എത്രയേറെനാൾ കാത്തു നിന്നെ ഞാൻ എത്രയുൾത്താപം പേർത്തിതോ.
എത്ര നാൾ ഉള്ളുരുകി നിന്നു ഞാൻ കത്തുംവേനലിൻ വഹ്നിയിൽ
എത്ര നാൾ കുളിരിൽ കുതിർന്നു ഞാൻ
നിഷ്ഫലം തപം ചെയ്തെന്നോ?
എന്നും വന്നെന്നെ തൊട്ടുണർത്തുന്ന കുഞ്ഞുതെന്നലും ചോദിച്ചു;
പൂവിടാതെ നീ നില്പതെന്തയ്യോ!
പൂക്കാലം ഏറെ പോയല്ലോ?
ചുണ്ടുരുമ്മിയാ വണ്ടുമെന്നോട്
കിന്നാരം മൂളിപ്പാഞ്ഞു പോയ്
മൊട്ടിടാൻ മടിച്ചെന്തിനിമ്മട്ട്
വ്യർത്ഥമായ് കാലം നീക്കുന്നു.
ഫുല്ലമായ് ചിരിച്ചുല്ലസിക്കുന്ന
മുല്ല വല്ലരിയെന്നാളും
ഊയലാടുന്ന കാറ്റിൻ കാതിൽ -
ച്ചേർന്നെൻ്റെ ദോഷങ്ങൾ ചൊല്ലുവോൾ
ഗർവ്വമോടെയീ കുഞ്ഞു പൂന്തോപ്പിൽ
വർണ്ണരാജി പരത്തുന്ന ഭിന്ന ജാതി തരുക്കളും
ദോഷമിമ്മട്ടിൽ എന്നും ചൊല്ലുന്നു.
ഖിന്നയായ് എന്നെ നോക്കി വീർപ്പിട്ട്
പോകുമെന്നുടെ സ്വാമിനി
ദീനയാമെന്നെ കൈവിടാതെന്നും
പാലനം ചെയ്വതത്ഭുതം
ജന്തു ജാതിയിലാകിലും, ഞങ്ങൾ
തുല്യ ദു:ഖിതരാകയാൽ
കേവലം അനുതാപമാർന്നെന്നെ
കൈവിടാതെയിരുന്നതാം.
അന്തി സൂര്യൻ്റെ ചെങ്കതിർ വീണ്
ദിങ്മുഖം തുടുത്തീടുമ്പോൾ
കുങ്കുമച്ഛവി പൂണ്ട വിണ്ണിൻ്റെ
കാന്തിയിൽ കുളിച്ചോമലാൾ
ഏകയായ് ഏറെ നേരമീമലർ
പൂങ്കാവിൽ വന്നിരുന്നിടും.
ഇന്നതാ നോക്കൂ! ഏകയല്ലവൾ
ഖിന്നതയുമില്ലത്ഭുതം
പ്രിയവാക്കുകൾ പ്രിയനോടോതി
പ്രീതി പൂണ്ടവളെത്തുന്നു.
അത്ഭുഭുതംകൂറിയെന്നെ നോക്കി -
ക്കൊണ്ടാത്മനാഥനോടോതുന്നു;
ഇത്രയും കാലമെന്നെപ്പോൽ
തപം ചെയ്തു നിന്നൊരീപ്പൂച്ചെടി
ഇന്നിതാ മൊട്ടണിഞ്ഞു നിൽക്കുന്നു
ഞാനുമമ്മട്ടുതന്നല്ലോ!
ഏറെ ദൂരം പടർന്ന നമ്മുടെ
ദാമ്പത്യ സുകൃത വല്ലരി
പൂവണിഞ്ഞതു കാണുമ്പോൾ
മനമിന്നു നല്ല മലർവാടി.
തുല്യ ദുഃഖിതയായി നിന്ന നൽ-
പ്പൂച്ചെടിയോടു ചേർന്നു ഞാൻ
ഭാവുകങ്ങൾ പരസ്പരം ഏകി
മംഗളം നേർന്നു പോരട്ടെ !
29.4.1993
No comments:
Post a Comment