പ്രതിഫലം പറ്റിയ കവിത
പഠിക്കുന്ന കാലത്ത് കവിത പോലെ ചിലതൊക്കെ കുത്തിക്കുറിക്കുമായിരുനെങ്കിലും സഹജമായ സങ്കോചത്താൽ അതൊന്നും വെളിച്ചം കാണുകയുണ്ടായില്ല. ജോലിയായ ശേഷം സുഹൃത്തുക്കളെ കളിയാക്കാനായും സംഘടനയ്ക്ക് മുദ്രാവാക്യമായുമൊക്കെ ചില സൃഷ്ടികൾ നടത്തിയിരുന്നു. അവശ കവിയെന്നും നിമിഷകവിയെന്നും അരക്കവിയെന്നുമൊക്കെ കൂട്ടുകാർ കളിയാക്കിയിരുന്നുവെങ്കിലും ഞാൻ പിന്തിരിഞ്ഞിരുന്നില്ല.
ആയിരത്തിതൊള്ളായിരത്തി എൺപത്തിമൂന്ന് വർഷത്തിൽ ഞാൻ തിരുവനന്തപുരത്ത് സ്റ്റാറ്റ്യൂവിൽ ഗവ. പ്രസ് റോഡിന് സമീപത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്നു. അന്ന് ഞാൻ പി. ആൻ്റ് റ്റി യിലാണ് ജോലി ചെയ്തിരുന്നത്. റൂം മേറ്റ്സ് ആയി രണ്ടു പേർ കൂടി ഉണ്ടായിരുന്നു. വൈകുന്നേരം കൂട്ടുകാർ കൂടി വെടിവട്ടം പറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിൽ ഞാൻ എഴുതിയ ചില കളിയാക്കിക്കവിതകളും
തട്ടിമൂളിച്ചിരുന്നു. അവിചാരിതമായാണ് ലോഡ്ജിലെ ഒരന്തേവാസിയായ ജെയിംസ് ഒരാവശ്യം ഉന്നയിച്ചത്.
സാർ, എനിക്ക് ഒരു കവിത എഴുതിത്തരണം. എൻ്റെ കൂട്ടുകാരൻ ഒരു പെൺകുട്ടിയുമായി കലശലായ പ്രണയത്തിലാണ് എന്നാൽ കഴിഞ്ഞ ദിവസം അവളുടെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞു. കാമുകനായ കൂട്ടുകാരനെ കളിയാക്കിക്കൊണ്ട് ഒരു കവിതയെഴുതിത്തരണം.
പ്രേമത്തിൻ്റെ പശ്ചാത്തലവു പ്രേമത്തിൻ്റെ പ്രവാഹഗതിയും അതിൻ്റെ പര്യവസാനവും അയാൾ സവിസ്തരം പറഞ്ഞു കേൾപ്പിച്ചു.
ഈ കവിതയൊന്നും അങ്ങനെയിങ്ങനെ എഴുതാൻ പറ്റില്ല.
ഞാൻ ഒഴിവുകഴിവു പറഞ്ഞു. എന്നാൽ അയാൾ ഓരോന്നു പറഞ്ഞു നിർബ്ബന്ധിച്ചു കൊണ്ടിരുന്നു റൂം മേറ്റ്സ് എനിക്കായി വക്കാലത്ത് പറഞ്ഞു.
കവിത വെറുതെയൊന്നും മനസ്സിൽ നിന്ന് വരില്ല. അതിന് ചില്ലറ ചെലവൊക്കെയുണ്ട്.
ജെയിംസ് വിടാൻ ഭാവമില്ല.
എഴുതിത്തന്നാൽ ബിരിയാണി വാങ്ങിത്തരാം.
കൂട്ടുകാർ ഭേദഗതി വരുത്തി. കൂടെ ഓരോ ബിയറും.
ഞാൻ എന്തെങ്കിലും പറയും മുമ്പേ തന്നെ കരാർ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
കയ്യിലിരുന്ന കലാകൗമുദി വാരികയിൽ സാഹിത്യവാരഫലം പേജിൽ ഒഴിഞ്ഞു കിടന്ന ഒരു ബ്ലാങ്ക് സ്പേസിൽ ഞാൻ എഴുതിത്തുടങ്ങി.
