Thursday, 31 July 2025

പുതുവത്സരം -ലഹരി പൂക്കുന്ന ആഘോഷ രാവുകൾ

ഇന്നു ലോകം തിമർത്താടിടുന്നിതാ
പുതിയ വരിഷം പിറക്കുന്ന വേളയിൽ
പോയകാലക്കെടുതികൾ ഓർത്തില്ല
പോയ നന്മകൾ കണ്ടതില്ലാരുമേ 
അങ്ങു ദൂരെ കരീബത്തി ദ്വീപതിൽ
വന്നിറങ്ങി പുതുവത്സര സ്യന്ദനം
അങ്ങകലെ സിറിയയിൽ ഗസ്സയിൽ
ഗന്ധകപ്പുക പൊങ്ങുന്നയുക്രെയിനിൽ
എങ്ങുമിന്നു പുതുവത്സരം വരും
എന്തു പ്രത്യാശ എന്തത്രേ ഭാവിയും!

ലഹരിയാവണം ജീവിതം പക്ഷേ നാം
നിറലഹരി,യിലാണ്ടുപോയീടൊലാ
ലഹരി പൂക്കുന്ന ആഘോഷ രാവുകൾ -
ക്കറുതി വേണം, സ്വപ്നങ്ങൾ പൂക്കണം.
സ്വപ്നമില്ലെങ്കിൽ ജീവിതമില്ലിനി
തപ്തചിന്തയിൽ ആണ്ടുപോയീടുമേ

തലമുറകളിലെ വിടവ്

തലമുറകളിലെ വിടവോ നവമാം
കാലസ്ഥിതിയുടെ സന്തതി താനോ !
ആശയചിന്തകൾ ആരോർക്കുന്നു
ആശ്രയമില്ലെന്നോർത്തു തപിക്കാം

പണ്ടു കുടുംബം കൂട്ടക്കാരും അല്ലലി- 
ലാണെന്നാകിലുമാട്ടേ, 
ബന്ധുത കാട്ടി പരിപാലിക്കാനുണ്ടൊരു 
വ്യഗ്രത കടമയതത്രേ!
ഇന്നാണെങ്കിൽ ബന്ധുത വേണ്ട, സ്വന്തം സ്വന്തമതെന്നതു മാത്രം
അച്ഛൻ പരിപാലിച്ചു നടന്നാൽ 
സ്വസ്ഥത പോകും അതിനാലത്രേ സ്വന്തകുടുംബം തൻ്റേതായി കാണാൻ മക്കൾ തിരക്കുപിടിക്കും
പഠനം പഠനാനന്തര ജീവിതമെല്ലാമിന്നു
വിദേശത്താകാം.
അവിടെ ബന്ധം, ബന്ധനമല്ലെന്നാരോ പറവതു കേട്ടതു കൊണ്ടായിട്ടാം
പുതുതലമുറകൾ പുതുമകൾ തേടി പോവതു കടലു കടന്നു വസിക്കാൻ
പണ്ടു പിതാക്കൾ പിതൃവ്യരെയെല്ലാം പേർത്തും നമ്മൾ പുലർത്തിയതോർക്ക
ഇന്നാക്കാലം പോയീ മക്കൾക്കില്ലാ നേരമുറങ്ങാൻ പോലും
മക്കളെ നേരിൽ കണ്ടുമരിക്കാനൊക്കാ കാലം മാറി മറിഞ്ഞു
മൃത്യുവടുത്തു വരുന്നൊരു നേരം ശുശ്രൂഷിക്കാനാശ്രിതർ പോരേ!
 
കാലം മാറിയ കാര്യം പറയാൻ തലമുറമാറ്റത്തലവരയെഴുതാൻ
ഇന്നു ശ്രമിച്ചാൽ ആയിടുമെന്നാൽ പിന്നേയ്ക്കായാൽ ഓർക്കുക വേണ്ട

നിലയ്ക്കാത്ത ചൂളംവിളികൾ

അച്ഛൻ വരുന്നതും കാത്തവളേകയായ്
നിശ്ചലം നിൽക്കയാണസ്വസ്ഥചിന്തയിൽ
നേരം കഴിഞ്ഞിനി , വൈകി വന്നീടുന്ന
വണ്ടിക്കു കാത്തുനിൽപ്പാകുമോ?ആയിടാം

പാളങ്ങളെങ്ങോ വഴിപിരിഞ്ഞോടുന്നു  
സൂര്യൻ ചരമാദ്രി മേലെയൊളിക്കുന്നു
മിന്നും ശലാകയായ് നിന്നു കത്തുന്നൊരു
ഏകാന്തശോക വിമൂകയാം ദീപിക

തീവണ്ടിയാപ്പീസിലോളം നടന്നവൾ ശൂന്യമാണെങ്ങും ഒഴിഞ്ഞു പോയാളുകൾ
വണ്ടികളൊന്നും കടന്നുപോകുന്നില്ല
വല്ലാത്തൊരാധി പടർന്നവൾക്കുള്ളിലും

കണ്ണിലിരുട്ടു പരന്നതോ വണ്ടിതൻ 
തൃക്കൺ വെളിച്ചമടുത്തു വരുന്നതോ !
കാറ്റുപോൽ നീങ്ങുന്നു തയ്യൽ, പിന്നാലെ നിലയ്ക്കാത്ത ചൂളംവിളികളകന്നുപോയ്.


