Tuesday, 27 May 2025

പക


പകയോടെ മാനുഷർ ചെയ്യുന്ന പാതകം
പല കാലമെത്തിലും മായാതെ നിന്നിടും
വിദ്വേഷ ചിന്തകൾ വിധ്വംസകങ്ങളായ്
വന്നിടും വൈരം വിരിയിച്ചെടുക്കുകിൽ
ആചാര്യനെങ്കിലും ശിഷ്യനെന്നാകിലും
ആശാസ്യമായതേ വർത്തിയാവെന്നതും
ധർമ്മം വെടിഞ്ഞുള്ള മാർഗ്ഗം വരിക്കുകിൽ
ധന്യത കൈവിട്ടു ഖിന്നനാമെന്നതും
വേദേതിഹാസങ്ങൾ കാട്ടിത്തരുന്നത്
വേദ്യമായ് തീർന്നിടാൻ കല്പിച്ചതോർക്കണം

പകയുടെ നെരിപ്പോട് കരളിലേറ്റിക്കൊണ്ട്
ദ്രൗണിമാരലയുന്നു ഭ്രാന്തരായി
ശിബിരങ്ങളിൽ അഗ്നിവർഷിച്ച,വർ വീണ്ടും
വംശഹത്യയ്ക്കെത്തുമോർത്തുകൊൾക
അമല ചൂഡാരത്നഭൂഷണം പോകിലും 
അജിതരാണിന്നും ചിരഞ്ജീവികൾ
അശരണർ ശിശുക്കളെയറുകൊല
ചെയ്യുവാനവരുടെ കൈകൾ വിറയ്കയില്ല
വെട്ടിനുറുക്കിയൊടുക്കിടാൻ പാകത്തിൽ
നഷ്ടർ ശിഖണ്ഡിമാർ ശേഷിച്ചിടും
കുരുവംശമെല്ലാം മുടിഞ്ഞു പോയെങ്കിലും
നരവംശമിന്നും മുനിഞ്ഞു കത്തും
ബ്രഹ്മാസ്ത്രമെയ്യുവാൻ മാർഗ്ഗണം കാണാതെ
ഗർഭസ്ഥശിശുവിനെ ലക്ഷ്യമാക്കും 








കടൽ കടന്ന സ്വപ്നങ്ങൾ

കടലുകാണാൻ കൊതിച്ചെന്മകൻ കേഴവേ കായൽപ്പരപ്പുകൾ കാട്ടി ഞാനും

കടലടുത്തില്ലെന്നു പറയുകിൽ പോയിടാം കടലുള്ള ദിക്കിലെന്നപ്പോഴവൻ

കലഹിച്ചു നിന്നിടും കലപില കൂട്ടിടും സങ്കടം വേണ്ടിനിയൊന്നുകൊണ്ടും

കായലും കടലും തിരിയാത്ത പ്രായത്തിൽ ഒത്തിടും നമ്മുടെ കൗശലങ്ങൾ


ഇന്നിപ്പോളേഴു കടലും കടന്നവൻ എന്നെ വിളിക്കായാണുത്സുകനായ്

കണ്ടോ കരീബിയൻ വൻകടൽ ആയതിൽ സുന്ദരമായൊരു ദ്വീപു തന്നിൽ

പ്രീമിയം വില്ലയിൽ നിൽക്കുകയാണു ഞാൻ ജാലകക്കാഴ്ചകൾ കണ്ടു നോക്കൂ

കായൽപ്പരപ്പു പോൽ സ്വച്ഛമാം തീരങ്ങൾ, തല്ലിത്തകർക്കും തിരകളില്ല

വെൺമണൽത്തിട്ടകൾ തെങ്ങിൻതലപ്പുകൾ തൊങ്ങലണിഞ്ഞ നികുഞ്ജങ്ങളും

കണ്ണാടി പോലെ തെളിഞ്ഞ ജലമതിൽ പൊങ്ങുന്നു ക്രീഡാവിനോദഘോഷം


മറ്റൊരു ദിക്കിൽ നിബിഡമാം വൃക്ഷങ്ങൾ ചുറ്റിയൊഴുകും സരോവരങ്ങൾ

കൈവരികെട്ടി നടക്കാനൊരുക്കിയ നൽവഴിത്താരകൾ നീളെ നീളെ

സൈക്കിൾ സവാരികൾ നൗകാവിനോദങ്ങൾ കുട്ടിക്കളികൾ കുറുകലുകൾ 

പ്രാപ്പിടിയനെക്കയ്യിലേന്തി നിൽക്കുന്നൊരാൾ പാർപ്പിടം കാക്കുവോരായിരിക്കാം 


കൈ ചൂണ്ടി ദൂരേയ്ക്കു കാട്ടിത്തരുന്നെന്നെ ആലക്തികോജ്ജ്വല ഹർമ്മ്യമൊന്ന്

യാത്രികർക്കായി പണിതീർത്ത പുത്തനാം രാത്രിനിവാസ പുരികളാവാം

വൃത്തിയും മോഡിയും ഒത്തൊരുമിക്കുന്ന വ്യത്യസ്തമാമൊരു ചത്വരവും

മേശമേൽ വന്നു നിരന്നവിഭവങ്ങളാകെയും കാട്ടിത്തരുന്നു പക്ഷേ

അച്ഛനു ശീലമില്ലാത്ത വിഭവമാണൊക്കെയും കണ്ടു മനസ്സിലാക്കാം

പാൻകേക്കും കാരമൽ ടോപ്പിങ്ങുമാണത് പത്ഥ്യമാണേറെ സ്വാദിഷ്ടമാണ്.


കടലുകാണിക്കാൻ കഴിയാത്ത ഞാനിന്നു കഥയെന്തു മാറിയെന്നോർത്തു പോയി 

കഥയുണ്ടു പണ്ടാ നഗരത്തിനും, ഒരു  മുക്കുവഗ്രാമമാണന്നിവിടം

പുതുകാലമതു മാറി, ടൂറിസം പൂക്കുന്ന മായാ നഗരമായ് തീർന്നുവത്രേ!

കാലം കഴിയവേ ഭാഗ്യം തെളിയവേ പഴ_ങ്കാഴ്ചകളാകവേ മാറിടുന്നു  

കടലു കാണാത്ത കുരുന്നു ബാല്യങ്ങളോ കടലുകടന്നു ജയിച്ചു നമ്മെ