Friday, 31 May 2024

നഷ്ടപ്പെട്ട ഗുരുത്വം

ഗുരുത്വമില്ലാത്തൊരു വിദ്യനേടിൽ

ഗുണപ്പെടാതെന്നറിഞ്ഞുവയ്പിൻ

കുരുപ്രവരർക്ക് തുണയ്ക്കു നിന്ന

 കരുത്തനുണ്ടായ ദുരന്തമോർക്ക


പഠിച്ച പാഠങ്ങൾ ഗുണപ്പെടാതെ

പണിപ്പെടുമ്പോൾ അറിഞ്ഞിടും നാം

ഗുരുത്വ നഷ്ടം വരുത്തിവയ്ക്കുന്ന

തൊരിക്കലും മേൽ തിരുത്തിടായ്വൂ


കരുത്തനാണെന്നു നിനച്ചിരിക്കിൽ

പെരുത്ത ദൗർബല്യo തളർത്തിടുന്നു

മനസ്സു പോകുന്ന വഴിക്കു പോകാ

നൊരുക്കമില്ലാത്ത തനുത്തുടിപ്പും


ജയിച്ചു പോരുമെന്നുറച്ച മത്സരം

കരത്തിലെത്തുമെന്നുറച്ച നേട്ടവും

ഗുരുത്വമില്ലാതെ ഒഴിഞ്ഞകന്നതൊ-

രിക്കലും നിനച്ചിരിപ്പതില്ലല്ലോ!

Monday, 27 May 2024

നിലാവിനോട് കിളി പറഞ്ഞത്

15.1.24 mon



നിലാവിനോട് കിളി പറഞ്ഞത്


കിളിപ്പെണ്ണ് നിലാവിനോടു ചോദിച്ചുപോൽ

പ്രണയത്തിനെന്താ നിറമെന്നറിയുമോ?

കടു നീലയല്ല, ഇളം നീലയല്ല

കാർവർണനണിയുന്ന നിറമേയല്ല 

നിൻ നിറമാണു നീല നിലാവേ


പ്രണയത്തിൻ മണമോ? അറിഞ്ഞിടാമോ ?

മാലേയമല്ല അകിലുമല്ല

പിച്ചകമൊട്ടല്ല മാലതിപ്പൂവല്ല 

കൃഷ്ണതൻ സ്വേദാംബുഗന്ധമല്ലോ!


നിലാവിനോട് കിളി പറഞ്ഞതിത്രമാത്രം

പ്രണയത്തിൻ്റെ സ്വരമേതെന്നറിയാമോ?

പുല്ലാങ്കുഴലിൻ്റെയല്ല ചൂളം വിളിയുടേതല്ല

കാറ്റിൻ്റെയല്ല കാണാക്കുയിലിൻ്റേയല്ല

എൻ്റെ കുറുകൂജനത്തിൻ്റെ താരിയാണ്.


പ്രണയം പുഷ്പിക്കുവതെപ്പൊഴെന്നോ ! 

വരണമാം മംഗല്യ വേദികയിൽ

മധുവൂറും ജീവിത വേളയൊന്നിൽ

വിധുവിൻ്റെ വെണ്ണിലാ തല്പത്തിലെ

മധുവിധുവായി വിലയിക്കുമ്പോൾ






Sunday, 26 May 2024

കുപ്പിവളകൾ കുശലം പറയും ഉത്സവപ്പറമ്പ്.

Jan 20 sat


കുപ്പിവളകൾ കുശലം പറയും ഉത്സവപ്പറമ്പ്


.






