അന്നൊരു വിഷുദിവസമായിരുന്നു. വെളുപ്പിന് തന്നെ അമ്മ ഉണർത്തി കണി കാണിച്ചു. ശേഷം കണിച്ചൂട്ടും കണിക്കോലവുമായി പറമ്പിലൊക്കെ കൊണ്ടു നടന്ന് ഫലവൃക്ഷങ്ങളേയും വളർത്തുമൃഗങ്ങളേയും ജലാശയങ്ങളേയും കണി കാണിച്ചു.
"തെങ്ങും മാവും പ്ലാവും കുളവും അടയ്ക്കാ മരവും കണികാണോ കണികാണ് "
എന്നൊരു പാട്ടും പാടി തുഞ്ചാണി കൊണ്ടുള്ള ചൂട്ടുകറ്റയുമായി പറമ്പിലാകെ എന്നേയും കൊണ്ട് നടന്നു. ഇപ്പോഴാണെങ്കിൽ തോന്നും ഇവർക്ക് പ്രാന്താണെന്ന്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് കൃഷിയേയും പശുവിനേയും ഉപജീവിച്ച് കഴിഞ്ഞിരുന്ന അക്കാലത്ത് അങ്ങനെ തോന്നിയിരുന്നില്ല.
നേരം വെളുത്തു വരുന്നതേയുള്ളൂ. അവിടവിടെയായി ചില വീടുകളിൽ പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം.
വേലിക്കു പുറത്ത് നിന്ന് "കുട്ടാ കുട്ടാ' എന്ന വിളികേൾക്കാം. ശബ്ദം കേട്ടിട്ട് രാമൻ്റെങ്ങത്തെ ഗോപിയാണെന്ന് തോന്നുന്നു. സമപ്രായക്കാരൻ. കൂട്ടുകാരൻ.
"നീ ഇങ്ങു വായോ "
ഞാൻ മുറ്റത്തു നിന്നു തന്നെ വിളിച്ചു പറഞ്ഞു.
"കുട്ടാ .... ഞാനൊരു സൂത്രം കാണിച്ചു തരാം."
എന്നു പറഞ്ഞ് ഗോപി പോക്കറ്റിൽ നിന്ന് ഒരു കമ്പിത്തിരി എടുത്തു. കയ്യിൽ കത്തിച്ചു പിടിച്ചിരുന്ന ചക്കത്തിരിയിൽ അത് കൊളുത്തി മുകളിലോട്ട് എറിഞ്ഞു.
കമ്പിത്തിരി കൃത്യം പോയി വീണത് പുരയുടെ മോന്തായത്തിൽ തന്നെ.
അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഓല കെട്ടി മേഞ്ഞ ഒരു പഴയ നാലുകെട്ടു വീട്ടിലായിരുന്നു. ഏതാണ്ട് പത്തു മുന്നൂറു കൊല്ലം പഴക്കം കാണും. എൻ്റെ അമ്മ ഉൾപ്പടെ മൂന്നു താവഴികൾക്ക് അവകാശപ്പെട്ടതായിരുന്നു, അത് . ഒടുവിൽ അച്ഛൻ പണം കൊടുത്ത് മറ്റവ കാശികളെ ഒഴിവാക്കി കൈവശമാക്കിയതായിരുന്നു.
ആദ്യം ചെറിയ പുക മാത്രമേ കാണുന്നുള്ളൂ. മോന്തായം നല്ല ഉയരത്തിലായതിനാൽ യഥാർത്ഥ ചിത്രം മനസ്സിലാവുന്നില്ല.
കുറ്റം ബോധം കൊണ്ട് ഗോപി ആകെ അസ്വസ്ഥനാണ്. കുറച്ച് മണ്ണ് വാരി എറിഞ്ഞു നോക്കി. എന്നാൽ അത് ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തുന്നില്ല. പിന്നീട് പുക കാണുന്നില്ല. ഏതായാലും കമ്പിത്തിരിയിലെ തീ കെട്ടു കാണും. എല്ലാവരും സമാധാനിച്ചു.
നാട്ടുവഴിയേ പോയ ആളുകൾ ഓടി വരുന്നതു കണ്ടാണ് ഞാൻ നോക്കിയത്. മോന്തായത്തിൻ്റെ അങ്ങേപ്പുറം കത്തുന്നു.
തീ പിടിച്ചേ എന്ന് നിലവിളിച്ച് വീട്ടിലുള്ളവരെല്ലാം ഓടി പുറത്തിറങ്ങി. വാര മുറിയിൽ ശയ്യാവലംബിയായി കഴിയുന്ന അച്ഛനു മാത്രം പുറത്തിറങ്ങാൻ പറ്റിയില്ല. അച്ഛൻ്റെ അലയും മുറയും കേട്ട് അടുത്തുള്ളവർ ഓടിക്കൂടി. ആരൊക്കെയോ പുരപ്പുറത്ത് ചാടിക്കയറി കിഴക്കേ കെട്ടിലെ കമത്തോലകൾ കുറ്റിയൂരി അഴിച്ചു തള്ളി. മറ്റു ചിലർ കിണറിൽ നിന്ന് കുടത്തിൽ വെള്ളം മുക്കി ഒഴിച്ച് കൂടുതൽ തീ പടരാതെ കാത്തു. അക്കാലത്ത് ഇലക്ട്രിക് മോട്ടോർ ഒന്നും അത്രകണ്ട് പ്രചാരത്തിലില്ല.
ഏതാണ്ട് അര മണിക്കൂർ കൊണ്ട് തീ അണച്ചു. അപ്പോഴാണ് അച്ഛനും ഞങ്ങൾക്കും ശ്വാസം നേരേ വീണത്.
'നല്ലൊരു ദിവസായിട്ട് ആരാ ഈ പണി പറ്റിച്ചത് "
പുറത്തെ കഥയൊന്നുമറിയാത്ത അച്ഛൻ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഗോപിയുടെ പൊടി പോലും അവിടെങ്ങുമില്ല.
ഏതായാലും ഒരു ഒമ്പതു വയസുകാരൻ്റെ ചാപല്യം വരുത്തിയ വിന എല്ലാ വിഷുവിനും ഞങ്ങൾ ഓർമിക്കും.