Thursday, 21 December 2023

പുസ്തകാസ്വാദനം

അനാബസ് അഥവാ അണ്ടികള്ളി
ഏ.എൻ.സാബു

ആധുനിക മലയാള ചെറുകഥയുടെ വളർച്ചയുടെ കാലഘട്ടം തുടങ്ങുന്നത് 1930 കളിലാണെന്ന് തോന്നുന്നു. പാശ്ചാത്യസാഹിത്യത്തിലുണ്ടായ വിപ്ലവകരമായ പരിവർത്തനത്തിന്റെ ചുവടുപിടിച്ച് ഇവിടെയും കഥാ സാഹിത്യ രംഗത്ത് മാറ്റങ്ങൾ കണ്ടു തുടങ്ങി . കാർഷിക മേഖലയുടെ കഥ പറഞ്ഞ് തകഴിയും വ്യവസായ ശാലകളുടെ പശ്ചാത്തലത്തിൽ കഥയെഴുതി കേശവദേവും മലയോര മേഖലയുടെ മനസ്സറിഞ്ഞ് പൊൻകുന്നം വർക്കിയും കഥാ സാഹിത്യത്തിൽ വിരാജിച്ചിരുന്നു. സഞ്ചാരകഥകൾക്കൊപ്പം മനുഷ്യമനസ്സുകളുടേയും കഥ പറഞ്ഞു, എസ്.കെ. പൊറ്റക്കാട് . കാരൂർ നീലകണ്ഠപിള്ളയും ഉറൂബും എംടിയുമെല്ലാം മനുഷ്യമനസ്സുകളുടെ സങ്കീർണതകളും നിസ്സഹായാവസ്ഥയും ആകുലതയും ആവാഹിച്ച് രചനകൾ നടത്തി. പിന്നീട് ഓ.വി.വിജയനും മുകുന്ദനും സക്കറിയയും തങ്ങളുടെ രചനകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. എം.പി.നാരായണപിള്ളയുടേത് വേറിട്ടുള്ള ശൈലിയായിരുന്നു. പട്ടാളക്കാരായതിനാലാണെന്നു തോന്നുന്നു, പട്ടാളക്കഥകളെന്നു വ്യവഹരിക്കപ്പെട്ടു, കോവിലന്റേയും നന്ദനാരുടേയും സി.വി. ശ്രീരാമന്റേയും രചനകൾ. കൊച്ചുബാവ , സുരേന്ദ്രൻ , ശിഹാബുദീൻ പൊയ്തുംകടവ് തുടങ്ങിയവർ  പുതുതലമുറക്കഥകളുടെ ആവിഷ്കർത്താക്കളായി.


കാലം കടന്നുപോകുന്നു. നമ്മളും കാലത്തിനൊപ്പം. പണ്ട് വാരികകളിലും വാരാന്ത്യപ്പതിപ്പുകളിലും മാത്രം പ്രകാശിച്ചു കണ്ടിരുന്ന കവിതകളും ചെറുകഥകളുമെല്ലാം

നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ കൂടുവിട്ടു കൂടുമാറിയിരിക്കുന്നു. താന്താങ്ങളുടെ സൃഷ്ടികൾ യഥേഷ്ടം പ്രകാശിപ്പിക്കാമെന്നതിനാൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളും കൂടുതലാവുന്നു.  സാഹിത്യ ഗ്രൂപ്പുകൾ മത്സരബുദ്ധിയോടെ രംഗത്തുള്ളതിനാൽ ആർക്കും നിരാശരാകേണ്ടിയും വരുന്നില്ല. ഫലമോ ! നിലവാരമുള്ളതും ഇല്ലാത്തവയുമായി ധാരാളം സൃഷ്ടികൾ ഉണ്ടാവുന്നു. അവയുടെ ബാഹുല്യം മൂലം നല്ലവ പോലും വായിക്കപ്പെടുന്നില്ല.

ആഘോഷിക്കപ്പെടുന്ന പല എഴുത്തുകാരുടേയും രചനകൾ ഇക്കാലത്ത് നിലവാരമില്ലാത്തതായി തോന്നുന്നുണ്ട്. എന്നാൽ നവമാധ്യമങ്ങളുടെ പിൻബലത്തിൽ രചന തുടങ്ങിയ ചിലരുടെ കൃതികൾ കാമ്പുള്ളതായും ബോധ്യപ്പെട്ടിട്ടുണ്ട്.

അത്തരത്തിൽ കാണപ്പെട്ട ഒരു ചെറുകഥാസമാഹാരമാണ് ശ്രീ. ഏ.എൻ. സാബുവിന്റെ 'അനാബസ് അഥവാ  അണ്ടി കള്ളി ' .  സത്യത്തിൽ പുസ്തകത്തിന്റെ ശീർഷകമാണ് അത് വായിക്കാനുള്ള പ്രേരണ. ഒരു പരദേശ പദവും ഒരു ദ്രാവിഡ പദവും സന്ധിചെയ്യുന്ന തരത്തിൽ ആണ് പുസ്തകത്തിന്റെ പേരും ടൈറ്റിൽ കഥയും.

നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ  കഥാപരിസരം കണ്ടെത്തുകയാണ് ശ്രീ. സാബു ചെയ്യുന്നത്. ഒരു വേള നമ്മളിൽ പലരും ആണോ കഥാപാത്രങ്ങൾ എന്നു വരെ തോന്നിപ്പോകും. കഥാകാരന്റെ സൂക്ഷ്മദൃഷ്ടിയും നിരീക്ഷണ പാടവവും കഥകളിലെമ്പാടും കാണും. സകല ഭൂതജാലങ്ങളും കഥയ്ക്ക് വിഷയീഭവിച്ചിരിക്കുന്നു. ഏറ്റവും ചെറിയ സസ്തനിയായ എലിയുടെ അതിജീവനം, ഇലകളുടെ ആത്മാലാപം, ജലജീവിയുടെ ഐഡന്റിറ്റി തുടങ്ങി കരയിലും വെള്ളത്തിലും ആകാശത്തിലും നിന്ന് കഥയ്ക്കുള്ള ഊർജം ആർജിക്കുന്നത് ശ്രദ്ധേയമായി തോന്നി.


അനാബസ് എന്നത് പുതിയ കാലഘട്ടത്തിലെ പേരാണെന്ന് തോന്നുന്നു. അക്വേറിയം സംസ്കാരത്തിൽ നിന്നുരുവം കൊണ്ട പേരു്. അക്വേറിയം മത്സ്യങ്ങൾക്ക് പൊതുവേ പരദേശ നാമമാണല്ലോ ! എന്നാൽ അണ്ടികള്ളി മത്സ്യം കരപ്പുറത്തെ കുളങ്ങളിലും തോടുകളിലും മട്ടലുകളിലും എന്നു വേണ്ട പാടശേഖരങ്ങളിലും കണ്ടുവന്നിരുന്ന ഒരു ചേർ മത്സ്യമാണ്. പാടങ്ങളിൽ നെൽക്കതിർ പഴുത്ത് ചാഞ്ഞു തുടങ്ങുമ്പോൾ അണ്ടികള്ളിക്ക് അത് പത്ഥ്യാഹാരമാകുന്നു. മറ്റു സൂക്ഷ്മ ജീവികളേയും അതു ഭക്ഷിക്കും. ഞാഞ്ഞൂലിനെ (മണ്ണിര ) കോർത്ത് ഇട്ടിട്ടാണ് ചൂണ്ടയിൽ ഇതിനെ പിടിക്കുന്നത്. മൂർച്ചയുള്ള ചിറകുമുള്ളുകൾ വിശറി പോലെ വിതർത്തി ഊർദ്ധ്വഭാഗത്തേയ്ക്ക് തെറുത്തു കയറുന്ന പ്രവണതയാണിതിനുള്ളത്.

ചേറിൽ നിന്ന് തപ്പിപ്പിടിക്കുമ്പോൾ കിട്ടിയ ഒന്നിനെ കടിച്ചു പിടിച്ച് അടുത്തതിനെ പിടിക്കാൻ

ചിലർ ശ്രമിക്കാറുണ്ട്. മുകളിലോട്ട് തെറുത്തു കയറുന്ന സ്വഭാവമുള്ളതിനാൽ ശ്വാസകോശത്തിൽ പെട്ട് മരണകാരകമാകുന്നു.

അതിനാൽ 'ആളെ കൊല്ലി' എന്ന പേരു കൂടി

ഇതിന് പറഞ്ഞുകേൾക്കാറുണ്ട്.

 കറുപ്പിൽ മഞ്ഞരാശിയുള്ള നിറം, പരന്നു തടിച്ച ശരീരം, മണ്ണിൽ പുതഞ്ഞുകിടക്കുന്ന ശീലം; ഇത്രയുമാണ് അണ്ടികള്ളിയുടെ സവിശേഷത. സർവോപരി സ്വാദിഷ്ടം. മറ്റു ദേശങ്ങളിൽ ഈയി നം മത്സ്യത്തിന് ' കറൂപ്പ' എന്നാണ് പറയുന്നത്. 

പുതിയ പേരും പരിവേഷവും തേടുന്ന പുതിയ തലമുറയോട് അതിന്റെ നിരർത്ഥകത ബോധിപ്പിക്കുകയാണ് കഥയിലൂടെ. എന്നാൽ 'കുഴിമന്തി ' എന്ന ആക്ഷേപപരമായ ഭക്ഷണത്തിന്റെ പേരുമാറ്റാത്ത വൈരുദ്ധ്യത്തേയും പഴങ്കണ്ണുകൾ ചോദ്യം ചെയ്യുന്നു. സ്ഥലനാമങ്ങളും സ്ഥാപന നാമങ്ങളും എന്തിന്, രാജ്യത്തിന്റെ പേരുപോലും മാറ്റുന്ന പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിലേയ്ക്കു കൂടി ഈ ആശയം നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകുന്നു. 

ഏതായാലും കരപ്പുറത്തിന്റെ തനതു മത്സ്യമായ അണ്ടികള്ളിക്ക് സഹൃദയശ്രദ്ധ കൊടുക്കാൻ സാബുവിനായി.


പുസ്തകത്തിലെ ആദ്യകഥയായി ചേർത്തിരിക്കുന്ന അജാമിളൻ എന്നതും പേരു കൊണ്ട് ശ്രദ്ധേയമായി. അജാമിളൻ ഒരു പുരാണ കഥാപാത്രമാണ്. വിഷ്ണുഭക്തനാണ്. അജ്ഞാതനാമാവായി അജ്ഞാതവാസിയായി കഴിയുകയും എന്നാൽ പോസ്റ്റുകളിലൂടെ വെളിച്ചപ്പെടുകയും ചെയ്തയാൾ പെട്ടെന്ന് അപ്രത്യയനാകുന്നു. അയാളുടെ അസ്തിത്വവും വ്യക്തി വിവരങ്ങളും അന്വേഷിച്ച് ഹതാശനാകുന്ന കഥാനായകനെയാണ് അജാമിളൻ എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്.


ശാസ്ത്രജ്ഞർ പലപ്പോഴും പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാറുള്ളത് എലികളെയാണ്. എന്നാൽ ഇവിടെ കഥാകൃത്ത്

എലിയിലൂടെ ഒരു കഥാ പരീക്ഷണം നടത്തുകയാണ് 'ശത്രുവാര്' എന്ന കഥയിലൂടെ. ജീവിത നൈരന്തര്യത്തിൽ അതിജീവനത്തിനായി ഉഴലുന്ന ചെറു ജീവിയായ എലിയെ സൂക്ഷ്മമായി പഠിക്കാൻ കഥാകാരൻ ശ്രമിച്ചിരിക്കുന്നു. വാലിന്റെ ഉപയോഗം കുപ്പിയിൽ നിന്ന് എണ്ണ പോലുള്ള പദാർത്ഥങ്ങളിൽ അത് മുക്കി ആഹരിക്കാനാണെന്നത് എനിക്ക് പുതിയ അറിവാണ്. എലികളിലൂടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാത്ത സമൂഹ ചിന്തയിലേയ്ക്കു കൂടി ടോർച്ചടിക്കപ്പെടുന്നു.


കനലനുഭവങ്ങളിലൂടെ കടന്നുപോയ കരപ്പുറത്തെ തൊഴിലാളി കുടുംബത്തിലെ കാരണവത്തിയെ അവതരിപ്പിക്കുകയാണ് 'കാർത്തിയമ്മ 'എന്ന കഥയിൽ . വയലാറിന്റെ പശ്ചാത്തലമുള്ള കരപ്പുറത്തെ മണ്ണിൽ കാർത്തിയമ്മയ്ക് സദൃശയായി അനേകം കഥാപാത്രങ്ങളെ കണ്ടെടുക്കാനാകും.


നമ്മൾ കാണുന്ന ഓരോരുത്തരേയും സിനിമാ താരങ്ങളോട് താരതമ്യം ചെയ്താലോചിക്കുക എന്നത് മിക്കവരും മനസുകൊണ്ടു ചെയ്യുന്ന കാര്യമാണ്. എന്നാൽ അത് മനസിന്റെ വിഹ്വലതയും  പിരിമുറുക്കവും സൃഷ്ടിക്കുമ്പോൾ അത് മറ്റൊരു തലത്തിലാവുന്നു. സാബുവിന്റെ ' സിനിമാക്കഥ' അത്തരത്തിലൊന്നാണ്. കഥയ്ക്ക് പുതിയ അർത്ഥതലങ്ങൾ കൊടുക്കാൻ കഥാകാരന് കഴിഞ്ഞിരിക്കുന്നു.


ഇലകളുടെ ആത്മാലാപം വായിച്ചറിയാൻ കഴിയുന്നു, 'പ്ലേ ഗ്രൗണ്ട് സ്ലൈഡ്' എന്ന കഥയിലൂടെ.


അന്തിച്ചർച്ചകളുടെ നിർത്ഥകതയും അവലക്ഷണവും വെളിവാക്കുന്നതാണ് 'അന്തിച്ചർച്ച' എന്ന കഥ .


അയൽക്കാരുടെ ജീവിതഗതിയിൽ അസുഖകരമായ ചലനങ്ങൾ ഉണ്ടാക്കാൻ പോന്ന നവാഗതൻ . അയാൾ വീടൊഴിയുമ്പോൾ ആ കോളണിയുടെ ദശാസന്ധി മാറുന്നു.  സമൂഹത്തിനും രാഷ്ട്രത്തിനും വരെ ഇത്തരത്തിൽ ദശാസന്ധി വന്നുഭവിക്കാം. 'ദശാസന്ധി' എന്ന കഥയ്ക്കു ഒരു പാട് മാനങ്ങൾ കല്പിക്കാൻ കഴിയും.


നാട്ടുകൃഷി രീതിയും അതിനിടയിലെ കുന്നായ്മയുടെയും കഥ പറയുന്നതാണ് ,' ചേമ്പു നടീൽ' .


ഒരു കൊലപാതകവും അതിനു ഹേതുവായതും അതുയർത്തിയതുമായ സാമൂഹ്യ പ്രശ്നങ്ങളുമാണ് 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന കഥയിൽ. കഥയുടെ ആവിഷ്കരണത്തിൽ ഏറെ തന്മയത്വം അവകാശപ്പെടാനുണ്ട്.


അപരിചിതന്റെ ആകസ്മിക അപകടവും ആശുപത്രിവാസവും തുടർന്നുള്ള അയാളുടെ വ്യക്തി ജീവിത സങ്കീർണതകളുമാണ് 'വിസിറ്റിംഗ് കാർഡ് ' എന്ന കഥയ്ക്ക് വിഷയം.