അമ്പലമുറ്റത്താന വിരണ്ടു , 

കണ്ടവർ കണ്ടവർ മണ്ടിയൊളിച്ചു

അമ്പലമണിയോ തുടരെ മുഴക്കി, 

അമ്പിളി പോലും ഓടിയൊളിച്ചു


ചെണ്ടക്കാരും മേളക്കാരും 

മുമ്പിൽ നടക്കും കഴകക്കാരും

സ്ഥാനികൾ കാര്യസ്ഥന്മാരെല്ലാം 

ഓടിയൊളിച്ചു നൊടിയിടയുള്ളിൽ



പൂരം കാണാനെത്തിയ തരുണികൾ 

പൂവാലന്മാർ ചെറുബാല്യക്കാർ

അച്ഛനുമമ്മയും കൊച്ചുങ്ങളുമായ്

സ്വച്ഛം പോകും തറവാടികളും

ഒന്നു വിരണ്ടൂ എന്തിനി വേണ്ടൂ

മണ്ടുകയെന്നൊരു വഴിയേയുള്ളൂ


ചിന്നംവിളി കേട്ടമ്പലവട്ടത്തുള്ളവർ

നാനാ മട്ടിലിടഞ്ഞു

പൂരം കാണാനെത്തിയ ചേലിൽ 

ചോര പുരണ്ടതു കാണാൻ വയ്യ


.


പൂരക്കോളുകളോർത്തു മനസ്സിൽ 

കോട്ടകൾ കെട്ടിയ കച്ചവടക്കാർ

ആകെ പിത്തലമായൊരു കാഴ്ചയിൽ 

കാശും പോയി ചരക്കും പോയി




കണ്ണിണ കൊണ്ട് കവിത രചിക്കും

 ചെറുബാല്യക്കാർക്കതു സങ്കടമായി

കാതിൽ പൂവും ഞാത്തും വാങ്ങാം 

തരിവള കടകം കൺമഷി ചാന്തും

ആടയ്ക്കഴകൊടു  ചേർന്നു ലസിപ്പാൻ

അഴകിൽ കുപ്പിവളകളുമാകാം 

എന്നു നിനച്ചവർ ഉദ്വേഗത്താൽ

ഉത്സവ രാവിൽ ഓടിയകന്നൂ

പൊട്ടിയ വളകൾ വറ്റിയ പെട്ടികൾ

ഞെട്ടിവിറച്ചു വളച്ചെട്ടികളും


ആനയിടഞ്ഞിട്ടില്ലെന്നാരോ 

കൂകി വിളിച്ചിട്ടെന്തു വിശേഷം

ചിന്നംവിളി കേട്ടാന വിരണ്ടെ-

ന്നാരോ ചൊന്നതു കേട്ടവരെല്ലാം

മണ്ടിപ്പാഞ്ഞതു കൊണ്ടൊരു പുകിലായ്

 പോയതു മുതലാക്കാനൊരു കൂട്ടർ



കഥയില്ലാതെ കൗശലപൂർവം

ആന വിരണ്ടെന്നാർത്തു വിളിക്കും,

കള്ളന്മാരെ കരുതിയിരിക്ക.

മാലേം മാനോം കളയരുതാരും.



മഴവന്നൊഴിവതു പോലെ വീണ്ടും

ആളുകൾ ആർപ്പുവിളിച്ചു തുടങ്ങീ

മദ്ദളതാളം തിമിലക്കണ്ണൊടു

ശുദ്ധ സ്വരമായ് വാദിക്കുന്നു

കൊമ്പുകൾ ഢക്കയിലത്താളത്തിൻ

താരികൾ കേട്ടിട്ടമ്പമ്പമ്പോ!


കണ്ണേറുന്നോർ പെൺമണിമാരും 

തിണ്ണം വന്നു നിരന്നു കഴിഞ്ഞൂ

കുപ്പിവളകൾ കുശലം പറയുവ -

തെന്താണാവോ ഉത്സവകാലേ?













പുസ്തകാസ്വാദനം



ആധുനിക ചെറുകഥ ആവിർഭവിച്ചിട്ട് നൂറു വർഷം തികഞ്ഞിട്ടില്ല. സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായി കഥാരചനയിൽ ശ്രദ്ധേയമായ മാറ്റം സംഭവിച്ചിരിക്കുന്നു.

