Tuesday, 29 October 2024

വിശ്വദർശനം (പ്രകാശ ഗോപുരം)


പ്രകാശ ഗോപുരം കണക്കെയുജ്ജ്വലിച്ച
തേജസിൻ 
മഹൽ പ്രഭയിലിന്നു നമ്മൾ കാൺമു വിശ്വദർശനം
യുഗപ്രഭാവനായ കർമ്മ സൂര്യനാം മഹർഷിതൻ ദർശനത്തിലന്നു ലോകമൊന്നുപോൽ നമിച്ചതും
ചക്രവാത തുല്യനായ യോഗിവര്യനെന്നവർ
കർമ്മയോഗിയായ വേദദർശിയെ വിളിച്ചതും
ശങ്കരൻ്റെ ഭാഷ്യമുള്ളിലുണ്മയായ് തെളിഞ്ഞതിൻ
സത്തചേർത്ത് വിദ്യയാർന്ന് വേദസാരമാകയാൽ
ജീവനാർന്നുണർന്ന് ഹൃത്തിലറിവു നേടിയോർക്കുക 
ശാന്തിപാഠമെന്ന വിശ്വമന്ത്രണം ശ്രവിക്കുക
ഒന്നു നമ്മൾ, ഒരുമയോടെ വീരരായി വാഴുക
അറിവു ഹൃത്തിൽ മാഞ്ഞിടാതെ തെളിമയോടെ വിടരണം 
ലോകർ നമ്മൾ ദ്വേഷ ചിന്ത വിട്ട് വ്യാപരിക്കണം
കാത്തിടട്ടെ ലോകനാഥൻ നമ്മളെയനുക്ഷണം
ഇപ്രകാരമോർക്കിൽ ലോകമെത്രയേറെ സുന്ദരം
വൈരമില്ല യുദ്ധമില്ല ഏവരും പ്രബുദ്ധരായ്
ലോകശാന്തിയെന്നതേ നിനച്ചിടു മനസ്സതിൽ
വേദസാരമാകവേ നിറഞ്ഞുനിൽക്കുമെന്നുമേ
ശിഷ്യരും ഗുരുവുമൊത്തു നൽപെഴും നിലയ്ക്കൊരു 
ആയദായ ബന്ധമായി വാഴ്ക പാരിലാകിലോ
ശിഷ്യനില്ല ഗുരുവുമില്ല ഒന്നു ചേർന്ന മാനവർ
വിശ്വപൗരരായി മാറും ലോകമെത്ര സുന്ദരം

13.10.24

Sunday, 27 October 2024

കവിതയ്ക്ക് പുരസ്കാരം കവി മോർച്ചറിയിൽ


കവി, കാമുകൻ, ഭ്രാന്തൻ. അയ്യപ്പന് ഇതെല്ലാം ചേരും. അയ്യപ്പനിതെല്ലാമാണ്. നിനച്ചിരിക്കാത്ത മരണത്തിന് ആരേയും സാക്ഷി നിർത്താതെ, അജ്ഞാതനായി, അനാഥനായി മരവിച്ച ജഢമായി അവസാനം ശവമുറിയിൽ.

