദഹസ്തിക്ക് താഴെ യോദ്ധാവ് എന്ന് തോന്നുന്ന ആൾരൂപവും. തുടർന്ന് നാട്യമന്ദിർ. സൂര്യദേവനെ പ്രസാദിപ്പിക്കാനുള്ള ദേവദാസി നൃത്തം അരങ്ങേറുന്നത് നാട്യമന്ദിരിലാണ്. തുടർന്ന് ഭോഗമന്ദിർ എന്ന ഭോജനശാല. കരിങ്കല്ലിൽ ജ്യാമിതീയ സങ്കേതങ്ങളാൽ ഇത് പണിതീർത്തിരിക്കുന്നു. 12 വർഷം കൊണ്ടാണ് ഇത് പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.
             കൊണാർക്കിന്റെ നിർമ്മാണത്തിന് പിന്നിൽ പെരുന്തച്ചന്റെ കഥയ്ക്ക്‌ സമാനമായ ഒന്ന് സഞ്ചാരസഹായി പറഞ്ഞുതന്നു. സൂര്യക്ഷേത്രം പണിയാൻ യോഗ്യനായ ശിൽപ്പിയെ രാജാവ് കണ്ടെത്തി. രാജകല്പനപ്രകാരം പടയാളികൾ ഗ്രാമത്തിൽ നിന്ന് അയാളെ കൂട്ടികൊണ്ടുപോയി. സൂര്യദേവന് ഉചിതമായ ക്ഷേത്രം കടൽത്തീരത്ത്‌ പണികഴിപ്പിക്കണമെന്നും അതിന്റെ നിർമ്മിതി എത്രയും വേഗം പൂർത്തിയാക്കണമെന്നും രാജാവ് കൽപ്പിച്ചു. തന്റെ മനസ്സിലുള്ള ക്ഷേത്രസങ്കൽപം അദ്ദേഹം ശിൽപ്പിക്കു വിശദീകരിച്ചുകൊടുത്തു.പണി പൂർത്തിയാകും വരെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാൻ ശിൽപ്പിയെ അനുവദിക്കരുതെന്ന് പടനായകനെ പ്രത്യേകം ശട്ടം കെട്ടി.ശിൽപ്പിയുടെ ഭാര്യ പൂർണ്ണ ഗർഭിണിയായിരുന്ന സമയത്തായിരുന്നു ഭർത്താവിന്റെ വേർപാട്. ദുഃഖാർത്തയായ അവർ, സ്വന്തം പുത്രനെ കാണാൻ പോലും അച്ഛൻ വരാത്തതിൽ ഏറെ വിഷമിച്ചു. മകൻ വളർന്നു . കണ്ണും കാതും ഉറച്ചപ്പോൾ കുമാരൻ അച്ഛനെ തേടിയിറങ്ങി. ഒടുവിൽ കൊണാർക്കിലെ സൂര്യക്ഷേത്ര നിർമ്മിതിയിൽ ഏർപ്പെട്ടു നിൽക്കുന്ന അച്ഛനെ കണ്ടു. ഏറെ ഹൃദയസ്പ്രുക്കായിരുന്നു ആ സമാഗമം; അതിലേറെ ദാരുണവും. മുഖമണ്ഡപത്തിന്റെ ചുറ്റുകഴുക്കോലുകൾ മകുടത്തിൽ ഉറപ്പിക്കാൻ വിഷമിക്കുന്ന അച്ഛന് സഹായിയായിയെത്തിയത് 12 വയസ്സുകാരനായ മകൻ. ഒടുവിൽ മകന്റെ പ്രയത്നം വിജയിച്ചു. പക്ഷെ ദാരുണമായത് സംഭവിച്ചു.ഉയരത്തിൽ നിന്നുകൊണ്ട് കഴുക്കോലുകൾ മകുടത്തിൽ ഉറപ്പിക്കുകയായിരുന്നു കുമാരൻ. അവ മകുടത്തിൽ ഉറച്ചതും, കുമാരൻ കാൽ വഴുതി കല്ലിൽ തലയടിച്ചുവീണ് അപമൃത്യു സംഭവിച്ചു. അങ്ങനെ അന്യാദൃശമായ ആ സൃഷ്ടിക്കു ഒരു ബലിദാനം വേണ്ടിവന്നു, പൂർത്തീകരണത്തിന്.

