Friday, 7 July 2023

സരമ a/s സൈറ

മകൾ വിട്ടുപോയ ശേഷമാണ് അയാൾ ഒരു പെൺപട്ടിയെ വളർത്താൻ കൊണ്ടുവന്നത്.
മൃഗങ്ങളോട് കുട്ടിക്കാലം മുതലേ അയാൾക്ക് ഇഷ്ടമാണ്. 

റിട്ടയർ ചെയ്ത ശേഷം ആകെ ഏകാന്തത. ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ കാര്യമായ പണി ഒന്നുമില്ല.. പത്രം വായിക്കും. പുസ്തകം വായിക്കും. സുഹൃദ് സംഗമങ്ങളൊന്നുമില്ല. പട്ടി സത്യത്തിൽ ഒരു ആശ്വാസമാണ്. അല്ലെങ്കിൽ ഒരോന്നാലോചിച്ച് മനസ്സ് അസ്വസ്ഥമാകും.

കൂടെ ജോലി ചെയ്തിരുന്ന തോമാച്ചനാണ് ബീഗിൾ ഇനത്തിൽ പെട്ട ആ പട്ടിയെ അയാൾക്ക് സമ്മാനിച്ചത്. തോമാച്ചനുo കെട്ടിയോളും ജർമനിക്ക് പോകുന്നു. മകൾ ജർമനിയിൽ നഴ്സ് ആണ് .. മുന്തിയ ഇനം പട്ടിയാണെന്ന് വിചാരിച്ചിട്ട് കാര്യമില്ല. ജർമനിക്ക് അതിനെ
കൊണ്ടുപോകുന്നത് പ്രായോഗികമല്ല. 



സൈറ എന്ന അവളുട പേരു് മാറ്റാനൊന്നും പോയില്ല. നമ്മുടെ വേദങ്ങളിലുമുണ്ടല്ലോ സമാനമായ പേര്. 
"സരമ. "  
ദേവന്മാര്ടെ പട്ടിയാണ് സരമ. പണ്ട് പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ സഹോദരൻമാരോട് ചേർന്ന് ഒരു യാഗം നടത്തി. അവിടെ സരമയുടെ പുത്രൻ ശ്വാവ് കടന്നുചെന്നു. ജനമേജയ സഹോദരന്മാർ അകാരണമായി അതിനെ മർദ്ദിച്ചു. ഒരു കാരണവുമില്ലാതെ തന്റെ കുഞ്ഞിനെ മർദ്ദിച്ചവശരാക്കിയ മനുഷ്യർക്ക് അദൃഷ്ടഭയമുണ്ടാകട്ടെ എന്ന് സരമ ശപിച്ചൂ പോലും.

           അയാളും ഭാര്യയും കുറേക്കാലമായി സസ്യാഹാരികളാണ്. ആരോഗ്യ കാരണത്താൽ തന്നെ. മത്സ്യം വല്ലപ്പോഴും ഒക്കെ വാങ്ങിയാലായി. ഭാര്യയ്ക്ക്  അതും അത്ര താൽപര്യമില്ല. ഇതിപ്പോൾ സൈറയ്ക്കു വേണ്ടിയാണ് ചിക്കണോ ബീഫോ വാങ്ങുന്നത് തന്നെ.
 ചെറിയ ഇനം പട്ടിയായതു കൊണ്ട് കൊണ്ടുനടക്കാനും പരിശീലിപ്പിക്കാനും ഒക്കെ എളുപ്പമാണ്. ഏതാണ്ട് 6 മാസം മാത്രമേ പ്രായം ആയിട്ടുള്ളൂ. ടോയ്ലറ്റ് മാനേഴ്സും അനുസരണശീലവുമൊക്കെ ഉണ്ടെങ്കിലും മൂത്രമൊഴിക്കുന്നതിന് ചവിട്ടി യോ തടുക്കോ മതിയെന്നാണ്. അത് മാറ്റിയെ ടുക്കലാണ്ഇനി വേണ്ടത്.

