ഒരു ദിവസം ഭാര്യയുടെ അടുത്ത് പ്രായം ചെന്ന ഒരു സ്ത്രീ സംസാരിച്ചിരിക്കുന്നതു കണ്ടു കൊണ്ടാണ് ഞാൻ ആഫീസിലേയ്ക്ക് പോയത്. അയൽവാസികളാരെങ്കിലും ആണെന്ന് കരുതി. ഞങ്ങളാണെങ്കിൽ പുതിയ താമസക്കാർ .
രാത്രിയിൽ അത്താഴം കഴിച്ചിരിക്കുമ്പോൾ ഭാര്യ പറഞ്ഞു; "ഞാൻ ജാന്വമ്മയോട് വൈകുന്നേരങ്ങളിൽ ഒരു സഹായത്തിന് നിൽക്കാൻ പറ്റ്വോയെന്ന് ചോദിച്ചു " .
ആരാണീ ജാന്വമ്മ
ചേട്ടൻ രാവിലെ കണ്ടില്ലേ? ആ നരച്ച മുടിയുള്ള സ്ത്രീ. ജാന്വമ്മ , കുറി നടത്താൻ പോകുന്നു. എന്നോട് ഒരു കുറിയിൽ ചേരാൻ
പറ്റ്വോയെന്ന് ചോദിച്ചാണ് വന്നത്. ഞാൻ സമ്മതിച്ചു. മോൻ സ്കൂളിൽ നിന്ന് വരുമ്പോൾ നമ്മൾ രണ്ടുപേരും ഉണ്ടാവില്ലല്ലോ? ജാന്വമ്മ നേരേ എതിർവശത്തുള്ള ക്വാർട്ടേഴ്സിലാണ്. മോൻ വരുമ്പോൾ പാലും കോൺഫ്ളേക്സും എടുത്തു കൊടുത്താൽ മതിയല്ലോ? പിന്നെ 5 മണിക്ക് ചേട്ടൻ വരികയും ചെയ്യും. അപ്പോൾ അവർക്ക് പോകുകയും ചെയ്യാം.
" നിന്റെ തെക്കൻബുദ്ധി വർക്ക്ചെയ്ത് തുടങ്ങിയല്ലോ; ഒരു കുറി ചേർന്നേപ്പോൾ പകരം ഒരു സഹായം " . ഭാര്യയുടെ വക്ര ബുദ്ധിയെ സൂചിപ്പിച്ച് ഞാൻ പറഞ്ഞു.
" എന്നാൽ പിന്നെ, നിങ്ങൾ മകനെ സ്കൂളിൽ നിന്ന് വിളിച്ച് ആഫീസിൽ കൊണ്ടിരുത്തിയാൽ മതി. ഞാനാരെയും നിർത്തുന്നില്ല. "
വളരെനേരം പണിപ്പെടേണ്ടിവന്നു, പ്രകോപിതയായ ഭാര്യയെ അനുനയിപ്പിച്ച് അവളുടെ പദ്ധതിയിൻമേലുള്ള എന്റെ ഐക്യദാർഢ്യം ബോദ്ധ്യപ്പെടുത്താൻ .
ഏതായാലും പിറ്റേന്നുതന്നെ ജാന്വമ്മയുടെ സഹായഹസ്തം അടുക്കളയിൽ പ്രവർത്തിക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ ആഫീസിൽ നിന്ന് വന്നത്. സ്കൂൾ വിട്ടുവന്ന മകൻ ഇതിനകം പാലും ബിസ്ക്കറ്റു കഴിച്ച് അടുത്തവീട്ടിലെ കുട്ടിയുമായി കളിയിൽ ഏർപ്പെട്ടുകഴിഞ്ഞു. ഭാര്യ ടീച്ചറമ്മ സ്കൂളിൽ നിന്ന് വന്നിട്ടുമില്ല.
ജാന്വമ്മ തന്ന ചൂടു ചായ കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, "ജാനുവമ്മയ്ക്ക് ഭർത്താവും കുട്ടികളും ഇല്ലേ"?
ദീർഘമായ ഒരു മൗനമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും മിണ്ടിയില്ല.
