Wednesday, 25 January 2017

school kalolsavam

സ്കൂൾകലോത്സവം


കലോത്സവങ്ങൾ കേവലം വിനോദത്തിനുള്ള ഉപാധി മാത്രമല്ല.സാമൂഹ്യജീവിതത്തിൽ അധ്വാനത്തിനും വിശ്രമത്തിനും എന്നതുപോലെ ആസ്വാദനത്തിനും പ്രാധാന്യമുണ്ട്.ആസ്വാദനത്തിന്റെ ഭാഗമായുള്ള സർഗാൽമക പ്രവർത്തനങ്ങളിൽ കലയ്ക്കും ചിന്തയ്ക്കും അവതരണത്തിനും സമഞ്ജസമായ സമ്മിശ്രണം ആവശ്യമാണ്.അപ്പോൾ മാത്രമാണ് കലയ്ക്ക്ചാരുതയും  ചലനാല്മകതയും ഉണ്ടാകുന്നത്. കല മനസ്സിനെ ഉണർത്തുന്നു.സംസ്കാരത്തെ വളർത്തുന്നു.സർവ്വോപരി സമൂഹത്തിൽ നല്ല പ്രവണതകൾ രൂപപ്പെടുത്തുന്നു.ഒരു നല്ല കലാകാരന് ഒരിക്കലും നന്മയില്ലാത്തവനാകാൻ  കഴിയില്ല.
സ്കൂളിലെ  കലാപ്രവർത്തനം വിദ്യാർത്ഥികളുടെ ഉള്ളുണർത്തുന്നു.,അവരിലെ സഹജമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു.കലയും  സംസ്കാരവും ഭാഷയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതുകൊണ്ടുതന്നെ ഭാഷാപഠനം ഏറെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഒരു കലാവിഷ്കാരത്തിലൂടെ ഒരാളുടെ മനസ്സിനെ ആവിഷ്കർത്താവിന്റെ ഭാവതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാം. ഉദാഹരണത്തിന് പൂതപ്പാട്ട് എന്ന കവിത ആലപിക്കുമ്പോൾ പൂതം വരുന്നതായും കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോകുന്നതായും എല്ലാം ഒരു സിനിമയിലെന്നപോലെ നമ്മുടെ മനസ്സിൽ വരുന്നു. ആലാപനം ചെയ്യുന്നയാളിന്റെ മികവിനനുസരിച്ചായിരിക്കും ഇത്.ഇതുപോലെ തന്നെയാണ് ഇതര കലകളും.മനസ്സിനെ പിടിച്ചിരുത്താൻ പോരുന്ന മനസ്സിനെ കൊണ്ടുനടത്താൻ പോരുന്ന തരത്തിൽ ദൃശ്യാ-ശ്രവ്യ അവതരണം സാധ്യമാകും.അതിനുള്ള അരങ്ങാണ് നമ്മുടെ സ്കൂൾ കലോത്സവവേദികൾ.ഉചിതമായ വിഷയങ്ങൾ തെരെഞ്ഞെടുത്തു ഭാവനാപൂർവം  അവതരിപ്പിക്കുമ്പോൾ ആവിഷ്കർത്താവിനും അനുവാചകനും ഒരുപോലെ തൃപ്തി വരുന്നു.കലയുടെ ഉത്തമ സാക്ഷാത്കാരം സാധ്യമാകും.     

No comments:

Post a Comment