Wednesday, 31 December 2025

രാത്രി ജാലകങ്ങൾക്കപ്പുറം

രാത്രി ജാലകങ്ങൾക്കപ്പുറം



ദുഃഖബാഷ്പാകുലങ്ങളാം നേത്രങ്ങൾ

മെല്ലെ ചിമ്മിത്തുറക്കുന്നു താരകം

കാന്തനെപ്പിരിഞ്ഞേകാന്ത രാത്രിയിൽ

കൺകലങ്ങിയിരുന്ന പോൽ പെൺകൊടി


വാനിലെങ്ങും പടരും മുകിൽ ചാർത്തിൻ

കാളിമ നിഴൽ രൂപം വരയ്ക്കുമ്പോൾ

ഓടിയെത്തുന്നൊടിയൻ്റെ മായകൾ

കാട്ടുപോത്തായ് ഹരിണി കരികളായ്

നാട്ടുമാരണപ്പേക്കൂത്തു കാണുവാൻ

രാത്രി ജാലികൾക്കപ്പുറം നോക്കിയാൾ


രണ്ടു കാലിൽ നൊടിയിടെ പായുന്നോർ 

നാലു കാലിൽ കുതിക്കുന്നു വന്യമായ്

ചോരയിറ്റും കുളമ്പുകൾ മിന്നലായ്

കാറ്റിൻ വേഗം കലർന്നു മറഞ്ഞുപോയ്

ശോണരേഖകൾ കാൺമതില്ലെങ്ങുമേ

ശ്യാമം വർണ്ണം പടർന്നുപോയ് ചുറ്റിലും


Tuesday, 30 December 2025

പ്രണയത്തിൻ്റെ തരളതീരങ്ങൾ

അവതാരിക


പോർട്ടോ ഫിനോ (ക്രാവല്ലൂർ മുരളീധരൻ)

ഒരു യാത്രാവിവരണം നോവലിലേയ്ക്കു സംക്രമിക്കുന്ന മനോഹരമായ വാങ്മയദൃശ്യമാണ് കാവല്ലൂർ മുരളീധരൻ്റെ പോർട്ടോഫിനോ അനാവരണം ചെയ്യുന്നത്. . കാവ്യാരാമത്തിലെ സല്ലാപസുഖം പോലെ, അനുഭവങ്ങൾക്കും അനുഭൂതികൾക്കും ഇടയിലൂടെ കൈപിടിച്ചു നടക്കുന്ന പോലെ ഒരു തോന്നൽ. ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാനായി വിദേശിയായ സഹപ്രവർത്തകയ്ക്കൊപ്പം അവരുടെ നാട്ടിലേയ്ക്കുള്ള യാത്രയും മസൃണ അനുഭവങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. നായികാനായകന്മാർക്കൊപ്പം അനുവാചകരെയും കൂടെ നടത്തുന്ന തരത്തിൽ യാത്രയിലെ കാഴ്ചകളും വിവരണങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. 

'ജീവിക്കുക എന്നതുതന്നെ ഒരു വലിയ ജോലിയാണ്' 
എന്ന ആമുഖത്തോടെയാണ് നോവൽ ആരംഭം. ജോലിയുടെ നൈരന്തര്യവും മടുപ്പും വിരസതയുമെല്ലാം ആ ഒരു വരിയിൽ സമഞ്ജസിപ്പിച്ചിരിക്കുന്നു. മനസ്സിൻ്റെ മടുപ്പിൽ നിന്നും ശരീരത്തിൻ്റെ നിരുന്മേഷത്തിൽ നിന്നും മോചനം തേടാൻ ഉദ്ദേശിച്ച കഥാനായകൻ സ്വരാജ്യത്തെ പുണ്യസ്ഥലങ്ങൾ തേടുമ്പോൾ, തൻ്റെ തന്നെ വിദേശി സഹപ്രവർത്തക അയാളെ അവളുടെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നതോടെയാണ് കഥാരംഭം.
ഒരു വിദേശിക്ക് നമ്മുടെ നാടിനോടുള്ള കാഴ്ചപ്പാട് ഇസബെല്ലയുടെ വാക്കുകളിലൂടെ പുറത്തു വരുന്നു; 
" നിങ്ങൾ നിങ്ങളുടെ സംസ്ക്കാരങ്ങളിൽ മുങ്ങിത്താഴ്ന്ന് അപ്രത്യക്ഷരായി ജീവിതത്തിൽ നിന്ന് മുക്തിനേടാൻ ആഗ്രഹിക്കുന്നവരാണല്ലോ " 
അവൾ പറഞ്ഞു..
ഇസബെല്ല എന്ന അവളുടെ പേരിൻ്റെ അർത്ഥം തന്നെ ' ജീവിതം ദൈവത്തിന് സമർപ്പിച്ചവൾ ' എന്നാണ് എന്ന് കഥാകാരൻ പറയുന്നു.. ഇസബെല്ലയെ സംബന്ധിച്ചിടത്തോളം മുക്തിയുടെ അർത്ഥതലം മറ്റൊരു തരത്തിലാകാം.

അതുപോലെ സ്വന്തം നാടിനെപ്പറ്റിപ്പറയുമ്പോഴുമുണ്ട് താരതമ്യ നിരീക്ഷണം.
 " നിൻ്റെ നാട്ടിലെ പോലെ വലിയ തിരകൾ കുറവാണ് " 
എന്നു പറയുമ്പോൾ, കടലിലെ തിരകളെ കുറിച്ചാണ് പരാമർശമെങ്കിലും അതിൽ സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങൾ കണ്ടെടുക്കാൻ കഴിയും. 

രണ്ടാം അദ്ധ്യായത്തിൽ അപകർഷതാചിന്തയുമായി ഏകാന്ത ലോകത്ത് കഴിയുന്ന കഥാനായകനെ സാരസവാക്യങ്ങളാൽ പ്രചോദിപ്പിച്ച് ശൂന്യതയിൽ നിന്ന് ജീവിതത്തിലേയ്ക്ക് ആനയിക്കുകയാണ് ബെല്ല . മനുഷ്യന് ഒറ്റയ്ക്ക് നിലനിൽക്കാനാകില്ലയെന്ന് പറയുന്ന അവൾ ജീവിതം കൂടുതൽ മുറിവുകളുണ്ടാക്കി കനത്ത വേദനകൾ ആസ്വദിക്കാനുള്ളതല്ലയെന്നും മുറിവുകൾ തുന്നി ഉണക്കി ജീവിതത്തെ നേരിടാനുള്ളതാണെന്നും ഉദ്ബോധിപ്പിക്കുന്നു.

തുടർന്നങ്ങോട്ടുള്ള കഥ, ഒരു യാത്രാനുഭവക്കുറിപ്പു പോലെയെങ്കിലും മിഴിവും ചാരുതയും പ്രണയവും ചാലിച്ച് ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമാക്കിയിരിക്കുകയാണ് ശ്രീ. കാവല്ലൂർ മുരളീധരൻ. 

കാല്പനിക പക്ഷത്തുണ്ടായിരുന്ന തത്വചിന്തകരുടെ കാഴ്ച്ചപ്പാടിൽ 
ഉദാത്തതയ്ക്ക് ഉറവിടമായ തത്വങ്ങൾ പലതുണ്ട്. അതെല്ലാം പ്രാവീണ്യം എന്ന മൗലികമായ സിദ്ധിയെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിൽ പ്രധാനം ഉൽകൃഷ്ടമായ വിചാരമാണ്. രണ്ടാമത്തേത് ഊർജ്ജസ്വലവും ചൈതന്യവത്തുമായ വികാരാവിഷ്ക്കരണമാണ്. ഇവ രണ്ടും സഹജമായ സിദ്ധികളെ ആശ്രയിച്ചാണിരിക്കുന്നത്. കലാസങ്കേതങ്ങളുടെ സഹായത്താൽ നിഷ്പന്നമാവുന്ന ഉപാധികൾ വേറെയുമുണ്ട്.
കല്പനയുടെ പ്രയോഗത്തിലുള്ള കൗശലം അതിലൊന്നാണ്. . അന്തസ്സുറ്റ പ്രകാശനം വേറൊന്നാണ് . രചനാ സംവിധാനത്തിൻ്റെ ഗാംഭീര്യവും ഔന്നത്യവുമാണ് അഞ്ചാമത്തേത്.

ഉദാരതയും ഉൽക്കർഷവാഞ്ഛയുമുള്ള ആത്മാവിൽ നിന്നു മാത്രമേ യഥാർത്ഥ വാഗ്മിത സംജാതമാകുകയുള്ളൂ. ഗാംഭീര്യമുള്ള ചിന്തകൾ ഉള്ളവരുടെ വചനങ്ങൾ ഉദാത്തതാനിർഭരമായിത്തീരുന്നു. അതുപോലെ ഭവ്യമായ വചനങ്ങൾ മനസ്വികളുടെ വിശേഷമായ സിദ്ധിയാകുന്നു.

ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പർക്കത്താൽ മലയാളത്തിനു ലഭിച്ച സാഹിത്യ ശാഖയാണ് നോവൽ. സംസ്കൃതത്തിലെ കാദംബരി പോലുള്ള നീണ്ട കൽപ്പിത കഥകൾ മലയാളിക്കു പരിചിതമായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ നോവല്ലകൾ വായിച്ച് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ നോവലുകൾ രചിക്കപ്പെട്ടത്.

എ ഡി.നാലാം നൂറ്റാണ്ടിനടുപ്പിച്ച് ഗ്രീക്കു ഭാഷയിലെഴുതിയ ഡാഫനിസും ഖ്ളോയും (Daphnis and Chloe), ലാറ്റിനിൽ എഴുതപ്പെട്ട ഗോൾഡൻ ആസ്സ് (Golden Ass) എന്നീ കഥകളിൽ നോവൽ പ്രസ്ഥാനത്തിൻ്റെ സ്ഫുരണങ്ങൾ കണ്ടിരുന്നതായി സാഹിത്യ നിരൂപകർ പറയുന്നു. റിയലിസം, നാച്ചുറലിസം, ഇമ്പ്രഷണിസം ഏറ്റവും ഒടുവിൽ ബോധധാരയും (Stream of consciousness) രചനാ മാധ്യമമാണ്. പാശ്ചാത്യസാഹിത്യത്തിൽ വെർജിനിയ വുൾഫും വില്യം ഫോക്നറും(1897-1962) ജെയിംസ് ജോയ്സും (1882-1941) അവിഷ്ക്കരിച്ച സമ്പ്രദായങ്ങൾ ഭാരതീയ സാഹിത്യകാരന്മാർ വിജയകരമായി പരീക്ഷിച്ചതായി ശ്രീ.ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി നിരീക്ഷിച്ചിട്ടുണ്ട്.

നാടകാദി ഗദ്യരചനാ രൂപങ്ങൾ മലയാളത്തിലേയ്ക്ക് കടന്നുവന്നതിൽ നാം ഇംഗ്ലീഷ് സാഹിത്യത്തോടു കടപ്പെട്ടിരിക്കുന്നു. ഗദ്യസാഹിത്യത്തിലെ സുപ്രധാന വിഭാഗമായ നോവൽസാഹിത്യം പാശ്ചാത്യരിൽ നിന്ന് ആദ്യം അനുകരിച്ചത് ബംഗാളികളാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇത് ചുവടുറപ്പിക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.

ആധുനിക മലയാള സാഹിത്യത്തിൻ്റെ പുരോഗതിയിൽ സംസ്കൃത പരിഭാഷയേക്കാൾ കൂടുതൽ സഹായിച്ചത് ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷകളാണ്. അതു തന്നെ നേരിട്ട് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്കും അതു കൂടാതെ ഇതര യൂറോപ്യൻ സാഹിത്യങ്ങളിൽ നിന്ന് ആദ്യം ഇംഗ്ലീഷിലേയ്ക്കും അവിടെ നിന്ന് മലയാളത്തിലേയ്ക്കും എന്ന തരത്തിലായിരുന്നു. ഒരു ഡച്ച് നോവലിൻ്റെ ഇംഗ്ലീഷിലേയ്ക്കുള്ള പരിഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്താണ് വലിയകോയിത്തമ്പുരാൻ 'അക്ബർ' എന്ന നോവൽ എഴുതിയത്. മലയാളത്തിലെ ആദ്യത്തെ നോവൽ തർജ്ജമ ആയിരുന്നു അത്. ഗോൾഡ്സ്മിത്തിൻ്റെ 'വികാർ ഓഫ് വേക്ഫീൽഡ്', മിസ്സസ് ഹെൻറി വുഡിൻ്റെ 'ഈസ്റ്റുലിൻ' തുടങ്ങിയവ ഇത്തരത്തിൽ തർജ്ജമ ചെയ്യപ്പെട്ടവയാണ്.

യാത്രകളിൽ കണ്ടതും അനുഭവിച്ചതും സരസമായി പ്രതിപാദിക്കുന്നതാണ് സഞ്ചാര സാഹിത്യം. ഉണ്ണുനീലി സന്ദേശം മുതൽ എസ്.കെ.പൊറ്റക്കാടുവരെയും തുടർന്നങ്ങോട്ടും സഞ്ചാരസാഹിത്യം മുന്നോട്ടു പോയി. ദൃശ്യാനുഭവങ്ങൾ കൂടി ചേർത്ത് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര അവതരിപിക്കുന്ന സഞ്ചാരാനുഭവങ്ങളും സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്.
ഇവിടെ സഞ്ചാരാനുഭവത്തെ പ്രണയകഥയുടെ പശ്ചാത്തലം നൽകി ആവിഷ്ക്കരിച്ചിരിക്കുന്നു.

 ആദ്യത്തെ സാമൂഹ്യാഖ്യായികയായ ഇന്ദുലേഖ ഒരു പ്രണയം പ്രതിപാദിച്ചിരുന്നു.
പ്രണയകഥ പറയുന്നതിനൊപ്പം തന്നെ അക്കാലത്തെ മരുമക്കത്തായസമ്പ്രദായത്തിലെ ആചാര വൈകൃതങ്ങളെ തുറന്നുകാട്ടുക കൂടി ചെയ്തു. ഇന്ദുലേഖയിലും നായകനായ മാധവൻ്റെ ദേശസഞ്ചാര അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.

ഇൻഡ്യൻ നഗരത്തിൽ നിന്നും ഇറ്റലിയിലെ ഫിയാമിസിനോ വരെയുള്ള വിമാനയാത്ര ഒരു യാത്രാനുഭവക്കുറിപ്പിലെന്നപോലെ മനോഹരമായാണ് കാവല്ലൂരിൻ്റെ നോവലിൽ വരച്ചു കാട്ടിയിട്ടുള്ളത്.
ഒപ്പം പ്രണയാതുരമായ മനസ്സുകളുടെ തുടിപ്പുകളും കിതപ്പുകളും അനുഭവവേദ്യമാക്കുന്നു. 
ഒരു നോവലിൻ്റെ പാരമ്പര്യവഴികളിലൂടെയല്ല നോവലിസ്റ്റ് നമ്മളെ കൊണ്ടു പോകുന്നത്. മറിച്ച് ഒരു യാത്രാനുഭവത്തെ പ്രണയതരമായി മുന്നോട്ടു നടത്തുകയാണ്.

ഫിയാ മിസിഫിയാമിസിനോയിൽ നിന്ന് ജെനോവയിലേയ്ക്കുള്ള വിമാനയാത്ര', തുടർന്ന് ജനോവ സെസ്റ്റ്രി പോണൻ്റെ റെയിൽവേസ്റ്റേഷനിലേയ്ക്ക് കരമാർഗ്ഗമുള്ള യാത്ര. അവിടെ നിന്ന് സാൻ്റാ മാർഗരിറ്റ ലിഗർ എന്ന തുറമുഖനഗരത്തിലേയ്ക്ക് തീവണ്ടിയിൽ . റെയിൽവേ സ്റ്റേഷനിൽ നിന്ന് റാപ്പല്ലോ ഫെറി പോർട്ടിലേയ്ക്ക് വീണ്ടും കരമാർഗ്ഗം.. അവിടെ നിന്ന പോർട്ടോ ഫിനയിലേയ്ക്ക് കടൽ യാത്ര. അവിടെയാണ് ഇസബെല്ലയുടെ വീട്'. 

കഥയിലത്രയും കഥാനായകൻ മൗനത്തിൻ്റെ വല്മീകത്തിൽ ധ്യാനാത്മകമായ നിശബ്ദതയോടെ അതിവർത്തിക്കുകയാണ്. ഒരുപക്ഷേ അതു തന്നെയായിരിക്കാം അയാളുടെ സ്ഥായീഭാവം. കഥയെ മുന്നോട്ടു നടത്തുന്നത് അയാളുടെ സഹപ്രവർത്തകയായ ഇറ്റലിക്കാരി ഇസബെല്ലയാണ്. അയാളുടെ ധ്യാനാത്മകമായ മൗനത്തിൽ ഒളിഞ്ഞിരിക്കുന്ന ഹൃദയമർമ്മരങ്ങൾക്ക് വാഗ്രൂപം നൽകുന്നത് അവളാണ്. ഒരു പക്ഷേ അവൾക്ക് നഷ്ടപ്പെട്ടുപോയവനെ അയാളിൽ തിരയുകയാവാം. ജീവിതത്തിലെ തിരയിളക്കത്തിൽ തനിക്ക് നഷ്ടപ്പെട്ടു പോയ നിർവൃതിദായകമായ മുഹൂർത്തങ്ങളെ അവൾ സൃഷ്ടിച്ചെടുക്കുകയാവാം. വിമാനത്തിൽ പ്രീമിയം ക്ലാസ് ടിക്കറ്റ് എടുത്ത് സ്വകാര്യമായ ലോകം സൃഷ്ടിച്ചെടുത്തത്, പ്രണയത്തിൻ്റെ ലോലഭാവം കൊണ്ട് അയാളെ തരളിത ഹൃദയനാക്കിയത്, തൻ്റെ ഏകാന്തഭവനത്തിലേയ്ക്ക് അയാളെ കൂട്ടിക്കൊണ്ടു പോയത്. ഒടുവിൽ തൻ്റെ പ്രണയം അയാളെ അറിയിച്ച് പ്രത്യാശാപൂർവ്വം മടങ്ങിവരവിനായി കാത്തിരിക്കുന്നത് ; എല്ലാം അയാളിൽ ഒരു നല്ല സുഹൃത്തിനെ കണ്ടുകൊണ്ടാണ്. അഞ്ചു വർഷം കൊണ്ട് താൻ കണ്ടെത്തിയ സുഹൃത്തിനെ ദേശത്തിൻ്റെ ഭാഷയുടെയും അന്തരമുണ്ടെങ്കിലും അവൾ ഹൃദയത്തിൽ സ്വീകരിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈജാത്യമുണ്ടെങ്കിലും മനസ്സിൽ പ്രതിഷ്ഠിച്ചു. സംസ്ക്കാരത്തിൻ്റേയും സമരസപ്പെടലിൻ്റേയും കടമ്പകൾ ഉണ്ടെങ്കിലും കൂടെനിർത്താൻ കൊതിച്ചു. ഉൽക്കടമായ അഭിനിവേശത്തിലും കാതരമായ മനസ്സുകളുടെ ആമന്ത്രണത്തിലും കടലിലും കരയിലും ആകാശത്തിലും അവരുടെ പ്രണയം സുരഭിലദീപ്തമായി. 

അയാൾക്ക് അവൾ സഹപ്രവർത്തകയായ സുഹൃത്ത് മാത്രമാണ്. എന്നാൽ അവൾ അയാളെ തൻ്റെ ലൈഫ് പാർട്ട്ണറായി കണ്ടുകൊണ്ട് തൻ്റെ ഏകാന്ത ഭവനത്തിലേയ്ക്ക് കൊണ്ടുപോകുന്നു. തൻ്റെ മാതാപിതാക്കളും സഹോദരനും പ്രിയപ്പെട്ടവനും ഒരു ദ്വീപിൽ ജന്മദിനാഘോഷത്തിനിടെ കടൽത്തിരകയറി നഷ്ടപ്പെട്ടു. താൻ മാത്രം വിധിബലം കൊണ്ട് രക്ഷപെട്ടതായി അവൾ വെളിപ്പെടുത്തുന്നു. തൻ്റെ ജീവിതകഥയും ഇൻഡ്യയിലെ ജോലി കാലയളവ് അവസാനിച്ചെന്നതും അവൾ വെളിപ്പെടുത്തുന്നത് അയാൾക്ക് ഒറ്റയ്ക്കുള്ള മടക്കടിക്കറ്റ് നൽകിക്കൊണ്ടാണ്. അവർ ജോലി ചെയ്തിരുന്ന കമ്പനിക്ക് താമസംവിനാ ഇറ്റലിയിൽ പുതിയ ആഫീസ് ഉണ്ടാകുമെന്നും അപ്പോൾ അയാൾ തന്നെ തേടി വരണമെന്നും അവൾ ആഗ്രഹിക്കുന്നു. പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നു.

.
പ്രബലമായ ഓരോ പ്രണയവും ഏകാന്തമാണ്. പ്രണയത്തിൻ്റെ നിർവ്വഹണം ഏകാന്തതയുടെ സംക്രമണമാണ്. മൂല്യങ്ങളെ അറിയുന്നത് അകലുമ്പോൾ മാത്രം. അഭാവത്തിൽ അനുഭവത്തിൻ്റെ ജ്വരം പിടിക്കുന്നു. കാളിദാസകൃതികളിൽ മുതൽ നാം കണ്ടുകൊണ്ടിരിക്കുന്ന പ്രണയത്തിൻ്റെ ഭാവതലങ്ങൾ അത്തരത്തിലാണ്. 

