Monday, 26 February 2024

ചിതറിയ ചിത്രങ്ങൾ


ചിതറിയ ചിത്രങ്ങൾ


പുസ്തകത്താളിൽ കുറിച്ചിട്ട വാക്കുകൾ

അർത്ഥമില്ലാതെ കിടക്കുന്നതു കാൺക

വ്യക്തതയില്ലാത്തൊരാ ബിംബങ്ങളത്രയും

കൃത്യതയില്ലാത്തതാക്കിയെൻ സൃഷ്ടിയെ


സ്വപ്നങ്ങളെല്ലാം ചിതറിയ ചിത്രങ്ങളായി

 വന്നെത്തി നോക്കുന്നിതെൻ ചിത്തത്തിൽ

ചിത്രങ്ങളെ മിഴിവേകി ചലിപ്പിച്ചവയ്ക്ക്

നല്ലുക്തി ചമച്ചു ജീവൻ കൊടുത്തിടുവാൻ

എത്ര കിണഞ്ഞു ശ്രമിച്ചിട്ടുമാവതില്ലിന്നെൻ്റെ

സൃഷ്ടി തൻ വൈഭവം കൈവിട്ടുപോയിതോ


ജീവിതം തന്നെ കഥയായ് കവിതയായ്

 ആലേഖനം ചെയ്തിടാമെന്നിരിക്കിലും

വാക്കുകൾ നോക്കുകൾ വാചിക ഭാവങ്ങൾ

ഒക്കെയും ആവാ പകർത്തിയെഴുതുവാൻ


ഓർമകൾ ഓർമകളായ് തന്നിരിക്കട്ടെ

കണ്ണിൽ കൊളുത്തിയ ദീപങ്ങളെന്ന പോൽ

സ്വപ്നങ്ങൾ സ്വപ്നങ്ങളായ് തന്നിരിക്കട്ടെ

സമ്മോഹന ദീപ്ത ജീവിതസാരമായ്






No comments:

Post a Comment