Monday, 16 March 2026

പോക്കുവെയിൽ

പ്രണയപൂരിതം നമ്മൾ തൻ ജീവിതം
ചിതലരിച്ചു തുടങ്ങിയെന്നോർക്കുക
അവികല ദിവ്യപ്രേമപ്രസൂനങ്ങൾ
കൊഴിയുവാനായ് തുടങ്ങുകയല്ലല്ലീ
ഒരു നിമിഷം തിരിഞ്ഞു നാം നോക്കുന്നു
വഴികൾ ദുർഘടം താണ്ടിയ കാലങ്ങൾ
ദുരിതസഞ്ചയ ഭാണ്ഡം നിറച്ചതിൽ
ഹൃദയരാഗം ഉഴിഞ്ഞു സമർപ്പിച്ചു
പശിയടക്കുവാൻ പാടുപെടുന്ന നാൾ
പരവശപ്പെട്ടു നിൽക്കുന്ന നാളുകൾ
നിറയെ സ്വപ്നങ്ങൾ സോത്സാഹമോടെ തന്നരിയ സ്നേഹക്കുരുന്നുകൾ പിന്നെയും

ഉജ്ജ്വലിച്ചതാം സൂര്യൻ്റെ താപവും
ഉൾവലിഞ്ഞുവോ പോക്കുവെയിൽ വന്നു
കനലെരിഞ്ഞു മനസ്സിൽ, പുറത്തതാ
കമനി കാൺകെ ചിതയിലെരിഞ്ഞു പോയ്
അരിയ കൺകളിൽ സ്വപ്നം വിരിയിച്ച
മകളുമെന്നെ വെടിഞ്ഞുപോയ് ദാരുണം

ഇതുവരെക്കണ്ട ജീവിതമത്രയും
ഇവിടെ നിൽക്കട്ടെ വിശ്രമിക്കട്ടെ ഞാൻ

ഇനി നടക്കാം ഉപരോധമൊന്നുമേ വഴിയിലില്ലിന്നു ഞാനോ സ്വതന്ത്രനായ്
തിര വിളിക്കുന്നു വാത്സല്യക്കൈകളാൽ
മടിയിൽ വിശ്രമിക്കെന്നു ജലധിയും



എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ

വരുമെന്നറിഞ്ഞുള്ള കാത്തിരിപ്പെങ്കിലും
വരുവാനിളയ്ക്കുമ്പോഴറിയാതെയെൻമനം
ഗതകാലചിന്തതന്നിരുളാർന്നവഴികളിൽ
ഉഴറിക്കിതച്ചു തളർന്നു നിൽപ്പായ്

കുതുകം നിറഞ്ഞുള്ള കാത്തിരിപ്പെങ്കിലും
കുതികുതിച്ചെത്തുന്ന ഓർമ്മകളോടി വന്നൊരു ഫുല്ലമലരായ് വിടർന്നെൻ്റെ ചൊടികളിൽ കടുചോപ്പു തേയ്ക്കുന്നു മന്ദം


വരികില്ലയെന്നുള്ളിൽ പറയുന്നുവെങ്കിലും വെറുതെ മനസ്സിൻ്റെയിരുൾ വീണ കോണിനെ പുണരും വിചാരങ്ങളണയും
നിമേഷത്തിനരികിൽ വെറുതെയിരിപ്പൂ

മനസിൻ്റെ വിങ്ങലിൽ തിങ്ങുമാഗദ്ഗദ ച്ചുടുവാതമേറ്റെത്ര സ്വപ്നം കരിഞ്ഞതും കരിയുമാസ്വപ്നത്തിനിരുൾ രൂപമാർന്നു നിൻ തിരുരൂപമൊപ്പമുയർത്തെഴുന്നേറ്റതും

ഒരു വേള വരുമെന്നതോർത്തിരിപ്പാകുമോ
നവമാം പ്രതീക്ഷയിലൊരു നേർത്തചിന്തയിൽ 
അലയുമാത്മാവിൻ്റെ
യഭിലാഷപൂർത്തിക്കുതകും 
തുടിപ്പായ് തുടിച്ചു

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
മിന്നും മിനിങ്ങായ് കിനാവിൻ നുറുങ്ങായ്
കരളിൽ പൊരുളായ് ഇരുളിൻ തിരളായ്
കുതികൊള്ളുമാശാസ്ഫുരണമായ് നിത്യം

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
എന്നാത്മസവിധത്തിലേകാന്ത ശാഖിയിൽ

സൃഷ്ടിപഥം 13.3.26

Monday, 16 February 2026

ഇംഗ്ലീഷ് മരുന്നുകളുടെ പരീക്ഷണശാലയാകുന്ന കേരളം (ലേഖനം)

ചെറിയൊരു തുമ്മലോ തലവേദനയാ വന്നാൽ തന്നെ മരുന്നു കഴിക്കുന്ന ശീലം മലയാളികളിൽ കൂടുതലാണ്. ഒട്ടും അലോസരപ്പെട്ടിരിക്കാൻ മനസ്സുള്ളവരല്ല നമ്മൾ. കൃത്യമായ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെയായിരിക്കും ഇത്തരക്കാർ ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത്. മുമ്പ് സമാന ബുദ്ധിമുട്ട് വന്നപ്പോൾ ഡോക്ടർ നിർദ്ദേശിച്ചതോ അതല്ലെങ്കിൽ ഇംഗ്ലീഷ് മരുന്നുകടകളിൽ സുലഭമായി ലഭിക്കുന്ന മരുന്നുകൾ കഴിച്ചോ താൽക്കാലിക ശമനം നേടുന്നു. കൃത്യമായ അളവിലോ അനുപാതത്തിലോ ആയിരിക്കുകയില്ല ഇത്തരത്തിലുള്ള ഔഷധ സേവ. അതുകൊണ്ടു തന്നെ കുറഞ്ഞ ഡോസേജിൽ മറേണ്ട അസുഖം, ഉയർന്ന ഡോസേജിൽ കഴിക്കുന്നതിനാൽ പെട്ടെന്ന് മാറുമെങ്കിലും നമ്മുടെ ശരീരം പിന്നീട് ഉയർന്ന ഡോസേജിലുള്ള മരുന്ന് ഡിമാൻ്റ് ചെയ്യുന്ന തരത്തിലേയ്ക്കാവുന്നു. ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ക്രമേണ കുറയുകയും നമ്മൾ ഇംഗ്ലീഷ് മരുന്നുകൾക്ക് അടിമയാകുകയും ചെയ്യുന്നു.

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഇന്ന് കടുത്ത മത്സരം ഉണ്ട്. ഒരേ രോഗത്തിന് പല തരത്തിലുള്ള മരുന്നുകൾ ഒരേ കോമ്പോസിഷനിൽ ലഭ്യമാണ്. മരുന്നുകമ്പനികളുടെ ബ്രാൻ്റിംഗിന് അനുസരണമായി വിലയിൽ സാരമായ വ്യത്യാസങ്ങൾ ദൃശ്യമാണ്. മാർക്കറ്റിംഗ് തന്ത്രത്തിൻ്റെ വൈഭവത്തിൽ പല മരുന്നുകളും കേമമാണെന്ന ധാരണ ആളുകളിൽ ജനിക്കുന്നു. ഡോക്ടർമാർ തന്നെ പലപ്പോഴും മരുന്നു കമ്പനികളുടെ ഇടനിലക്കാരായി മാറുന്നത് കാണാം. ജീവിതശൈലീ രോഗങ്ങളും ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ടി വരുന്ന അവസ്ഥയും നിർദ്ധനരെ വല്ലാതെ കഷ്ടത്തിലാക്കുന്നു. പ്രധാനമന്ത്രിയുടെ സ്കീം പ്രകാരമുള്ള മെഡിക്കൽ ഷോപ്പുകളിൽ വിലയിൽ കുറവുണ്ടെങ്കിലും മരുന്നുകളുടെ ഫലക്ഷമത പ്രായേണ കുറവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടു കാണുന്നത്.

രോഗം വരുന്നതിനേക്കാൾ അത് വരാതെ പ്രതിരോധിക്കുകയെന്നതാണ് യുക്തമായ പരിഹാരം. ഇംഗ്ലീഷ് മരുന്നുകളുപയോഗിച്ചുള്ള ചികിത്സ പോലെ തന്നെ ആയൂർവ്വേദ ചികിത്സയും നമുക്ക് അനുവർത്തിക്കാവുന്നതാണ്. എല്ലാത്തരം രോഗങ്ങൾക്കും അത് ഫലക്ഷമമല്ലയെന്നതും ക്ഷിപ്രരോഗ നിവാരണം ആയുർവ്വേദ ചികിത്സ കൊണ്ട് സാധ്യമല്ല എന്നതും ഒരു ന്യൂനതയാണ്. നമ്മുടെ ഋഷിമാരും ആചാര്യന്മാരും ആയൂർവേദത്തെ കാണുന്നത് രോഗത്തിനുള്ള ചികിത്സാപദ്ധതിയായല്ല. മറിച്ച് രോഗം വരാതെ ശരീരത്തെ സജ്ജമാക്കാനുള്ള ശാസ്ത്രമായാണ്. ആ അർത്ഥത്തിൽ നാം രോഗം വരാതെ ശ്രദ്ധിക്കുകയെന്നതാണ് ആദ്യം കണക്കിലെടുക്കേണ്ടത്. രോഗം വന്നു കഴിഞ്ഞാൽ യുക്തമായ ചികിത്സാ വിധിയാൽ പെട്ടെന്ന് ഭേദമാക്കുകയെന്നതാണ് അഭികാമ്യം.
ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ചോർന്നുപോകാതെ ശ്രദ്ധിക്കുക. അനാവശ്യമായുള്ള ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. മരുന്നു കമ്പനികൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സർക്കാർ സംവിധാനം ഉപയോഗിക്കുക. പെരുമാറ്റ മര്യാദകളും ആരോഗ്യാവബോധവും വളർത്തുക. ആയുർവേദത്തെ അടിസ്ഥാന ആരോഗ്യ സംരക്ഷണോപാധിയായി കണക്കാക്കുക. ഇത്രയൊക്കെയുമായാൽ ഇംഗ്ലീഷ് മരുന്നുകൾ മലയാളികളുടെ ജീവിതത്തിൽ പിടിമുറുക്കാതിരിക്കാനും അവയുടെ പരീക്ഷണശാലയായി കേരളത്തെ മാറ്റാതെ തടയാനും നമ്മൾക്ക് കഴിയും.




കാണാമറയത്ത്

കണ്ണിൽ കാണുവതെല്ലാം നമ്മൾക്കുള്ളിൽ ദീപ്തമതായീടും
കാണാമറയത്തുള്ളവയെല്ലാം കല്പനചെയ്യും മനതാരിൽ
കാൺമതുമല്ലാത്തവയും ജീവിതധാരയിലുൾചേർന്നീടുന്നു
കാലംപോകെ കാൺമവരെല്ലാം കാണാമറയത്താകുന്നു
പുതിയവർ പലരും കൺവെട്ടത്ത് 
പുലരി വെളിച്ചം തേടുന്നു
ചാക്രികസഞ്ചാരങ്ങളിൽ ലോകം 
പഴയ ക്രമങ്ങളിലുഴറുന്നു.