തൊഴിലുറപ്പു തൊഴിലാളികളുടെ പ്രവർത്ത്യുന്മുഖത , വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും രഞ്ജിപ്പിച്ച് അവതരിപ്പിച്ച കഥയാണ് 'തൊഴിലുറപ്പ്'.


വിദ്യാഭ്യാസകാലത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന കഥയാണ് 'പട്റീഷ്യയും ആറാം പ്രമാണവും 'എന്ന കഥ.


തന്റെ കഥകളിലുടനീളം പ്രാപഞ്ചിക വീക്ഷണവും സൂക്ഷ്മമായ നിരീക്ഷണവും ചിത്തവൃത്തിയുടെ സങ്കീർണതയും ഇടകലർത്തി ആവിഷ്ക്കരിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. പച്ച മനുഷ്യന്റെ ആത്മാവിഷ്കാരം പോലെ തന്നെ പച്ചിലയുടെ ആത്മാലാപവും വേറിട്ട ശൈലിയിൽ വരച്ചുകാട്ടുമ്പോൾ വായനക്കാരന് നവമായ ഒരു ആസ്വാദനാനുഭവമാണ് സംവേദക്ഷമമാകുന്നത്.

പൊതുവായനാനുഭവത്തിൽ നിന്ന് അടർന്നു മാറി നിൽക്കുന്ന വേറിട്ട അനുഭവമാണ് ഈ കൃതി എന്ന് നിസ്സംശയം പറയാം.


= ശങ്കരനുണ്ണി












Sunday, 17 December 2023

സ്യമന്തകം

                             I

കുഞ്ചൻനമ്പ്യാർ തുള്ളൽക്കലയുടെ
കുലപതിയാണെന്നറിയാമല്ലോ?
കലയും കവിതയുമിഴ ചേർന്നൊരു നവ-
നാട്യപ്രകരണമിതൾ മിഴിയുന്നൂ

ചാക്യാർ ചൊല്ലും വാമൊഴി വരമൊഴി
പരിഹാസത്തിൻ കൈയൊപ്പോടെ
കഥകളി ചേലിൽ മുദ്രാപാംഗം
വേഷത്തിറയൊടു ചേർന്നാടുന്നൂ

കുഞ്ചൻ പുതിയൊരു തുള്ളൽ കലയെ
കൈരളി മുന്നിൽ കണിവച്ചപ്പോൾ
 കൈമണി കൊട്ടീ    മലയാളക്കര
പിൻപാട്ടോടെ സാഹിതിലോകം

കുഞ്ചൻ പാടിയ തുള്ളൽക്കഥ 
ഞാനൊന്നുചുരുക്കി പറയാമിവിടെ
ഓട്ടൻ പറയൻ ശീതങ്കൻ
കഥയെവ്വിധവും പറയാമെന്നാലും
ഓട്ടൻതന്നെ പറയാമതിനൊരു
വാട്ടംവേണ്ട സ്യമന്തകമാവാം.

ഗണപതി ഭഗവാൻ മുരരിപു പുത്രൻ
തുണ ചെയ്യേണം കഥ പറയുമ്പോൾ
വാണീമാതും വന്നെൻ നാവിൽ
വാണരുളേണം വാക്കിൻ പൊരുളായ്
നടനം ചെയ്യാൻ വശമില്ലടിയന്
നടരാജപ്രഭു സതതം കനിയുക
ശിവശങ്കര ജയ! ശിവശങ്കര ജയ!
ശിവശങ്കര ജയ! പാഹി മുരാരേ!

പണ്ടു സ്യമന്തകമെന്നൊരു മണി കൊണ്ടു -
ണ്ടായി പെരുതായൊരു കലഹം
ഏഷണി കൂട്ടാൻ കലഹം കൂട്ടാൻ
പണ്ടേ നമ്മൾ സമർത്ഥരുമല്ലേ !
ഇല്ലാക്കഥയും വല്ലാക്കഥയും
പൊല്ലാപ്പാകും സ്ത്രീപീഡനവും .
വിടുവായത്തം നീട്ടിവിളമ്പി
എടുപിടിയുടനേ മാപ്പു പറഞ്ഞും
ഏറ്റുപിടിക്കാനൊരുകൂട്ടം പേർ
ഏറ്റി നടക്കാൻ മറ്റൊരു കൂട്ടർ.
നാരദനെ മലയാളക്കരയുടെ
കലഹ ബ്രാന്റംബാസിഡറാക്കാം
നാരായണ ജയ! നാരായണ ജയ!
നാരായണ ജയ! നാരദരേ ജയ!




               
                    II



സത്രാജിത്തിന് മിത്രൻ നൽകിയ
സ്വത്താം രത്ന സ്യമന്തക മണിയെ
കണ്ടതു കിട്ടാതിണ്ടൽ മുഴുത്തി -
ട്ടംഭോജാക്ഷൻ കട്ടാനെന്നൊരു 
കഥയുണ്ടായീ. നാട്ടിലതെല്ലാം
പാട്ടായും പോയ്, ശിവ!ശിവ! ശംഭോ!

മിത്രനു തേജസ്സേറ്റിയ മണിയെ
സത്രാജിത്തു കഴുത്തിലണിഞ്ഞി -
ട്ടപ്പുരിയാകെ ഞെളിഞ്ഞു നടന്നൂ
അല്പന് അർത്ഥം കിട്ടിയ പോലെ

ദുഷ്ടന്മാർ ചില രാജസവീരർ
ശത്രുക്കൾ പലരുണ്ടു ഹരിപ്പാൻ
കാഞ്ചനഭാരം കൈവരുമതിനാൽ
കള്ളന്മാരും കരുതിയിരിക്കും
വിശ്രുതമണിയെ ദ്വാരക തന്നിൽ
വിശ്വാസേന സുരക്ഷിതമാക്കാo
എന്നൊരു കാര്യം കൃഷ്ണൻ ചൊന്നത്
വന്നു വിപത്തായ് തീർന്നാനല്ലോ !

വെണ്ണക്കള്ളൻ, ചേലക്കള്ളൻ
ഗോപികമാരുടെയുള്ളം കട്ടവൻ
ഇങ്ങനെ പല പല പേരുണ്ടെങ്കിലും
ഇന്നീക്കേട്ടത് പുകഴിന് പോരാ

കഷ്ടം സത്രാജിത്തിനൊടൊരുനാൾ
ഇഷ്ടം കൊണ്ടു പറഞ്ഞൊരു കാര്യം
ദുഷ്ടൻ, കൊതി കൊണ്ടെന്നു വിചാരി -
ച്ചിഷ്ടപ്പടിയപവാദം ചെയ്വൂ

അന്നൊരു നാളിൽ വേട്ടയ്ക്കായി -
ട്ടുന്നതനായ പ്രസേനൻ പോയാൻ
അഗ്രജനോടു സ്യമന്തകരത്നം
വ്യഗ്രo വാങ്ങിയണിഞ്ഞാനല്ലോ !
അർക്കൻ തന്നുടെ വരവോയെന്നു
ഭ്രമിച്ചാർ ഭൂതലവാസികളെല്ലാം

അന്നു സ്യമന്തക രത്നവുമായി
പോയ പ്രസേനൻ വന്നീലേതും.
അംബുജലോചനനവനെ കൊന്നി
ട്ടഞ്ചിതമണിയെ കട്ടാനെന്നൊരു
വാർത്ത പരത്തി സത്രാജിത്തതു
നാട്ടിൽ മുഴുവൻ പാട്ടായും പോയ്.

അപവാദങ്ങൾക്കറുതി വരുത്താൻ
അപഗതഭയമൊടു പോയാൻ കൃഷ്ണൻ
ഗോപത്തരുണർ തുണയായും പോയ്
ആപത്തെന്തെന്നറിയണമല്ലോ!

ഘോര വനാന്തര നികരേ കണ്ടൊരു
 പ്രേതം വികൃതം അവയവഹീനo
സിംഹച്ചുവടും ചുടുനിണമണവും
മുന്നോട്ടേയ്ക്ക് നയിച്ചീടുന്നു.
ഒട്ടൊരു കാതം പോകെ കണ്ടൊരു
വനരാജന്റെ ഞെരിഞ്ഞ ശരീരം
അവിടുന്നങ്ങോട്ടമരും പദനഖ
വലീമുഖ രൂപം ആരുടെയാമോ?



                III

  ഹരിനാമങ്ങൾ മുഴങ്ങും ഗഹ്വര
മൊരു യോജനയങ്ങകലെക്കാണാം.
അവിടേയ്ക്കാണാ പദനഖമുനകൾ 
പോവതു വേപഥു  പൂണ്ടൊരു മട്ടിൽ

മർക്കട കോകില കുക്കട കോഷ്ടക - 
മുൽക്കടരാഗം പുലരുവതവിടെ
ഹരിണികൾ കരികൾ കരിവരിവണ്ടു
മുരണ്ടുനടക്കും വിപിനം കണ്ടോ!
അരളികൾ തെച്ചികൾ അരിമുല്ലകളും  തരളിതലതകൾ മറ്റുമനേകം 
ചമ്പക പിച്ചക മന്ദാരങ്ങൾ 
കമ്പിതമിളകും പുന്നാഗങ്ങൾ സലിലസരസ്സുകൾ സുരഭിലമലരു -
കളുതിരും പൂവനിയേറെ വിശേഷം . അവിടൊരുകുഹരംഅതിഗംഭീരം
രവികിരണങ്ങൾ പരത്തി ലസിപ്പൂ

കുഹരമതിലതിശയം കാണായിതാഹന്ത!  ക്രീഡനം ചെയ്യുന്ന ബാലികയെത്തദാ കുതുകമൊടു പാർത്താർ സ്യമന്തക രത്നവും  കുലിശമൊടുകോർത്തവൾകണ്ഠേധരിച്ചതും

അതുപൊഴുതുകന്യയോടഖിലവുമറിഞ്ഞിടാ-നതുലനയകോവിദൻ മുന്നോട്ടടുക്കവേ അതിബലസമന്വിതം കലിയൊടൊരു വാനരം ദന്തശു കോപമോടോടിയടുത്തിതേ

അനുമതി അപേക്ഷകളൊന്നുമില്ലാതെകണ്ട  -നുചരരുമായി ബലേനകടന്നൊരു ശത്രുവെ ക്രുദ്ധനായ് ഒന്നടിച്ചാനതു തെറ്റെന്ന് മാടിത്തടുത്താൻ ദേവദേവനും

താഡിച്ചുമോടിച്ചുമേറെപ്പണിപ്പെട്ട് കോരിയെടുത്തിട്ടെറിഞ്ഞുo തിരിച്ചുടൻ ചീറിയടുത്തിട്ടിടം പെട്ടു ക്രുദ്ധിച്ചു നേരേ തിരിഞ്ഞ് തല കൊണ്ടിടിക്കയും കുംഭിതുമ്പിക്കൈയുയർത്തി കല്പത്തരു പത്രത്തെ ആഞ്ഞു വലിക്കുന്ന പോലവേ  വൃത്രാരിപുത്രകരുത്തോടെ വാനരൻ  വൃഷ്ണികുലാധിപനെ കവർന്നീടുന്നു

കരപുടമൊടമിതബലമുടനടി കുടഞ്ഞുടൽ  തരമൊടു പണിപ്പെട്ടു വേർപെടുത്തീ ജവം മല്ലയുദ്ധം കൊണ്ട് വെല്ലാൻ കഴിയാഞ്ഞ്  നല്ലഗദ കൊണ്ടടിച്ചിതു വാനരൻ .

എട്ടാശ തോറും കനത്തിൽ പ്രഹരിച്ച - തൊട്ടുമേ തൊട്ടതേയില്ല ചിന്മേനിയിൽ . ദേവദേവേശനോടാവേശമോടെന്നാവുമോ ഓർക്കിൽ തൊടുക്കാനിതേ  വിധം

  


                  IV

പക്ഷം ഒന്നു കഴിഞ്ഞിട്ടും മറു - പക്ഷത്തേതുമിളക്കം പോരാ സംഗരമെങ്ങനെ മുന്നോട്ടേവം സംഗതമാവുമതറിവീലൊട്ടും

ഗരുഡാരൂഢാ വന്നെൻ ദുർഗതി കരുണയൊടഴിവാൻ പ്രാർത്ഥിക്കുന്നേൻ കപിവരസുകൃതിക്കതു നേരം തന്ന -  നുപമപൂർവസ്മൃതിയുണ്ടായി

ദിക്കുകളൊക്കെവിറച്ചിടിവെട്ടി ചിന്നിപ്പിന്നിയമിന്നൽക്കൊടിയും മാറെറാലിയായി ശംഖൊലിനാദം    ധൂസരധൂമില വിലയിത  വ്യോമം ഗഹ്വരമാകെനിറഞ്ഞൊരലൗകിക -  വിഹ്വലമാമൊരു ദർശനപുണ്യo

മൂന്നു ചവിട്ടടി കൊണ്ടു ജഗത്രയ-   മൊന്നായ്നേടിയ വിക്രമനാണോ!മധുകൈടഭരുടെയന്തകനാണോ !മധുമഥനത്തിൻ സൂത്രകനാണോ !രാവണനിഗ്രഹമഴകൊടുചെയ്തി - ട്ടവനീസുതയെ  ഗ്രഹിച്ചവനാണോ !

പെട്ടെന്നൊരു ഗിരമഴകിനുകേൾക്കായ് വിശ്വാസാർത്ഥമൊരശരീതിക പോൽ


****         ****                    ****        ****                              

സൃഷ്ടികർത്താവാം വിരിഞ്ചനോ 
മാനസ പുത്രനാം വാനരൻ ജാംബവാനോടിദം
മന്വന്തരങ്ങൾക്കു സാക്ഷിയായ് നീ ചിരഞ്ജീവിയായ് വാഴ്കെന്നനുഗ്രഹിച്ചു മുദാ
സാക്ഷാൽ പരബ്രഹ്മമൂർത്തിയായുള്ള ശ്രീ നാരായണനെ മനസിൽ പ്രതിഷ്ഠിച്ചു 
ലോകോപകാരത്തിനായ് യുഗം തോറുമേ നാനാപ്രകാരവും വർത്തിച്ചു ജാംബവാൻ ദുഗ്ധാബ്ധിയിൽ മഥനം ചെയ്ത കാലവും
ദുഃഖാബ്ധി പാരം കടന്നൊരു കാലവും
വിഷ്ണുവിൻ പാദം ഭജിച്ചു കൊണ്ടപ്പുമാൻ വിശ്വാസമോടെ കഴിഞ്ഞു വിധിവശാൽ
മുന്നം ത്രിവിക്രമൻ തൃക്കാൽച്ചുവടിനാൽ
മൂന്നു ലോകങ്ങളും ഒന്നായളന്നപ്പോൾ ഒറ്റക്കുതിപ്പിൽ പലവട്ടമക്കഴൽ 
ചുറ്റി പ്രദക്ഷിണം വച്ചുവല്ലോ ഹരേ!