Wednesday, 30 July 2025

പ്രണയസഞ്ചാരങ്ങളിലെ നീയും ഞാനും

പ്രണയം പ്രണയമാണെന്നതറിയാതെ
പ്രണയിച്ചു പോയി നാമെപ്പൊഴാമോ?
സംശയം ചോദിച്ചരികിൽ വന്നപ്പൊഴോ
സഞ്ചാരമദ്ധ്യേയടുത്തിരുന്നപ്പൊഴോ
ദീപം തെളിച്ചു നീയമ്പലമുറ്റത്ത് മറ്റൊരു
ദീപം കണക്കെ തൊഴുതു നിന്നപ്പോഴോ

എന്നിലെയെന്നെയറിഞ്ഞു നീ, താരയോ
എന്നുള്ളിൽ മോദമുണർത്തിയ രാഗമോ
പറയാതെ പറയുന്ന മനസിൻ്റെ ഭാഷകൾ
പരിഭാഷ ചെയ്വതോ നിൻ്റെ കൺകൾ
മൃദുചുംബനം നിൻ്റെ കണ്ണുകൾക്കേകവേ
മിഴിനീരൊഴുക്കിയതെന്തിനാവാം
അധരത്തിലധരം കൊരുത്തു നീയെന്നിലെ
അനുരാഗ കാവ്യം കവർന്നെടുത്തു
പ്രണയസഞ്ചാരങ്ങളിൽ നീയും ഞാനുമായ്
ജീവിതപ്പാതകൾ താണ്ടിടുന്നു

ഉദയാസ്തമയങ്ങൾക്കിടയിലെ സഞ്ചാരങ്ങൾ

ഉദയഗിരിയിൽ സൂര്യനുണരുന്നു ഖിന്നനായ് 
പുകമഞ്ഞുമൂടിക്കിടക്കുന്നനിഷ്ടങ്ങൾ 
ഉദയാസ്തമയങ്ങൾക്കിടയിലെ സഞ്ചാര മരുതാത്ത കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കണം

പുലരികൾ തേടുന്ന കിളികുലം മറയുന്നു
കിളികളോ പൂക്കാത്ത പൂമരം വെടിയുന്നു. 
ഇളകുന്ന കുരിശുകൾ പള്ളി മീനാരങ്ങളു
ടലുടഞ്ഞൊഴുകുന്ന ദീനശംഖാരവം

ചുടുനിണച്ചൂരു മണക്കുന്ന തെരുവുകൾ
കടുനിറം കൈവിട്ട കൊടിയും പതാകയും
മദ്ധ്യാഹ്നമായ്, സൂര്യഹൃത്തടം പുകയുമ്പോൾ
വിടരുന്ന മൊട്ടുകൾ ഉരുകുന്ന കാഴ്ചകൾ
ഒരുകൈയ്യിനാലേ കൊടുക്കുന്നു ദാനങ്ങൾ
വിടുവായകൊണ്ടു കെടുത്തുന്നു മാനവും

ചരമാദ്രിയിൽ സൂര്യനണയും സമാധിയ്ക്കായ് 
മണിമണ്ഡപം തീർത്തു നില്ക്കും പ്രതീചിയും


എണ്ണപ്പെടാതെ പോയത്

എണ്ണപ്പെടാതെ പോയതെന്തൊക്കെ

ഓർമ്മിച്ചതില്ല ഞാൻ, ഓർമ്മിക്ക വേണ്ടിനി !


അച്ഛൻ്റെ വാത്സല്യമൊട്ടു നുകരുവാൻ

ഇച്ഛിച്ച ബാല്യം കടന്നുപോയെപ്പൊഴോ

അമ്മതൻ യാതനയ്ക്കർത്ഥം കൊടുക്കുവാൻ

എന്നുള്ളിലുണ്ടായതില്ല കൃതാർത്ഥത

കൂടെപ്പിറപ്പുകൾ കൂടെനിൽക്കും കാലം

കൂട്ടിക്കുറയ്ക്കലിൽ മത്സരിച്ചേവരും

മക്കൾക്കു സ്നേഹം പകരുന്ന വേളയിൽ

സ്വന്തം സുഖങ്ങൾ മറന്നുപോം ഏവരും

എന്നും കണക്കുമായ് പിന്നാലെയെത്തുന്ന

തൻപാതി പോലും മറക്കുന്നയോർമ്മകൾ

പണ്ടു ഞാൻ ജീവിച്ച ജീവിതം സാർത്ഥകം

കണ്ടുവന്നീലന്ന് സ്വപ്നങ്ങൾ പോലുമേ

സ്വപ്നങ്ങൾ വിൽക്കുവാനില്ലാത്തവരാണ്

സ്വസ്ഥരായ് വാഴ്വത് ഭൂമിയിൽ നിശ്ചയം


നിത്യതയിലേയ്ക്കുള്ള യാത്ര

മഞ്ഞിൻ്റെ മൂടുപടം ചൂടി വാക്കന്ന്

മന്ദഹസിക്കാൻ മറന്നുനിന്നെങ്കിലും

മാനസം തുന്തിലമാക്കുന്നു മായയാൽ

വാസുദേവൻ്റെ പ്രപഞ്ചം സനാതനം


മൗനത്തിനർത്ഥം പകരുവാനായിട്ട്

കർമ്മങ്ങളാവിഷ്കരിച്ചു നയിച്ചവൻ

അർത്ഥാർത്ഥചിന്തനം ചെയ്തു തലപ്പാവു 

ബദ്ധശ്രദ്ധാലണിഞ്ഞാൻ മനോമോഹനം


നാദങ്ങളാൽ സാമസഞ്ചാരം നടത്തി

ഭാവപ്രകാശപ്രഹർഷമാം വൈഭവം

കേവലം മർത്യഭാഷയ്ക്കു മുന്നിലെ

ഭാസുരദീപമായ് തന്നെ പ്രശോഭിച്ചു


വാക്കും വാക്കിൻ്റെയർത്ഥവും നാദവും

എല്ലാമടങ്ങുന്ന സംക്രമവേളയിൽ

സത്യമായ് തീർന്ന ശേഷിപ്പുകൾ ബാക്കിയായ്

നിത്യതയിലേയ്ക്കുള്ള യാത്ര തുടങ്ങുന്നു

Tuesday, 29 July 2025

മണ്ണും മനുഷ്യനും തമ്മിൽ

മണ്ണോടു മണ്ണുചേരും മുമ്പറിയണം

മണ്ണും മനുഷ്യനും തമ്മിൽ കലർന്നിടും.

