എല്ലാ കൊല്ലവും പതിവു തെറ്റാതെ കൽച്ചട്ടി മാമ്മൻ വരും. കരപ്പുറത്തെ ഇടവഴികളെല്ലാം അയാൾക്ക് സുപരിചിതമാണ്.
വന്നാൽ ഒരാഴ്ചക്കാലമെങ്കിലും ഇവിടെയൊക്കെ കാണും. കൽച്ചട്ടി വിണ്ടുപൊട്ടിയാൽ അത് നേരെയാക്കാനുള്ള മന്ത്രവുമായിട്ടാണ് മാമ്മൻ വരുന്നത്.
കൽച്ചട്ടി മാമ്മൻ ഞങ്ങട ഒരപ്പെരേലിരുന്നാണ് ഞങ്ങളുടേയും സമീപ വീടുകളിലേയും കൽച്ചട്ടികൾ നേരെയാക്കാറ്.
ഗ്യാസ് അടുപ്പുകൾ വന്നതോടെ ഇന്നിപ്പോൾ കൽച്ചട്ടിക്ക് അടുക്കളയിൽ സ്ഥാനം നഷ്ടപ്പെടുകയാണ്. എന്നാൽ അപ്പുക്കുട്ടൻ കുട്ടിയായിരുന്നപ്പോൾ അങ്ങനെയല്ല. തറവാടുകളിലെല്ലാം കൽച്ചട്ടിയും മരത്തവികളും ഉപയോഗിച്ചിരുന്നു. താഴ്ന്ന ജാതിക്കാരുടെ വീടുകളിൽ ഇത് യഥാക്രമം മൺകലങ്ങളും ചിരട്ടത്തവിയും ആയിരുന്നു.
കുട്ടന്റെ വീട്ടിൽ തന്നെ അഞ്ചാറു തരം കൽച്ചട്ടിയുണ്ട്. സാമ്പാർ വയ്ക്കാൻ അല്പം വലുതും ഉയരമുള്ളതും . അവിയലിന് വല്തും പരന്ന് വായ് വട്ടം കൂടിയതും. തീയലും കിച്ചടിയുമൊക്കെ വയ്ക്കാൻ അല്പം ചെറുത്. മീൻ കറി വയ്ക്കാൻ ഇടത്തരം വലിപ്പമുള്ളത്. അങ്ങനെ പോകുന്നു അതിന്റെ തരം തിരിവുകൾ . കൊല്ലത്തിൽ ഒരു തവണയാണ് കൽച്ചട്ടി മാമ്മന്റെ വരവ്. അതും മിക്കവാറും
ഓണത്തിന് മുമ്പ്. കർക്കിടകത്തിൽ .
അപ്പോൾ മൂന്നു നാലെണ്ണമെങ്കിലും, വിണ്ടതോ പൊട്ടിയതോ ആയി കാണും.
അമ്പതമ്പത്തഞ്ച് വയസ്സുള്ള ഒരു വൃദ്ധനാണ് കൽച്ചട്ടി മാമ്മൻ . നല്ല ഉയരം . അല്പം മുന്നൊട്ടാഞ്ഞ ശരീരം . ചാരനിറത്തിൽ തീക്ഷ്ണമായ കണ്ണുകൾ. കറുപ്പും വെളുപ്പും ഇടകലർന്ന താടി. തല മൂടി പൊതിഞ്ഞ് .
മുതുകിൽ സാമാന്യം വലിപ്പമുള്ള ഭാണ്ഡം. ഭാണ്ഡത്തിൽ കൽച്ചട്ടിപൊടി, അണ്ടിനെയ്യ്, വല പോലത്തെ ശീല , ചില പ്രത്യേക ലേപനങ്ങൾ, പേനാക്കത്തി, ബ്രഷ് . കലച്ചട്ടി റിപ്പയറിനു വേണ്ട എല്ലാ സാമഗ്രികളുമുണ്ട്.
വയ്പും കുടിയുമൊക്കെ മുറ്റത്ത് അടുപ്പു കൂട്ടി ചെയ്യും. ഉറക്കം ഉരപ്പുരയുടെ തളത്തിൽ . അവിടെത്തന്നെയാക്കും പണിപ്പുരയും.
ഉരൽപ്പുരയിൽ തന്നെയാണ് വിറകും ശേഖരിച്ചിരിക്കുന്നത്.