തണുത്തുറഞ്ഞ ശവമുറിയിൽ കവിക്ക് നിത്യശാന്തി. തെരുവോരത്തെ കവിക്ക് മേൽക്കൂരയുള്ള ശവമുറി തന്നെ ഒരാർഭാടമാണ്. നാളത്തെ പത്രത്തലക്കെട്ടുകൾക്കും ദേശനായകരുടെ സ്തുതിവചനങ്ങൾക്കും അത്യന്താധുനികരുടെ വാഴ്ത്തപ്പെടുത്തലുകൾക്കും മീതെ അയ്യപ്പൻ്റെ വചനം മഴയായി പെയ്തിറങ്ങി. ബൊഹീമിയൻ കവിയെന്നും അസ്തിത്വ ദുഃഖത്തിൻ്റെ അപ്പോസ്തലനെന്നും അധുനാധുനികതയുടെ അസാധാരണ അവതാരമെന്നുമൊക്കെ വാഴ്ത്തി അയ്യപ്പൻ്റെ ആത്മാവിനെപ്പോലും അന്ധാളിപ്പിച്ചു, കേരള സമൂഹം.
ഇതോർത്തായിരിക്കാം "അമ്പ് ഏതു നേരവും മുതുകിൽ തറയ്ക്കാം പ്രാണനം കൊണ്ട് ഓടുകയാണ്" എന്ന് അദ്ദേഹം അവസാനം എഴുതി നിർത്തിയത്. താൻ ഭയപ്പെട്ട അമ്പ് ഓടിത്തളർന്ന് വീണപ്പോൾ മുതുകിൽ തറച്ചിരുന്ന കാര്യം അയ്യപ്പൻ അറിഞ്ഞിരുന്നുവോ ആവോ?

എഴുപതുകളിൽ യൗവ്വന തീക്ഷ്ണമായ ചിന്തകളും അനാഥജന്യമായ ആകുലതകളും മഥനം ചെയ്ത മനസ്സിൽ നിന്ന് കോരിയെടുത്ത കവിതകളായിരുന്നു അയ്യപ്പൻ്റേത്.
തുടർന്ന് ബലിക്കുറിപ്പുകൾ, ബുദ്ധനും ആട്ടിൻകുട്ടിയും, 
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ, വെയിൽ തിന്നുന്ന പക്ഷി, ജയിൽ മുറ്റത്തെ പൂക്കൾ തുടങ്ങി നിരവധി സമാഹാരങ്ങൾ.

 അക്കാദമികളേയോ അധികാരസ്ഥാനങ്ങളെയൊ ' സാഹിത്യത്തമ്പുരാക്കളെത്തന്നെയോ പ്രമാണിക്കാതെ, കവിതയും ലഹരിയും തൻകാര്യജീവിതവുമായി നടന്ന അയ്യപ്പനെ തേടി അക്കാഡമി അവാർഡുകൾ വന്നു ചേർന്നു. ഒടുവിൽ ആശാൻ പുരസ്കാരം സ്വീകരിക്കാൻ ക്ഷണപത്രം വന്നു. വേദികയുയർന്നു. പീഠിക നിരന്നു. അപ്പോഴേയ്ക്കും അയ്യപ്പൻ്റെ ആത്മാവ് അതിലും ഉയർന്ന പുരസ്കാരങ്ങൾ തേടി പറന്നു കഴിഞ്ഞിരുന്നു. അതെ.പുരസ്ക്കാര വേദിയിൽ കാര്യപരിപാടി തുടങ്ങിയപ്പോൾ പുരസ്കൃതകവി ശവമുറിയിൽ. അക്ഷോഭ്യനായി അക്ലിഷ്ഠനായി.

Saturday, 26 October 2024

ശൂന്യം

ശൂന്യം


പിറക്കുന്ന നേരം ചുരുട്ടുന്ന മുഷ്ടിക്കര

ത്തിങ്കലൊക്കെ ഒളിച്ചേ പിടിക്കും

മരിക്കുമ്പോൾ നമ്മൾ ഒളിപ്പിക്കുവാ

നായെടുക്കില്ലയൊന്നും കരം ശൂന്യമാവും


കണക്കിൻ്റെ കാണാപ്പെരുക്കങ്ങളൊക്കെ

നിരത്തി പണത്തെ പൊലിപ്പിച്ചെടുക്കും.

