Friday, 8 August 2025

മിഴികൾ

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
സ്വപ്നമരാളങ്ങളാണ്
പലപ്പോഴും തെന്നിമാറുന്ന 
കരിനീലമരാളങ്ങൾ
ചിലപ്പോഴെല്ലാം പ്രതീക്ഷിക്കാത്ത നേരം
വന്ന് ഉടലുരുമ്മി പോകും
പിടി തരാത്ത മോഹസങ്കല്പങ്ങളുമായി.
നീ മത്സ്യകന്യകയായി 
മനസ്സിൻ്റെ ആമന്ത്രണങ്ങളിൽ
ഞാൻ നിനക്കൊപ്പം ഒഴുകി .

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
മഴമേഘങ്ങളാണ്
എപ്പോൾ വേണമെങ്കിലും അത്
പെയ്തിറങ്ങാം
ഉതിർമണികൾ പോലെയത്
വീണു പരന്നേക്കാം
എൻ്റെ മനസ്സിൻ്റെ ചില്ലു വാതിലിൽ
പുറം കാഴ്ചകൾ മറച്ച്.
മഴയിൽ കുളിച്ച് നീ ശുദ്ധയായി
മിഴികൾ കലങ്ങി ഞാൻ മൗനിയായി

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
കനൽപ്പൂവുകളാണ്
എപ്പോൾ വേണമെങ്കിലും അത്
കത്തിപ്പടരാം
അംഗാരശയ്യയിൽ അത് 
രതിപുഷ്പങ്ങളായ് മാറാം 
എൻ്റെ ഹൃദയപ്പനിനീരലരിനെ
കറുത്ത പുഷ്പമാക്കാം.
അഗ്നിയിൽ എരിഞ്ഞ് നീ ശുദ്ധയായി
എരി ഹൃദയവുമായി ഞാൻ 
നിർനിദ്രനായി


No comments:

Post a Comment