വാരാന്നിധിയെ കടപ്പാനുപായങ്ങൾ
തേടിയ മാരുതി വീരന്റെ തൃക്കരം കൈയിലെടുത്തു കൊണ്ടാത്‌മോപദേശങ്ങൾ
ചൊല്ലിക്കൊടുത്തതും ജാംബവാനല്ലയോ!
യുദ്ധത്തിലക്കാലമിന്ദ്രാരിയാൽ ബാല - നത്യന്തദീനനായ് പെട്ടോരു നേരത്ത്
ബദ്ധേന വാതാത്മജനെയുണർത്തി സിദ്ധൗഷധ നസ്യേന രക്ഷിച്ചതുമില്ലയോ

അത്യന്തഭക്തനാം ജാംബവാനെന്തിതേ സത്യപരായണ ശത്രുവായ് തീർന്നതും ആരെന്നറിയാതെയോടിക്കുതിച്ചെത്തി താഡിച്ചതെത്രയും നിന്ദ്യമെന്നോർക്കണം.


                  V

രോഷം മൂലം വന്നൊരു കലഹം                           ദോഷം വന്നിടുമതിനാലിപ്പോൾ കലഹംകൊണ്ടൊരു കാര്യവുമില്ല                        സുലഭം അവമതി ആപത്തും കേൾ.

വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും തോക്കുകൾ കൊണ്ടും ട്രോളുകൾ കൊണ്ടും , ഭേദ്യം ചെയ്തും ചോദ്യം ചെയ്തും                      സൈബറിടത്തിൽ സമരം ചെയ്തും കലഹംചെയ്വൂ പലവിധമുലകിൽ             കദനം നിറയുവതറിയുവതാരോ ?

ഹരിയെ അരിയെന്നോർത്തു കയർത്തത്        അവിവേകം കൊണ്ടറിയുക ദേവാ!

എന്നിൽ കോപം അരുതേ താവക  മുന്നിൽഅടിയിണ പണിയുന്നേൻ ഞാൻ          ഹരിയുടെ അനിതര മാഹാത്മ്യങ്ങൾ സ്തുതിയൊടു ചെയ്തു ജാംബവനപ്പോൾ

കനിവൊടു ഭക്തനെയാശ്ലേഷിച്ചു കരുണാമയനാം കമലേക്ഷണനും ജാംബവതീ ഗള ശോഭിതമായ              സ്യമന്തകരത്നം കൃഷ്ണനു നൽകി      കന്യയെ മടിയാതവിടുന്നേവം കൈക്കൊൾകെന്നൊരു പ്രാർത്ഥനയോടെ . ഭക്തോത്തമനെ കൈവിടുകെന്നതു യുക്തമതാകില്ലെന്നൊരു പക്ഷം 

കരഗതമായ സ്യമന്തക മണിയെ       പരിചൊടു സത്രാജിത്തിനു നൽകി. അപവാദങ്ങൾക്കറുതിയതായി.  സത്രാജിത്തതി ഖേദം പൂണ്ടു.




ശത്രുത നമ്മൾക്കില്ലിനി മേലിൽ മിത്രമതാകണമവിടുന്നിപ്പോൾ കന്യാദാനംചെയ്വൻ ഞാനും കന്യയെഭാമയെകൈക്കൊള്ളണം.

അങ്ങനെയെല്ലാം മംഗളമായി            മംഗലവും പുനരുണ്ടായല്ലോ!

ധർമസ്ഥാപനനിരതൻഭഗവാൻ      ധർമിഷ്ഠകളാം ദാരങ്ങളുമായ്                 .    ദ്വാരകതന്നിൽ സസുഖം വാണാൻ ദ്വാപരയുഗപരിപാലകനായി.

കുഞ്ചൻനമ്പ്യാർതുള്ളൽപാട്ടായ്        അഞ്ചിതമാo നല്ലുപഹാസത്താൽ      ചൊല്ലിയ കഥ ഞാനൊന്നു ചുരുക്കി         വല്ലാം വണ്ണം വരികളിലാക്കി.

ഇങ്ങനെയീയൊരുകഥയുരചെയ്വാൻ സങ്ങതി വന്നതുമെന്നുടെഭാഗ്യം സംശോധനചെയ്താവതുമെന്നെ സന്തോഷേണ പ്രഹർഷിക്കണമേ .







= ശങ്കരനുണ്ണി







Monday, 27 November 2023

കവിയും കാലവും


കവികൾ കാലത്തിന്റെ സാക്ഷികളാണ്. കാലം കടന്നുപോകിലും കവിയുടെ കാൽപാടുകൾ കടലെടുക്കുകയില്ല. 

കവികൾ മാന്ത്രികരാണ്. അവർ നമ്മുടെ മനസ്സിനെ നമ്മളറിയാതെ അപഹരിക്കുന്നു.
അത്തരം കവികൾ നമുക്ക് പ്രിയപ്പെട്ടവരാണ്. 

എന്റെ പ്രിയപ്പെട്ട കവി ആരെന്ന് ഞാനെന്നോടു തന്നെ ചോദിച്ചു. പാഠപുസ്തകത്താളുകളിലൂടെ പരിചയിച്ച കവികൾ  മനസ്സിൽ വന്നു നിന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ, ഗാഥാകാരനായ ചെറുശ്ശേരി, വിമർശനകലാ കുലപതി കുഞ്ചൻ . 

വീണ്ടും വരിഷ്ഠകവികൾ വരിവരിയായി വരുകയായി. ആശാൻ ,ഉള്ളൂർ, വളത്തോൾ ..... പക്ഷേ ഇവരെല്ലാം തന്നെ ദന്തഗോപുര വാസികൾ . എനിക്ക് അപ്രാപ്യർ.

എന്റെ മനസ്സിനെ ആകർഷിച്ച പ്രിയ കവി ചങ്ങമ്പുഴയാണ്. പക്ഷേ ചങ്ങമ്പുഴ 1947 ൽ ഞാൻ ജനിക്കുന്നതിനും വളരെ മുമ്പേ മൺമറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വരികൾ ഇപ്പോഴും മനസ്സിൽ, ഹൃദയത്തിൽ സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ പാത പിന്തുടർന്ന കവിയായ വയലാറാണ് പിന്നീട് മനസ്സിലേയ്ക്ക് കടന്നുവന്നത്. വാളിനെ സമരായുധമാക്കാത്ത, പച്ചമണ്ണിന്റെ മനുഷ്യത്വമായ ആ കവി ഞാൻ 10-ാം ക്ലാസിൽ പഠിക്കുമ്പോൾ , 1975 ൽ കാവ്യലോകത്തു നിന്ന് വിട പറഞ്ഞു.
ചങ്ങമ്പുഴയുടേയും വയലാറിന്റേയും പാതയിലല്ലെങ്കിലും ബിoബാവിഷ്കാരത്താലും കല്പനാ ചാരുതയാലും എന്നെ ഭ്രമിപ്പിച്ച കവിയാണ് എന്റെ തലമുറക്കാരൻ കൂടിയായ ബാലചന്ദ്രൻ ചുള്ളിക്കാട് . എന്റെ പ്രിയപ്പെട്ട കവി.

ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തല്ല. ഒരു നിലയ്ക്കും സമശീർഷനല്ല. അദ്ദേഹത്തിന് എന്റെ മുഖം ഓർമ 
പോലുമുണ്ടാവില്ല. ഞാൻ
അദ്ദേഹത്തിന്റെ കവിതകളുടെ എക്കാലത്തയും ഒരാരാധകൻ മാത്രം. കവിയെ ഒരു ചടങ്ങിന് ക്ഷണിച്ച്, ആനയിച്ചു കൊണ്ടുവന്ന രംഗം, മുപ്പത്തഞ്ചു
വർഷത്തോളം കഴിഞ്ഞെങ്കിലും ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഞാനന്ന് എറണാകുളത്തെ ടെലിഗ്രാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ (TRC) സെക്രട്ടറി ആയിരുന്നു. സഹൃദയരായ കൂട്ടുകാരെ കൂട്ടി എല്ലാ മാസവും കലാ-സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു പോന്നിരുന്നു.. അത്തരത്തിൽ സംഘടിപ്പിച്ച " കവിതാ സായാഹ്നം " എന്നു പേരിട്ട ചടങ്ങിലേയ്ക്ക് നാലു പേരറിയുന്ന മൂന്നു നാലു കവികളെ വേണം. ക്ലബ് അംഗങ്ങൾ മാത്രമായി കവിയരങ്ങ് നടത്തിയാൽ കേൾവിക്കാർ ഉണ്ടാവില്ലെന്ന ആശങ്ക, തീർച്ചയായും ഉണ്ടായിരുന്നു. സഹപ്രവർത്തകയായിരുന്ന ശ്രീമതി.സുധ, അവരുടെ അഭിവന്ദ്യപിതാവായ ശ്രീ.കലാമണ്ഡലം കേശവനെ ക്ഷണിച്ചാൽ, വരുമെന്ന് പറഞ്ഞത് എന്നിൽ പ്രത്യാശ ജനിപ്പിച്ചു. അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം മുഖാന്തിരം ശ്രീ.എൻ.കെ. ദേശo അവർകളേയും. കൂടാതെ അക്കാലത്ത് മുളന്തുരുത്തി ബി.ഡി. ഒ ആയിരുന്ന ശ്രീ. എസ്. രമേശനയും ഒരു സുഹൃത്ത് മുഖാന്തിരം ക്ഷണിച്ചു. അപ്പോഴാണ് മനസ്സിലേയ്ക്ക് എന്റെ പ്രിയപ്പെട്ട കവിയുടെ മുഖം തെളിഞ്ഞു വന്നത്. ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് എറണാകുളം ട്രഷറി ആഫീസിൽ ജോലി ചെയ്യുകയാണ്. ട്രഷറി ആഫീസ് , എന്റെ ആഫീസിന് പിറകിൽ ശിവക്ഷേത്രത്തിന് അടുത്താണ്. പക്ഷേ ക്ഷണിക്കാനുള്ള സങ്കോചം എന്നെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം അക്കാലത്ത് തന്നെ, അറിയപ്പെടുന്ന കവിയും യുവാക്കളുടെ ഹരവുമായിരുന്നു. പൊതുവേ പരുക്കനായ പ്രകൃതമായതിനാൽ തെല്ല് ഭയപ്പാടുണ്ട്. ഏതായാലും ധൈര്യമവലംബിച്ച് ഞാൻ  ട്രഷറിയിൽ പോയി അദ്ദേഹത്തെ കണ്ടു.

"വരാം"

ഒറ്റവാക്കിൽ സംഭാഷണം അവസാനിച്ചു.
ഞാൻ സംതൃപ്തിയോടെ മടങ്ങിപ്പോന്നു.
ആഫീസിൽ എത്തിയപ്പോൾ കവിയുടെ സഹപാഠികളായിരുന്നവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്ന് ഭാവിച്ചു നടന്നിരുന്ന പലരും എന്റെ സന്തോഷത്തെ കെടുത്തി.
"അത് വല്ല കഞ്ചാവിന്റേയും പുറത്ത് പറഞ്ഞതാവും. വരാൻ സാദ്ധ്യതയില്ല''
ഏതായാലും മറ്റു മൂന്നു കവികൾ ചാക്കിലുണ്ടല്ലോ!, പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

ഒടുവിൽ ആ ദിവസം വന്നെത്തി. 'കവിതാസായാഹ്നം" പരിപാടിയിൽ സംബന്ധിക്കാൻ എറണാകുളത്തെ പി. ആന്റ് .റ്റി. മേഖലയിലെ ജീവനക്കാരെ  കൂടാതെ
പുറമേ നിന്നു കൂടി ആളുകൾ വന്നു ചേർന്നുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ട കവികൾ വന്നു തുടങ്ങി. പരിപാടി തുടങ്ങാൻ സമയമായി. 
എന്നാൽ പ്രിയപ്പെട്ട കവിയെ മാത്രം കാണുുന്നില്ല. ഒടുവിൽ, എത്തിച്ചേർന്ന കവികളെ ഉപചരിക്കാനായി സുഹൃത്തിനെ ഏർപ്പാട് ചെയ്ത് ഞാൻ നേരേ ട്രഷറി ആഫീസിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ കവി സീറ്റിൽ തന്നെയുണ്ട്. കയ്യിലുള്ള പെൻസിൽ സസൂക്ഷ്മം കൂർപ്പിച്ചു കൊണ്ടിരിക്കുന്നു. ചെന്നപാടേ ഞാൻ പറഞ്ഞു
"ഇന്നാണ് പരിപാടി "
" ഏത് പരിപാടി " കവി തിരിച്ച് ചോദിച്ചു.
" ടെലഗ്രാഫ് ഓഫീസിലെ പരിപാടിക്ക് ഞാൻ കഴിഞ്ഞയാഴ്ച ക്ഷണിച്ചിരുന്നു. പരിപാടി തുടങ്ങാറായിരിക്കുന്നു. എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട് "
"അങ്ങനെയോ . ഞാൻ ഓർക്കുന്നില്ല.
ഏതായാലും പോകാം "
തെല്ലും മടിക്കാതെ എന്റെ കൂടെ കവി വന്നു.
ഓട്ടോ റിക്ഷാ വിളിക്കാൻ തുടങ്ങിയപ്പോൾ
"അടുത്തല്ലേ, നടക്കാം " - മുഴക്കമുള്ള സ്വരത്തിൽ പറഞ്ഞു.
ഞങ്ങൾ മുന്നോട്ടു നീങ്ങി.
രത്ന ഹോട്ടലിനടുത്തെത്തിയപ്പോൾ കവി വീണ്ടും
" എനിക്ക് വല്ലതും കഴിക്കണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല" 
സമയം അപ്പോൾ നാലുമണിയോടടുക്കുന്നു.
ഞങ്ങൾ ഹോട്ടലിൽ കയറി. അസമയമായതിനാൽ അവിടെ ഭക്ഷണസാധനമൊന്നുമില്ല.
അപ്പോഴാണ് ചില്ലലമാരയിൽ ഇരിക്കുന്ന രാവിലത്തെ അവശേഷിച്ച പുട്ട് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടത്.
" അതു മതി" - ഘനഗംഭീരമായ ശബ്ദം.
അങ്ങനെ ഒണക്കപ്പുട്ടും കട്ടൻ ചായയും കഴിച്ച് ഞങ്ങൾ ഇറങ്ങി.

ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. സ്വാഗതപ്രസംഗത്തിൽ കവികളെ പരിചയപ്പെടുത്തുമ്പോൾ "മാറ്റത്തിന്റെ തോറ്റംപാട്ടുകാരനായ കവി ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് " എന്ന് പ്രാസലേശം കലർത്തി
പറഞ്ഞത് ഇഷ്ടപ്പെട്ടു കാണുമോ എന്ന് ഞാൻ വൃഥാ സന്ദേഹിച്ചു. സദസ്യരുടെ ആഗ്രഹപ്രകാരം രണ്ടു കവിതകൾ അദ്ദേഹം ആലപിച്ചു. യാത്രാ മൊഴിയും വ്യർത്ഥമാസത്തിലെ കഷ്ടരാത്രിയും.

"ഏതോ തുലാ വരിഷരാവിന്റ മച്ചറയിൽ
ഏകാന്ത മാത്രയിൽ ഒരാഗ്നേയ നിർവൃതി
നുണഞ്ഞതിനു ശിക്ഷയായ് പെങ്ങളേയന്നു
നീ ഉള്ളിൽ മുള കൊള്ളും തുടിപ്പും ഞരമ്പു -
കളിലുന്നിദ്രമാളുന്ന നോവുമായാറിന്റെ
നെഞ്ചകം കീറിപ്പിളർന്ന് മറകൊണ്ടതും
ഒരീറൻ നിലാവ് മിഴിപൊത്തിക്കരഞ്ഞതും
ആരോർക്കുവാൻ ....."
എന്ന വരികൾ സഹൃദയരുടെ മനസ്സിൽ തീ  
കോരിയിടുന്ന അനുഭവമായിരുന്നു.