കഥ അപ്രധാനമാവുകയും കഥയുടെ ദൃഢബന്ധത അപ്രധാനമാക്കി സങ്കൽപ്പങ്ങളും സ്മരണകളും കൂടി ചേർത്ത് നെയ്തുണ്ടാക്കുന്ന തരത്തിലാണ് കാവല്ലൂരിൻ്റെ കഥാവതരണം.

തികച്ചും ലളിതമായ ഒരു വിചാരം, അപ്രകാശിതമായിരുന്നാൽ പോലും അതിൻ്റെ ഉദാത്തതയുടെ ശക്തി കൊണ്ട് മാത്രം സമാദരണീയമായിത്തീരാറുണ്ട്. അതിൻ്റെ ഉജ്ജ്വലമാതൃകയാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാം.

                                             ശങ്കർ ഉണ്ണി

അങ്ങാടിപ്പുറം
14.12.2025



Wednesday, 24 December 2025

അനന്യമാം മലയാളം

അനന്യമാം മലയാളം



എത്ര ഭാഷകൾ വേറെ പഠിച്ചാലും

എത്ര ചേലിൽ ഭാഷിക്കുമെങ്കിലും

നിസ്തുലം മാതൃഭാഷയെന്നാളിലും

നിസ്ത്രപം മറുത്താരും പറഞ്ഞിടാ


അമ്മയെന്നു വിളിച്ചു കരഞ്ഞ നാൾ

നമ്മിൽ വന്നു നിറഞ്ഞ സാരസ്വതം

എന്നുമെന്നും നമുക്കു തുണയായി

വന്നുചേർന്നിടും നിർണ്ണയമോർക്കുക


കണ്ടു നാമേറെ ഭാഷകൾ വാക്കുകൾ

കണ്ടറിഞ്ഞതിൻ വൈഭവം വൈശിഷ്ട്യം

ഇണ്ടലില്ലാതതിൻ പൊരുൾ നാമെല്ലാം

ഇന്നു ലോകം സമസ്തമെന്നോതുന്നു


എത്ര നക്ഷത്രമുജ്ജ്വലം കാൺമു നാം

മിത്രനാ,നാമമെന്നുമനന്യമായ് 

നിൽപ്പു നമ്മൾക്കു ചാലകശക്തിയായ് 

നന്മാതൃഭാഷ മലയാളമെന്ന പോൽ


Wednesday, 17 December 2025

ചിറകിന്നടിയിലെ കാറ്റിരമ്പങ്ങൾ

മഴയെന്ന സൗന്ദര്യമാസ്വദിക്കാൻ 
മഴയുള്ള നാട്ടിൽ ഞാൻ പോയിരുന്നു
ആകാശപക്ഷി പക്ഷി പറന്നുയർന്നു
ചിറകുള്ള മോഹങ്ങളനുയാത്രയായി

കുന്നിൽ പുറങ്ങൾ നടന്നു കേറി
കാതിൽ മഴ തന്നിരമ്പമാണോ !
മഴമേഘമെങ്ങോ പറന്നു പോയി
മഴനൂൽ ചരടുകളറ്റു പോയി
കുന്നിൻപുറങ്ങൾ ചവിട്ടി ഞാനോ
പാദചാരികൾക്കൊപ്പമൊത്തുപോയി
മരതകക്കുന്നുകൾ മൃൺമയമാം
മേലാട ചാർത്തിയണിഞ്ഞു നിന്നു
മഞ്ഞു മേലാപ്പു പുതച്ചു തെന്നൽ
മന്ദമായ് വീശി കുളിർ പടർത്തി
ഒഴുകി വന്നെത്തുന്ന മേഘജാലം
കരിപൂണ്ടു ദ്യോവിൻ മുഖമിരുണ്ടു
കുളിർ മുത്തുവാരിയെറിഞ്ഞ പോലെ
മഴനീർക്കണങ്ങൾ മുഖത്തു വീണു
മനമിന്നൊരാകാശ പക്ഷിയായി
മാനത്തുയരാൻ കൊതിച്ചു നിന്നു
ചിറകിന്നടിയിലെ കാറ്റിരമ്പം കുതി,-
ച്ചുയരാൻ പറഞ്ഞോ മനസ്സിനോട് !

7.12.25


ഏകാന്തത

ഒറ്റക്കിരിക്കുമ്പോളൊട്ടിപ്പിടിക്കുന്നു നീയെന്ന ഓർമകൾ ഹൃത്തിലാകെ
ഓർക്കാതിരിക്കുവാനെന്തു ചെയ്യാൻ
മനം മുറ്റുമൊഴിഞ്ഞു മറ്റെങ്ങുപോകും
ഏകാന്തതേ നിൻ സുഖദമാം നോവിൻ്റെ ലഹരിയിൽ നിന്നെന്നെ വിടുതൽ ചെയ്യൂ

Tuesday, 9 December 2025

നിദ്ര



സ്വപ്നസഞ്ചാരം നടത്തുന്ന മാനസം
സ്വച്ഛമാം നിദ്ര തൻ തേരിൽ ചരിക്കുന്നു
സ്വപ്നാടകൻ മനം കൂടുവിട്ടെപ്പൊഴോ
സ്വസ്ഥമാം കൂടൊന്നു വേറെ തിരയുന്നു

നിദ്രയ്ക്കു ഭംഗം വരാതെയിരിക്കട്ടെ
നിർദ്ദയം സ്വപ്നത്തെ ഭംഗപ്പെടുത്തിടാ
സ്വപ്നം മനുഷ്യൻ്റെ സങ്കല്പ സൃഷ്ടികൾ
സ്വപ്നം മനസ്സിൻ്റെ വർണ്ണപ്പകർച്ചകൾ

നിദ്ര പിണങ്ങും മനുഷ്യൻ്റെയുൾത്തടം
നിശ്ചയം വിക്ഷോഭ പൂരിതമോർക്കുക
സങ്കല്പനങ്ങൾക്ക് സന്ധിയില്ലാതെയാം 
സാദ്ധ്യായ ചിന്തയ്ക്കു മാർഗ്ഗണം നഷ്ടമാം

എല്ലാം കഴിഞ്ഞു നിതാന്തമാം നിദ്രയ്ക്കു
മെല്ലെ ഒരുങ്ങിയിരിക്കുവാൻ ഓർക്കുക 
കർമ്മമാർഗ്ഗങ്ങളിൽ നിന്നു നിവൃത്തരായ്
കാത്തിരുന്നീടുക ഐഹികനിദ്രയെ

7.12.25 2nd Prize ദലം 210 KSSV



Thursday, 4 December 2025

മരണദൂരങ്ങളിലെ മാലാഖമാർ


വ്യോമം മറയ്ക്കും മഹാസംഗരങ്ങളിൽ
പ്രാണൻ പിടയ്ക്കും പടപ്പാളയങ്ങളിൽ
ജീവൽ മരണ ബലാബലവേദിയിൽ മദ്ധ്യസ്ഥരാണെങ്ങളാതുര സേവകർ

അംഗാരശൈലം പറന്നെത്തിയാശ തൻ
സംഗങ്ങളിൽ തീത്തൈലം പകർന്നതും
മൃത്യുതൻ വക്ത്രത്തിൽ നിന്ന് തിരിച്ചെത്തി
നിത്യവും നോവിൻ കടുകയ്പുമോന്തിയും
എത്ര പേർ സംഗ്രാമഭൂവിൽ കഴിയുന്നു,
മിത്രഭാവത്തിലങ്ങെത്തുന്നു ഞങ്ങളും

സ്വന്തംപിതാവിൻ്റെയന്ത്യശുശ്രൂഷയ്ക്ക്
സന്തതം നിന്നു പരിചരിക്കേണ്ടവർ
ബന്ധം മറന്നു മരണദൂരങ്ങളിൽ
ബന്ധുര മാലാഖമാരായ് മരുവുന്നു
ലോകം നടുക്കുന്ന യുദ്ധഭൂവിന്നതിൽ
സ്നേഹ പ്രഘോഷകർ ആതുരസേവകർ

12.5.2024


Wednesday, 3 December 2025

ഒറ്റയടിപ്പാത


ചവിട്ടടികളേറ്റ് പാത പതം വന്നു
ധാർഷ്ട്യത്തിൽ തലയുയർത്തിയ
പുൽക്കരുത്ത് ഞെരിഞ്ഞമർന്നു
പാദാധിപത്യം സർവ്വാധിപത്യമായി

പാതയോരങ്ങളിൽ നിതാന്തജാഗ്രത
നുഴഞ്ഞുകയറുന്ന പുൽക്കൊടികളെ
നിർദ്ദയം അരിഞ്ഞു മാറ്റുന്ന നൃശംസത
അതിരുകൾ അതിക്രമിക്കപ്പെടരുതല്ലോ!

ഒറ്റയടിപ്പാതകൾ ബഹുജനഹിതത്തിൻ്റെ
നീതിസാരങ്ങൾ ഉൾക്കൊള്ളുന്നവയല്ല
ഓരങ്ങളിലെ പുൽമേടിൽ യന്ത്രക്കൈ
രാജപാതയിൽ പുൽനാമ്പുകളുടെ ഹനനം

ഇന്നിപ്പോൾ ചവിട്ടടികൾ പതിയുന്നില്ല
ചീറിപ്പായുന്നു കവചിത വാഹനങ്ങൾ
രാജാവിൻ്റേയും രായസത്തിൻ്റെയും
പിന്നെ വെടിയുതിർക്കുന്ന അക്ഷൗഹിണി

1. 12.25


മൗനം വാചാലം

മൗനം വാചാലമാകുന്നതറിയുന്നു നീയെന്നരികിത്തു ചേർന്നു നിൽക്കേ
പറയുവാനാവാത്ത മനസ്സിൻ്റെ ഭാഷകൾ മൂകമുണർത്തിടും നിൻ്റെ കൺകൾ

പരിതാപമെല്ലാം പറയാതെ, കണ്ണുനീർ 
കവിളിൽ പടർന്നതറിഞ്ഞിടാതെ
ഒരു നേർത്ത പുഞ്ചിരിപ്പൂവിൻ്റെ നൊമ്പരം ചുണ്ടിൽ പടർത്തുകയായിരുന്നു

നിൻമുഖമാമ്പലപ്പൂവെന്ന പോലവേ വാടുന്നതേതൊരു ചിന്തയാലേ
മൗനദുഃഖം തീർത്ത വല്മീകമിന്നെൻ്റെ
ഹൃത്തിനെ ഖിന്നമായ് തീർത്തിടുന്നു



കഥകളുറങ്ങുന്ന വൃദ്ധസദനങ്ങൾ



കരഞ്ഞേയിരിക്കും കദനങ്ങൾ മെല്ലെ
കറുത്ത മേലാപ്പു വലിച്ചു മൂടി 
മനസ്സിലെന്നും ഉറങ്ങാതിരിക്കും 
മറന്ന സ്വപ്നം തലപൊക്കിടുന്നു
തനിക്കു താനെന്ന നിറഞ്ഞ ബോദ്ധ്യം മനസ്സിലുണ്ടാമതിൻപ്രകാരം
കഥയുറങ്ങുന്ന വൃദ്ധാശ്രമത്തിൽ 
കഴിഞ്ഞു കൂടും മൃതിയെത്തുവോളം

കരംപിടിച്ച് കരകേറ്റിടുമ്പോൾ പറഞ്ഞതെല്ലാം പതിരായ് മറഞ്ഞു
വിധിക്കു തട്ടിക്കളിക്കാനൊരുക്കും
കളിപ്പന്തുപോലായ് മമ ജീവസ്വപ്നം
നടിക്കുന്നു ഞാനും എനിക്കില്ല ദുഃഖം
തനിച്ചല്ല കൂട്ടുണ്ടരുമക്കിടാങ്ങൾ

കൊതിച്ചതെല്ലാം വിധിച്ചതില്ലെന്നുറച്ചു ഞാനും കഴിഞ്ഞു കൂടി
സ്വതന്ത്രചിന്തയ്ക്കരുനിന്ന തെറ്റിൽ മറഞ്ഞു ബന്ധം മറവിക്കയത്തിൽ
മകൾക്കു പിമ്പേ മകനും തിരഞ്ഞു
തിരക്കു കൂട്ടുന്ന സമസ്യയൊന്ന്
എനിക്കിതൊന്നും വഴങ്ങില്ലയോർത്താൽ
മിഴിപ്പരപ്പിൽ കവിയില്ല കണ്ണീർ

ഇവിടെമെല്ലാമൊരുപോലെ തന്നെ
സമസ്തവും വന്നടിയുന്ന തീരം
കഥയുറങ്ങുന്ന സദനങ്ങൾ ദീപ്ത
സ്മരണ വറ്റി കരിന്തിരികൾ ബാക്കി
കടുത്ത നോവിൻ്റെ പുരട്ടിൽ ജീവൻ
കഴിച്ചുകൂട്ടും കഥകൾ മറന്ന്
അറിഞ്ഞിടാനായ് പല കാര്യമുണ്ടാം 
അതിൻ്റെ കാലം അകന്നൊഴിഞ്ഞു 



Friday, 21 November 2025

ആസ്വാദനം

പ്രണയത്തിൻ്റെ ജലവിരലുകൾ
(ഉമാദേവി തുരുത്തേരി )

പ്രണയത്തിൻ്റെ ജലവിരലുകളോടിയ അറുപതു കവിതകളിലൂടെ കടന്നുപോകുമ്പോൾ ഒരാസ്വാദനമെഴുതാൻ ഞാനശക്തനാകുന്നു. കാരണം ഞാൻ പ്രണയിച്ചിട്ടില്ല. പ്രണയം എന്നിൽ പ്രസരണം ചെയ്യപ്പെടുകയായിരുന്നു. 
പ്രണയം പ്രണയമാണെന്നറിയുന്നതിനു മുമ്പേ തന്നെ. അതിപ്പോഴും തുടരുകയുമാണ്. ഒരു വിരൽസ്പർശം പോലുമന്യമായ പ്രണയത്തിൽ തുടങ്ങി സ്വയംസമർപ്പണത്തിലെത്തി നിൽക്കുന്ന സർവ്വോൽക്കർഷ പ്രണയത്തിൽ വരെ. യാത്ര തുടരുകയാണ്. 

ഒരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയാണ് ആദിപ്രണയത്തിൻ്റെ ആവിഷ്കർത്താവ്. പുഴയായും മഴയായും പുല്ലായും പുഴുവായും ഇരുളായും തെളിവായും കനവായും കാലുഷ്യമായും പ്രണയത്തിൻ്റെ ഭിന്നഭാവങ്ങൾ നമ്മളിൽ പരിലസിപ്പിക്കുന്നു. നാമറിയാതെ ഈ അനുകൂലനങ്ങളിൽ പ്രണയാർദ്രരാവുന്നു. 

പ്രണയം, അനുഭവിക്കാനുള്ള ഉപാധിയാണ്. ഓരോരുത്തരും ഓരോ തരത്തിൽ. അനുഭവതലവും ആവിഷ്ക്കാരതലവും പ്രണയികളിൽ പലപ്പോഴും ഭിന്നഭാവത്തിലായിരിക്കും. 
'ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണ്
പൂർത്തിയായ കൊത്തുപണിയാണ്' എന്നാണ് മാധവിക്കുട്ടി എഴുതിയത്.

തികഞ്ഞ സാത്വികനായ വിഷ്ണു നാരായണൻ നമ്പൂതിരി പ്രണയത്തെ നിർമ്മമത്വത്തോടെ കാണുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം എഴുതിയത് 
'നിന്നെക്കുറിച്ചിനിയെന്തു പാടേണ്ടു ഞാൻ നിന്നെക്കുറിച്ചെന്തു പാടുവാൻ,അല്ലെങ്കിൽ' 

സച്ചിദാനന്ദനെ സംബന്ധിച്ച് പ്രണയം ബോധോദയമാണ്. വെളിപാടാണ്.
'എനിക്ക് പ്രണയത്തിൻ്റെ വെളിപാടുണ്ടായി. ഇപ്പോൾ ഞാൻ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു. അവസാനത്തെ മനുഷ്യജോടിക്കും പ്രണയനിർവ്വാണം ലഭിച്ചു കഴിഞ്ഞേ ഞാൻ പരമപദം പ്രാപിക്കുകയുള്ളൂ'''

പ്രണയം അങ്ങനെയാണ്. വെള്ളം അതുൾക്കൊള്ളുന്ന പാത്രത്തിൻ്റെ രൂപം പ്രാപിക്കുന്നതുപോലെ പ്രണയം പ്രണയിക്കുന്നവൻ്റെ സങ്കല്പതലങ്ങൾക്കനുസരണമായി സഞ്ചരിക്കുന്നു; സംഭവിക്കുന്നു. പല എഴുത്തുകാരുടേയും കൃതികളിൽ നിന്ന് പ്രണയപരാഗം പുരണ്ട കവിതകൾ നാം തേടിയെടുക്കുകയാണ്. 

ഇവിടെ ശ്രീമതി.ഉമാദേവി തുരുത്തേരി ഒരു പ്രണയപുസ്തകം തന്നെ എഴുതിയിരിക്കുകയാണ്. തൻ്റെ ജലവിരലുകളാൽ പ്രണയത്തെ തഴുകുകയാണ്.
കാത്തിരിപ്പ് എന്ന കവിതയിൽ അത് പ്രണയത്തിൻ്റെ മിഴിനീർ പ്രവാഹത്തെയാണ്. സ്മൃതിജാലകത്തിൽ ജലമുത്തുകളിൽ കൊത്തിവച്ച പേരിനെയാണ്. നെഞ്ചോരമെത്തുമ്പോൾ നറുനിലാത്തെല്ലിലെ മുരളികയെയാണ്.

ഉമാമഹേശ്വരത്തിൽ പ്രണയത്തിൻ്റെ സാദ്ധ്യതയും സാധുതയുമാണ് കല്പിക്കുന്നത്.

'മിഴികളിൽ നക്ഷത്രപ്പൂവുകൾ ജ്വലിക്കണം
നിലാവലകൊണ്ട് ചന്ദനകമ്പളം പുതയ്ക്കണം' 
.........
.........
'ഇന്ദ്രിയങ്ങളിൽ ശൈവവിസ്മയങ്ങൾ,
താണ്ഡവലാസ്യ സമ്മോഹനങ്ങൾ '

കരയുടെ മാറിലെന്നും തിരയുടെ മായാത്ത ചുംബനക്കറകൾ കണ്ടെടുക്കുന്ന പ്രണയഭാവന
മിന്നാമിനുങ്ങിൻ്റെ മിന്നുംചെരാത്
മൗനസീമന്തത്തിൽ കുങ്കുമം ചാർത്തുന്ന
മൗനഗീതം ഉതിർക്കുന്നു.

കടമിഴി നിറയെ പ്രിയനു കൊടുക്കാൻ കരുതി വച്ച ചകിതചാരുതയോടെ
മാറത്തു മിന്നിയ ആലിലത്താലിയെ
മാനത്തെ മേഘത്തിൻ ചെപ്പിലടച്ചുവോ എന്നു ശങ്കിക്കുന്ന ഓർമ്മ. 
പ്രണയത്തിൻ്റെ ഗിരിശൃംഗങ്ങൾ കയറുമ്പോഴുള്ള ഓർമ്മപ്പെരുക്കങ്ങൾ ഇനിയുമേറെ.

മൃത്യു കാലമടുക്കുമ്പോഴും പ്രണയിക്കുന്ന മനസ് പ്രണേതാവിനെ തേടുന്നു. സ്വർഗ്ഗത്തിൽ നിന്ന് അവൻ്റെ നക്ഷത്രമിഴികൾ വേദനയോടെ തന്നെ നോക്കുന്നതറിയുന്നു. മേഘങ്ങളിലൂടെ ഒഴുകി അവനിലേയ്ക്കെത്താൻ പ്രണയാർദ്രമായ തൻ്റെ മനം വെമ്പുന്നുവെന്ന് പറഞ്ഞ് ജീവിത പ്രണയത്തിൻ്റെ നാൾവഴികൾ രേഖപ്പെടുത്തി വയ്ക്കുകയാണ് കവയത്രി.
ഒരു സമ്പൂർണ്ണ പ്രണയപുസ്തകമാണ് ആ വിരലുകളാൽ വിരചിതമായത്'' ജലവിരലുകൾ തഴുകപ്പെട്ട പ്രണയഭാഷ്യങ്ങൾ.


Thursday, 20 November 2025

പുഴയുടെ സംഗീതം


കൈതപ്പുഴയുടെ കളഗീതം
കരളിൽ കുളിരായ് പെയ്യുമ്പോൾ 
കനവിൽ കണ്ടൊരു പുതുമാരൻ
കടവിൽ തോണിയിൽ വന്നെത്തി

പുഴവെള്ളത്തിൽ കതിരോൻ്റേ
പുതു കിരണങ്ങൾ പതിച്ചപ്പോൾ
ചിതറിയ പൊൻതരി വെട്ടങ്ങൾ
കവിളിൽ കവിത വിരിച്ചല്ലോ!

പൂത്തിരി കത്തിയ കണ്ണിണകൾ
പുഴയിൽ തീർത്തൊരു പ്രതിബിംബം
കണ്ടും കൊണ്ടവളോടുമ്പോൾ
പിൻവിളി കേൾക്കാൻ കാതോർത്തു.

