Monday, 6 May 2024

ഇന്നലെ, ഇന്ന്, നാളെ

ഭാരത നാടിൻ സ്വാതന്ത്ര്യത്തിന്
പട ചേർന്നോരെ ഓർക്കുക നാം
ഒരുമിച്ചണിയായ് ചേർന്നവർ നാടിന്
ഒരു നാൾ നേടീ സ്വാതന്ത്ര്യം
കൊടിയുടെ നിറവും വിശ്വാസത്തിൽ
വ്യത്യസ്തതയുമിഞ്ഞില്ല.
തൊഴിലാളന്മാർ തങ്ങടെ സംഘ
ശക്തിയൊടന്നടരാടീ .
പരദേശികളുടെ അധികാരക്കൊതി
അറബിക്കടലുകടത്തീ

എവിടെപ്പോയീ ഓർക്കുക നാമാ
സ്വാതന്ത്ര്യത്തിൻ തീരം
ചോരകൊടുത്തും നീരു കൊടുത്തും
നേടിയൊരമൃതം, സ്വാതന്ത്ര്യം.
കടലുകടത്തിയ പരദേശികളെ
വീണ്ടും മാടി വിളിച്ചില്ലേ?
അറിവൊടു നമ്മളൊരപരാധത്തിന്
വീണ്ടും നിന്നു കൊടുക്കരുതേ!
പുത്തൻ സാമ്പത്തികമെന്നൊക്കെ
ക്കൊട്ടിപ്പാടി ഘോഷിപ്പോർ
ഉദാത്തമാണിയുദാരവൽകൃത
ഭാരതനാടെന്നറിയിപ്പോർ
നാടുകടത്തിയ സാമ്രാജ്യത്വക്കുറു -
നരിവീരരെ വരവേറ്റു.
ഭാരത സംസ്കാരത്തിൻ സത്തയെ
ചിക്കാഗോയിലുയർത്തിയവർ,
ഇന്നാ സംസ്കാരത്തിൻ പ്രൗഢ
സുരഭില നവ്യകവാടങ്ങൾ
കുത്സിത നൂതന സാമ്രാജ്യത്വ
ച്ചന്തയിലേയ്ക്ക് തുറന്നിട്ടു.

എല്ലാവർക്കും വിദ്യാഭ്യാസം
എല്ലാവർക്കും സ്വാതന്ത്ര്യം
സമത്വസുന്ദര ഭാരതദേശം
സ്വപ്നം കണ്ടു നടന്നവർ നാം
സ്വാശ്രയമാമൊരു സമ്പൽസ്ഥിതിയുടെ
സ്വപ്നം ഉള്ളിൽ മെനഞ്ഞവർ നാം.
ഇവിടെ കേൾക്കാം വിദ്യാകേന്ദ്രം
ലേലം ചെയ്യും ഘോഷങ്ങൾ
ഇവിടെക്കാണാം കോഴക്കോളേ -
ജുൽഘാടന നവസംരംഭം.
നാടിൻ നാടിഞരമ്പുകളാകിയ
സേവന മേഖലയൊന്നാകെ
ലാഭക്കൊതിയൊടയുഴറിപ്പായും 
കുത്തകകൾക്കായ് വിലക്കുന്നു.
നാടൻകുത്തക വിദേശ കുത്തക
വിദേശ - നാടൻ കുത്തകയിങ്ങനെ
ഇനം തിരിച്ചും തരം തിരിച്ചും
കച്ചവടം പൊടി പാറുുന്നു.
കമ്പോളത്തിലെ കങ്കാണികളും
അധികാരത്തിൻ ദല്ലാളരുമായ്
ഇൻഡ്യയെ ഇൻസ്റ്റാൾമെൻ്റായ്
ലോകക്കമ്പോളത്തിൽ വിൽക്കുന്നു.
കള്ളപ്പണവും കോഴക്കാശും
വെള്ളിത്താലമൊരുക്കുമ്പോൾ
ഇന്ദ്രപ്രസ്ഥപ്പുരി പുരമാകെ
ഹവ്വാലാമാർ വിലസുന്നു.
അവർ പൊള്ളച്ചിരിയും വാഗ്ദാനത്തിൻ
വർണ്ണപ്പീലിക്കുടകളുമായ്
സുന്ദരഭാരത സ്വപ്നം കാട്ടി
ബന്ദികളാക്കാൻ നോക്കുന്നു.
സമ്മതിദാനം പെട്ടിയിലാക്കി
നമ്മെക്കൊള്ളയടിക്കാനായ്
പിഞ്ഞിയ ഖാദിക്കുപ്പായക്കാർ
വീണ്ടും വന്നു നിരന്നീടും.
അറിവൊടു നമ്മളൊരപരാധത്തിന്
വീണ്ടും നിന്നു കൊടുക്കല്ലേ?
സ്വന്തം കുഴികുത്താനായ് നമ്മ-
ളൊരായുധമായിത്തീരല്ലേ!



No comments:

Post a Comment