Tuesday, 27 May 2025

പക


പകയോടെ മാനുഷർ ചെയ്യുന്ന പാതകം
പല കാലമെത്തിലും മായാതെ നിന്നിടും
വിദ്വേഷ ചിന്തകൾ വിധ്വംസകങ്ങളായ്
വന്നിടും വൈരം വിരിയിച്ചെടുക്കുകിൽ
ആചാര്യനെങ്കിലും ശിഷ്യനെന്നാകിലും
ആശാസ്യമായതേ വർത്തിയാവെന്നതും
ധർമ്മം വെടിഞ്ഞുള്ള മാർഗ്ഗം വരിക്കുകിൽ
ധന്യത കൈവിട്ടു ഖിന്നനാമെന്നതും
വേദേതിഹാസങ്ങൾ കാട്ടിത്തരുന്നത്
വേദ്യമായ് തീർന്നിടാൻ കല്പിച്ചതോർക്കണം

പകയുടെ നെരിപ്പോട് കരളിലേറ്റിക്കൊണ്ട്
ദ്രൗണിമാരലയുന്നു ഭ്രാന്തരായി
ശിബിരങ്ങളിൽ അഗ്നിവർഷിച്ച,വർ വീണ്ടും
വംശഹത്യയ്ക്കെത്തുമോർത്തുകൊൾക
അമല ചൂഡാരത്നഭൂഷണം പോകിലും 
അജിതരാണിന്നും ചിരഞ്ജീവികൾ
അശരണർ ശിശുക്കളെയറുകൊല
ചെയ്യുവാനവരുടെ കൈകൾ വിറയ്കയില്ല
വെട്ടിനുറുക്കിയൊടുക്കിടാൻ പാകത്തിൽ
നഷ്ടർ ശിഖണ്ഡിമാർ ശേഷിച്ചിടും
കുരുവംശമെല്ലാം മുടിഞ്ഞു പോയെങ്കിലും
നരവംശമിന്നും മുനിഞ്ഞു കത്തും
ബ്രഹ്മാസ്ത്രമെയ്യുവാൻ മാർഗ്ഗണം കാണാതെ
ഗർഭസ്ഥശിശുവിനെ ലക്ഷ്യമാക്കും 








No comments:

Post a Comment