1.2.24 

Wednesday, 19 November 2025

പോരാട്ടം

ജീവിതമെന്നതേ പോരാട്ടമാണതിൽ 
വിജയിച്ചിടുന്നു പ്രഗതിശീലർ
വെല്ലുവിളിയാം പ്രതിസന്ധി ഘട്ടത്തെ
വീറോടെ നേർത്തു വിജയിച്ചിടാം

കർമ്മം

കർമ്മബന്ധമെന്നെല്ലാം പറഞ്ഞു നാം
പാപസഞ്ചയം പങ്കിട്ടെടുക്കുന്നു
പുണ്യപാപങ്ങൾ ജന്മാന്തരങ്ങളാൽ
ആർജ്ജിതമെന്ന് വേദം പറയുന്നു

ഭാവന

സങ്കല്പത്തിന് സാകല്യത്താൽ 
ജീവൻ കൈവന്നീടുകിലോ
ഭാവനയെന്നൊരു സംജ്ഞയതിന്നായ് നൽകും നമ്മൾ മടിയാതെ
കഥയും കാവ്യവുമതിൽ നിന്നാത്മാവേറ്റിയ അഭ്ര വിസ്മയവും
എല്ലാം ഭാവന കൊണ്ടു ജഗത്തിൽ വിരിയിക്കുന്നു സംസ്കാരം

Sunday, 16 November 2025

മായാത്ത മുദ്രകൾ

മായാത്ത മുദ്രകൾ നാടിനു നൽകിയ
മായാമയൂഖ വിപഞ്ചിക കാണുുവിൻ
പത്മനാഭന്റെയനാദൃശവിസ്മയക്‌ഷേത്രം
,മാർഗം തെളിക്കുന്നു 
ദീപ്ത വിളക്കുകാൽ
വള്ളംകളിശ്ശീലുമർത്തുങ്കലും കഴിഞ്ഞു -
ത്തുംഗമായ ശബരീശന്റെ പൂവനം
കോട്ടയില്ലാത്തൊരു കോട്ടയം, 
കോട്ട പോൽനിൽക്കുന്നു 
വമ്പൻ അണക്കെട്ടിടുക്കിയിൽ
അത്തച്ചമയമൊരുക്കുന്ന കൊച്ചിയും
പൂര പ്രമാണിയായ് ശക്തന്റെ മണ്ണുമേ
കോട്ടയ്ക്കുമപ്പുറം തുഞ്ചന്റെ തത്തയും
സാമൂരി വാണേടത്തുള്ളൊരു കാപ്പാടും
വീര പഴശ്ശിതൻ നാടും കടന്നു നാം
തെയ്യങ്ങൾ വാഴുന്ന കണ്ണൂരിലെത്തിടും.
ബേക്കലെ കോട്ടയും ഏഴിമലകളും
കേരളം കാട്ടുന്ന കാവ്യപ്രപഞ്ചങ്ങൾ.



സത്യവും സൗന്ദര്യവും

സത്യവും സൗന്ദര്യവും

(ഖലീൽ ജിബ്രാൻ )



ഇവിടെ രണ്ടു ഘടകങ്ങളാണ്.
സൗന്ദര്യവും സത്യവും .
സൗന്ദര്യം സ്നേഹിക്കുന്നവരുടെ മനസ്സിലാണ്.
സത്യം മണ്ണിനെ ഉഴുതുമറിക്കുന്നവരുടെ
കരങ്ങളിലും.

മഹത്തായ സൗന്ദര്യം എന്നെ
കീഴടക്കുന്നു.
അതിലും മഹത്തായത് 
അതിൽ നിന്നുതന്നെ എന്നെ
സ്വതന്ത്രനാക്കുന്നു.

സൗന്ദര്യം കാണുന്ന അവൻ്റെ
കണ്ണിനേക്കാൾ അതിനെ 
ആഗ്രഹിക്കുന്ന അവൻ്റെ
ഹൃദയത്തിലാണ് അത്
കൂടുതൽ തിളങ്ങുന്നത്.

അക്കരപ്പച്ച

  

അക്കരപ്പച്ച


എത്ര വിശ്രുതമായിരുന്നു 

നമ്മളുടെ കലാലയങ്ങൾ

കവിത വിരിഞ്ഞ ക്ലാസ് മുറി

കഥ മെനഞ്ഞ വായനശാല

ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ

പരീക്ഷണശാലകൾ

കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ

ഗോവണിച്ചുവടുകൾ


അക്കരപ്പച്ച തേടിയെത്തിയപ്പോൾ

കവിത കാലമെടുത്തു

കഥ തഥാഗതൻ്റെതായി

ഹൃദയം പണയപ്പണ്ടമായി

കണ്ണുകൾ കണ്ണെത്താത്തിടത്തായി

മനസ്സിൻ്റെ മണൽപ്പരപ്പിൽ

മരുപ്പച്ചയായി നീയുണ്ടായിരുന്നോ?

അകലങ്ങളിൽ നിൻ്റെ ഹൃദയം

മിടിച്ചിരുന്നോ? തുടിച്ചിരുന്നോ?



കാത്തു നിൽക്കാത്ത കാലം

കാലിടറുന്ന നമ്മൾ

നമുക്കു നമ്മളെ നഷ്ടപ്പെടുമ്പോൾ

കാലം ചക്രത്തേരിൽ മുമ്പോട്ടു തന്നെ

ലോകം ലോകഗതിക്കൊപ്പവും.






വേനൽമഴ

വേനലിൻ വേവിൽ കുളിച്ചു നിൽക്കുന്നു നാം
തണലാറ്റുവാൻ തൻ്റെ നിഴൽ മാത്രമായ്
മരമായ മരമൊക്കെ വികസനപ്പാതയ്ക്ക് കുരുതിയായ് എന്നേ അരിഞ്ഞുവീഴ്ത്തി
വയലില്ല, വിളവില്ല പുഞ്ചയ്ക്കു തേകുവാൻ
ചെറുതോടു കൈത്തോടു കാൺമതില്ല.
മണിമന്ദിരങ്ങൾക്ക് മണിമുറ്റമാക്കുവാൻ
മണ്ണിട്ടു വയലിൻ്റെ കബറിടത്തിൽ
കുന്നായ കുന്നൊക്കെ യന്ത്രക്കരം കൊണ്ട്
ഒന്നായ് പുഴക്കി പകുത്തെടുത്തു
പുഴയായ പുഴയൊക്കെ ചെറുതായി, നീരൊഴുക്കറിയാതെ എന്നോ നിലച്ചു പോയി
കുളമില്ല,കിണറില്ല ആഴത്തിലാഴ്ന്നെത്തി ആൾപ്പിടിയനായ് കുഴൽ കിണറുമാത്രം
കോൺക്രീറ്റുസൗധങ്ങൾ കോട്ടേജു ഫ്ലാറ്റുകൾ
 കൂണുപോൽ പൊന്തുന്ന നിർമ്മിതികൾ
വഴിവാണിഭങ്ങളില്ലതുപോലുമിന്നിപ്പോൾ ബഹുനിലമേടകൾക്കുള്ളിലായി
ഗ്രാമങ്ങൾ ഗ്രാമങ്ങളല്ലാതെയാകുന്ന ആസൂത്രണം ഒട്ടപാരമോർത്താൽ
 
രസനാളമുയരുന്നു താപമാപിനികളിൽ,
ജീവരസമാകെ വറ്റിയുലകുഷ്ണഭൂവായ്
കിളികുലം മറയുന്നു അരുമകൾ വലയുന്നു
മനുജൻ്റെ ജീവിതം കഠിനമോർത്താൽ
അഴലിൻ്റെ വഴികളിൽ മൃഗജ്വാല തെളിയുന്നു നിഴലിൽ വീണുടയുന്നു മർത്ത്യജന്മം
കടലിൻ്റെ ഗർവം കുലച്ച തിരമാലകൾ  
കരയോടു കലഹിപ്പൂ കരുണയന്യേ
കടലിൻ്റെ മക്കളോ കനിവിന്നു യാചിച്ചു
കടലിനും കരയിനും നടുവിൽ നിൽപ്പൂ
കൃഷിഭൂമി തരിശിട്ടു വനഭൂമിയിൽ നാണ്യ
വിളകൾ പൊലിപ്പിച്ചു പുതിയകാലം

പുൽമേടു പൂഞ്ചോല കുളിരണിക്കുന്നുകൾ
കുടചൂടി നിൽക്കുന്ന പൂവനികൾ
കനിവായ് പ്രകൃതി ചുരത്തുന്ന തെളിനീരു
കിനിയുന്നു പാറയിടുക്കുകളിൽ
വെടിയുപ്പു ഗന്ധകം പുകയുന്നു സഹ്യൻ്റെ
നെഞ്ചകം പൊട്ടിപ്പിളർന്നു വീണു.
പുത്തൻ റിസോർട്ടുകൾ കോട്ടേജു വില്ലകൾ
പുതുമകൾ തേടുന്ന നാട്ടിടങ്ങൾ
മലനാടു മാറിയോ മറുനാട്ടു രീതികൾ
വിളയുന്ന ടൂറിസം ഗ്രാമമായോ !




Saturday, 15 November 2025

പച്ച തിരയുന്ന ഭൂമി

ഗ്രാമഭംഗികളൊന്നൊന്നായ്
 നാടു നീങ്ങുന്നു നീളവേ
ഭൂമി പച്ചപ്പ് തേടുന്നു ഊഷരമാം പ്രകൃതിയിൽ
കേരവൃക്ഷങ്ങൾ തിങ്ങുന്ന നാടു നമ്മുടെ കേരളം
എന്ന് ചൊല്ലിപ്പഠിച്ചിപ്പോൾ , പാഠഭേദം വരുത്തണം

ശുദ്ധ തോയമൊഴുക്കുന്ന ആറു വറ്റിവരണ്ടു പോയ്
കാടുകാവുകുളങ്ങളും തിറയാടി നിന്ന തരുക്കളും
സ്വർണകാന്തി കൊതിക്കുമാ നല്ല മരതക നെൽവയൽ
കർണികാരങ്ങൾ പൂക്കുന്ന നൽ മനോഹര വീഥികൾ
പുല്ലുമേടുകൾ, ഫുല്ലമാം വനമുല്ല തീർത്ത സുഗന്ധവും
ഇന്നു കാണുവതില്ല, നമ്മുടെ നാടിതെത്ര വളർന്നു പോയ്

ഇന്നു കാണ്മതു കുന്നിടിച്ചുള്ള നിർമിതികളനവധി
ഇന്നു കാണ്മതു കാടുവെട്ടി നിരത്തിയേറ്റിയ ജനപദം
എങ്ങുമുന്നത സൗധമാണതിനൊത്ത വന്മതിൽ ചുറ്റിലും
മുറ്റമാകവേ വെൺകുളിർകല്ലാൽ വിസ്തരിച്ചു വിരിച്ചതും
മോഡിയോടെ വസിച്ചിടാം കൃഷി വേണ്ട നമ്മൾക്കിന്നിമേൽ
നാടു നീങ്ങുമോ നാട്ടു നന്മകൾ തീനൊരുക്കുന്ന രീതിയും !


Tuesday, 4 November 2025

കവിതയുടെ നാൾവഴി



സാഹിത്യ വിഭാഗങ്ങളിൽ കാലപ്പഴക്കം ഏറെ അവകാശപ്പെടാൻ കഴിയുന്നത് കവിതയ്ക്കാണ്. അതുപോലെ തന്നെ സാഹിത്യത്തിലെ അത്യുന്നത കലാരൂപവും കവിത തന്നെ. മനുഷ്യൻ നായാടികളായി കഴിഞ്ഞിരുന്ന കാലം മുതൽ കവിത നിലനിൽക്കുന്നു. അന്നു പ്രകൃതിയും മനുഷ്യനും തമ്മിൽ ഭേദമില്ലായിരുന്നു. പ്രകൃതിയെ പരിവർത്തനം ചെയ്യാനുള്ള ഇച്ഛയിൽ നിന്നാണ് കലയുടെ പരിണാമം ആരംഭിക്കുന്നതു തന്നെ. 

കുഞ്ഞിൻ്റെ കരച്ചിലിലും അമ്മയുടെ താരാട്ടിലും കവിതയുണ്ട്. ആദ്യകാലങ്ങളിൽ ആശയവിനിമയം കാവ്യമയമായിരുന്നു. സംസ്കൃതത്തിന് പ്രചുരപ്രചാരമുണ്ടായിരുന്ന അക്കാലത്ത് ശ്ലോകരൂപത്തിലും മറ്റുമായിരുന്നു സംവേദനം നടന്നിരുന്നത്. ആദ്യകവികൾ പലരും ഋഷീശ്വരന്മാരായിരുന്നു.

അന്നത്തെ മന്ത്രസൂക്താദികളുടെ തുടർച്ചയാണ് ഇന്നത്തെ കവിത. സംസ്കൃത നാടകങ്ങളിൽ കാവ്യഭാഷയാണ് അവലംബിച്ചിരുന്നത്. ഒരു പക്ഷേ ഇത്തരം നാടകീയകാവ്യങ്ങളായിരിക്കാം കവിതാ പദ്ധതിക്ക് ഗതിഭേദം നൽകിയത്. വീരഗാഥകളും ഇതിഹാസങ്ങളുമെല്ലാം കാവ്യാവിഷ്കൃതങ്ങളാണ്. കാലം ചെന്നപ്പോൾ മതവും മതദർശനങ്ങളും പ്രത്യേകമായി. രാഷ്ട്രവും രാഷ്ട്രമീമാംസയും വേർപിരിഞ്ഞു. അങ്ങനെ കവിതയ്ക്കു മാത്രമായിഒരു മണ്ഡലം സംജാതമായി. ബിംബങ്ങളും പ്രതിമാനങ്ങളും താളാത്മകമായ ഭാഷയും ഉൾചേർന്ന് കവിതയായി.

പിന്നീടുള്ള കാലം വിവിധ പ്രസ്ഥാനങ്ങളുടേതായിരുന്നു. കല, കലയ്ക്കു വേണ്ടി എന്നു വാദിക്കുന്നവരും കല, ജീവിതത്തിന് വേണ്ടി എന്നു വാദിക്കുന്നവരും ഉണ്ടായി.കല, ജീവിതത്തിന് വേണ്ടി എന്ന് വാദിച്ചവർ നൈതിക മൂല്യങ്ങളുടെ ഉൽബോധനം കവിതയിലൂടെ നടത്തി. കല, കലയ്ക്കുവേണ്ടി എന്ന് വാദിച്ചവർ കേവലാഹ്ലാദത്തിനായി കവിതകൾ രചിച്ചു.

കവിതയിൽ സംസ്കൃതപ്രഭാവം നിലനിന്നിരുന്ന കാലഘട്ടത്തിൽ സംസ്കൃത വൃത്തങ്ങൾ നടപ്പിലായി. ദ്രാവിഡവൃത്തങ്ങളുടെ പ്രഭവം നാടോടിപ്പാട്ടുകളാണ്. ചമ്പുക്കളേറെയും സംസ്കൃത വൃത്തത്തിലായിരുന്നു. എന്നാൽ റൊമാൻ്റിക് കവികൾ ആശ്രയിച്ചത് ദ്രാവിഡവൃത്തങ്ങളേയാണ്. രണ്ടും ഇണക്കിച്ചേർത്ത മുക്ത ഛന്ദസ് ആധുനിക കവികൾക്ക് പ്രിയപ്പെട്ടവയാണ്.

 ശബ്ദതാളങ്ങളുടെ പ്രപഞ്ചം തന്നെയാണ് കവിത. മനുഷ്യമനസ്സ് ഭാവതരളമായി സ്പന്ദിച്ചു പോരുന്നതിൻ്റെ അക്ഷരമുദ്രകളാണ് വൃത്തങ്ങൾ. ബിംബങ്ങളുടെയും താളങ്ങളുടെയും ഉചിതവിന്യാസമാണ് കവിയുടെ കർമ്മം. ആധുനിക കവിതയിൽ ശ്ലഥബിംബങ്ങൾ, ഇമേജിസം, സിംബലിസം തുടങ്ങിയ നവീന സങ്കേതങ്ങൾ പ്രയോഗിക്കപ്പെടുന്നു.

എക്സ്പ്രഷനിസം, ഇമ്പ്രഷനിസം തുടങ്ങി പരശ്ശതം പ്രസ്ഥാനങ്ങൾ ഓരോ കാലത്തും ഉണ്ട്. സന്ദേശ കാവ്യം ദ്വിതീയാക്ഷരപ്രാസം തുടങ്ങിയവ ഉദാഹരണം. എല്ലാത്തിനേയും ചേർത്ത് കണക്കാക്കിയാൽ ക്ലാസ്സിക് ഇസം റൊമാൻ്റിസിസം എന്ന രണ്ടു ഇസങ്ങളേ ഉള്ളൂ എന്ന് മനസ്സിലാക്കാം.

പാശ്ചാത്യ കവിതാരംഗത്ത് വന്ന മാറ്റങ്ങൾ മലയാള കവിതകളിലും സ്വാധീനമുണ്ടാക്കി. സംസ്കൃത പദങ്ങളുടെ ആധിക്യം അതുവരെ മലയാള കവിതകളിൽ നിലനിന്നിരുന്നു. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്ന കവിത്രയങ്ങളുടെ ഭാഷാശൈലിയിൽ തന്നെയാണ് വൈലോപ്പള്ളിയും ജി യും ഇടശ്ശേരിയും കാവ്യരചന നടത്തിയത്. 

ചങ്ങമ്പുഴയുടേത് വേറിട്ടൊരു കാവ്യസരണി തന്നെയായിരുന്നു. ആംഗലേയ സാഹിത്യത്തിലെ കീറ്റ്സിനേയും ഷെല്ലിയേയും അദ്ദേഹം അതിശയിപ്പിച്ചു. പി. കുഞ്ഞിരാമൻ നായരും പാലാ നാരായണൻ നായരും പ്രകൃതിയുമായി സമരസപ്പെട്ട് മലയാളത്തിൻ്റെ ആത്മാവുൾക്കൊണ്ട കവിതകൾ രചിച്ചു. വയലാറും ഓ.എൻ.വിയും ചങ്ങമ്പുഴക്കവിതകളുടെ സാരസ്യം ഉൾക്കൊണ്ടു. എന്നാൽ സ്വകീയമായ ശൈലിയിൽ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയത്തിന് അനുഗുണമായി കവിതകൾ എഴുതി. പിന്നീട് ഇരുവരും സിനിമാ രംഗത്ത് ഗാനമേഖലയ്ക്ക് കവിതയുടെ ആത്മാവ് നൽകി.

 ആഫിക്കയിലേയും ലാറ്റിനമേരിക്കയിലേയും സാഹിത്യ ശാഖയിലുണ്ടായ ഉണർവ് മലയാള കവിതാ സാഹിത്യത്തിലേയ്ക്ക് കൊണ്ടുവന്നത് സച്ചിദാനന്ദൻ തുടങ്ങിയ അത്യന്താധുനിക കവികളാണ്. കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, വിനയചന്ദ്രൻ 'കെ.ജി ശങ്കരപിള്ള തുടങ്ങി ആഘോഷിക്കപ്പെട്ട കവികൾ ഒട്ടനേകമുണ്ട്. മധുസൂദനൻ നായരെപ്പോലുള്ളവർ മിതമായഭാഷയിലൂടെ ശക്തമായ ആശയങ്ങൾ അവതരിപ്പിച്ച് സാമൂഹ്യ വിപത്തിനെതിരെ തൂലിക ചലിപ്പിച്ചു. ഫോക്ലോർ സമ്പ്രദായത്തിലുള്ള കവിതകളെ അനുവാചകരിലെത്തിക്കാൻ ശ്രീ. കാവാലത്തിനും അയ്യപ്പപ്പണിക്കർക്കും കടമ്മനിട്ടയ്ക്കും കഴിഞ്ഞു.

ഇന്നിപ്പോൾ അത്യന്താധുനികതയും കഴിഞ്ഞുള്ള കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. കവിതയുടെ പുഷ്കലകാലം കഴിഞ്ഞുവെന്ന് അനുതപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നതിൻ്റെ സൂചന, ഇന്നിപ്പോൾ ജനകീയമായിരിക്കുന്ന നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്ന കവിതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ആശയഗരിമ കൊണ്ടും ആവിഷ്കാരഭംഗികൊണ്ടും ശ്രദ്ധേയമായ ധാരാളം രചനകൾ നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്നു.




അക്ഷരാർത്ഥം



രണ്ടായിരത്താണ്ടുമുൽപ്പാട് രക്ഷകൻ
ലോകനന്മയ്ക്കായ് പിറന്നെന്ന സത്യത്തെ
ഉച്ചൈസ്തരം വിളിച്ചോതി മാലോകരും
ഉത്സുകരായ് പുതുവത്സരം തീർക്കുവാൻ

കുത്തഴിഞ്ഞൊരു ലോകക്രമത്തിനെ
ചിട്ടയിലാക്കി നേരേ നടത്തുവാൻ
ചാട്ടയോങ്ങി പരീശരെ നേരിട്ട
വിഷ്ടപനാഥൻ വാഴട്ടെ മാനസേ

അങ്ങകലെ ബേത്ലഹേമിലെ പുൽക്കൂട്
ഛിന്നമായതു കണ്ടവരെങ്കിലും
ക്രൂശിതനായ് കുരിശിന്റെ മാർഗത്തെ
കാട്ടി നമ്മെ നയിച്ച വെളിച്ചമേ

സ്നേഹമെന്ന മതത്തെ പഠിപ്പിച്ച
സത്യമായൊരു നിത്യ പ്രകാശമേ
സ്നാപകൻ വഴി കാട്ടിയ താരമേ
അക്ഷരാർത്ഥത്തിൽ സ്നേഹമാണൂഴിയിൽ
സ്വർഗരാജ്യം ചമയ്ക്കുന്നതെന്നുള്ള
പാഠമേകി തൻ ജീവരക്തത്തിനാൽ
നാഥനേകുന്നു വിശ്വാസ സത്തയെ .