          ആൾനാശത്തിനു കറുത്ത പഗോഡ ചരിത്രത്തിൽ വീണ്ടും ഇടം നേടുകയുണ്ടായി.ഒട്ടനവധി കപ്പൽചേതങ്ങൾക്ക്    ഈ ശിലാകൂടം കാരണാഭൂതമായിട്ടുണ്ട്. കടൽ യാത്രക്കാരെയും കപ്പൽക്കാരെയും കരയെന്നു തോന്നി ആകർഷിക്കുന്ന ഇവിടം, പാറക്കൂട്ടങ്ങളിൽ ഇടിച്ചു കപ്പൽചേതം സംഭവിക്കാൻ കാരണമാകുന്നു.അതിനാൽതന്നെ പോർട്ടുഗീസുകാർ ഈ ദുർഗ്ഗം ഇടിച്ചു നിരത്താൻ ശ്രമിച്ചു.പക്ഷേ  അവർ പരാജയപ്പെട്ടു.കാന്തികബലത്തിൽ കല്ലട്ടികൾ ചേർത്തുപടുത്ത ഈ ക്ഷേത്രം അനേകം കേവുഭാരമുള്ള കപ്പൽ കെട്ടി വലിച്ചിട്ടും ഒട്ടൊരു ക്ഷതം പോലുമേൽക്കാതെ കാലത്തെ അതിജീവിച്ചു നിൽക്കുന്നു. പിന്നീട് പല അക്രമകാരികളും ഇവിടം കൊള്ള ചെയ്യുകയും ശിൽ പ്പങ്ങളെ അംഗഭംഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഭംഗം വരാതെ അവശേഷിക്കുന്നത് കാലത്തിനുമേൽ തലയുയർത്തി നിൽക്കുന്ന ഭാരതീയ നിർമ്മാണ വൈദഗ്ധ്യത്തിന്റെ യശസ്സ് മാത്രം.









