Wednesday, 1 May 2024

പൊരുത്തക്കേട്

ഏറെയുണ്ട് പറയുവാനെങ്കിലും
നേരമില്ലിനിയത്രയും ചൊല്ലുവാൻ
കാലമേറെക്കഴിഞ്ഞെൻ്റെ ജീവിത
വീഥിയിൽ നിഴൽ മുന്നോട്ടു പായുന്നു
വൃഥിത ചിന്തതൻ ദുഃസ്വപ്നപീഡയിൽ
പിടയുമെൻ മനം കണ്ടുവോ പെൺകൊടീ

അറിക നീയിന്നു ജന്മ ദുഃഖത്തിൻ്റെ
പൊരുളു തേടിയിറങ്ങിയെൻ നാളുകൾ
പൊരുളുമില്ല; പൊരുത്തവുമില്ലിപ്പോൾ
ചതുരുപായങ്ങൾ മാത്രമോ മർത്ത്യനിൽ
അരുതു ചിന്ത; അരുതരുതെത്രയും
വിഫലകർമ്മം; ചിരിക്കുവാൻ നോക്ക നാം
ചിരിയിൽ മാത്രമാണിന്നത്തെ ജീവിത
സഫലകാന്തി അതോർത്തറിഞ്ഞീടുക

അറിവു നേടുവാനുഴറി ഞാനോർമ്മയിൽ പുതിയ ലോകത്തിൻ്റെ ചിത്രം തെളിഞ്ഞല്ലോ !
അകലെയാട്ടിക്കളഞ്ഞു ഞാനാശയ -
വികിരണങ്ങൾ ചുരത്തുന്ന ചിന്തയെ
പുതിയ ഭാവന, സ്വാർത്ഥ മോഹങ്ങളും
ഭരിതമാദക വ്യാമോഹചിന്തയും
നിറയെ സ്വപ്നവും സ്വപ്നങ്ങൾ നൽകിയ
ചടുലവർണ്ണ മനോമയ ചിത്രവും
ഇതൾ വിരിഞ്ഞു മനസ്സിൻ്റെ ഭിത്തിയിൽ
ഇനിയൊരുങ്ങാം കുറിക്കാം പൊരുത്തങ്ങൾ
ഉഭയജീവിത സംപ്രാപ്തചിന്തയെ
തഴുകി ഞാനന്നുറങ്ങിയെന്നോമലേ
ഫുല്ലമാം നറുസ്വപ്ന കുസുമങ്ങൾ
ഉല്ലസിക്കുന്ന    മോഹപതംഗങ്ങൾ
ഇല്ല ഞാനിനി സന്തപ്ത മാനസർക്കുള്ള
ദുഃഖ നിരാശ്രയ    ലോകമേ
ഇല്ല ഞാനിനി ചിന്തതൻ ലോകമേ
ചിന്തയെൻ്റെ മനസ്സിനെ നീറ്റിടും
ഉൾപ്പുളകം വിതയ്ക്കുന്ന മോഹന
സ്വപ്നമേ നമുക്കുണ്ടുറങ്ങാം

സ്വപ്നമേ നിനക്കെത്ര വയസ്സ്
അല്പമാത്രകൾ മാത്രമോ ചൊല്ലു നീ
ഇന്നലെ കണ്ട സ്വപ്നങ്ങളത്രയും
മിന്നിമായും കതിരൊളി മാത്രമോ?
ഇല്ലയൊന്നല്ല, സ്വപ്നവും ജീവിത
ക്ലിഷ്ഠതയും , ക്ഷമിക്കുക മത്സഖീ
ഇല്ലയേറെപ്പൊരുത്തം കിനാക്കൾക്കും
ഖിന്ന ജീവിത ക്ലേശഭാരങ്ങൾക്കും

അകലെ നിന്നെ ഞാൻ കാണുന്നു സുന്ദരി
അരിയസ്നേഹത്തിൻ നിസ്തുല ബിന്ദുവായ്
അറിക നീയെൻ്റെ രാഗവും സ്നേഹവും
അലിയുവാൻ മാത്രമരികിലില്ലുന്നു നീ
വിട തരികയെനിക്കു നീ മൽപ്രിയേ
വഴുതി നീങ്ങുന്നു വാക്കിൻ പെരുക്കങ്ങൾ
ഇനി മടങ്ങുന്നു ദുഃസ്വപ്ന ചിന്തതൻ
ഇരുൾമടയിൽ മറഞ്ഞടിയട്ടെ ഞാൻ


31.12.87

No comments:

Post a Comment