തണലിറക്കങ്ങൾ
തീരത്തു തല്ലിത്തകരും തിരകൾക്ക്
നെഞ്ചിലൊടുങ്ങാത്ത നീറ്റമുണ്ടാം
ഗദ്ഗദം പോലെ നുരിയിടും ഓർമ്മകൾ
ചിപ്പികൾ ഓർക്കുന്ന നൊമ്പരമാം
കൈതത്തഴക്കൈകൾ മാടി വിളിപ്പതു
കൈതവമുള്ള തിരച്ചാർത്തിനെ
മുന്നോട്ടടുത്തിട്ടു പാൽപ്പതപുഞ്ചിരി
തൂകി പിറകോട്ടു പാഞ്ഞകലും
തണലിറക്കങ്ങളിൽ കൈതത്തലപ്പുകൾ
നിഴലിൽ കുഴഞ്ഞു പതിക്കുവാറെ
കളിവട്ടമൊക്കെയും കൈവിട്ട വീചികൾ
കരയെ തനിച്ചാക്കിയുൾവലിഞ്ഞു
നിരയൊത്ത പുന്നമരങ്ങൾ വിരുത്തിയ
നിഴലോ വിരഹിയാം കാർമുകിലോ
കുതികുതിച്ചെത്തുന്ന അലമാല കാണവേ
സന്ധ്യാംബരത്തിൽ ഒളിച്ചു നിന്നു
No comments:
Post a Comment