അതുപോലെ

"കുരിശേന്തുന്ന മർത്ത്യന്റെ
കത്തിപ്പടരുന്ന രക്തമാകുന്നു നീ
പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു നീ "

എന്ന വരികളും ആലാപനത്തിന്റെ ഭാവതീവ്രത കൊണ്ടും അക്ഷരങ്ങളെ തീപിടിപ്പിക്കുന്ന കാവ്യാവിഷ്കരണ ശൈലി കൊണ്ടും ആളുകളെ അക്ഷരാർത്ഥത്തിൽ ശോകമൂകരാക്കി.
പാബ്ളോ നെരൂദാ കവിതകളിലെ കനൽ , ആ വരികളിൽ കണ്ടെടുക്കാo . ഭാഷാന്തരീകരണത്തിൽ  വാക്കുകൾക്ക് ഉലയിൽ ഊതിക്കാച്ചുമ്പോൾ ഉള്ള മൂർച്ച .

മറ്റു കവികൾ പെരുമൺ ദുരന്തത്തേയും മറ്റും അധികരിച്ച് കവിതകൾ ചൊല്ലി. സഹപ്രവർത്തകനും ആനുകാലികങ്ങളിൽ എഴുതിത്തെളിഞ്ഞു വന്ന എഴുത്തുകാരനുമായിരുന്ന ശ്രീ. കൃഷ്ണൻ മൂസത് ആ ദുരന്തത്തിൽ പെട്ടിരുന്നു.
അദ്ദേഹം ഒരു കണ്ണീരോർമയായി ഇന്നും മനസ്സിൽ തെളിയുന്നു.

നല്ല ഒരു സായാഹ്നം സമ്മാനിച്ച പ്രിയപ്പെട്ട കവിയെ  മറ്റുള്ളവർക്കൊപ്പം
ഞാൻ യാത്രയയച്ചു. മറ്റു കവികളെയെന്നപോലെ വാഹനത്തിൽ കയറ്റി അയയ്ക്കാനുള്ള എന്റെ ശ്രമം നിരോധിച്ച് കാൽ നടയായി അദ്ദേഹം നടന്നു നീങ്ങി.
പ്രശസ്തിയിൽ എത്തിയാൽ പല സാഹിത്യകാരന്മാരും ചെറിയ പരിപാടികൾക്ക് വിളിച്ചാൽ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവാകുക പതിവാണ്. എനിക്കത് വളരെയേറെ അനുഭവമുള്ളതാണ്. ഒരിക്കൽ ഒരു പ്രശസ്ത സാഹിത്യകാരനെ പരിപാടിക്ക് ക്ഷണിക്കാൻ പോയി. അദ്ദേഹം തന്റെ തിരക്കുകൾ എനിക്ക്ബുദ്ധിമുട്ടു തോന്നാത്ത വിധത്തിൽ അവതരിപ്പിച്ചു.
" ഞാൻ ഒരു നോവലിന്റെ പണിപ്പുരയിലാണ്. അത് കഴിയാതെ പൊതുപരിപാടികളിൽ സംബന്ധിക്കില്ല "
ഞാൻ കൂടുതൽ നിർബന്ധിച്ചില്ല. ന്യായമായ ഒരു കാര്യമാണല്ലോ പറഞ്ഞത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇതേ നോവ
ലിസ്റ്റിനെ ഒരു പൊതുപരിപാടിയിൽ ശ്രവിക്കാൻ എനിക്ക് ഇടവന്നു. പിന്നെ, പലർക്കും യാത്രപ്പടി എന്ന പേരിൽ പണം ലഭിക്കാറുണ്ട്. സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന റിക്രിയേഷൻ ക്ലബ്ബുകൾക്കൊന്നും അത് താങ്ങാൻ കഴിയില്ല. അത് മുൻകൂട്ടിയറിഞ്ഞായിരിക്കും പലരുടേയും പിൻമാറ്റം.

ഏതായാലും പ്രിയപ്പെട്ട കവിയെ ചടങ്ങിന് ക്ഷണിച്ച് പങ്കെടുപ്പിക്കാൻ ആയതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യം തോന്നി. 





= ശങ്കരനുണ്ണി



Tuesday, 21 November 2023

സമയാതീതം

സമയാതീതം

അനന്തരം അവർ ഭവനങ്ങളിൽ ഒതുങ്ങി
അവർ ഗ്രന്ഥങ്ങളിൽ മുഴുകി
അതിൽ ശ്രദ്ധാലുക്കളായി
അവർ വിശ്രമിച്ചു
ശേഷം കസർത്തുകൾ ചെയ്തു
കലകളിലും കളികളിലും മുഴുകി
പിന്നെ വൈവിധ്യങ്ങളുടെ വകഭേദങ്ങൾ പഠിച്ചു
അലസം നില കൊള്ളാനും
ആഴത്തിൽ ശ്രദ്ധിക്കാനും തുടങ്ങി
ചിലർ ധ്യാനിച്ചു. ചിലർ പ്രാർത്ഥിച്ചു.
ചിലർ തങ്ങളുടെ നിഴലിനെ കണ്ടുമുട്ടി.
അനന്തരം ആളുകൾ മാറി ചിന്തിച്ചു
അവർ സ്വയം മുറിവുകൾ ഉണക്കി
ശേഷം ആളുകൾ അവർ ജീവിച്ച അജ്ഞാന വഴികളിൽ നിന്ന് ഒഴിവായപ്പോൾ
അർഥരഹിതമായ,അപകടകരമായ, ഹൃദയ ശൂന്യമായ
ഇടങ്ങളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ
ഭൂമിയും മുറിവുണക്കിതുടങ്ങി.
 അനന്തരം അപകടം അവസാനിച്ചപ്പോൾ
ആളുകൾ സ്വയം കണ്ടെത്തിയപ്പോൾ
അവർ പരേതരെ പറ്റി അനുശോചിച്ചു.
പിന്നെ അവർ പുതിയവ തെരഞ്ഞെടുത്തു.
പുതിയ ആശയങ്ങൾ സ്വപ്നം കണ്ടു.
പുതിയ ജീവിത ശൈലികൾ ചമച്ചു.
അനന്തരം തങ്ങൾ സുഖപ്പെട്ട പോലെ
 അവർ
പ്രകൃതിയെയും സമ്പൂർണമായി സുഖപ്പെടുത്തി.


Translation of poem written in 1869. Author unknown. Reprinted in 1919 by Kathleen O' Mara



Friday, 17 November 2023

എം.ആർ.ബി.

വന്നേരി നാടിന്നഭിമാനമായ് വന്ന
മംഗലാത്മാവേ ഭവാനെൻ്റെ വന്ദനം
എത്രയും പാരം പ്രവർത്തിച്ചവിടന്ന്
കേരള നാടിൻ യശസ്സുയർത്താൻ, പിന്നെ
സ്വന്തം സമുദായ ജീർണ്ണത തീർക്കുവാൻ,
വാക്കിനാൽ നല്ല രസായനം തീർത്ത ഹോ!
ദുഷ്ടസമുദായ നീതിശാസ്ത്രങ്ങൾ തൻ
സ്മാർത്തവിചാരണ നിർഭയം നേരിട്ട
പൂരുഷൻ തന്നെ ഭവാന, വിടത്തെ
സ്ഥൈര്യം കരുത്തു പകരുന്നു ഞങ്ങൾക്ക്
ബാല്യ വിവാഹം, മറക്കടയ്ക്കുള്ളിലെ ദൈന്യം
മഹാഭ്രഷ്ട്, തീണ്ടായ്ക യാദിയാം
സാമൂഹ്യതിന്മയെ ഏകനായ് നിന്നു നീ
നേരിട്ടതോർക്കവേ കോൾമയിർ കൊൾവു ഞാൻ
തൂലിക നല്ല പടവാളിനൊപ്പമെന്നാപ്ത -
വാക്യം സഫലമായ് തീർത്തു തേ
നാടകം, കാവ്യം, ഉപന്യാസമാദിയാം
സാഹിത്യവൃത്തിയിൽ ബദ്ധനായ് നിന്ന് നീ
വാക്കിനെയഗ്നിയായ് നീട്ടിയനാചാര -
ബദ്ധമാം ഗർവ്വിനെ ചുട്ടുകരിച്ചിലേ
സ്വന്തം മുഖം അറിയാതെയറയ്ക്കുള്ളിൽ
ദൈന്യം കഴിഞ്ഞൊരാ സോദരിമാർ മുമ്പിൽ
നീട്ടിയില്ലേ ' പുതുവൽക്കണ്ണാടി' നീ
സ്വന്തം മുഖ:ച്ഛായ കണ്ടന്നു നിങ്ങൾ ,
നിങ്ങളെ തന്നെ തിരിച്ചറിഞ്ഞീലയോ?
സ്വത്വബോധം 'മുളപൊട്ടിയ വിത്തുകൾ '
വിപ്ലവ വീര്യം വിതച്ചു തന്നീലയോ?
നഷ്ടബോധത്തിൻ വളപ്പൊട്ടുകൾ നീക്കി
യുക്തിബോധത്തിൻ നറു. 'താമരയിതളുകൾ '
മെല്ലെ വിരിയിക്കുവാൻ
ഇല്ലക്കരി പിടിച്ചോരാ മുഖങ്ങളിൽ
 സുവർണ്ണച്ഛായകൾ' നൽകുവാൻ
അങ്ങണഞ്ഞീലയോ?
ഭ്രാന്താലയമെന്ന് ശ്രീ വിവേകാനന്ദൻ
ഭത്സിച്ചു കല്പിച്ച നാടിനെയാകവെ
ദൈവ നാടായ് തീർത്ത പുണ്യപുരുഷരിൽ
മുമ്പനല്ലോ ഭവാൻ, എം.ആർ.ബി
അങ്ങേയ്ക്ക് മുമ്പിൽ പ്രണാമം, പ്രണാമ
മാനാമം പുലരട്ടെ കേരളശ്രീയായ് തന്നെ 

[എം.രാമൻ ഭട്ടതിരിപ്പാട് -കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിര നായകൻ കവി, നാടകകൃത്ത്, ഉപന്യാസ കാരൻ തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വാൽക്കണ്ണാടി, മുഖച്ഛായ, മുള പൊട്ടിയ വിത്തുകൾ, താമരയിതളുകൾ, വളപ്പെട്ടുകൾ, സുവർണച്ഛായകൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികളാണ്]



നേർച്ച



നേർച്ച


രാവിലെ പത്രം വായിക്കാൻ തുടങ്ങി. വിരസമായ വാർത്തകൾ. പത്രമുതലാളിമാരുടെ മനോധർമ്മം പോലെ വളച്ചു വിളയിച്ച വാർത്തകൾ. ഇപ്പോൾ വാർത്തകൾ അല്ല. കഥകൾ. Story എന്നത് ഒരു നവ മാധ്യമ ഭാഷയായിട്ടാണ് തുടങ്ങിയത്. എന്നാൻ ഇപ്പോൾ ദിനപ്പത്രങ്ങളിലും അത് Space കയ്യടക്കിയിരിക്കുന്നു. വാർത്തയുടെ പ്രാധാന്യം അനുസരിച്ച്, അല്ല പത്രത്തിൻ്റെ താൽപര്യമനുസരിച്ച് ഒരു വാർത്തയെ തന്നെ പല Story കൾ ആക്കി പത്രത്താളുകളിൽ പലയിടത്ത് കൊടുക്കുന്നു. അത്തരത്തിലുള്ളതെങ്കിലും കൗതുകമുള്ള ഒരു വാർത്തയിൽ കണ്ണുടക്കി.
 "ചർമം ചർമത്തിൽ സ്പർശിക്കാത്ത , കുപ്പായത്തിനു പുറത്തു കൂടിയുള്ള മാറിട സ്പർശനം കുറ്റകരമല്ല. " 
മുംബൈ ഹൈക്കോടതിയുടെ പൂവാല സൗഹൃദപരമായ ഈ വിധിയെ  വായിച്ചറിഞ്ഞപ്പോൾ എൻ്റെ ഓർമ്മകൾ വളരെ പുറകോട്ട് സഞ്ചരിച്ചു. അന്ന് പോക്സോ നിയമമൊന്നും പ്രാബല്യത്തിലില്ല. നാട്ടിലെ പൂവാലൻമാർക്കും അല്ലാത്തവർക്കും മാറിട സ്പർശം എന്ന അനുഭൂതി നുകരുന്നതിനു് പ്രത്യേകിച്ച്  നിയമ തടസ്സം ഇല്ലായിരുന്നു. പെൺകിടാങ്ങളുടെ രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ അറിഞ്ഞാൽ ശരീര ക്ഷതം ഉണ്ടാകുമെന്നതൊഴിച്ചാൽ '

കൊച്ചിയിൽ   മാർപ്പാപ്പ സന്ദർശിച്ച കാലം. ഞാനന്ന് കലാശാലാ വിദ്യാർഥി. മാർപ്പാപ്പയുടെ സന്ദർശനം പ്രമാണിച്ച് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടുണ്ടു്. എങ്കിലും ഒരു ബുക്കും കൈയിലെടുത്ത് ഞാനും സഹപാഠി അനിൽ ആന്റണിയും റോഡിൽ ഇറങ്ങി. തേവര മുതൽ തന്നെ റോഡിൽ തിരക്കുണ്ട്. എം.ജി.റോഡ് ജനനിബിഡം. 
ജനസാഗരം എന്നൊക്കെ കേട്ടിട്ടേയുള്ളു. എങ്ങും എവിടെയും തിക്കും തിരക്കും. ആബാലവൃദ്ധം ജനങ്ങൾ മഹാരാജാസ് ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങുകയാണ്. പലരും കുടുംബസമേതമാണ്. കൗമാരക്കാരായ പെൺകൊടികളെ കയ്യിൽ പിടിച്ച് ആത്മീയ നിർവൃതി ലഭിക്കാൻ തിക്കിത്തിരക്കി നീങ്ങുന്ന അപ്പനപ്പൂപ്പൻമാർ. കുടുംബിനികൾ, യുവതികൾ, യുവാക്കൾ, വൃദ്ധർ തുടങ്ങി എല്ലാ ജീവിത ദശയിലും പെട്ട ആളുകളുടെ ഒഴുക്കാണ്.