കണികാവാദമുയർത്തുന്നവരും ഗണവാദങ്ങളുയർത്തുന്നവരും
സിദ്ധന്മാരും സാദ്ധ്യന്മാരും 
കൂടിച്ചേരുന്നിടമാണിവിടം
നാസ്തികർ ആസ്തികർ രാഷ്ട്രീയത്തിൻ കൗടില്യന്മാർ
ഒക്കെ നിരക്കുന്നിവിടെന്നാലും 
നിശ്ചയമവരും കാണാതാകും.
അന്തരമില്ലവർ വന്നെത്തീടും 
മരണം തീർക്കും കൂപമതിൽ
പുതുനിഴലാട്ടം കാൺമതിലുണ്ടൊ- രയുക്തി നിനച്ചീടുന്നേരം

ജീവിക്കുമ്പോൾ ജീവികൾ നമ്മൾ 
ജീവൻ പോകെയമൂർത്തന്മാർ
ആത്മാവെന്നതു ഘോഷിക്കുന്നു 
ജന്മാന്തരമാം കാലത്തിൽ
അവിടെക്കാണ്മതു ശാശ്വത സത്യം ഉലകിൻ നിത്യ പ്രയോക്തനസത്യം
നശ്വരമാണീ ജീവികളെങ്കിലനശ്വരമാണീ ആത്മാവിൻ പൊരുൾ


1st Prize ദലം 209 KSSV

ആമുഖം ( സന്തോഷ് വാര്യർ പന്തളീയൻ എഴുതിയ ഭാവനാശാല എന്ന കൃതിക്ക്)

വാക്കുകൾ ഉപയോഗിച്ച് സൃഷ്ടി നടത്തുന്നവനെയാണ് നമ്മൾ എഴുത്തുകാരൻ എന്നു പറയുന്നത്. അത് നടത്തുവാൻ അയാളെ പ്രാപ്തനാക്കുന്ന ശക്തിവിശേഷമാണ് പ്രതിഭ. അത് പലപ്പോഴും ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നാണ്. എഴുത്തുകാരൻ ശക്തനായിരിക്കും. ബാഹ്യമായി പല വിധമായ ദൗർബല്യങ്ങൾ ഉള്ള ആളായിരിക്കാം എഴുത്തുകാരൻ. എന്നാൽ അയാൾ ആന്തരികമായി ശക്തനായിരിക്കും.. മനുഷ്യമനസ്സിന് ബലം നൽകുന്നത് സ്വാതന്ത്ര്യമാണ്. സഹിഷ്ണുതയും സാഹസികതയും ധീരതയും എല്ലാം ചേരുന്ന ആത്മീയമായ ഒരു ഗുണമാണത്.

സ്വാതന്ത്ര്യമെന്നത് സർഗ്ഗ പ്രവർത്തനങ്ങൾക്ക് അനുപേക്ഷണീയമായ അവസ്ഥയാണ്.
" സ്വതന്ത്രാത്മാവിനു മാത്രമേ സർഗ്ഗക്രിയ നിർവ്വഹിക്കാൻ കഴിയൂ " എന്ന് തത്വചിന്തകനായ നിക്കോളസ് ബർദ്യായേവ് (Nicholas Berdyaev) പറഞ്ഞത് സ്മരണീയമാണ്. 
 
അനുഭൂതികളെ സംക്രമിപ്പിക്കാനുള്ള കഴിവാണ് കലയുടെയായാലും കാവ്യത്തിൻ്റെയായാലും കാതൽ. 

ഇതരസാഹിത്യ വിഭാഗങ്ങളെ അപേക്ഷിച്ച് കവിതയ്ക്കുള്ള സ്ഥാനം ഒന്നാമത്തേതു തന്നെയാണ്. കവിതയെ 'നാദബ്രഹ്മ നൃപാസനത്തിൽ വിളങ്ങും മഹാറാണി'യെന്നാണ് വള്ളത്തോൾ വിശേഷിപ്പിക്കുന്നത്.

ഭാവോദ്ദീപകമായ ബിംബങ്ങളൊക്കൊണ്ട് സങ്കീർണ്ണമായ ഭാവമണ്ഡലം സൃഷ്ടിക്കുന്നതാണ് നവീന കവിത. ഉദാത്തമായ ആശയങ്ങളെക്കൊണ്ട് ഉൽകൃഷ്ടമായ ബിംബങ്ങളെ കൊണ്ട് മനുഷ്യമനസ്സിൽ അനുഭൂതി സൃഷ്ടിക്കുമ്പോഴാണ് ഒരു കവിതയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. അത്തരത്തിൽ എഴുതുമ്പോഴാണ് ഒരാൾ പൂർണ്ണകവിയാകുന്നത്. 

ശ്രീ. സന്തോഷ് വാര്യർ അത്തരത്തിൽ പൂർണ്ണത ലഭിച്ച കവിയാണെന്ന് അദ്ദേഹത്തിൻ്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ ബോദ്ധ്യമാകുന്നു. ഓരോ കവിതയിലും വ്യത്യസ്തമായ അവലംബനങ്ങളിലൂടെ അനുരൂപമായ ബിംബകല്പനയിലൂടെ ഉൽകൃഷ്ടമായ ഉപമേയോപാമാനങ്ങളിലൂടെ നവം നവങ്ങളായ അനുഭൂതി സൃഷ്ടിക്കുകയാണ് അദ്ദേഹം.

ഗരിമയാർന്ന ആശയങ്ങളെ ലളിതകോമളമായി കാവ്യ ചാരുതയോടെ അവതരിപ്പിക്കാനുള്ള കഴിവ് സന്തോഷ് വാര്യരിൽ ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയുന്നു. 
പി. കുഞ്ഞിരാമൻ നായർ കഴിഞ്ഞാൽ
ശ്രീ. ഓ എൻ വി കുറുപ്പാണ് നവീന കവിതകളുടെ ശാലീനസൗന്ദര്യം ബോദ്ധ്യപ്പെടുത്തിയ കവി. ശ്രീ. സന്തോഷ് വാര്യരുടെ കല്പനകളും ബിംബാവിഷ്കരണവും ആശയവ്യക്തതയും ഓ എൻ വിയുടേതിന് സദൃശമായി തോന്നാറുണ്ട്. 

അക്ഷരം അഗ്നിയാണ്. അത് വാക്കായി ജ്വലിക്കും. ആശയമായി പടരും. അക്ഷരാഗ്നിയെ അടക്കാനും പടർത്താനും കഴിയുന്നവനാണ് കവി. ചുട്ടെടുത്ത വാക്കുകൾ കൊണ്ട് അനുവാചകമനസ്സുകളെ പൊള്ളിക്കുന്ന കവിതകളും സന്തോഷിൽ നിന്നുണ്ടായിട്ടുണ്ട്. സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിക്കുന്ന മനസ്സാണ് സന്തോഷ് വാര്യരിലെ കവിയുടെത്.

കവിയുടെ നാല്പതിലധികം വരുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. കനൽച്ചൂടും മഴപ്പെയ്ത്തുമായ് ഭിന്ന ഭാവങ്ങളോടെ മസൃണമായ മൊഴിയഴകായി ഇതിലെ കവിതകൾ മനസ്സുകളെ ഉണർത്തുന്നു.

വിഷുക്കാലത്തെ അഴകനുഭവങ്ങളെ ഉദാത്തമായ കല്പനകൊണ്ടും ഉന്മിഷിത്തായ ജീവൽദൃശ്യങ്ങളെക്കൊണ്ടും ഒരു വിഷുക്കണി പോലെയാണ് 'വിഷുവഴകുകൾ' എന്ന കവിതയിൽ വരച്ചിട്ടിരിക്കുന്നത്. ഇതിലെ ഇമേജറികൾ (ബിംബകല്പനകൾ) വരിഷ്ഠകവികളുടെ കല്പനകൾക്കൊപ്പം തന്നെ നിൽക്കുന്നവയാണ്.

 കണിക്കൊന്നപ്പൂവിനെ വേനലുരുക്കിയെടുത്ത ചിലങ്കമണിയുടെ അഴകായാണ് കവി കാണുന്നത്. നെയ്വിളക്കിൻ്റെ നാളത്തെ തൊട്ടു പിറകിൽ വച്ചിരിക്കുന്ന വേണുഗോപാലരൂപത്തിൻ്റെ നിറുകയിൽ അണിയിച്ച ഗോപിക്കുറിയായി നോക്കിക്കാണുന്നു. കണിവെള്ളരിയിലെ വരച്ചാർത്ത് കണ്ടിട്ട് പുള്ളിപ്പട്ടു പുതച്ചിരിക്കുന്നതായി ദ്യോതിപ്പിക്കുന്നു. കല്പനകളുടേയും ഉപമകളുടെയും ഈദൃശ കാഴ്ച്ചകൾ ഇനിയുമേറെയുണ്ട്.


പ്രാത:സൂര്യൻ്റെ എഴുന്നെള്ളത്തിനെ പ്രകൃതിയുടെ സമ്മിശ്രരൂപങ്ങൾ രൂപകമാക്കി അവതരിപ്പിക്കുമ്പോൾ മനസ്സിൽ ഉളവാകുന്നത് അനിതരസാധാരണമായ അനുഭൂതിവിശേഷമാണ്. വനനിബിഡമായ മലയെ മത്തേഭമായും അതിനെ ചുറ്റിയൊഴുകുന്ന അരുവിയെ ഇടച്ചങ്ങലയായും കല്പിക്കുന്ന കവി പ്രാതകാല സൂര്യനെ തിടമ്പായും കോടമഞ്ഞിൻ്റെ നീക്കത്തെ വെൺചാമരം വീയലായും വിശേഷേണ ഉൽപ്രേക്ഷിക്കുന്നു. കുയിലിൻ്റെ കൂജനകുഴൽവിളിയും മരംകൊത്തിയുടെ കൊട്ടുവാദ്യമേളവും പശ്ചാത്തലം തീർക്കുന്നു. മഞ്ഞിൽ കുളിച്ച് മരവിച്ചു കൂമ്പിയ ഇലകൾ കാൺകെ, പൂവനികൾ മുകുളിതപാണികളായി നിൽക്കുന്നുവെന്ന് കവി സന്ദേഹിക്കുന്നു. ഇലത്തുമ്പിൽ തഞ്ചി നിൽക്കുന്ന മഞ്ഞുതുള്ളിയിൽ സൂര്യാംശു പതിക്കുമ്പോൾ അത് സൂര്യചന്ദനമാണെന്ന് നിരൂപണം ചെയ്യുന്നു. മനസ്സാകുന്ന ക്ഷേത്രമുറ്റത്ത് ഉത്സവക്കൊടിയേറ്റമായെന്നും കാഴ്ചശ്രീബലിക്കായി ഉഷ: കാലം എഴുന്നെള്ളുന്നുവെന്നും കവിഭാവനയിൽ തെളിയുന്നു.
'എഴുന്നെള്ളത്ത്' എന്ന കവിതയിലാണ് മനോഹരമായ ഇവ്വിധ കല്പനകൾ ഉള്ളത്.

"കടലുകാണാൻ പുറപ്പെട്ട ഞാനൊരു
നനവു കാണാൻ കൊതിക്കുന്നു മാനുഷാ സ്വയ'മിരിക്കുന്ന കൊമ്പു മുറിക്കുമീ
സഹജശീലമെന്നാണ് നീ നിർത്തുക"

എന്ന ചോദ്യം പ്രകൃതിയെ ചൂഷണം ചെയ്ത് സ്വയം നശിപ്പിക്കുന്ന മനുഷ്യ സമൂഹത്തോടുള്ളതാണ്. 
'പുഴ പറഞ്ഞത്' എന്ന കവിതയിൽ
പരിസ്ഥിതിയെ ഭംഗപ്പെടുത്തുന്ന പ്രകൃതി ചൂഷണത്തെയാണ് കവി തുറന്നുകാട്ടുന്നത്.

"ഭാരതത്തെ നഗ്നയാക്കി 
തെരുവിലൂടെ നടത്തവേ 
ചന്ദ്രയാനം കൊണ്ടു നേടി 
യൊരിന്ദ്രജാലം വ്യർത്ഥമായ്"

എന്ന വരികളിലൂടെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയത്തെ കനൽവാക്ക് കോരിയിട്ട് അവതരിപ്പിക്കുകയാണ് കവി തൻ്റെ 'തേവരേ' എന്ന കവിതയിൽ.


"പിടയ്ക്കുന്ന താളിൽ
തുടിക്കുന്ന നെഞ്ചിൻ
കിതപ്പേറ്റ വാക്കിൻ
ചിതയൊന്നൊരുക്കൂ.
പ്രിയസത്യമൊന്നും 
രുചിക്കാൻ തരാത്ത
മഷിപ്പേന തൻ
നാവടർത്തിയെടുക്കൂ''

എന്നു പറയുക വഴി കവിയുടെ സ്വതന്ത്രമായ ആവിഷ്ക്കാരം കുരിശു വഴിയായിത്തീരുമെന്ന് വ്യംഗ്യം ചേർക്കുകയാണ്.


പങ്കുവയ്ക്കുമ്പോൾ ആസ്വാദ്യകരമായ അനുഭവവേദ്യത മാത്രം തങ്ങൾക്ക് അവകാശമായി ചോദിച്ചു വാങ്ങുന്ന പുതിയകാല പ്രവണതയാണ് കവി 'ഓഫർ' എന്ന കവിതയിൽ കാണിച്ചുതരുന്നത്.