സിദ്ധാന്തവാദിയും സിദ്ധരും സാദ്ധ്യരും

ആത്മാവിനാഴമളക്കും ഋഷികളും

ഒക്കെയുമോർമ്മിക്കുമാത്മസുഖത്തിൻ്റെ

വേരുകൾ ആണ്ടിറങ്ങുന്നതീമണ്ണിലാം.

എല്ലാത്തിനും സാക്ഷിയായുള്ള ജാലകം

വല്ലാത്തതായി നാം കാൺമതാം ജീവിതം.

പൂക്കൾ വസുന്ധരയ്ക്കേകും വസന്തത്തെ

പാർക്കുന്നു നമ്മളീ ജാലക വാതിലിൽ.

ഗ്രീഷ്മംവരുന്നതുമീവഴി, മണ്ണിതിൽ

വേവടുപ്പായ് ,മൃഗജ്വാലയായ്, തീക്ഷ്ണമായ്.

മണ്ണിൻ്റെ ദാഹം കെടുത്തും വരിഷമായ്

ഉന്മാദനർത്തനം ചെയ്യുന്ന കാഴ്ചകൾ .

ഹേമന്തമെത്തി കുളിരുമായ് നിന്നതും

കാലാന്തരങ്ങളെ കണ്ട ജനാലയിൽ.


മാഞ്ഞുപോകുന്ന കാനനസീമകൾ

മാഞ്ഞുപോകുന്നതാം കാനനസീമകൾ  മായാത്തയോർമ്മപ്പെരുക്കങ്ങളാകവേ മഞ്ഞവെയിൽ വന്നു പായ വിരിച്ചത് മാതംഗസഞ്ചയ സഞ്ചാരവീഥിയിൽ  പാംസുസ്നാനംചെയ്തു മേളിച്ച മേടുകൾ   പാടേ മറഞ്ഞ,തു തേയിലത്തോട്ടമായ്  പണ്ടു ജലക്രീഡ ചെയ്തു രമിച്ചതാം പൂഞ്ചോല പൂന്തോട്ട മദ്ധ്യേ മറഞ്ഞുപോയ്   കൂടെക്കളിച്ചു മദിച്ചു തിമർത്തവൾ

കാരപ്പുഴ നീന്തിയെങ്ങോ മറഞ്ഞുപോയ് കാട്ടിൽ കലഹിച്ചു കൊമ്പു കൊരുത്തവൻ കൊമ്പൊടിഞ്ഞൊറ്റക്കൊമ്പനായ് മണ്ടിയോ! 

തോട്ടത്തിലെത്തി വിളകൾ തിന്നുന്നാകിൽ   

തോട്ട വിഴുങ്ങി മരിക്കെന്നതേ വരൂ.

തോട്ടിലിറങ്ങി ജലസമാധിസ്ഥനായ്

തോറ്റു മടങ്ങിയോൻ സഹ്യപുത്രൻ ഇവൻ

കാഞ്ചനക്കൂട്ടിലെ ചിറകടിയൊച്ചകൾ

കാവ്യങ്ങളിൽ ചേക്കയേറിയ പക്ഷികൾ നീഡം വെടിഞ്ഞുപോയ്, കാലം  പുതിയതാം 
കൂട്ടിലെ കൊച്ചു ലോകത്തു വസിക്കുവാൻ
ഇഷ്ടമില്ലെങ്കിലും പെട്ടുപോകുന്നവ.

വീട്ടിലെ കൊച്ചു സ്വർഗ്ഗം വേണ്ട നാരിക്ക്
കൂട്ടിലടച്ച കിളിയല്ലയെന്നവൾ 
സ്വാതന്ത്ര്യമെന്നതിന്നർത്ഥം തിരഞ്ഞുപോം
കൂട്ടിലെ ശാരിക, വീട്ടിലെ ശാരദ.
ആകാശ സീമകൾ വിട്ടു പറക്കുമ്പോൾ
ആകുലചിന്ത വെടിയുന്നു ശാരിക ലക്ഷ്മണരേഖ കടന്നുപോകുന്നേര
മക്ഷണം ശാരദയ്ക്കാരോപണശരം സ്വാതന്ത്ര്യമെന്നത് തോന്നലായ് മാറിടും
സ്വാശ്രയശീലം വെടിഞ്ഞുവെന്നാവുകിൽ
കാഞ്ചനക്കൂട്ടിലെ ചിറകടിയൊച്ചയ്ക്ക്
കാതുകൊടുക്കണം കാലമോർപ്പിക്കുന്നു.