 മുട്ടിയുരുമ്മിയുള്ള നടപ്പിൻ്റെ സുഖം ആസ്വദിച്ച് ഞങ്ങൾ നീങ്ങി. എൻ്റെ സുഹൃത്ത് ഇടയ്ക്ക് തിരിക്കിൽ മുങ്ങി അപ്രത്യക്ഷനാകും. ക്ഷണത്തിൽ പ്രത്യക്ഷനാവും. ഉയരം കുറവുള്ള അയാളെ കണ്ടാൽ ഒരു സ്കൂൾ കുട്ടി ആണെന്നേ തോന്നു. പോരാത്തതിന് അനാഗതശ്മശ്രു. അടുത്ത തവണ അനിൽ മുങ്ങാൻ തുടങ്ങുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു. എന്താണ് ആക്റ്റിവിറ്റി എന്നറിയണമല്ലോ? കോർത്ത് പിടിച്ചിരുന്ന എൻ്റെ കയ്യിൽ നിന്ന് വിടുതൽ നേടി രണ്ട് പെൺകൊടിമാരെ രണ്ടു കയ്യിലും കൂട്ടുപിരിയാതെ ചേർത്ത് പിടിച്ചു നീങ്ങുന്ന വൃദ്ധൻ്റെ അടുത്തേക്ക് അണഞ്ഞു നിന്നു. ആന്റണി  പിറകിൽ നിന്നും തൻ്റെ രണ്ടു കൈ കൊണ്ടും പെൺകുട്ടികളുടെ മാറിടങ്ങൾ ശക്തമായി അമർത്തി   
മിന്നി മറഞ്ഞു. കൈയെടുത്ത് ഒന്നു 'കൊടുക്കാൻ 'പിതാവിനായില്ല. പിടി വിട്ടാൽ ഈ ജനസമുദ്രത്തിൽ പെൺ കിടാങ്ങളെ തേടിപ്പിടിക്കാനാവില്ല. 'കർത്താവിനോട് പ്രാർത്ഥിക്ക് മക്കളേ ' എന്ന് ഉദീരണം  ചെയ്യാൻ മാത്രമേ ആ പിതാവിന് കഴിഞ്ഞുള്ളൂ. ഞാൻ നോക്കുമ്പോൾ അനിൽ അടുത്ത പരീക്ഷണത്തിന് മുന്നോട്ടായുന്ന കാഴ്ചയാണ് കണ്ടത്.സുഹൃത്തിൻ്റെ കൂടെ നിന്നാൽ അടി ഉറപ്പ്. ആർക്കും കൈയുയർത്താൻ പറ്റിയ സാഹചര്യമില്ലെന്നത് വേറെ കാര്യം. ഏതായാലും ഞാൻ അവനെ പിറകോട്ട് പിടിച്ച് വലിച്ച്, അടി വാങ്ങി കൂട്ടാൻ ഞാൻ ഇല്ല എന്ന് പറഞ്ഞു. ഒട്ടും മടിക്കാതെ അവൻ്റെ മറുപടി. 
"ഞാൻ നൂറ്റൊന്ന് മൊല പിടിച്ചോളാമെന്ന് ഒരു നേർച്ചയുണ്ട്. അതാ." 
ഞാൻ ഇതികർത്തവ്യഥാ മൂഢനായി നിന്നു പോയി. അനിൽ അപ്പൊഴേയ്ക്കും തൻ്റെ നേർച്ചയൊപ്പിക്കാൻ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.   

 പത്രം മടക്കി വച്ച് അനിലിന്റെ ക്രാന്തദർശിത്വം ഓർത്ത് ഞാൻ കണ്മിഴിച്ചിരുന്നു.
                                .... ശങ്കരനുണ്ണി



Tuesday, 14 November 2023

പനമ്പട്ടകളിൽ കാറ്റുപിടിച്ചപ്പോൾ

പാലക്കാട് :


ലോകത്തിലെ പ്രശസ്തമായ അഞ്ച് പൈതൃക ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോടിനെ തെരെഞ്ഞെടുത്തുവെന്ന് പലയിടത്തും പ്രതിപാദ്യo കണ്ടതു മുതൽ കൊല്ലങ്കോട് സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചിരുന്നു. കൂടാതെ ചില യൂട്യൂബ് ചാനലുകളിലും കൊല്ലങ്കോടിന്റെ സൗന്ദര്യവും ആകർഷണീയതയും പൊടിപ്പും തൊങ്ങലും വച്ചവതരിപ്പിക്കപ്പെട്ടപ്പോൾ ആഗ്രഹത്തിന് വീണ്ടും ചിറകു മുളച്ചു. അങ്ങനെയിരിക്കെ സഹോദരിയും കുടുംബവും സന്ദർശനത്തിനെത്തിയപ്പോൾ അവരെ കൂടി കൂട്ടി കൊല്ലങ്കോടിന് തിരിച്ചു.

ഞങ്ങളുടെ കാർ കുഴൽമന്ദം കഴിഞ്ഞതോടെ പാലക്കാടിന്റെ വിശേഷിച്ച് നെല്ലിയാമ്പതിയുടെ  അടിവാരത്തുള്ള
ഗ്രാമങ്ങളുടെ തനതു ഭംഗി മനസ്സിനെ സന്തോഷിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ ചരിവുയരങ്ങൾ താണ്ടി വേണം നെല്ലിയാമ്പതിയെന്ന ഹിൽ സ്റ്റേഷനിൽ എത്താൻ. എന്നാൽ കൊല്ലങ്കോട് ഭൂനിരപ്പിൽ തന്നെ ഫലഭൂയിഷ്ടമായ നെൽവയലുകളാൽ സമൃദ്ധമായ ഭൂഭാഗമാണ്.
വടക്ക് ഗായത്രിപ്പുഴയും കിഴക്ക് മുതലമടയും തെക്ക് നെല്ലിയാമ്പതി മലനിരകളും അതിരിടുന്ന ഈ പ്രദേശം വേങ്ങനാട് നമ്പിടി അഥവാ കൊല്ലങ്കോട്ട് നമ്പിടി എന്ന് അറിയപ്പെട്ടിരുന്ന നാടുവാഴികളുടെ അധീനതയിലായിരുന്നു. അവസാനത്തെ നാടുവാഴിയായി അറിയപ്പെട്ടത് വാസുദേവരാജാ ആയിരുന്നു. വീരരവി എന്ന ക്ഷത്രിയ രാജാവിന്റെ പിൻമുറക്കാരായാണ് വേങ്ങനാട് നാട്ടുവഴികൾ അറിയപ്പെടുന്നത്. കൊല്ലങ്കോട് ദേശത്തെ 999 നായർ കുടുംബങ്ങളുടെ നായകനായിരുന്നു , കൊല്ലങ്കോട് നാടുവാഴി . ഇവർ കോഴിക്കോട് സാമൂതിരിയുടെ സാമന്തരായിരുന്നു. അതിനാൽ വേങ്ങനാട് സ്വരൂപം എന്ന  പേരും ഈ നാട്ടുരാജ്യത്തിനുണ്ടായിരുന്നു. മാമാങ്കത്തിന് വേങ്ങനാട് നാടുവാഴിയെ ക്ഷണിക്കുകയെന്നതുo നായർ യോദ്ധാക്കളെ മാമാങ്കത്തിന് എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു. പറങ്കികളുമായുള്ള യുദ്ധത്തിലും കൊച്ചി രാജാവുമായുള്ള യുദ്ധത്തിലും കൊല്ലങ്കോട്ട് നാടുവാഴികൾ സാമൂതിരിയെ സഹായിച്ചിട്ടുണ്ട്. 1792 ൽ ടിപ്പുവുമായുള്ള യുദ്ധത്തിൽ കൊല്ലങ്കോട്ട് നാട്ടുരാജ്യം അടിയറവ് വയ്ക്ക്ണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ബ്രിട്ടീഷുകാർ അത് വീണ്ടെടുത്ത് ചില വ്യവസ്ഥകളോടെ സാമൂതിരിക്ക് നൽകി. എന്നാൽ ആ വ്യവസ്ഥകൾ പാലിക്കാൻ പറ്റാത്തതിനാൽ ബ്രിട്ടീഷുകാരെതന്നെ അത് തിരികെ യേൽപ്പിച്ചു. അങ്ങനെ കൊല്ലങ്കോട് ബ്രിട്ടീഷ്മലബാർ ജില്ലയുടെ ഭാഗവും സ്വാതന്ത്ര്യാനന്തരം പാലക്കാട് ജില്ലയുടെ ഭാഗവുമായി.





ചുറ്റും വിളഞ്ഞു കിടക്കുന്ന നെൽവയലുകൾ. വയലുകൾക്ക് നടുവിലായി പഴുത്തതും പച്ചയുമായ കതിർക്കുലകളുമായി , സ്വർണവർണവും മരതകകാന്തിയും കോർത്തിണക്കിയ പോലെയാണ് പാടശേഖരങ്ങളുടെ നില. വരമ്പോരങ്ങളിൽ അങ്ങിങ്ങ് ചിതറിയും ഒട്ടിടങ്ങളിൽ കൂട്ടായും നിൽക്കുന്ന കുടപ്പനകൾ . വയലിലേയ്ക്ക് യഥാനുസരണം വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ പുരയും ഒന്നുരണ്ടിടത്തായി കണ്ടു. ഞങ്ങൾ സീതാർകുണ്ടും ചിങ്ങൻ ചിറയുമൊക്കെ കാണാനുള്ള യാത്രയിലാണ്. എന്നാൽ ഈ  നെൽവയലുകളും അവയ്ക്ക് കിന്നരി ചാർത്തുന്ന പനവൃക്ഷങ്ങളും പശ്ചാത്തലത്തിൽ കോടമഞ്ഞണിഞ്ഞ
നെല്ലിയാംപതിമല നിരകളുും വശ്യസുന്ദരമായ അനുഭൂതി നൽകി. വാഹനം ഒതുക്കി ഞങ്ങൾ വരമ്പോരത്തു കൂടി ഒട്ടു നടന്ന് വയലുകളുടെ വിശാലതയിൽ എത്തി. ഞാൻ ചെവിയോർത്തു. പനമ്പട്ടയിൽ കാറ്റുപിടിക്കുന്നുണ്ടോ? ഓവി.വിജയന്റെ കഥാപാത്രങ്ങളെ ഞാൻ അവിടൊക്കെ തിരഞ്ഞു. വെള്ളായിയപ്പനെ , അള്ളാപ്പിച്ച  
മൊല്ലാക്കയെ സൈനബയെ . അമ്പതു കൊല്ലം കൊണ്ട് നാട് മാറിയിരിക്കുന്നു. ഈ വയലുകളും പനകളും മലകളുമല്ലാതുള്ള ബാഹ്യ പ്രപഞ്ചം ആകെ മാറിയിരിക്കുന്നു.

റോഡരികിൽ പനമ്പട്ട മേഞ്ഞ ചെറിയ തട്ടുകടയിൽ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന പരിപ്പുവടയുടെ ഗന്ധം ഞങ്ങളെ അങ്ങോട്ടാകർഷിച്ചു. രണ്ടു സ്ത്രീകൾ നടത്തുന്ന ആ കട രുചിയുടെ , ആസ്വാദ്യതയുടെ അവസാന വാക്കായി തോന്നി. മറ്റിടങ്ങളിൽ നിന്ന് വേറിട്ട ഒരു ഗ്രാമ്യത ഇവിടെ ദൃശ്യമായി. അതിന്റ ബോധ്യപ്പെടുത്തലായിരുന്നു , ആ ചായയും പരിപ്പുവടയും.



ഇരുവശവും പരന്നു കിടക്കുന്ന വയലുകൾക്കു നടുവിലൂടെ ഞങ്ങൾ പോയതു് സീതാർകുണ്ട് എന്ന ചെറു ജലപാതം കാണുവാനാണ്. നെമ്മാറ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ വരുന്നതാണ് ഈ പ്രദേശം. രാത്രികാലത്ത് ആന, കരടി, പുലി തുടങ്ങിയ വന്യജീവികൾ കൃഷിയിടത്തിലേയ്ക്കും ജനവാസേ കേന്ദ്രങ്ങളിലേയ്ക്കും കടന്നുവരാറുണ്ടെന്ന് വനപാലകൻ പറഞ്ഞു. അവയ തുരത്താനായി രാത്രികാലങ്ങളിൽ മാത്രം ചാർജു ചെയ്യുന്ന വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്. സീതയാർകുണ്ട് ലോപിച്ച് സീതാർകുണ്ട് ആയതാണെന്ന് പറയപ്പെടുന്നു. 
വനവാസകാലത്ത് സീതാദേവിക്ക് കുളിക്കാൻ ശ്രീരാമൻ ഒരു അരുവി കാണിച്ചു കൊടുത്തു. സീതാദേവി കുളിച്ച തീർഥം എന്ന നിലയിൽ ആദിവാസികളും തദ്ദേശീയരും അവിടെ പൂജ നടത്തുന്നതായി പറയുന്നു. നെല്ലിയാമ്പതി മലനിരകളിൽ നിന്നൊഴുകി വരുന്ന അരുവി, ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകളിൽ പതിച്ച് പരന്നൊഴുകുന്നു. പലരും പാറക്കെട്ടുകളിലൂടെ ഇറങ്ങി അരുവിയിൽ കുളിക്കുന്നത് കാണാമായിരുന്നു.






സീതാർകുണ്ടിൽ നിന്ന് നേരേ പോയത് ചിങ്ങംചിറയിലെ ഏകലവ്യ ക്ഷേത്രത്തിലേയ്ക്കാണ്. പ്രകൃതി ക്ഷേത്രമെ െന്നാക്കെ പല പരാമർശങ്ങളും ഉണ്ട്. നിരന്നു നിൽക്കുന്ന വടവൃക്ഷങ്ങൾക്ക് നടുവിൽ പ്രകൃതിയുമായി അഭിരമിച്ച് ഒരു ക്ഷേത്രം. ആൽമരത്തിന്റെ വേരുകൾ ഊന്നു കാലുകൾ പോലെയാകുമ്പോൾ അതൊരു പ്രകൃതികുടീരം പോലെ ആയിത്തീരുന്നു. ഇവിടത്തെ ക്ഷേത്രത്തിന് കറുപ്പസ്വാമി ക്ഷേത്രമെന്നും പേരുണ്ട്. ആദിവാസി ഗോത്രവിഭാഗക്കാരാണ് ഇവിടെ പൂജ നടത്തി വന്നതെന്ന് തോന്നുന്നു. ഇപ്പോൾ എല്ലാ മത വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനമുണ്ട്. മൃഗങ്ങളേയും പക്ഷികളേയും ബലി കൊടുക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ടെന്ന് പറയുന്നു. ചിലർ ആടിനേയും മറ്റു ചിലർ കോഴിയേയും അറക്കാൻ കൊണ്ടു പോകുന്നതും കാണാമായിരുന്നു. പ്രകൃതി ക്ഷേത്രം എന്നു കേട്ടപ്പോൾ തോന്നിയ ഒരന്തരീക്ഷം ഏതായാലും അവിടെ കാണാൻ കഴിഞ്ഞില്ല. വടവൃക്ഷങ്ങൾ ഒരുക്കുന്ന ഒരു പ്രത്യേക പ്രകൃതി മാത്രമാണ് ആകെയുള്ള വിശേഷത.




അധികം ദൂരെയല്ലാതെ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഒരു കളപ്പുരയുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണത്. എങ്കിലും പഴയ കാലത്തെ കാർഷിക ഉപകരണങ്ങളും അളവുപാത്രവുമെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്തു തന്ന വെള്ളാമ്പലുകൾ വിടർന്നു നിൽക്കുന്ന ഒരു താമരക്കുളം കണ്ടു. ഏറെ ആകർഷണീയമായ ഒരു കാഴ്ച തന്നെയാണത്. ഒരു ഭാഗത്ത്  തോട്ട മടിസ്ഥാനത്തിലുള്ള മാവ് കൃഷിയും ഉണ്ട്. വരിയൊപ്പിച്ച്  നിരത്തി വച്ചിരിക്കുന്ന മാവുകൾ നമ്മുടെ നാട്ടിൽ കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി; ഒപ്പം ഭീതിയും . കേരളത്തിന്റെ നെല്ലറയിലേയ്ക്ക് അതി ക്രമിച്ച്  മാവു കൃഷി വ്യാപിക്കുന്നതിന്റ ഒരു സൂചന അവിടെ കാണാൻ കഴിഞ്ഞു. നെൽകൃഷി നഷ്ടത്തിലാണെന്നിരിക്കെ ലാഭകരമായ മാവു കൃഷിയാണ് കർഷകർ താല്പര്യപ്പെടുന്നത്.