            കറുത്ത പഗോഡയുടെ ദൃശ്യവിസ്മയത്തിൽ നിന്ന് വെളുത്ത പഗോഡയുടെ വിശുദ്ധ ധാവള്യത്തിലേയ്ക്ക് വരുമ്പോൾ തത്വചിന്തയുടെയും ബുദ്ധമത തത്വങ്ങളുടെയും അകം പൊരുളുകൾ അനാവൃതമാവുകയായി. കറുപ്പും വെളുപ്പും എന്നത് കേവലം നിറങ്ങളുടെ ദൃശ്യപരതയല്ല; മറിച്ച് അവിടെയും ജീവിതാവസ്ഥയുടെ രണ്ടു ഘട്ടങ്ങളുടെ അന്തർലീനതയാണ് അടങ്ങിയിരിക്കുന്നത്. തീവ്രമായ അഭിലാഷങ്ങളുടെയും തീഷ്ണമായ കാമനകളുടെയും സചേതനമായ ജീവിതാവസ്ഥ  ഒരു വശത്ത്, ദാനം കിട്ടിയതും സമ്പാദിച്ചതും വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും എല്ലാം വെടിഞ്ഞ് അനിവാര്യമായ ഇരുൾ മരണത്തിലേയ്ക്ക് മറഞ്ഞു നീങ്ങുന്ന ജീവിതാവസ്ഥ മറുവശത്ത്. 'മരണത്തിന്റെ മുഷ്ടിയിൽ നിന്ന് ഒരുവനും സ്വാതന്ത്ര്യമില്ല,ആകാശത്തോ ആഴക്കടലിലോ മലമുകളിലോ ഗുഹയിലോ
 എവിടെയു'മെന്നു തഥാഗതൻ അരുളി ചെയ്തിട്ടുണ്ട്. ഈ മരണമുഖവും വൃദ്ധനൊമ്പരവും യാചകദൈന്യവുമാണ് സിദ്ധാർഥ രാജകുമാരനെ ചിന്തിപ്പിച്ചത്.വെളുപ്പിൽ നിന്ന് കറു  പ്പിലെയ്ക്ക് നീങ്ങുന്ന മനുഷ്യനെ വീണ്ടും വെളുപ്പിലേയ്ക്കാനയിക്കാനുള്ള സപര്യയായിരുന്നു ബുദ്ധന്റെത്. പിന്നീട് ഒട്ടേറെ രാജാക്കന്മാർ ദേവനെ പിൻപറ്റി.ബുദ്ധമതത്തിലേയ്ക്കുള്ള അശോകന്റെ പ്രയാണം ഒരു തീർത്ഥയാത്രയായിരുന്നു. കലിംഗയുദ്ധത്തിന്റെ ഭീതിതമായ മരണമുഖം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് മായുന്നില്ല.സുഷുപ്തിയിലും ജാഗ്രതയിലും അത് കബന്ധ നൃത്തമാടുന്നു. യുദ്ധമെന്തെന്നറിയാത്ത   കലിംഗരാജ്യത്ത് താൻ വരുത്തിവച്ച മനുഷ്യനാശം മനസ്സിനെ കാർന്നുതിന്നുകയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ആവേശം, അത് മാത്രമായിരുന്നു തനിക്ക്. പിതാവ് ബിന്ദുസാരനെക്കാളും പ്രപിതാവ് ചന്ദ്രഗുപ്തനേക്കാളും മഹാനായ ഭരണാധിപനാകണമെന്ന അദമ്യമായ ആഗ്രഹം, അതു മാത്രമായിരുന്നു തന്റെ ചിന്ത. ചെറുത്തു നിൽപ്പിന്റെ യുദ്ധശാസ്ത്രം പ്രായോഗിക തലത്തിൽ മാത്രം കണ്ട തനിക്ക് ആത്മാഭിമാനത്തിന് വേണ്ടിയുള്ള ആത്മത്യാഗത്തിന്റെ വിലയറിയാൻ യുദ്ധം കഴിയും വരെ കാത്തിരിക്കേണ്ടിവന്നു.മരിച്ചവർ ഒരു ലക്ഷത്തിലേറെ.അനേക ലക്ഷങ്ങൾക്ക് അംഗഭംഗം.എല്ലാം നഷ്ടപ്പെട്ടവർ അസംഖ്യം.എന്തിനു വേണ്ടി? ഓർക്കുമ്പോൾ മനസ്സിൽ വീണ്ടും കബന്ധനൃത്തം. ദയാനദിയിൽ ഓളം വെട്ടുന്നത് നിരപരാധികളുടെ രക്തം. ഒടുവിലിതാ അധികാര സ്ഥാപനത്തിന്റെ ആദ്യനാളുകളിൽ തന്നാൽ തന്നെ വധിക്കപ്പെട്ട ജ്യേഷ്ഠ ഭ്രാതാവ്, അദ്ദേഹത്തിന്റെ പുത്രൻ  സമാനനിഗ്രോധനൻ ബുദ്ധ ഭിക്ഷുവായി ഭിക്ഷാപാത്രം നീട്ടി പെരുവഴിയിലൂടെ നടക്കുന്നു. മനസ്സ് സ്വസ്ഥമാകുന്നെയില്ല. തഥാഗതന്റെ വാക്കുകളതാ ശരണമന്ത്രങ്ങളായി മുഴങ്ങുന്നു.
"കാമത്തിൽ നിന്നും ദുഃഖമുണ്ടാകുന്നു.
 കാമത്തിൽ നിന്നു തന്നെ ഭയവും.
 കാമമുക്തൻ ഭയദുഃഖങ്ങളിൽ 

 നിന്ന് മുക്തനാകുന്നു.