Monday, 28 July 2025

നിർഭയത്വം

  

ഒന്നാം കളമാടി, മാച്ച കളങ്ങളിൽ അങ്ങിങ്ങിഴഞ്ഞുപോയ് നാഗശരീരങ്ങൾ സർപ്പം ഇഴഞ്ഞുടൽ ചുറ്റിപ്പിണഞ്ഞതും  ഉൽബണമായ് ഉയർന്നാടി നിന്നതും നിന്നിലെ നിന്നെയുണർത്തി, നീയാരെയോ തേടുന്നതേതൊരു ചിന്തയിലായിടാം 

നേത്രദ്യുതിയുടെ മിന്നൽകൊടി പാഞ്ഞു ഓർമ്മത്തിളക്കം മറഞ്ഞു പോയെപ്പൊഴോ  കാവിലിലഞ്ഞിച്ചുവട്ടിലെൻ മാറിലെ  ചൂടു കവർന്നു നീ പൂത്തു നിന്നീടിലും നിൻ മിഴിയാരെയോ തേടി, നിശാപ്പക്ഷി ഊർദ്ധ്വംചിറകടിച്ചെങ്ങോമറഞ്ഞുപോയ് 

ചാരെ വൃക്ഷാഗ്ര ശിഖത്തിലംഗാര നേത്രം  തുറന്നഗ്നിനാളം  തെളിഞ്ഞതും നിൻ തനു ഖദ്യോതമായ് പറന്നുയരവേ  നിർഭയത്വം വഴിയിലെങ്ങോ കളഞ്ഞുപോയ് 

നിശ്ചലമാവുന്നു നാഡിഞരമ്പുകൾ

നിർനിദ്ര രാത്രിയെ സ്വപ്നങ്ങൾ മൂടുന്നു




Sunday, 13 July 2025

സ്നേഹസതീർത്ഥ്യൻ

കണ്ണനുണ്ട് കളിപ്പാനതിനാൽ

കണ്ണടച്ചു ഞാൻ പോകുന്നതുണ്ട്

കാട്ടിലോടിക്കളിക്കയും ചെയ്യാം

വീട്ടിലേയ്ക്കുള്ള ചുള്ളിയൊടിക്കാം


കണ്ണനെന്നുടെ സ്നേഹസതീർത്ഥ്യൻ

എണ്ണമറ്റതാം മായകൾ കാട്ടും

തിട്ടമിന്നു ഗുരുവരനില്ല നീ    -

യൊട്ടുമേ കന്നം കാട്ടല്ലേ കണ്ണാ

കാട്ടുജന്തുക്കൾ കൂട്ടമായുള്ള

പാട്ടിലേയ്ക്കൊന്നും പോകല്ലേ നമ്മൾ

വാക്കുനൽകിയതാണമ്മ തന്നോ -

ടോർക്കണം അത് തെറ്റിക്കരുത്

  

ഒറ്റയ്ക്കെന്നെ നീ നിർത്തി വനത്തിൽ

തെറ്റെന്നോടിക്കയറുവതെന്തേ  

പാവമാണു സുദാമാവ് ചിത്തിൻ

നോവകറ്റുക കണ്ണാ നീ വേഗം


കാറുമൂടുന്നു സന്ധ്യാംബരത്തിൽ

ഘോരമാമിടിനാദം മുഴങ്ങി

മാരി പെയ്തിടും മുമ്പേ നമുക്ക്

ചേരണം മുനി വാടത്തിൽ വേഗം

കാട്ടിൽ ജീവികൾ മൂളന്നതുണ്ട്

കേട്ടിട്ടുള്ളിൽ ഭയമുണ്ടു കണ്ണാ

കാട്ടിലെന്നെയുപേക്ഷിച്ചതാണോ !

കാട്ടല്ലേ കണ്ണാ  മായകളൊന്നും


എൻ്റെ വീട്

ഓർമ്മയുറച്ച കാലത്തു ഞാൻ കണ്ടത് ഓലമേഞ്ഞുള്ളതാം നാലുകെട്ട്

മെല്ലെ തലകുനിച്ചുള്ളിൽ കടക്കണം പൊക്കമില്ലാത്തതാം വാതിലുകൾ

ചാണകം തേച്ചു കരിയിൽ മിനുക്കിയ ഇറയത്തിരുന്നെങ്ങൾ ഉണ്ടു പോന്നു

കല്ലില്ല ഇഷ്ടികയില്ല നൽഭിത്തികൾ തടിയിൽ പണിതീർത്തതായിരുന്നു

തെക്കേപ്പുരയും വടക്കേപ്പുരയുമായ് കക്ഷ്യകൾ രണ്ടെണ്ണമത്രമാത്രം

ഒത്ത മദ്ധ്യത്തിൽ പത്തായമേറ്റിയ അറയും അതിൻ താഴെ നിലവറയും

പാചകശാല കിഴക്കേയരിക്കിലും അതിനടുത്തായി കിണറുമുണ്ട്.

മദ്ധ്യേ നടുമുറ്റം തെക്കും കിഴക്കുമായ് കെട്ടിത്തിരിക്കാത്തിടങ്ങളാണ്

അവിടെ മഴയും നിലാവും കിനാവുമാ യന്തിയുറങ്ങിയതോർമ്മയുണ്ട്

വെള്ളരീം മത്തനും തൊട്ടിലു കെട്ടിയ കോടിക്കഴുക്കോൽ വളകൾ കണ്ടു

പിന്നെപ്പലകാലമങ്ങനെ പോകവേ കോലം തിരിഞ്ഞു പോയ് നാലുകെട്ടും

കാലപ്പഴക്കം വരുത്തിയ ഏമത്താൽ കോടി വലിഞ്ഞ മേൽക്കൂര തന്നിൽ

ഈർക്കിൽ തെളിഞ്ഞുള്ള ഓലകൾ കാണായിയേറെ ദ്രവിച്ചൊരു മട്ടിലായി

വിത്തറ്റു പോയതാം പത്താഴമന്നപ്പോൾ പൂച്ചയ്ക്കു പേറ്റുപുരയതായി

പാത്രങ്ങൾ മാറ്റി പലേടത്തു വച്ചമ്മ ,ചോർച്ച കനിഞ്ഞില്ല വർഷകാലേ

എങ്കിലും ഓർക്കവേ ബാല്യകാലത്തിൻ്റെ നിനവും നിറച്ചാർത്തുമെൻ്റെ വീട്


Friday, 11 July 2025

വിടുന്നുകാരില്ലാത്ത വീട്

 