സമയാതീതം



അനന്തരം അവർ ഭവനങ്ങളിൽ ഒതുങ്ങി
അവർ ഗ്രന്ഥങ്ങളിൽ മുഴുകി
അതിൽ ശ്രദ്ധാലുക്കളായി
അവർ വിശ്രമിച്ചു
ശേഷം കസർത്തുകൾ ചെയ്തു
കലകളിലും കളികളിലും മുഴുകി
പിന്നെ വൈവിധ്യങ്ങളുടെ വകഭേദങ്ങൾ പഠിച്ചു
അലസം നില കൊള്ളാനും
ആഴത്തിൽ ശ്രദ്ധിക്കാനും തുടങ്ങി
ചിലർ ധ്യാനിച്ചു. ചിലർ പ്രാർത്ഥിച്ചു.
ചിലർ തങ്ങളുടെ നിഴലിനെ കണ്ടുമുട്ടി.
അനന്തരം ആളുകൾ മാറി ചിന്തിച്ചു
അവർ സ്വയം മുറിവുകൾ ഉണക്കി
ശേഷം ആളുകൾ അവർ ജീവിച്ച അജ്ഞാന വഴികളിൽ നിന്ന് ഒഴിവായപ്പോൾ
അർഥരഹിതമായ,അപകടകരമായ, ഹൃദയ ശൂന്യമായ
ഇടങ്ങളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ
ഭൂമിയും മുറിവുണക്കിതുടങ്ങി.
 അനന്തരം അപകടം അവസാനിച്ചപ്പോൾ
ആളുകൾ സ്വയം കണ്ടെത്തിയപ്പോൾ
അവർ പരേതരെ പറ്റി അനുശോചിച്ചു.
പിന്നെ അവർ പുതിയവ തെരഞ്ഞെടുത്തു.
പുതിയ ആശയങ്ങൾ സ്വപ്നം കണ്ടു.
പുതിയ ജീവിത ശൈലികൾ ചമച്ചു.
അനന്തരം തങ്ങൾ സുഖപ്പെട്ട പോലെ
 അവർ
പ്രകൃതിയെയും സമ്പൂണമായി സുഖപ്പെടുത്തി.


Translation of poem written in 1869. Author unknown. Reprinted in 1919 by Kathleen O' Mara


Monday, 3 November 2025

അവതാരിക

അവതാരിക

ശ്രുതിമറന്ന വിപഞ്ചിക
വനജ സുനിൽ

കഥയെന്നതിന് പ്രത്യേകമായൊരു നിർവ്വചനമൊന്നും കല്പിക്കാൻ കഴിയില്ലെങ്കിലും മനുഷ്യ മനസ്സിലെ വികാരവിചാരങ്ങളുടെ വിരേചനമാണ് കഥയെന്ന് അരിസ്റ്റോട്ടിലിനെ പോലുള്ളവർ ദർശിച്ചിരുന്നു. വിരേചനം എന്ന പദം കൊണ്ട് വിമലീകരണം എന്ന പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ആദ്യകാലങ്ങളിൽ പദ്യരൂപത്തിലുള്ളവയുടെ ആഖ്യാനവിശേഷം എന്ന രൂപത്തിലായിരുന്നു കഥകൾ ശ്രദ്ധയാകർഷിച്ചത്. പിന്നീട് പഞ്ചതന്ത്രം കഥ പോലെ സോദ്ദേശ രചനകൾ ആവിർഭവിച്ചു. സാരാംശകഥകൾ, ഉപദേശ കഥകൾ തുടങ്ങി കഥയുടെ ഉദ്ദേശരൂപങ്ങൾക്കനുസരണമായി കഥാവിഷ്ക്കാരങ്ങളുമുണ്ടായി. സാമൂഹ്യ കഥകൾക്ക് വേരോട്ടമുണ്ടാകാൻ വീണ്ടും കാലം കഴിയേണ്ടിവന്നു. പാശ്ചാത്യസാഹിത്യത്തിൽ വന്ന കാലോചിത മാറ്റങ്ങൾ മലയാളത്തിലും പ്രതിഫലിച്ചു തുടങ്ങി. അഖ്യാനശൈലിയുടെ വൈജാത്യം കൊണ്ടുള്ള മാറ്റങ്ങൾ ഒഴിച്ചാൽ അന്നത്തെ സാമൂഹ്യ കഥകളുടെ തുടർച്ചയാണ് ഇന്നും നമ്മൾ അനുവർത്തിക്കുന്നത്.


ഇവിടെ ശ്രുതിമറന്ന വിപഞ്ചിക എന്ന വനജ സുനിലിൻ്റെ കഥാസമാഹാരത്തിലും ഭൂതാവിഷ്ടമായ അത്തരത്തിലുള്ള കഥയുടെ പരിസരവും പശ്ചാത്തലവുമാണുള്ളത്. പല കഥകളിലും ഇതിവൃത്തപരമായ സാജാത്യം കണ്ടെടുക്കാൻ കഴിയുമെങ്കിലും മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണമായ ഗതിവിഗതികൾ , വിഹ്വലതകൾ , ആശങ്കകൾ ആദിയായവ വരച്ചുകാട്ടുന്നതിൽ കഥാകാരി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ചില കഥകൾ വളരെ ചെറുതെങ്കിലും ചിന്തോദ്ദീപകം തന്നെ. അതുപോലെ തന്നെ ചില കഥകൾ ആവർത്തിതമായ സംഭവഗതികൾ തുന്നിച്ചേർത്ത് നീണ്ടകഥയാക്കിയിട്ടുമുണ്ട്. ഗഹനവും ദുർഗ്രഹവുമായ കഥകളല്ല ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. നമുക്ക് ചുറ്റും കാണുന്ന വിഷയങ്ങളെ തൻ്റേതായ ആഖ്യാനശൈലിയിൽ ആവിഷ്ക്കരിക്കുകയാണ് ശ്രീമതി. വനജ സുനിൽ ചെയ്തിരിക്കുന്നത്.


വിധി വൈപരീത്യത്തിൽ തളർന്നു നിൽക്കാതെ, കർത്തവ്യബോധത്തോടെ കർമ്മമാർഗങ്ങൾ കണ്ടെത്തിയ ഒരാളുടെ കഥയാണ് അനാഥരുടെ മേൽക്കൂര. സ്നേഹത്തിൻ്റെ വെള്ളരി പ്രാവിനെ പറത്തിയാണ് കഥ അവസാനിക്കുന്നത്.

 പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ജീവിത നിരാസത്തിൽ ആത്മഹത്യയിൽ അഭയം തേടുന്ന ഒരു ലോലഹൃദയത്തിൻ്റെ കഥയാണ് രോദനം.

നിറക്കുറവിൻ്റെ പേരിലെ അവജ്ഞ, മാതൃത്വത്തിൻ്റെ തിരസ്ക്കാരം, അകാലത്തിൽ പൊലിഞ്ഞ പിതാവ്, സ്നേഹിച്ചവരുടെ അവഗണന; തുടർച്ചയായ തിരിച്ചടികൾക്കിടയിലും ജീവിച്ചു മുന്നേറിയ കഥാനായകൻ. ഒടുവിൽ കരുത്തു പകർന്നു നിന്ന അദൃശ്യ പെൺസുഹൃത്ത് തൻ്റെ പ്രിയപ്പെട്ടവന് ജീവിതം തിരിച്ചു പിടിക്കാമെന്നായപ്പോൾ രോഗത്തിന് സ്വയം സമർപ്പിച്ച് പിൻവാങ്ങുന്നു. യവനികയ്ക്ക് പിന്നിൽ എന്ന കഥ ഒട്ടൊന്ന് സംഗ്രഹിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.

മരണ വീട്ടിൽ വച്ചു പറ്റിയ അബദ്ധം, തെറ്റിദ്ധരിക്കപ്പെടുകയും നേരറിഞ്ഞപ്പോൾ ഉപഹാസകമാവുകയും ചെയ്തതാണ് മരണ വീടിൻ്റെ കഥാതന്തു.

പേറ്റുനോവിൻ്റെ വേദനയറിഞ്ഞവരും അല്ലാത്തവർക്കും ഇടയിലുള്ള വിടവാണ് പേറ്റുനോവ് എന്ന കഥയ്ക്കാധാരം.

കൂട്ടുകാരി എന്ന കഥയിൽ ജീവിതത്തിൻ്റെ ദശാസന്ധികളിൽ വന്നുപെടുന്ന ദുരിതാനുഭവങ്ങൾ വരച്ചുകാട്ടുന്നു. ഒടുവിൽ ശുഭപര്യവസായി ആയി കഥാന്തം.

ഭ്രാന്തമായ അഭിനിവേശത്തിനും ഉന്മത്തമായ അഭിവാഞ്ഛയ്ക്കുമിടയ്ക്ക് പൊട്ടിയ കളിപ്പാട്ടമായ് തീർന്ന പെൺകുട്ടിയുടെ കഥയാണ് കളിപ്പാട്ടം .

ഹതഭാഗ്യരായ രണ്ടു മനുഷ്യാത്മക്കളുടെ ദുരന്തകഥ വിഷു നാളിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞു വയ്ക്കുന്നു, കണി മറന്നൊരു വിഷു എന്ന കഥയിൽ.

ഒരു എഫ്.ബി. ഫ്രണ്ട് സൗഹൃദവും അതു വരുത്തിയ വിനയുമാണ് എഫ്.ബി. ഫ്രണ്ടിൻ്റെ കഥാവിഷയം .

തെറ്റിദ്ധരിക്കപ്പെട്ട സൗഹൃദത്തിൻ്റെ കഥയാണ് ഒളിച്ചോട്ടം.

മൊബൈൽ ഫോൺ വരുത്തി വച്ച അസ്വസ്ഥതയാണ് ഫോൺ എന്ന കഥയുടെ പ്രമേയം.

അന്ധവിശ്വാസങ്ങളിൽ തട്ടി, ഭീതിപൂണ്ട് ചിന്താബോധം നഷ്ടപ്പെട്ട ഒരു പെൺ കുട്ടിയുടെ കഥയാണ് ഇരുട്ടിൻ്റെ ആത്മാക്കൾ.

ദാമ്പത്യത്തിൽ കപടമുഖവുമായി, പരസ്പരം പൊരുത്തപ്പെടാതെ പൊരുത്തപ്പെടുന്നവരായി അഭിനയിച്ചു ജീവിക്കുന്നവരെയാണ് നിഴൽപക്ഷികളിൽ പരിചയപ്പെടുത്തുന്നത്.

ജീവിതത്തിലുയർന്ന ഭീഷണി, ഒഴിഞ്ഞതിൻ്റെ സമാശ്വാസ തീരത്തെത്തി നിൽക്കുന്ന പെൺകുട്ടി. പശ്ചാത്തലത്തിൽ പറന്നിറങ്ങുന്ന മഴ. എൻ്റെ മഴ എന്ന കഥ ആവിഷ്കരിക്കപ്പെടുന്നതങ്ങനെയാണ്.



ഇത്തരത്തിൽ ചെറുതും വലുതുമായ ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരമാണ് ശ്രുതി മറന്ന വിപഞ്ചിക. സാധാരണ മനുഷ്യരുടെ ഹൃദയവ്യാപാരങ്ങളെ ചമയമോ ചമത്കാരമോ കൂടാതെ അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. സഹൃദയർക്ക് നല്ല ഒരു വായനാനുഭവം നൽകാൻ ഈ കൃതിക്ക് കഴിയുമെന്നത് നിസ്തർക്കമാണ്.

Wednesday, 22 October 2025

സഹനം

ഗാന്ധിക്കു പര്യായശബ്ദമാം സഹനം
പാരിൽ സമാധാന സിദ്ധിക്കു പോരും
വാഴ്വിൽ തിരതല്ലിടുന്നോരശാന്തിക്കു
പായങ്ങൾ തീർക്കുന്ന മന്ത്രാക്ഷരം തേ

മനുഷ്യൻ്റെ പാപങ്ങളേൽക്കുന്ന ഹൃത്തിൽ
തറച്ചെത്ര ശൂലം മുടിപ്പൂക്കൾ മുള്ളാൽ
കുരിശ്ശേറ്റിടുമ്പോൾ പൊറുക്കാൻ പറഞ്ഞ
മനസ്സെത്രയോർക്കിൽ സഹനത്തികവാം

ധരയ്ക്കെത്ര കോപം വരുത്തി മനുഷ്യർ
ക്ഷമിക്കുന്നു സർവ്വംസഹയാം ജനനി
മരിക്കും മനുഷ്യത്വമെന്തെന്തു കാട്ടി 
ധരിത്രീവിലാപം നിറഞ്ഞെട്ടു ദിക്കിൽ

ക്ഷിതിക്കെന്നപോലെ വാരാന്നിധിക്കും
അഴുക്കാം വിഷത്തെ കുടിപ്പാൻ കൊടുപ്പൂ
വിഷജ്വാല പൊങ്ങി വിഷകാളിയന്മാർ ഗരളം വമിച്ചു 
സഹിക്കുന്നിതൊക്കെ സമുദ്രം നിശബ്ദം

അകക്കണ്ണിലെന്നും ഇരുട്ടുള്ള കൂട്ടർ
അശിപ്പാൻ കൊടുക്കാതൊടുക്കുന്ന ദൈന്യം
മിഴിപ്പൂക്കളൂർദ്ധ്വം ഉയർത്തിപ്പിടിച്ച് അപേക്ഷിക്കുമ്പൊഴേയ്ക്കും പതിക്കുന്നു മൃത്യു

വിയത്തിങ്കലെല്ലാം പുകച്ചൂടുമൂടി പകച്ചത്രെ നിൽപ്പൂ അശാന്തിത്തുരുത്തിൽ
സഹനത്തിനർത്ഥം സ്വയം കീഴടങ്ങൽ അതല്ലെന്ന് നിങ്ങൾ മനസ്സിൽ കുറിക്ക

വിനാശം വിതയ്ക്കും വിപത്തായി യുദ്ധം
വളർത്താൻ ശ്രമിച്ചാലതു സർവ്വനാശം
ഇനി വേണ്ട യുദ്ധം മനസ്സിൽ കുറിക്കാം
സഹിക്കാൻ ക്ഷമിക്കാൻ പഠിക്കട്ടെ ചിത്തം


സമർപ്പണം

സമർപ്പണം ചെയ്വു സമസ്തവും നിന്നിൽ
സഹർഷമങ്ങനെ ലയിക്കയാണവൾ

പ്രണയലോലയായ് പകർന്ന രാഗങ്ങൾ
മധുര ജീവിത ധ്വനിയിൽ മുങ്ങുന്നു
തനു തളരുന്നു തരള ഗാനമാ
വിയത്തതിൽ വന്നു വിലയം കൊള്ളുന്നു
ഒരു മുളന്തണ്ടിൽ ഉണരും നാദമായ്
ഇളയിൽ സാരസ പ്രകരണങ്ങളായ്
ഉണർന്നാവൂ പ്രേമ പ്രകീർത്തനങ്ങളും
ഉലകിലുൽഫുല്ല രസോൻമദനവും
അറിഞ്ഞതില്ലതാമഴകിൻ മേളനം
അതു ഭ്രമാത്മക ജ്വലന വേഗമായ്
പടർന്നു മേനിയിൽ പരമാണുക്കളിൽ
നിറഞ്ഞ ചൈതന്യ പ്രഭാകിരണമായ്

നരനും നാരിയും അഭേദരാണെന്ന
പരമസത്യത്തിൻ പൊരുളറിഞ്ഞു നാം
അകക്കണ്ണിൻ ദ്യുതിയൊഴിഞ്ഞ മാനുഷ രറിയുന്നില്ല ഹാ ബഹു കഷ്ടം തന്നെ 
മദം മുഴുത്തതാം നാരാധമരിവർ
അറിഞ്ഞതില്ലല്ലോ മഹദ്പ്രഭാവങ്ങൾ 

നടുക്കമോടെ നാമറിഞ്ഞു ഭീദിതം
അബലമാർ മാനം കെടുന്നോരോവിധം
അവർക്കനുഗ്രഹം ചൊരിഞ്ഞിടാൻ ദിവ്യ കരങ്ങളൊന്നുമേ ഉയർന്നതുമില്ല
സ്വയം സമർപ്പണ പ്രശോഭയിൽ വേവും പതിതരല്ലിന്ന് വനിതകളോർക്ക
അവർ തൻ ജീവിതം മഹത്തരമെന്ന്
അടിവരയിടും ചരിത്രവും നേരും 



ജീവിതം


വേവാത്ത പ്രേമം നമുക്കു വേണ്ട
നിറസൗഹൃദങ്ങളിലഭിരമിക്ക
കഴിവൊത്തിടാത്തോരൊടൊത്തു വേല
കഴിവതും ചെയ്യാതിരിക്ക വേണം

പകുതിപ്പരിഹാരമല്ല വേണ്ടൂ
അർദ്ധസത്യങ്ങൾ വിഴുങ്ങിടേണ്ട
സ്വപ്നം മുഴുവനായ് കണ്ടിടേണം
സ്വപ്നം മുറിയാതിരിക്ക വേണം

മുഴുജീവിതം നമുക്കായി വേണം
മുഴുമിച്ചിടാത്തത് വേണ്ടതാനും


(ഖലീൽ ജിബ്രാനോട് കടപ്പാട്)

Tuesday, 21 October 2025

സാന്ത്വനം

എരികൊണ്ട ഭൂമിയുടെ ഹൃത്തടം കണ്ടിട്ട്
മാരിയാൽ സാന്ത്വനമേകി മേഘം
പറയാതെ പരിഭവം തിരളാത്ത മണ്ണിനെ
തിരയായി മുത്തും സമുദ്രരാഗം
ചിരിയോടെ വിടരുന്ന പൂവിൻ്റെ കവിളതിൽ
ചുടുചുംബനം നൽകുമുദയസൂര്യൻ
തൊഴുകൈയ്യുയർത്തിത്തപമാർന്നതരു
വിനെ തഴുകും സമീരണൻ സുഖദമായി

ചുടുനിണം വാർന്നുയിർ പൊലിയാതെ
ചുടുകാട്ടിലൊടുവിൽ പതിച്ച കുലട നീയും
സാന്ത്വനം തേടുന്ന ശ്രമണനിൽ കാണുന്നു
ശാന്തിതൻ ശാദ്വലമുക്തിമാർഗ്ഗം

കുമ്പസാരം ചെയ്തു മനസാകും മെഴുതിരി
ഉരുകിപ്പദങ്ങളിൽ വീണ നേരം
കൃപയോടെ ദേവൻ്റെ കരലാളനത്തിനാൽ
കറ നീങ്ങി, കന്യതൻ കൊടിയ പാപം 

ഇവിടെത്തപിച്ചു മനസ്സു മരിച്ചു ഞാൻ 
കഴിയുന്നു ജീവശ്ശവം കണക്കിൽ
സാന്ത്വനം നൽകിടാനണയുമോ വേദന 
മരണം വരെ ഞാൻ ഭുജിക്കെന്നതോ !

Monday, 20 October 2025

ദീപങ്ങളുടെ ഭാഷ

ഒരു ചെരാതിൻ്റെ മുന്നിൽ മിഴിനീർത്തി
ഒളി ചിതറിപ്പരക്കും പ്രകാശമേ
ഇരുളിൽ നിൻ്റെ പ്രഭാവത്തികവതിൻ
പൊരുളിൽ സ്പന്ദിക്കയാണിന്നു ജീവിതം

അനിതരമൊരു ജ്യോതിയായ് കാണ്മു 
അഖിലമൊന്നെന്നു ദ്യോതിച്ചിടുന്നിതാ
ഇവിടെയൊന്നും തനിക്കായി മാത്രമായ്
അവികലം നിലനിൽക്കില്ല നിശ്ചയം

സൂക്ഷ്മരൂപമായ് പ്രാണനിൽ കാണുന്നു
സാക്ഷിരൂപമായ് ദീപനാളത്തിലും 
ആഴികൂട്ടിയതുങ്കൽ നിന്നൂർജ്ജമായ് വാഴ്‌വിലൊക്കെയനുഷ്ഠിപ്പു കർമ്മങ്ങൾ 

വിജ്ഞരാം നമുക്കൊപ്പം തെളിച്ചമായ് 
ഭാഷയുണ്ടായ് പലമട്ടിൽ ഭാവത്തിൽ
സൗമ്യമായ് പതി താളത്തിൽ നാളത്തിൽ
ക്രുദ്ധമായഗ്നി ശൈലമായ് സംഗരേ

Sunday, 19 October 2025

കല്ലറകൾ സാക്ഷി - അവതാരിക

അവതാരിക

(കല്ലറകൾ സാക്ഷി)

ആഖ്യായികകൾ പൊതുവേ സ്തൂലമായ ഗാത്രസ്വഭാവമുള്ള രചനാ വിശേഷമായാണ്  ഗണിച്ചു പോരുന്നത്. മലയാള സാഹിത്യത്തിലെ ആദ്യകാല ആഖ്യായികകളിൽ പലതും ചരിത്രത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ വൈപുല്യമുള്ള കഥാന്തരീക്ഷവും വൈവിധ്യവും വൈശിഷ്ട്യവുമുള്ള കഥാപാത്രങ്ങളും നിറഞ്ഞതായിരുന്നു. 

പിൽക്കാലത്ത് സാമൂഹ്യപ്രധാനവും സന്മാർഗ്ഗ പ്രബോധകവുമായ ആഖ്യായികകളും വിരചിതമായി. 

അസ്തിത്വവാദത്തിൻ്റെ കാലഘട്ടത്തിൽ യഥാർത്ഥ ജീവിതത്തെ കലാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം സദാചാര സങ്കല്പങ്ങളിൽ പൊളിച്ചെഴുത്തു നടത്തുന്ന നായികാനായക കഥാപാത്രങ്ങളും ഉണ്ടായി..   ആദർശനിഷ്ഠനായ കഥാനായകൻ്റെ സ്ഥാനത്ത് ആത്മലാഭം ഇച്ഛിക്കുന്ന നായകൻ സൃഷ്ടിക്കപ്പെട്ടു.