"ഇരവിനെ നീയെടുത്തോ, അതിൻ
ഇരുളും നീ തന്നെ വച്ചോ
സകലതും നീയെടുത്തോ, നിന്നെ
മുഴുവനായ് ഞാനെടുക്കും"

എന്ന വരികളിൽ വ്യത്യസ്ത മാനങ്ങൾ വായിച്ചെടുക്കാൻ കഴിയും.

"ഹരിത വനഭൂമി മഞ്ഞിൽ നീരാടി
മുകുളഹസ്തയായ് നില്ക്കവേ
കുളിരുമായൊഴുകുമരുവിതൻ
ചൊടികളുരുവിടും പ്രണവ ഗീതകം"

പുലരിയുടെ പ്രസാദാത്മകത വിളിച്ചോതുന്ന വരികളാണവ. കവിത പിറവി കൊള്ളുന്ന അത്തരം മുഹൂർത്തങ്ങളെ അനുസ്മരിക്കുകയാണ് കവി 'ഉഷസ്സ്' എന്ന കവിതയിൽ.

മാതാപിതാക്കളെ അനുഭവവേദ്യതയുടെ അലകും പിടിയുമായി അവതരിപ്പിച്ചിരിക്കുകയാണ് 'അച്ഛനും അമ്മയും' എന്ന കവിതയിൽ.

"എഴുതാത്ത വരികളായച്ഛൻ
എഴുതീട്ടും തീരാതെയമ്മ"

എന്ന വരികളിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ് കവിമനസ്സ്.

അതുപോലെ തന്നെയാണ് 'ഓർമ്മയൂട്ട്' എന്ന കവിതയിലെ വരികൾ .

"ഓർമ്മയുണ്ടോ സഖീ, ആത്മസരസ്സിലെ
മീനുകൾ തൻ മൗനഗാനം"

മൗനരാഗത്തിൻ്റെ മിന്നാമിന്നികൾ കവിതയ്ക്കു ചുറ്റും പാറി നടക്കുന്നുവോ?


സുഗ്രാഹ്യമായ ആശയവും ലാവണ്യ മധുരമായ രചനാശൈലിയും സന്തോഷിൻ്റെ രചനകളെ ആസ്വാദകനിലേയ്ക്കടുപ്പിക്കും. ഒരു ഭാഗത്ത് തീ പിടിക്കുന്ന വാക്കുകളും സ്ഫോടനാത്മകമായ പ്രതീകങ്ങളും കൊണ്ട് വിപ്ലവാവേശം നിറയ്ക്കുമ്പോൾ മറുഭാഗത്ത് ഭാവഗായകൻ്റെ ഭാവപ്പകർച്ച ഉൾക്കൊണ്ട് ലളിതകോമളപദാവലികളാൽ ചൈതന്യധന്യമായ രചന നടത്തുന്ന അദ്ദേഹത്തിൻ്റെ സാഹിതീവൈഭവം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.


                                                 ശങ്കർ ഉണ്ണി
അങ്ങാടിപ്പുറം
20.01.2026


Friday, 6 February 2026

എസ്തപ്പാൻ

മണ്ണോടുമണ്ണവൻ ചേർന്നുവെന്നാകിലും
മന്ദഹസിക്കുന്നിതെൻ മുന്നിലെപ്പൊഴും
മേഘങ്ങളിൽ പോയ് മറഞ്ഞുവെന്നാകിലും
മാലാഖമാരാൽ പരിസേവ്യനായ് മേവുന്നു

സമയദൂരങ്ങൾ അളന്നെടുത്തിന്നു നിൻ
സഞ്ചിത മാനസ ചൈതന്യ ദീപ്തികൾ
സഞ്ചരിക്കുന്നുവോ അപ്പൊഴുമാമിഴി
സത്യവിശ്വാസ മെഴുതിരി വെട്ടമായ്

സ്നേഹത്തെ സത്യമായ് കണ്ട നിൻ കണ്ണുകൾ
മോഹപ്പകർച്ചകൾ കണ്ടതേയില്ലെന്നും 
പങ്കിലമാകുന്ന ചിന്താപ്പൊടിപ്പുകൾ
പൊട്ടിമുളച്ചില്ല ചിത്തതാരിങ്കലും 

കണ്ണിൽ കവിതയും നെഞ്ചിൽ പ്രണയവും
ഉൺമകൾ തേടുന്ന ചിന്താപ്രപഞ്ചവും
സിദ്ധരെ സാദ്ധ്യരാക്കുന്നതാം വായ്മൊഴി
എത്തിപ്പിടിച്ചുവോ മാന്ത്രികസ്പർശമായ്

വൃംഗ്യം പറയും സുഹൃദ്സംഗമങ്ങളിൽ
ലാസ്യം വിളമ്പുന്ന ആഘോഷരാവതിൽ
അന്യഗ്രഹങ്ങളിൽ നിന്നു വന്നെത്തിയ
ഭിന്ന സ്വഭാവിയായ് തീർന്നതുമത്ഭുതം

സ്നേഹിച്ചിടവേ മൊഴിമുന കൊണ്ടവർ
കോറി വരഞ്ഞു മനസ്സിൻ്റെ ഭിത്തിയിൽ
ഭാഷിച്ചിടുമ്പോൾ അരാഷ്ട്രീയവാദിയെ ന്നോതി തടസ്സം പറഞ്ഞവർ എന്തിനോ ?

മുള്ളും മലരും ഒരുക്കിയ ജീവിതശയ്യയിൽ
രണ്ടു തുരുത്തുകൾ, ഓർമ്മക്കുറിപ്പുകൾ
ഇന്നീ മരവിച്ചയോർമ്മയിൽ നിൻ മിഴി
മിന്നാം മിനുങ്ങായ് പറന്നുപോകുന്നിതാ 



വെളിച്ചത്തിലേയ്ക്ക് ഇനിയുമുണ്ട് ദൂരം




വെളിച്ചമേ നയിച്ചാലും എന്നതർത്ഥിച്ചൊരു കവി
വെളിച്ചം ദുഃഖമാണുണ്ണീ എന്നു നണ്ണിയപരൻ കവി
തമസ്സോ വെളിച്ചമോ നമ്മെ നയിപ്പൂവെന്നു ശങ്കിച്ച് 
നിൽക്കുന്നുണ്ട് ഞാനാം കവി 
ജീവിതത്രിസന്ധ്യയിൽ

തമസോ മാ ജ്യോതിർഗമയയെന്നു ചൊല്ലുന്നുപനിഷത്തുകൾ
രാ മായണം ചൊല്ലി ഇതിഹാസക്കാതലാം കൃതി
തമസ്സിൻ ഘോരാന്ധ്യത്തിൽ ചുഴന്നുതന്നെ മനസ്സുകൾ
വെളിച്ചപ്പെടുവാൻ ദൂരമിനിയുമുണ്ടെന്നത്
നിർണ്ണയം

അവനിൽ ജീവനുണ്ടെന്നാൽ 
ജീവൻ തന്നെ വെളിച്ചവും
ആ വെളിച്ചം കെടുത്തുന്നു 
സഹജർ കാവലാവേണ്ടോർ
വെളിച്ചം വെളിച്ചമെന്നോതി 
വെളിച്ചപ്പെട്ടു വെളിച്ചവും
വെളിച്ചം മനസ്സിലാണാദ്യം 
വിളയേണ്ടത് നിർണ്ണയം

ജന്മബന്ധങ്ങളറ്റു പോകിൽ 
നരജന്മംവൃഥാവിലാം
നൂലറ്റ പട്ടം പോലെ അലയും വാനിൽ
അലസമായ്
കൃതമല്ലാത്ത ചെയ്തിക്കായുണരും
ഹീനചിന്തയും
ജന്മാന്തര ചിന്തയെല്ലാം 
വിലയിക്കും വിയത്തതിൽ

ജീവൻ ജീവനിൽ നിന്നും ഉയിർതേടിയുയർന്നിടും
വെളിച്ചം കെടും , പോകെ തമസ്സാകെ പരന്നിടും
ഇരുളെന്നും ഇരുളായ് തന്നെയാവില്ല പൊരുളായിടും
പൊരുളിൻ വെളിച്ചത്തിലേയ്ക്കിനിയുണ്ട് ദൂരം മുന്നിൽ



ചർക്ക



ചർക്ക 
കാലഹരണപ്പെട്ട യന്ത്ര വിശേഷമാണ്

എന്നാൽ
ചർക്ക 
സ്വാശ്രയത്വത്തിൻ്റെ സർഗ്ഗമുദ്രയാണ്
സ്വാതന്ത്ര്യത്തിൻ്റെ വഴിയിലെ ദിശാസൂചികയാണ്

ചർക്ക 
അവനവനിൽ തന്നെ തളഞ്ഞതിൽ നിന്ന്
അപരനിലേയ്ക്ക് പടർന്നുനീങ്ങുന്ന ജീവിത സന്ദേശമാണ്

ചർക്ക 
ജീവിതവീക്ഷണമാണ്.

ചർക്ക 
കർമ്മബദ്ധമായ ജീവനോപാധിയാണ്

മൗനത്തിൽ നിന്ന് മുന തെറുക്കുന്ന സമരായുധമാണ്
വട്ടക്കണ്ണടയും ഊന്നുവടിയും 
മദ്ധ്യേയൊരു ആൾരൂപവും
നിവർത്തിവച്ച ഒരുകാലിനും മടക്കിവച്ച മറുകാലിനും മദ്ധ്യേ അനിഷേധ്യമായ സമരായുധമായി ചർക്ക

ചർക്കയിൽ ജീവൻ വയ്ക്കുന്ന നൂലിഴകളിൽ സുബദ്ധരാകുന്ന
ജനപദം മുന്നിൽ 
ഹേ റാം എന്ന് ഭജിക്കുമ്പോഴും ശ്രോത്രങ്ങളിൽ ചർക്കയുടെ 
ആമന്ത്രണം കേട്ടിരിക്കാം




Thursday, 29 January 2026

മൂന്നു കവിതകൾ

1  കടലിൻ മുകളിൽ കവിത

കടലല മേലേ കവിത രചിക്കും പനിമതി ഈ രാവിൽ 
കള്ളക്കരിമുകിലലയുന്നുണ്ടീ തെളിവാനം തന്നിൽ 
മേഘക്കുഞ്ഞിനെയുള്ളിൽ പേറി അമ്പിളി നിൽക്കുന്നു 
ഒറ്റത്താരകമെരിയും വാനകൊട്ടാരത്തിലെ ദീപം പോൽ
കടലിൽ വെള്ളിവെളിച്ചം താവി തിരകൾ തിളങ്ങുന്നു
മേഘത്തുകിലുകൾ അംബരമാകെ പാറി നടക്കുന്നു 

2  ഓർമ്മകൾ ഉറങ്ങുന്ന ഇടവഴികൾ


ഓർമ്മകൾ ഉറങ്ങുന്ന ഇടവഴികൾ 
ഇന്ന് കാണുന്നില്ല; 
ഇടവഴി കട്ടകൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു
മനസ്സിലെ വഴിത്താര മറവിയുടെ 
കട്ട കൊണ്ട് മറയ്ക്കാനാകുന്നില്ല. 
പാൽ വാങ്ങാനും തീപ്പെട്ടിക്കൊള്ളി ചോദിച്ചും 
മണ്ണെണ്ണ വായ്പയ്ക്കായും 
അന്തി കഴിവോളം നീ 
വന്നുകൊണ്ടിരുന്നു.
മുട്ടറ്റമെത്തുന്ന പാവാടയും 
മൊട്ടിട്ട കൗമാര സ്വപ്നങ്ങളുമായി.
ഇടവഴി പോകാൻ കൂട്ടിനായി എൻ്റെ നേരെ പാഞ്ഞുവന്ന നീൾമിഴികൾ
നിഴലും നിലാവും ഇടകലർന്ന വഴിയിൽ നമ്മളും ഇടചേർന്നു.