 സാങ്കേതികവിദ്യയിൽ വന്ന സവിശേഷതകൾ കഥാകാരൻമാർക്ക് ആവിഷ്കാരത്തിന് കൂടുതൽ ഇടം നേടിക്കൊടുത്തു. മുദ്രണാലയങ്ങളേയും പത്രസ്വാമിമാരേയും ആശ്രയിക്കാതെ ആവിഷ്ക്കാരങ്ങൾക്ക് നവമായ മാധ്യമം തുറന്നു കിട്ടി. അവസരങ്ങളുടെ ബാഹുല്യം കഥയെഴുത്തുകാരുടേയും കവികളുടേയും അനിയന്ത്രിതമായ പിറവിക്ക് കാരണമായി. തൽഫലമായി കാമ്പുള്ള കഥകൾ തെരെഞ്ഞെടുത്തു വായിക്കുകയെന്നത് ദുഷ്കരമായിരിക്കുന്നു. എങ്കിലും ശില്പഭംഗിയും രചനാചാതുര്യവും കൊണ്ട് കൈയൊപ്പ് ചാർത്തിയ കഥാസമാഹാരങ്ങളിൽ ഒന്നാണ് എൻ്റെ കയ്യിൽ വന്നു ചേർന്ന അഭിലാഷ് പുഴക്കാട്ടിരിയുടെ 'തനിച്ചല്ലൊരിക്കലും: പ്രവ്ദ ബുക്സ്ആണ് ഇതിൻ്റെ പ്രസാധകർ. ഏറെ ഗഹനതകളില്ലാതെ ഗ്രാമജീവിതത്തിൻ്റെ മിടിപ്പും തുടിപ്പും പകർത്തിയ 10 കഥകളാണ് ഇതിൻ്റെ ഉള്ളടക്കം.

'ഒരു ചക്കചത്ത കഥ'എന്ന ആദ്യ കഥയുടെ പേരു തന്നെ ഹാസ്യദ്യോതകമാണ്. കഥയിലേയ്ക്ക് പ്രവേശിക്കുമ്പോൾ, അംഗനവാടിയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അന്തരംഗ വ്യാപാരങ്ങളും കുട്ടിക്കളിമ്പങ്ങളും കുസൃതിമസൃണമായ സംഭാഷണ വിശേഷങ്ങളും പ്രതിപാദിക്കപ്പെടുന്നു. കൊച്ചുകുട്ടികൾ ദൈവജ്ഞരാണെന്ന് പറയുന്നത് എത്ര ശരിയാണ്. ദൈവത്തിൻ്റെ മുന്നിൽ എല്ലാ സൃഷ്ടികളും ഒരു പോലെ തന്നെ. ലച്ചു 'ചക്ക ചത്തു' എന്നു പറയുമ്പോൾ സമഷ്ടിയിലെ ഒന്ന് ഇല്ലാതായി എന്ന് നാം മനസ്സിലാക്കുന്നുവെങ്കിലും നമ്മുടെയുള്ളിൽ അത് ചിരി പടർത്തുന്നു കുട്ടിയുടെ കളിപ്പേച്ചിനെ തത്വചിന്താപരമായി സമീപിക്കുന്ന കഥാകൃത്ത്,ജനിമൃതികളുടെ അർത്ഥം സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുകയാണ്.


മരിച്ചവൻ്റേയും മരിക്കാത്തവൻ്റേയും വിചാരങ്ങളേയും വിഹ്വലതകളേയും നാട്യങ്ങളേയും നിസ്സഹായതയേയും വരച്ചുകാട്ടുകയാണ്' ശവചിന്ത' എന്ന കഥയിൽ. മരിച്ചു കിടക്കുമ്പോൾ പോലും ശുദ്ധാശുദ്ധിയെപറ്റിയുള്ള ചിന്തകളിൽ തിരിയുന്ന മനുഷ്യമനസ്സിനെ തുറന്നു കാട്ടാൻ ശ്രീ അഭിലാഷ് ശ്രദ്ധിച്ചിരിക്കുന്നു


മരണം ആസന്നമാകുമ്പോൾ മരവിച്ച മസ്തിഷ്കത്തിൽ ഉണരുന്ന ചിന്തകൾ അചിരേണ ആഖ്യാനം ചെയ്യുകയാണ് ,'ശവചിന്ത' എന്ന കഥയിൽ. ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തിരക്കുകളും പെരുകുന്ന മനോവ്യാപാരങ്ങളും അതിൻ്റെ അടയാളപ്പെടുത്തലായി മൊബൈൽ ഫോണും അവതരിപ്പിക്കപ്പെടുന്നു. മരണാഗതനാകുമ്പോഴാണ് വേലിക്കെട്ടുകളില്ലാത്ത ഭൂമിയേയും സമഭാവനയും സഹവർത്തിത്വവുമുള്ള സമൂഹത്തേയും സ്നേഹഭരിതമായ ജീവിതക്രമത്തേയും കാംക്ഷിക്കുന്നത്.