രാവിലെ 6 മണിക്ക് തന്നെ കുരച്ചുണർത്തും. അവളേം കൊണ്ട് ഒരു നടപ്പ്. വഴിയിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ നിർവഹിക്കും. ഭക്ഷണത്തോട് വലിയ ആർത്തിയൊന്നും ഇല്ല. ഏതു സമയവും കളി തന്നെ. കളിക്കാൻ ആരെങ്കിലും കൂടിക്കൊടുക്കണം. ഒരു ചാക്കിന്റെ കഷണമോ ചവിട്ടിയോ തുണിയോ , അതിന്റെ ഒരു തലക്കൽ അവൾ കടിക്കും. മറ്റേ തല ആരെങ്കിലും പിടിച്ചു വലിക്കണം. പന്തോ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയോ വലിച്ചെറിഞ്ഞു കൊടുത്താൽ അത് എടുത്തുകൊണ്ടുവരും. ആർക്കും  തരില്ല. ബലം പിടിച്ച് മേടിക്കണം. ഇതൊക്കെയാണ് പതിവു കളികൾ. ആന പട്ടയെടുത്തുകൊണ്ട് നടക്കുന്ന പോലെ ഓലത്തുഞ്ചോ കൊതുമ്പോ കൊലഞ്ഞിലോ ഒക്കെ കടിച്ചു കൊണ്ടുവരും. പിന്നൊരു കലാപരിപാടി തേങ്ങ പൊളിക്കലാണ്. തേങ്ങയുടെ ചകിരിപ്പോള കടിച്ചു പറിക്കും. ഒരു തേങ്ങ മുഴുവനായി പോള പൊളിച്ചു തരും. അവളുടെ ഇത്തരം കലാപരിപാടികൾ കാണാൻ ആളുകൾ വേണം. അല്ലാഞ്ഞാൽ കുരച്ച് ബഹളം വയ്കും.  നേരം പോകാൻ വേറെ വഴി തേടേണ്ട.

മകൾ ഉള്ളപ്പോഴും ഇതുപോലൊക്കെയായിരുന്നു. 
അയാളുടെ ആത്മഗതം .
അവൾ ചെയ്യുന്നതൊക്കെ കാണുകയും അഭിപ്രായം പറയുകയും വേണം. കൂട്ടാന് എരിവുണ്ടോ എന്ന് നോക്കണം. പുളി പിടിച്ചിട്ടുണ്ടോ എന്ന് നോക്കണം. അവൾ  പറയുന്നതിന്ക്കെ മൂളുകയും മറുപടി പറയുകയും വേണം. അച്ഛനായിരുന്നു ബസ്റ്റ് ഫ്രണ്ട്