3  തെരുവ് 

അലയും പട്ടിക്കാലയമാണീ തെരുവെന്നുള്ളതു കട്ടായം
കേറിക്കൂടാൻ കൂരകളില്ലാ കൂട്ടരുറങ്ങും തെരുവുകളിൽ
പാഴ്‌വസ്തുക്കളെറിഞ്ഞേ കളയാൻ കാൺമതു നമ്മൾ തെരുവോരം
രാഷ്ട്രീയക്കാർ ഉപരോധിക്കാൻ തെരുവുകൾ തേടാറുണ്ടെന്നും 
പകയുടെ പേരിൽ പരനെ കൊന്ന് ചോരയൊഴുക്കുവതിവിടല്ലോ!
ജനാധിപത്യം പുലരാൻ നാട്ടിൽ തെരുവുകൾ വേണം എന്നാളും


പൂർണ്ണവിരാമത്തിനൊരുങ്ങുമ്പോൾ

അവിരാമസങ്കടം തീർക്കുവാനാവാതെ
അലയുന്നു ജന്മങ്ങൾ മന്നിടത്തിൽ
സങ്കടം തോന്നുവാൻ കാരണമെന്തെന്ത്
സന്തതം നമ്മൾ തിരഞ്ഞു പോകെ
ജന്മം ലഭിക്കുവാൻ പാപസങ്കീർത്തനം
ജായാപതികൾ ജപിക്കയാലോ
പങ്കിട്ടെടുക്കുവാനാവാതെ ദാമ്പത്യം
പങ്കിലപ്പെട്ടെന്ന തോന്നലാമോ
ഇഷ്ടങ്ങളിഷ്ടങ്ങളോടിടഞ്ഞീടുമ്പോൾ
ശിഷ്ടമായൊന്നുമേ ദൃഷ്ടമല്ലേ
ഭ്രഷ്ടുകൽപ്പിച്ചുകൊണ്ടിഷ്ടരായ് നിന്നവർ
കഷ്ടം അകറ്റിയ കാരണമോ
പൂർണ്ണവിരാമത്തിനായിട്ടൊരുങ്ങുവാൻ
ഹേതുവായ് നിന്നതെന്തായിരിക്കാം
ജീവിതം വെല്ലുവിളിയെന്നതോർക്കാതെ
തൻകൊല ചെയ്യുന്നോർ ഭീരുവത്രേ
രാകിന ജീവിതം പൂർണ്ണസംതൃപ്തമായ്
ആർക്കും ലഭിക്കുകയില്ല നൂനം,
ജീവിതംകൊണ്ടുതിരുത്തണം
മാൽകൊണ്ട
കർമ്മങ്ങൾ നമ്മെയലട്ടിടാതെ

5.12.25



അരുവി

കുന്നിൻ്റെ നെഞ്ചകം നീറ്റുന്ന നൊമ്പരം
കണ്ണുനീർച്ചാലായൊഴുകിടുമ്പോൾ
മണ്ണിൻ്റെയുർവ്വരതയവിരാമമലിവോടെ
തെളിവായൊഴുക്കുന്നു അരുവിയായി 
കളിചിരികൾ കല്ലോല സല്ലാപവല്ലിയാൽ
പുഴകളിലടങ്ങുന്നു പുളകമോടെ.

Monday, 26 January 2026

വയലാർ - അമ്പതാണ്ടിനിപ്പുറം

വയലാർ അമ്പതാണ്ടിനിപ്പുറം

കവിത്രയങ്ങൾക്കു ശേഷം മലയാള കാവ്യശാഖ പുഷ്കലമായിരുന്നതായി തോന്നുന്നത് ചങ്ങമ്പുഴയും  പി.കുഞ്ഞിരാമൻ നായരും പാലാ നാരായണൻ നായരുമൊക്കെ സാഹിതീസംഭാവന ചെയ്തിരുന്ന കാലഘട്ടത്തിലായിരുന്നു. വരേണ്യരായ കവിസാർവ്വഭൗമന്മാരുടെയിടയിൽ നിന്ന് വ്യത്യസ്തരായി, സാധാരണക്കാരുടെ ജീവിതത്തെ, സൗന്ദര്യാത്മക കല്പനകളെ, പ്രകൃതിയിലെ മനോഹര ദൃശ്യങ്ങളെ കവിതയിൽ ആവാഹിച്ച് സഹൃദയർക്കു സമർപ്പിക്കുകയായിരുന്നു അവർ. അവർ തീർത്ത കാവ്യകല്ലോലിനികളിൽ ആവോളം  നീന്തിത്തുടിച്ചവരാണ് അക്കാലത്തെയും പിൽക്കാലത്തെയും മലയാളിമനസ്സുകൾ. അതിനു പുതുചാലുകൾ തീർത്തവരാണ് പിന്നീട് വന്ന കവികളിൽ പലരും. അവരിൽ പ്രധാനികളാണ് വയലാറും  ഓ.എൻ.വിയുമെല്ലാം .

കവിതയും ഗാനവും തമ്മിൽ സാമാന്യാർത്ഥത്തിൽ ഒന്നാണെങ്കിലും ഗാനത്തിന് സംഗീതപരമായ വഴക്കക്കൂടുതൽ വേണം. ആംഗലേയ ഭാഷയിൽ സോണറ്റ് ( Sonnet)എന്നും ലിറിക് (lyric)എന്നുമൊക്കെ പറയുന്ന ഭാവഗീതങ്ങളാണ് മലയാളത്തിൽ ഗീതകമായും ഗാനമായും പ്രത്യക്ഷീഭവിച്ചു കാണുന്നത്. ആംഗലേയത്തിൽ പതിന്നാലു വരികളിൽ ചിട്ടപ്പെടുത്തപ്പെട്ടവയെങ്കിൽ മലയാളത്തിലത് പലപ്പോഴും പന്ത്രണ്ടു വരിയിലേയ്ക്ക് പരിമിതപ്പെടുത്തിക്കാണുന്നു.

മലയാളത്തിൽ ശബ്ദചലച്ചിത്രങ്ങൾ നിർമിക്കപ്പെട്ടതോടെ ഗാനങ്ങൾ ചലച്ചിത്രത്തിൻ്റെ ഭാഗമാകാൻ തുടങ്ങി. പിന്നീട് ആ വ്യവസായത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മേഖലയായി അതു മാറി. അപ്പോഴൊന്നും പ്രതിഷ്ഠിതരായ കവികളുടെ രചനകൾ ചലച്ചിത്രഗാനങ്ങളായി വന്നിട്ടില്ല. പിൽക്കാലത്ത് ജി.ശങ്കരക്കുറുപ്പിൻ്റേയും ചങ്ങമ്പുഴയുടെയും കവിതാഭാഗങ്ങൾ ചിട്ടപ്പെടുത്തിയും ക്രമപ്പെടുത്തിയും ചലച്ചിത്രങ്ങളിൽ ഉപയോഗിച്ചു. അതു തന്നെ അവരുടെ കാലശേഷമായിരുന്നുവെന്ന് തോന്നുന്നു. 

 ആദ്യകാലത്ത് തമിഴ് സിനിമയുമായി സമരസപ്പെട്ടായിരുന്നു മലയാളത്തിലും സിനിമകൾ ഉണ്ടായത്. അതുകൊണ്ടു തന്നെ ഗാനങ്ങളിൽ ഏറെയും തമിഴ് കലർന്നവയായിരുന്നു. പിൽക്കാലത്ത് മലയാളികളായ നിർമ്മാതാക്കളും സാഹിത്യ ഗന്ധമുള്ള സംവിധായകരും വന്നതോടെയാണ് മലയാള ചലച്ചിത്ര ഗാനശാഖ സ്വന്തമായ മേൽവിലാസവും സ്വകീയമായ കാവ്യാംശവും കൈക്കൊണ്ടത്. മലയാളത്തനിമയുള്ള ഗാനങ്ങൾ ആദ്യം പിറവി കൊണ്ടത് പി.ഭാസ്ക്കരനിൽ നിന്നാണ്. അദ്ദേഹം സംവിധായകൻ കൂടിയായപ്പോൾ കാവ്യാംശവും കലാംശവും ചേർന്ന ഉത്തമ ചലച്ചിത്ര കാവ്യങ്ങൾ തന്നെ കൈരളിക്ക് സമ്മാനമായി കിട്ടി. അതു പോലെ തന്നെയായിരുന്നു ശ്രീ. ശ്രീകുമാരൻ തമ്പി. അനുപമമായ കാവ്യശൈലി അദ്ദേഹം ഗാനശാഖയിൽ കൊണ്ടുവന്നു. അവ മലയാളി മനസ്സിൽ മായാത്തമുദ്ര ചാർത്തപെട്ട് നിലകൊള്ളുന്നു.
തൊഴിലാളി വർഗ്ഗത്തിൻ്റെയും മദ്ധ്യ വർഗ്ഗത്തിൻ്റേയും കഥകൾ പ്രമേയമായുള്ള സിനിമകൾക്ക് സ്വീകാര്യത ലഭിച്ചതോടെ മനുഷ്യകഥാനുഗായിയായ വയലാറിനും സിനിമാ ആസ്വാദകരുടെയിടയിൽ വമ്പിച്ച സ്വീകാര്യത ലഭിച്ചു. 

ചലച്ചിത്ര മേഖലയിൽ എത്തിയതോടെ വയലാറിൻ്റെ പ്രതിഭ സൂര്യകിരണങ്ങൾ പോലെ സകലതലങ്ങളേയും സ്പർശിച്ചുകൊണ്ട് കാവ്യസഞ്ചാരം തുടങ്ങി. വിപ്ലവഗാനങ്ങൾ എഴുതുന്ന മോഡിൽ നിന്ന് ഭക്തിസാന്ദ്രമായ ഗാനങ്ങൾ എഴുതുന്ന മോഡിലേയ്ക്ക് മാറാൻ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞു. അതുപോലെ തത്വചിന്താപരമായ വിഷയത്തിൽ നിന്ന് ശാസ്ത്രീയ വിഷയത്തിലേയ്ക്ക്. ഒരേ സമയം ഗിരിശൃംഗങ്ങളെ കുറിച്ചും സമുദ്രത്തിൻ്റെ അപാരതയെ കുറിച്ചും. ഭൂമിയെ കുറിച്ചും സൗരമണ്ഡലത്തെക്കുറിച്ചും. ഭിന്ന ഭാവങ്ങൾ കൈക്കൊള്ളുന്ന മഴച്ചാർത്തു പോലെയായിരുന്നു വയലാറിൻ്റെ സർഗ്ഗവാസനാവികൃതി. 
രാമവർമ്മ തിരുമുൽപ്പാട് എന്ന കവിയിൽ നിന്ന് വയലാർ രാമവർമ്മ എന്ന കവിയും ഗാനരചയിതാവുമെന്ന സമഗ്രരൂപത്തിലേയ്ക്കും ജനകീയ കവിയായതോടെ വയലാർ എന്ന സ്ഥലനാമത്തിലേയ്ക്കും പകർത്തി എഴുതപ്പെടുകയായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിൻ്റെ ഭൗതിക സാന്നിദ്ധ്യം ഇല്ലാതായിട്ട് അമ്പതാണ്ടു തികഞ്ഞിരിക്കുന്നു. കണിയാപുരം രാമചന്ദ്രനോടാണെന്നു തോന്നുന്നു ഒരിക്കൽ ആരോ ചോദിച്ചു. വയലാറിനേക്കാൾ പ്രഗദ്ഭരായ ഗാനരചയിതാക്കൾ വേറെയുണ്ടല്ലോ പിന്നെന്തിന് വയലാറിനു മാത്രം ഏറെ ആദരം കൊടുക്കുന്നുവെന്ന്. ഒരുപക്ഷേ പി.ഭാസ്ക്കരനെയും ശ്രീകുമാരൻ തമ്പിയേയും ഉദ്ദേശിച്ചായിരിക്കാം ചോദിച്ചത്. ഉത്തരം സുചിന്തതമായിരുന്നു. സൂര്യനേക്കാൾ വലുതും പ്രകാശതീവ്രതയുമുള്ള ഒട്ടനവധി നക്ഷത്രങ്ങൾ വേറെയുണ്ട്. പക്ഷേ നാം സൂര്യനെയാണ് ഇഷ്ടപ്പെടുന്നത്, ആരാധിക്കുന്നത്. കാരണം സൂര്യനാണ് മനുഷ്യനോടടുത്തു നിൽക്കുന്നത്. നമുക്ക് പകലും രാത്രിയും ഋതുഭേദങ്ങളും നൽകുന്നത്. നമുക്ക് ഹൃദ്യമായ അനുഭവ തലങ്ങൾ സമ്മാനിക്കുന്നത്.
അതെ. അമ്പതുവർഷം പിന്നിട്ടിട്ടും സഹസ്ര കിരണങ്ങളുമായ് വയലാർ ഉജ്ജ്വലിച്ചു നിൽക്കുന്നു.