ഒരാശയത്തെ വിപുലമാക്കി ചിത്രീകരിക്കുകയാണ് നോവൽ ചെയ്യുന്നത് എന്നാണ് പണ്ഡിത നിരൂപകനായ എം.പി. പോളിൻ്റെ മതം. എന്നാൽ അത്യന്താധുനിക സാഹിത്യത്തിൽ പ്രമേയപരമായ മിതത്വവും പരിമിതമായ പാത്രസൃഷ്ടിയും ചേർന്നു വന്നപ്പോൾ നോവൽ എന്നത് പഴയ നോവല്ലകളും നോവെലെറ്റുകളുമായി മാറി.

ഏതൊരു നോവലിലും ഒരു കഥാതന്തുവുണ്ടാകും. അതിനെ വികസിപ്പിച്ചാണ് (improvise) നോവൽ രചിക്കപ്പെടുന്നത്. അതുപോലെ കാലം, സ്ഥാനം, കഥാന്തരീക്ഷം തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നോവലിസ്റ്റിൻ്റെ മനോധർമ്മ പ്രകാരമുള്ള ഭാവുകത്വവും ഭാവാവിഷ്കരണവുമായിരിക്കും കഥാപാത്രങ്ങൾക്കുണ്ടാകുക.

കല്ലറകൾ സാക്ഷി എന്ന ലഘുനോവലിൽ മദ്ധ്യതിരുവിതാംകൂറിലെ മദ്ധ്യവർഗ്ഗ വിഭാഗത്തിൽ നിന്നാണ് കഥാതന്തു കണ്ടെടുത്തിരിക്കുന്നത്.  അനാഥത്വത്തിൻ്റെയും അവഹേളനത്തിൻ്റെയും ബാല്യ കൗമാരങ്ങൾ എല്ലാക്കാലത്തും കഥാവിഷയമായിട്ടുണ്ട്. കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും അണച്ചു നിർത്തേണ്ടവർ അകത്തി നിർത്തുമ്പോഴുള്ള അന്യഥാത്വവും എല്ലാത്തിനുമുപരി ഗുരുനാഥയെ ഉപഗൂഹനം ചെയ്തെന്ന ആത്മനിന്ദാപരമായ പരാതിയും ഉയർത്തിയ അന്ത:സംഘർഷങ്ങളിൽ ഉലഞ്ഞു നാടുവിടുന്ന ഒരു കൗമാരക്കാരനിൽ നിന്നാണ് കഥയുടെ തുടക്കം. 

നോവലിസ്റ്റ് ശ്രീ. ബാലചന്ദ്രൻ ഇഷാര തൻ്റെ സ്വന്തം ജീവിത പരിസരത്തു നിന്നാണ് കഥാപാത്രങ്ങളെ കണ്ടെത്തിയിട്ടുള്ളത്.  നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു രണ്ടാം വരവായി വേണം കരുതാൻ . സാഹിത്യത്തിൻ്റെ വികാസപരിണാമഘട്ടത്തേയെല്ലാം ശ്രദ്ധയോടെ നോക്കിക്കാണുകയും അതിൽ അഭിരമിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. വിവിധ ദേശങ്ങളിൽ വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുകയും ധ്രുവൻ എന്ന പേരിൽ സാഹിതീ രചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. 

ഗുരുവിൻ്റെ വചനങ്ങളേയും മൂലൂരിൻ്റെ കാവ്യപാരമ്പര്യത്തേയും പിൻപറ്റിയുള്ള അദ്ദേഹത്തിൻ്റെ സാഹിതീ പ്രവർത്തനം ഒരർത്ഥത്തിൽ ആത്മീയ സമ്പത്തിൻ്റെ ആർജ്ജിതജ്ഞാനത്തിൽ അധിഷ്ഠിതമാണ്. ഒരു കഥയെഴുതാൻ ഒമ്പതു കൃതിക്കുള്ള ആത്മീയ സമ്പത്തില്ലെങ്കിൽ അതൊരു സാംസ്കാരിക നിർമ്മിതിയായിത്തീരുന്നില്ല എന്ന കെ.പി.അപ്പൻ്റെ നിരീക്ഷണമാണ് ഇത്തരുണത്തിൽ ഓർമ്മയിൽ വരുന്നത്.

 മാധ്യമപ്രവർത്തനരംഗങ്ങളിലും കൃതഹസ്തത തെളിയിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. 

നോവലിൻ്റെ തുടക്കം തന്നെ സ്ഥലസൂചിക നൽകിക്കൊണ്ടും തൻ്റെ നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക ഗരിമ അടയാളപ്പെടുത്തിക്കൊണ്ടുമാണ്. 

കാലത്തെ കുറിച്ച് സൂചന നൽകുന്നില്ലെങ്കിലും സാമൂഹ്യസ്ഥിതിയും ഗൃഹാന്തരീക്ഷവും നടപ്പുരീതികളും വച്ചു നോക്കുമ്പോൾ 1960 കളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ കഥയെ സമീപകാല സംഭവമെന്ന പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടിയാൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ സംഭവിച്ച സംഗതികളാണ് കഥയ്ക്കാസ്പദമായി വിവരിക്കുന്നത്. 

സാമ്പത്തികവും സാമൂഹ്യവുമായി സുസ്ഥിതിയിൽ കഴിഞ്ഞിരുന്ന കുടുംബം പിന്നീട് ദു:ശാഠ്യത്തിലും  ദുരുപദിഷ്ടമായ ചുറ്റുപാടുകളിലും പെട്ട് ശിഥിലമാവുകയും ബന്ധങ്ങളറ്റ് അകന്നു മാറുകയും ചെയ്യുന്ന കാഴ്ചയാണ് നോവലിൻ്റെ ആദ്യ ഭാഗങ്ങളിൽ കാണാൻ കഴിയുന്നത്. 

'അമ്മയെ വിചാരണ ചെയ്യേണ്ടി വരുന്ന മകൻ്റെ ദുര്യോഗം' എന്ന് കഥാകാരൻ പറയുന്നിടത്ത് അമ്മയുടെ അപഥസഞ്ചാരത്തെയാണ് സൂചിപ്പിക്കുന്നത്. കാക്കനാടൻ കഥകളോട് സദൃശപ്പെട്ടു നിൽക്കുന്ന സന്ദർഭങ്ങൾ നോവലിൻ്റെ ചില ഭാഗങ്ങളിൽ വായിച്ചെടുക്കാൻ കഴിയും.

ശാപം കിട്ടിയ തറവാടാണ് നമ്മളുടേത് എന്ന മുഖവുരയോടെ അച്ചമ്മ പറയുന്ന കഥയിലും ബ്രാഹ്മണശാപവും അതിനു വഴിവച്ച സംഗതികളും പ്രതിപാദിക്കുന്നുണ്ട്. പുരാണങ്ങളിൽ മഹർഷിമാരെ ഉപദ്രവിക്കാനായി ആശ്രമങ്ങളിൽ മലമൂത്രവിസർജനം ചെയ്യുക, പൂജാസാധനങ്ങൾ, സ്രുവം തുടങ്ങിയവ എടുത്തെറിയുക തുടങ്ങിയ ദുഷ്കൃതികൾ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്. അതിനു സമാനമായ കാര്യങ്ങൾ തൻ്റെ പൂർവ്വികർ ചെയ്തതായാണ് അച്ചമ്മ അനുസ്മരിക്കുന്നത്.

'സ്വത്തുണ്ടായാലും അന്നം മുടങ്ങി നിൻ്റെ കുടുംബം എരിഞ്ഞടങ്ങട്ടെ' എന്ന ബ്രാഹ്മണ ശാപം തങ്ങളെ വേട്ടയാടുന്നതായി അച്ചമ്മ അറിയുന്നു.

അമ്മയുടെ വിവാഹേതര ബന്ധം, അവഗണന, അച്ഛൻ്റെ അമിത മദ്യപാനം തുടർന്നുള്ള ആത്മഹത്യ,

സ്നേഹനിധികളായിരുന്ന മുത്തച്ഛൻ്റെയും അച്ചമ്മയുടേയും നിസ്സഹായാവസ്ഥ, മുത്തച്ഛൻ്റെ മരണം തുടങ്ങി ഒറ്റപ്പെടലിൻ്റേയും അസ്വാതന്ത്ര്യത്തിൻ്റെയുമിടയിൽ നിന്ന് സാന്ത്വനം കണ്ടെത്തിയത്  സ്വന്തം അദ്ധ്യാപികയുടെ അടുത്തു നിന്നാണ്. ഒടുവിൽ കാമുകാദ്ധ്യാപകനാൽ പ്രേരിതയായി സ്കൂളിൽ പരാതിപ്പെടുകയും തെറ്റിദ്ധരിക്കപ്പെട്ട്, അപമാനിതനായി സ്കൂളിൻ്റെ പടിയിറങ്ങേണ്ടി വരികയും ചെയ്തു. ഒടുവിൽ അച്ചമ്മ അറിഞ്ഞു നൽകിയ സ്വകാര്യ സമ്പാദ്യമായ വളയുമായി ഗ്രാമം വിടുകയാണ് കഥാനായകനായ നികേഷ്.

മനുഷ്യൻ അടിസ്ഥാനപരമായി നാടോടി സ്വഭാവം ഉൾക്കൊള്ളുന്നവരാണ്. ജീവിതത്തിൽ പ്രതിസന്ധി വന്നുഭവിക്കുന്ന അവസരത്തിൽ ആ നാടോടി സ്വഭാവം ഉൾപ്രേരണകൾക്ക് വിധേയമായി മനുഷ്യരെ ചരരാശിയിൽ എത്തിക്കുന്നു. 

നോവലിസ്റ്റിൻ്റെ ഭാവന, കഥയിൽ സന്നിവേശിക്കപ്പെടും. ആത്മാംശം പലപ്പോഴും കഥാഗതിയിൽ ലീനമായി അന്തർഭവിക്കും. ഇഷ്ടങ്ങൾ, അനുഭൂതികൾ, അനുഭാവങ്ങൾ, അവമതിപ്പ് തുടങ്ങി മനസ്സിൻ്റെ സൂക്ഷ്മാംശങ്ങൾ വരെ തൻ്റെ രചനകളിൽ അടയാളപ്പെടുത്തും. 

നോവലിൽ പ്രതാപശാലിയായ മുത്തച്ഛനെ പറയുന്നിടത്ത് പറമ്പിലും പാടത്തും പണിക്ക്, പണി സാധനങ്ങളുമേറ്റി സ്വയം കാറോടിച്ചു പോകുന്നതായി പരിചയപ്പെടുത്തുന്നു. 

സാമ്പത്തിക സുസ്ഥിരതയ്ക്ക് നിദാനമായി അച്ഛനമ്മമാരുടെ തൊഴിൽ വിലയിരുത്തുമ്പോൾ സേനയിൽ കേണലായ അച്ഛനും അദ്ധ്യാപികയായ അമ്മയും നമുക്ക് മുന്നിലേയ്ക്ക് വരുന്നു; മാനസികമായി വ്യത്യസ്ത തസ്തികകളിൽ ഇരുന്നു കൊണ്ട്.

ഒരു ഭാഗത്ത് മരുമകളെ ഹൃദയപൂർവ്വം സ്വീകരിക്കാതിരുന്ന അച്ചമ്മ. 

മറുഭാഗത്ത് മകനെ അടർത്തി മാറ്റാൻ വ്യഗ്രതപ്പെടുന്ന മരുമകൾ

ഭാര്യ വേറിട്ടു പോകരുതെന്ന് ശക്തമായി ആഗ്രഹിക്കുന്ന ഭർത്താവ്; പരനെ ഭർത്താരം സ്നേഹിക്കുന്ന ഭാര്യ, ബന്ധങ്ങളുടെ മുറുകലും മുറിയലും സമ്മിശ്രമായി കൺമിഴിക്കുന്നതാണ് കഥാഗതി.

ബന്ധങ്ങളുടെ ഇഴയടുപ്പവും  ബന്ധങ്ങൾ ബന്ധനമായി തീരുന്നതിൻ്റെ വിനാശകരമായ വിലയനവും നോവലിൽ വായിച്ചെടുക്കാൻ കഴിയും. കഥാകൃത്ത് അവതരിപ്പിക്കുന്ന മുത്തച്ഛനും അച്ഛനും അക്ഷരങ്ങളോട് അളവറ്റ പ്രതിപത്തിയുള്ളവരായിരുന്നു. മറിച്ചുള്ള സ്വഭാവക്കാരിയായിരുന്നു അമ്മ. അമ്മയെ അവസാനം വരെ കൂടെ നിർത്താൻ അച്ഛൻ ആഗ്രഹിച്ചു. അതിനായി വിട്ടുവീഴ്ചകൾ ഏറെ ചെയ്തു. എന്നാൽ അതത്രയും വെറുതെയായെന്ന് തിരിച്ചറിയുമ്പോൾ അച്ഛന് ജീവിതം കൈവിട്ടുപോയിരുന്നു. ഗുരുവിൻ്റെ ധർമ്മ പ്രബോധനം അച്ഛനെയും മുത്തച്ഛനേയും  ഒരളവുവരെ സംസ്കൃതചിത്തരാക്കി. എന്നാൽ സ്ത്രീകൾ ജീവിതാപചയത്തിൽ മുങ്ങിയവരായി.

ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിലായി നായകൻ്റെ പശ്ചാത്തലവും ഗ്രാമം വിട്ടുപോകാനിടയായ സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടർന്ന് അതിജീവനത്തിനായി  കഥാനായകനായ നികേഷ് അനുവർത്തിച്ച സദുദ്ദേശ പ്രവർത്തി അയാൾക്ക് ജീവിതം തിരികെ നൽകി. ദൈവതുല്യനായ  ഒരു മനുഷ്യൻ്റെ ആശ്രിതത്വം, തനിക്ക് നഷ്ടപ്പെട്ട മാതൃപിതൃവാത്സല്യം തിരികെ നൽകിയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ അവിടെയും പുതിയ മാതൃസ്ഥാനം തന്നെ തൻ്റെ അകളങ്കിതമായ സ്നേഹശുശ്രൂഷകളെ കാമാന്ധമായ കരിമ്പടം കൊണ്ടു മൂടി.  

പിതൃനിർവിശേഷമായ സ്നേഹം തന്ന സുമനസിനോട് മറുവാക്കുപോലും പറയാതെ, വീണ്ടും അനാഥത്വത്തിൻ്റെ നുകവും പേറി തെരുവിലേയ്ക്കിറങ്ങുന്നു. അപമാനത്തിൻ്റേയും യാതനയുടേയും കഷ്ടകാണ്ഡങ്ങൾ താണ്ടി വീണ്ടും ചില കാരുണ്യക്കൈകളുടെ പിൻബലത്താൽ അയാൾ ഒരു ചിത്രകാരൻ്റെയടുത്ത് എത്തി.

തുടർന്നങ്ങോട്ടുള്ള കഥാനായകൻ്റെ ജീവിതഗതികൾ ഉജ്ജ്വലവും ആവേശകരവും പ്രണയാർദ്രവുമായിരുന്നു. പ്രശസ്തിയുടെ പാരമ്യത്തിൽ വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും അക്കാഡമി അവാർഡിനു തന്നെ പരിഗണിക്കപ്പെടുകയും ചെയ്തു.. 

തൻ്റെ ജീവിത വഴിയിൽ വിട്ടുപോയവരെ പലരേയും ഇതിനിടയിൽ കണ്ടുമുട്ടുന്നു. 

 അക്കൂട്ടത്തിൽ തൻ്റെ നാടുവിടലിനു ഹേതുവായ ടീച്ചറും ഉണ്ടായിരുന്നു. അവരുടെ സമാഗമം കാണാനിടയായ പ്രണയിനി സംശയദൃഷ്ടിയിൽ പിൻവാങ്ങുന്നിടത്ത് കഥയ്ക്ക് വഴിത്തിരിവ് ഉണ്ടാകുന്നു.. 

അവാർഡിന് പരിഗണിക്കുകയും വാർത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പുതന്നെ സ്വന്തക്കാരെ കാണാനുള്ള അദമ്യമായ ആഗ്രഹം നായകനിൽ ഉണ്ടായി. സ്നേഹനിധികളായിരുന്ന മുത്തച്ചനും അച്ചമ്മയും മരണപ്പെട്ടുവെന്നറിയാമെങ്കിലും തറവാട്ടിൽ പോകണമെന്നും വല്യച്ഛൻ തനിക്ക് അഹിതമായിട്ടാണ് നിന്നിട്ടുള്ളതെങ്കിലും, കൗശലക്കാരനെന്നറിയാമെങ്കിലും അദ്ദേഹത്തെ കാണണമെന്നും ആ മനസ് ആഗ്രഹിച്ചു. അതുപോലെ തന്നെ മകനെന്ന് കരുതാത്ത അമ്മയെ കാണണമെന്ന് ആഗ്രഹിക്കയും അമ്മയെ ചതിച്ച് ഇളയമ്മയെ വരിച്ച അമ്മയുടെ ഭർത്താവിനെ വെറുക്കുകയും ചെയ്തു.

വേരുകളെ കുറിച്ചുള്ള തീവ്ര ബോധവും അവയുടെ ശൈഥില്യത്തെ കുറിച്ചുള്ള വ്യാകുലതകളും യഥാർത്ഥത്തിൽ നോവലിസ്റ്റിൻ്റെ തന്നെയാണ്.

നോവലിൽ പരാമർശിച്ചു പോകുന്ന ചില സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും മിഴിവു നൽകാൻ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലം, , മുലൂർ സ്ഥാപിച്ച സ്കൂൾ, ശ്രീ നാരായണ ഗുരു പ്രതിഷഠനടത്തിയ ക്ഷേത്രം, ക്ഷേത്രോത്സവം അങ്ങനെ പലതും.

ഗ്രാമത്തിലെ പൊട്ടൻ ഒരു പ്രതീകമാണ് . പ്രതികരണമില്ലാത്ത ജനവിഭാഗത്തിൻ്റെ പ്രതിനിധി. നിർമ്മമമായ, പ്രത്യുപകാരം പ്രതീക്ഷിക്കാത്ത സേവനങ്ങളുമായി അയാൾ എവിടേയും എപ്പോഴും കാണും. ചിലപ്പോൾ അലോസരമുണ്ടാക്കിക്കൊണ്ട്, ചിലപ്പോൾ സഹായം ചെയ്തു കൊണ്ട്. എന്നാൽ അയാൾ ഒരിക്കലും ഉപദ്രവിയല്ല. മറിച്ച് ഉപകാരിയാണുതാനും.

ആന മാമൻ പ്രത്യേകതയുള്ള മറ്റൊരു കഥാപാത്രമാണ്. ആനയും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ആനവണ്ടിയുടെ ഡ്രൈവർ ആയിരുന്നതു കൊണ്ടാണ് അത്തരത്തിൽ ഒരു വിളിപ്പേര്  ഉണ്ടായത്.  എല്ലാ ഗ്രാമങ്ങളിലും സമാനമായ കഥാപാത്രങ്ങളെ കണ്ടെടുക്കാൻ കഴിയും.

വിഷയാസക്തിയുടെ വിഷകന്യകളായി അനേകരെ നോവലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അശ്ലീല ലാഞ്ഛനയില്ലാതെയാണ് അവരുടെ അസന്മാർഗ്ഗിക ബന്ധം അവതരിപ്പിക്കപ്പെട്ടത്.

നോവലിൽ നായികയായെത്തുന്ന ദർശ റോബിൻ നികേഷിൽ ഒരുത്തമ സുഹൃത്തിനെ കണ്ടെത്തുന്നുണ്ടെങ്കിലും അവരിലെ സംശയത്തിൻ്റെ അണ്ഡം അടവച്ചു വിരിഞ്ഞത് നായകൻ നാടുവിടാനുള്ള സാഹചര്യം സൃഷ്ടിച്ച ടീച്ചറുടെ ഏറ്റു പറച്ചിലിൻ്റെ ഘട്ടത്തിലാണ്. അതു കഴിഞ്ഞുള്ള കഥാഭാഗം വിഭ്രാമകരവും ഉദ്വേഗഭരിതവും സങ്കീർണ്ണമായ സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായി. 

നികേഷിൻ്റെ കഥയായാണ് നോവൽ എഴുതപ്പെടുന്നതെങ്കിലും സമാന ജീവിത സാഹചര്യങ്ങളിൽ പുലർന്ന അനേകരെ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. . സതീശൻ എന്ന ഓട്ടോറിക്ഷ ഡ്രൈവർ, ശശിയണ്ണൻ എന്ന അയാളുടെ ചിത്രകാരൻ സുഹൃത്ത് അങ്ങനെ പലരും. 

നോവലിലെ നായികയും നികേഷിൻ്റെ പ്രണയിനിയുമായ ദർശയുടെ കഥയും വേറിട്ടല്ല. എന്നാൽ ആ കഥ പ്രതിപാദിക്കപ്പെടുന്നത് ദർശയിലൂടെയല്ല മറിച്ച് നോവലിൻ്റെ അന്ത്യപാദത്തിൽ കടന്നുവരുന്ന അവളുടെ പിതാവിലൂടെയാണ് ; റോയ് മാത്യുവിലൂടെ.