കഥ, കാല്പനികതയുടെ അതിന്ദ്രിയ തലങ്ങളിലേയ്ക്ക് പോകുന്നതാണ് 'അന്ധർ' എന്നതിൽ കാണുന്നത്. മരണശേഷം ആത്മാവ് പുനർജനനത്തിനായി നിയോഗിക്കപ്പെട്ട് ദൈവസമക്ഷം എത്തുന്നതാണ് കഥാപശ്ചാത്തലം. ആത്മാവും ദൈവവുമായുള്ള സംഭാഷണങ്ങൾ നേരിട്ടുള്ള തർക്കങ്ങളായി അവതരിപ്പിച്ചത് ശ്രദ്ധേയമായി. നിറം,ജാത്യഭിമാനം, അന്തസ്സ് തുടങ്ങിയ അന്ത:സാരശൂന്യമായ ഘടകങ്ങൾ തെരെഞ്ഞെടുക്കാൻ വ്യഗ്രതപ്പെടുന്ന മനസ്സ്, ആൺപെൺസങ്കരമാദികളിൽ ആണിനുള്ള പൊള്ളയായ അപ്രമാദിത്വം എന്നിവ ഈ സംഭാഷണങ്ങളിൽ തുറന്നുകാട്ടപ്പെടുന്നു. ഒടുവിൽ സ്വപ്നദർശനത്തിൻ്റെ പൊരുൾ ഉൾക്കൊള്ളാൻപോലുമാവാതെ ജീവിച്ച ജീവിതം തന്നെ വീണ്ടും ജീവിക്കാൻ ഒരുങ്ങുന്ന കഥാനായകനെ നോക്കി ദൈവം പരിഹാസച്ചിരിയുതിർക്കുന്നതോടെ കഥയ്ക്ക് അവസാനമാകുന്നു.  


'ചിരിക്കുന്ന കണ്ണുനീർ' എന്ന കഥയിൽ

 ഒരു ബസ് യാത്രയ്ക്കിടയിലെ മനുഷ്യൻ്റെ മാത്സര്യചിന്തയെ പ്രതിപാദിച്ച ശേഷം കഥാകൃത്ത് നേരേ പോയത് ക്യാൻസർ ചികിത്സ യ്ക്കുള്ള ആതുരാലയത്തിലേയ്ക്കാണ്. കണ്ണീരോർമകൾ മാത്രമുള്ള സ്ത്രീജന്മത്തിൽ നിന്ന് ഒരു സാമ്പിൾ കണ്ടെടുത്തെഴുതുമ്പോൾ അതൊരു കണ്ണനീർചാലായി അനുവാചകൻ്റെ മുഖത്ത് പടരുന്നു. 


ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് വന്യജീവി ആക്രമണം, പ്രത്യേകിച്ച് ആനകളുടെ. അതിന് ഹേതുവായി കഥാകൃത്ത് ഒരു ഭ്രാന്തനിലൂടെ ,ധൂമം എന്ന പ്രതിഭാസം ഭൂമിയിൽ ചെലുത്തുന്ന പ്രഭാവത്തെ കണ്ടെത്തുന്നു. ശാസ്ത്ര ഗവേഷകരുടെ നിഗമനത്തെ അന്ധ വിശ്വാസങ്ങളിലൂടെയും വികലവിലയിരുത്തലിലൂടെയും വക്രീകരിച്ച് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.


ഇനിയും അഞ്ചുകഥകൾ കൂടി തനിച്ചല്ലൊരിക്കലും എന്ന പുസ്തകത്തിലുണ്ട്.


കഥ പറയുന്ന അച്ഛൻ , 'ഇനി ഞാൻ നിന്നിൽ വിശ്രമിക്കട്ടെ'യെന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കുമ്പോൾ അത് വളർത്തച്ഛനായ അയാളുടെ ജീവിതകഥ തന്നെയായിരുന്നു. കഥാവസാനം തൻ്റെ പ്രണയിനിയെ ഉന്മാദാവസ്ഥയിൽ കാണാനും കഥാനായകനായ ഹതഭാഗ്യന് യോഗമുണ്ടായി.