Monday, 12 January 2026

ഉത്രാടനിലാവ്

ഓമനത്താരകകുഞ്ഞിനൊപ്പം
വാർമതി മെല്ലെയുദിച്ചുയർന്നു
ഉത്രാടരാവിൽ കുടക്കടുക്കൻ
കാതിലണിഞ്ഞ തുമ്പച്ചെടികൾ
കാതരമാമൊരു സ്വപ്നവുമായ്
നാളെ വിരിഞ്ഞിടും ഹ്ലാദമോടെ
മുക്കുറ്റി ചേമന്തി പൊന്നലുക്കിൻ
കിന്നരി തീർക്കുന്ന പൊന്നശോകം
ഒക്കെയും കണ്ണിൽ പ്രതീക്ഷയുമായ്
പൂക്കളം തന്നിൽ നിരന്നു കാണും
പൂത്തു വിടർന്നതാം പിച്ചകങ്ങൾ
പുഷ്പസൗരഭ്യം പരത്തിടുന്നു
നാളെയ്ക്കു നാഴൂരിപ്പാലു വേണം
നന്ദിനിപ്പയ്യിനതോർമ്മയുണ്ടോ
വാനവും ഭൂമിയുമൊന്നു പോലെ
ഉത്രാട ന്‌ലാവിൽ കുളിച്ചു നിന്നു



Monday, 5 January 2026

ആനന്ദവനത്തിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക്

I

1 ശക്തിയുടെ മണ്ണ്

ശക്തൻ്റെ മണ്ണിൽ നിന്നാണ് ഞങ്ങൾ ശക്തിയുടെ മണ്ണിലേയ്ക്ക് വന്നത്. മോക്ഷസ്ഥാനത്തേയ്ക്ക്. ആനന്ദ വനത്തിലേയ്ക്ക്. 
മുപ്പതുപേരടങ്ങുന്ന ഒരു യാത്രാ സംഘമായിരുന്നു ഞങ്ങളുടേത്. രണ്ടു രാപ്പകലുകൾ വണ്ടിയിൽ കഴിയേണ്ടി വന്നെങ്കിലും വഴിയോരക്കാഴ്ച്ചകളും വെടിവട്ടവുമൊക്കെയായി സമയം പോയതറിഞ്ഞിരുന്നില്ല. ഒരു പുലർകാലത്താണ് ഞങ്ങൾ കാശിയിൽ കാലുകുത്തിയത്. ഉചിതമായ വാസസ്ഥലം ഉണ്ടായിരുന്നതിനാലും ഉറക്കം ട്രെയിനിൽ വച്ചു തന്നെ മുഴുവനാക്കിയതിനാലും ചെറിയ ഒരു വിശ്രമത്തിനു ശേഷം ഞങ്ങൾ ഗംഗാ നദി കാണുവാനായി പോയി.ഹരിശ്ചന്ദ്രഘട്ടിനടുത്തായിരുന്നു ഞങ്ങളുടെ വാസസ്ഥലമെന്നതിനാൽ കാൽനടയായിത്തനെയാണ് ഗംഗാ ദർശനത്തിന് ഇറങ്ങിയത്.
മൂന്നുപതിറ്റാണ്ട് മുമ്പ് കാശിയിൽ വന്നപ്പോൾ ഹരിശ്ചന്ദ്ര ഘട്ടിൽ സ്നാനം ചെയ്തത് ഓർത്തു. അന്ന് പാതി വെന്ത ശവങ്ങൾ ഒഴുകിയിരുന്ന കടവുകൾ ഇപ്പോൾ ഒട്ടൊക്കെ ശുചിത്വമുള്ളവയായിരിക്കുന്നു. അന്ന് മനസ്സിലാക്കിയിരുന്നത് ഹരിശ്ചന്ദ്രഘട്ട് ദക്ഷിണേന്ത്യക്കാർക്കായുള്ള സ്നാനഘട്ടമാണെന്നാണ്. ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ അവിടേയ്ക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. പവിത്രഗംഗയെ പ്രാതകാലത്ത് ദർശിച്ച് ഞങ്ങൾ മടങ്ങി. തുടർന്ന് പ്രഭാത ഭക്ഷണ ശേഷം കാശി വിശ്വനാഥ ദർശനത്തിനായി പോയി.
പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാശി എന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ വിശ്വനാഥനായ ശിവനാണ് മുഖ്യ ആരാധന. സമനിരപ്പിൽ നിന്ന് താഴ്ന്ന വിതാനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം കാണാം. സാമവേദ സമ്പ്രദായത്തിലാണ് പൂജാദികൾ.
ഗംഗാനദിയുടെ പടിഞ്ഞാറേ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ വിശ്വനാഥനെ കൂടാതെ വിശാലാക്ഷി ക്ഷേത്രവും ഉണ്ട്. മണികർണ്ണികാ ദേവി ക്ഷേത്രമെന്നും ഇതിന് പേരുണ്ട് . വിശാലാക്ഷിയായ ശ്രീപാർവ്വതി പൂർവ്വജന്മത്തിൽ ദക്ഷൻ്റെ മകളായ സതീദേവിയായിരുന്നല്ലോ! സതീദേവിയുടെ കർണ്ണാഭരണം വീണ് പോയയിടം ആയതിനാൽ ഇവിടം മണികർണ്ണിക എന്നറിയപ്പെടുന്നത്.
കാശിവിശ്വനാഥ ക്ഷേത്രത്തോട് സമീപസ്ഥവും ഏറെ പ്രധാനപ്പെട്ടതുമാണ് മണികർണ്ണികാഘട്ട്. പ്രാചീനമായ ആരാധനാ സമ്പ്രദായങ്ങൾക്കും വിശ്വാസങ്ങൾക്കും സാക്ഷിയാണ് മണികർണ്ണികാ ഘട്ടം. ഇവിടെയാണ് പ്രധാനപ്പെട്ട ശവസംസ്കാര സ്ഥലം. മുമ്പ് ഗംഗയുടെ തീരങ്ങളിലത്രയും ശവസംസ്ക്കാരം നടത്തുമായിരുന്നു. എന്നാൽ ഇന്നത് ഇവിടം മാത്രമായി പരിമിതപ്പെടുത്തിക്കാണുന്നു. ഞങ്ങളുടെ സഞ്ചാര സഹായി പറഞ്ഞപ്രകാരം മണികർണ്ണികയിൽ ദഹിപ്പിക്കുമ്പോൾ ദുർഗന്ധം വമിക്കുന്നില്ല. ഇവിടത്തെ ചിതാഭസ്മം ശിവരാത്രി കാലത്ത് ക്ഷേത്രത്തിനുള്ളിൽ പൂജാദ്രവ്യമായി ഉപയോഗിക്കാറുണ്ടത്രേ! അന്നേ കാലം അഘോരികളുൾപ്പടെ എല്ലാ വിഭാഗം ഹിന്ദുമത പുരോഹിതർക്കും ഇവിടെ പൂജാദികൾ ചെയ്യാൻ അവസരമുണ്ട്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മോക്ഷ പ്രാപ്തിയുടെ അവസാനകേന്ദ്രമാണ് കാശി. ജീവിതത്തിൻ്റെ നശ്വരത ബോദ്ധ്യപ്പെടുത്തുന്ന മഹാശ്മശാനം ഇവിടെ മണികർണ്ണികാ ഘട്ടിലാണ്. ഇവിടെ ദഹിപ്പിക്കപ്പെടുന്നതോടെ പാപങ്ങൾ അറ്റുപോകുന്നുവെന്നാണ് വിശ്വാസം. അതുപോലെ പുനർജന്മമില്ലാതെ നേരിട്ട് മോക്ഷ പ്രാപ്തി സിദ്ധമാകുകയും ചെയ്യും. ഇവിടെ ദിവസത്തിൽ മുഴുവൻ സമയവും ദഹനപ്രക്രിയ നടക്കുന്നു. ശക്തമായ ശൈവ സാന്നിദ്ധ്യം ഇവിടെയുണ്ടെന്നതാണ് വിശ്വാസം. ശിവൻ മോക്ഷാർത്ഥമായി പരേതാത്മക്കൾക്ക് താരകമന്ത്രം ചെവിയിൽ ഓതിക്കൊടുക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ആത്മീയത ആഴത്തിൽ വേരുന്നിയ ഇടമാണ്. ഇവിടെ മരണം അവസാനമല്ല; മറിച്ച് ദൈവികമായ മോചനമാണ്; മോക്ഷമാണ്. ശിവൻ്റെയും സതിയുടെയും കഥയിലൂടെ ഇത് സാധൂകരിക്കപ്പെടുന്നു. സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും തുലനവിലയനങ്ങൾ ഇവിടെ നടക്കുന്നു.. 


2
കാലഭൈരവൻ


കാശിയുടെ കാവലാളായി കല്പിക്കപ്പെടുന്നത് കാലഭൈരവനെയാണ്. ഞങ്ങൾ കാലഭൈരവ ക്ഷേത്രവും സന്ദർശിച്ചു. ഇടുങ്ങിയ ഗലികൾക്കിടയിലൂടെയാണ് പ്രവേശനമാർഗ്ഗം. വെള്ളിയിൽ പൊതിഞ്ഞ കാലഭൈരവൻ്റെ മുഖം മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രസ്പഷ്ടമായി കാണാൻ കഴിയുന്നുള്ളൂ. ബാക്കിഭാഗം പൂക്കളും മാലകളുംകൊണ്ടലംകൃതമാണ്.
 കാലഭൈരവക്ഷേത്രത്തിന് കാശിയോളം തന്നെ പഴക്കവും പ്രാധാന്യവുമുണ്ട്.

 കാലഭൈരവൻ ശിവൻ്റെ തന്നെ സൃഷ്ടിയാണ്. ആർക്കാണ് കൂടുതൽ മഹത്വം എന്നതിനെ സംബന്ധിച്ച് ബ്രാഹ്മാവും വിഷ്ണുവുമായി തർക്കമുണ്ടായി. മദ്ധ്യസ്ഥൻ്റെ നിലയിൽ ശിവൻ ഒരു തേജ:സ്തംഭമായി അവരുടെ ഇടയിൽ നിലകൊണ്ടു. ബ്രഹ്മാവ് തൻ്റെ അഞ്ചാമത്തെ തല കൊണ്ട് അതിൻ്റെ പ്രഭവസ്ഥാനം തിരഞ്ഞ് എത്തി നോക്കി. ശിവശക്തിയിൽ ബ്രഹ്മാവിൻ്റെ തല ദഹിച്ചു പോയി. ശിവൻ ഉടൻ തന്നെ കാലഭൈരവനെ സൃഷ്ടിച്ച് പുതിയ ഒരു തല കൃത്രിമമായി സൃഷ്ടിച്ചു. എന്നാൽ അത് കാലഭൈരവൻ്റെ കയ്യിൽ ഒട്ടിപ്പിടിച്ചുതന്നെ ഇരുന്നു. ബ്രഹ്മഹത്യാപാപം തീരാൻ ശിവൻ ഭൈരവനോട് ആ ദേശം വിട്ടുപോകുവാൻ കല്പിച്ചു. എന്നാൽ എവിടെ പോയിട്ടും പാപം കെട്ടില്ല. അതൊരു ദുരാത്മാവു കണക്കെ പിറകെ കൂടി. ഒടുവിൽ കാശിയിലെത്തിയതോടെ കയ്യിൽ ഒട്ടിയ കപാലം താഴെ വീണു. അവിടം കപാലമോചന തീർത്ഥം എന്നറിയപ്പെടുന്നു.