 ആർത്തിയിൽ നിന്ന് ദുഃഖമുണ്ടാകുന്നു.
 ആർത്തിയിൽ നിന്ന് തന്നെ ആധിയും.
 ആർത്തിമുക്തി ആർജ്ജിച്ചവൻ 
ആധിവ്യഥകളിൽ നിന്ന് മുക്തനാകുന്നു.

പൂർണ്ണതയുടെ രാജപാതയായ 
ധർമ്മത്തിൽ ചരിക്കുന്നവൻ ,
വാക്കിൽ സദാ സത്യം വഹിക്കുന്നവൻ 
ചെയ്യേണ്ട കാര്യം മാത്രം ചെയ്യുന്നവൻ 
ആ മനുഷ്യനെ ലോകം സ്നേഹിക്കും".
താൻ അന്വേഷിച്ചു നടന്ന മതമേതെന്ന് അശോകന് മനസ്സിലായി.

             ദയാനദീതീരത്തുള്ള ധൌളഗിരി. അശോകശാസനങ്ങൾ കോറിയിട്ട കൽക്കെട്ടുകൾ.നദിയിലേയ്ക്ക് തുറന്നിട്ട വിശാലമായ മണൽതിട്ട.ഇവിടെയാണ്‌ കലിംഗയുദ്ധം നടന്നത്.അശോകന് എന്നും പ്രിയപ്പെട്ടതായിരുന്നു ഇവിടം.അതുകൊണ്ടുതന്നെയാണ് മഹായുദ്ധത്തിന് ഈ ഭാഗ്യതീരം അദ്ദേഹം തെരഞ്ഞെടുത്തത്.ഇപ്പോൾ ദയനദിയിൽ വെള്ളമില്ല. യുദ്ധത്തിന്റെ നാളുകളിൽ ഇവിടെ ജീവരക്തം പതഞ്ഞൊഴുകിയിരുന്നു. അഭിമാനം കൊണ്ടുള്ള ആത്മഹർഷം നുരയിട്ടൊഴുകിയ രക്തനദി. കബന്ധങ്ങൾ ഉന്മാദ നൃത്തം ചവിട്ടിയ ഈ രണഭൂവിൽ, ഇന്നിതാ ശാന്തിയുടെ ശാദ്വലസാന്നിദ്ധ്യമായി ധൌളഗിരി. 'ധൗത ' എന്ന വാക്കിനു കഴുകപ്പെട്ട എന്നാ അർഥമാണ് സംസ്കൃതത്തിൽ കൽപ്പിക്കപ്പെടുന്നത്. ഒരുപക്ഷെ അതിന്റെ ഒഡിയൻ രൂപഭേദമാവാം 'ധൌള 'മെന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത് അങ്ങനെയെങ്കിൽ പാപം കഴുകി വിമലീകരിച്ച സ്ഥലം എന്ന അർത്ഥത്തി ലാവം    ഈ പേര്.

                 പേർഷ്യൻ ചക്രവർത്തിമാരിൽ നിന്ന് ശിലാലിഖിതങ്ങളുടെ പ്രാധാന്യം ബോദ്ധ്യപ്പെട്ട അശോക ചക്രവർത്തി അതിനു വേണ്ടിത്തന്നെ അസംഖ്യം ചൈത്യങ്ങളും സ്തൂപങ്ങളും തൂണുകളും നിർമ്മിച്ചു.ലോകത്തിന്റെ ക്ഷേമത്തിലുള്ള ആശങ്ക ശിലാലിഖിതങ്ങളിൽ ആകമാനം കാണാം.ജപ്പാനിലെ ബുദ്ധസംഘത്തിന്റെയും കലിംഗത്തിലെ ബുദ്ധ സംഘത്തിന്റേയും ആഭിമുഖ്യത്തിലാണ്‌ ധൌളഗിരി എന്ന  വെളുത്ത പഗോഡ പണിതീർത്തത്.ആനയുടെ കരിങ്കല്ലിൽ കൊത്തിയ രൂപം ഇവിടെ കാണാം.ആനയുടെ പുരോഭാഗം മാത്രമുള്ള ശിൽപ്പമാണെങ്കിലും പൂർണ്ണമായ ഹസ്തീരൂപം മനസ്സിൽ തോന്നിപ്പിക്കാൻ ശിൽപ്പിക്ക് കഴിഞ്ഞു.ആനകൾ ബുദ്ധമതക്കാർക്ക് ശ്രീബുദ്ധനെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ ആന ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു.

