I
കുഞ്ചൻനമ്പ്യാർ തുള്ളൽക്കലയുടെ
കുലപതിയാണെന്നറിയാമല്ലോ?
കലയും കവിതയുമിഴ ചേർന്നൊരു നവ-
നാട്യപ്രകരണമിതൾ മിഴിയുന്നൂ
ചാക്യാർ ചൊല്ലും വാമൊഴി വരമൊഴി
പരിഹാസത്തിൻ കൈയൊപ്പോടെ
കഥകളി ചേലിൽ മുദ്രാപാംഗം
വേഷത്തിറയൊടു ചേർന്നാടുന്നൂ
കുഞ്ചൻ പുതിയൊരു തുള്ളൽ കലയെ
കൈരളി മുന്നിൽ കണിവച്ചപ്പോൾ
കൈമണി കൊട്ടീ മലയാളക്കര
പിൻപാട്ടോടെ സാഹിതിലോകം
കുഞ്ചൻ പാടിയ തുള്ളൽക്കഥ
ഞാനൊന്നുചുരുക്കി പറയാമിവിടെ
ഓട്ടൻ പറയൻ ശീതങ്കൻ
കഥയെവ്വിധവും പറയാമെന്നാലും
ഓട്ടൻതന്നെ പറയാമതിനൊരു
വാട്ടംവേണ്ട സ്യമന്തകമാവാം.
ഗണപതി ഭഗവാൻ മുരരിപു പുത്രൻ
തുണ ചെയ്യേണം കഥ പറയുമ്പോൾ
വാണീമാതും വന്നെൻ നാവിൽ
വാണരുളേണം വാക്കിൻ പൊരുളായ്
നടനം ചെയ്യാൻ വശമില്ലടിയന്
നടരാജപ്രഭു സതതം കനിയുക
ശിവശങ്കര ജയ! ശിവശങ്കര ജയ!
ശിവശങ്കര ജയ! പാഹി മുരാരേ!
പണ്ടു സ്യമന്തകമെന്നൊരു മണി കൊണ്ടു -
ണ്ടായി പെരുതായൊരു കലഹം
ഏഷണി കൂട്ടാൻ കലഹം കൂട്ടാൻ
പണ്ടേ നമ്മൾ സമർത്ഥരുമല്ലേ !
ഇല്ലാക്കഥയും വല്ലാക്കഥയും
പൊല്ലാപ്പാകും സ്ത്രീപീഡനവും .
വിടുവായത്തം നീട്ടിവിളമ്പി
എടുപിടിയുടനേ മാപ്പു പറഞ്ഞും
ഏറ്റുപിടിക്കാനൊരുകൂട്ടം പേർ
ഏറ്റി നടക്കാൻ മറ്റൊരു കൂട്ടർ.
നാരദനെ മലയാളക്കരയുടെ
കലഹ ബ്രാന്റംബാസിഡറാക്കാം
നാരായണ ജയ! നാരായണ ജയ!
നാരായണ ജയ! നാരദരേ ജയ!
II
സത്രാജിത്തിന് മിത്രൻ നൽകിയ
സ്വത്താം രത്ന സ്യമന്തക മണിയെ
കണ്ടതു കിട്ടാതിണ്ടൽ മുഴുത്തി -
ട്ടംഭോജാക്ഷൻ കട്ടാനെന്നൊരു
കഥയുണ്ടായീ. നാട്ടിലതെല്ലാം
പാട്ടായും പോയ്, ശിവ!ശിവ! ശംഭോ!
മിത്രനു തേജസ്സേറ്റിയ മണിയെ
സത്രാജിത്തു കഴുത്തിലണിഞ്ഞി -
ട്ടപ്പുരിയാകെ ഞെളിഞ്ഞു നടന്നൂ
അല്പന് അർത്ഥം കിട്ടിയ പോലെ
ദുഷ്ടന്മാർ ചില രാജസവീരർ
ശത്രുക്കൾ പലരുണ്ടു ഹരിപ്പാൻ
കാഞ്ചനഭാരം കൈവരുമതിനാൽ
കള്ളന്മാരും കരുതിയിരിക്കും
വിശ്രുതമണിയെ ദ്വാരക തന്നിൽ
വിശ്വാസേന സുരക്ഷിതമാക്കാo
എന്നൊരു കാര്യം കൃഷ്ണൻ ചൊന്നത്
വന്നു വിപത്തായ് തീർന്നാനല്ലോ !