മരണം പോലും ഭയക്കുന്ന കാലഭൈരവനെ കാശിയിൽ തന്നെ വസിക്കാനായി ശിവൻ അനുവദിച്ചു. കാശിയിൽ വരാൻ ആദ്യം കാലഭൈരവൻ്റെ അനുഗ്രഹം തേടണമെന്നതാണ് വിശ്വാസം.
കാലഭൈരവൻ തൻ്റെ വാഹനമായ നായയുടെ പുറത്ത് ശൂലവും പിടിച്ചിരിക്കുന്നതായാണ് സങ്കല്പം. കാലഭൈരവൻ ശിവൻ്റെ തന്നെ രൂപാന്തരമാണ്. കഴുത്തിൽ കപാലമാലയും കയ്യിൽ മയിൽപീലി കൊണ്ടുള്ള ഗദയുമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

മൃത്യഞ്ജയ മഹാദേവ ക്ഷേത്രമാണ് ഞങ്ങൾ സന്ദർശിച്ച മറ്റൊരു മഹാക്ഷേത്രം. ഇവിടെ ക്ഷേത്രത്തിനുള്ളിലായി ഒരു ശിവലിംഗവും അതിനു ചുറ്റുമായി ഒരു ചെറുകിണറുമാണ് കാണുന്നത്. അകാലമൃത്യു, അപകടമൃത്യു, രോഗാദികൾ തുടങ്ങിയവയിൽ നിന്ന് മൃത്യുഞ്ജയ മഹാദേവൻ രക്ഷിക്കുമെന്നാണ് വിശ്വാസം.
വിഷ്ണുവിൻ്റെ അവതാരമായ ധന്വന്തരി മൂർത്തി തൻ്റെ ഔഷധക്കൂട്ടുകൾ ഇവിടത്തെ കിണറ്റിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. അതിനാലത്രേ ഇവിടം രോഗവിമുക്തിക്ക് കാരണമാകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ചെറു ക്ഷേത്രങ്ങളും കാശിയിലെമ്പാടും കാണാൻ കഴിയും. അതുകൊണ്ടുതന്നെയായിരിക്കാം ഇവിടെ ദേവഭൂമി എന്നറിയപ്പെടുന്നത്. കാശി ക്ഷേത്രത്തിന് മുകളിൽ പരുന്തുകൾ പറക്കാറില്ലത്രേ! ഒരു പക്ഷേ വിഷ്ണുവിൻ്റെ സാന്നിദ്ധ്യമല്ല ശൈവസാന്നിദ്ധ്യമാണിവിടെയുള്ളത് എന്നതിനാലാവാം. കൂടാതെ ഗംഗാനദീതീരത്ത് പിതൃബലി നടത്തി പിണ്ഡം തൂകാറുണ്ടെങ്കിലും ഇവിടെയെങ്ങും കാക്കകളെകാണാറില്ല. ആത്യന്തിക മോക്ഷം സിദ്ധിച്ച് ആത്മാക്കൾ ശക്തിയിൽ വിലയം കൊള്ളുന്നതിനാലാവാം.
3
കാശി

രാജാവകാശങ്ങളുടെ ധ്വജാരോഹങ്ങളുടേയും  കടന്നുകയറ്റക്കാരുടെ ധ്വംസനങ്ങളുടെയും ഗതകാല ചരിത്രമാണ് കാശിക്കുള്ളത്. എത്രമേൽ തകർക്കപ്പെട്ടിട്ടും രൂപഭേദം വരുത്തിയിട്ടും കാശിയുടെ ശക്തിചൈതന്യം ഇന്നും പൂർവ്വോൽക്കർഷത്തോടെ നിലകൊള്ളുന്നുവെന്നതാണത്ഭുതം.

കാശിയുടെ ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ വരവോടെയാണ്. ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിൽ ആര്യ തത്വജ്ഞാനത്തിൻ്റേയും മതവിശ്വാസങ്ങളുടെയും കേന്ദ്രമായിരുന്നു കാശി. പിന്നീട് ഒരു വ്യാപാര വ്യാവസായിക കേന്ദ്രമായി.  പ്രസിദ്ധരായ പല രാജർഷിമാരും കാശി ഭരിച്ചിരുന്നു. കാശിയിൽ വച്ചു തന്നെയാണ് ബുദ്ധൻ ആദ്യമായി ധർമ്മ പ്രബോധനം നടത്തിയത്.

ജാതകകഥകളിൽ കാശിയുടെ വാണിജ്യ പ്രാധാന്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നേർത്ത മസ്ലിൻ , പട്ട്, സുഗന്ധ വസ്തുക്കൾ, ശില്പങ്ങൾ തുടങ്ങിയവയ്ക്ക് പ്രസിദ്ധിയാർജിച്ചിരുന്നു. ക്രി.മു. 650-ാമാണ്ടിൽ കോസലരാജ്യത്തോട് ചേർക്കപ്പെട്ടപ്പോൾ കാശിയുടെ സ്വതന്ത്ര രാജ്യ പദവി നഷ്ടപ്പെട്ടു. ചന്ദ്രഗുപ്തമൗര്യൻ്റെ കാലത്ത് മഗധാധിപത്യത്തിലായി (B C 321- 296). ബിംബിസാരൻ,അശോകൻ എന്നിവർക്കു ശേഷം AD 7ാം നൂറ്റാണ്ടിൽ ഹർഷവർദ്ധനൻ്റെ ഭരണത്തിൻ കീഴിലായി. പിന്നീട് പല വിധ ആക്രമണങ്ങൾ. . 12ാം നൂറ്റാണ്ടിൻ്റെ അവസാനം വരെ ഗാർവാർ രാജാക്കന്മാർ ഭരിച്ചു. 1193 ൽ മുഹമ്മദ് ഗോറി നഗരം കീഴടക്കി. പിന്നീട് ദില്ലി സുൽത്താൻ്റെ ഭരണത്തിലായി. ഗോറിയുടെ കാലത്ത് പള്ളി തകർത്ത് തൽസ്ഥാനത്ത് പള്ളി പണി കഴിപ്പിച്ചു. ചെറുത്തു നിന്ന ഹിന്ദുക്കളേയും സന്യാസി സമൂഹത്തേയും നിഷ്ഠൂരമായി കൊന്നൊടുക്കി. സാംക്രമിക രോഗങ്ങളും കഷ്ടതകളും അതിനെ തുടർന്നുണ്ടായി. നാരായണ ഭട്ട എന്ന ആചാര്യൻ്റെ നിർദ്ദേശം അനുസരിച്ച് 1569 ൽ ക്ഷേത്രം പുനരുദ്ധരിച്ചു.ക്ഷേത്രത്തിനു സമീപം ഒരു ജ്ഞാനവാപിയുണ്ട്.

ഔറംഗസേബിൻ്റെ കാലത്ത് (1618-1807) കാശിക്ക് ഏറെ നാശനഷ്ടങ്ങളുണ്ടായി. 

ക്ഷേത്രം വീണ്ടും ഇടിച്ചു നിരത്തപ്പെട്ടു. ജ്ഞാനവാപിയുൾപ്പടെയുള്ള സ്ഥലത്ത് വീണ്ടും പള്ളി പണികഴിപ്പിച്ചു.

ബ്രിട്ടീഷ് ഭരണാരംഭത്തിൽ കാശി പ്രധാന വ്യാപാര കേന്ദ്രമായി.. 1911 ൽ പ്രത്യേക സംസ്ഥാനമായി ചേർക്കപ്പെട്ടു.. 1949 ൽ ഉത്തർ പ്രദേശിൽ ലയിച്ചു.



4 ദശാശ്വമേധ ഘട്ട്



വൈകുന്നേരം ഞങ്ങൾ ദശാശ്വമേധഘട്ടിൽ ഗംഗാ ആരതി കാണാൻ പോയി. ജനനിബിഡമായ റോഡ്' . പോരാത്തതിന് എലിവേറ്റഡ് ഹൈവേക്കായുള്ള നിർമ്മാണ പ്രവർത്തനവും. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനത്തിരക്കേറുമ്പോൾ ഉള്ളിൽ ഭീതിയോടെയേ നിർമ്മാണമേഖല മറികടക്കാനാകുകയുള്ളൂ. അത്യഗാധമായ കിടങ്ങുകളാണ് വശങ്ങളിൽ. ബാരിക്കേഡിന് വലിയ സമ്മർദ്ദങ്ങൾ താങ്ങാനുള്ള കരുത്തുമില്ല. ഒരു വിധേന ഞങ്ങളുടെ സംഘം ദശാശ്വമേധിൽ എത്തി. ഇത് സ്നാനഘട്ടങ്ങളിൽ അവസാനത്തേതാണെന്ന് തോന്നുന്നു.

ശിവൻ്റെ തിരിച്ചുവരവിനായി ബ്രഹ്മാവ് പത്ത് അശ്വമേധയാഗങ്ങൾ നടത്തിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.

 ഇവിടെയാണ് സായംകാലത്തെ ഗംഗാ ആരതി. ജനനിബിഡമാണവിടം. ഗംഗാ ആരതി കാണാൻ കരയിലും നദിയിലുമായി ആളുകൾ തമ്പടിച്ചിരിക്കുന്നു. വ്യക്തമായി കാണാൻ വേണ്ടി ഞങ്ങൾ ഒരു വഞ്ചിയിൽ ഉയർന്ന സ്ഥലത്ത് സ്ഥാനം പിടിച്ചു. ബോട്ടുകളെല്ലാം തന്നെ മാലിക്കിൻ്റെതാണ്. തുഴച്ചിൽക്കാർക്ക് തുച്ഛമായ ശമ്പളം മാത്രം. ഗംഗാ ആരതി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വിസ്മയകരമായ ഒരു ഷോ തന്നെയാണ്. ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നെള്ളിപ്പിന് സമാനമായ ഒന്ന്. പുരോഹിതന്മാർ പ്രത്യേക വേഷഭൂഷകളുമായി ഗംഗാതീരത്ത് നിരന്നുനിന്ന് വലിയ ശിഖരവിളക്ക് (ദീപയഷ്ടി) ഉയർത്തി ഗംഗയ്ക്ക് ദീപം കൊണ്ട് ആരതിയുഴുയുന്നു. തുടർന്ന് ധൂപം കൊണ്ട് ആരതി നടക്കുന്നു.വെഞ്ചാമരം, ആലവട്ടം, ശംഖനാദം,ദീർഘ ഘണ്ടാരവം എല്ലാം കൂടി വിസ്മയിപ്പിക്കുന്ന ഒരു ദീപക്കാഴ്ചയാണ് സന്ധ്യാവേളയിൽ ഒരുക്കുന്നത്. നിരനിരയായി നിന്ന് ആരതിയുഴിയുമ്പോൾ ദീപങ്ങൾ ചൊരിയുന്ന സുവർണ്ണപ്രഭ ഗംഗയുടെ കുളിരലകളിൽ പ്രതിബിംബിക്കുമ്പോൾ വിസ്മയകരമായ ഒരു കാഴ്ചയും അതീന്ദ്രിയമായ അനുഭൂതിയും നമുക്ക് ലഭ്യമാകുന്നു.

ഗംഗാമാതാവിനെ ഭക്തിബഹുമാനങ്ങളോടെയാണ് ഹിന്ദു സമൂഹം നോക്കിക്കാണുന്നത്. പുരാണപ്രകാരം സ്വർഗ്ഗവാഹിനിയായ ആകാശഗംഗയെ ഭഗീരഥൻ പിത്രർത്ഥ്യമായി തപം ചെയ്ത് ഭൂമിയിൽ കൊണ്ടുവന്നുവെന്നാണ് വിശ്വാസം. ഇന്നിപ്പോൾ കാശിയുടെ മഹത്വം കടലുകൾ കടന്ന് വിദേശ രാജ്യങ്ങളിൽ വരെ എത്തുന്നതിൽ ഈ ഗംഗാരതി വളരെ ഏറെ സഹായകമാകുന്നുണ്ട്.

ഗംഗാരതി കണ്ടതോടെ ഞങ്ങളുടെ അന്നത്തെ കാഴ്ചകൾ മതിയാക്കി താമസ സ്ഥലത്തേയ്ക്ക് മടങ്ങി.

