അഭിമന്യു
ബാലാർക്കബിംബം കണക്കെത്തിളങ്ങിയ
ബാലനെന്നുണ്ണി, നീയും മറഞ്ഞുവോ!
പത്മവ്യൂഹത്തിൽ പെടുത്തി മഹാരഥർ
കൊല്ലിച്ചതാണോ 'കുരുക്ഷേത്ര' ശാലയിൽ
അച്ഛൻ നിനക്കഭിമന്യുവെന്ന പേർ ചൊല്ലി -
വിളിച്ചപ്പോഴോർത്തില്ല ഞാനുമേ
വാളോങ്ങി നിൽക്കും കലാലയക്കെട്ടിലും
നേരിന്റെ നേരേ , പ്രതിയോഗിയായവർ.
പാതയോരത്തെ ചുവരിൽ നീയാലേഖനം ചെയ്ത
അക്ഷരക്കൂട്ടുകൾക്കായില്ല നിന്നെ സുരക്ഷിതനാക്കുവാൻ .
മഞ്ഞ വെളിച്ചം പടർത്തിമിന്നുന്നൊരാ മിന്നാoമിനുങ്ങുവെളിച്ചവും കെട്ടുപോയ്.
സപ്തമഹായുധർ വന്നെന്റെയുണ്ണിയെയു-
ന്മൂലനം ചെയ്തു ആയുധവൈഭവാൽ .
ആയുധം അക്ഷരത്തെജ്ജയിച്ചീടുമോ ?
ക്ഷരമില്ലയാത്തതാണക്ഷരം ഓർക്കുക.
ആയുധത്തെയടിയറ വയ്പിക്കുവാനാകു-
മതിനു നാം കാത്തിരുന്നീടണം.
4.1.24
No comments:
Post a Comment