വെണ്ണക്കള്ളൻ, ചേലക്കള്ളൻ
ഗോപികമാരുടെയുള്ളം കട്ടവൻ
ഇങ്ങനെ പല പല പേരുണ്ടെങ്കിലും
ഇന്നീക്കേട്ടത് പുകഴിന് പോരാ
കഷ്ടം സത്രാജിത്തിനൊടൊരുനാൾ
ഇഷ്ടം കൊണ്ടു പറഞ്ഞൊരു കാര്യം
ദുഷ്ടൻ, കൊതി കൊണ്ടെന്നു വിചാരി -
ച്ചിഷ്ടപ്പടിയപവാദം ചെയ്വൂ
അന്നൊരു നാളിൽ വേട്ടയ്ക്കായി -
ട്ടുന്നതനായ പ്രസേനൻ പോയാൻ
അഗ്രജനോടു സ്യമന്തകരത്നം
വ്യഗ്രo വാങ്ങിയണിഞ്ഞാനല്ലോ !
അർക്കൻ തന്നുടെ വരവോയെന്നു
ഭ്രമിച്ചാർ ഭൂതലവാസികളെല്ലാം
അന്നു സ്യമന്തക രത്നവുമായി
പോയ പ്രസേനൻ വന്നീലേതും.
അംബുജലോചനനവനെ കൊന്നി
ട്ടഞ്ചിതമണിയെ കട്ടാനെന്നൊരു
വാർത്ത പരത്തി സത്രാജിത്തതു
നാട്ടിൽ മുഴുവൻ പാട്ടായും പോയ്.
അപവാദങ്ങൾക്കറുതി വരുത്താൻ
അപഗതഭയമൊടു പോയാൻ കൃഷ്ണൻ
ഗോപത്തരുണർ തുണയായും പോയ്
ആപത്തെന്തെന്നറിയണമല്ലോ!
ഘോര വനാന്തര നികരേ കണ്ടൊരു
പ്രേതം വികൃതം അവയവഹീനo
സിംഹച്ചുവടും ചുടുനിണമണവും
മുന്നോട്ടേയ്ക്ക് നയിച്ചീടുന്നു.
ഒട്ടൊരു കാതം പോകെ കണ്ടൊരു
വനരാജന്റെ ഞെരിഞ്ഞ ശരീരം
അവിടുന്നങ്ങോട്ടമരും പദനഖ
വലീമുഖ രൂപം ആരുടെയാമോ?
III
ഹരിനാമങ്ങൾ മുഴങ്ങും ഗഹ്വര
മൊരു യോജനയങ്ങകലെക്കാണാം.
അവിടേയ്ക്കാണാ പദനഖമുനകൾ
പോവതു വേപഥു പൂണ്ടൊരു മട്ടിൽ
മർക്കട കോകില കുക്കട കോഷ്ടക -
മുൽക്കടരാഗം പുലരുവതവിടെ
ഹരിണികൾ കരികൾ കരിവരിവണ്ടു
മുരണ്ടുനടക്കും വിപിനം കണ്ടോ!
അരളികൾ തെച്ചികൾ അരിമുല്ലകളും തരളിതലതകൾ മറ്റുമനേകം
ചമ്പക പിച്ചക മന്ദാരങ്ങൾ
കമ്പിതമിളകും പുന്നാഗങ്ങൾ സലിലസരസ്സുകൾ സുരഭിലമലരു -
കളുതിരും പൂവനിയേറെ വിശേഷം . അവിടൊരുകുഹരംഅതിഗംഭീരം
രവികിരണങ്ങൾ പരത്തി ലസിപ്പൂ
കുഹരമതിലതിശയം കാണായിതാഹന്ത! ക്രീഡനം ചെയ്യുന്ന ബാലികയെത്തദാ കുതുകമൊടു പാർത്താർ സ്യമന്തക രത്നവും കുലിശമൊടുകോർത്തവൾകണ്ഠേധരിച്ചതും
അതുപൊഴുതുകന്യയോടഖിലവുമറിഞ്ഞിടാ-നതുലനയകോവിദൻ മുന്നോട്ടടുക്കവേ അതിബലസമന്വിതം കലിയൊടൊരു വാനരം ദന്തശു കോപമോടോടിയടുത്തിതേ
അനുമതി അപേക്ഷകളൊന്നുമില്ലാതെകണ്ട -നുചരരുമായി ബലേനകടന്നൊരു ശത്രുവെ ക്രുദ്ധനായ് ഒന്നടിച്ചാനതു തെറ്റെന്ന് മാടിത്തടുത്താൻ ദേവദേവനും
താഡിച്ചുമോടിച്ചുമേറെപ്പണിപ്പെട്ട് കോരിയെടുത്തിട്ടെറിഞ്ഞുo തിരിച്ചുടൻ ചീറിയടുത്തിട്ടിടം പെട്ടു ക്രുദ്ധിച്ചു നേരേ തിരിഞ്ഞ് തല കൊണ്ടിടിക്കയും കുംഭിതുമ്പിക്കൈയുയർത്തി കല്പത്തരു പത്രത്തെ ആഞ്ഞു വലിക്കുന്ന പോലവേ വൃത്രാരിപുത്രകരുത്തോടെ വാനരൻ വൃഷ്ണികുലാധിപനെ കവർന്നീടുന്നു
കരപുടമൊടമിതബലമുടനടി കുടഞ്ഞുടൽ തരമൊടു പണിപ്പെട്ടു വേർപെടുത്തീ ജവം മല്ലയുദ്ധം കൊണ്ട് വെല്ലാൻ കഴിയാഞ്ഞ് നല്ലഗദ കൊണ്ടടിച്ചിതു വാനരൻ .