"അന്നൊരു നാൾ ഫുട്പാത്തിൻ്റെ
വരമ്പിൽ വച്ചരങ്ങേറി
വിശുദ്ധതയെഴുന്നൊരു പ്രേമനാടകം
തലശ്ശേരിക്കാരനൊരു ചെറുപയ്യൻ രാജീവനാ-
പ്രേമനാടകത്തിൻ നടുനായകനായീ
നഗരത്തിൻ തലയ്ക്കലെ
'തലായീ'ന്നു വരുമൊരു
ചെറുപെണ്ണ് രാജേശ്വരി നായികയല്ലോ!
വഴിവിട്ട് പാതയോരത്തടിവച്ച് നീങ്ങിച്ചെറു കുശലങ്ങളുരുവിട്ടു നടകൊള്ളുന്നു.
ഇടയ്ക്കിടെ കൈകൾകോർത്ത്
വിടർന്ന ഹാസങ്ങൾ തൂകി
മധുരങ്ങളാസ്വദിച്ച് നടകൊള്ളുന്നൂ .
പലനാളായിതേവിധം മധുരങ്ങളാം ദിനങ്ങൾ
പിറക്കുന്നു, മരിക്കുന്നു കുന്നുകൂടുന്നു.
പകലവൻ പടിഞ്ഞാറ് പ്രകൃതിയെ പുണരുവാൻ
തിരക്കിട്ട് പണിപ്പെട്ട് വരുന്ന നേരം
പള്ളിക്കൂട പറമ്പിൻ്റെ പിന്നിലൂടെ വരുന്നൊരാ ഇടവഴിയൊന്നിലൊരു കുമാരൻ നിൽപ്പൂ !
മണിയൊച്ച കേൾക്കുന്നേരം
പരിഭ്രമിച്ചവൻ ചുറ്റും
പരതുന്നു പെൺമണിയിന്നെവിടെപ്പോയി
ഒട്ടു നേരം കഴിഞ്ഞപ്പോൾ
ഒതുക്കുകൾ കേറി വന്നു
കൃഷ്ണവേണി മധുവാണി
പരൽമീൻകണ്ണി"
ഇത്രയും എഴുതി തീർന്നപ്പോൾ തന്നെ ബിരിയാണി വാങ്ങാൻ ആളുപോയി.
ഒന്നുറിലാക്സ് ചെയ്ത് ബാക്കി കൂടി എഴുതാനിരുന്നു.
ഒട്ടു നേരം അവളുടെ കണ്ണിൽ
നോക്കിയൊരു പിടി
കാഡ്ബറീസ് കൺമണിക്ക്
കൊടുത്തു ചൊല്ലി
മറക്കില്ല, മണിമുത്തേ മരണം വരെയും നിന്നെ പിരിഞ്ഞിനി കഴിയുവാൻ നിവർത്തിയില്ല
ശരി തന്നെ മുക്കുവത്തിക്കിടാത്തി നീയതാകിലും പരിണയിക്കാനെനിക്ക് തടസ്സമില്ല
അനന്തരം അവർ പൊരിക്കടലയും
കൊറിച്ചു പോയ്
ചിത്രവാണി തീയേറ്ററിനകത്തു പൂകി
അടുത്ത നാൾ രാജീവന്
ജോലി കിട്ടി ആലുവായിൽ
ഒട്ടു നാള് വീട്ടിൽ നിന്നും അകന്നു നിന്നു.
ഒരു ദിനം ഓമലാളിൻ കത്തുവന്നു സുദീർഘമായ്
നിശ്ചയിച്ചു കഴിഞ്ഞെൻ്റെ വിവാഹക്കാര്യം
ഉള്ളുനീറി പയ്യനന്ന് നാട്ടിലെത്തി മെറിലാൻ്റിൽ
റൂമെടുത്ത് മദ്യപിച്ച് ദുഃഖവുമാറ്റി.
വഞ്ചിപ്പാട്ടിൻ്റെ താളത്തിലുള്ള കവിത എഴുതിത്തീരുന്നതിനു മുമ്പേ തന്നെ ജെയിംസ് അത് തട്ടിപ്പറിച്ചെടുത്തു കഴിഞ്ഞിരുന്നു.
ഏതായാലും എൻ്റെ അക്കൗണ്ടിൽ റൂം മേറ്റ്സിന് ഒരു കുപ്പി ബിയർ തരമായി. എനിക്ക് കവിതയ്ക്കുള്ള ആദ്യ പ്രതിഫലവും.
No comments:
Post a Comment