5 അസി ഘട്ട്



രണ്ടാം ദിവസം ഞങ്ങൾ ആദ്യം പോയത് അസി ഘട്ടിലേയ്ക്കാണ്. വാരണ,അസി നദികൾ സന്ധിക്കുന്നത് ഇവിടെ വച്ചാണ്. ഇവിടെ നിന്നാണ് ഗംഗയിലെ സ്നാനഘട്ടങ്ങൾ തുടങ്ങുന്നതുതന്നെ. പ്രഭാതത്തിലെ ഗംഗാ ആരതി ഇവിടെയാണ് നടത്തുന്നത്. ഗംഗാമാതാവിനെ ഉണർത്താൻ ഉദ്ദേശിച്ചുള്ള ആരതിയാണിത്. ചടങ്ങുകൾ സന്ധ്യാവേളയിലേതിന് സമാനമാണ്. ഗംഗാ ആരതിക്കു ശേഷം ഞങ്ങൾ ഗംഗയിലൂടെ ഒരു ബോട്ടു യാത്ര നടത്തി. വിവിധ സ്നാനഘട്ടങ്ങളെ കണ്ടുകൊണ്ടും ഗംഗാ നദിയുടെ വിസ്തൃതമായ ജലപ്പരപ്പിനു മുകളിലൂടെയുള്ള യാത്ര. പണ്ട് ശ്രീരാമാദികൾ ഈ നദി കടന്നാണല്ലോ വനയാത്രയ്ക്ക് പോയതെന്ന് മനസ്സിൽ വിചാരിച്ചു. ദേശാടനപ്പക്ഷികൾ ധാരാളമായി തലങ്ങും വിലങ്ങും പാറിനടക്കുന്നുണ്ട്. സൈബീരിയൻ കൊക്കുകളുടെ വിഭാഗത്തിൽ പെട്ട പക്ഷികളാണ് അധികവും. അവയ്ക്ക് തീറ്റ കൊടുക്കന്നത് പുണ്യമാണെന്ന് കരുതിയാവാം ധാരാളം പേർ അവയ്ക്ക് തീറ്റ കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെറുവഞ്ചികളിൽ പക്ഷിത്തീറ്റ വില്പനക്കാർ ബോട്ടിനു ചുറ്റും നിരന്നിരുന്നു. ഗംഗയിൽ ഡോൾഫിനുകൾ ഉള്ളതായി കേട്ടിരിക്കുന്നു. എന്നാൽ ഒന്നിനെ പോലും കാണാൻ കഴിഞ്ഞില്ല. വിവിധ സ്നാനഘട്ടങ്ങൾ കണ്ടുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. കാശിവിശ്വനാഥക്ഷേത്രവും സമീപസ്ഥമായ മണികർണ്ണിക ഘട്ടും നദിയിലിരുന്നുകൊണ്ട് കണ്ടു. മണികർണ്ണിക ഘട്ടിൽ അപ്പോഴും ചിതാഗ്നി അണയാതെ ആളിക്കുന്നുണ്ടായിരുന്നു.

ദശാശ്വമേധിൽ സ്റ്റാന ഘട്ടുകൾ  അവസാനിക്കുകയാണ്. ആ ഭാഗത്താണ് ഗംഗയ്ക്കു കുറുകെ മറുകരയിലേയ്ക്കുള്ള പാലങ്ങൾ. സമയം ഒരു മണിയോടടുത്തതിനാൽ ഞങ്ങൾ ഭക്ഷണാർത്ഥം വാസസ്ഥലത്തേയ്ക്ക് മടങ്ങി.

6 തുളസി മാനസമന്ദിർ, ബിർല മന്ദിർ

വൈകുന്നേരത്തെ സന്ദർശനങ്ങളിൽ പ്രധാനമായത് തുളസി മാനസമന്ദിർ ആണ്. ഇത് ക്ഷേത്രമെന്നതിനേക്കാൾ ഗോസ്വാമി തുളസിദാസിൻ്റെ സ്മാരക മന്ദിരം കൂടിയാണ്. വാല്മീകിയാണ് രാമായണമെഴുതിയതെങ്കിലും ആയത് സംസ്കൃത ഭാഷയിലായിരുന്നതിനാൽ സാധാരണക്കാർക്ക് അത് പ്രാപ്യമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തുളസീദാസ് എന്ന കവിയാണ് അവധ് ഭാഷയിൽ (ഹിന്ദിയോട് സദൃശമായ പ്രാദേശിക ഭാഷ) രാമചരിതമാനസ എന്ന പേരിൽ രാമായണത്തെ പുനരാവിഷ്ക്കരിച്ചത്. അദ്ദേഹം രാമചരിതമാനസ എന്ന തുളസീരാമായണം രചിച്ച അതേ സ്ഥലത്തു തന്നെ പിന്നീട് തുളസി മാനസ മന്ദിർ എന്ന ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു. 1964 ൽ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ഭിത്തികൾ വെണ്ണക്കല്ലുകളിൽ തീർത്തതാണ്. ആഭിത്തികളിൽ രാമചരിതമാനസയിലെ മുഴുവൻ ശ്ലോകങ്ങളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൻ്റെ മദ്ധ്യത്തിലായി രാമൻ്റേയും സീതയുടേയും ഹനുമാൻ്റെയും പ്രതിഷ്ഠകൾ സ്ഥാപിച്ചിട്ടുണ്ട്. തികച്ചും ശാന്തമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനകത്തും പുറത്തും ഉള്ളത്.

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിലും ബഹുജനപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ച നിരവധിയായ ആളുകൾ ബനാറസ് ഹിന്ദു വിദ്യാലയത്തിൽ പഠിതാക്കളായിരുന്നു. ജനകീയ പ്രസ്ഥാനത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾ വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ പണ്ഡിറ്റ്. മദൻ മോഹൻ മാളവ്യ എന്ന ഉൽപ്പതിഷ്ണു 1916 ൽ സ്ഥാപിച്ച ഈ മഹാ വിദ്യാലയം ഭാരതത്തിൻ്റെ യശ:സ്തംഭമായി ഇന്നും നിലകൊള്ളുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായി. ഭാരതത്തിൻ്റെ ദാരിദ്ര്യനിർമ്മാർജ്ജനം ശാസ്ത്രീയ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിതമാകൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ മഹാവിദ്യാലയം.

പുതിയ വിശ്വനാഥ ക്ഷേത്രം അഥവാ ബിർലാ മന്ദിർ ആണ് വാരണാസിയിലെ മറ്റൊരാകർഷണം. ബനാറസ് വിശ്വവിദ്യാലയത്തിൻ്റെ കാമ്പസിൽ തന്നെയാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പൂർണ്ണമായും വെണ്ണക്കല്ലിൽ തീർത്ത ഈ ക്ഷേത്ര വിസ്മയത്തിൻ്റെ ഗോപുരത്തിന് 250 അടി ഉയരമുണ്ട്. ഇൻഡ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരമായി ഇത് കണക്കാക്കപ്പെടുന്നു. വ്യവസായ പ്രമുഖരായ ബിൽല കുടുംബത്തിൻ്റെ കൂടി സഹായത്താൽ 1966 ൽ പണി കഴിപ്പിക്കപ്പെട്ടതാണിത്.

യഥാർത്ഥത്തിൽ ഇത് കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പാണ്. ഹിന്ദുത്വത്തോളം തന്നെ പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രം മുഹമ്മദ് ഗോറി മുതൽ ഔറംഗ്സേബ് വരെയുള്ള പല മുസ്ലീം കടന്നു കയറ്റുക്കാരുടെയും ധർഷണങ്ങൾക്കും കൊള്ളി വയ്പ്പിനും കവർച്ചയ്ക്കും വിധേയമായി. ഓരോ കാലത്തും നശിപ്പിക്കപ്പെട്ട ക്ഷേത്രത്തേയും ശില്പങ്ങൾ ഉൾപ്പടെയുള്ള നിർമ്മിതികളേയും പുനർസൃഷ്ടിക്കാൻ തദ്ദേശിയരായ ഹൈന്ദവ സമൂഹം ശ്രമിച്ചെങ്കിലും അവയെല്ലാം വീണ്ടും തച്ചുതകർക്കപ്പെട്ടു. ഏറ്റവും ഒടുവിൽ 1930 ൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ബിർല കുടുംബത്തെക്കൊണ്ട് കാശിവിശ്വനാഥ ക്ഷേത്രത്തെ പുന:സൃഷ്ടിക്കുകയായിരുന്നു.

7 സാരനാഥ്


കാശിയിൽ നിന്ന് ഏതാണ്ട് 15 കി മീ വടക്കുകിഴക്ക് മാറിയാണ് സാരനാഥ്. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് സാരാനാഥ് അറിയപ്പെടുന്നത്. ഗയയിൽ വച്ച് ബോധോദയംസിദ്ധിച്ച ബുദ്ധദേവൻ ആദ്യമായി തൻ്റെ ശിഷ്യന്മാർക്ക് ധർമ്മോപദേശം നൽകിയത് ഇവിടെ വച്ചാണ്.

ബുദ്ധന് ബോധോദയംസിദ്ധിച്ചത് ബിഹാറിലെ ഗയ എന്ന സ്ഥലത്ത് ഒരു വടവൃക്ഷച്ചുവട്ടിൽ വച്ചായിരുന്നല്ലോ? ആ വൃക്ഷം കാലമേൽപ്പിച്ച ജീർണ്ണതയിൽ 

കടപുഴകിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ആ തായ് വൃക്ഷത്തിൻ്റെ മൂന്നാം തലമുറയിലെ വടവൃക്ഷമാണ് ഇന്ന് സാരനാഥിൽ കാണുന്നത്. 

ബുദ്ധമത വിശ്വാസികൾക്ക് നാലു പുണ്യസ്ഥലങ്ങളാണുള്ളത്. അതിലൊന്നാണ് സാരനാഥം. ജന്മസ്ഥലമായ ലുംബിനിയാണ് ആദ്യത്തേത്. അത് ഇപ്പോൾ നേപ്പാളിൽ ആണ്. രണ്ടാമത്തേത് ബോധോദയം ഉണ്ടായ ബോധഗയ. മൂന്നാമത്തേത് ആദ്യമായി ധർമ്മോപദേശം നൽകിയ സാരനാഥം. നാലാമത്തേത് നിർവ്വാണം പ്രാപിച്ച കുശിനഗരം. ഇത് ഉത്തരപ്രദേശിലെ തന്നെ ഗോരഖ്പൂരിനടുത്താണ്. ബുദ്ധൻ്റെ ജനനവും ബോധോദയവും നിർവ്വാണവും ഉണ്ടായത് പൗർണ്ണമി ദിവസമാണ്. അതിനാലാണ് ബൗദ്ധർ ബുദ്ധപൂർണ്ണിമ വിശേഷദിവസമായി ആചരിക്കുന്നത്. ബോധോദയംസിദ്ധിച്ച ശേഷം ബുദ്ധൻ ചതുർ സത്യങ്ങളെ പറ്റിയും സത്യമാർഗ്ഗങ്ങളെപ്പറ്റിയും ഉദ്ബോധിപ്പിച്ചത് കാശിയുടെ സമീപസ്ഥമായ സാരാനാഥിൽ വച്ചാണ്. അശോക ചക്രവർത്തിയുടെ കാലത്ത് സാരനാഥ് ഒരു ബൗദ്ധ സാംസ്കാരിക കേന്ദ്രമായിരുന്നു. വലിയ ബുദ്ധവിഹാരങ്ങളും ഉയർന്ന ചൈത്യങ്ങളും നിർമ്മിക്കപ്പെട്ടു. അശോകസ്തംഭം ,സ്തൂപം തുടങ്ങിയവയും അശോക ചക്രവർത്തിയുടെ സംഭാവനയായി ഇവിടെയുണ്ടായിരുന്നു. ഇന്ന് അവയിൽ പലതിൻ്റെയും നഷ്ടാവശിഷ്ടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളൂ. പാലി ഭാഷയിൽ എഴുതപ്പെട്ട പല ലിഖിതങ്ങളും നഷ്ടാവശിഷ്ടങ്ങളിൽ തെളിഞ്ഞു കാണാം.

ബുദ്ധൻ അംഗവസ്ത്രമായി ധരിച്ചിരുന്ന പട്ട് സൂററ്റിൽ രൂപകല്പന ചെയ്ത് സാരനാഥിലെ നെയ്ത്തുശാലകളിൽ നേർമ്മയിൽ നിർമ്മിച്ചെടുത്തവയാണെന്ന് പറയപ്പെടുന്നു. പിന്നീട് ബനാറസ് പട്ട് എന്ന് പുകഴ്പെറ്റ വസ്ത്രവിശേഷം അങ്ങനെ ബുദ്ധനുമായി കൂടി ബന്ധപ്പെട്ടതാണെന്ന് ഞങ്ങളുടെ സഞ്ചാരസഹായി പറയുകയുണ്ടായി.