എട്ടാശ തോറും കനത്തിൽ പ്രഹരിച്ച - തൊട്ടുമേ തൊട്ടതേയില്ല ചിന്മേനിയിൽ . ദേവദേവേശനോടാവേശമോടെന്നാവുമോ ഓർക്കിൽ തൊടുക്കാനിതേ വിധം
IV
പക്ഷം ഒന്നു കഴിഞ്ഞിട്ടും മറു - പക്ഷത്തേതുമിളക്കം പോരാ സംഗരമെങ്ങനെ മുന്നോട്ടേവം സംഗതമാവുമതറിവീലൊട്ടും
ഗരുഡാരൂഢാ വന്നെൻ ദുർഗതി കരുണയൊടഴിവാൻ പ്രാർത്ഥിക്കുന്നേൻ കപിവരസുകൃതിക്കതു നേരം തന്ന - നുപമപൂർവസ്മൃതിയുണ്ടായി
ദിക്കുകളൊക്കെവിറച്ചിടിവെട്ടി ചിന്നിപ്പിന്നിയമിന്നൽക്കൊടിയും മാറെറാലിയായി ശംഖൊലിനാദം ധൂസരധൂമില വിലയിത വ്യോമം ഗഹ്വരമാകെനിറഞ്ഞൊരലൗകിക - വിഹ്വലമാമൊരു ദർശനപുണ്യo
മൂന്നു ചവിട്ടടി കൊണ്ടു ജഗത്രയ- മൊന്നായ്നേടിയ വിക്രമനാണോ!മധുകൈടഭരുടെയന്തകനാണോ !മധുമഥനത്തിൻ സൂത്രകനാണോ !രാവണനിഗ്രഹമഴകൊടുചെയ്തി - ട്ടവനീസുതയെ ഗ്രഹിച്ചവനാണോ !
പെട്ടെന്നൊരു ഗിരമഴകിനുകേൾക്കായ് വിശ്വാസാർത്ഥമൊരശരീതിക പോൽ
**** **** **** ****
സൃഷ്ടികർത്താവാം വിരിഞ്ചനോ
മാനസ പുത്രനാം വാനരൻ ജാംബവാനോടിദം
മന്വന്തരങ്ങൾക്കു സാക്ഷിയായ് നീ ചിരഞ്ജീവിയായ് വാഴ്കെന്നനുഗ്രഹിച്ചു മുദാ
സാക്ഷാൽ പരബ്രഹ്മമൂർത്തിയായുള്ള ശ്രീ നാരായണനെ മനസിൽ പ്രതിഷ്ഠിച്ചു
ലോകോപകാരത്തിനായ് യുഗം തോറുമേ നാനാപ്രകാരവും വർത്തിച്ചു ജാംബവാൻ ദുഗ്ധാബ്ധിയിൽ മഥനം ചെയ്ത കാലവും
ദുഃഖാബ്ധി പാരം കടന്നൊരു കാലവും
വിഷ്ണുവിൻ പാദം ഭജിച്ചു കൊണ്ടപ്പുമാൻ വിശ്വാസമോടെ കഴിഞ്ഞു വിധിവശാൽ
മുന്നം ത്രിവിക്രമൻ തൃക്കാൽച്ചുവടിനാൽ
മൂന്നു ലോകങ്ങളും ഒന്നായളന്നപ്പോൾ ഒറ്റക്കുതിപ്പിൽ പലവട്ടമക്കഴൽ
ചുറ്റി പ്രദക്ഷിണം വച്ചുവല്ലോ ഹരേ!