തനിച്ചല്ലൊരിക്കലും എന്ന ശീർഷക കഥയിൽ പ്രേമത്തിൻ്റെ നിർത്ഥകത ബോധ്യപ്പെട്ട അനുഭവമുള്ളവനെങ്കിലും ഭ്രാന്തമായ സർഗവാസനയുടെ ഉൾച്ചേതനയിൽ അലഞ്ഞു തിരിഞ്ഞ കഥാനായകനെ പരിചയപ്പെടുത്തുന്നു. മഴയ്ക്കൊപ്പം  തന്നിലേയ്ക്കെത്തിയ കരാർ കാമുകി, തന്നെ ഭ്രമാത്മകജീവിതത്തിൻ്റെ ചിരാതു വെളിച്ചത്തിൽ ചേർത്തുനിർത്തിയപ്പോൾ, ചേർന്നലിഞ്ഞപ്പോൾ അയാൾ ശരീരം നഷ്ടപ്പെട്ട ആത്മാവായി. വിശ്വാസത്തിൻ്റെ ബിംബങ്ങൾ പ്രതിഷ്ഠിതമായതോടെ ആത്മാവ് മുടിക്കോലേന്തിയ ഇടയച്ചെക്കനായി മലമുകളിലേയ്ക്ക് നടന്നുകയറി. തികച്ചും ഭ്രമാത്മകമായ ഇതിവൃത്തവിശേഷമാണ് ഈ കഥയിലൂടെ അനാവൃതമാവുന്നത്.


ലഹരിയുടെയും സൈബർ കുറ്റങ്ങളുടെയും കഥ പറയുന്നു 'പ്രതിക്രിയ' എന്ന കഥയിൽ.


ലഹരി വരുത്തുന്ന വിനയും കുടുംബഛിദ്രവും തന്നെയാണ് ' വിടരാതെ' എന്ന കഥയിലേയും പ്രമേയം.


വിധിയുടെ വിലക്കുകൾക്കുമപ്പുറം കടന്ന്, അതിജീവിച്ച്, ദാരിദ്യത്തിൻ്റെയും അരക്ഷിതത്വത്തിൻ്റെയും അരണ്ട വെളിച്ചത്തിൽ പഠിച്ച്,തെളിമയുള്ള ഒരു ജീവിതത്തിൻ്റെ കരുതലുള്ള കാവലാളാവാൻ കഴിഞ്ഞ നിത്യ IAS നെ പരിചയപ്പെടുത്തുന്നു' പുഴയൊഴുകിയ വഴിയെ' എന്ന കഥയിൽ ..


അവതാരികയോ സൂതവാക്യമോ ഇല്ലാതെ താൻ തൻ്റെ ജീവിതത്തിൽ കണ്ട കാഴ്ചകളെ, തൻ്റെ ജീവിത ദർശനത്തെ തൻ്റേതായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് അഭിലാഷ്. ജീവിതത്തിൻ്റെ പരുക്കൻ ഭാവങ്ങളെ നേർകണ്ണു കൊണ്ട് കണ്ട ഒരാൾക്ക് ഇങ്ങനെ മാത്രമേ എഴുതാൻ കഴിയുകയുള്ളൂ. അക്കാഡമികമായ അലങ്കാരങ്ങൾ ഒന്നുമില്ലെങ്കിലും അതിജീവനത്തിലൂടെ തൻ്റെ ബലഹീനതകളെ ഉല്ലംഘിച്ച് ലക്ഷണമൊത്ത പത്തു കഥകൾ എഴുതാൻ കഴിഞ്ഞ അഭിലാഷ് എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നു. കഥാകൃത്തിനെ പോലെ തന്നെ കഥകളും അർത്ഥഗർഭമായ മിതത്വം പേറുന്നവയാണ്. 

കയ്യടക്കമുള്ള കഥകൾ ഇനിയും അഭിലാഷിൽ നിന്ന് പ്രതീക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്.