കുട്ടികൾ മാമ്മന്റെ പണി കാണാൻ സാകൂതം കാത്ത് നിൽക്കും. കൽച്ചട്ടിയുടെ പൊട്ടിയ ഭാഗം ഉരച്ച് അഴുക്കും കരിയും കളഞ്ഞ് വൃത്തിയാക്കും. മുറിവിൽ കൽച്ചട്ടിപ്പൊടി നിറച്ച് കശുവണ്ടിത്തോട് സംസ്ക്കരിച്ച നെ യ്യ്പുരട്ടും. അതിനു ശേഷം വല പോലുള്ള ശീല കൊണ്ട് നന്നായി വരിഞ്ഞു മുറുക്കി കെട്ടും. തുണി പെട്ടെന്ന് തീ പിടിച്ച് കത്താതിരിക്കാൻ പുറമേ ഒരു കൊഴുത്ത പശ പോലുള്ള പദാർത്ഥം തേച്ചുപിടിപ്പിക്കും. നേരത്തെ തയ്യാറാക്കി വച്ച നെല്ലിന്റെ ഉമി , ഒരു കുട്ടയിലുണ്ടാകും. ശീലയിൽ പൊതിഞ്ഞ് റെഡിയാക്കി വച്ച കൽച്ചട്ടികൾ നിരത്തി വച്ച് അതിന്റ മേലെ ഉമി കൊണ്ട് മൂടി, ചകിരിത്തുരുമ്പു കത്തിച്ച് ഉമിത്തീ കൂട്ടും. മൂന്ന് ദിവസം ഉമിത്തീയിൽ വെന്തു കഴിയുമ്പോൾ ചാരം നീക്കി കൽച്ചട്ടി പുറത്തെടുത്ത് ബ്രഷ് കൊണ്ട് കരിഞ്ഞ തുണിയുടെ ഭാഗമെല്ലാം നീക്കിക്കഴിഞ്ഞാൽ ജോലി കഴിഞ്ഞു. പഴയ പോലെ കൽച്ചട്ടി ഉപയോഗിക്കാം. ഇതിന് കൽച്ചട്ടി മാമൻ ഗാരന്റി.
സമീപ വീടുകളിൽ നിന്നെല്ലാം ചട്ടികൾ ശേഖരിച്ച് ഇവിടെ ഇരുന്നു തന്നെയാവും അതും നന്നാക്കുക. പണി ചെയ്യാൻ സ്ഥലം കൊടുക്കുന്നതിനാൽ അച്ഛനോടും കുട്ടിയായിരുന്ന കുട്ടനോടും വലിയ കാര്യമായിരുന്നു. മറ്റു കുട്ടികളൊന്നും കൽച്ചട്ടി മാമ്മന്റെ അടുത്തേയ്ക്ക് വല്ലാതെ അണഞ്ഞു ചെല്ലാറില്ല. കാഴ്ചയിൽ തന്നെ മുഖത്തിന് വല്ലാത്ത ക്റൗര്യം . അവടവിടെ വസൂരിക്കലകൾ. ചുണ്ടത്ത് ചുരുട്ട് പോലെ എന്തോ പുകയുന്നുണ്ടാവും. നല്ല മൂഡിലാണെങ്കിൽ ചില മൂളിപ്പാട്ടുകൾ .
ഭാണ്ഡത്തിൽ നിന്ന് കുപ്പിയെടുത്ത് അതിൽ നിന്ന് പച്ചവെള്ളം പോലെ എന്തോ കുടിക്കും. വാറ്റുചാരായമാണെന്ന് തോന്നുന്നു.
ഒരു ദിവസം രാവിലെ വളരെ നേരം ആയിട്ടും ഒരപ്പെരയിൽ നിന്ന് അനക്കം കേൾക്കാതായപ്പോൾ കുട്ടൻ അവിടെ വരെ പോയി നോക്കി. തളത്തിലേക്ക് കാൽ വച്ചതും പശിമയുള്ള നനവ് കാലിൽ അനുഭവപ്പെട്ടു. നോക്കുമ്പോൾ കല്ലുകൾക്ക് മീതെ നിരത്തിയ പലകയിൽ കിടക്കാറുള്ള ആളില്ല. താഴെ നിന്നും അവ്യക്തമായ പുലമ്പലുകൾ കേൾക്കാം. കാലിന്റെ പെരുവിരൽ മുറിഞ്ഞ് ചോരയൊഴുകിപ്പരന്നിട്ടുണ്ട്. രാത്രിയിൽ എലി കടിച്ചു മുറിച്ചതാണന്ന് തോന്നുന്നു. ചാരായത്തിന്റെ സ്വാധീനത്തിൽ ഒന്നുമറിഞ്ഞിട്ടില്ല. അവ്യക്തമായ പേച്ച് ഇപ്പോഴും കേൾക്കാം.