വീണ്ടും പല ക്ഷേത്രങ്ങളും മറ്റുമുണ്ടെങ്കിലും അതൊന്നും കാണാൻ ഞങ്ങൾ തുനിഞ്ഞില്ല. കൊല്ലങ്കോട് കൊട്ടാരത്തെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ അത് തൃശ്ശൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാടുവാഴി മകൾക്കു വേണ്ടി പണി കഴിപ്പിച്ചതാണത്.

സഹോദരിക്കും കുടുംബത്തിനും വൈകുന്നേരത്തെ വണ്ടിക്കു പോകണമെന്നതിനാൽ ഞങ്ങൾ പാലക്കാട് ഭാഗത്തേയ്ക്ക് തിരിച്ചു. ഓ.വി.വിജയന്റെ പ്രഖ്യാതമായ ഖസാക്ക് (തസ്റാക്ക് ) കാണണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നു. മനസ്സിലുള്ളതു് തമിഴ്നാട് അതിർത്തിയിലെ ഏതോ വിദൂരഗ്രാമമായിരുന്നു.
"വണ്ടി ചെന്നു നിന്നപ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല." 
കാരണം കാലം കടന്നുപോയിരിക്കുന്നു. എല്ലാ കുഗ്രാമങ്ങളെപ്പോലെ ഇവിടവും പരിഷ്കാരത്തിന്റെ എടുപ്പും തുടുപ്പും എടുത്തണിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇറങ്ങിയത്  കൂമൻകാവിലല്ല. അത് എവിടെയാണാവോ ? ഒരു കടയുടെ ബോർഡിൽ നിന്ന് അത് തസ്രാക്കാണെന്ന് മനസ്സിലായി. അതെ. ഞങ്ങൾ  നേരെ ഖസാക്കിൽ എത്തിയിരിക്കുന്നു. ഇവിടെ നിന്ന് പാലക്കാട് നഗരത്തിലേയ്ക്ക് 13 കി.മി. മാത്രം. മുന്നിൽ പടിപ്പുരയും കമാനവും. ഓ.വി.വിജയൻ സ്മാരകമെന്ന ബോർഡും.
ഞങ്ങൾ കവാടം കടന്നതും ഒരു പഴയ സംരക്ഷിത മന്ദിരത്തിന്റെ മുന്നിലേയ്ക്കാണ്. ചില സാഹിത്യ വിദ്യാർത്ഥികളും സ്മാരക നടത്തിപ്പുകാരും നിൽക്കുന്നതു കണ്ടു. അവർ പറയാതെ തന്നെ മനസ്സിലായി അത് ശിവരാമൻ നായരുടെ ഞാറ്റുപുരയാണെന്ന്. രവി ജോലി ചെയ്ത ഏകാധ്യാപക വിദ്യാലയമാണെന്ന്. ചെമ്മണ്ണ് തേച്ച് ഓടു മേഞ്ഞ കെട്ടിടത്തെ അതേപടി സംരക്ഷിക്കാൻ ഏറെ പ്രയത്നിനിച്ചിട്ടുണ്ടെന്ന് വ്യക്തം.




ഞാറ്റുപുരയുടെ പിൻഭാഗത്ത് ഒരു ഇരുനിലക്കെട്ടിടമുണ്ട്. അതിൽ താഴെ കോൺഫറൻസ് ഹാളും മുകളിൽ ഓ.വി.വിജയന്റെ നോവലുകൾ, കഥകൾ, കാർട്ടൂണുകൾ തുടങ്ങിയവയുടെ പ്രദർശനവുമാണ്. ഞങ്ങൾ ചെല്ലുമ്പോൾ താഴെ ഹാളിൽ ഡോക്ടർമാരുടെ ഒരു കോൺഫറൻസ് നടക്കുകയായിരുന്നു. മുകളിലെ നിലയിലെ പ്രദർശനം കണ്ടു. കെട്ടിടത്തിന്റെ പിറകിലും വശങ്ങളിലും വിശാലമായ നെൽവയലുകൾ ആണ്. തിരൂർ തുഞ്ചൻപറമ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അവിടവിടെ പ്രകൃതിയുമായി സംവദിച്ച് രചനകൾ നടത്താൻ പറ്റിയ തരത്തിൽ മണ്ഡപങ്ങൾ തീർത്തിരിക്കുന്നു. വളരുന്ന സാഹിത്യകാരന്മാരെ ഉദ്ദേശിച്ചാവും അത്. തരുലതാദികൾ ഒരുക്കുന്ന മേലാപ്പിനടിയിൽ കൂടി ഉലാത്താൻ പാകത്തിൽ ഒരു നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്.

അസ്തിത്വദു:ഖത്തിന്റെ അപ്പോസ്തലന്മാരായ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു ശ്രീ. ഓ.വി.വിജയൻ. ചെറുകഥയിലും നോവലിലും മാത്രം ഒരുങ്ങുന്നതായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രതിഭ. നല്ലൊരു കാർട്ടൂണിസ്റ്റും പത്രപ്രവർത്തന മികവ് കാണിച്ചന്ന ആളുമായിരുന്നു അദ്ദേഹം. ശങ്കേഴ്സിലും പാട്രിയറ്റിലും ഡെൽഹി വാസക്കാലത്തും , കേരളത്തിലെത്തിയ ശേഷം കേരള കൗമുദിയിലും അദ്ദേഹം കാർട്ടൂൺ പരമ്പര അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വാരികകളിലെ അക്കാലത്തെ കാർട്ടൂണുകൾ ധിഷണാപരവും പ്രവാചക സ്വഭാവം ഉൾക്കൊള്ളുന്നവയുമായിരുന്നു.

സാഹിത്യകൃതികളിലൂടെയുള്ള സാമൂഹ്യ- രാഷ്ട്രീയവിമർശനത്തിന് ദാർശനികവും ആത്മീയവുമായ പരിവേഷം ചേർത്തിക്കൊണ്ട് വിമർശനത്തിന് അദ്ദേഹം പുതിയ പാത തുറന്നു. 
അദ്ദേഹത്തിന്റെ നോവലുകളെ കവച്ചുവയ്ക്കുന്നവയായിരുന്നു ചെറുകഥകൾ . 'കടൽത്തീരത്ത് ' എന്ന കഥയിലെ വെള്ളായിയപ്പൻ നമ്മുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണ്. നോവലുകളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. മറ്റുള്ളവ വിമർശന പ്രധാനമെങ്കിലും ആസ്വാദ്യതയുടെ അംശം പ്രായേണ കുറയുന്നതായി തോന്നുന്നു.

വിവിധ അക്കാഡമി അവാർഡുകളും പത്മഭൂഷൺ ബഹുമതിയും ലഭിച്ച നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന് ഉചിതമായ സ്മാരകം വേണ്ടത് തന്നെ. സംശയമില്ല.

സ്മാരക പ്രതിമകളും സ്മാരക മന്ദിരങ്ങളും പലപ്പോഴും പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ പ്രൗഢമായ സാന്നിദ്ധ്യം സന്നിവേശിപ്പിക്കുവാൻ പര്യാപ്തമാകുന്നില്ല. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉചിതവും ഗംഭീരവുമായത് തുഞ്ചൻ സ്മാരകം തന്നെയാണ്. മറ്റെല്ലാം അതിന്റെ ഹൃദ്യമല്ലാത്ത അനുകരണങ്ങളും. തുഞ്ചൻ സ്മാരകത്തിന്റെ നിർമ്മിതിക്ക് പിന്നിൽ എം ടി. എന്ന ദ്വയാക്ഷരിയുടെ ദീർഘദർശിത്വവും ഭാവനയും സമർപ്പണബുദ്ധിയും അടയാളപ്പെട്ടു കാണാം.

നിർഭാഗ്യവശാൽ ഓ. വി.വിജയൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും കഥാവിഷ്കാരം രൂപപ്പെടുത്തിയ അന്തരീക്ഷവും കണ്ടെടുക്കാൻ എനിക്കായില്ല. അതിനപവാദം ആദ്യം സൂചിപ്പിച്ച ഞാറ്റുപുര മാത്രം. മിനുക്കുപണികൾ ചെയ്തിട്ടുണ്ടെങ്കിലും സ്മാരകമായി അത് നിലകൊള്ളുന്നു. അത്രയും ആശ്വാസം. കാലഘടനയിലും ഭൗമഘടനയിലും ജീവിതഘടനയിലും വന്ന മാറ്റങ്ങൾ പലപ്പോഴും സ്മാരകങ്ങളെ യാഥാർത്ഥ്യങ്ങളോട് ചേർത്തു നിർതതുന്നതിന് തടസമാവുന്നതാവാം.

 അദ്ധ്യാപകരും ഗ്രന്ഥശാലാ പ്രവർത്തകരും ഉൾപ്പടെ ഒരു ടീം പ്രവേശിച്ചതോടെ ഞങ്ങൾ സന്ദർശനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങി. നിനച്ചതൊന്നും കണ്ടില്ലെങ്കിലും അര നൂറ്റാണ്ട് മുമ്പിറങ്ങിയ നോവലിന്റേയും അതിലും പഴക്കമുള്ള കഥാപാത്രങ്ങളും അഭിരമിച്ച സ്ഥലവും സ്ഥാപനവും സന്ദർശിച്ച ചാരിതാർഥ്യവുമായി ഞങ്ങൾ മടങ്ങി.





പാലക്കാട് നഗരത്തിൽ തന്നെയുള്ള പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ 
കോട്ട കൂടി കണ്ടശേഷം യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. 1766 ൽ അന്നത്തെ െമെസൂർ
രാജാവായിരുന്ന ൈഹദരലി പണി കഴിപ്പിച്ചത് എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ സാമൂതിരിയുടെ കാലത്ത് തന്നെ പാലക്കാടിന്റെ ഭരണാധികാരി പാലക്കാട് അച്ചൻ എന്ന പേരിൽ ഒരു സ്വതന്ത്ര ഭരണാധികാരി ആയിരുന്നു. സാമൂതിരിക്ക് പാലക്കാടിനുമേൽ ആധിപത്യം വേ
ണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ പാലക്കാട് അച്ഛൻ  സാമൂതിരിയുടെ ആക്രമണ ഭീഷണിയെ
തകർക്കാൻ 1757 ൽ ൈ ഹദരലിയുടെ സഹായം തേടി. ൈ ഹദരലി ഈ അവസരം പ്രയോജനപ്പെടുത്തി തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. പിന്നീട് 1790 ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചടക്കി പുനരുദ്ധരിച്ചു. 1900 ന്റെ തുടക്കത്തിൽ താലൂക്ക് ആഫീസ് ഉൾപ്പടെയുള്ള സർക്കാർ ആഫീസുകൾ കോട്ടയ്ക്കുകത്ത് പ്രവർത്തിച്ചു തുടങ്ങി.


കോട്ടയ്ക്കു ചുറ്റും കിടങ്ങും ജലാശയവുമെല്ലാമുണ്ട്. ഇതിൽ മുതലകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കോടയ്ക്കകത്തെ വിശാലമായ പുൽത്തകിടിയിൽ ഒരു ഉയർന്ന ധ്വജസ്തംഭവും അതിൽ പാറിക്കളിക്കുന്ന ദേശീയ പതാകയും കാണാം. കോട്ടവാതിൽ കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നതു് ഒരു ആഞ്ജനേയ ക്ഷേത്രമാണ്. കോദണ്ഡരാമനും അടുത്തു തന്നെ പ്രതിഷ്ഠിതനാണ്. ഹൈദർ പണികഴിപ്പിച്ച കോട്ടയിൽ എങ്ങനെയാണ് ഹൈന്ദവ     ദേവന്മാരുടെ ക്ഷേത്രമെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഹൈദരലി ജ്യോത്സ്യത്തിലും ശകുനത്തിലും എല്ലാം വിശ്വസിക്കുന്ന ആളായിരുന്നു. ഹൈന്ദവ
ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾക്കും മറ്റും ഖജനാവിൽ നിന്ന് പണം മുടക്കാൻ ഒരു പക്ഷേ വിമുഖത കാട്ടാത്തതാവാം.  കോട്ടയുടെ എല്ലാ ഭാഗത്തും പുറത്തേയ്ക്ക് ശത്രു നീക്കം വീക്ഷിക്കാനുള്ള പൊസിഷനുകളുണ്ട്. കൂടാതെ തടവിൽ പിടിക്കുന്നവരെ ഇടാൻ ഗോപ്യമായ തടവറകളും ഇതിനുള്ളിൽ കാണാൻ കഴിഞ്ഞു. ഏതായാലും ഒരു കാലഘട്ടത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഈ കോട്ട പാലക്കാടിന്റെ ഗതകാലസ്മരണകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് ഇനിയും ഏറെക്കാലം നിലനിൽക്കും.



Sunday, 29 October 2023

നിലാമഴ

കാലമേറെ കഴിഞ്ഞു പോയെങ്കിലും
കാതരമാ നിലാമഴയോർപ്പു ഞാൻ
നാലുകെട്ടിൽ നടുമുറ്റത്തെപ്പൊഴോ ,
നിലാപ്പായ നീർത്തി കടന്നുപോയ് ചന്ദ്രിക
അപ്പൊഴാവഴി വീശിയ മാരുതൻ
മുഗ്‌ധനിർഝരി പെയ്ത് നിന്നീടവേ
ചാഞ്ഞുവീശും മഴച്ചാർത്തിൽ ചിന്നിയ    
തുള്ളി മുത്തുകൾ കാലിൽ പതിച്ചിതോ ?

ഞെട്ടി ഞാനെന്റെ സ്വപ്നവും ഭഗ്നമായ് .
നിദ്ര കൈവിട്ടനേരം മനസ്സിലേയ്ക്കെത്തി -
നോക്കിയാ കന്നൽ മിഴിയിണ,
പണ്ടു കണ്ടൊരു സ്വപ്നങ്ങളത്രയും മിന്നി
മായുന്ന നീൾ മിഴിക്കോണുകൾ

കാവിലെപ്പാല പൂത്തതിൻ ഗന്ധവും
ലോലമാം നിൻ ഫാലചന്ദന ഗന്ധവും
മൊട്ടിടാൻ മാറിൽ വെമ്പി നിൽക്കുന്ന
നൽ കുഡ്മളങ്ങളും നേർത്തകപോലവും
ചാന്ദ്ര വീചികൾ ചന്ദനച്ചാറിനാൽ
ചാരുതയേകി നമ്മെപ്പുണർന്നതും
നീൾവിരലു ചുരത്തിയ കാന്തിക -
വിദ്യുതിതരുവല്ലികൾ പൂത്തതും
ഓർക്കുകിൽ ഹൃദ്യമാമൊരു കാലത്തിൻ
ചിത്രമേറെ തെളിഞ്ഞിതാ കാൺമു ഞാൻ .




നീലരാവിൽ നിനയ്ക്കാതെയോടി 
വന്നെത്തി നമ്മെ നനച്ച നിലാമഴ,
ഒന്നു ചിന്തിക്കിൽ നമ്മൾ തൻ നശ്വര
പ്രേമലാലസഭാവത്തെയൊക്കവേ
ദുഗ്ധതീർത്ഥം തളിച്ചു വിശുദ്ധമായ്
തീർത്തതാകാം, അതോർക്കിലിക്കാലവും.