അവിടെയും ലൈംഗികതൃഷ്ണയും ബന്ധങ്ങളുടെ പൊളിച്ചെഴുത്തും പങ്കാളികളെ പകയുള്ളവരാക്കുന്നു. ഭാര്യയും മകളും മരണപ്പെട്ടുവെങ്കിലും തൻ്റെ ശത്രുവിനെ, തന്നിൽ നിന്ന് ജീവിതം തട്ടിയെടുത്തവനെ  കൺമുന്നിൽ കണ്ടപ്പോൾ അയാളിലെ പ്രതികാരദാഹി ഉണർന്നെഴുന്നേറ്റു. നികേഷിൻ്റേയും, ദർശയുടെ രൂപസാദൃശ്യമുള്ള സീമോൻ്റെ മകളുടെയും, (അവളും തൻ്റെ ഭാര്യയിൽ ഉളവായവൾ തന്നെയെന്ന് അയാൾക്കറിയാമായിരുന്നു)

ഇടപെടലിൽ അയാളുടെ വധശ്രമം വിഫലമാകുകയും മനസ് വിമലമാകുകയും ചെയ്തു. ബാല്യത്തിൽ തനിക്കു നഷ്ടപ്പെട്ട പിതൃസ്നേഹം തൻ്റെ പ്രിയപ്പെട്ടവളുടെ പിതാവിൽ കണ്ടെത്തുന്നതോടെ നികേഷിൻ്റെ മനസ്സിലും സ്നേഹത്തിൻ്റെ മെഴുതിരിപ്പൂക്കൾ വിടർന്നു.

സാഹിത്യത്തിലെ റിയലിസത്തോടു ചേർന്നുനിൽക്കുന്നതാണ് ബാലചന്ദ്രൻ ഇഷാരയുടെ കഥാകല്പനം. വ്യക്തിയെ കേന്ദ്രമാക്കി അവൻ്റെ അനുഭവതലവും അനുഭൂതിവിശേഷവും അനാവരണം ചെയ്ത് അയാളുടെ പരീക്ഷണ ഘട്ടങ്ങളെ പരിചയപ്പെടുത്തി, നിസ്സഹായതയുടെ ആഴം ബോദ്ധ്യപ്പെടുത്തി ഒടുവിൽ കർമ്മരംഗത്തേയ്ക്ക് കടത്തിവിടുന്നു.. ആധുനികതയ്ക്കും അത്യന്താധുനികതയ്ക്കും ഇടയ്ക്കുള്ള പുതുവഴിയേയാണ് എഴുത്തുകാരൻ്റെ സഞ്ചാരം. അശുഭകരമായ പുരാവൃത്തത്തിൽ നിന്ന് പ്രത്യാശാപൂർണ്ണമായ ഇതിവൃത്തമായി പരിണമിക്കുന്നതു കണ്ടുകൊണ്ടാണ് കഥാന്ത്യമാവുന്നത്.

date

അങ്ങാടിപ്പുറം























നികേഷിൻ്റെ കഥയായാണ് നോവൽ എഴുതപ്പെടുന്നതെങ്കിലും സമാന ജീവിത സാഹചര്യങ്ങളിൽ പുലർന്ന അനേകരെ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. . സതീശൻ എന്ന ഓട്ടോറിക്ഷ ഡ്രൈവർ, ചന്ദ്രൻ എന്ന അയാളുടെ പോസ്റ്റർ എഴുത്തുകാരൻ സുഹൃത്ത് അങ്ങനെ പലരും. 


നോവലിലെ നായികയും നികേഷിൻ്റെ പ്രണയിനിയുമായ ദർശയുടെ കഥയും വേറിട്ടല്ല. എന്നാൽ ആ കഥ പ്രതിപാദിക്കപ്പെടുന്നത് ദർശയിലൂടെയല്ല മറിച്ച് നോവലിൻ്റെ അന്ത്യപാദത്തിൽ കടന്നുവരുന്ന അവളുടെ പിതാവിലൂടെയാണ്, റോയ് മാത്യുവിലൂടെ.

അവിടെയും ലൈംഗികതൃഷ്ണയും ബന്ധങ്ങളുടെ പൊളിച്ചെഴുത്തും പങ്കാളികളെ പകയുള്ളവരാക്കുന്നു. ഭാര്യയും മകളും മരണപ്പെട്ടുവെങ്കിലും തൻ്റെ ശത്രുവിനെ, തന്നിൽ നിന്ന് ജീവിതം തട്ടിയെടുത്തവനെ  കൺമുന്നിൽ കണ്ടപ്പോൾ അയാളിലെ പ്രതികാരദാഹി ഉണർന്നെഴുന്നേറ്റു. നികേഷിൻ്റേയും, ദർശയുടെ രൂപസാദൃശ്യമുള്ള സീമോൻ്റെ മകളുടെയും, (അവളും തൻ്റെ ഭാര്യയിൽ ഉളവായവൾ

തന്നെയെന്ന് അയാൾക്കറിയാമായിരുന്നു)

ഇടപെടലിൽ അയാളുടെ വധശ്രമം വിഫലമാകുകയും മനസ് വിമലമാകുകയും ചെയ്തു. ബാല്യത്തിൽ തനിക്കു നഷ്ടപ്പെട്ട പിതൃസ്നേഹം തൻ്റെ പ്രിയപ്പെട്ടവളുടെ പിതാവിൽ കണ്ടെത്തുന്നതോടെ നികേഷിൻ്റെ മനസ്സിലും സ്നേഹത്തിൻ്റെ മെഴുതിരിപ്പൂക്കൾ വിടർന്നു.



 വകവരുത്താൻ അയാൾക്കു കഴിഞ്ഞു. തൻ്റെ ഭാര്യയുടെ കൂടി പുത്രിയായവളെ വീണ്ടെടുത്ത് തൻ്റെ മകളാക്കുകയും നായകനൊപ്പം ചേർത്തു നിർത്തി ആശീർവദിച്ചയയ്ക്കുകയും ചെയ്യുന്നു. ഒടുവിൽ കല്ലറകൾക്കിടയിൽ മരണത്തിനായി ഒരുങ്ങിക്കിടന്നു.


നോവലിൽ പരാമർശിച്ചു പോകുന്ന ചില സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും മിഴിവു നൽകാൻ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലം, , മുലൂർ സ്ഥാപിച്ച സ്കൂൾ, ശ്രീ നാരായണ ഗുരു പ്രതിഷഠനടത്തിയ ക്ഷേത്രം, ക്ഷേത്രോത്സവം അങ്ങനെ പലതും.


ഗ്രാമത്തിലെ പൊട്ടൻ ഒരു പ്രതീകമാണ് . പ്രതികരണമില്ലാത്ത ജനവിഭാഗത്തിൻ്റെ പ്രതിനിധി. നിർമ്മമമായ, പ്രത്യുപകാരം പ്രതീക്ഷിക്കാത്ത സേവനങ്ങളുമായി അയാൾ എവിടേയും എപ്പോഴും കാണും. ചിലപ്പോൾ അലോസരമുണ്ടാക്കിക്കൊണ്ട്, ചിലപ്പോൾ സഹായം ചെയ്തു കൊണ്ട്. എന്നാൽ അയാൾ ഒരിക്കലും ഉപദ്രവിയല്ല. മറിച്ച് ഉപകാരിയാണുതാനും.


ആന മാമൻ പ്രത്യേകതയുള്ള മറ്റൊരു കഥാപാത്രമാണ്. ആനയും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ആനവണ്ടിയുടെ ഡ്രൈവർ ആയിരുന്നതു കൊണ്ടാണ് അത്തരത്തിൽ ഒരു വിളിപ്പേര് ' ഉണ്ടായത്.  എല്ലാ ഗ്രാമങ്ങളിലും സമാനമായ കഥാപാത്രങ്ങളെ കണ്ടെടുക്കാൻ കഴിയും.





ശശിയണ്ണൻ അങ്ങനെ പലരും.









തന്നെ വിട്ടു പോയ പ്രണയിനിയെ തെരഞ്ഞു നടക്കുന്നതിനിടയിൽ അവൾ ഒരു വാഹനാപകടത്തിൽപെടുന്നത് കണ്ണാലെ കാണാൻ ഇടയായി. പ്രണയിനിയുടെ വേർപാടിൽ അർദ്ധോൻമാദിതനായി, അവളുടെ കല്ലറ സന്ദർശിക്കുമ്പോൾ കണ്ട സ്വപ്ന ജാഗരണത്തിൽ പ്രേരിതനായി പൂർത്തിയാവാതെ പോയ പ്രണയിനിയുടെ നൃത്തവും തൻ്റെ ചിത്രവും സമഞ്ജസിപ്പിച്ച ഒരു ഉദാത്ത കലാസൃഷ്ടി നടത്തി. അതിന് അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ആ പുരസ്കാരവുമായി പ്രണയിനിയുടെ കല്ലറയിലത്തിയപ്പോൾ അവിടെ  തനിക്കു മുൻപോയെത്തി മെഴുതിരി കത്തിച്ചു പ്രാർത്ഥിച്ച വൃദ്ധനിൽ നിന്ന് പ്രണയിനിയുടെ ജന്മരഹസ്യം അറിയുകയുണ്ടായി.. അത് തൻ്റേതിന് സമാനമെന്ന് തിരിച്ചറിയുന്നുണ്ട്. ദർശയുടെ മരണം അറിഞ്ഞ് അവളുടെ അമ്മയും മരണപ്പെട്ടിരുന്നു. ദർശയുടെ പിതാവിൻ്റെ ദുഃഖം, അയാളുടെ ജീവിതം, തൻ്റെ പിതാവിന് സദൃശമാണെന്ന് തിരിച്ചറിയുകയാണ് നികേഷ് . തദവസരത്തിൽ കല്ലറയിലെ  കുഴിമാടങ്ങളിൽ പ്രാർത്ഥനയ്ക്കെത്തിയിരുന്നു  ദർശയുടെ അർദ്ധ സഹോദരിയും അവളുടെ അച്ഛനും. അടക്കി വച്ച രോഷത്തിൻ്റെ വിസ്ഫോടനത്തിൽ ദർശയുടെ പിതാവ് തന്നെ ജീവിതത്തിൽ ചതിച്ചയാളെ കുത്തി കൊലപ്പെടുത്തുന്നു. അനാഥയായ മകളെ നികേഷിൻ്റെ കരങ്ങളിലേൽപിച്ച് അയാൾ ഭാര്യയുടെയും മകളുടെയും കല്ലറകൾക്കു നടുവിൽ സ്വയം സമർപ്പിതനാകുന്നതോടെ കഥാന്ത്യമാകുന്നു. 


























വിഷയാസക്തിയുടെ വിഷകന്യകളായി അനേകരെ നോവലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അശ്ലീല ലാഞ്ഛനയില്ലാതെയാണ് അവരുടെ അസന്മാർഗ്ഗിക ബന്ധം അവതരിപ്പിക്കപ്പെട്ടത്.

നോവലിൽ നായികയായെത്തുന്ന ദർശ റോബിൻ നികേഷിൽ ഒരുത്തമ സുഹൃത്തിനെ കണ്ടെത്തുന്നുണ്ടെങ്കിലും അവരിലെ സംശയത്തിൻ്റെ അണ്ഡം അടവച്ചു വിരിഞ്ഞത് നായകൻ നാടുവിടാനുള്ള സാഹചര്യം സൃഷ്ടിച്ച ടീച്ചറുടെ ഏറ്റു പറച്ചിലിൻ്റെ ഘട്ടത്തിലാണ്. അതു കഴിഞ്ഞുള്ള കഥാഭാഗം വിഭ്രാമകരവും ഉദ്വേഗഭരിതവും സങ്കീർണ്ണമായ സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായി. കാറിലും കോളിലും പെട്ടെ തോണി പോലെ ആടിയുലഞ്ഞ ജീവിതനൗക സ്വച്ഛന്ദം ഒഴുകാൻ തുടങ്ങുന്നതു കണ്ടാണ് കഥാന്ത്യം സംഭവിക്കുന്നത്. 



നികേഷിൻ്റെ കഥ പറയുമ്പോൾ തന്നെ ഉപകഥകളായി മനുഷ്യസ്നേഹിയായ സുഹൃത്ത് സതീശൻ്റെ കഥയും പ്രണയിനിയായ ദർശറോബിൻ്റെ പൂർവ്വവൃത്താന്തവും അവതരിപ്പിച്ചിരിക്കുന്നു.


രണ്ടാം പലായന ഘട്ടത്തിൽ തന്നെ സഹായിച്ച സതീശൻ എന്ന  നല്ല മനുഷ്യനിലൂടെ പത്തനംതിട്ടയിലെ മറ്റൊരു ഈഴവ കുടുംബത്തിൻ്റെ കഥ കൂടി അനാവൃതമാക്കുന്നുണ്ട്. പണ്ട് ചെത്ത് കുലത്തൊഴിലായിരുന്ന മേടയിൽ കുടുംബക്കാർ മേടയിൽ തണ്ടാൻമാരായതും രാജാവിൻ്റെ പല്ലക്കു ചുമന്ന് പില്ക്കാലത്ത് കരമൊഴിവായി വസ്തുക്കൾ ലഭിച്ച് സമ്പന്നരായതുമായ  കഥ. കള്ളു ചെത്താനായി തൊടുപുഴയിൽ നിന്നുകൊണ്ടുവന്ന  ഈഴവ യുവാവിൻ്റെ കുടുംബിനിയും  സുന്ദരിയുമായ സ്ത്രീയെ കീഴ്പ്പെടുത്തി അവളിൽ താവഴിതീർത്ത മേടയിൽ തണ്ടാർ എന്ന പ്രബല കുടുംബത്തെപ്പറ്റി കൂടി പ്രതിപാദിക്കുന്നു.


നികേഷിൻ്റെ കഥ പറയുമ്പോൾ തന്നെ ഉപകഥകളായി മനുഷ്യസ്നേഹിയായ സുഹൃത്ത് സതീശൻ്റെ കഥയും പ്രണയിനിയായ ദർശറോബിൻ്റെ പൂർവ്വവൃത്താന്തവും അവതരിപ്പിച്ചിരിക്കുന്നു.




ജീവിത ഘടികാരം തുടങ്ങിയ ബിന്ദുവിൽ തന്നെ ചെന്നെത്തി നിന്നുവെന്ന തോന്നലാണ് താൻ വിവാഹം ചെയ്യാൻ ഉദ്ദേശിച്ച പെൺകുട്ടിയുടെ ജീവിത പശ്ചാത്തലം അറിഞ്ഞപ്പോൾ  അനുഭവപ്പെട്ടത്. തൻ്റെ പിതാവ് ഭാര്യയുടെ പരപുരുഷ ബന്ധത്തിൽ തളർന്ന് സ്വയം ജീവിതം അവസാനിപ്പിച്ചു. പ്രണയിനിയുടെ പിതാവ് കരുത്താർജിച്ച് തൻ്റെ ജീവിതം നശിപ്പിച്ചവൻ്റെ ജീവിതം കൊലക്കത്തി കൊണ്ട് അവസാനിപ്പിച്ചു. ഒടുവിൽ തൻ്റെ അച്ഛന് തൻ്റെ മുന്നിൽ തുറന്നു തരാൻ കഴിയാതിരുന്ന ജീവിതപന്ഥാവ് പ്രണയിനിയുടെ പിതാവ് തങ്ങൾക്കായി തുറന്നു തന്നു. ജീവിതം ഒരു പ്രഹേളികയാണെന്ന തോന്നലിൽ കഥയവസാനിക്കുകയാണ്.


നോവലിൻ്റെ അവസാനപാദം സങ്കീർണ്ണമായ ജീവിതമുഹൂർത്തങ്ങളും സംഭ്രമജനകമായ സംഭവങ്ങളും ഉദ്വേഗഭരിതമായ നിമിഷങ്ങളും നിറഞ്ഞതാണ്. ഒരു ചിത്രകാരനും നർത്തകിയും എന്നതല്ലാതെ പരസ്പരം പൂർവ്വകാലത്തെപ്പറ്റി ഇരുവരും ചോദിച്ചറിഞ്ഞിരുന്നില്ല. സർഗ്ഗോല്ലാസവും വികാരവിനിമയവുമല്ലാതെ മറ്റൊന്നും അവർ ശ്രദ്ധിച്ചതുമില്ല. തൻ്റെ പ്രണയിയെ സ്വാതന്ത്ര്യത്തോടെ മറ്റൊരു സ്ത്രീ അണച്ചു നിർത്തിയതു കണ്ടപ്പോൾ അതിനെ മറ്റൊരു കണ്ണോടെ കണ്ട നായിക രംഗത്തു നിന്ന് നിഷ്ക്രമിച്ചു. ഒരു സ്വപ്നാടകനെപ്പോലെ തെരെഞ്ഞുനടന്ന കാമുകൻ കാണുന്നത് ഒരു വാഹനാപകടമാണ്. അയാളുടെ ബോധമണ്ഡലം മരവിച്ചു പോയിരുന്നു. തുടർന്നുള്ള അയാളുടെ അന്വേഷണം പ്രണയിനിയുടെ ജീവിതകഥയുടെ ചുരുളഴിയിക്കുന്നതായിരുന്നു. തൻ്റേതിൽ നിന്ന് വ്യത്യസ്തമല്ലാത്ത ജീവിതാനുഭവം നായകൻ അവിടെ ദർശിച്ചു. 






















തന്നെ മറ്റൊരു കണ്ണോടെ കണ്ട, താൻ മാതൃനിർവ്വിശേഷം കരുതിയ ആൻ്റി, തന്നെ


കാറിലും കോളിലും പെട്ടെ തോണി പോലെ ആടിയുലഞ്ഞ ജീവിതനൗക സ്വച്ഛന്ദം ഒഴുകാൻ തുടങ്ങുന്നതു കണ്ടാണ് കഥ അവസാനിക്കുന്നത്.. 



Sunday, 12 October 2025

വിരഹ പക്ഷികൾ




ഇരച്ചുപെയ്യും മഴയെത്തിയേറ്റം
കനത്തശീതത്തെ വരുത്തിയല്ലോ!
അശിക്കുവാനായ് ചെറുപക്ഷി പോലും
ലഭിച്ചതില്ലാ പകലേറെയായി
വിറച്ചുകൊണ്ടാ നരവീണ വ്യാധൻ
മറഞ്ഞു നിന്നു തരുഷണ്ഡമാർന്ന്

അണഞ്ഞു നിൽക്കും മാകന്ദമൊന്നിൽ
പറന്നു വന്നെത്തി ഇണപ്പിറാക്കൾ
നനഞ്ഞ തൂവൽ ചിറകൊന്നനക്കി
ഇണയ്ക്കു ചൂടേകിയിരുന്നു വേഗം
തുണയ്ക്കു ചുണ്ടാൽ തൂവൽ ചികഞ്ഞ്
തോഷം വരുത്തി സുഖദാലമർന്നു

പശിച്ചു നിൽക്കുന്ന കിരാതനപ്പോൾ
ആശിച്ച വണ്ണം അശനം തടഞ്ഞു
കൂരമ്പു കൊണ്ട് പെൺകിളി പതിച്ചു
വിരഹം സഹിച്ചില്ലിണക്കിളിക്ക് 
ഇനി വേണ്ട വാനം വിരഹപെരും
ചൂടമരുന്നു നെഞ്ചിൽ ചിതയെന്ന പോലെ

അണയാൻ തുടങ്ങും അടുപ്പിൻ്റെ വേവിൻ പുകച്ചൂരുയർന്നു മിഴിത്താരടഞ്ഞു
ചിറകാർന്ന രാഗം ഉയർന്നാവു വാനിൽ
ചിരിക്കുന്നു വേടൻ മനം തൃപ്തമായി



തുലാമഴ

തുലാമഴ 

കർക്കിടകപ്പെയ്ത്തും തുലാമഴഘോഷവും
ഹർഷമായ് നിന്നു 
മനസ്സിലെന്നും
ഉള്ളുലഞ്ഞുടൽതരിച്ചുള്ളൊരാ-
മോർമ്മകൾ
തുള്ളിക്കളിക്കുന്നു 
ഹൃത്തിലിന്നും 

ചണ്ഡമായ് വീശുന്ന കാറ്റിൻ്റെ ഹൃങ്കൃതി വാരിയെടുത്തെറിയുന്നു പത്രങ്ങളെ
പുസ്തകക്കെട്ടു നനയാതിരിക്കുവാൻ നെഞ്ഞോടുചേർത്തുപിടിച്ചു നടന്നു ഞാൻ
കുഞ്ഞൻകുരങ്ങിനെത്തള്ള -
ക്കുരങ്ങുകൾ
നെഞ്ഞോടുചേർത്തങ്ങണച്ചു 
മണ്ടുന്നപോൽ
ഗർവ്വിച്ചു മേഘങ്ങൾ ഗർജ്ജിച്ച നാദത്തിലുള്ളാൽ 
നടുങ്ങി വശം കെട്ടുപോയതും
മിന്നൽപ്പിണരിൻ്റെ മിന്നും പ്രശോഭയിൽ കണ്ണിണപൊത്തിത്തരിച്ചു 
ഞാൻ നിന്നതും
ഇന്നലത്തെപ്പോൽ തെളിയുന്നു 
മാനസപ്പൊയ്കാജലത്തിൽ നിഴൽരൂപമെന്നപോൽ


Tuesday, 7 October 2025

സാക്ഷാത്കാരം

മാനവസേവയെ മാധവ സേവയായ്
കണ്ട കാരുണ്യവാനെൻ്റെ സായീശ്വരൻ
നൂറാണ്ടു പിന്നിട്ട നിൻസ്നേഹവായ്പ്പിനെ
പേർത്തും ഹൃദയത്തിലേറ്റുന്നു ഞങ്ങളും
മർത്യർക്ക്, മണ്ണിലെ ജന്തുജാലങ്ങൾക്ക്
വേരുറപ്പിച്ചുള്ളതാമോഷധിയ്ക്കൊക്കവേ
കാരുണ്യതീർത്ഥമായ് തീരുന്നു നാഥൻ്റെ
വാരിത്തിരപോലുയരുന്ന ജീവനം

ഭക്തനു മുന്നിലെ പ്രേമപ്രവാഹമായ് പ്രേമപ്രവാഹിനിയെത്തുന്നിടങ്ങളിൽ സാക്ഷാൽകരിക്കപ്പെടുന്നിതാഞങ്ങൾക്ക്
വിശ്വൈകപ്രേമത്തിൻജ്യോതിസ്വരൂപനായ്

സ്നേഹിക്ക തങ്ങളിൽ, സേവിക്കയേവരേം
എന്നരുളിച്ചെയ്ത പുണ്യാത്മകൻ ഭവാൻ 
വിശ്വശാന്തിക്കായ് കൊളുത്തിയ ദീപങ്ങൾ
ഇന്നും കെടാതായണയുന്ന ചൈതന്യം 

സേവിക്ക ലോകത്തെ നോവിച്ചിടായെന്ന്
ബോദ്ധ്യപ്പെടുത്തുന്നു സത്സംഗമങ്ങളാൽ
നിസ്വാർത്ഥ സേവനം പ്രേമമതുങ്കലാ- ണീശ്വരൻ വാഴുന്നതെന്നതേ വാഴ്ത്തുന്നു

മതമുണ്ടു നമ്മൾക്ക് മതമാണ് പ്രേമം
ജാതരാകുന്നു നാം ജാതി മനുഷ്യൻ
പല ഭാഷയൊരു ഭാഷ ഹൃദയത്തിൻ ഭാഷ
അതു മൊഴിയുമാളുകൾ പ്രേമപ്രഹർഷർ

പലദേശമൊരുദേശമൊരുമയിൽ ചേർത്ത്
പലഭാഷയൊരുഭാഷ ഹൃദയത്തിൽ തീർത്ത്
പരമാണുസ്ഫുരണമായ് ദീപം കണക്കെ
പ്രേമപ്രവാഹിനി തിരുസാക്ഷാൽക്കാരം 

സംഹാരം

ജനിദോഷമകലാൻ സംഹാരമാവാം
ജനിതകവിധിക്കായ് കാത്തിടുക വേണ്ട
ഇരവുപകലന്യേ വിധിയുടെ വിലാപം
ഇവിടമൊരു കുടില കൊലനിലമതായി

അവഗണനമാറ്റാനവമതികൾ തീർക്കാൻ
അതിനുതകുമുപായം സംഹാരമന്ത്രം
ഉടലുതലയെല്ലാം ഉരുതരമതാക്കാൻ
ഉചിതമൊരു മാർഗ്ഗം മൊഴിയുവത് ആരാം ?

