Thursday, 22 June 2023

മേൽപാലം സാക്ഷി

അല്ലെങ്കിലും ചന്ദ്രേട്ടൻ അങ്ങനൊക്കെയാ. ഒട്ടും വഴങ്ങാത്ത പ്രകൃതം. മുരട്ടൻ സ്വഭാവം. സൗഹൃദങ്ങളോടുള്ള പുറം തിരിയൽ. റോഡ് വികസനത്തിന് സ്ഥലമെടുപ്പിന് വന്നവരോടും പതിവുപടി തന്നെ. വന്നത് കളക്റ്ററാണെന്നോ MLA ആണെന്നോ ഒന്നും നോക്കിയില്ല. 
"എനിക്ക് വീടും 10 സെന്റ് ഭൂമിയും മാത്രമാണുള്ളത്. ഇത് കൈവിട്ടു കൊണ്ടുള്ള ഒരു ധാരണയ്ക്കും ഞാനില്ല."
അറുത്തു മുറിച്ചുള്ള സംസാരം.
തദ്ദേശിയനായ തഹസിൽദാർ അനുനയിപ്പിക്കാൻ ശ്രമിച്ചു.
മുഴുവൻ സ്ഥലവും വേണ്ട. മേൽപാലം വരുമ്പോൾ സർവീസ് റോഡ് വേണമല്ല്ല്ലോ? നാഷണൽ  ൈഹവേ നോംസ് പാലിക്കുകയും വേണം. ഒരു നാല് സെന്റ് വിട്ടു തന്നാൽ മതിയാകും. വീടിന് കുഴപ്പം വരാത്ത തരത്തിലേ അക്വയർ ചെയ്യുകയുള്ളൂ. ഇപ്പോൾ സാമാന്യം നല്ല വിലയും കണക്കാക്കുന്നുണ്ട്.
ചന്ദ്രേട്ടൻ അസ്വസ്ഥനാക്ന്നു.
എനിക്ക് ഇവിടെ നിന്ന് എവിടേം 
പോകാൻ വയ്യ. വയസ് 82 കഴിഞ്ഞു. ഇനി 
പോകാൻ ഉള്ളത് പരലോകത്തേയ്ക്കാണ്. അതു കഴിഞ്ഞു നോക്കാം.
ആദ്യ റൗണ്ട് ചർച്ച പരാജയമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധിയും മടങ്ങിപ്പോയി.

സത്യത്തിൽ ചന്ദ്രേട്ടന് മാത്രമല്ല, പ്രശ്നമുള്ളത്. എട്ടുപത്തുപേർ വേറെയുമുണ്ട്. ആർക്കും വീടിരിപ്പ് സ്ഥലം നഷ്ടപ്പെടുന്നില്ലെങ്കിലും റോഡ് ഫ്രണ്ടേജ് ആയ വീടിനു മുന്നിലുള്ള സ്ഥലമാണ് നഷ്ടമാവുന്നത്. അവരാരും പക്ഷേ മുന്നോട്ടു വരുന്നില്ല. ചന്ദ്രേട്ടനെ മുന്നിൽ നിർത്തി വില പേശുവാനാണവർക്ക് താല്പര്യം. വൈകുന്നേരമായപ്പോൾ തല്പരകക്ഷികൾ ഒത്തുകൂടി ഹൈക്കോടതിയിൽ കേസു കൊടുക്കാമെന്ന് തീരുമാനിച്ചു. വക്കാലത്തിൽ ആദ്യ പേര്  ചന്ദ്രേട്ടന്റെ .
ചന്ദ്രേട്ടനെ മുന്നിൽ നിർത്തുന്നതു കൊണ്ട് രണ്ടുണ്ട് കാര്യം. പുള്ളിക്കാരൻ പിന്തിരിപ്പനും മനുഷ്യത്തവും സാമൂഹ്യ കാഴ്ചപ്പാടും ഇല്ലാത്തവനുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. മറ്റുള്ളവർ ഇതെല്ലാമുണ്ടെന്ന് ഭാവിക്കുന്നവരും.