ഞങ്ങളുടെ വീടിന്റെ എതിർ വശത്തുള്ള ഒരു വീടിന്റെ ചായ്പിൽ മറ്റൊരു സ്ത്രീയുമായി വാടക പൈസ ഷെയർ ചെയ്താണ് അവർ പാർക്കുന്നത്. പറയുമ്പോൾ ക്വാർട്ടേഴ്സ് എന്നൊക്കെ പറയും. അമ്മിണി എന്നാണവരുടെ പേര്. വീട്ടിൽ ഇരുന്ന് തുന്നൽ പണി ചെയ്താണ് ചെറിയ മകനും അവരും കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയിയത്രേ. ജാന്വമ്മ ഇതിനു മുമ്പ് മറ്റൊരു ലയിൻ ക്വാർട്ടേഴ്സിലായിരുന്നു. വാടക കുറഞ്ഞ ക്വാർട്ടറുകളിൽ താമസിക്കുന്നവർ പല നിരവാരത്തിലുള്ളവർ ആയിരിക്കും. ആയമ്മയ്ക്ക് അവരുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അങ്ങനെയാണ് തുന്നിക്കാൻ വന്ന് പരിചയപ്പെട്ട അമ്മിണിയുമായി ചേർന്ന്, ഷെയർ ചെയ്ത് പാർപ്പ് തുടങ്ങിയത്.
ഇതിനിടയിൽ ഒരു ദിവസം ഭാര്യയുടെ അച്ഛൻ ആക്സിഡന്റായി എറണാകുളത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഭാര്യയ്ക്ക് ആശുപത്രിയിൽ പരിചരണത്തിനായി നിൽക്കേണ്ടി വന്നു. എനിക്കാണെങ്കിൽ ആഫീസിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. കുട്ടിയേയും കൊണ്ടുള്ള ആശുപത്രിവാസവും ശരിയാകില്ല. ഒടുവിൽ ജാന്വമ്മ ഫുൾടൈം സഹായമായി. ഞങ്ങളുടെ വീട്ടിൽ തന്നെയായി താമസം. ആശുപത്രിയിൽ നിന്ന് ഭാര്യ ദിവസവും വിളിക്കുo അവിടെ നിന്നിട്ട് ആകെ മനസ്സമാധാനമില്ല.
"ചേട്ടന് നാളെ അമ്മയുടെ ചാത്തമൊരിക്കലാണ്. രാവിലെ കുളിച്ച് ഭക്ഷണമുണ്ടാക്കാനൊക്കെ ജാന്വമ്മയ്ക് വയ്ക്കുവോ? ",
കുട്ടി ഒന്നും പേടിക്കണ്ട. എനിക്ക് 'അശുദ്ധി' യൊന്നും ഇല്ലല്ലോ? ഞാൻ രാവിലെ കളിച്ചു തന്നെ ഭക്ഷണമുണ്ടാക്കാo . പറഞ്ഞപോലെ തന്നെ ഇഞ്ചിത്തൈരും കോവയ്ക ഉപ്പേരിയും മോരുപാർന്ന കറിയുമായി ജാന്വമ്മ ചാത്തമൊരിക്കലിന് വട്ടം കൂട്ടി. ഞാൻ കഴിച്ചു കഴിയുന്നതു വരെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ചോദിച്ച് അടുത്തു തന്നെ നിന്നു. സത്യത്തിൽ അമ്മ മരിച്ച ശേഷം ആരും ഇങ്ങനെ അടുത്തു നിന്ന് ഊട്ടിയ അനുഭവം എനിക്കുണ്ടായിട്ടില്ല. എന്റെ കണ്ണു നിറഞ്ഞത് അവർ കാണാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരാഴ്ച കഴിഞ്ഞ് ഭാര്യ വന്നു. എങ്കിലും ജാന്വമ്മ തിരിച്ച് ക്വാർട്ടേഴ്സിലേയ്ക് പോയില്ല. എന്തു ജോലിയും വൃത്തിയായും വെടിപ്പായും ചെയ്യും. പറഞ്ഞു ചെയ്യിക്കേണ്ട ആവശ്യമേയില്ല. രാവിലെ കുളിച്ച് വെളുത്ത വസ്ത്രമൊക്കെ ഉടുത്ത് വീട്ടിലെ ഒരംഗത്തെ പോലെയാണ്. കാര്യമായ ജോലിയൊന്നുമില്ല. ചെറിയ താമസസ്ഥലമാണ്. അടിക്കലും തുടയ്ക്കലും പാത്രം മോറലും . അത്ര മാത്രം. പാചകമെല്ലാം ഭാര്യ ജോലിക്കു പോകുന്നതിന് മുമ്പേ തീർന്നിരിക്കും. വെറുതെയിരിക്കാൻ ജാന്വമ്മയ്ക് മടിയാണ്. ചൂലു കീറിയോ മുറ്റത്തെ പുല്ലു പറിച്ചോ പത്രം വായിച്ചോ ഒക്കെ നേരം കളയും. എഴുതാനും വായിക്കാനും അത്യാവശ്യം അറിയാം. പത്രം വായിച്ചിരിക്കുന്ന അവരെ കണ്ട് എന്നെ കാണാൻ വന്ന ചില സഹപ്രവർത്തകർ ഇത് സാറിന്റെ അമ്മയാണോയെന്ന് ചോദിക്കും. ജാന്വമ്മയുടെ മറുപടി -
ഞാനിവിടെ സഹായത്തിന് നിൽക്കുന്നതാണ്.
