Thursday, 17 April 2025

വീണ്ടും രാത്രിമഴകൾ

  വീണ്ടും രാത്രിമഴകൾ


  രാത്രിമഴയേറെ പ്രിയതരമാമൊരു

  ഗാത്രരൂപത്തോടെയെത്തിയെൻ ഹൃത്തിലും

  ഗീതങ്ങളിൽ വാക്സ്വരൂപങ്ങൾ തീർത്തത്

  സൗഗതചിത്തപ്രണയ സഞ്ചാരമാം 

 'രാത്രിമഴപോലെഞാൻ'എന്നുചൊല്ലുമ്പോഴും

  ധാത്രിയെപ്പോൽ 'ദുഃഖസാക്ഷി'യായന്നവൾ

  പ്രേമപ്പുതുമലർ മൊട്ടു വിരിഞ്ഞപ്പോൾ

  'പ്രിയജനംപോൽ' കുളിർത്തു നീ പെയ്തതും

  രാത്രിമഴ നീ 'പ്രേമസാക്ഷി'യായെന്നുമെൻ

  വാതിലിനപ്പുറം കൺപാർത്തതില്ലയോ !


  ദുഃഖഭാരങ്ങൾ മന:കോണിൽ ഗുപ്തമായ് 

  വയ്ക്കവേ, 'ഖിന്നയാം പുത്രി'യായ് വന്നു നീ.

  ഭ്രാന്തമാം ചിന്തകൾക്കൊപ്പം 'യുവതിയാം

  ഭ്രാന്തി'യായ് നീയുമിരച്ചു വന്നീലയോ !

  പെയ്തുതോരാത്തതാം രാത്രിമഴയായി നീ

  യെന്നും പിണങ്ങാതെ ചാരെ വന്നീടുന്നു.


Wednesday, 9 April 2025

തണലിറക്കങ്ങൾ

  തണലിറക്കങ്ങൾ




  തീരത്തു തല്ലിത്തകരും തിരകൾക്ക് 

  നെഞ്ചിലൊടുങ്ങാത്ത നീറ്റമുണ്ടാം

  ഗദ്ഗദം പോലെ നുരിയിടും ഓർമ്മകൾ

  ചിപ്പികൾ ഓർക്കുന്ന നൊമ്പരമാം


  കൈതത്തഴക്കൈകൾ മാടി വിളിപ്പതു

  കൈതവമുള്ള തിരച്ചാർത്തിനെ

  മുന്നോട്ടടുത്തിട്ടു പാൽപ്പതപുഞ്ചിരി

  തൂകി പിറകോട്ടു പാഞ്ഞകലും


  തണലിറക്കങ്ങളിൽ കൈതത്തലപ്പുകൾ

  നിഴലിൽ കുഴഞ്ഞു പതിക്കുവാറെ

  കളിവട്ടമൊക്കെയും കൈവിട്ട വീചികൾ

  കരയെ തനിച്ചാക്കിയുൾവലിഞ്ഞു


  നിരയൊത്ത പുന്നമരങ്ങൾ വിരുത്തിയ

  നിഴലോ വിരഹിയാം കാർമുകിലോ

  കുതികുതിച്ചെത്തുന്ന അലമാല കാണവേ

  സന്ധ്യാംബരത്തിൽ ഒളിച്ചു നിന്നു