തെളിവുകളതില്ലാ കുരുതികളൊരുക്കും
തെളിയുകയുമില്ല പഴികളിനി വേണ്ട
നിയമമതിനുണ്ടാം നിയതമൊരു മാർഗം
നിശിതമൊരു ശിക്ഷയ്ക്കതു മതിവരില്ല


പിറവിയറിയാതെ സ്ഥിതിയിതറിവോടെ
പുനരറിക ജീവൻ പൊലിയുവതിതെന്നോ
കദനഭരമെല്ലാം കരുതിടുക ഹൃത്തിൽ
കരയുക യഥേഷ്ടം മരിയുമറിയാതെ

ചിറകുകളിലഗ്നി പടരുമൊരു വാഹി
ചിതതീർക്കുമെങ്ങുംസംഹാരസരിത്തായ്
കടുമാരണതന്ത്രം കുടിലതകൾ തേടും
കുടിലുകളിലെല്ലാം സംഹാര നൃത്തം

പിറകൊണ്ട മണ്ണിൽ പിടയുവവരെല്ലാം
പല മട്ടിൽ മരിച്ചും മരണത്തെ ജയിച്ചു
ഇനിയില്ലൊരു മരണം ജഡമായശരീരം
ഇനിമേലിലുയിർക്കുമിതുമട്ടിൽജനിക്കാൻ


സമന്വയം

ഞങ്ങൾ വ്യത്യസ്തരാകുന്നു
നയങ്ങളിൽ വ്യത്യാസം
സമീപനത്തിൽ വ്യത്യാസം
രാഷ്ട്രീയത്തിൽ വ്യത്യാസം
ചിന്താപദ്ധതികളിൽ വ്യത്യാസം
വ്യത്യാസങ്ങൾ വ്യത്യസ്തമായിതന്നെ നിന്നാൽ 
ഞങ്ങളുടേയും നിങ്ങളുടെയുമിടയിൽ
വലിയൊരു വിടവ് രൂപപ്പെടും
പരസ്പരാശ്രയവും ആശ്രിതത്വവും
നഷ്ടപ്പെടുത്തും
മനസ്സുകൾക്കിടയ്ക്ക് ആഴം 
തീർക്കപ്പെടും

സമന്വയമെന്നത് കൂടിച്ചേരുന്നതിൻ്റെ
പ്രത്യയശാസ്ത്രമാണ്
സംഘം ചേരുന്നതിൻ്റെ പ്രത്യയശാസ്ത്രമാണ്.
സങ്കുചിതത്വത്തിൽ നിന്നുള്ള
ഉയർത്തെഴുന്നേൽപ്പാണ്
ചിന്തകൾക്ക് ചിറകു നൽകുന്നതാണ്

യുദ്ധങ്ങൾ മനസ്സിൻ്റെ 
കീഴടങ്ങലാണ്
ആക്രമണങ്ങൾ ആവേശത്തിൻ്റെ
കുതിപ്പുകളാണ്
യുദ്ധങ്ങൾ ഒടുങ്ങുമ്പോൾ
മനസ്സ് ജയിക്കും
ചിന്തകൾ ചിറകടിച്ചുയരും
ആയിരം വെള്ളിപ്പിറാവുകളായി
അത് ആകാശം കീഴടക്കുന്നു
മനസ്സുകളിൽ വെള്ളിവെളിച്ചം
പടർത്തുന്നു


നീരവം

നീരവജലധിയിലൊരുതിരപൊൻതിരയുയരുകയായതിചാരുതയായ്
ലവണരസങ്ങളലിഞ്ഞകണങ്ങളിലൊളിവൂ ധരയുടെയമൃതപയസ്
പ്രളയപയോധിത്തിരകളിളക്കിയനിനദസമീരണപ്രണവസുധ
അഭിനവജീവിതമന്ത്രാക്ഷരികളുണർത്തും ജീവിതഗാഥകൾ നാം

പൊരുളുകൾ ജീവിത സാരള്യപ്പുതു തെളിമകളായി ലസിക്കുമ്പോൾ
കരുണക്കടലിൻ കനിവിൽ ജീവിത നൗക നയിക്കുകയാണെങ്ങൾ
അവികലചിന്താസരണികൾതേടുമൊരസുലഭജന്മപുരസ്കൃതർ നാം
അണിയുവതുണ്ടോരഭിമാനോജ്ജ്വലമഹിമ പതിച്ചപതക്കങ്ങൾ

അറിവാംഭാസുരദീപംതെളിയണമകതാർ മലരിൽവിരവോടെ
അലിവൊടുജീവനെസംരക്ഷിക്കാനുയിരുകൊടുക്കണമനിശം നാം
ധർമ്മാധർമ്മവിചാരസമീക്ഷകളൊന്നായ്ചേരണമതിനാലേ
ധിഷണാശക്തിയൊടതിശയബുദ്ധ്യാകർമ്മ പ്രവൃതനതായിടൂ

 

പെയ്തൊഴിയാതെ

ഓർമ്മകൾ പെയ്തൊഴിയാതെ മനസ്സതിൽ
മേഘമേലാപ്പായ്കറുത്തു നിൽക്കുന്നിതാ
ദുഃഖഭാരം ഉറഞ്ഞൊഴുകിടും കണ്ണീ
രൊട്ടിപ്പിടിച്ച കപോലങ്കനത്തു പോയ്

പച്ചപ്പുനീളെപ്പടർന്നതാം പുൽമേടു
രക്തം കുടിച്ചു ചുവന്നതാം സന്ധ്യയിൽ
പ്രിയൻ്റെ ചെന്നിണത്താലെൻ്റെ നെറ്റിയിൽ 
സീമന്തരേഖ പടർന്നു പോയോർമ്മയിൽ

തോലുറയൂരിയെറിഞ്ഞ മരംപറ്റി അഗ്നിപറന്നെത്തി ജീവനെടുത്തു പോയ്
കാലിൽ കുഴഞ്ഞു വീഴുമ്പോഴവൻ തന്ന
കന്നി ഫലം തുടിച്ചെന്നിൽ ഭയാകുലം

Saturday, 20 September 2025

കാവ്യതാരകം മിഴി തുറക്കുമ്പോൾ

കാവ്യതാരകം മിഴി തുറക്കുമ്പൊഴോ 
കണ്ടു രാധയെ കണ്ണൻ്റെ ഗോപിയെ
മഞ്ജുശീകരരാവിൽ ശരൽക്കാല
മഞ്ഞുതുള്ളിത്തിരശ്ശീല പിന്നിലായ്

അഞ്ജനമിഴിക്കോണിൽ തിളങ്ങിയ
അംബുദാഭ്രവിലീനവികിരണം
കണ്ണനെത്തിരഞ്ഞേകദാ നിന്നതിൻ
കോപകാലുഷ്യജ്വാല പടർന്നതോ

വേണുനാദമുതിർന്നതു കേട്ടുടൻ
വേണിഭാരമഴിഞ്ഞതു കാണാതെ
കണ്ണനെ തേടി കണ്ണയയ്ക്കുന്നതാ
കാതരയായ് വനാന്തരേ രാധയും

കാവ്യഭംഗികൾ തേടുന്ന ഹർഷമായ്
കണ്ടു നമ്മളും രാധയെ കൃഷ്ണനിൽ
കണ്ണനില്ലാത്ത രാധയുണ്ടാകില്ല 
കൈതവം വേണ്ട കാണില്ല നിശ്ചയം

Friday, 5 September 2025

ഉണ്ണിയും ഓണവും

ഉണ്ണി ഇന്നും ദേഷ്യത്തിൽ തന്നെയാണ്. അച്ഛൻ വാങ്ങിക്കൊണ്ടു വന്ന കോടിയുടുപ്പ് ഇട്ടുനോക്കാൻ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല. പിണക്കം തന്നെ പിണക്കം. അമ്മുമ്മയും മുത്തച്ഛനുമൊക്കെ സമരം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിന് ശക്തി കൂടുന്നേയുള്ളൂ.

അടുത്ത വീട്ടിലെ ജഗദച്ചേച്ചി വന്നപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഉണ്ണിക്കുട്ടനെയാണ് കണ്ടത്. ജഗദച്ചേച്ചിയുടെ കൊച്ചുമകൻ്റെ കൂടെയാണ് ഉണ്ണി അംഗനവാടിയിൽ പോകുന്നത്. കൊണ്ടു ചെന്നാക്കുന്നതും ചേച്ചി തന്നെ.
"എന്താ ജയേ ഇവൻ പിണങ്ങിയിരിക്കുന്നത്"
 വന്നപാടേ ചേച്ചി ചോദിച്ചു.
എൻ്റെ ജഗദച്ചേച്ചീ ഒന്നും പറയണ്ട ഇന്നലെ ചേട്ടൻ കാലിന് പാകത്തിൽ ഒരു ചെരുപ്പ് ആലപ്പുഴയിൽ നിന്ന് ചെയ്യിച്ചു കൊണ്ടുവന്നു. ഇവൻ കലമ്പലു കാണിക്കുമെന്ന് കരുതി ഒരു ജോടി ഇവന് വേറെയും വാങ്ങി. അവന് അതു വേണ്ട അച്ഛൻ്റെ നിറത്തിൽ തന്നെയുള്ള പൂട്ടീസുചെരിപ്പ് വേണമെന്ന് പറഞ്ഞ് അപ്പോൾ മുതൽ പിണങ്ങിയിരിക്കുകയാണ്.

ഇത്രേയുള്ളോ കാര്യം. ഉണ്ണി പിണങ്ങണ്ടാ കെട്ടോ. അടുത്ത ആഴ്ച അച്ഛൻ വരുമ്പോൾ നമുക്ക് അതു പോലെ തന്നെയുള്ളത് വാങ്ങിക്കാം.

ഇല്ല. അച്ഛൻ പറഞ്ഞല്ലോ അത് അവിടെ വേറെ ഇല്ലെന്ന്.  

അത് നമുക്ക് വേറെ കടയീന്ന് വാങ്ങിപ്പിക്കാം. 

എൻ്റെ ജഗദച്ചേച്ചീ, അങ്ങേരുടെ കാലിന് സാധാരണ ചെരുപ്പു കടയിലെ ചെരുപ്പ് പറ്റുകേല. കാലിന് ഏനക്കേടുള്ളതല്ലേ.
അതു കണ്ടപ്പോ മുതൽ തുടങ്ങിയ വാശിയാണ്. 
ഉണ്ണി കളിക്കാനായി പോയിരുന്നു. 

സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. ഓണത്തിനുള്ള സാധനങ്ങൾ എല്ലാം വാങ്ങി ഓട്ടോറിക്ഷയിലാണ് വന്നത്.
സാധാരണ വരുമ്പൊഴേ ഉണ്ണി ഓടിച്ചെല്ലാറുണ്ട്. കാണാഞ്ഞതുകൊണ്ട് തെരെഞ്ഞുചെല്ലുകയായിരുന്നു. പലഹാരപ്പൊതി നീട്ടിയെങ്കിലും വാങ്ങാതെ മുഖം തിരിച്ചു പോയി.
 അച്ഛൻ ഉണ്ണിക്ക് വേറൊരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. അച്ഛൻ കയ്യിലുള്ള കടലാസ് പാക്കറ്റ് പൊട്ടിച്ചു അതിലുള്ള സാധനം കയ്യിലെടുത്തപ്പോൾ ഉണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവന് ഇഷ്ടപ്പെട്ട നിറത്തിലുള്ള ചുവന്ന പൂട്ടിസുചെരിപ്പ്. 

"ഓണത്തിന് കുട്ടികളുടെ സന്തോഷമല്ലേ വലുത് "

"നിങ്ങളാണ് അവനെ കുറുമ്പനാക്കുന്നത്." ഭാര്യ



Friday, 22 August 2025

കാഴ്ച്ച

കണ്ണിനു കാഴ്ച കുറഞ്ഞെന്നാകിൽ കണ്ണട വേണം കാണ്മാനായ്
കാഴ്ചപ്പാടുകൾ വേണം ജീവിത പൂർണ്ണത നേടാൻ വിജയിക്കാൻ
അന്ധതയുണ്ടെന്നാകിലുമുള്ളിൽ അന്തർ നേത്രം ഉണ്ടാകിൽ
ആത്മജ്ഞാനം നേടാം അന്യരെ അവനവനായി കണാകും
ധർമ്മാധർമ്മവിചാരം പോയാൽ 
കുലവും മുടിയും കൂട്ടർ നശിക്കും 
ധർമ്മക്ഷേത്രം തന്നിൽ കണ്ടൊരു ചരിതം മറ്റൊന്നല്ലല്ലോ!
ബുദ്ധൻ ധ്യാനം ചെയ്തത് ധർമ്മ പാതകൾ മനസിൽ തെളിയാനായ്
ബന്ധർ മനുഷ്യർ ലൗകികമാകും 
ചക്കിൽ കെട്ടിയ കാളകളാം
ആന്ധ്യം കണ്ണിൽ ബാധിച്ചെങ്കിലുമുള്ളിൽ നല്ല പ്രകാശവുമായ്
അലയായ് ഹരിഗീതങ്ങളുമുള്ളിൽ കവിയും ഭക്തിയിൽ സൂർദാസൻ
കാഴ്ച മറച്ചു ഗാന്ധാരി പതിസമ്മത യാവാനാവില്ല
കണ്ണികൾ പൊട്ടിയ ബന്ധത്തിൻ കഥയൊന്നും കാണേണ്ടെന്നാകാം
കട്ടിക്കണ്ണട വട്ടത്തിൽ കൂടന്നു 
മഹാത്മാ കണ്ടെത്തി
കണ്ണിനു കണ്ണെന്നുള്ള പ്രമാണം നേടുകയില്ല വാഴില്ല
അന്ത:ചക്ഷുസ്സില്ലെന്നാകിൽ കാര്യവിചാരം തിരിയാതാം
അന്ധതയില്ലെന്നാകിലുമുള്ളിൽ 
തിമരം ബാധിച്ചീടുകിലോ
അറിവു നശിക്കും അലിവു നശിക്കും ദുഷ്ടതയുള്ളിൽ തോന്നീടും
അധികാരത്തിൻ മത്തു രുചിച്ചവർ അബലരെ അടിമകളാക്കീടും 
അരചനതാകിലുമനുചരനാകിലുമനു -
വർത്തിക്കും കർമ്മങ്ങൾ നല്ലതിനാവണമതിനാലല്ലോ 
ജന്മം സഫലമതായിടൂ


ഹൈക്കു കവിത

മഷി

ഒരു തുള്ളി മഷിയാലേ
ചിന്തിപ്പോർ ദശലക്ഷമാo


മന
മനയിൽ  ചെന്നപ്പോൾ
വക്കു പൊട്ടിയ വാക്ക്
ദിക്കു തെറ്റിയ നോക്ക്
നാക്കുളുക്കിയ ചോദ്യം
നാക്കിലൊട്ടിയ ഉത്തരം
ഇത്തരത്തിൽ ഒരൊത്തിടൽ

മനസ്സ്

വിഡ്ഡിയെയറിയാൻ ബഹുഭാഷണമാo
ബുദ്ധിയെയറിയാൻ ഹ്രസ്വ വചസ്സും


സത്യം

സത്യമായ ബുദ്ധി
കണ്ടതല്ല സത്യം
ഉള്ളിലുള്ള ശക്തി
തള്ളിവരും ബോധ്യം


വചനം

വിഡ്ഡിയെയറിയാൻ ബഹുഭാഷണമാം
ബുദ്ധിയെയറിയാൻ ഹ്രസ്വവചസ്സും .

ഭാവന

വിദ്യയേക്കാൾ മഹത്തരം ഭാവന,
വിദ്യയെത്ര പരിമിതമോർക്കുക.
ഭാവനയോ ചിറകുകൾ നീട്ടിയി
ഭൂമിഗോളം പ്രദക്ഷിണം വയ്ക്കുന്നു.

ചിന്ത

ചിന്തിപ്പതേറെ സാഹസം .
അതിനാലേറെപ്പേരുണ്ടു 
ഇന്നാട്ടിൽ ചിന്തിതം
ചർച്ച ചെയ്യുവാൻ

സത്യം

സത്യസന്ധനെന്നാളും 
ശിശുവെന്നു നിനയ്ക്കണം


പരിപൂർണ്ണത

പരിപൂർണതയ്ക്കു പിമ്പേ പോകിൽ
സംതൃപ്തി കിട്ടില്ലൊരുനാളുമതു നിശ്ചയം

ലോകം മാറ്റാൻ ചിന്തിപ്പോർ പക്ഷേ
 ചിന്തിപ്പതില്ല സ്വയം മാറുന്ന കാര്യം

വിമർശനം

വിമർശനത്തെ ഭയക്കുന്നോർ
ഒന്നും ചെയ്യാതിരിക്കണം
ഒന്നും മിണ്ടാതിരിക്കണം
പിന്നെ ഒന്നുമല്ലാതെയാവണം

ജ്ഞാന ബുദ്ധി

ജ്ഞാന ബുദ്ധിയുണ്ടാകിൽ
അടിമയാകില്ലൊരിക്കലും

ശരി

ആരു ശരിയെന്നതല്ല, കേൾപ്പിൻ 
ഏതു ശരിയെന്നതാണു മുഖ്യം.

ശരിയും ജീവിതവും

എപ്പോഴും നിങ്ങൾ  തന്നെ ശരിയെന്ന് നിനയ്ക്കുകിൽ 
ഒട്ടുമേ നിങ്ങൾ പഠിച്ചിട്ടില്ല ജീവിതത്തെ ഒട്ടാകവേ

നീയും ഞാനും

സ്നേഹിക്കുമെങ്കിൽ നീ
ഹൃത്താരിലുണ്ടു ഞാൻ.
ദ്വേഷിക്കുമെങ്കിൽ നീ
ചിത്തത്തിലുണ്ടു ഞാൻ

ജീവിതം

ചിന്താഗുണത്തെയാശ്രയിച്ചല്ലോ
തോഷിപ്പതു ജീവിതം

അഭിവാഞ്ഛ

അഭിവാഞ്ഛ ഇല്ലാത്ത  ബൗദ്ധികത
ചിറകറ്റ പക്ഷിക്കു തുല്യമല്ലോ!


വായും മനസ്സും

വാ തുറക്കും മുമ്പേ
മനസ്സു തുറക്കണം


യാഥാർത്ഥ്യം

വിദ്യാർത്ഥി : യാഥാർത്ഥ്യത്തിന്റെ സ്വഭാവമെന്താണ്?
തത്വചിന്തകൻ: യാഥാർത്ഥ്യം മനസുകളുടെ 
നിർമിതിയാണ്.
നമ്മുടെ ചിന്തയും                                          പ്രവർത്തിയും കൊണ്ട് 
അത് രൂപപ്പെടുത്തുന്നു.

കോപം

കോപത്തോടെ തുടങ്ങുവതെന്തുo
നാണക്കേടിലൊടുങ്ങീടും .

