നിഴലാണ് ശത്രുവെന്നറിയാതെ ഞാനിതാ പരഭാരമേറി കുതിച്ചിടുന്നു
പടനിലം തന്നിലോ സമതലം തന്നിലോ മലനിരക്കൈവഴി താണ്ടിയാണോ
പോവതു ഞാനെൻ്റെ ജന്മ ദുഃഖത്തിൻ്റെയഴൽ വീണ ചരിതങ്ങളേറ്റുപാടി
നിഴൽ കണ്ടു കുതറുമെന്നറിവുള്ള വീരന്മാർ നിഴൽവരാ മട്ടിൽ തിരിച്ചു നിർത്തി
ആരോഹണം ചെയ്തു, പാഞ്ഞുപോയ് വായുവിൽ, ദിഗ്വിജയത്തിൻ പൊരുളു തേടി
വാ വിട്ട വാക്കുകൾ കൈവിട്ട ആയുധം പൊരുതും നിലത്തിലെ പോർവിളികൾ
പലരും പൊലിഞ്ഞതും പല വഴികൾ പോയതും കണ്ണാലെ കണ്ടു ഞാൻ നിന്നു
ആനയ്ക്കു സ്വന്തം വലിപ്പമറിവീല ചെറുകണ്ണു കാണാക്കരുത്തും
കുതിരയ്ക്കുകൊമ്പില്ല, കുതി- കൊള്ളുവാനുള്ള അഭിനിവേശം മാത്രമെന്നും
അരചൻ്റെ അണയാത്ത വീര്യ മന്ത്രാക്ഷരം അശ്വഹൃദയമായന്ന്
കലിബാധയൊഴിയുവാൻ അക്ഷഹൃദയമായ് ഋതുപർണ ചിത്തം തുണച്ചു
ദോഷമകലുവാൻ യജ്ഞo കഴിക്കെന്ന് ബ്രഹ്മവിത്തുക്കൾ ഋഷികൾ പറയവേ
ജയപത്രമൊരു ചുട്ടിപോലെൻ്റെ നെറ്റിയിൽ വിജിഗീഷുവാകുവാൻ കുതികൊണ്ടു ഞാൻ
പുരികൾ പുരങ്ങളും രണവീരരും വീണു യജ്ഞവാടങ്ങളുതിർത്തു മന്ത്രാരവം
അശ്വമേധത്തിന്നൊടുവിൽ ഞാനഗ്നിയിൽ ശുദ്ധനായ് വീണ്ടും ജനിച്ചു ബ്രഹ്മാംശമായ്
അശ്വമേധങ്ങൾ സഹസ്രം കഴിക്കുകിൽ എത്തിടാമൈന്ദ്രപദത്തിലെന്നുള്ളതോ
പ്രോക്തമെന്നാലത് ഓർത്തുവച്ചീടൊലാ പൃഥുവിൻ ചരിത്രം മറന്നിടേണ്ട
No comments:
Post a Comment