 വീട്ടിൽ വിരുന്നുകാർ സാഘോഷമോടെ
 വന്നെത്തുന്ന കാലമകന്നു പോയെപ്പൊഴോ
 ഇന്നു നാം ഒറ്റപ്പെടുന്നു അകത്തളം തന്നിൽ,
 മാറ്റങ്ങൾ തീർത്ത നാം താനേ തളഞ്ഞവർ

 പുര കെട്ടിമേയുവാൻ കുളം വെട്ടുവാനുമായ്
 ക്ഷണിച്ചെത്തുവോരുടെഘോഷമോർത്തീടണം
 കൊയ്ത്തുത്സവം പിന്നെ വൈയ്ക്കോൽത്തുറുവേറ്റൽ

 പൈക്കൾക്ക് കരുതൽ മഴക്കാല വറുതിയിൽ '
 ആണ്ടുത്സവങ്ങൾ, പറയെടുപ്പുത്സാഹമേറ്റുന്ന നാളുകൾ

 കൊണ്ടൽ കൃഷിക്കും നനയ്ക്കാനുമെത്തുന്നു
 ബന്ധുക്കളേറെയുണ്ടക്കാലമോർക്കുകിൽ

 ഇന്നു കുടുംബബന്ധങ്ങളിൽകാതലലില്ലു - 
 ള്ളത് പൊള്ളയാം സ്നേഹപ്രകടനം
 കൂട്ടുകുടുംബങ്ങൾ കാണ്മതില്ലുള്ളത്
  സ്നേഹത്തുരുത്തുകൾ
 അച്ഛനുമമ്മയുമൊറ്റയ്ക്കു പാർക്കുന്നു
 വിരുന്നുകാരില്ലാത്ത വീടുകൾക്കുള്ളിലായ്












ഇരതേടുന്നവരുടെ മന:ശാസ്ത്രം

  ഇരതേടുന്നവരുടെ മന:ശാസ്ത്രം

  പൊയ്മുഖം പേറുവോരാണ് മനുജരിൽ   ഏറിയ പങ്കുമെന്നുള്ളതേ സത്യമാം  കപട സദാചാരവ്യഗ്രത പൂണ്ടവർ  ഗോപ്യമായ് ചെയ്യും ദുരാചാരവൃത്തികൾ  ആടിൻ്റെ തോലിട്ട ചെന്നായ്ക്കളായവർ  മാറും , മനുഷ്യൻ, ഹാ! പേരെത്ര സുന്ദരം. 

 എത്രയോ കാലം കടന്നുപോയിടിലും  സ്ത്രീത്വം തടവറയ്ക്കുള്ളിലാണിന്നുമേ  വെള്ളിത്തിരകളിൽ രാഷ്ട്രീയഗോദയിൽ പൂജ്യരാം ആചാര്യ സന്നിധി തന്നിലും  പെണ്ണിൻ്റെമാനംഅടിയറവുവാങ്ങുവാൻ എന്തെന്തുതന്ത്രങ്ങൾകാൺമുനാംനിത്യവും  

എത്ര ഗവേഷണം ചെയ്തു നോക്കീടിലും  എത്ര വിശകലനങ്ങൾ നാം ചെയ്കിലും  എത്തിപ്പിടിക്കാനാവാത്ത മട്ടിലാണല്ലോ  ഇരതേടുന്നവരുടെയീ മന:ശാസ്ത്രവും











Thursday, 10 July 2025

പഞ്ചഭൂതങ്ങളിൽ നിലീനമായത്

 പഞ്ചഭൂതങ്ങളിൽ നിലീനമായത്




  പഞ്ചഭൂതങ്ങളിൽ നിലീനമായുള്ള

  ദേഹത്തിനാശ്രയം ദേഹിയാകുന്നതും

  ദേഹി ദേഹം വിട്ടുപോകുന്ന മാത്രയിൽ 

  പഞ്ചഭൂതങ്ങളഴിഞ്ഞു ചേർന്നൂഴിയിൽ

  അന്യദേഹത്തിനായ് കാത്തു കൊണ്ടീടു

 മെന്നതേശാസ്ത്രംജഗത്സത്യഘോഷിതം.  