Wednesday, 22 May 2024

ഒറ്റ ശീലയിൽ വിശ്വത്തെ മൂടുന്നവൻ


ഒറ്റ ശീലയിൽ വിശ്വത്തെ  മൂടുന്നവൻ


അഹിംസയെന്നൊരു മന്ത്രമാര്യൻ

അറിഞ്ഞു ചൊല്ലിയതെന്തിനെന്നോ

ഒറ്റ ശീലയിൽ വിശ്വത്തെ മൂടുവാൻ

ഒത്തിടും ലോകമതേറ്റുപാടും


അഹിംസയെന്നതിനർത്ഥമേറെ

നിരത്തുവാനുണ്ടു മറന്നിടേണ്ട

മഹിയിൽ മൈത്രിയിലിരിക്കുവാനായ്

പ്രഘോഷണം ചെയ്വതഹിംസയാകാം


പരൻ്റെ സമ്പത്തിലദൃശ്യമായി 

കടന്നുകയറി കരത്തിലാക്കാൻ

ഒരുമ്പെടുന്നോർക്ക് അഹിംസയെന്ന

വാക്കിൻ പൊരുളെത്ര തിരിഞ്ഞു കാണും


ഒരൊറ്റ ലോകം ഒരൊറ്റ വീട്

ഒന്നാണ് മനുഷ്യകുലമെന്നതോർക്ക

അഹിംസയാൽ ലോകരെയൊന്നു പോലെ

കോർത്തിണക്കാൻ കഴിയുന്നു തിട്ടം.


16.1 23

അകത്തളങ്ങളിലെ അലങ്കാരവൃക്ഷങ്ങൾ .

അകത്തളങ്ങളിലെ അലങ്കാര വൃക്ഷങ്ങൾ


എന്തെൻ്റെ മാനസം തേങ്ങുവതിങ്ങനെ
ചിന്തയ്ക്കു പോലും ചിറകു കരിഞ്ഞുവോ
മോഹങ്ങളെല്ലാം പതംഗങ്ങൾ പോലവേ
പാറിയകന്നു പോകുന്നു അടുക്കുമ്പോൾ

'കല്ലിനുമുണ്ടൊരു കഥ പറയാൻ' എന്ന
പാഠം പഠിച്ചതോർക്കുന്നു ഞാനിന്നുമേ 
ഇല്ല, കഥകളൊന്നും ചൊല്ലുവാനില്ല, എന്നെ ക്കുറിച്ചെന്നുമാത്രമാണോർക്കുവാൻ 

 ആരോടുമില്ല പരിഭവം, ഞാനിത്
 താനേ വരിച്ചതാണാരും പിണങ്ങേണ്ട.
'ആറ്റുനോറ്റുണ്ടായ പെൺകുരുന്നാണവൾ ,' തോറ്റു പോകേണ്ട തിരിച്ചു വിളിച്ചവർ

എങ്കിലും എന്നിലെ പെണ്ണിന്നഭിമാന
മിന്നിനി കൈവിടേണ്ടെന്നു ചൊല്ലീ മനം.
പെണ്ണു തോൽക്കേണ്ട, അകത്തളം തന്നില -ലങ്കാരവൃക്ഷങ്ങളാകേണ്ടവരല്ല, നിശ്ചയം.


18.1.24

Wednesday, 15 May 2024

കേരളഗീതം

കേരളഗീതം



മലയാളക്കര മറുപേരാക്കിയ കേരളമെന്നുടെ നാടാണ്

അഭിമാനിക്കും ഞാനീ നാടിൻ പുകളേറും പൊരുളോർക്കുമ്പോൾ

പണ്ടു സുഭിക്ഷയിൽ സമഭാവനയിൽ നാടു ഭരിച്ച മഹാബലിയെ

പൂവിളിയോടെതിരേൽക്കും ഞങ്ങൾ ചിങ്ങത്തിൽ തിരുവോണത്തിൽ

വരരുചി വരവേ ഗോത്രകുലാദികൾ മനുജരിൽ നൽകീ ഉൾക്കാഴ്ച

അദ്വൈതത്തിൻ ദർശനസ്ഫുരണം ശങ്കരനേകീ അചിരേണ

ഗുരുവും പവനനും ഒരുമിച്ചിവിടെ പൊരുളിൻ ദിവ്യപ്രഭയേകി

ഗുരുദേവന്ന് ദർശനമായത് ഒരു ജാത്യൊരുമതമൊരു ദൈവം


വേണാട്ടരചൻ വെള്ളാട്ടരചൻ വീര പഴശ്ശി ചേരമാനും

മാമാങ്കത്തിൻ നടുനായകനാം സാമൂതിരിയും ചേരുമ്പോൾ

കേരളമെന്നൊരു നാടിൻ അനിതര വീരചരിത്രം വിരചിപ്പൂ'    