സൈറയുടെ ഭക്ഷണത്തോടുള്ള താല്പര്യക്കുറവ് അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ആരോഗ്യക്കുറവും തൂക്കക്കുറവും . പരമാവധി 10 കിലോ 12 കിലോ തൂക്കമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ. ഇത് പക്ഷേ അണ്ടർ വെയ്റ്റാണ്. ഒരു വയസ് ആകുമ്പോ ൾ വേണ്ട തൂക്കം ഇല്ല. മൃഗാസ്പത്റിയിൽ നിന്ന്  നിർദ്ദേശിച്ച സിറപ്പും മരുന്നുമെല്ലാം കൊടുത്തു. അയാളുടേയും ഭാര്യയുടേയും യാത്രകൾ സൈറ കാരണം വളരെ കുറഞ്ഞിരിക്കുന്നു. എന്നാൽ ഒഴിവാക്കാനാവാത്തതിന് എന്ത്
ചെയ്യും ? സൈറയുടെ  കാര്യങ്ങൾ നോക്കാൻ
അടുത്ത വീട്ടിലെ മുതിർന്ന കുട്ടിയെ ഏൽപ്പിച്ചാണ് അയാൾ, ഭാര്യയുടെ വീട്ടിൽ ഒരു മരണം ഉണ്ടായപ്പോൾ പോയത്.
തിരിച്ചു വന്നപ്പോൾ അവൾ ഭക്ഷണം കഴിക്കുന്നില്ല. രണ്ടു ദിവസം മാറി നിന്നതിന്റെ പിണക്കമായിരിക്കും എന്ന് കരുതി. വൈകുന്നേരം നിർബന്ധമായി കഴിപ്പിച്ചു. പക്ഷേ അത് ഛർദിച്ചു. നല്ല ചൂടുമുണ്ട്. കുരയ്ക്കുകയോ ബഹളമുണ്ടാക്കുകയോ ഒന്നും ചെയ്യുന്നില്ല.
അടുത്ത ദിവസം രാവിലെ തന്നെ ഡോക്റ്ററെ കാണിച്ചു. നാവിൽ നിറഭേദം വന്നു കഴിഞ്ഞു. രക്തത്തിന്റെ അളവ് വളരെക്കുറവാണ്. ചെള്ളുപനിയുടെ സ്വഭാവത്തിലാണ് കാണുന്നത്. ഏതായാലും ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തു . പട്ടണത്തിൽ കൊണ്ടുപോയി സ്കാൻ ചെയ്തു നോക്കിയാലേ കരളിനേയും മറ്റും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ പറ്റു.
പിന്നെ പ്രാർത്ഥനയുടെ ദിവസങ്ങളായിരുന്നു. പത്തു ദിവസം തുടർച്ചയായി ഇൻജക്ഷൻ, പിന്നെ രക്തം ഉണ്ടാവാനായി കർമൂസ് ഇലയിൽ നിന്ന് നീരെടുത്ത് കൊടുക്കും. കൂടാതെ കാപ്സ്യൂളും. ആദ്യത്തെ നാലഞ്ചു ദിവസം തലപൊക്കി നോക്കുന്നു പോലുമില്ല. വെള്ളവും തീറ്റയും ഒന്നും കഴിക്കുന്നില്ല. കരിക്കിൻ വെള്ളം സിറിഞ്ചിലാക്കി വായിലേയ്ക് നിർബന്ധമായി കൊടുത്തു. കൂടാതെ ക്ഷീണം മാറാൻ ഗ്ലൂക്കോസ് വെള്ളവും. ദിനവും പട്ടണത്തിൽ കൊണ്ടു പോയി സൂചി വയ്പ്പിക്കും. ഏതായാലും ദൈവകൃപയാൽ പത്താം നാൾ സൈറ കണ്ണു തുറന്നു. കുറേശെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിലെ ചാരിതാർത്ഥ്യം അയാൾക്ക്..
സത്യത്തിൽ മകൾക്ക് ടൈഫോയിഡ് പിടിപെട്ട് ആശുപത്രിയിൽ ആയപ്പോൾ പോലും അയാൾ ഇത്രയും ടെൻഷൻ അനുഭവിച്ചിട്ടില്ല. 
ടെൻഷൻ അനുഭവിക്കേണ്ടിവന്നതെല്ലാം പിന്നീടാണ്.