                         ദയനദിയുടെ നിമ്മലമായ സഞ്ചാരഗതിയിലേക്ക് നോക്കി നില്ക്കുന്ന സിംഹപ്രതിമ. ഇതും കല്ലിൽ തീർത്തത്. ഈ സിംഹാവലോകനം പൂർവകാല ഗരിമയിലേക്കോ? അതോ സംഹാരത്തിന്റെ കറ പുരണ്ട ഈ മണൽ പരപ്പിലേക്കോ? ധൌളഗിരി ഒരു ശാന്തിസ്തൂപമാണ്.ശാന്തിയെന്നത് മനസ്സിന്റെ കേവലമായ അവസ്ഥയല്ല. ഇവിടെഎത്തുമ്പോൾ, ചരിത്രം പിൻപറ്റി പര്യാലോചിക്കുമ്പോൾ, പ്രാചീന ഭാഷസങ്കേതങ്ങൾ കൊണ്ട് കല്ലിൽ കോറിയിട്ട ശാന്തിമന്ത്രങ്ങളുടെയും ശാസനങ്ങളുടെയും അർഥം ഗ്രഹിക്കുമ്പോൾ മനസ്സിനും ശരീരത്തിനും പ്രകൃതിക്കും സകലചരാചരങ്ങൾക്കും വേറിട്ടൊരനുഭൂതിയുടെ മന്ത്രമുദ്രണം നമുക്കനുഭവപ്പെടും. പാലിയെന്ന പ്രാകൃതഭാഷ ദേവഭാഷയേക്കാൾ മഹത്തരമെന്നു നാം തിരിച്ചറിയും. ശാന്തിയുടെ പ്രാപഞ്ചിക സൗന്ദര്യം ജീവിതസൗന്ദര്യമായി മാറും. തഥാഗതൻ ഉദ്ദേശിച്ചതും അതുതന്നെയാവാം.                                .
                                                  

                                                                                                                          
                       
                                 

Sunday, 16 February 2025

പ്രണയസൂക്തം

പ്രണയസൂക്തം



പ്രണയമനുയാത്ര ചെയ്യാൻ 

ക്ഷണിക്കുകിൽ

പ്രണയചഞ്ചലയാവേണ്ട ,

പോകുക

കഠിനമാമതിൻ മാർഗ്ഗമെന്നാകിലും

ചിറകു നിന്നെ പൊതിയും 

സുരക്ഷയായ്

ഇരുളുമൂടും കനൽവഴി

താണ്ടവേ

കരളു ചാരി വഴങ്ങിക്കൊടുക്കുക

കൊക്കു കൊണ്ടു മുറിഞ്ഞു

പോമെങ്കിലും

സക്തയാവുക, വിശ്രാന്തി

നേടുക

പ്രേമമെത്തിടും സൂര്യവെളിച്ചമായ്

പുൽകും നിന്നെ, വിശുദ്ധ

തുളസിയെ

വേരിലേയ്ക്കൂർജ്ജ ഫൂൽക്കരമായിനി

മണ്ണിൽ

നിന്നെയുറപ്പിച്ചു നിർത്തിടും

ഖിന്നത വേണ്ട പ്രേമം

സനാതനം ,