കലയുടെ കേളികൊട്ടുയരുന്ന കോവിലോ കവിയുടെ ഭാവനാശില്പം

കഥകളി കൂടിയാട്ടം തുള്ളലാദിയാം തനതു കലകൾക്കുമൊപ്പം

പരദേശ നൃത്തങ്ങൾ വാദ്യപ്രമാണങ്ങളെല്ലാം സമന്വയിപ്പിച്ചു

കലയുടെ കലാമണ്ഡലം തീർത്തുവിന്നിപ്പോൾ നാടിന്നഭിമാനമായി

കേരളം തീർക്കുന്നു കാവ്യപ്രപഞ്ചങ്ങൾ ദൈവത്തിൻ കൈയൊപ്പു നേടി

 

Tuesday, 14 May 2024

പാലക്കാടൻ ഗ്രാമഭംഗി

കാവ്യം പോലെൻ ഗ്രാമം മലയുടെ മടിയിൽ തലവച്ചമരുന്നു 

നെൽപാടങ്ങളിൽ ഓളം വെട്ടും ഞാറ്റിന്നോലയിലാലോലം 

തഞ്ചി കൊഞ്ചും കാറ്റിൻ ശീലിൽ നൃത്തം വയ്പു വയൽക്കിളികൾ

പാടവരമ്പിൽ വരിയായ് നില്കും പനയുടെ നിഴലിൻ തിറയാട്ടം 

കണ്ടു വിരണ്ടിട്ടാവാം കാറ്റിൻ ചൂളം വിളികൾ നിലച്ചേ പോയ്


പാടം കീറി മുറിച്ചും കൊണ്ടൊരു ചെമ്മൺ പാതയുമിണ്ടിവിടെ

കൂട്ടം തെറ്റാതാട്ടിൻ പറ്റം തരമൊടു പാതയിൽ നീങ്ങാനായ് 

കാലിക്കോലും കൊണ്ടുനടക്കും ഇടയക്കുട്ടികൾ പിൻപറ്റും 

വേഗരഥത്തിൽ അർക്കജനാഴിയിൽ മുങ്ങാൻ നീങ്ങുന്നേരത്ത്

അജവൃന്ദത്തെ ആലയിലാക്കാൻ അവരോ നീങ്ങുന്നതിവേഗം 

ചിത്രം കോറിയ ചേലിൽ ഗ്രാമം നിൽപൂ നിങ്ങളെ വരവേൽക്കാൻ








Monday, 13 May 2024

ജാലവിദ്യ

നിനപ്പതൊന്നു നാം ഭവിപ്പതോ വേറെ
ജനിച്ച നാൾ മുതൽ മരിക്കുവോളവും
കൊതിച്ചതേറെ നാം വിധിച്ചതോ,തുച്ഛം
പൊതിഞ്ഞമോഹങ്ങൾ പൊലിഞ്ഞേപോകുന്നു


എനിക്കു നീയുണ്ട് കരുത്തിനെന്നു ഞാൻ
നിനച്ചു പോയതും വിരുദ്ധമായ് വന്നു
കരുത്തുകാട്ടുവാൻ കരുതിയെത്തുമ്പോൾ
അഹിതമായതു ഭവിച്ചു കണ്ടിടാം