ത്വങ് മാംസരക്താസ്ഥി പൃഥ്വിരൂപത്തിലും  സ്വേദ വിൺമൂത്ര രേതസ്സപ്പിങ്കലും  ക്ഷുത്പിപാസോഷ്ണങ്ങൾതേജസായും  ഉത്ഥാനധാവനാധിഷ്ഠാനമായ് വായുവും  കാമക്രോധഭയമോഹങ്ങളാകാശമായും  ഒന്നു ചേർന്നൊന്നായ് ശരീരരൂപങ്ങളിൽ


  സാംഖ്യയോഗന്യായവൈശേഷികങ്ങളാം  ദർശനങ്ങൾക്കതുപരമാണുവായൊന്നായ്തെളിഞ്ഞു കാണാകും സ്ഫുരണമാ-  യന്യൂനയൂർജ്ജമായി പ്രപഞ്ചത്തിങ്കൽ










വൈരുദ്ധ്യത്തിൻ്റെ നിറങ്ങൾ

  


  കറുപ്പും വെളുപ്പുമായ് കാലം കുതികൊള്ളുന്ന വേളയിൽ

  വൈരുദ്ധ്യത്തിൻ്റെ നിറങ്ങളാൽ നാം ജീവിതഭംഗി കൂട്ടിട്ടും

  കറുപ്പും വെളുപ്പുമായ് കാണും ചതുരംഗക്കളങ്ങളിൽ 

  വെറ്റി നേടി വിജയിച്ചോർ തോറ്റുപോയ് ധർമ്മപാതയിൽ


 ഇരുണ്ടും വെളുത്തുമായെന്നും ഇരവും പകലുമെത്തിടും

  വൃത്തിയിൽ വിരുദ്ധമെന്നാലും പ്രകൃതിക്കതു വിധിച്ചതാം

  താപാതപവിവർദ്ധിതാൽ പകലിൻ വേവേറ്റുന്നു സൂര്യാംശു

  ശീതോപചാരം ചെയ്വൂ ചാരുചന്ദ്രാംശു രാത്രിയിൽ 


  നിഴലും നിലാവുമായ് രാവിൽ  ചിത്രം കോറിയ ചാരുത

   കാവ്യഭാഷകൾ തേടുന്നു വനജാഗര സുഗീതിയാൽ  

  ഇരുളിൻ്റെ മറവിൽ ഭീത്യാ ഒളി പാർക്കുന്ന പനിമതി 

  ആരെയോ നോക്കുന്നെന്തേ ഭീതയായ് സംത്രസ്തയായ്


  നിറങ്ങൾ നിറങ്ങൾ തേടും ഒറ്റയ്ക്കൊറ്റയ്ക്കു

നിൽക്കുകിൽ

  നിറങ്ങളൊന്നായ് ചേർന്നാൽ പല നിറം ഒരു നിറം കണ്ണിൽ

  കണ്ണാലേ കാണും നമ്മൾ നിറഭേദങ്ങൾ വിഭിന്നമായ്

  മനസ്സാലേ കാണണം നാം പല നിറം ചേർന്നൊരേ നിറം








വേറിട്ട യാത്രകൾ

വേറിട്ട യാത്രകൾ തേടുന്നതത്രയും

  വേദാന്തസാരമാം സാരസ്വതങ്ങളാം

  വേറിട്ട ചിന്തകൾ നേടുന്നതത്രയും

  വൈരിഞ്ചമണ്ഡലം തേടുന്ന ശാന്തിയെ


  സിദ്ധാർത്ഥനർത്ഥം വെടിഞ്ഞു നടന്നതും

  ക്രിസ്തുദേവൻ കുരിശ്ശേറിപ്പിടഞ്ഞതും

  ഹീറാ ഗുഹയിൽ പ്രവാചകൻ പോയതും

  ശാന്തിയും സ്നേഹപ്രകാശവും തേടുവാൻ


  വേറിട്ടയാത്രകൾ വേറെയും കാണുന്നു 

  പോർബന്ദറിൽ ദണ്ഡിയിൽ നവഖാലിയിൽ

  ഭാരത സംസ്ക്കാര ഭാസുര ദീപ്തിയായ് 

 ബാലാർക്കബിംബംകണക്കെചിക്കാഗോയിൽ


  കുറ്റിയിൽ കെട്ടിയ ഗോവു പോലാകൊലാ

  മർത്യൻ്റെ ജീവിത യാത്രകളോർക്കണം

  വേറിട്ട ചിന്തകൾ വേറിട്ട സ്വപ്നങ്ങൾ

  മാറണം കാലത്തിനൊത്തവണ്ണം നമ്മൾ

കൊറ്റില്ലം

 ഒറ്റക്കാലിൽ ധ്യാനം ചെയ്ത  

 കൊറ്റികളിപ്പോൾ കൂടാർന്നു

  നാട്ടിൽ കാണും കൊറ്റികളല്ലിവ

ഉലകം ചുറ്റിനടക്കുന്നോർ

  കോൾപ്പാടത്തിൽ വിരുന്നുവരാറു

ണ്ടാണ്ടറുതിയ്ക്കവർ പതിവായി

  പറ്റം ചേർന്നവർ കൊറ്റില്ലങ്ങളി

ലൊത്തു വസിക്കുo ചേലോടെ

  നീളൻ കൊക്കും ചെന്നിറമുള്ള 

കാലും വെള്ളത്തൂവലുമായ് 

വാലറ്റത്തെ മിനുത്തു കറുത്ത 

തൂവലു ചികയും ആൺകൊക്ക്




Tuesday, 8 July 2025

മഞ്ഞണിഞ്ഞ മുല്ലവള്ളികൾ

പുലരി വന്നു വിളിച്ചുണർത്തി

  കണ്ണിലുമ്മകൾ വയ്ക്കവേ

  കുളിരു കോരിയ മേനിയിൽ

  മൃദുതെന്നലിക്കിളി കൂട്ടിയോ?


  മനസ് മനസിന് പ്രണയ ലേഖനം

  എഴുതിടും അരിയ കൺകളാൽ

  ഹൃദയരേഖ പോൽ അടിവരയിട്ട

  വരികളിൽ പ്രണയമൊഴുകിയോ !


  മുനികുമാരി തൻ പ്രണയഭാവങ്ങൾ

 മനസ്സിലേയ്ക്കൊഴുകിയെത്തിയോ?