-ശങ്കരനുണ്ണി


Wednesday, 25 October 2023

ജലരേഖകൾ

അച്ഛനു കിട്ടിയൊരിത്തിരി കീർത്തി ഞാ -
നിച്ഛിച്ചതേതുമേ ദോഷമായോ?
നൽക്കലാക്ഷേത്രത്തിലേതും പഠിച്ചീല
ചൊൽക്കാഴ്ചയൊന്നുമേ ആടിയില്ല.  
കീർത്തനം ചൊല്ലുവാൻ അമ്മ പഠിപ്പിച്ച -
തോർത്തു വളർന്നതു കൊണ്ടിതോ ഞാൻ
കാവ്യാനുശീലനവ്യഗ്രതയാർന്നൊരു
നവ്യാനുഭൂതിയിൽ മാഴ്കിടുന്നൂ ?


****                       *                           ****
കണ്ണിൽ കവിത വിടർത്തിയ കഥകളി
വേഷം കണ്ടൊരു നാളിൽ ഞാൻ
കൈയിൽ കമലദളങ്ങൾ വിടർത്തുo
മുദ്രയിൽ മുഗ്ദ്ധത കണ്ടെത്തി.
ചെണ്ടയുണർത്തുo താളം, കൂടെ
മദ്ദളമേറ്റുo നാദം, ചേങ്കില ശിഞ്ജിത
രാഗമുതിർക്കും , പിൻപാട്ടുയരും പിന്നാലെ .
കലയുടെ കൈവള കഥകളിശീലായ്
നലമൊടു മുഖരിതമാവുമ്പോൾ
തിര ശീലയൊടെതിരിടുമിരുകയ്യു -
കളും കബരീഭാരകിരീടവുമായ്
അലറും വേഷമതാവാൻ ഞാനോ
അതിയായ് മോഹിച്ചമരുമ്പോൾ ,
അലറും വിധിയൊരു കലിയായ്
എന്നെ തള്ളി കദനക്കടലിൽ ഹാ!
തീരാനോവിൻ അഴലിൽ പെട്ടെൻ 
സ്വപ്നം വെറുമൊരു ജലരേഖ.
എങ്കിലുമെന്നെ കലയുടെ കൈയുകൾ
മാടി വിളിക്കുവതെന്താവോ?

Monday, 23 October 2023

അർച്ചന



അർച്ചന


അഗസ്ത്യ മുനീശ്വരൻ ഗർവിതചിത്തനായി
വിഷണുഭക്തനാം രാജാവിനെ ആനയായ് തീർത്താനല്ലോ! 
 സത്ത്വ സങ്കല്പന്മാർ മുനിമാർ ശഠരായാൽ
സത്യധർമ്മങ്ങൾക്കുണ്ടോ
ആയുസ്സെന്നറിവീല

ആനയായിട്ടും ഭക്തികൈവിടാതനാരതം
ഭക്തസങ്കല്പനായി കഴിഞ്ഞൂ രാജാവത്രേ!
ഹസ്തിനികൾക്കു മധ്യേ മത്തനായ് 
സ്നാനം ചെയ്ത് 
പാൽക്കടൽ തന്നിൽ ത്രികൂടാചലേ ക്രീഡിക്കുമ്പോൾ ,
സ്വപ്നേപിയറിഞ്ഞില്ല ശപ്തനാം ഗന്ധർവൻ
നക്രമായ് വന്നു തന്റെ വാസരം ഗ്രഹിച്ചതേ
രാജനും ഗന്ധർവനും ശപ്തരാം ഇരകളാ-
ണുഗ്ര ശാപത്തിൻ വേവിൽ വത്സരം ഹോമിച്ചല്ലോ!
മുനിമാർ ശാപം നൽകി , ഭക്തി തൻ മഹത്വത്തെ
പിൽക്കാലം ഘോഷിപ്പാനായ് കർമങ്ങൾ മെനയുന്നു.
ആയിരംവർഷക്കാലംമുജ്ജന്മസ്മരണയ്ക്കായ്
നക്ര വക്രത്തിൽപെട്ടു ഭക്തനാം ഇന്ദ്രദ്യുമ്നൻ
തുമ്പിക്കരം കൊണ്ടേറെ ക്ലേശിച്ചു ഗ്രഹിച്ച
നൽപങ്കജ മലരിനാൽ അർച്ചന ചെയ്തു
പിന്നെ, നൽസ്തോത്രമലരിനാൽ അർപ്പണം ചെയ്തിതല്ലോ !
മദദർപ്പങ്ങളെല്ലാം മറഞ്ഞു മനസ്സിൽ മന്ദം
തെളിഞ്ഞു ഭവദ്രൂപം മഞ്ജുളം മനോഹരം ആശ്രിതഹൃദയത്തിൻ നോവറിഞ്ഞല്ലോ ഹരി
താർക്ഷ്യാരൂഢനായ് പോയ് നക്രത്തെ വധിച്ചതും
സാരൂപ്യ മുക്തിയേവം കൊടുത്തു ഗന്ധർവനും, ഉത്തമനായ രാജാവിനുമതേ വിധം
ഭക്തർക്ക് സായൂജ്യത്തെ നൽകുന്ന പരബ്രഹ്മ
രൂപത്തെ സ്മരിക്ക നാം ഭജിക്ക നാം പൂജിക്ക നാം


-ശങ്കരനുണ്ണി


Saturday, 21 October 2023

വിളക്ക്

അക്ഷരം വെളിച്ചമാണ -
ണണയാ ദീപം തന്നെ
ഹൃത്താരിലുറപ്പിച്ചു
ജയിക്ക മേൽക്കുമേൽ നീ

അക്ഷരം പരബ്രഹ്മമാ
ണതിരുളിൽ വെളിച്ച -
മാണായത് സ്വരമാണോ -
ങ്കാരപ്രകൃതിയും

അക്ഷരം ധർമമാണെ-
ന്നെന്നും നിലനിൽക്കും
അക്ഷയ ധർമമത്രേ
യാഗതപസ്സിദ്ധി കേൾ നീ

അക്ഷരം അംബുവാണാകാ -
ശമാണധർമത്തെയടി -
യോടെ വെട്ടിവീഴ്ത്തും 
കൊടുവാൾ ഓർമ്മിക്കെടോ.

അക്ഷരം വാക്കാണോർക്ക
വാക്കെന്നതോ പ്രമാണവും
വാക്കിന്റെ സമയരേഖയിൽ
കോർത്താണല്ലോ തീർക്കുന്നു
പ്രഭാഷണം വിദ്വാന്മാരനായാസം


അക്ഷരവിളക്കിന്റെ മുന്നിൽ
നിന്നല്ലോ നാമകീർത്തനം
ചൊല്ലുന്നതതും ചേലിൽ
കാവ്യങ്ങൾ പഠിപ്പതും.

തുഞ്ചനാമാചാര്യനും കുഞ്ചനും
വള്ളത്തോളും  ആശയ ഗംഭീര -
നാമാശാനും ചെല്ലിക്കേൾപ്പൂ
ഉള്ളൂരും ഉജ്ജ്വല വാഗ്ധോര -
ണിയാലേവം പാഠപുസ്തകത്തിൽ നെയ്വിളക്കായ് തെളിഞ്ഞില്ലേ
വിശ്വത്തെ ദീപമയമാക്കുന്നൊ-
രക്ഷരാളി, ഭദ്രന് വിളങ്ങട്ടെ
നന്മയായ് മനതാരിൽ .
ആ വിളക്കിൻ ദിവ്യ ജ്യോതി -
യിലനാരതം ശാന്തിസംഭവി_
ക്കട്ടെ യുദ്ധങ്ങളൊഴിയട്ടെ.

- ശങ്കരനുണ്ണി


Sunday, 10 September 2023

സാഗരറാണി

ഓണത്തിനോട് ചേർന്ന് പതിവുള്ള കുടുംബ സംഗമത്തിൽ ഇത്തവണ സംബന്ധിക്കാൻ കഴിയാത്ത ചുറ്റുപാടായിരുന്നു. അമേരിക്കൻ കമ്പനിക്കാരനായ മകന് ലീവില്ല. ജർമൻ കമ്പനിക്കാരിയായ മരുമകൾക്കും തഥൈവ. ഒടുവിൽ ഗൾഫിൽ നിന്ന് ലീവിൽ കുടുംബ സമേതം എത്തിച്ചേർന്ന സഹോദരീപുത്രന്റെ സെന്റിമെന്റൽ സ്മാഷിൽ ഒരു ഫ്ലാഷ് സന്ദർശനം പ്ലാൻ ചെയ്തു. അവിട്ടം നാൾ ഉച്ചയ്ക്കു മുമ്പ് തറവാട്ടിലെത്തി സദ്യയുണ്ട് വിശ്രമം. പിറ്റേന്ന് വൺഡേ ട്രിപ്പും മടക്കയാത്രയും. പല ഓപ്‌ഷനുകളും വന്നെങ്കിലും എല്ലാവർക്കും സൗകര്യപ്രദവും അഭിമതവുമായത് സാഗരറാണി എന്ന ആഡംബരയാനത്തിലെ സമുദ്രസഞ്ചാരമാണ്.  പതിനെട്ടു പേർക്കുള്ള  ബുക്കിംഗെല്ലാം ഝടിതിയിൽ നടന്നു. ചതയ ദിനത്തിൽ 11 മണിക്ക് എറണാകുളത്തെ ഹൈക്കോടതി ബോട്ടുജട്ടിയിലെത്തണം. കൊച്ചു കുട്ടികളെയൊക്കെയൊരുക്കി മൂന്നു കാറുകളിലായി ഞങ്ങൾ പുറപ്പെട്ടു. കഷ്ടിച്ച് ഒരു മണിക്കൂർ ഡ്രൈവേ ആവശ്യമുള്ളൂ. അതു കരുതി സാവകാശമാണ് പുറപ്പെട്ടത്. എന്നാൽ ശ്രീനാരായണജയന്തി ആയതിനാൽ ആഘോഷ ഭാഗമായി സൈക്കിൾറാലികളും പദയാത്രയുമെല്ലാമുണ്ടായിരുന്നു. സാധാരണ യാത്രാവഴിയെല്ലാം ബ്ലോക്കിൽ പെട്ടു. ഹൈവേയിലൂടെ കുണ്ടന്നൂരെത്തി, തേവര, പെരുമാനൂർ വഴി  ഹൈക്കോടതി ജട്ടിയിലെത്തിയപ്പോൾ തന്നെ പതിനൊന്നു മണിയോടടുത്തു. ഓഫീസിൽ പേരും വിലാസവും കൊടുത്ത് റിപോർട്ട് ചെയ്തതപ്പോൾ തന്നെ സാഗരറാണിയിലെ ജീവനക്കാർ ഞങ്ങളെ യാനത്തിലേയ്ക്ക് ആനയിച്ചു. കേരള സ്റ്റേറ്റ് ഇൻലന്റ് നാവിഗേഷൻ കോർപറേഷൻ (KSINC) ഒരുക്കുന്ന ട്രിപ്പ് ആണ്. അവരുടെ ചെറുകപ്പൽ ( Cruise) സാഗരറാണിയിലാണ് ഞങ്ങളുടെ യാത്ര.


കൊച്ചി എന്നും എനിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന നഗരമാണ്. ഞാൻ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് ഈ നഗരത്തിലാണ്. ദീർഘമായ ഒരു വ്യാഴവട്ടക്കാലം കഴിച്ചു കൂട്ടിയത് ഈ നഗരത്തിലാണ്. അന്നത്തെ നഗരം എനിക്ക് സുപരിചിതമായിരുന്നു. അന്നത് കൊച്ചിയായിരുന്നില്ല. എറണാകുളമായിരുന്നു. പടിഞ്ഞാറ് കായലും കിഴക്ക് കടവന്ത്രയും തെക്ക് തേവരയും വടക്ക് പാലാരിവട്ടവും അതിരിട്ട പ്രദേശം. അന്ന് കൊച്ചിയെന്നതു് ഇടക്കൊച്ചിയും തോപ്പുംപടിയും മട്ടാഞ്ചേരിയും ഫോർട്ടു കൊച്ചിയും ഉൾപ്പെടുന്ന ഇന്നത്തെ പശ്ചിമ കൊച്ചി ആയിരുന്നു.
സാഗരറാണിയിൽ ഇരുന്നു കൊണ്ട് ഞാൻ കായൽ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. കായൽപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന യാത്രാ ബോട്ടുകൾ, ബാർജുകൾ, ടഗ്ഗുകൾ, ചെറു കപ്പലുകൾ. ഈ കായൽ പരപ്പിലൂടെ യാത്ര ചെയ്താണ് ഞാൻ വില്ലിങ്‌ടൺ ഐലന്റിലെ ആഫീസിൽ പോയിരുന്നത്. ഈ കായലലകളുടെ തിരയിളക്കത്തിൽ ത്രസിച്ചാണ് ഞാൻ മട്ടാഞ്ചേരിയിലെ ആഫീസിൽ പോയിരുന്നത്. അതെ. കൊച്ചി എന്നിൽ ഗതകാലസ്മരണകളുണർത്തുന്നു. മുളവുകാടു നിന്നും വല്ലാർപാടത്തു നിന്നുമൊക്കെ ബോട്ടിൽ ഹൈക്കോടതി ജട്ടിയിലിറങ്ങി മേനക വഴി ബസ് പിടിച്ച് പിടഞ്ഞോടി സമയത്ത് ഓഫീസിൽ എത്തിയിരുന്ന ജീവനക്കാർ . അക്കാലത്തെ യാത്രകൾ ദുഷ്ക്കരങ്ങളെങ്കിലും ആസ്വാദ്യകരങ്ങളായിരുന്നു.
കപ്പൽ തീരം വിട്ടു നീങ്ങുമ്പോൾ തെക്കേയറ്റത്ത് ഉയർന്നു നിൽക്കുന്ന കൂറ്റൻ ക്രെയിൻ ശ്രദ്ധയാകർഷിക്കും. കൊച്ചിൻ ഷിപ്പ്യാർഡ് എന്ന നമ്മുടെ അഭിമാന സ്ഥാപനത്തിന്റെ ക്രെയിൻ ആണത്. 1972 ൽ സ്ഥാപിതമായ ഷിപ്പ്യാർഡ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് നാടിന് സമർപ്പിച്ചത്. റാണി പദ്മിനി എന്ന ആദ്യ കപ്പൽ വളരെ ആഘോഷത്തോടെയാണ് 1981 കാലത്ത് നീറ്റിലിറക്കിയത്. പിന്നീട് യുദ്ധക്കപ്പലായ INS വിക്രാന്ത് ഈ കപ്പൽ കേന്ദ്രത്തിലാണ് നിർമിച്ചത്. ആദ്യത്തെ
വിമാനവാഹിനിക്കപ്പലായിരുന്നു അത്.
കൊച്ചിയിലെ സായന്തനങ്ങളെ സജീവമാക്കുന്ന സുഭാഷ് പാർക്ക് തൊട്ടു തന്നെയുണ്ട്. കുട്ടികൾക്കും
മുതിർന്നവർക്കും ഒരു പോലെ കായൽ സൗന്ദര്യം ആസ്വദിച്ച് സായാഹ്നം ചെലവിടാൻ കഴിയുന്ന സുഭാഷ് പാർക്ക് കൊച്ചിയുടെ സൗന്ദര്യസമ്പത്താണ്. സുഭാഷ് പാർക്കിനോട് ചേർന്ന് മറൈൻ ഡ്രൈവെന്ന ദൈർഘ്യമേറിയ വാക്ക് വേ കാണാം. സമീപകാലത്താണ് അത് വാക്ക് വേ ആയി രൂപപ്പെടുത്തിയത്. അതിനു മുമ്പ് അഴുക്കു നിറഞ്ഞ, കനാലുകളാൽ വേർതിരിക്കപ്പെട്ട ആ ഭാഗം ആധുനികമായ മൂന്നു തൂക്കുപാലങ്ങൾ കൊണ്ട് ബന്ധിപ്പിച്ച് സൗന്ദര്യവത്താക്കിയിരിക്കുന്നു. മൂന്നു പാലങ്ങൾക്കും വ്യത്യസ്തമായ രൂപഘടനയാണ്. ഒന്ന് ചീനവലയുടെ രൂപത്തിലെങ്കിൽ മറെറാന്ന് മഴവില്ലിന്റെ ആകൃതിയിൽ . വേറൊരെണ്ണം കെ
ട്ടുവള്ളത്തിന്റെ മാതൃകയിൽ . ഏ.പി.ജെ.
അബ്ദുൾ കലാം മാർഗ് എന്നാണ് പുതിയ
വാക്ക് വേ അറിയപ്പെടുന്നത്. 