വാരാന്നിധിയെ കടപ്പാനുപായങ്ങൾ
തേടിയ മാരുതി വീരന്റെ തൃക്കരം കൈയിലെടുത്തു കൊണ്ടാത്‌മോപദേശങ്ങൾ
ചൊല്ലിക്കൊടുത്തതും ജാംബവാനല്ലയോ!
യുദ്ധത്തിലക്കാലമിന്ദ്രാരിയാൽ ബാല - നത്യന്തദീനനായ് പെട്ടോരു നേരത്ത്
ബദ്ധേന വാതാത്മജനെയുണർത്തി സിദ്ധൗഷധ നസ്യേന രക്ഷിച്ചതുമില്ലയോ
അത്യന്തഭക്തനാം ജാംബവാനെന്തിതേ സത്യപരായണ ശത്രുവായ് തീർന്നതും ആരെന്നറിയാതെയോടിക്കുതിച്ചെത്തി താഡിച്ചതെത്രയും നിന്ദ്യമെന്നോർക്കണം.
V
രോഷം മൂലം വന്നൊരു കലഹം ദോഷം വന്നിടുമതിനാലിപ്പോൾ കലഹംകൊണ്ടൊരു കാര്യവുമില്ല സുലഭം അവമതി ആപത്തും കേൾ.
വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും തോക്കുകൾ കൊണ്ടും ട്രോളുകൾ കൊണ്ടും , ഭേദ്യം ചെയ്തും ചോദ്യം ചെയ്തും സൈബറിടത്തിൽ സമരം ചെയ്തും കലഹംചെയ്വൂ പലവിധമുലകിൽ കദനം നിറയുവതറിയുവതാരോ ?
ഹരിയെ അരിയെന്നോർത്തു കയർത്തത് അവിവേകം കൊണ്ടറിയുക ദേവാ!
എന്നിൽ കോപം അരുതേ താവക മുന്നിൽഅടിയിണ പണിയുന്നേൻ ഞാൻ ഹരിയുടെ അനിതര മാഹാത്മ്യങ്ങൾ സ്തുതിയൊടു ചെയ്തു ജാംബവനപ്പോൾ
കനിവൊടു ഭക്തനെയാശ്ലേഷിച്ചു കരുണാമയനാം കമലേക്ഷണനും ജാംബവതീ ഗള ശോഭിതമായ സ്യമന്തകരത്നം കൃഷ്ണനു നൽകി കന്യയെ മടിയാതവിടുന്നേവം കൈക്കൊൾകെന്നൊരു പ്രാർത്ഥനയോടെ . ഭക്തോത്തമനെ കൈവിടുകെന്നതു യുക്തമതാകില്ലെന്നൊരു പക്ഷം
കരഗതമായ സ്യമന്തക മണിയെ പരിചൊടു സത്രാജിത്തിനു നൽകി. അപവാദങ്ങൾക്കറുതിയതായി. സത്രാജിത്തതി ഖേദം പൂണ്ടു.
ശത്രുത നമ്മൾക്കില്ലിനി മേലിൽ മിത്രമതാകണമവിടുന്നിപ്പോൾ കന്യാദാനംചെയ്വൻ ഞാനും കന്യയെഭാമയെകൈക്കൊള്ളണം.
അങ്ങനെയെല്ലാം മംഗളമായി മംഗലവും പുനരുണ്ടായല്ലോ!
ധർമസ്ഥാപനനിരതൻഭഗവാൻ ധർമിഷ്ഠകളാം ദാരങ്ങളുമായ് . ദ്വാരകതന്നിൽ സസുഖം വാണാൻ ദ്വാപരയുഗപരിപാലകനായി.
കുഞ്ചൻനമ്പ്യാർതുള്ളൽപാട്ടായ് അഞ്ചിതമാo നല്ലുപഹാസത്താൽ ചൊല്ലിയ കഥ ഞാനൊന്നു ചുരുക്കി വല്ലാം വണ്ണം വരികളിലാക്കി.
ഇങ്ങനെയീയൊരുകഥയുരചെയ്വാൻ സങ്ങതി വന്നതുമെന്നുടെഭാഗ്യം സംശോധനചെയ്താവതുമെന്നെ സന്തോഷേണ പ്രഹർഷിക്കണമേ .
= ശങ്കരനുണ്ണി
No comments:
Post a Comment