ഇരുട്ടിൻ്റെ പിന്നിൽ മറഞ്ഞക്രമത്താൽ

കവർന്നൊട്ടു ദ്രവ്യം കരത്തിങ്കലാക്കും


നടുക്കുന്ന കൃത്യം മടുപ്പേതുമില്ലാ

തുറച്ചുള്ള ചിത്താലുറപ്പിച്ച് ചെയ്ത്

മനസ്താപമോരാന്നതിൻ കൂലി വാങ്ങി

തരത്തിൽ ചരിക്കാനറപ്പില്ലയാത്തോർ

നിനയ്ക്കുന്നതില്ല മരിക്കുന്ന നേരം

കരം ശൂന്യമാകും തൃണം പോൽ ശരീരം


സമഗ്രാധിപത്യം ഉറപ്പിച്ചു വാഴാൻ

കൊതിക്കുന്ന രാജാവറിഞ്ഞില്ലയെന്നാൽ

കരത്തിങ്കലൊന്നും കരുതേണ്ട വേണ്ട

യമദൂതർ വന്നാൽ ക്ഷണം പോക വേണം


വെറും വാക്കു നൽകി വിലയുള്ള വോട്ട്

വശത്താക്കി മന്ത്രിപ്പണിക്കായി നിന്നു

മന:സാക്ഷി നോക്കാതടക്കിഭരിച്ച്

പെരുത്തുള്ള സമ്പത്തൊരുക്കൂട്ടി വയ്ക്കും

കരുത്തുറ്റ നേതാവൊടുക്കം മരിക്കെ

കരത്താരിൽ ഒന്നും എടുത്തില്ല കഷ്ടം


ഉഴുതിട്ട പാടം വിതച്ചേറ്റി നെല്ലിൻ'

കതിർക്കറ്റ തീർത്തോർക്കരിയില്ലയത്രേ!

നിറഞ്ഞുള്ള ധാന്യപ്പുരയും പുരവും

മരിക്കുന്ന നേരം തുണയ്ക്കാ നിജം താൻ


ചരിത്രത്തിൽ സ്ഥാനം പിടിച്ചോരു സമ്രാ

ട്ടെരിച്ചെത്ര രാജ്യം കവർന്നെത്ര ദ്രവ്യം

ഒടുക്കത്തിലേതോ വിഷവീഞ്ഞു മോന്തി

ക്കരിഞ്ഞത്രേ ജീവൻ അരങ്ങെത്ര ശൂന്യം


20.9.24













Friday, 25 October 2024

അദ്വൈതം

അദ്വൈതം


ദ്വൈതത്തിൽനിന്നദ്വൈതമുണ്ടായതോ

അദ്വൈതമെന്നത് ദ്വൈതമായ് തീർന്നതോ

വേദാന്തസാരങ്ങളൊക്കെക്കലർന്നുള്ള

വൈശിഷ്ട്യമാർന്നമറ്റൊരദ്വൈതമോ?

ഗൗഡപാദർ പദം പിൻപറ്റി ശങ്കരൻ 

പൂർണ്ണാ നദീതീര ഷാഡലത്തിൽ നിന്ന്

അദ്രിശൃംഗങ്ങൾക്കുമപ്പുറത്തെത്തി തൻ

അദ്വൈത ചിന്തകൾക്കാത്മാവ് നൽകിയോ !

എല്ലാം നശിക്കിലുമുള്ളിൽ തിളങ്ങുന്ന

മംഗളാനന്ദസ്വരൂപത്തെയോർത്തങ്ങു

രാമേശ്വരത്തും ഗോകർണ്ണത്തും ദ്വാരക

ഉജ്ജയിനി തന്നിലും കാമരൂപത്തിലും

വിജ്ഞാന ജ്യോതിസ്സുയർത്തി പ്രശോഭിച്ചു

വിശ്വവിജയിയായ് മാനിച്ചു ലോകരും


ബ്രഹ്മസത്യം ജഗൽമിഥ്യ സങ്കല്പത്തിന്നകം പൊരുൾ 

കണ്ടെടുക്കാനുഴന്നത്രേ സഞ്ചരിച്ചത് ശങ്കരൻ

ഭൂമിയല്ലതു ജലവുമല്ലഗ്നിയല്ലാകാശമല്ല നിരൃതിയുമല്ലത് 

ഇന്ദ്രിയമല്ല മനസ്സല്ല മാറ്റത്തിനൊന്നും വഴങ്ങാത്ത സത്യസ്വരൂപമാം സംസാരദുഃഖത്തിനെല്ലാം അതീതമാം സച്ചിന്മയമായ തത്വപ്രകാരവും


