Friday, 1 August 2025

ഞാൻ നടന്ന വഴികളിലെ തണൽമരം

ഞാൻ നടന്ന വഴികളിലിന്നോളം കരുതലായ് നിന്നയമ്മത്തണൽമരം
കനൽവഴികളിലെന്നെ തനിച്ചാക്കി എവിടെയോ പോയ്മറഞ്ഞതെന്തയ്യയ്യോ !
പുഴയിലോളപ്പെരുക്കത്തിൽ കൈത്തുഴ പിടിയിൽ നിന്നകന്നൊഴുകുന്നതു പോലെ
കലുഷമായൊരീ ജീവിതപ്പാത തൻ നടുവിൽ നിൽപ്പു ഞാൻവേപധുഗാത്രനായ്

ഉരുകുമർഘ്യമായ് തീർന്നവളാണമ്മ ഉയിരെടുത്തയീക്കാലം വരേയ്ക്കുമേ
കളിയരങ്ങുകൾ തേടി നടന്നനാൾ അരികിലെങ്ങുമേ കണ്ടതില്ലച്ഛനെ
അരുമകൾ ഞങ്ങൾക്കന്നം കഴിക്കുവാൻ
കരുതലോടെ പരിശ്രമം ചെയ്തവൾ.
കളിയരങ്ങിലെ വേഷമഴിച്ചച്ഛൻ പുരയിലെത്തിയാൽ ഭാവം പകർന്നാടും
നയവിനയ പ്രഹർഷയിൽ താരയായ്
തരമൊടമ്മയോ താപം ശമിപ്പിക്കും
കനവിൽ കണ്ടതല്ലൊന്നുമേ ജീവിതം 
കരൾ പകുത്തപ്പോളോർത്തതില്ലൊന്നുമേ

വഴിയിൽ വിട്ടിട്ടു പോയതു കാന്തനോ കളിയരങ്ങിലെ ഭ്രഷ്ടനാം രാജനോ
കലിയൊഴിഞ്ഞില്ല, പിന്നെ സമാഗമം കരുതിയെന്തിനു കാത്തിരുന്നോ വൃഥാ 

അറയിൽ തൈരു കടയവേ ഞാൻ നറും വെണ്ണ കിട്ടുവാൻ കാത്തുനിന്നീടവേ
കയ്യിൽ വെണ്ണയും കവിളിലൊരുമ്മയും
തന്ന കാരിയമോർത്തു കരഞ്ഞു ഞാൻ  
ഉരുകും വെണ്ണ തൻ ഗന്ധമോലുന്നത്
ഉടുപുടവയോ നിൻ തനുതന്നെയോ?
അല്ലയല്ല ഘൃതം നൽകിയമ്മയെ അഗ്നിദേവനായ് അർപ്പിക്കയാണവർ.


No comments:

Post a Comment