ആരെങ്കിലും വീട്ടിൽ വന്ന് ബെല്ലടിച്ചാൽ, ഒറ്റയ്ക്കാണെങ്കിൽ ആകെ ഒരു വെപ്രാളമാണ്. പാഞ്ഞുവന്ന് വാതിൽ തുറക്കും. കുളിച്ചു കൊണ്ട് നിൽക്കുകയാണെങ്കിലും നനഞ്ഞും അല്പ വസ്ത്രത്തിലും ഓടി വരും.. ഇങ്ങനെ പാഞ്ഞു വരേണ്ടതില്ല. വരുന്നവർ കാത്തുനിൽക്കും. ചെയ്യുന്ന കാര്യം മുഴുവനാക്കി വന്നാൽ മതി. എവിടെ. എത്ര പറഞ്ഞിട്ടുo കാര്യമില്ല. ഉത്തരവാദിത്വബോധം കൂടുതലാകുന്നേയുള്ളൂ.
സ്കൂൾ വെക്കേഷന് തറവാട്ടിൽ നിന്ന് ചേച്ചിമാരുടെ മക്കളായ അനുവും നയൻസും ഞങ്ങളുടെ വീട്ടിൽ രണ്ടു മാസത്തെ അവധിയാഘോഷിക്കാനെത്തി. ഒരാൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്നു. മറ്റേയാൾ പ്ലസ്സ് വണ്ണും . അവരാണ് ജാന്വമ്മയ്ക്ക് ഗുമ്മൻ ജാന്വമ്മ എന്ന പേരിട്ടത്. ഒറ്റമുണ്ടും ബ്ലൗസും. അതിനിടയിൽ വിശാലമായ വയർ എപ്പോഴും അനാവൃതമായിരിക്കും. അമ്മുമ്മയുടെ വയർ സിൽക്ക്പോലെയുണ്ടല്ലോ എന്നൊക്കെപ
റഞ്ഞ്, കുട്ടികൾ പിറകേ കൂടും. അവരുടെ കൂടെ കളിക്കാനും ചിരിക്കാനുമൊക്കെ ജാന്വമ്മയും കൂടും. ഊണ് കഴിഞ്ഞാൽ ഒന്നു മയങ്ങണം. അതിന് കട്ടിലോ കിടക്കയോ ഒന്നും വേണ്ട. ഏതെങ്കിലും മൂലയിൽ മലർന്നടിച്ച് ഒരു കിടപ്പാണ്.
ചിലപ്പോൾ പറയും
" എനിക്ക് ഗുമ്മനിളകിയാൽ പിന്നെ ആകപ്പാടെ ഒരു സംഭ്രമമാണ്. ഭക്ഷണം വേണ്ട. വായു മോളിലോട്ടുമില്ല കീപ്പോട്ടുമില്ല. കുട്ടൻ വൈദ്യരുടെ കടയിൽ പോയി അരിഷ്ടവും കഷായവും കുടിച്ചാലേ പിന്നെ സുഖാവുള്ളൂ ".
ജാന്വമ്മയുടെ കുറി നടത്തലാണ് ഏറെ രസം .
ഏതാണ്ട് ഏഴെട്ട് സ്ത്രീകളെ കുറിയിൽ ചേർത്തിട്ടുണ്ട്. നറുക്കിടാൻ സിഗരറ്റ് കടലാസ് മുറിച്ച് ചെറു കഷണങ്ങളാക്കും. ഓരോന്നിലും പേരെഴുതും.
അമ്മിണി ഓമന തങ്കം .......
എല്ലാം കൂടി ഒരു തകര ടിന്നിലിട്ട് കുലുക്കി കുട്ടികളെ കൊണ്ട് എടുപ്പിക്കും. ആരുടെ പേരാണോ കിട്ടുന്നത് അവർക്ക് ചിട്ടിപ്പണം കൊടുക്കണം.