മായയാമൊരവിദ്യ നശിക്കുന്നു സൂക്ഷ്മമാം സമ്യക് ജ്ഞാനമുണ്ടാവുമ്പോൾ

മായയാമവിദ്യ മറയുമ്പോൾ

സത്യമാം തത്വമപ്പോൾ  പ്രകാശിക്കും

ഞാൻ തന്നെ ബ്രഹ്മമെന്നപ്പോൾ

അറിയും പ്രജ്ഞൻ സ്വയമേവയാ


ഉള്ളടക്കം

  


കലയും കലാപവും ഒന്നല്ല രണ്ടാണെന്നാൽ

കലയാൽ കലാപത്തെ സൃഷ്ടിക്കും കുബുദ്ധികൾ 

കലാപം കലയ്ക്കുള്ള വിഷയവുമാകാം 

നല്ല ചാരുതയോടെയതു വിരചിക്കിൽ വിവേകികൾ


നമ്മൾക്കു നിർണ്ണയിക്കാം നമ്മൾ തൻ ജീവിതത്തിൻ ഗുണവും

ആർജ്ജിച്ചതാം അനുഭവവൈവിദ്ധ്യവും

ശാന്തമാം ജീവിതത്തെ കാംക്ഷിപ്പൂ നമ്മളെല്ലാം

അന്ത്യ വിശ്രമം നമുക്കേകുവാൻ ശത്രുക്കളും

ലളിതമാം യാഥാർത്ഥ്യത്തെ തിരയുന്ന മനുജനോ

അജ്ഞാതസങ്കീർണ്ണമാക്കുന്നു കാര്യങ്ങളെ

ഉള്ളടക്കം നാം നേരിട്ടറിയണം അല്ലായ്കിലോ

വ്യാഖ്യാനിച്ചപരന്മാർ മറ്റൊന്നതാക്കിത്തീർക്കും

സത്യമെന്നതോ നിഗമനമല്ല തന്നെ

സത്യം സജീവമാം അനുഭവപരിചയം കേൾ

അഹംബോധം കൊണ്ടറിഞ്ഞിടാം നമ്മൾക്കു നമ്മളെത്താൻ

അതിൽനിന്നുളവാകുന്നു ചിന്തകൾ പ്രവർത്തിയും.

മനസ്സിൻ സമഭാവന, പരിപാകമതെങ്കിലോ

തന്മയത്വം കലർന്നുള്ള ചെയ്തികൾ പ്രാപ്തമായിടും


ഊഴിയിൽ ഇത് നമ്മൾ തന്നൂഴം തിട്ടം അതു നാം തീർക്ക കൃത്യമായ് മോഡിപൂർവ്വകം

നമ്മൾ നമ്മളിൽ തന്നെ മാറ്റങ്ങൾ വരുത്തുകിൽ

പ്രപഞ്ചമൊന്നായ് തന്നെ മാറിടും നമ്മൾക്കൊപ്പം

ദുരിതം താണ്ടുവാനേറെ സമയം വേണ്ടിടുമമ്മട്ടിൽ 

ആനന്ദിപ്പാൻ ലഭിക്കില്ല സമയം പുനരധ്രുവം

നാം തന്നെ സൃഷ്ടിക്കുന്നു നമുക്കുള്ള മതിലുകൾ

അതിൽ തന്നെ തളഞ്ഞാണല്ലോ നയിക്കുന്നു ജീവിതം

നിങ്ങൾതൻ മനവും തനുവും നിങ്ങളാർജ്ജിച്ചതാവിലും നിങ്ങളല്ലതിനുടമസ്ഥർ നിങ്ങളാവില്ലൊരിക്കലും.