എന്നെ സംബന്ധിച്ചിടത്തോളം ചന്ദ്രേട്ടൻ അത്ര അപകടകാരിയൊന്നുമല്ല. നല്ല സഹൃദയൻ . നല്ല പുസ്തക വായനയുള്ളയാൾ. ഒരു മാതിരിപ്പെട്ട എല്ലാ ക്ലാസിക്കുകളും , മലയാളത്തിലും ഇംഗ്ലീഷിലുമുള്ളവ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സാഹിത്യ വിഷയത്തിൽ അഭിരുചിയുള്ളതു കൊണ്ടാകാം എന്നോട് പ്രത്യേക താൽപര്യമാണ്. പുസ്തകങ്ങൾ എനിക്ക് വായിക്കാൻ തന്നിട്ടുണ്ട്. പുസ്തകം മുഷിപ്പിക്കരുത് , പേജ് മടക്കുകയോ പൊതിഞ്ഞ പേപ്പർ അഴിക്കുകയോ ചെയ്യരുത്, നിശ്ചിതസമയത്തിനകം തിരിച്ചു തരണം ഇതൊക്കെയായിരുന്നു കണ്ടീഷൻ..
ഭാര്യ വളരെ നേരത്തേ മരിച്ചു. മകൻ ചെറിയ ക്ലാസുകളിൽ ആയിരുന്നു. പലരും നിർബന്ധിച്ചെങ്കിലും വീണ്ടുമൊരു വിവാഹം, അത് വേണ്ടെന്ന് തന്നെ വച്ചു. അത്യാവശ്യം ജോലിക്കാരെ വച്ചും സ്വയമായും മകനെ വളർത്തി വലുതാക്കി. എല്ലാം വൃത്തിയിലും ചിട്ടയിലും വേണമെന്ന് നിർബന്ധം. "ഏകാന്തതകളിൽ എനിക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. "
ചന്ദ്രേട്ടൻ പറയും.
അലമാര, സോഫാ സെറ്റി , ബുക്ക് ഷെൽഫ് എല്ലാം സ്വയം തന്നെ ദിവസവും പൊടി തുടച്ച് വൃത്തിയാക്കി വയ്ക്കും. ഒന്നും അടുക്കു തെറ്റി കിടക്കുന്നത് ഇഷ്ടമല്ല. ഇക്കാര്യത്തിൽ കൊച്ചുമകളുമായി എന്നും യുദ്ധമാണ്. അച്ചച്ചന്റെ നേരേ എതിരായ സ്വഭാവമാണ് കൊച്ചുമകൾ നിമ്മിക്ക് . പുസ്തകങ്ങൾ വാരിവലിച്ചിട്ടിരുന്നേ പഠിക്കുകയുള്ളൂ. പുസ്തകങ്ങൾ മാത്രമല്ല, വസ്ത്രങ്ങളുും കളിക്കോപ്പുകളും എല്ലാം അലക്ഷ്യമായി അവിടവിടെ കിടക്കും. അച്ചച്ചൻ അടുക്കും െകാച്ചുമകൾ നിരത്തുo.  ഇവരുടെ കലഹം തീർക്കാനേ നിമ്മിയുടെ മമ്മിക്കും പപ്പായ്ക്കും നേരമുള്ളൂ.

പാലം പണിയുമായി ബന്ധപ്പെട്ട ഡെലിഗേഷൻ വീണ്ടും വന്നു. ഇത്തവണ ഒരു പുതിയ പാക്കേജുമായാണവർ എത്തിയത്. "സാറിന് വീടിന് പുറകിലായി തരം മാറ്റാൻ കഴിയാതെ കിടക്കുന്ന 20 സെന്റ് സ്ഥലമുണ്ടല്ല്ലോ. അത് സ്പെഷ്യൽ കേസായി പരിഗണിച്ച് വീട് വയ്ക്കാൻ പാകത്തിനാക്കി തരം മാറ്റി തരാം. 6 മാസത്തിനകം പാലം കരാറുകാരെ കൊണ്ടു തന്നെ വീട് പണി കഴിപ്പിക്കാം. നിലവിലെ സ്ഥലം അക്വിസിഷൻ കഴിഞ്ഞുള്ളത് നല്ല വിലയ്ക്ക് വിൽക്കുകയോ അതല്ലെങ്കിൽ പഴയ വീട് വാടകയ്ക് കൊടുക്കുകയോ ചെയ്യാം. "
വിദൂരതയിൽ നോക്കി ചന്ദ്രേട്ടൻ പറഞ്ഞു
" ഹൈക്കോടതിയിൽ ഒരു സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട് , ഞങ്ങൾ കുറച്ചുപേർ ചേർന്ന്. അതിന്റെ തീരുമാനം അറിയട്ടെ." 
വീണ്ടും തഹസീൽദാരുടെ ഇടപെടൽ
"അതു നമുക്ക് പിൻവലിക്കാവുന്നതേയുള്ളൂ.
മറ്റു കക്ഷികളോട് ഞങ്ങൾ സംസാരിച്ചു കഴിഞ്ഞു. വേണമെങ്കിൽ അവരെ കൂടി വിളിച്ച് നമുക്ക് ഒരുമിച്ച് ആലോചിക്കാം".
"അതൊന്നും വേണ്ട. ഞാൻ പിൻവലിക്കാൻ വേണ്ടിയല്ല, കേസ് കൊടുത്തത്."
ചന്ദ്രേട്ടൻ വാശിയിൽ തന്നെ.
വീണ്ടും പലതും പറഞ്ഞു നോക്കിയെങ്കിലും നമ്മുടെ കക്ഷി വഴങ്ങുന്നില്ല.
ഒടുവിൽ ഡെലിഗേഷൻ സംഘം പിൻവലിഞ്ഞു.

