ഞാൻ നാലിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമാ കാണുന്നത്.
തില്ലാനാ മോഹനാംബാൾ എന്ന തമിഴ് ചിത്രം .
അത് 1968 ൽ. അതുവരെ വീടിനടുത്തൊന്നും കൊട്ടകയില്ലായിരുന്നു. പട്ടണത്തിൽ പോയി സിനിമയോ സർക്കസോ കാണാൻ ഞങ്ങൾക്ക് അന്ന് പാങ്ങില്ലായിരുന്നു. ചന്തയ്ക്കടുത്തുള്ള മൈതാനത്ത് ദിവസങ്ങൾ നീണ്ടു നിന്ന സൈക്കിൾ യജ്ഞമായിരുന്നു അതിനു മുമ്പ് ഞങ്ങളിൽ ആവേശം നിറച്ചിരുന്നത്. കൊച്ചിൻ ഫ്രാൻസിസ് നയിച്ച സൈക്കിൾ യജ്ഞം വല്ലാത്തൊരനുഭവമായിരുന്നു. ഗ്രൗണ്ടിനെ വലം വച്ച് സൈക്കിൾ ചവിട്ടിക്കൊണ്ടേയിരിക്കുന്ന ഫ്രാൻസിസ് സൈക്കിളിൽ നിന്നിറങ്ങുന്നത് കാണാറേയില്ല. ഭക്ഷണവും ഉറക്കവും എല്ലാം അതിൽ തന്നെ. ഫ്രാൻസിസിന്റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം, പാപ്പച്ചൻ , ഗോപിനാഥ് കൂടാതെ സർക്കസിലെ ജോക്കർ മാതിരി മച്ചാൻ എന്ന ഒരു കുള്ളനും. ഇത്രയും പേർ ചേർന്നാൽ സൈക്ലജ്ഞേo ടീമായി.
സ്കൂളുവിട്ടാൽ അര മണിക്കൂർ നേരം യജ്ഞസ്ഥലത്ത് ഞങ്ങൾ കുട്ടികൾ ചുറ്റി നടക്കും. അപ്പോൾ ഫ്രാൻസിസിന്റെ സൈക്കിളിൽ ഇരുന്നു കൊണ്ടും നിന്നുകൊണ്ടുമുള്ള അഭ്യാസ പ്രകടനങ്ങളാണ്. ഏഴു ദിവസത്തെ സൈക്ലജ്ഞo എന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും അത് 14 ദിവസവും 21 ദിവസവുമൊക്കെയായി നീണ്ടു. ഫ്രാൻസിസ് സൈക്കിളിൽ മൈതാനം വലം വയ്ക്കുമ്പോൾ കാണികൾക്ക് ബോറടിക്കാതിരിക്കാനായി ചില കലാപരിപാടികൾ കൂടി ഷോയുടെ ഭാഗമായുണ്ട്. ഇടയ്ക്കിടയ്ക്കുള്ള മൈക്ക് അനൗൺസ്മെന്റ്.
" കൊച്ചിൻ ഫ്രാൻസിസിന്റെ സൈക്ലജ്ഞo ഒറ്റപ്പന്ന മൈതാനത്ത്. നിങ്ങൾ ഇതുവരെ കാണാത്ത സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ . വരുവിൻ ! കാണുവിൻ! ആസ്വദിക്കുവിൻ ! "
"പച്ചനെല്ലിൻ കതിരുകൊത്തി
പറക്കും പെൺകിളി തത്തേ
നീ കണ്ടോ, പുന്നാരമ്പിളി
കൂടണഞ്ഞതും നീ കണ്ടോ"
"കൊച്ചിൻ ഫ്രാൻസിസിന്റെ ൈസക്കിൾ യജ്ഞം ഒറ്റപ്പുന്ന ൈമ താനിയിൽ "
തിരക്ക് കൂടുന്ന അവസരങ്ങളിൽ മേക്കപ്പിട്ട കലാകരന്മാർ നിരന്നുള്ള നൃത്തവും നാടകാവിഷ്ക്കരണവുമൊക്കെ ഉണ്ടാകും.
