പുസ്‌തകം എന്റെ കൂട്ടുകാരൻ
ഒരു വ്യക്തിക്ക് ആശയവിനിമയം ചെയ്യാൻ ആവുന്നില്ലെങ്കിൽ അയാളുടെ ജീവിതം നിരർത്ഥകമായിരിക്കും.ആശയവിനിമയത്തിന്റെ അനിഷേധ്യമായ ഉപകരണമാണ് ഭാഷ.ഭാഷ സ്വായത്തമാക്കുന്നതിൽ പുസ്‌തകത്തിന്റെ പങ്ക് നിസ്തുലമാണ്.പുസ്തകങ്ങളിലൂടെ നാം നല്ല പദങ്ങൾ സമ്പാദിക്കുന്നു.നല്ല പ്രയോഗങ്ങൾ സ്വന്തമാക്കുന്നു.മനോഹരമായ ശൈലി സ്വായത്തമാക്കുന്നു.നമ്മുടെ കഴിവുകളെ എല്ലാ അർത്ഥത്തിലും വളർത്തുന്ന, നമ്മുടെ അറിവിനെ വികസിപ്പിക്കാൻ സഹായിക്കുന്ന കളിക്കൂട്ടുകാരനാണ് പുസ്തകം.
നാം നല്ല കൂട്ടുകാരെതെരെഞ്ഞെടുക്കുന്ന പോലെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുക്കുക.അത് നമ്മെ കാണാത്ത കാഴ്ചകളും കേൾക്കാത്ത സ്വരങ്ങളും കേൾപ്പിക്കും.ചരിത്രത്തിന്റെ ഇരുണ്ട ഗോവണിയിലൂടെ തലമുറകൾക്കപ്പുറത്തേയ്‌ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.മായികമായ കാഴ്ചകളും അനുഭൂതികളും സമ്മാനിക്കും.പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങൾ നമുക്ക് മുന്നിൽ മുഖാമുഖം നിൽക്കും.പുസ്തകങ്ങളെ തീർത്തും വിനോദോപാധി മാത്രമായി കരുതരുത്.ആത്മീയവും ഭൗതികവുമായ വിഷയങ്ങളെ നമുക്ക് പുസ്തകങ്ങളിലൂടെ സമീപിക്കാം.ചരിത്രവും ശാസ്ത്രവും നമുക്കതിൽ കണ്ടെത്താം.
പുസ്തകം കണ്ണാടിയാണ്.അതിലൂടെ നിങ്ങൾ നിങ്ങളെത്തന്നെയാണ് കാണുന്നത്.നിങ്ങളുടെ ഉള്ളിൽ എന്താണുള്ളത് എന്നാണ് കാണിക്കുന്നത് എന്നാണ് ഒരു സ്പാനിഷ് ചിന്തകൻ പറഞ്ഞിട്ടുള്ളത്.എം.ടി.യുടെയും മുകുന്ദൻറെയും വിജയന്റേയുമൊക്കെ നോവലുകൾ വായിക്കുമ്പോൾ അവയിലെ കഥാപാത്രങ്ങൾ പലതിനും നമ്മുടെതന്നെ ഛായ തോന്നാറില്ലേ?കണ്ണാടിയിലെന്നപോലെ. അവരുടെ ഉള്ളിലെ മാനസിക സന്തോഷങ്ങളും വ്യഥകളുമെല്ലാം നമ്മുടെതന്നെയായി തോന്നാറില്ലേ?അങ്ങനെയൊന്നുണ്ടാകുമ്പോഴാണ് സഹൃദയത്വം ഉണ്ടാകുന്നത്.
നല്ല പുസ്തകങ്ങൾ നല്ല സുഹൃത്തുക്കളെപോലെയാണ്.നമ്മെ നന്മയിലേക്ക് നയിക്കാൻ പോന്ന മൂല്യമുള്ള വിചാരധാരകൾ അത് നമുക്ക് സമ്മാനിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കറുത്ത് നമുക്ക് നൽകുന്നു.സദ്വൃത്തരായി ജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.
എല്ലാ അർത്ഥത്തിലും പുസ്തകം എന്റെ കൂട്ടുകാരനാണ്.എന്റെ ഏകാന്തതകളെ ധന്യമാക്കുന്ന, എന്റെ അറിവിനെ ഉദ്ദീപിപ്പിക്കുന്ന, എന്റെ ജീവിതത്തിന് മാർഗ്ഗദർശിയാകുന്ന നല്ല കൂട്ടുകാരൻ.
No comments:
Post a Comment