Saturday, 12 October 2024

വിദ്യാരംഭം

സരസ്വതി സ്തുതി


വിദ്യാവിനോദിനി വിശ്വവിമോഹിനി

വിശ്വത്തിനാധാരഭൂതയാം ഭാരതി

വാണി മാതാവേ വിരവോടു വന്നെൻ്റെ

വാക്കിന് പൊരുളായ് തെളിഞ്ഞിരിക്കൂ


ശ്വേതാംബരം ചുറ്റി കയ്യിൽ വിപഞ്ചിക

ചേലാർന്ന ബിംബം ധരിച്ചുള്ള കാന്തിയും

മിന്നും കതിർ ചിന്നിയെങ്ങും വെളിച്ചം

പരത്തുന്ന നിൻ രൂപമെന്നും തൊഴുന്നേൻ


പുണ്യസരസ്സിൽ കളിച്ചു മേവുന്നൊരു

വെള്ളഹംസത്തിന് തോഴിയാം ബ്രാഹ്മണി

പാലും സലിലവും ഒന്നിച്ചുചേർന്നതിൽ

പാലിനെ ഹംസം കുടിക്കുന്ന പോലവേ

സത്തും അസത്തും കലർന്നുള്ളതിൽ നിന്ന്

സത്തിനെയുൾപ്പൂവിലേറ്റുകെന്നംബികേ


സൃഷ്ടിക്കു വട്ടങ്ങൾ കൂട്ടും വിരിഞ്ച - ന്നിഷ്ടങ്ങൾ ചെയ്യുന്ന വാഗ്ദേവി നിന്നെ

നിത്യം ഭജിക്കും എനിക്കേകുമോ നീ

ഹൃത്തിൽ തുടിക്കുന്ന കാവ്യാക്ഷരങ്ങൾ


ഹേ ദേവി! നീ ശക്തിയോലുന്നെനിക്ക്

വർണ്ണങ്ങളുള്ളിൽ തെളിഞ്ഞേ വരാനായ്

ഹേ ദേവി! നീ സിദ്ധിയേകുന്നെനിക്ക്

വിജയത്തിളക്കം വരുത്തിപ്പുലരാൻ


വർണ്ണേശ്വരി നിന്നെ വർണ്ണിപ്പതിന്നായ്

വിണ്ണോർക്കുപോലും അസാദ്ധ്യം നിനയ്ക്ക

എൻവാണിമേൽ വന്നിരുന്നെൻ്റെ തായേ

കവിജിഹ്വയാക്കെൻ്റെ പടുനാവിനെ നീ





Monday, 7 October 2024

വഞ്ചിപ്പാട്ട്

വഞ്ചിപ്പാട്ട്

വഞ്ചിഭൂപൻ പണ്ടു വൈയ്ക്കത്തമ്പലത്തിൻ
തേവാരം ചെ-
യ്തഞ്ചിതമനസ്ക്കനായി മടങ്ങുന്നേരം

വഞ്ചിയിൽ വച്ചെഴുതിയ ശീലൊത്തൊരു പാട്ടുകേട്ടു
വഞ്ചിപ്പാട്ടിൻ പെരുമയെ പ്രകീർത്തിച്ചു പോൽ

രാമപുരത്ത്വാര്യർ എന്ന് പേരെടുത്ത കവിശ്രേഷൻ 
ആവും മട്ടിലാലപിച്ചു രാജാജ്ഞ കേൾക്കേ

വേമ്പനാട്ടുകായലിൻ്റെ കുഞ്ഞോളങ്ങൾ താളമിട്ടു
വാശിയോടെ തുഴക്കാരുമാർപ്പുവിളിച്ചൂ.