അപ്പോൾ ജാന്വമ്മയ്ക്ക് എന്താ ലാഭം ?
ആദ്യ നറുക്ക് വിളിച്ചെടുക്കാം.. പിന്നെ കൈയിൽ എപ്പോഴും പൈസയുണ്ടാകും. അത്രേയുള്ള ലാഭം.
ഒരാഴ്ച കൊണ്ട് പെൺകുട്ടികളും അമ്മൂമ്മയും കളിക്കൂട്ടുകാരായി. കട്ടിലിനടിയിൽ നൂണ്ടു പോയി അടി ഭാഗമെല്ലാം വൃത്തിയാക്കാൻ അവർക്ക് പ്രത്യേക വിരുതാണ്. അല്പം സ്തൂലശരീരമായതിനാൽ അതല്പം ആയാസകരവും.
ചെല്ലട്ടെ... അങ്ങോട്ടു ചെല്ലട്ടെയെന്ന് പറഞ്ഞ് കുട്ടികൾ പിറകിൽ നിന്ന് തള്ളും.
അമ്മുമ്മയുടെ വയറ് സിൽക്ക് സ്മിതയുടേതു പോലെയാണെന്ന് കുട്ടികൾ .
ആരാ സിൽക്ക് സ്മിതയെന്ന് ജാന്വമ്മ. കുട്ടികൾ പൊട്ടിച്ചിരിച്ച് ഓടും. ഗുമ്മൻ ഇളകുന്ന ദിവസങ്ങളിൽ മാത്രം ജാന്വമ്മ കുട്ടികളുമായി കൂട്ടുകൂടില്ല.
ഒരു ദിവസം കുട്ടൻ വൈദ്യരുടെ അടുത്ത് പോയ വഴി ഒരു ഇൻലന്റുമായിട്ടാണ് അവർ വന്നത്. എഴുത്തെഴുതി , പുല്ലുവട്ടി പോലുള്ള പഴ്സിൽ നിന്ന് ഒരു കടലാസ് തുണ്ടെടുത്ത് അതിൽ എഴുതിയ ഇംഗ്ലീഷിലുള്ള അഡ്രസ് അനുവിന്നെ കൊണ്ട് കത്തിൽ എഴുതിച്ചു.
ആരാ അമ്മുമ്മേ ഈ ഡോക്ടർ അരുന്ധതി.
അതെന്റെ എളേമ്മയുടെ മകളുടെമകൾ . ആയൂർവേദ ഡാക്റ്ററാ. ഞാൻ അവളെ കണ്ടിട്ടും മറ്റും ഇല്ല.
എളേമ്മയുടെ മകളെ ഒരു ദിവസം അമ്പലത്തിൽ വച്ചു കണ്ടു. അവർ തന്ന വിലാസം ആണ്.
അപ്പം അമ്മൂമ്മയുടെ ഭർത്താവോ ? ജീവിച്ചിരിക്കുന്നുണ്ടോ?
ഉണ്ടാകുമായിരിക്കും. ഞാൻ കാണാനോ എന്നെ കാണാനോ വരാറില്ല. പത്തമ്പതു കൊല്ലം മുമ്പ് മുറിച്ചിട്ടു പോന്ന ബന്ധമാണ്. ഇനിയിപ്പോൾ വേണ്ട. അത്ര തന്നെ.
അതെന്താ മുറിച്ചിട്ടത് എന്ന് പറഞ്ഞാൽ അമ്മുമ്മേ .. പിള്ളേര് വിടുന്ന മട്ടില്ല.
അന്ന് ഞാൻ പ്രസവത്തിന് എന്റെ വീട്ടിൽ പോയിരുന്നു. തിരിച്ച് കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അയാൾക്ക് പുതിയൊരു ഭാര്യ. അതും ഗർഭിണി. കണ്ട പാടേ ഞാൻ തിരിച്ചു പോന്നു. പിന്നെയങ്ങോട്ട് പോയിട്ടുമില്ല. എനിക്കും അഭിമാനമില്ലേ?
"അപ്പുപ്പൻ മിടുക്കനായിരുന്നോ ?"
ഒരു മിടുക്കി ചോദിച്ചു.
ആയിരിക്കും.
"അപ്പോൾ അമ്മൂമ്മയ്ക്ക് അറിയില്ലേ? "
നല്ല ഉയരവും ശരീരവുമുള്ള ആളായിരുന്നു.