6 മണി മുതൽ 9 മണി വരെയാകും , ഇത്തരം പരിപാടികൾ . ഓരോ പരിപാടികളുടേയും ഇടവേളകളിൽ കുട്ടികൾ ടിന്നുമായി സംഭാവന പിരിക്കാൻ ഇറങ്ങും. അഞ്ചു മിനിട്ടുകൊണ്ട് നാണയങ്ങൾ നിറയും. കൂടാതെ കോഴിമുട്ട, കോഴി, റൊട്ടി , കപ്പ, നേന്ത്രക്കുല തുടങ്ങിയ ഉല്പന്നങ്ങൾ സംഭാവനയായി ലഭിക്കും. ഇതെല്ലാം മൈക്കിൽ കൂടി അനൗൺസ് ചെയ്യുന്നതിനാൽ സഹൃദയർ മത്സര ബുദ്ധിയോടെ സംഭാവനകൾ നൽകി.
കലാപരിപാടികൾ നടക്കുമ്പോഴും ഫ്രാൻസിസ് സൈക്കിളിൽ മൈതാനം വലം വച്ചു കൊണ്ടിരിക്കും.
ശ്വാസം അടക്കിപിടിച്ചാണ് ഞങ്ങൾ സൈക്കിൾ അഭ്യാസം കണ്ടു നിൽക്കാറ്. സൈക്കിളിൽ നിന്ന് വീഴാതെ ആളുകൾ എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ പെറുക്കിയെടുക്കുന്ന വിരുത്, തലകുത്തി നിന്ന് സൈക്കിൾ ഓടിക്കുന്ന വിക്രമം, കാലുകൾ ഹാൻഡൽ ബാറിൽ വച്ച് ശരീരം സീറ്റിലുമായി , കിടക്കുന്ന തരത്തിലുള്ള സൈക്കിളോട്ടം - ഇങ്ങനെ വൈവിധ്യമാർന്ന പ്രദർശനങ്ങൾ . വീട്ടിൽ വൈകിച്ചെന്നാൽ അടി കിട്ടുമെന്നതിനാൽ അധിക നേരം നിന്നു തിരിയാതെ വീട്ടിലേയ്ക്കോടും. എന്തെങ്കിലു
മൊക്കെ വാരിത്തിന്ന്
പിറ്റേന്നത്തേയ്ക്കു വേണ്ട വീട്ടുസാധനങ്ങൾ വാങ്ങാനായി വീണ്ടും ചന്തയിലേയ്ക്ക്. ആ സമയം മച്ചാന്റെ ഹാസ്യ കലാപരിപാടിയായിരുന്നു ഹൈലൈറ്റ്. കൂട്ടത്തിൽ സൈക്കിളിൽ കറങ്ങി
ക്കൊണ്ട് ഫ്രാൻസിസും
മറ്റു താരങ്ങളും സഹകരിക്കും. രാത്രി 7 മണിക്ക് ശേഷം നാടകമാണോ ബാലെയാണോയെന്ന് പറയാൻ പറ്റാത്ത ചില കലാരൂപങ്ങളായിരിക്കും. ഇപ്പോഴത്തെ സ്കിറ്റ് പോലുള്ള ചിലത്. കഥാപാത്രങ്ങൾ മേക്കപ്പിട്ട് രംഗത്തെത്തി ചെയ്യുന്ന ചില പ്രഹസനങ്ങൾ.
ഈ സമയത്തും ഫ്രാൻസിസ് സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് ടിന്നുമായി കുട്ടികൾ വരുന്നു. ടിന്നുകൾ നിറയുന്നു. ആളുകളുടെ അകമഴിഞ്ഞ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രം സൈക്ലജ്ഞo 7 ദിവസത്തിൽ നിന്ന് 14 ദിവസവും അതു പിന്നെ 21 ദിവസവും ആയി. ഇപ്പോഴത്തെ കാലത്തെ ബ്ലോക് ബസ്റ്റർ സിനിമയെന്നോണം .
അടുത്ത വർഷവും ക്രിസ്തുമസ് അടുപ്പിച്ചുള്ള കാലയളവിൽ ഫ്രാൻസിസ്
സൈക്ലജ്ഞവുമായി എത്തി. വൈവിധ്യമാർന്ന ഐറ്റംസുമായി, വ്യത്യസ്തമായ കലാപരിപാടിയുമായി .