സൈറ  ഇപ്പോൾ തികച്ചും ആരോഗ്യവതിയാണ്. രാവിലെയുള്ള അയാളുടെ നടത്തം അവളുട കൂടെയാണ്. അവളുമായുള്ള പിടിവലികളികളും അവൾക്ക് ഭക്ഷണം ഉണ്ടാക്കലും എല്ലാമായി ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൾ കിടന്നപാട്ടിൽ ചുവപ്പു കലർന്ന വെള്ളം പോലെയൊന്ന് കണ്ടപ്പോഴാണ് അവൾക്ക് പ്രായപൂർത്തിയായ കാര്യം അയാൾ മനസിലാക്കിയത്.
പട്ടികൾക്ക് ഒന്നര വയസു മുതൽ ഇണ ചേ രൽ പ്രവണതയുണ്ടാകുമെന്നാണ്  മനസ്സിലാക്കിയിട്ടുള്ളത്. തെരുവു നായ്ക്കൾ ഉയരം കുറഞ്ഞ മതിൽ ചാടിക്കടന്ന് വരാറുണ്ട്. ഇനിയിപ്പോൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സങ്കരസന്തതിയെ പേറേണ്ടിവരും.   അവളെ വളരെ കുറച്ച് സമയം മാത്രമേ താഴെ കെട്ടിയിടാറുള്ളൂ. അല്ലാത്ത സമയങ്ങളിൽ മുകളിലെ ചാർത്തു പോലെയുള്ള ഭാഗത്താണ് . മുമ്പെല്ലാം മറ്റു പട്ടികളേയാ പൂച്ചകളേയോ കണ്ടാൽ കുരച്ചു ചാടാറുണ്ട്. എന്നാൽ ഇപ്പോൾ നായ്ക്കളോടുള്ള മനോഭാവത്താൽ ചെറിയ വ്യത്യാസം കണ്ടു തുടങ്ങി. രണ്ടു വയസ് ആയിട്ട് ക്രോസ് ചെയ്യിക്കുന്നതാണ് നല്ലത്. എങ്കിലേ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടുകയുള്ളു.
ഒരു ബ്രീഡറുടെ നമ്പർ കയ്യിലുണ്ട്. ആവശ്യമുള്ളപ്‌പ്പോൾ വിളിച്ചാൽ മതിയെന്നാണ് പറഞ്ഞത്. ഇതേ ഇനത്തിൽ പെട്ട നായയെ കൊണ്ടു വന്ന്  മേറ്റ് ചെയ്തുതരും.

അയാൾ വീട്ടിലില്ലെങ്കിൽ വീട്ടുകാരി ശ്രദ്ധിക്കും. അവർ രണ്ടു പേരും സ്ഥലത്തില്ലാത്ത അപൂർവ സാഹചര്യത്തിൽ അയൽ വീട്ടിലെ കുട്ടിയോ അവന്റ അമ്മയോ ശ്രദ്ധിച്ചു കൊള്ളും. രണ്ടു വീടുകളിലും അവൾ നിത്യ സന്ദർശകയുമാണ്.
ഇപ്പോൾ    ഭക്ഷണത്തോടുള്ള താല്പര്യക്കുറവൊക്കെ മാറി. അവൾ ഒന്നു മിനുങ്ങിയ പോലെ. ക്രമേണ അവളുട കുഞ്ഞി വയറിനും വലിപ്പം വച്ചതായി കണ്ടു.
അയാൾക്ക് സംശയമായി. ഹീറ്റ് ആയി കണ്ട ശേഷം മറ്റു നായ്ക്കളൊന്നും അവളുമായി സംസർഗo ഉണ്ടാക്കി കണ്ടിട്ടില്ല. പിന്നെയെങ്ങനെ?
പട്ടികൾക്ക് മൂന്നു മാസത്തിൽ താഴെ മാത്രമേ ഗർഭകാലമുള്ളൂ. പിറ്റേ ദിവസം മൃഗാശുപത്രിയിൽ കാണിച്ചു നോക്കി. അയാളുടെ സംശയം അസ്ഥാനത്തായില്ല.

ഇനി അവളെ പുലർത്തിയാൽ നാടൻ നായ്ക്കൾ ഉണ്ടാകുമെന്ന് മാത്രമല്ല, വീട് തെരുവുപട്ടികളുടെ വിഹാരകേന്ദ്രമാകും.
ഒട്ടും ദയ വിചാരിക്കാതെ തന്നെ അടുത്ത ദിവസം കാറിൽ  കയറ്റി പോയി. ദൂരെ ഒഴിഞ്ഞ സ്ഥലത്ത്ഉപേക്ഷിച്ചു പോന്നു.

