ഏറെ നാളുകൾക്കുശേഷമാണ് തീയേറ്ററിൽ പോയി സിനിമ കാണുന്നത്. പൊതുവേ എല്ലാറ്റിനോടുo മടി തോന്നിത്തുടങ്ങി. ഇതിപ്പോൾ സഹധർമ്മിണി ആവശ്യപ്പെട്ട പ്രകാരം ഇറങ്ങിയതാണ്. അവർ സായി സ്നേഹതീരം ൈ ട്രബൽ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ സന്നദ്ധ സേവകയാണ്.
സിനിമയുടെ പതിവു ചട്ടക്കൂട്ടിൽ നിന്നു വ്യത്യസ്തമായ ഒരു സിനിമ കണ്ട അനുഭവം.
അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ കഥ. പച്ചയായ ആദിവാസി ജീവിതത്തിന്റെ യഥാതഥമായ അഭ്രാവിഷ്കാരമാണ് ഈ സിനിമ. ഇതിൽ കഥാപശ്ചാത്തലം പോലെ തന്നെ കഥാപാത്രങ്ങളും ആദിവാസി സമൂഹത്തിൽ നിന്നു തന്നെയാണ്. അവർ അഭിനയിക്കുകയല്ല; ജീവിക്കുക തന്നെയാണ്. തങ്ങൾക്കന്യമല്ലാത്ത ജീവിതാനുഭവങ്ങളുടെ കനൽച്ചൂട് ആവാഹിച്ചു കൊണ്ട്.
നമ്മൾ സിനിമയിൽ കണ്ടു വരുന്ന ആദിവാസി ജീവിതം കമ്പോളവത്കൃതമായ സിനിമ വ്യവസായത്തിന്റെ അവശ്യ ചേരുവകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവിടെ കാണാൻ കഴിയുന്നത് ഗോത്രപരമായ തനിമയും ആചാരവിശേഷങ്ങളും അന്ധവിശ്വാസങ്ങളും ഇഴചേർന്ന ജീവിതാവസ്ഥയാണ്. ഒരു വേള , കാട്ടിലെ മൃഗങ്ങളേക്കാൾ അശരണരാണ് കാട്ടുവാസികളായ മനുഷ്യർ എന്ന് തോന്നിപ്പോകും. തികച്ചും നിർമലമാണ് പ്രകൃതി. എന്നാൽ ആ നൈർമല്യം ഊരിലെ കുരുന്നുകൾക്ക് അന്യമാകുന്നതിന്റെ നേർസാക്ഷ്യമാണ് സിനിമ.
ലഹരിക്കടിമപെട്ട മുതിർന്ന തലമുറയ്ക്കു മുൻപിൽ , അരക്ഷിതരായ, അശരണരായ കൗമരപ്രായക്കാരായ പെൺകിടാങ്ങൾ. ഊരിൽ നിന്നും ഊരിനു വെളിയിൽ നിന്നും ഉളവാകുന്ന ഉടയോരില്ലാത്ത ഗർഭം കൗമാരങ്ങളുടെ കുതിപ്പിനെ കിതപ്പാക്കി മാറ്റുന്നു. വ്യത്യസ്ത അനുഭവ പശ്ചാത്തലത്തിലൂടെ ജീവിക്കുന്ന മൂന്നു പെൺകുട്ടികളുടെ ജീവിതത്തെ വരച്ചുകാട്ടിയിരിക്കുകയാണ് സിനിമയിൽ.
അനാഥ ശിശുവുമായി യാന്ത്രികമായി ജീവിക്കുന്ന ഒരുവൾ. ഊരിലെ തന്നെ ആൺ പ്രലോഭനങ്ങളിൽ പെട്ട മറ്റൊരുവൾ. പഠിക്കുവാനും വളരുവാനും ഉൽക്കടമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി സാഹസികമായി തന്റെ അനാഥഗർഭം പിഴുതെറിയാൻ പരിശ്രമിക്കുന്ന നായികാ കഥാപാത്രമായ കൗമാരക്കാരി. ഇതിനിടയിൽ അന്ധവിശ്വാസം, ആഭിചാരo, ഊരു നിയമങ്ങൾ തുടങ്ങിയ വിലങ്ങുതടികൾ. അതിജീവനത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേയും സൂചനകൾ നൽകിയുള്ള ഭരതവാക്യം. സിനിമ ഇവിടെ അവസാനിക്കുന്നു.
നെയ്ത്തുകാരൻ എന്ന രാഷ്ട്രീയ സിനിമയുടേയും പുലിജന്മം എന്ന കേന്ദ്ര അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന്റേയും സംവിധായകനായ പ്രിയനന്ദനൻ ഒരുക്കിയ പുതിയ ചിത്രമാണ് 'ധബാരി ക്യുരുവി'. സംവിധായകൻ തന്നെ പറഞ്ഞത് ഇതിനർത്ഥം കുരുവികൾക്ക് പിതാക്കളില്ല
(Sparrows are fatherless ) എന്നാണ്. ഇതിന്റെ കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയനന്ദനൻ തന്നെയാണ്. ഛായാഗ്രഹണം അദ്ദേഹത്തിന്റെ പുത്രൻ അശ്വഘോഷനും .
അട്ടപ്പാടിയുടെ വശ്യസൗന്ദര്യവും പ്രകൃതിയുടെ ഭാവ വികിരണങ്ങളും ഒപ്പിയെടുക്കാൻ അശ്വഘോഷന് കഴിഞ്ഞിരിക്കുന്നു. ഗോത്ര ജീവിത പശ്ചാത്തലത്തിന് ഇണങ്ങുന്ന ഗാനങ്ങൾ ഇഴ ചേർത്താണ് സിനിമയൊരുക്കിയത്.
വളരെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെയാണ് തീയേറ്റർ വിട്ടിറങ്ങിയത്. കൂടെ പെരിന്തൽമണ്ണയിലെ സായി സ്നേഹതീരം ആദിവാസി ഹോസ്റ്റലിലെ അന്തേവാസികളും സന്നദ്ധ പ്രവർത്തകരും.
= ശങ്കരനുണ്ണി
No comments:
Post a Comment