ആ ദിനം
ആ ദിനത്തിൻ്റെ ഓർമ്മകളിപ്പൊഴും
ശോണരേഖ പടർത്തുന്നു ഓർമ്മയിൽ
എൻ്റെ ഓരോ നിണത്തുള്ളി പോലുമേ
ഭാരതത്തെയുണർത്തും കരുത്തേകു -
മെന്നു ചൊല്ലിപ്പൊലിഞ്ഞ വെളിച്ചമേ
മാർഗ്ഗദീപമാം ശക്തിസ്വരൂപിണീ
ശക്തിയെന്നത് ദൈവതം, ഉള്ളിലെ
കത്തിനിൽക്കുന്ന ആത്മപ്രകാശവും
രാഷ്ട്രകൂടത്തെ വാർത്തു ബലം നൽകി
കാത്തുകൊള്ളുന്ന ധർമ്മപ്രകാശവും.
ഭാവശുദ്ധിയും സ്ഥൈര്യവും വീര്യവും
തീർത്ത ഭാരതസ്ത്രീ തൻ തുടർച്ച നീ.
മുറ്റുമാളുന്ന ദാരിദ്യമാട്ടുവാൻ
പദ്ധതി തീർത്ത ചിത്തം മഹത്തരം
രക്തരൂഷിതവിപ്ലവം കണ്ടവർ
കണ്ടു നീളെ ഹരി,താഭമാം വിപ്ലവം
വിപ്ലവം തന്നെ ജീവിതം എന്നുമേ
വിപ്ലവാൽ തന്നെ തീരുവതേയുള്ളൂ
എന്തു ചൊല്ലുവാൻ, മേൽക്കുമേൽ നേടിയ
ഖ്യാതിയൊക്കെയും തല്ലിക്കെടുത്തുവാൻ
ഉണ്ട്, കാലം കുറിച്ചൊരു സന്ധികൾ
ധൂസരമാം കറുത്ത അദ്ധ്യായങ്ങൾ
പൊങ്ങിടും പക്ഷേ ഇന്ദുതന്മണ്ഡലം
ധൂമസാന്ദ്രമാം മേഘമേലാപ്പിലും
ചിത്രമത്രേ അയസ്കാണ്ഡനാരിയെ -
ന്നിഷ്ടർ ചൊല്ലി പ്രശംസിച്ച വാക്കുകൾ,
കഷ്ടമത്രേ! കരുതലായ് കാക്കേണ്ടോർ
നഷ്ടമാക്കിക്കളഞ്ഞു അരക്ഷണാൽ
തക്ഷകൻ കണക്കെ ,നുഴഞ്ഞെത്തിയ
രക്ഷകൻമാർ കൊടുംകൊല ചെയ്തയ്യോ!
ഭാരതത്തിൻ്റെ ധീരത പാരമാം
സ്ത്രീക്കരുത്തിൽ നിവേശിച്ചു നമ്മളെ
രാഷ്ട്രസേവനസന്നദ്ധരാക്കുവാൻ
മാർഗ്ഗദീപമായ് നിൽപ്പു ശക്തിസ്ഥലേ
No comments:
Post a Comment