ആവേശമായിരുപുറമിരുന്ന ശേവുകക്കാർ
കൈത്താളത്താൽ വായ്ത്താരിക്ക് പൊലിമയേറ്റി

മുക്കണ്ണനാം വൈയ്ക്കത്തപ്പൻ തിരുമകൻ ഗണപതി
നിത്യവും തുണയ്ക്കെന്നുള്ള സ്തുതിയോടെയും
എട്ടു വീട്ടിൽ പിള്ളമാരെയൊക്കെയും നിധനം ചെയ്തു
തൃപ്പടിയിൽ സാമ്രാജ്യത്തെ സമർപ്പിച്ചതും

പത്മനാഭൻ പള്ളികൊള്ളും പുരത്തിലെ വിശേഷങ്ങൾ
ഒന്നൊന്നായി കവിശ്രേഷ്ഠൻ വിവരിച്ചുപോൽ


അനന്തരം സുദാമാവിൻ കഥ ചൊല്ലി സതീർത്ഥ്യനാം
ദ്വാരകേശൻ തന്നെ കാണാൻ പുറപ്പെട്ടതും

കുചേലനാം സതീർത്ഥ്യൻ്റെ കാൽകഴുകി സപ്രമഞ്ച 
കട്ടിലിൽ കരേറ്റി മോദാലുപചരിച്ചു.

അവിൽപ്പൊതി കഥകളും അനുഗ്രഹം ചൊരിഞ്ഞതും
സവിസ്തരം വഞ്ചിപ്പാട്ടിൽ വിലയിപ്പിച്ചു .

വഞ്ചിയാത്ര അശേഷവും മുഷിഞ്ഞില്ല വന്നണഞ്ഞു
പത്മനാഭൻ പള്ളികൊള്ളും പുരം തന്നിലേ
വഞ്ചിഭൂപൻ ഓണക്കോടിയേകിക്കൊണ്ട് മൊഴിഞ്ഞത്രേ
അഷ്ടപദി ചമയ്ക്കുക ഭാഷാവൃത്തത്തിൽ രാമപുരത്ത്വാര്യരുടെ വഞ്ചിപ്പാട്ട് പ്രസിദ്ധമാ
യ്വഞ്ചിനാട്ടിൽ പ്രജകൾക്ക് കുതുകമേറ്റി.





Saturday, 5 October 2024

വെട്ടം തേടി

ആദിയിൽ മനുഷ്യൻ്റെയാലയം കാടെന്നത്രേ
വേദസാരന്മാർ ചൊല്ലി പഠിപ്പിച്ചു വഴി പോലെ
കാടു നാടായ് പിന്നെ കാടന്മാർ മനുഷ്യരും
പരിഷ്ക്കാരം പറന്നെത്തി, സംസ്കാരം സമീക്ഷയും

അപ്പോഴും വനവാസം വെടിയുവാൻ മടിച്ചെത്ര
പ്രാക്തനമനസ്സുകൾ കാടിൻ്റെ വിളി കേട്ടോർ

കാടിൻ്റെ നിയമങ്ങൾ പാലിക്കുവോരെങ്കിലും
പൂജിച്ചു പ്രകൃതിയെ പ്രീതിയിൽ കാക്കീടിലും
പശിമൂത്തപരൻ്റെ ക്രയ്യ്യങ്ങളെടുക്കീടിൽ
ഭേദ്യം ചൊയ്തൊടുക്കീടും പുറംലോകത്തെ 'മാന്യർ '

വിശക്കും കുരുന്നോൾക്ക് പകർന്നേ കൊടുക്കുവാൻ
പതിരായ് തീർന്ന തൻ്റെ പങ്കിലഗാത്രം മാത്രം