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം വലിയ വയറും തൂക്കി അവൾ ഗേറ്റിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു മൂന്ന് വട്ടം കുരച്ച് ശബ്ദമുണ്ടാക്കി. അയാൾ വടിയെടുത്ത് ശകാരിച്ച് ഓടിച്ചു വിട്ടു. രണ്ടു മൂന്നു ദിവസം ഇത് തുടർന്നു. പിന്നെ കണ്ടില്ല. അവൾ പണ്ടേ അഭിമാനിയാണ്. ഭക്ഷണം എടുത്തു വച്ച് കഴിക്കാൻ പറഞ്ഞാൽ മാത്രമേ കഴിക്കാറുള്ളൂ. ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്താൽ കുറേ നേരത്തേയ്ക് പിണങ്ങി കിടക്കും. ആ സമയത്ത് എന്തു തന്നെ കൊടുത്താലും കഴിക്കില്ല. പിന്നെ കഴുത്തിൽ ചൊറുകി പിണക്കം മാറ്റിയെടുക്കണം.

അന്ന്, രാവിലെയുള്ള നടത്തം കഴിഞ്ഞ് മടക്കത്തിൽ  ,തോടിനോടു ചേർന്ന് പാലത്തിനടിയിൽ നിന്ന് ഒരു മുരളൽ ശബ്ദം കേട്ടു. അയാൾ നോക്കിയപ്പ്പോൾ സൈറ നാലഞ്ചുകുഞ്ഞ്ഞുങ്ങളുമായി കിടക്കുന്നു. എല്ലാം കറുത്ത കുഞ്ഞുങ്ങൾ. ഉയരം കുറഞ്ഞ മതിൽ ,ചാടിക്കടന്നു വരാറുള്ള നീളം കൂടിയ കറുത്ത തെരുവുനായയുടെ നിറവും ച്ഛായയുമുള്ള കുഞ്ഞുങ്ങൾ. അവളുടെ ദീനമായ കണ്ണുകളും വാലാട്ടിയുള്ള നിലയും അയാളെ വിഷമിപ്പിച്ചു. അരക്ഷിതമായ ആ ചുറ്റുപാടിൽ അവൾക്ക് ആ കുഞ്ഞുങ്ങളെ പുലർത്താനാകുമോ? എല്ലും തോലുമായ അവൾക്ക് തന്നെ ജീവൻ നിലനിർത്താൻ കഴിയുമോ? വിഷമംതോന്നിയെങ്കിലും നീണ്ട കാലടികൾ വച്ച് അയാൾ നടന്നു.


അപ്പോൾ അയാളുടെ മനസിലേയ്ക് മറ്റൊരു ചിത്രം കടന്നുവന്നു. തന്റെ മകളുടെ . 


പടിവാതിൽക്കൽ നിറവയറുമായി വന്നു നിൽക്കുന്ന അവൾ ...
ധർമാശുപത്രിയിൽ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആരും തുണയില്ലാതെ കിടക്കുന്ന അവൾ..

ഒരു വിധത്തിൽ ഉമ്മറത്തെത്തി. ചാരു കസേരയിലേയ്ക്ക് വീഴുകയായിരുന്നു. 
ജോലിയും കൂലിയും ഇല്ലാത്ത അന്യ സമുദായക്കാരന്റെ കൂടെ  മകൾ ...
ഓർക്കുമ്പോൾ തൊണ്ട വരളുന്നു.  
 കണ്ണിൽ ഇരുട്ടുമൂടുന്നു. 
ക്ഷീണം ആറിയപ്പോൾ ടീപ്പോയിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു. കോൺടാക്റ്റുകൾ പരതുമ്പോളാണ് ഓർമ വന്നത്; ദേഷ്യത്തിൽ അവളുട നമ്പരും ഡിലീറ്റ് ചെയ്തിരിക്കുന്നു. 


ശങ്കരനുണ്ണി






No comments:

Post a Comment