ഒരിക്കലുന്നത പ്രതാപവാന്മാരായി
കഴിഞ്ഞ വർത്തകർ , പ്രഭുക്കൾ നാടിനെയടക്കിവാണവർ
ചരിത്രത്തിന്മീതേ ചിറകുയർത്തി നിന്നഴൽ കൊടുങ്കാറ്റു വിതച്ച ശക്തികൾ
നിയതി തൻ ചക്രമുരുളുമ്പോൾ നിലം പരിശായ് തീർന്നതും അറിഞ്ഞിടുന്നു നാം
ജഗന്നിയന്താവിൻ ആദ്യശ്യമാം കരം
ഒരുക്കുന്ന ജാലപ്രയോഗമാണെല്ലാം




Thursday, 9 May 2024

വാർദ്ധക്യം തേങ്ങുന്നു

 വാർദ്ധക്യം തേങ്ങുന്നു


മർത്യത മരിക്കുന്ന കാലത്ത് ഇതേവിധം വാർദ്ധക്യം തേങ്ങുന്നതിൽ അത്ഭുതം കൊള്ളേണ്ട നാം

മന്വന്തരങ്ങൾക്കുമപ്പുറത്തെന്നോ പുരു അച്ഛൻ്റെ വാർദ്ധക്യം കൈയേറ്റു മോദമോടെ

വാർദ്ധക്യകാലമായാൽ അച്ഛനെ കയ്യേൽക്കുവാൻ അഭിനവപുരുക്കളോ തയ്യാറല്ലന്നതേ വരൂ

കർത്തവ്യ ബഹുലമാം ജീവിതത്തിരക്കിലിന്ന -ച്ഛനുമമ്മയ്ക്കുമായ്     പാഴാക്കാനില്ലാ നേരം


കൊച്ചുമക്കൾക്കും വേണ്ട കഥയും  പുരാണവും സാരസ വചസ്സുകൾ തീർക്കുന്ന ഗുണപാഠം

എന്തിനുമാശ്രയിക്കാൻ യന്ത്രങ്ങളുണ്ടു കൂടെ വഴികാട്ടീടാൻ പോലും നവ്യമാംആവിഷ്കാരം.

ജീവിതവഴി കാട്ടാൻ, മാർഗ്ഗദീപം തെളിക്കാനെ -ത്തുമോ യന്ത്രമെന്ന്കാത്തിരിക്കുന്നുഞാനും


വാർദ്ധക്യം വഴങ്ങുന്നു, ബാല്യവും കൗമാരവും വല്ലാതെ കുതിച്ചെന്നാൽ ഓടിയെത്താനാവാ.

യൗവ്വനം ആഘോഷമാണതിനെ തടുക്കുവാൻ വയ്യാത്ത വാർദ്ധക്യം, തേങ്ങുന്നു ശരണാലയേ.

9.5.2024






പ്രഹേളിക

  





മർത്യത മരിക്കുന്ന കാലത്തു ജീവിപ്പതേ

മർത്യനു വിധിച്ചൊരുശാപമെന്നറിയണം

ആദ്യത്തെ ഭ്രാതൃഹത്യ ബൈബിളിൽ കാണാ- 

മാദ്യത്തെ മാതൃഹത്യ രാമനാൽ കൃതമത്രേ


ഹത്യകൾ, അനാചാരം , പീഡനം, പരമമാം

ദുഷ്ടകൃത്യങ്ങളെത്ര കാണുന്നു നമുക്കിടെ

ദുഃഖത്തിനാധാരമായെത്തുന്ന ദുരന്തങ്ങൾ 

ദുർദ്ദരഹൃദയത്തിൻ സൃഷ്ടികൾ ദൃഷ്ടാന്തവും


ജന്മവാസനകളും ജാഗ്രത നശിപ്പിക്കും

മനസ്സിൻ്റെയുന്മത്തമാം  ഭോഗതൃഷ്ണയും

വിഗത സ്വരങ്ങളും വിസ്വര ഭാവങ്ങളും

വിലയിച്ചെല്ലാം ചേർന്നേ അധർമം കൃതമാവൂ


യുഗങ്ങൾ കഴിഞ്ഞിട്ടും മാറാത്തതെന്തേ

നമ്മിൽ നിറയും ഹത്യാവേശം, പകയുംവിദ്വേഷവും

കാലത്തിൻ കലുഷിത ഭൂതയാനത്തിലേറി

താണ്ടുമോ മനുജനീ ദുഃഖത്തിൻ പ്രഹേളിക


11.1.24