8  പ്രയാഗ് രാജ്


അടുത്ത ദിവസത്തെ ഞങ്ങളുടെ യാത്ര പ്രയാഗ് രാജിലേയ്ക്കായിരുന്നു. കുംഭമേള നടന്നതിൻ്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ കാണാം. ഏതാണ്ട് നാലു മണിക്കൂർ സമയമെടുത്തു കാശിയിൽ നിന്ന് പ്രയാഗ്‌രാജ് എന്ന പഴയ അലഹബാദിലേയ്ക്ക്. യാത്രാസംഘത്തിൻ്റെ പ്രധാന ആകർഷണം ത്രിവേണി സ്നാനം തന്നെ. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പുണ്യതീർത്ഥം ഇവിടെയത്രേ! ആ തീർത്ഥത്തിൽ സ്നാനം ചെയ്യുന്നത് പുണ്യവും ശ്രേയസ്ക്കരവുമെന്ന് ഹിന്ദു സമൂഹം വിശ്വസിക്കുന്നു. ഒരു വശത്തുകൂടി തെളിനീരൊഴുക്കി ഗംഗയും മറുഭാഗത്തുകൂടി കറുപ്പുരാശി കലർന്ന് യമുനയും അദൃശ്യസാന്നിദ്ധ്യമായി സരസ്വത നദിയും ഇവിടെ സംഗമിക്കുന്നു. സംഗമ സ്ഥലത്തേയ്ക്ക് ഞങ്ങൾ തോണിയിൽ പുറപ്പെട്ടു. മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് പോയപ്പോൾ സംഗമത്തിൽ ഇറങ്ങി കുളിക്കാൻ പറ്റിയിരുന്നു. എന്നാൽ ഇന്നിപ്പോൾ കുംഭമേളയോടനുബന്ധിച്ച് ആഴം കൂട്ടിയതുകൊണ്ടാണോയെന്ന് അറിയില്ല, ഇറങ്ങി കുളിക്കാൻ അനുമതിയില്ല. മൂന്ന് വഞ്ചികൾ ചുറ്റും നിരത്തി അതിനു നടുക്കായി കിണർ വട്ടത്തിൽ ആളുകളെ തോണിയിൽ നിന്ന് ഇറക്കുകയും സ്നാനാനന്തരം പിടിച്ചു കയറ്റുകയുമാണ് ചെയ്യുന്നത്. ഇതിലേയ്ക്ക് ആളൊന്നുക്ക് നൂറു രൂപ വീതം വസൂലാക്കുന്നുണ്ട്. കൂടാതെ പാൽ, പൂജാസാധനങ്ങൾ നാളികേരം തുടങ്ങിയവ ആചാരത്തിൻ്റെ പേരിൽ അടിച്ചേൽപ്പിച്ച് പണം പിടുങ്ങുന്ന ഇടനിലക്കാരെയും കാണാം. വഞ്ചികളത്രയും ഏതോ വമ്പൻമാർ മൊത്തമായി കരാറെടുത്ത് ഇറക്കിയിട്ടുള്ളതാണ്. തുഴച്ചിൽകാർക്ക് തുച്ഛമായ ദിവസക്കൂലി മാത്രം. എന്നാൽ ചാർജ് ആയി ഈടാക്കുന്നത് ഉയർന്ന തുകയും ' ഒരു തരത്തിൽ പറഞ്ഞാൽ ആത്മീയതയുടെ പേരിലുള്ള ചൂഷണമാണ് ഇവിടെ നടക്കുന്നത്. ത്രിവേണീ സ്ഥാനത്തിനു ശേഷം ഞങ്ങൾ തിരിച്ചെത്തി. തൊട്ടടുത്തു തന്നെ അലഹബാദ് കോട്ടയും ആഞ്ജനേയൻ്റെ ശയന രൂപത്തിലുള്ള പ്രതിഷ്ഠയുള്ള ക്ഷേത്രവുമുണ്ട്. 

ഞങ്ങൾ ക്ഷേത്രദർശനം നടത്തി. കോട്ടയിൽ കയറാൻ സമയക്കുറവു പറഞ്ഞ് മടങ്ങാനൊരുകയാണ്. മുപ്പതു വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ ഞാൻ കോട്ട കണ്ടിരുന്നു. കൂടാതെ നെഹ്രു കുടുംബമായ ആനന്ദഭവനം, സമീപസ്ഥമായ ഭരദ്വജാശ്രമം തുടങ്ങിയവയെല്ലാം അന്ന് കാണാൻ കഴിഞ്ഞു.

9 അയോദ്ധ്യ



പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങൾ അയോദ്ധ്യയിലേയ്ക്ക് യാത്രയായി. അവിടെ നിന്ന് അഞ്ചു മണിക്കൂറോളം യാത്ര ചെയ്യണം. ഇപ്പോൾ തന്നെ സമയം പതിനൊന്നു മണിയോടടുക്കുന്നു. നാലു മണിക്കെങ്കിലും അയോദ്ധ്യയിലെത്തണമെന്ന ഉദ്ദേശത്തോടെ ഞങ്ങൾ യാത്രയാരംഭിച്ചു.

കടുകു പാടങ്ങളും നെല്ലിത്തോട്ടങ്ങളും പിന്നിട്ട് ട്രാവലർ മുന്നോട്ടു നീങ്ങുകയാണ്. ഒരു ടോൾപ്ലാസയിൽ ഞങ്ങൾ കടന്നു ചെന്ന സ്ലോട്ടിൽ എന്തോ സാങ്കേതികപ്പിഴ വന്നതിനാൽ വണ്ടി പിറകോട്ടെടുക്കേണ്ടിവന്നു. അതിനിടയിൽ കുതിച്ചവന്ന ഒരു കാർ വണ്ടിയിലിടിച്ച് ചെറിയ കശപിശയുണ്ടായി. ഒടുവിൽ ഹൈവേ പോലീസെത്തി കാര്യം രമ്യമായി പരിഹരിച്ചു. പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് വിലയേറിയ ഒരു മണിക്കൂറാണ്. വീണ്ടും പ്രതാപ്ഗഡും സുൽത്താൻപൂരും കടന്ന് വാഹനം മുന്നോട്ടു പോകുകയാണ്. എല്ലാവർക്കും വയറ്റിൽ അരണി കടഞ്ഞു തുടങ്ങി. ഒടുവിൽ ഒരു ഭോജനാലയത്തിൻ്റെ മുന്നിൽ നിർത്തി ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു.

ഇനിയുള്ള യാത്രയിൽ റോഡ് അത്ര സുഗമമായി തോന്നുന്നില്ല. രണ്ടു് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണെങ്കിലും അതനുസരിച്ചുള്ള യാത്രാ സൗകര്യം കാണുന്നില്ല. നിരത്തുകളിൽ ജനത്തിരക്കും വാഹനത്തിരക്കും ഏറുന്നു. ചെറു നഗരങ്ങളിൽ പ്രത്യേകിച്ചും. സമയം സന്ധ്യയാകാറായി. അഞ്ചുമണിയാകുമ്പോൾ തന്നെ അസ്തമന മാകുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നിമിത്തം കഴിഞ്ഞ ദിവസങ്ങളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനമുണ്ടായിരുന്നില്ല. രാവിലെ ദർശനം കഴിഞ്ഞ് ആളുകൾ മടങ്ങുന്നതിൻ്റെ തിരക്ക് ഒരു പുറത്ത്. കൂടാതെ മുഖ്യമന്ത്രി നടത്തിയ 500 പേരുടെ സാമൂഹ്യവിവാഹവും ജീവനോപാധി വിതരണ ചടങ്ങും കഴിഞ്ഞ് ഒഴുകുന്ന ജനങ്ങൾ മറു പുറത്ത്. ചുരുക്കത്തിൽ അയോദ്ധ്യ എത്തിയപ്പോഴേ തന്നെ സമയം ഏഴുമണി കഴിഞ്ഞിരുന്നു. എട്ടു മണി വരെ മാത്രമേ സന്ദർശകരെ കടത്തിവിടുകയുള്ളു എന്നതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ ചെരുപ്പും ഫോണും സൂക്ഷിക്കാൻ കൊടുത്ത് വരിയിൽ നിന്നു. രാത്രിയായതിനാൽ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന ശ്രീരാമക്ഷേത്രമെന്ന വാസ്തു വിസ്മയം അതിൻ്റെ സമസ്ത സൗന്ദര്യങ്ങളോടും കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. ക്ഷേത്രത്തിൻ്റെ നിർമ്മാണം പലഘട്ടങ്ങളായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സീതാ ദേവി മന്ദിറിൻ്റെ പണി തുടങ്ങിയിട്ടേ ഉള്ളൂ. ശ്രീരാമകഥ കൊത്തുപണികളിലൂടെ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാം ലല്ല എന്ന ശ്രീരാമ പ്രതിഷ്ഠ അത്യന്ത വിസ്മയം ജനിപ്പിക്കുന്നു. ചുമരിലും തൂണുകളിലും മച്ചകങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർന്ന മീനാരങ്ങളിൽ ശ്രീരാമകഥ സിനിമയിലെന്നോണം വിഷ്വലായി കാണാവുന്നതാണ്. നിറമുള്ള പ്രകാശവീചികളാൽ സ്വർഗ്ഗസമാനമായ ഒരു അന്തരീക്ഷസ്ഥിതിയൊരുക്കിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി സ്ഥാപിച്ച ധ്വജം ദൃഷ്ടിഗോചരമാകുന്നുണ്ട്. ഇത് നമ്മുടെ ക്ഷേത്രങ്ങളിലെയെന്നപോലെ ഉത്സവകാലത്ത് കൊടിക്കൂറചുയർത്തുന്ന തരത്തിലുള്ളതല്ല. രാജവംശത്തിൻ്റെ കൊടിയടയാളം അങ്കിതമാക്കിയ ഒന്നാണ്. ഒരുപക്ഷേ ശ്രീരാമചന്ദ്രൻ ഉൾപ്പെട്ട സൂര്യവംശത്തിൻ്റെ കൊടിയാവും. 9 മണിക്ക് ക്ഷേത്രം അടയ്ക്കണമെന്നതുകൊണ്ട് സന്ദർശകരെ ഒഴിവാക്കിത്തുടങ്ങി. കണ്ടിട്ടും കണ്ടിട്ടും കാഴ്ചകൾ തീരാത്ത ആ വാസ്തു വിസ്മയം ഒരിക്കൽ കൂടി കൺപാർത്ത് ഞങ്ങൾ പുറത്തുകടന്നു. സമീപസ്ഥമായി തന്നെ ഉയർന്ന കുന്നിൽ സ്ഥാപിക്കപ്പെട്ട ആഞ്ജനേയ ക്ഷേത്രം കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സന്ദർശക സമയം കഴിഞ്ഞ് അടച്ചുവെന്നതിനാലും നേരം അതിക്രമിച്ചതിനാലും ഞങ്ങൾ പുറത്തിറങ്ങി. ശ്രീരാമ പാദങ്ങൾ പതിഞ്ഞ സരയൂ തീരം രാത്രിയിൽ അക്ഷോഭ്യമായി അലങ്കാര ദീപങ്ങളുടെ ആലക്തികകാന്തിയിൽ മുങ്ങി നിൽക്കുന്നത് കണ്ടു. രാത്രി വൈകിയതിനാൽ കൂടുതൽ കാഴ്ചയിലേയ്ക്ക് കണ്ണയയ്ക്കാതെ ഞങ്ങൾ മടക്കയാത്രയ്ക്കൊരുങ്ങി. ആനന്ദവനത്തിൽ നിന്ന് അയോദ്ധ്യയിലേയ്ക്കുള്ള പരിക്രമണത്തിൽ ജീവിതമെന്ന നശ്വര സങ്കല്പനങ്ങളിൽ നിന്നും മരണമെന്ന ശാശ്വത സത്യത്തിലേയ്ക്കുള്ള മനുഷ്യൻ്റെ പ്രയാണം നശിപ്പിച്ചിട്ടും നശിക്കാതെ കിടക്കുന്നചരിത്രത്തിൻ്റെ അവശേഷിപ്പുകൾ സാക്ഷിയായി നോക്കിക്കാണാൻ കഴിഞ്ഞു.