" ഇത്തിരി നെല്ലേ പാണ്ടി നെല്ലേ
ഇന്നലെ നമ്മുടെ കേരളത്തിൽ
പുത്തരി കൊയ്യും പാവങ്ങൾക്ക്
പട്ടിണി കൊണ്ടാണത്താഴം "
ഉയർത്തിക്കെട്ടിയ ഉച്ചഭാഷിണിയിലൂടെ പാട്ടുകേൾക്കാം. അതനസരിച്ച് നൃത്തച്ചുവടുമായി കലാകാരൻമാർ.
നിറസദസിൽ തന്നെ ഇത്തവണയും ഷോ നടന്നു. നാട്ടിലെ കവലച്ചട്ടമ്പികളെ കയ്യിലെടുത്തും ഗ്രാമമുഖ്യന്മാരെ ആദരിച്ചും പരിപാടി ഗംഭീരമായി കടന്നുപോയി. നൃത്തത്തിൽ വൈദഗ്ധ്യം ഉള്ള ജീവാനന്ദൻ
എന്ന കലാകാരനായിരുന്നു പുതുതായി
അവതരിപ്പിക്കപ്പെട്ടത്. അത്തവണയും
സൈക്കിൾ യജ്ഞം വൻവിജയം തന്നെ
യായിരുന്നു.
എന്നാൽ മൂന്നാം കൊല്ലമായപ്പോഴേയ്ക്കും
ഒറ്റപ്പുന്നയിൽ പുതിയ സിനിമാക്കൊട്ടക തുടങ്ങി. അതോടെ കൊച്ചിൻ ഫ്രാൻസിസിന്റെ ഓപ്പൺ എയർ ഷോയ്ക്ക് ആളു കുറഞ്ഞു. എല്ലാവരും ടിക്കറ്റെടുത്ത് നസീറിന്റേയും സത്യന്റേയും ഷീലയുടേയും ഒക്കെ സിനിമ കാണാൻ ഇരുന്നു. അക്കൊല്ലം ഏഴു ദിവസo തികച്ച് സൈക്കിൾ യജ്ഞം നടത്താൻ കഴിഞ്ഞില്ല. 6 മണിയായാൽ ആളുകൾ സിനിമാകൊട്ടകയിലേക്ക് ഒഴുകും. ആ സമയത്തായിരുന്നു ഏറെ കളക്ഷൻ കിട്ടിയിരുന്നത്.
പിന്നെ കുറെ കൊല്ലത്തേയ്ക്ക് സൈക്കിൾ യജ്ഞം ഉണ്ടായില്ല. ഫ്രാൻസിസിനെയും കാണാനില്ലായിരുന്നു.
സൈക്കിൾ യജ്ഞം പിന്നീട് ഫ്രാൻസിസ് , മോട്ടോർ സൈക്കിളിലുള്ള സാഹസിക പ്രകടനമാക്കി. കണ്ണു കെട്ടി ബൈക്ക് ഓടിക്കുക, കൈ വിട്ട് ബൈക്കോടിക്കുക, ഒറ്റച്ചക്റത്തിൽ നിർത്തി ബൈക്കോടിക്കുക,
മോട്ടോർസൈക്കിളിൽ കണ്ണുകെട്ടിയിരുന്ന്
കാർ കെട്ടി വലിക്കുക തുടങ്ങിയ സാഹസിക ഇനങ്ങൾ .
ഒടുവിൽ ഒരു ആക്സിഡന്റിൽ ഡിസ്ക് തകരാറിലായി അയാൾക്ക് ജോലി ചെയ്യാൻ കഴിയാതെയായി.
ഒരു തവണ ലീവിന് നാട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞു , അയാൾ പടിഞ്ഞാറ് കായലരികിൽ ഒരു വീട്ടിൽ പഴയ ശിഷ്യരിൽ
ഒരാളുടെ കൂടെ താമസംതുടങ്ങിയെന്ന്. പിന്നീടെപ്പൊഴോ മരണപ്പെട്ടു.
എന്റെ ഓർമ ഉണർന്ന കാലം മുതൽ കണ്ട സാഹസിക കലാരൂപത്തെ ഇന്നും ഓർക്കുന്നു. സത്യനും രാഗിണിയും നസീറും ഷീലയുമൊക്കെ മനസിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ കാലത്തിന് മുമ്പ്
ഞങ്ങൾ കുട്ടികളുടെ മനസ്സിൽ
വിളങ്ങിയ സൂര്യതേജസ് ആയിരുന്നു- കൊച്ചിൻ ഫ്രാൻസിസ് .
-ശങ്കരനുണ്ണി
No comments:
Post a Comment