അന്നൊരു മരത്തിൻ്റെ തണലിൽ വച്ചു കണ്ട
ഭിന്നമാം മുഖത്തവൾ കണ്ടു ദൈവത്തെത്തന്നെ
കാടിൻ്റെയിരുൾ വിട്ട് നാടിൻ്റെ വെട്ടം തേടി
കാരുണ്യക്കൈയും പിടിച്ചാ മക്കളിറങ്ങുമ്പോൾ
ഒറ്റയ്ക്കു കരൾപൂട്ടിക്കരഞ്ഞേ നിൽപ്പാണവൾ
വന്യമാം പ്രകൃതിക്കും ഊരിന്നും മദ്ധ്യേ കാട്ടിൽ

സ്നേഹിക്ക എല്ലാരെയും സേവിക്കയതേവിധം
എന്നു ചൊല്ലിയ പുണ്യം പുഞ്ചിരി തൂകി നിൽക്കും
മന്ദിരം മഹനീയം, കാടിൻ്റെ കിടാങ്ങൾക്കായ്
മാധവ സേവ നൽകും മാനവർ സമർപ്പിച്ചു.
മിഴിനീരുണങ്ങിയ കൺകളിൽ കാണാകുന്നു
മിന്നുന്ന നക്ഷത്രങ്ങൾ, ദീപ്തമാം കിരണങ്ങൾ
സ്നേഹത്തിൻ ഭാഷ്യമേറെ കാണാകും തിരയുകിൽ
താജ്മഹൽ പോലെയുള്ള ഹർമ്യങ്ങളസംഖ്യമായ്
അത്തരം ഭാഷ്യങ്ങളെ തിരുത്തി മഹിതരീ
മന്ദിരം തീർത്തു സത്യസായി തൻ നികേതനം

ഇവിടെ കാണാകുന്നു ക്രിസ്തുതൻ വചനങ്ങൾ
ഇവിടെ കേൾക്കാകുന്നു ഗീതോപദേശപ്പൊങ്ങൾ
ഗുരുവിൻ സൂക്തങ്ങളും നബിതൻ വചനങ്ങളും
നിസ്വാർത്ഥ പ്രേമത്തിൻ്റെമുഖമായ്സായിയേയും
മന്ദിരം അചേതനം, സ്പന്ദിക്കും ഹൃദപുഷ്പത്തെ താങ്ങുന്ന കരങ്ങളോ കാരുണ്യക്കടലാണല്ലോ!

ഇങ്ങനെയുള്ള സ്നേഹതീരങ്ങൾ മനോഹരം
തിങ്ങിന മോദത്തോടെ ലസിപ്പൂ വനപുഷ്പങ്ങൾ










Thursday, 3 October 2024

അഹിംസ

അഹിംസ


മേൽവസ്ത്രമില്ലാത്ത മേനിയും

ഇടം കയ്യിൽ ഊന്നിപ്പിടിച്ച വടിയും

വട്ടച്ച കണ്ണട വട്ടത്തിനുള്ളിലെ

കത്തിച്ചു വച്ച മിഴിച്ചിരാതും

സത്യത്തിനൊപ്പം ചരിക്കുന്ന പാദങ്ങൾ

 എത്തുന്നു തീണ്ടാത്തുരുത്തുകളിൽ

മിണ്ടാവ്രതത്തിനുമുണ്ട് കരുത്തെന്ന്

മിണ്ടാതെ മിണ്ടുന്ന കർമ്മ മാർഗ്ഗം

പട്ടിണിയുണ്ണുവതല്ലുപവാസമത് 

ഉള്ളിലെയുലയൂതിയോരുന്ന സമരമാം

തീയുണ്ട തുപ്പവേ 'ഹേ റാം' എന്ന നേരിനാൽ

ഹിംസയെ അഹിംസയാൽ നേരിട്ടു ഭാരതം


വാൽക്കഷണം :

ജീവിതം കൊണ്ടു സന്ദേശം 

ആരചിക്കുന്ന ധീരരെ 

വാഴ്ത്തിടും ലോകമെന്നാളും

അതിനില്ലൊരു സംശയം