മറവി

ഓർമ്മയ്ക്ക് മറ വന്നെന്നാൽ 
മറവി വന്നുഭവിച്ചിടും
മായാത്ത ഓർമ്മയുള്ളിൽ 
കനലായി ജ്വലിക്കണം
കനലോർമ്മകൾ ജീവൻ്റെ 
തുടിതാളമതായിടും


പദ്ധതി

പദ്ധതിയിട്ടൊരു വിഡ്ഡിയ്ക്കൊരു പണി
ചെയ്യാമെന്നാലതു പക്ഷേ 
പദ്ധതിയില്ലാ ബുദ്ധിമതിക്കോ 
കഴിയാ എത്ര ശ്രമിച്ചാലും

ക്ഷമ

ദുർബ്ബലൻ പകവീട്ടുമ്പോൾ
കരുത്തൻ ക്ഷമ നൽകിടും
ബുദ്ധിശാലി വിവേകത്താൽ
കണ്ടതില്ലെന്ന മട്ടിലും

ചിന്ത

ചിന്തകൾ അദൃശ്യങ്ങളാകിലും അവയുടെ
പ്രതിഭാസങ്ങളോ 
ദൃശ്യമാം പ്രതിഗ്രാഹികൾ

സ്നേഹം

പറഞ്ഞതിനും അർത്ഥമാക്കിയതിനുമിടയിൽ
അർത്ഥമാക്കിയതിനും പറഞ്ഞതിനുമിടയിൽ
ചോർന്നുപോകുന്നതൊന്നത്രേ സ്നേഹം എന്ന ദ്വയാക്ഷരം

നാവ്

എല്ലില്ല നാവിനതെങ്കിലും
ഹൃത്തിനെ ഭേദിക്കുവാൻ
കരുത്തുണ്ടതിനോർക്കണം.
നാക്കിൽ തൊടുത്തു വിടുന്ന
ശരങ്ങളാം വാക്കുകൾ
സൂക്ഷിക്കവേണം ബുധജനം

യൗവ്വനം

യൗവ്വനം കെട്ടിയാടുന്നു
തിരശീലയ്ക്കു മുന്നിലായ്
വാർദ്ധക്യം തിരശീലയ്ക്ക്
പിന്നിൽ നിന്നും കടന്നിടും

ദൗർബല്യം

ദുർബ്ബലൻ കരുത്തുകാട്ടാനായ്
പരുക്കനാം മട്ടു ഭാവിക്കും

കണ്ണുകൾ

ആയിരം കണ്ണുള്ള രാത്രി
പകലിനതൊന്ന് മാത്രമാണ്
അതു തന്നെ വേഗമണഞ്ഞു പോകും
അന്തിയിൽ മായുന്ന സൂര്യനൊപ്പം

ആയിരം കണ്ണുള്ള ചിത്തം
ഹൃത്തിനതൊന്ന് മാത്രമാണ്
അതു തന്നെ പൊലിയുന്ന ജീവൻ
സ്നേഹം പകർന്നു നൽകീടുകിലും

ചർച്ച

ദൃഢമനസ്ക്കർ ആശയങ്ങൾ ചർച്ച 
ചെയ്യും
ശരാശരി മനസ്സുള്ളവർ സംഭവങ്ങളെപ്പറ്റി ചർച്ച ചെയ്യും
ദുർബലമനസ്ക്കർ ആളുകളെ പറ്റി സംസാരിക്കും

വാദം

വാദങ്ങൾ ഒന്നും വിജയത്തിനായിടാ
മെച്ചപ്പെടുത്തലേ ലക്ഷ്യമാകാവൂ

9.4.24

തുമ്പ

അത്തപൂക്കളമർത്ഥം നൽകും ആതിത്ഥ്യത്തിൻ വരവേൽപ്പ്
തുമ്പം തീർത്ത് കഴിപ്പാനായ്
ആദ്യം തുമ്പപ്പൂ തൂകും

പാർവ്വതി പാദം സങ്കൽപ്പിച്ച്
തുമ്പപ്പൂക്കൾ നിരക്കുമ്പോൾ
ശ്രീമയമാകും ശ്രീകരമാകും
ഓണത്തിൻ്റെയൊരുക്കങ്ങൾ
സാക്ഷാൽ മാബലി വന്നെത്തും
ശങ്കര മാനസമുൾചേർത്ത്

നക്ഷത്രം

നക്ഷത്രദീപങ്ങൾ ആകാശമേടയിൽ
ആലക്തികപ്രഭ തൂകി നിന്നു
പൗർണ്ണമിതിങ്കൾ നവോഢയായിട്ടതാ വാതിൽപടിയിൽ ഒരുങ്ങി വന്നു
കാർമേഘമൊളിപാർത്തു കണ്ണോട്ടമിട്ടു
പോമണിതിങ്കൾ മേനിയെ പേർത്തു പേർത്തും
അതു കണ്ടു കൺചിമ്മി താരക ദീപങ്ങൾ
അറിയാത്ത മട്ടിൽ നടിച്ചു നിന്നു

നിലാവ്

വെള്ളിമണലിൽ തൂവെളിച്ചം തൂകി നിന്നു പൗർണ്ണമി
താരകങ്ങൾ കണ്ണു ചിമ്മി കാത്തിരിക്കും വേളയിൽ
വാനിടത്തിൽ വാർമതി തൻ വസന തണ്ഡുലമെന്ന പോൽ
വെള്ളമേഘത്തുണ്ടു മന്ദം ഇളകി നീങ്ങുകയാണിദം

നീന്തിടുന്ന നിലാവിനൊപ്പം ഹംസ ചാരുതയോടു നീ
തേടിയെത്തിയതാരെയെന്നുടെയന്തരംഗ മറിഞ്ഞിതോ

കെട്ടഴിഞ്ഞ നിൻ കേശഭാരമതിൽ പതിഞ്ഞ നിലാവല
സർപ്പഭംഗി കലർത്തി നിന്നു, അനുരാഗ ലോലനായ് ഞാനുമേ

മുഗ്ധരാഗവിലാസിനി നിൻ മുത്തൊളിപ്പൂ പ്പുഞ്ചിരി
അഞ്ചിതമാം രാവിലിന്നു കൊളുത്തിടുന്ന നിലാത്തിരി
താരകത്തരിവാനിൽ നിന്നുമടർന്നു വന്നു പതിച്ചിതോ
തിലസമരുചിയാർന്ന നാസാഭരണമായ് ചിരിതൂകുന്നു

 

മനസ്സറിയാതെ

മനസ്സിൽ തെളിഞ്ഞവയൊന്നുമേയാകുവാൻ കഴിയാത്തതാണെൻ്റെ ജന്മദൗത്യം
അഴലിൻ നിഴൽച്ചാർത്തിലപകടാശങ്കയിൽ പിടയുന്നതായിരുന്നെൻ്റെ ബാല്യം
അഭിമാന ചിന്തയിൽ അകംപുറം നോവിൻ്റെ കനലുമൂതി കഴിഞ്ഞമ്മയെന്നും
വ്യവഹാരലഹരിയിൽ കടം കൊണ്ടു ജീവിതപ്പൊരുളുമായ് നീങ്ങുന്നു അച്ഛനൊപ്പം
കെട്ടുപ്രായം കഴിഞ്ഞത്തലാൽകൺതടം താഴ്ന്ന് നിരാശയിൽ സോദരിമാർ
തറവാട്ടു മഹിമകൾ തലകുനിച്ചെത്തുന്ന ബന്ധുത നിരത്തും സഹാനുഭൂതി
വിദ്യാലത്തിൽ കലാശാലയിൽ പോലും
ഇല്ലൊരു സൗഹൃദം ഒത്തുചേരൽ
അന്തർമുഖനെന്നു ചൊല്ലിയതെന്തിനാം
മനസ്സറിയാത്തോർ ബഹിർമുഖൻമാർ 

അലിവിൻ്റെ അമൃതമായ് വന്നവൾ ജീവൻ്റെ പകുതിയായ് പിന്നെയും പിന്തുടർന്നു
നിറവും നിലാവുമായ് വന്നെൻ്റെ ജീവനിൽ
പ്രാണൻ പൊടിച്ചു പ്രതീക്ഷകളായ്
അവരും അറിഞ്ഞില്ലയെന്മനമെന്തു ഞാൻ തോടുടയാത്തതാമണ്ഡമാണോ?
നിലയുറയ്ക്കാത്തതാം സ്വപ്നങ്ങൾ തേടി ഞാൻ മനസ്സറിയാതെ ഒഴുകിടുന്നോ?


Tuesday, 19 August 2025

മഹിതഭാരതം

മഹിത ഭാരത ചരിതമോർക്കുക മറവിയിൽ പെട്ടു പോയിടാ 
പണ്ടു നമ്മൾ വിഘടിച്ചു പല പല തുണ്ടു ഭൂവിലൊതുങ്ങിയോർ 
പാരതന്ത്ര്യമിരന്നു വാങ്ങി പരദേശി വർത്തകരോടു നാം 
ഒടുവിൽ നമ്മൾ സ്വതന്ത്രരായ് വിലയേറെ നൽകി പകരമായ് 


പണ്ടു സോദരരായി നിന്നവരിന്നു വാങ്ങിയകന്നു പോയ് 
മാതൃരാജ്യം കാക്കുകെന്നത് നാമെടുത്ത പ്രതിജ്ഞയാം 
കൂരിരുട്ടിൽ നുഴഞ്ഞുകയറി മായ്ച്ച കുങ്കുമ മുദ്രയെ 
മാനിയാമമല നാരിശക്തിയിൽ തീമഴ തീർത്തൊടുക്കി നാം 

ലോകമാകെയടക്കിവാഴണമെന്ന ചിന്തയിൽ മേവുവോർ 
യുദ്ധവെറിയിൽ വിശ്വമാകെ വിറച്ചു കാണാനുഴറുവോർ 
എന്തു വാങ്ങണമെവിടെനിന്നെന്നറുതി തീർക്കുകയാണിദം 
അറിഞ്ഞു നമ്മൾ വണികബുദ്ധിയ്ക്കടി പണിയുകയില്ലിനി   


Sunday, 10 August 2025

ലേപക്ഷി



വെയിൽ ചാഞ്ഞ ഒരു അപരാഹ്നത്തിലാണ് ഞങ്ങൾ നഗരത്തലയ്ക്കൽ സ്ഥിതി ചെയ്യുന്ന കല്ലിൽ തീർത്ത വിസ്മയം കാണാനെത്തിയത്. സ്ഥലനാമത്തെ അന്വർത്ഥമാക്കിക്കൊണ്ട് ഉയരത്തിൽ ഉരുളൻ പാറമേൽ ഉയർന്നു പറക്കാനൊരുങ്ങുന്ന പക്ഷിശ്രേഷ്ഠൻ്റെ ശില്പമാണ് ഞങ്ങൾ ആദ്യം കണ്ടത്. 

 രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ലേപക്ഷി എന്ന ഈ ഗ്രാമം അറിയപ്പെടുന്നത്. 'ഉയരുക പക്ഷീ' എന്നാണ് തെലുഗിൽ ഈ വാക്കിൻ്റെ അർത്ഥം. ശ്രീരാമാദികളുടെ വനവാസകാലത്ത് സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോകുകയുുണ്ടായല്ലോ! തദവസരത്തിൽ സീതാദേവിയുടെ ദീനരോദനം കേട്ട് പക്ഷിശ്രേഷ്ഠനായ ജടായു രാവണൻ്റെ മാർഗ്ഗം തടഞ്ഞു. ക്രുദ്ധനായ രാവണൻ തൻ്റെ വാളിനാൽ ജയാടുവിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി. സീതാദേവിയുടെ അനുഗ്രഹത്താൽ ശ്രീരാമൻ തേടി വരുന്നതുവരെ പക്ഷിശ്രേഷ്ഠൻ ജീവൻ വെടിയാതെയിരുന്നു. ശ്രീരാമനെ വിവരങ്ങൾ ധരിപ്പിച്ച ശേഷം മോക്ഷാർത്ഥിയായ ജടായുവിനോട് "ഉയരുക പക്ഷി " എന്നു പറഞ്ഞ് ശ്രീരാമൻ തലോടുകയുണ്ടായി. ജടായുവിൻ്റെ ആത്മാവ് പക്ഷിരൂപത്തിൽ തന്നെ മേല്പോട്ടുയർന്നു. ഈ സന്ദർഭമാണ് ഒരു ശില്പകാവ്യമായി പാറമേൽ പടുത്തുയർത്തിയിരിക്കുന്നത്. 

ആന്ധ്രപ്രദേശിൽ കർണ്ണാടകത്തോടു തൊട്ടു കിടക്കുന്ന ശ്രീ സത്യസായി ജില്ലയിലാണ് ഈ ഗ്രാമം. ഹിന്ദുപ്പൂരിൽ നിന്ന് പതിനഞ്ചോളം കി.മീ. കിഴക്കായിട്ടാണിത്.

അടുത്ത കാലത്ത് കേരളത്തിലെ ചടയമംഗലത്തും സമാനമായ സംഭവത്തെ ശില്പരൂപത്തിൽ രൂപകല്പന ചെയ്തിട്ടുണ്ട്. അവിടെ അത് വീണു കിടക്കുന്ന ജടായുവിൻ്റെ രൂപത്തിലാണെന്നു മാത്രം. 

16-ാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാൽ പണികഴിപ്പിക്കപ്പെട്ട വീരഭദ്ര ക്ഷേത്രമാണ് ലേപക്ഷിയിലെ പ്രധാന ആകർഷണം. പുരാണവും ചരിത്രവും ശില്പകലയും സമഞ്ജസമായി സമ്മേളിക്കുന്ന വാസ്തു വിസ്മയമാണ് വീരഭദ്രക്ഷേത്രം അഥവാ വിരൂപാക്ഷ ക്ഷേത്രം. UNESCO യുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന നിർമ്മിതിയാണിത്. ദക്ഷയാഗവുമായി ബന്ധപ്പെടുത്തി കൂടി പറഞ്ഞു കേൾക്കുന്ന ഇവിടം
ഇൻഡ്യയിലെ 18 ദിവ്യശൈവക്ഷേത്രങ്ങളിലൊന്നും സ്കന്ദ പുരാണത്തിൽ പ്രതിപാദിക്കപ്പെടുന്നതുമാണ്.


ക്ഷേത്രത്തിന് പ്രധാനമായി മൂന്നുഭാഗങ്ങളുണ്ട്. മുഖമണ്ഡപം, നാട്യ മണ്ഡപം, അന്തരാള മണ്ഡപവും ഗർഭഗൃഹവും (sanctum sanctorum). മൂന്നു പ്രവേശന കവാടങ്ങളുണ്ടെങ്കിലും വടക്കുഭാഗത്തുള്ള ഗോപുര വാതിലൂടെയൊണ് പ്രവേശനം അനുവദിക്കുന്നത്. കിഴക്കുഭാഗത്തായി സഭാ മണ്ഡപം. ആ ഭാഗത്തുള്ള ഗോപുരം തുറന്നു കണ്ടില്ല. പടിഞ്ഞാറുഭാഗത്തു തന്നെ തെക്കു നീങ്ങി ഒറ്റക്കല്ലിൽ കൊത്തിവച്ച അഞ്ചുതല നാഗം കുടപിടിച്ച പോലെ ശിവലിംഗത്തിനു മേൽ ശില്പാവിഷ്കരിച്ചിരിക്കുന്നു.
ഗർഭഗൃഹത്തിനു മുന്നിലായി ശില്പങ്ങളും പെയിൻ്റിംഗുകളും ഇടകലർന്നു കാണാം. വിവിധ ശൈവരൂപങ്ങൾ. മഹർഷിമാർ, സന്യാസികൾ, നർത്തകർ, വാദ്യക്കാർ, ദ്വാരപാലകർ തുടങ്ങി ഒട്ടേറെ രൂപങ്ങൾ വേറെയും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കുഭാഗത്തെ ഹാളിൽ ശിവനും ബ്രഹ്മാവും ചേർന്നുള്ള രൂപങ്ങൾ, പാർവ്വതിയുടെ മാത്രം രൂപം ശിവ-പാർവ്വതിമാരുടെ നൃത്തം തുടങ്ങിയവ കൊത്തി വയ്ക്കപ്പെട്ടിരിക്കുന്നു. ആയുധധാരിയും കപാലധാരിയുമായ വീരഭദ്രനാണ് പ്രധാന പ്രതിഷ്ഠ. ദക്ഷവധത്തിനായി ശിവനാൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ വീരഭദ്രൻ. ശിവൻ്റെ തന്നെ രൗദ്രഭാവത്തിലുള്ള അവതാരമാണ് ഒരർത്ഥത്തിൽ വീരഭദ്രൻ. നന്മയുടെ പ്രതീകമായ വീരഭദ്രൻ സതി യജ്ഞകുണ്ഡത്തിൽ ചാടി ആത്മാഹൂതി ചെയ്തതറിഞ്ഞ് ദക്ഷനെ വധിക്കുകയും യാഗശാല തച്ചു തകർക്കുകയും ചെയ്തതായാണ് പുരാണങ്ങൾ പറയുന്നത്.

എഴുപതോളം സ്തംഭങ്ങളാൽ പണി തീർത്തതാണ് നാട്യ മണ്ഡപം അഥവാ രംഗമണ്ഡപം. തൂണുകളിലത്രയും ശിവൻ്റെ താണ്ഡവം, ബ്രഹ്മാവിൻ്റെ വാദ്യാലാപം നാരദരുടെ തംബുരു മീട്ടൽ തുടങ്ങിയവയാൽ ശില്പവൽക്കരിച്ചിരിക്കുകയാണ്.

ആകാശ സ്തംഭം (Hanging Pillar) എന്ന പേരിലുള്ള വിസ്മയകരമായ കരിങ്കൽ തൂണുകൾ വാസ്തുശില്പത്തെ അനന്യമാക്കുന്നു. നിലം തൊടാതെ നിൽക്കുന്ന ഈ കരിങ്കൽതൂണുകൾ ഒരു എൻജിനീയറിംഗ് വിസ്മയം തന്നെയാണ്.
താഴെ കടലാസും മറ്റും തിരുകി ആളുകൾ അത് നിലത്തുറച്ചിട്ടില്ലെന്ന് ബോദ്ധ്യപ്പെടുന്നുമുണ്ട്.

ക്ഷേത്രത്തിനു പിറകിലായാണ് കല്യാണമണ്ഡപം എന്ന പേരിലുള്ള തുറസ്സായ നിർമ്മിതി. 38 സ്തംഭങ്ങളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.  ഇവിടെ ധന്വന്തരിയുടേയും അഷ്ടദിക്പാലകരുടേയും കല്ലിൽ കൊത്തിയ ശില്പങ്ങൾ കാണാം. ശിവപാർവതി വിവാഹം ഇവിടെ വച്ചായിരുന്നെന്ന് പറയപ്പെടുന്നു.
അത് ഓഷധിപ്രസ്ഥത്തിൽ വച്ചായിരുന്നെന്നാണ് കാളിദാസകൃതികൾ പറയുന്നത്. 

ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി കാണുന്ന പാദമുദ്ര സീതാദേവിയുടെതായി പറയപ്പെടുന്നു. ഇതേതു സമയവും സ്വയം ഭൂവായ വെള്ളത്താൽ കഴുകപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ക്ഷേത്രത്തിൽ നിന്ന് 500 മീ. അകലെയായി ഒറ്റക്കല്ലിൽ തീർത്ത നന്ദി ശില്പം കാണാം. ശ്രാവണബൽഗോളയിലെ ഗോമടേശ്വര പ്രതിമ കഴിഞ്ഞാൽ ഇൻഡ്യയിലെ ഏറ്റവും വലിയ നന്ദിപ്രതിമയായാണ് അറിയപ്പെടുന്നത്. പ്രത്യേക തരത്തിലാണ് ഇതിൻ്റെ നിർമ്മാണചാതുരി. നന്ദികേശ്വരൻ ശിവനോട് എന്തോ അപേക്ഷിക്കുന്ന തരത്തിൽ മുഖം അല്പം ഉയർത്തിയ നിലയിലാണ് കാണുന്നത്; ശിവനെ പശ്ചാത്തലത്തിൽ കാണുന്നില്ലെങ്കിലും. നന്ദിയുടെ കഴുത്ത് മുവ്വലഹാര എന്ന ഒരു നെക്ക്ലേസ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

16-ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ അച്ചുത ദേവരായരുടെ ഭരണകാലത്ത് ഗവർണ്ണർമാരായിരുന്ന വീരണ്ണൻ , വിരൂപണ്ണൻ എന്നി സഹോദരങ്ങളാണ് 1540 ൽ ലേപക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന് വിരൂപാക്ഷക്ഷേത്രമെന്നും പേരുണ്ട്.

ക്ഷേത്രം പണി കഴിപ്പിച്ചതിൽ ഒരാളായ വിരൂപണ്ണ, ക്ഷേത്ര സമ്പത്ത് ദുർവിനിയോഗം ചെയ്തതായി ആരോപണമുണ്ടായപ്പോൾ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ക്ഷേത്രഭിത്തിയിലേയ്ക്കെറിഞ്ഞത്രേ!
കല്യാണമണ്ഡപത്തിൽ കാണുന്ന രണ്ടു ചുവന്ന പാടുകൾ അതിൻ്റേതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രത്യേകമായ കരിങ്കൽ ശില്പങ്ങളും കൊത്തുപണികളും കൊണ്ട് പണി തീർത്ത നിർമ്മിതിയാണ് ലേപക്ഷിയിലേത്.
വിജയനഗര ശൈലിയിലുള്ള വാസ്തു വിദ്യയാണ് ലേപക്ഷി ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയിൽ വരുന്ന സംരക്ഷിത സ്മാരകമാണിത്. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റേയും ശില്പങ്ങൾ രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റേയും പശ്ചാത്തലത്തിൽ ശിലാചിത്രങ്ങളായും ഛായാ ചിത്രങ്ങളായും ക്ഷേത്രഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷേത്രഗണിതം എന്ന വാക്കു രൂപപ്പെട്ടതു തന്നെ ഇത്തരത്തിലുള്ള ജ്യാമിതീയ നിർമ്മിതിയുടെ കലനസങ്കല്പം ഉൾക്കൊണ്ടാണോയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

















.