 മഞ്ഞണിഞ്ഞതാം മുല്ലവള്ളികൾ

 മെല്ലെ തോഴിയുലുത്തവേ


 മാലതീമലർ പെയ്തു പിന്നെ

 യതെയ്തു മന്മഥശരങ്ങളായ്

 മദനബാണം പ്രണയവർണ്ണങ്ങൾ

 എഴുതി നിന്നുടെ കൺകളിൽ

കൂട്ടിലെ തത്ത

വർണ്ണത്തത്തകൾ വിണ്ണിൽ പാറും കാലത്തെന്തൊരു സന്തോഷം

  അതിരുകളില്ലാ ലോകത്താകെ അഴകിൻ വിസ്മയമാണല്ലോ!

  ആകാശത്തിൻ വർണ്ണവിധാനം കടലിലെ നീലിമയെല്ലാമേ

  കരളിൽ രാഗമുണർത്തും മെയ്യിൽ പിടികിട്ടാത്തൊരു സന്ത്രാസം 

  കമ്പിക്കൂട്ടിന്നുള്ളിലെ ലോകം മണ്ഡൂകത്തിന് കൂപം പോൽ.

 ചിറകുവിടർത്താനുള്ളിൽ മോഹം, 

 ഇല്ല മുകളിലൊരാകാശം

സൂര്യകാന്തി



സൂര്യകാന്തിപ്പാടമൊന്നിച്ചു പൂത്തപ്പോൾ

മഞ്ഞപ്പുടവയുടുത്തു പ്രകൃതിയും

കത്തിയെരിയുന്ന സൂര്യൻ്റെ ഹൃത്തടം

ഛിന്നമായ് പൂക്കളായ് തീർന്നുവെന്നാകുമോ

കെട്ടിത്തിരിച്ചു മുൾവേലിയാൽ കർഷകർ

സ്നേഹത്തിൻ കമ്പോളമൂല്യം നിരത്തുവോർ  

മാറ്റൊലി



പച്ചപ്പട്ടുവിരിച്ചതു പോലെ ചുറ്റും കാണാം വയലേല
അങ്ങു തലയ്ക്കൽ കാണാകുന്നൊരു ജനപദമനുപമമഭിരാമം
പണ്ടവിടേയ്ക്ക് നടന്നേ പോകാം കുത്തിയ ചേറുവരമ്പുണ്ട്
ഇന്നാ കാഴ്ചകൾ കാണാനില്ല ടാറിൻ റോഡുകൾ കാണായി
മഞ്ഞിൻ മൻമൽമുണ്ടു പുതച്ചൊരു മലയുണ്ടകലെ കാണാകും 
അവിടെക്കാഴ്ചകൾ കാണാനാളുകൾ
പോകാറുണ്ട് പതിവായി
ഞാറ്റടി കേട്ട കണ്ടങ്ങൾ പുതു മാറ്റൊലി ശീലിനു കാതോർത്തു
നെൽകൃഷി നഷ്ടം പകരം മാവിൻ ഫലവൃക്ഷങ്ങൾ പരീക്ഷിപ്പൂ

(പാലക്കാടൻ ഗ്രാമങ്ങളിലൂടെ പോകുമ്പോൾ തോന്നിയത്)
 

കാഴ്ച്ച



കണ്ണിനു കാഴ്ച കുറഞ്ഞെന്നാകിൽ കണ്ണട വേണം കാണ്മാനായ്
കാഴ്ചപ്പാടുകൾ വേണം ജീവിത പൂർണ്ണത
നേടാൻ വിജയിക്കാൻ
അന്ധതയുണ്ടെന്നാകിലുമുള്ളിൽ അന്തർ നേത്രം ഉണ്ടാകിൽ
ആത്മജ്ഞാനം നേടാം അന്യരെ അവനവനായി കണാകും
ധർമ്മാധർമ്മവിചാരം പോയാൽ കുലവും മുടിയും കൂട്ടർ നശിക്കും 
ധർമ്മക്ഷേത്രം തന്നിൽ കണ്ടൊരു ചരിതം
മറ്റൊന്നല്ലല്ലോ!
ബുദ്ധൻ ധ്യാനം ചെയ്തത് ധർമ്മ പാതകൾ മനസിൽ തെളിയാനായ്
ബന്ധർ മനുഷ്യർ ലൗകികമാകും ചക്കിൽ കെട്ടിയ കാളകളാം
ആന്ധ്യം കണ്ണിൽ ബാധിച്ചെങ്കിലുമുള്ളിൽ നല്ല പ്രകാശവുമായ്
അലയായ് ഹരിഗീതങ്ങളുമുള്ളിൽ കവിയും ഭക്തിയിൽ സൂർദാസൻ
കാഴ്ച മറച്ചു ഗാന്ധാരി പതിസമ്മത യാവാനാവില്ല
കണ്ണികൾ പൊട്ടിയ ബന്ധത്തിൻ കഥയൊന്നും കാണേണ്ടെന്നാകാം
കട്ടിക്കണ്ണട വട്ടത്തിൽ കൂടന്നു മഹാത്മാ കണ്ടെത്തി
കണ്ണിനു കണ്ണെന്നുള്ള പ്രമാണം നേടുകയില്ല വാഴില്ല
അന്ത:ചക്ഷുസ്സില്ലെന്നാകിൽ കാര്യവിചാരം തിരിയാതാം
അന്ധതയില്ലെന്നാകിലുമുള്ളിൽ തിമരം ബാധിച്ചീടുകിലോ
അറിവു നശിക്കും അലിവു നശിക്കും ദുഷ്ടതയുള്ളിൽ തോന്നീടും
അധികാരത്തിൻ മത്തു രുചിച്ചവർ അബലരെ അടിമകളാക്കീടും 
അരചനതാകിലുമനുചരനാകിലുമനു -
വർത്തിക്കും കർമ്മങ്ങൾ നല്ലതിനാവണമതിനാലല്ലോ ജന്മം സഫലമതായിടൂ











