Thursday, 22 May 2025

തൂലികത്തുമ്പിലെ കാവ്യാംഗന

   


  കവിയും കാലവുമൊന്നുപോലെ തിരയും കാവ്യാംഗനേ ,  

നീ ചാരത്തെത്തുവതെന്ന് ചൊല്ലു, മൊഴിയിൽ ചേണാർന്നുള്ള  പദാവലികളാൽ സാരസ്വതം വിളമ്പാൻ

 കാണാൻ വെമ്പി , കണിക്കായ് കാത്തിരുന്നു  വൃഥാവിലായ്, 

നിദ്രയിൽ നിന്നുണർത്തിയോ  മന്ത്രണം പോലെ മഞ്ജീരശിഞ്ജിതത്തിൻ, ലോലമാം രാഗനിർഝരി  

കിനാവിൽ കണ്ടതെല്ലാം നിഴലോർമ്മകളായിടും  

നീഹാരത്തിൻ്റെ നേർത്ത വസനം, മൂടിയെത്തവേ  

മൂർത്തമാം രൂപമോർക്കെ ഢക്ക കൊട്ടുന്നു ഹൃത്തടം  

അവൾതൻ മിഴിനീൾ എന്നെ തൊടുമോ ശീതരശ്മിയായ്  

കീർത്തനം പോലെയെന്നുള്ളിൽ പൊങ്ങി വന്നൊരു നിസ്വനം  

അക്ഷണം തന്നെ കയ്യെത്തി തൂലികയെ ഗ്രഹിച്ചതും  

വരമായ് തന്ന വാക്കിൻ്റെ പൊരുളോ പൊൽത്താർ താനോ

  തൂലികത്തുമ്പി,ലണഞ്ഞെത്തും കാവ്യാംഗന തന്നെയോ?


No comments:

Post a Comment