ഒരാഴ്ച കഴിയും മുൻപ് പാലം പണിക്ക് വേണ്ട സാമഗ്രികൾ എത്തിത്തുടങ്ങി. ഒരറ്റം മുതൽ സർവീസ് റോഡിനു വേണ്ടിയുള്ള വൈഡനിങ് വർക്കും ആരംഭിച്ചു. കേസിൽ കക്ഷിചേർന്ന മറ്റു മാന്യന്മാരുടെ അടുത്തു നിന്ന് കേസിൽ നിന്ന് പിൻവാങ്ങുന്നതായി എഴുതി വാങ്ങിയെന്നുo ചന്ദ്രേട്ടന് ഗവണ്മന്റ് നിശ്ചയിച്ച തുക , കോടതിയിൽ കെട്ടി വച്ച് പണി ആരംഭിക്കാൻ അനുമതി വാങ്ങിയെന്നുമാണ് കേൾക്കാൻ കഴിഞ്ഞത്.

ഇത് തീർത്തുo പ്രതീക്ഷിക്കാത്ത ഒരു നീക്കമായി. ചന്ദ്രേട്ടനെ ഇത് ഏറെ വിഷമിപ്പിച്ചു. എന്നാൽ ഒന്നും പുറമെ കാണിക്കില്ല. അതാണ് പ്രകൃതം. 
എനിക്ക്  ജേണലിൽ പ്രസിദ്ധീകരിക്കാൻ ഒരു 
മാറ്റർ തരാമെന്ന് പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞാൻ ചന്ദ്രേട്ടനെ കാണാൻ പോയി. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ട്. പക്ഷേ ഒന്നും പ്രസിദ്ധീകരണത്തിന് നൽകാൻ തയ്യാറല്ല.  "എന്റെ മനസിന്റെ തൃപ്തി .  അതിനാണ് 
ഞാൻ എഴുതുന്നത്. "
ഇതാണ് മറുപടി.
ഇത് പ്പോൾ ഞാൻ എഡിറ്ററായ ഒരു ജേണൽ ഉണ്ട്. ഏറെ നിർബന്ധിച്ചതിനാൽ അതിൽ ചേർക്കാൻ ഒരു മാറ്റർ തരുന്നതാണ്.
സംസാരമദ്ധ്യേ 
"കേസിൽ നിന്ന് കൂടെയുള്ളവർ പിൻ വലിഞ്ഞല്ലോ ?" 
ഞാൻ ചോദിച്ചു.
,. " ഒറ്റയ്ക്ക് ഫൈറ്റു ചെയ്യും. കേസ് തീർപ്പാകുന്നതു വരെ കാത്തിരിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. "
അല്പം ദേഷ്യത്തിൽ തന്നെ ചന്ദ്രേട്ടൻ.
ഏതായാലും പണി പുരോഗമിക്കുന്നതോടെ ചന്ദ്രേട്ടന്റെ അസ്വാസ്ഥ്യം കൂടി വന്നു. 
പൊടിപടലവും ശബ്ദവും കേട്ട് വശംകെട്ടു. ദിവസവും പൊടിതട്ടി വൃത്തിയാക്കുന്ന അലമാരയും സോഫാ സെറ്റിയും ഒന്നും ഇപ്പോൾ തിരിഞ്ഞു നോക്കാതായി. ജനലുകൾ തുറക്കാതായി. അലട്ടിക്കൊണ്ടിരുന്ന അലർജി പ്രശ്നം കലശലായി .
ഒരു വശത്ത് പാലം പണി .  വീടിനോട് ചേർന്ന് സർവീസ് റോഡിലൂടെ അനവരതം പായുന്ന വാഹനങ്ങൾ. ആകെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. 
മകൻ ആവുന്നത്ര പറഞ്ഞു നോക്കി. 
"നമുക്ക് ഫ്ലാറ്റിലേയ്ക്ക് മാറാം. പാലം പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വരാം."
അയാൾ നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അച്ഛൻ ഒറ്റയ്ക്കാവേണ്ട എന്നു കരുതി അങ്ങോട്ടു മാറാത്തതാണ് .
"ഞാനില്ല. നിനക്ക് വേണെങ്കിൽ പോകാം."
നിർബന്ധബുദ്ധിക്കു മുമ്പിൽ മകൻ തലകുനിച്ചു.
അച്ഛന് ഈ വീടിനോട് എന്തോ മാനസിക അടുപ്പം കാണും എന്ന് അയാൾ കരുതി.
കുട്ടികളുടെ ക്രമാനുഗതമായ വളർച്ച കണക്കേ പാലം വളരുകയാണ് . ആദ്യം കാലുറപ്പിച്ചു നിന്നു . ഇപ്പോൾ വശങ്ങളിലോട്ട് ൈകകൾ നീട്ടി. ഇതെല്ലാം കണ്ട് ചില്ലുജാലകങ്ങൾക്കപ്പുറം രണ്ടു കണ്ണുകൾ. ദീപ്രമായത്. പലതും കണ്ട കണ്ണുകൾ. അനാഥമായ ബാല്യം. ഒറ്റപ്പെടുത്തിയ യൗവനം . അശരണമായ വാർദ്ധക്യം.