 








Sunday, 6 July 2025

നാലുമണിപ്പൂവ്

പൂക്കളോ പൂമ്പാറ്റയോയെന്ന് തിട്ടമായ്

ചൊല്ലുവാൻ പറ്റാത്ത മട്ടിലായി

പൂവാടിയിൽ പരന്നുല്ലസിക്കുന്നിതാ

നാലുമണിപ്പൂക്കൾ തൂമയോടെ

നാഴിക നാലെന്നടിക്കുമ്പോൾ നാണിച്ച്

പൂ മുഖം താഴ്ത്തിയൊതുങ്ങി നിൽക്കും.

Thursday, 3 July 2025

പാർവ്വണ ചന്ദ്രിക



പാർവ്വണചന്ദ്രിക പാടത്തിൻ മാറത്ത് വെണ്ണിലാച്ചേലയണിയിച്ചപ്പോൾ
താരകകന്യകൾ മാനത്തെ മട്ടുപ്പാവി
ലൊളികണ്ണിറുക്കിച്ചിരിച്ചിടുന്നു 
ഇമ്പമോടംബരം ചുറ്റിക്കുളിർതെന്നൽ
കാടിൻ പടർപ്പിലേയ്ക്കൂളിയിട്ടു
കാലുഷ്യമോടേതോ കാർമുകിൽ വന്നതാ
വാർമൊഴി തിങ്കൾ തൻ മുഖം മറച്ചു.



ശയ്യകൾ

 



  രാത്രിശയ്യകൾ രാഗാർദ്രമാക്കുന്ന

  മോഹവിഭ്രമ സംത്രാസ മണ്ഡപം

  മാദകസ്വപ്നമാകന്ദത്തോപ്പതിൽ

  പൂക്കൾ വാരി,യെറിഞ്ഞ തല്പസ്ഥലം

  പ്രണയരാഗങ്ങൾ പൂത്താലമേന്തിടും

  രതിമദന മനോജ്ഞമാം വേദിക

  മദഭരമൃദുതാളവിഡംബനം 

  ചടുല വേഗനം രാസ വിശ്ലേഷണം

  ചണ്ഡവാതപ്രവേഗം ശമിക്കുമ്പോൾ

  നഷ്ടവീര്യരായ് സംപതിക്കുന്നിടം


  ഇഷ്ടജീവിതം നഷ്ടമായ് വന്നപ്പോൾ

  ക്ലിഷ്ടജീവിതം തൻ നിഴൽരൂപമായ്

  എത്തിടുന്നതീ ജീവിതാന്ത്യത്തിലെ

  നിത്യശയ്യയിൽ നിദ്രയും കൈവിട്ട്

  എത്രയുണ്ടിനി നേരം ഉറങ്ങുവാൻ

  ഹൃൽശയ്യ നീർക്ക ഐഹികനിദ്രയ്ക്ക് 



മഴ കനത്ത നാളുകളുടെ ഓർമ്മയ്ക്ക്

 ആറാണ്ടു മുമ്പു മഴ കനത്തുള്ളൊരു 

 നാളിൻ്റെയോർമ്മയ്ക്ക് മങ്ങൽ വന്നിട്ടില്ല,    

മിന്നൽപ്പിണർ കണക്കെൻ മനക്കോണിൽ തെളിഞ്ഞു,  

പ്രളയം തകർത്ത  രംഗങ്ങളെയൊന്നൊഴിയാതെ 

 അന്നോളമൊട്ടും തലകുനിക്കാതാമുന്നതമായ 

 ബഹുനിലസൗധം ശിരസ്സു മുട്ടിച്ചു പോയ് മണ്ണിൽ .  

അപ്രതിരോധ്യമാം ദൈവവചനം മഴയായതു  ഹേതു -

വായെത്തുന്നു സ്വാസ്ഥ്യം കെടുത്തുന്ന ചിന്തകൾ

  നെല്ലും പണവും കണക്കറ്റു കാത്തുവച്ചി -  ല്ലാത്തിരക്കും പറഞ്ഞു പായുന്നവർ 

 കുഞ്ഞിന് കൊറ്റരിച്ചോറു കൊടുക്കുവാ- നില്ലാതെ ജന്മം കഴിച്ചു കൂട്ടുന്നവർ   

എല്ലാരുമൊന്നു പോൽ കെട്ടകാലത്തിൻ്റെ 

 കൂട്ടപ്പലായനപ്പാതയിൽ ചേർന്നു പോയ്.

 കല്പാന്തകാലപ്രളയം മനസ്സിനെ തട്ടിയുണർത്തിയെന്നാകിലും

 പിന്നേടമൊട്ടൊന്നു കാത്തു   ജനസഞ്ചയത്തിനെ



മുല്ലപ്പൂക്കൾ

മുല്ലപ്പൂ മൊട്ടുകൾ മെല്ലെ വിരിഞ്ഞപ്പോൾ

മന്നിടത്തെല്ലാം പരക്കുന്നു സൗരഭം

ഏതൊരേടത്തു നിന്നാണതെന്നോരുവാൻ

ഏണം കണക്കേ തിരയുന്നു വല്ലിയും