"നിന്നേം കൊല്ലും അവനേം കൊല്ലും. തേവിടിശ്ശീ...ന്റെ കുടീ നീ വര്വാ. കൊന്നു വിട്ടിടും ... "
വീണ്ടും അവ്യക്തമായ പുലമ്പലുകൾ.
ഏതായാലും ചത്തിട്ടില്ലല്ലോ, !
കുട്ടൻ അവന്റെ വഴിക്കു പോയി. അയാളും എപ്പൊഴോ എഴുനേറ്റ് എങ്ങോട്ടോ പോയി.
പിന്നെ രണ്ടു മൂന്നു കൊല്ലക്കാലത്തേയ്ക്ക് കൽച്ചട്ടി മാമ്മനെ കണ്ടിട്ടില്ല. ഒരു ദിവസം ഒരുച്ച സമയത്ത് ഭാണ്ഡക്കെട്ടല്ലാമായി അയാൾ വരുന്നു. ആകെ പരീക്ഷീണനാണ്. അടുക്കള ഭാഗത്ത് വന്ന് അമ്മയോട് കുറച്ച് കഞ്ഞി ചോദിച്ചു. കഞ്ഞി കുടിച്ചു കൊണ്ട് അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് കുറെയൊക്കെ മനസിലായി. കൂടുതൽ കാര്യവും മനസിലായില്ല.
ഒരപ്പെര പൊളിച്ചിരുന്നു. അവിടെ കൊച്ചച്ചന് വീടുവയ്ക്കാൻ തറ കീറിയിരിക്കുകയാണ്. നന്നാക്കാനായി ഞങ്ങൾക്ക് കൽച്ചട്ടികളൊന്നും ഇല്ല. കുറെ നേരം. ചുറ്റിപ്പറ്റി നിന്ന ശേഷം അയാൾ പോയി.
"എവിടെയാണമ്മേ കൽച്ചട്ടി മാമ്മന്റെ വീട് ? "
ആ ... എനിക്കറിയില്ല. പാലക്കാട് ഭാഗത്തെവിട്യോ ആണെന്ന് അച്ഛൻ പറയണ കേട്ടു.
"അമ്മയോടയാൾ എന്താ പറഞ്ഞേ ?"
ആ ... ഏതാണ്ടൊക്കെ പറയണൊണ്ട്. അയാളുടെ കെട്ട്യോൾ ആരുടെയോ കൂടെ പോയെന്നോ വീട്ടിൽ ചെറിയ മകൾ മാത്രമാണെന്നോ ഒക്കെ ആണെന്ന് തോന്നുന്നു. ആൾക്ക് ഒരു ലെവലില്ലാത്തെ പോലെയാണ്.
പിറ്റെ ദിവസം അങ്ങാടിയിലെ വെയിറ്റിംഗ് ഷെഡ്ഡിൽ ഭാണ്ഡക്കെട്ടുമായി അയാളെ കണ്ടു. പിന്നെ ഒരു വിവരവുമില്ല.
ഒരു പക്ഷേ ഈ ഭാഗത്ത് പണിയില്ലാത്തതിനാൽ വേറെ ഏതെങ്കിലും ദിക്കിലേയ്ക്ക് നീങ്ങിയിരിക്കാം.
വർഷങ്ങൾ കഴിഞ്ഞു. കൽച്ചട്ടി മാമ്മനെ എല്ലാവരും മറന്നിരുന്നു. ഒരു ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് 6ാം പേജിലെ ഒരു ഫോട്ടോയിൽ കുട്ടന്റെ കണ്ണുടക്കിയത്. അതെ. അത് കൽച്ചട്ടി മാമ്മന്റെ പടമാണ്. താഴോട്ട് വാർത്തയും.
പാലക്കാട്ടെ മലയോര ഗ്രാമമായ നെമ്മാറയിൽ നിന്നുള്ള വാർത്തയാണ്.
12 വയസ്സുള്ള മകളെ കൊന്ന് വൃദ്ധൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകൾ പീഡിപ്പിക്കപ്പെട്ടു എന്ന സംശയത്തിലാണ് അച്ഛനായ ചാമി ഈ കടുംകൈ ചെയ്തത്.
കൽച്ചട്ടി പണിയുന്ന കൈകളിൽ കയ്യാമവുമായി നടന്നു നീങ്ങുന്ന അയാളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. സത്യത്തിൽ , കരി പിടിച്ച കൽച്ചട്ടി പോലെയായിരുന്നു അയാളുടെ ജീവിതം .
-ശങ്കരനുണ്ണി