പിറ്റേന്ന് ചന്ദ്രേട്ടനെ കണ്ടത് ആശുപത്രി മുറിയിൽ വച്ചാണ്. രാത്രി ബാത്ത് റൂമിൽ കാൽ തട്ടി വീണത്രേ. ഏതായാലും എല്ലിന് പൊട്ടൊന്നുമില്ല. ആകെ ക്ഷീണം. എന്തൊക്കെയോ പറഞ്ഞറിയിക്കാൻ വയ്യാത്ത അസ്വസ്ഥത.
ചിലതൊക്കെ എഴുതി വച്ചിട്ടുണ്ടെന്നും ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നിട്ട് തരാമെന്നും പറഞ്ഞു. 

പിന്നെ രണ്ടു ദിവസത്തേയ്ക്ക് ഞാൻ ആശുപത്രിയിൽ പോയില്ല. ഒരു ദിവസം രാവിലെ നടക്കാനിറങ്ങുമ്പോൾ ചന്ദ്രേട്ടൻ്റേ വീടിനു മുമ്പിൽ ഒരു ആംബുലൻസ് വന്നു നിന്നു. സർവീസ് റോഡിന് വേണ്ടി സൈഡ് ഉയർത്തിയതിനാൽ വണ്ടി വീട്ടിലോട്ടിറങ്ങുന്നില്ല. സ്റ്റ്രെച്ചറിൽ എടുത്ത് ആയാസപ്പെട്ട് കൊണ്ടു പോകണം.
": ഇന്നലെ രാത്രി തന്നെ മരിച്ചിരിക്കുന്നു."
മകൻ പറഞ്ഞു.
ടീപ്പോയ് ഒതുക്കി വച്ച് ദേഹം ഇറക്കി കിടത്തി. ടീപ്പോയിൽ അവസാനം വായിച്ചു വച്ച പുസ്തകമാകാം എന്നെ നോക്കി കണ്ണടയ്ക്കുന്നു.
കുരുടൻ മൂങ്ങ

ഇനി പാലത്തിനുo  റോഡിനുo പ്രതിബന്ധമായി ചന്ദ്രേട്ടൻ ഇല്ല. വ്യവഹാരങ്ങളില്ലാത്തിടത്തേയ്ക് ആ ആത്മാവ് എത്തിയിരിക്കും.. വീടിനും   റോഡിനുo ഇടയ്ക്കുള്ള പരിമിതമായ സ്ഥലത്ത് ചിതയൊരുങ്ങി. മേൽപാലം സാക്ഷി. അഗ്നിനാവുകൾ ആവാഹിച്ച ദേഹം ദേഹിയിൽ ചേർന്നു. 

-ശങ്കരനുണ്ണി



No comments:

Post a Comment