"അമ്മുമ്മയെ അടിക്കുകയോ ഇടിക്കുകയോ ഒക്കെ ചെയ്യുമായിരുന്നോ?"
അതൊന്നുമില്ല.
എന്റെ കൂടെ കഴിഞ്ഞപ്പം നല്ല സ്വഭാവമായിരുന്നു. പക്ഷേ ഞാനൊന്ന് മാറി നിന്നപ്പോൾ വേറെ ആളെ തെരഞ്ഞ് പോയില്ലേ? അതെനിക്ക് സഹിച്ചില്ല. അവർ വലിയ അവസ്ഥയിൽ ഉള്ള ആൾക്കാർ ആണ് . ആർക്ക് വേണം ഈ പണവും പ്രതാപവും . എന്റെ പട്ടിക്ക് പോലും വേണ്ട.
"അപ്പോൾ അമ്മുമ്മയുടെ മകനോ?"
കുറെ നേരത്തേയ്ക്ക് മൗനം. ഒടുവിൽ മൂക്കു പിഴിഞ്ഞു കൊണ്ട് പറഞ്ഞു.
അവനും ഭാര്യയും കൂടി ചേർന്ന് വീട് വിറ്റു. അവർ എവിടേയ്ക്കോ പോയി. ഞാൻ കിടപ്പാടം ഇല്ലാത്തവളുമായി .
അന്തരീക്ഷം ശോകമൂകമായതോടെ സുന്ദരിമാർ ചോദ്യം ചെയ്യൽ മതിയാക്കി നിഷ്ക്രമിച്ചു.
വെക്കേഷൻ കഴിഞ്ഞതും അനുവും നയൻസും പോയി. കുട്ടികൾ പോയതിന്റെ സങ്കടമത്രയും ജാന്വമ്മയ്ക്കായിരുന്നു. . "അവരുള്ള കാലം സ്വന്തം കൊച്ചു മക്കളെട കൂടെ കഴിയുന്ന പോലെയായിരുന്നു കുട്ടിയേ."
ഭാര്യയോട് ജാന്വമ്മ പറഞ്ഞു.
കുറച്ചു കാലം കൂടി അവർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇടയ്ക് ഗുമ്മൻ വരുന്നതും നീരിളക്കം വരുന്നതുമല്ലാതെ വേറെ ശാരീരിക അവശതകളൊന്നും ഉണ്ടായിരുന്നില്ല.
ഒരു ദിവസം ഭാര്യയോട് കുറച്ച് രൂപാ ചോദിച്ചു വാങ്ങി. ഒന്ന് എടയൂരറ്റം വരെ പോണം. അരുന്ധതി ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ സന്തോഷത്തോടെ ജാന്വമ്മ യാത്രയായി. കുറെ കാലത്തേയ്ക് അവരുടെ വിശേഷമൊന്നും പറഞ്ഞു കേട്ടില്ല. ഒരു ദിവസം അവരുടെ പഴയ കൂട്ടുതാമസക്കാരി അമ്മിണി യാത്രയിലെവിടെയോ ജാന്യമ്മയെ കണ്ടുവത്രേ. ആളാകെ ക്ഷീണിച്ചിരിക്കുന്നു. ഇവിടെന്ന് പോയപോലുള്ള ശരീരമൊന്നും ഇപ്പോഴില്ല. ആകെ ഉടഞ്ഞിട്ടാണ്. കാലിൽ അല്പം നീരുമുണ്ട്.
പിന്നീടൊരിക്കൽ ജാന്വമ്മയുടെ മകൻ തെരെഞ്ഞു വന്നു. അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ . അമ്മ, അരുന്ധതി എന്ന ബന്ധു കത്തയച്ചതായി പറഞ്ഞ് പോയ കാര്യം അറിയിച്ചു. അയാൾ മടങ്ങിപ്പോയി. അമ്മയെ തെരെഞ്ഞ് അയാൾ പോയോ ആവോ?
ഒടുവിലിപ്പോൾ ജാന്യമ്മ മരിച്ചുവെന്ന് അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞാണ് അറിഞ്ഞത്. അകന്ന ബന്ധത്തിലുള്ള ആരുടെയോ കൂടെയായിരുന്നുവത്രേ. എന്നെന്നോ എപ്പോഴെന്നോ എങ്ങനെയെന്നോ അറിഞ്ഞില്ല.
അല്ലെങ്കിൽതന്നെ അതിനൊക്കെ ഇനിയെന്ത് പ്രസക്തി.
_
No comments:
Post a Comment