 ഹൈക്കോടതി, ബോട്ടുജെട്ടി - എല്ലാം ജാലകക്കാഴ്ചകളായി പിറകോട്ടു നീങ്ങുന്നു. ഹൈക്കോടതി ബോട്ടുജെട്ടിയിൽ നിന്ന്
തന്നെയാണ്  വാട്ടർ  മെട്രോ എന്ന പുതിയ സംരംഭം സമാരംഭിക്കുന്നത്. നല്ല ഒരു ടൂറിസ്റ്റ് അനുഭവമാണ് വാട്ടർ മെട്രോ എന്ന ആഡംബരബോട്ടിലെ സഞ്ചാരം.

ഞങ്ങളുടെ യാനം വില്ലിങ്ടൺ ഐലന്റിന്റെ കിഴക്കേ തീരത്തെ ക്രൂഡ് ഓയിൽ പമ്പിംഗ് യാർഡിന്റെ അരികോരത്തു കൂടി നീങ്ങുന്നു. കപ്പലിൽ കൊച്ചിയിലെത്തുന്ന ക്രൂഡ് ഓയിൽ, വലിയ കുഴലുകൾ വഴി പമ്പ് ചെയ്ത് അമ്പലമുകളിലെ പ്ലാന്റിൽ എത്തിക്കുന്നു. അവിടെ അത് പലതരം പെട്രോളിയം ഉല്പന്നങ്ങളാക്കി മാറ്റുന്നു. തൊട്ടടുത്ത് മൊറോക്കൻ ഷിപ്പിൽ നിന്നിറക്കുന്ന റോക്ക് സൾഫർ, മഞ്ഞ പൊടിപടലങ്ങൾ പരത്തി ധൂസരധൂമ്രവിതാനം ചമച്ച് നിലകൊള്ളുന്നു.
ഞങ്ങളിപ്പോൾ അഴിമുഖത്തേയ്ക്കുള്ള ഇടനാഴിയിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌റ്റ്രേഷന്റെ ഓഫീസ് കാണാം. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രാക്കപ്പൽ MV ലക്ഷദ്വീപ് നങ്കൂരമിട്ടിരിക്കുന്നു. കപ്പലിനെ പുറങ്കടലിൽ നിന്നാനയിക്കുന്ന ടഗ്ഗുകളും സമീപത്തായുണ്ട്. 1984 ൽ ഇവിടെ നിന്ന് സുഹൃത്തുക്കളുമൊത്ത് ലക്ഷദ്വീപിൽ പോ
യ ഓർമ ഇന്നും തിളക്കം നഷ്ടപ്പെടാതെ മനസിൽ ഉണ്ട്.


കസ്റ്റംസ് ഓഫീസും ആസ്പിൻവാൾ കമ്പനിയും കടന്ന് നീങ്ങുമ്പോൾ വില്ലിങ്ടൺ ഐലന്റിലെ ഒരു ചെറിയ പാർക്ക് കാണാം. കാഴ്ചയിൽ സുഭാഷ് പാർക്കിന്റെ അത്രയും ഇല്ലെങ്കിലും ഐലന്റ് നിവാസികൾക്ക് അതൊരാശ്വാസം തന്നെ. തൊട്ടടുത്ത് ഒരു ബോട്ട് യാർഡിൽ കയറ്റിവച്ച നിലയിൽ ഒരു ബോട്ട് കാണാം. വില്ലിങ്ടൺ ഐലന്റിന്റെ നിർമാണ ചുമതലക്കാരനായിരുന്ന റോബർട്ട് ബ്രിസ്റ്റോയുടെ ഭാര്യയുടെ യാത്രയ്ക്കായി പണികഴിപ്പിച്ചതാണിത്. ബ്രിസ്റ്റോയുടെ സഹോദരി തിമോത്തിയുടെ പേരാണ് ആ ബോട്ടിന്. ഇൻഡ്യയുടെ രണ്ടു പ്രധാനമന്ത്രിമാരും (ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ) മദർ തെരേസയും ആ 
ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ട്.

സാഗരറാണി ഇപ്പോൾ മട്ടാഞ്ചേരിയുടെ കിഴക്കേ തീരത്തിന് അഭിമുഖമാണ് . മട്ടാഞ്ചേരിയും ഫോർട്ടു കൊച്ചിയും ചേർന്ന ഭാഗത്തെ കെട്ടിടങ്ങൾ പൈതൃക സമ്പത്തായി സംരക്ഷിക്കപ്പെടുന്നു.
ഡച്ച് കൊട്ടാരവും സിനഗോഗും ജൂതത്തെരുവും എല്ലാം ഇപ്രകാരം സംരക്ഷിക്കപ്പെടുന്നവയിൽ ഉണ്ട്. മട്ടാഞ്ചേരി ഒരു കാലത്ത് മലഞ്ചരക്ക് കച്ചവടത്തിന്റേയും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റേയും കേന്ദ്രമായിരുന്നു. അധിനിവേശ ശക്തികളുടെ അടയാളങ്ങൾ, അവശേഷിപ്പായി ഇപ്പോഴും നിലകൊള്ളുന്നു. 
വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ജങ്കാർ കരയോടടുക്കുകയാണ്. വൈപ്പിനിൽ നിന്ന് വാഹനങ്ങൾ ഉൾപ്പെടെ ആളുകളെ ഫോർട്ടു കൊച്ചിയിലേയ്ക്ക് വഹിച്ചു കൊണ്ടുവരാൻ പാകത്തിനുള്ളതാണ് ഈ ജങ്കാറുകൾ. ഉയർത്തിവച്ച ചൈനീസ് നെറ്റ്   ( കമ്പവല  )    നിരയായി കാണാം. വാസ്കോ ഡ ഗാമ എന്ന കപ്പലോട്ടക്കാരൻ കാലുകുത്തിയതു് കാപ്പാട് ആണെങ്കിലും അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് ഫോർട്ടു കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ആണ്. അത് അവിടെ നിന്നും ഗോവയിലേയ്ക് മാറ്റിയതായും പറയപ്പെടുന്നു.

ഞങ്ങൾ അഴിമുഖത്തേയ്ക്ക് അടുക്കുകയാണ്. തിരയിളക്കം ശക്തമാകുന്നത് കപ്പലിന്റെ ചാഞ്ചാട്ടത്തിൽ നിന്ന് അറിയാൻ കഴിയുന്നു. പരുന്തുകളും കടൽക്കാക്കകളും താഴ്ന്നു പറക്കുന്നുണ്ട്.
ഏറെ പ്രസിദ്ധമായ ഫോർട്ടു കൊച്ചി ബീച്ച് ഇടതുഭാഗത്തായി കാണാം. ഒരു കാലത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ബീച്ചായിരുന്നു ഇതെങ്കിലും സുനാമി പോലുള്ള പ്രതിഭാസങ്ങൾ ബീച്ചിനെ കാർന്നുതിന്നു. ഇന്നിപ്പോൾ വിസ്തൃതി പണ്ടത്തെ പോലെ ഇല്ലെങ്കിലും അനേകരെ ആകർഷിക്കുന്ന ബീച്ചാണ് ഫോർട്ടു കൊച്ചി .


കടലിരമ്പവും കടലിന്റെ മണവും ചിലർക്ക് കടൽചൊരുക്ക് ( ഛർദി) ഉണ്ടാക്കും. മത്സ്യബന്ധനത്തിന് ഇറങ്ങിയ 
വള്ളങ്ങൾ തിരയിളക്കത്തിൽ ആലോലമാടി കടന്നുപോകുന്നു. ഒരേ നിരയിൽ ഉയർന്ന് ചാടുന്ന ഡോൾഫിനുകൾ മനോഹരമായ കാഴ്ചാനുഭവം തന്നെ. ഗൈഡ് നൽകുന്ന സ്ഥലകാല വിവരങ്ങളും ഗായക സംഘത്തിന്റെ വശ്യ സംഗീതവും ചേർന്ന് നവ്യമായ ഒരു അനുഭവം നൽകി. ആവേശത്തിന്റെ നൃത്തച്ചുവടുകൾ ഉണർന്നു. സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം കടലാഴങ്ങളെ സാക്ഷിനിറുത്തി കേക്ക് മുറിച്ച് ആഘോഷിക്കാനായത് മറ്റൊരനുഭവം. കപ്പലിലെ നർത്തകർ അവതരിപ്പിച്ച ചടുല നൃത്തം യാത്രയുടെ മടുപ്പ് ബാധിച്ചവരെ കൂടി ആസ്വാദനത്തിന്റെ അർത്ഥതലങ്ങൾ അനുഭവപ്പെടുത്തി.


കപ്പൽ മടക്കയാത്രയ്ക്കു ഒരുങ്ങുകയാണ് , കടൽ കടം തന്ന കണക്കേ രൂപപ്പെട്ട പുതുവയ്പ് തീരത്തുകൂടി . . ഏറ്റവും വലിയ ദ്വീപായ വൈപ്പിൻ കടന്ന് കണ്ടയിനർ ടെർമിനലിനടുത്തെയ്ക് ഞങ്ങൾ നീങ്ങി. . സമീപകലത്ത് ആരംഭിച്ച ഇത് ദുബായ് പോർട്ടുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. കൊച്ചിൻ പോർട്ടിന്റെ ഭാഗമായ ഇത് രാജ്യാന്തര കണ്ടയിനർ ടെർമിനലാണ്.
വല്ലാർപാടം പള്ളിയുടെ വിദൂരദൃശ്യം കാണാം. അകലെ ഗോശ്രീ പാലവും. കായലിൽ അവിടവിടെയായി കാണുന്ന ചെറുതുരുത്തുകൾ കണ്ടലുകളുടെ സംരക്ഷിത തുരുത്തായിരിക്കുന്നു. അനേക ജാതി പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. ബോൾഗാട്ടി പാലസ് മറ്റൊരു വിസ്മയക്കാഴ്ചയാണ്. ഡച്ചുകാരുടെ കോട്ടയായിരുന്ന ഇതിനെ പഴമക്കാർ ലന്തൻ ബത്തേരി എന്നു പറയും. ലന്തക്കാർ എന്നാൽ ഡച്ചുകാർ. ബത്തേരി എന്നാൽ കോട്ട. ഇതു് പിന്നീട് ഡച്ചുകാർ തിരുവിതാംകൂർ രാജാവിന് കൈമാറുകയാണുണ്ടായത്. ഇന്നിപ്പോൾ അത് കെ.റ്റി. ഡി.സി യുടെ ഹോട്ടൽ ആയി രൂപപ്പെട്ടിരിക്കുന്നു. ലുലു ഗ്രൂപ്പിന്റെ ഒരു കൺവെൻഷൻ സെന്ററും ദൂരെ ദൃശ്യമാണ്.
കൊച്ചിയിലെ കാഴ്ചകൾ കണ്ട് നല്ല ഒരു പ്രാഹ്‌നം ആസ്വദിച്ച സന്തോഷത്തിലാണ് ഞങ്ങൾ നഗരം വിട്ടത്. ഇനിയും ഒരു അസ്തമയ കാഴ്ച കാണാൻ വരണമെന്ന മനസ്സിന്റെ ആമന്ത്രണo ശ്രവിച്ചുകൊണ്ട് .



Wednesday, 16 August 2023

സൈക്ലജ്ഞം


ഞാൻ നാലിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമാ കാണുന്നത്. 
തില്ലാനാ മോഹനാംബാൾ എന്ന തമിഴ് ചിത്രം .
അത് 1968 ൽ. അതുവരെ വീടിനടുത്തൊന്നും കൊട്ടകയില്ലായിരുന്നു. പട്ടണത്തിൽ പോയി സിനിമയോ സർക്കസോ കാണാൻ ഞങ്ങൾക്ക് അന്ന് പാങ്ങില്ലായിരുന്നു. ചന്തയ്ക്കടുത്തുള്ള മൈതാനത്ത് ദിവസങ്ങൾ നീണ്ടു നിന്ന സൈക്കിൾ യജ്ഞമായിരുന്നു അതിനു മുമ്പ് ഞങ്ങളിൽ ആവേശം നിറച്ചിരുന്നത്. കൊച്ചിൻ ഫ്രാൻസിസ് നയിച്ച സൈക്കിൾ യജ്ഞം വല്ലാത്തൊരനുഭവമായിരുന്നു. ഗ്രൗണ്ടിനെ വലം വച്ച് സൈക്കിൾ ചവിട്ടിക്കൊണ്ടേയിരിക്കുന്ന ഫ്രാൻസിസ് സൈക്കിളിൽ നിന്നിറങ്ങുന്നത് കാണാറേയില്ല. ഭക്ഷണവും ഉറക്കവും എല്ലാം അതിൽ തന്നെ. ഫ്രാൻസിസിന്റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം, പാപ്പച്ചൻ , ഗോപിനാഥ് കൂടാതെ സർക്കസിലെ ജോക്കർ മാതിരി മച്ചാൻ എന്ന ഒരു കുള്ളനും. ഇത്രയും പേർ ചേർന്നാൽ സൈക്ലജ്ഞേo ടീമായി.






സ്കൂളുവിട്ടാൽ അര മണിക്കൂർ നേരം യജ്ഞസ്ഥലത്ത് ഞങ്ങൾ കുട്ടികൾ ചുറ്റി നടക്കും. അപ്പോൾ ഫ്രാൻസിസിന്റെ സൈക്കിളിൽ ഇരുന്നു കൊണ്ടും നിന്നുകൊണ്ടുമുള്ള അഭ്യാസ പ്രകടനങ്ങളാണ്. ഏഴു ദിവസത്തെ സൈക്ലജ്ഞo എന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും അത് 14 ദിവസവും 21 ദിവസവുമൊക്കെയായി നീണ്ടു. ഫ്രാൻസിസ് സൈക്കിളിൽ മൈതാനം വലം വയ്ക്കുമ്പോൾ കാണികൾക്ക് ബോറടിക്കാതിരിക്കാനായി ചില കലാപരിപാടികൾ കൂടി ഷോയുടെ ഭാഗമായുണ്ട്. ഇടയ്ക്കിടയ്ക്കുള്ള മൈക്ക് അനൗൺസ്മെന്റ്.
 " കൊച്ചിൻ ഫ്രാൻസിസിന്റെ സൈക്ലജ്ഞo ഒറ്റപ്പന്ന മൈതാനത്ത്. നിങ്ങൾ ഇതുവരെ കാണാത്ത സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ . വരുവിൻ ! കാണുവിൻ! ആസ്വദിക്കുവിൻ ! "


"പച്ചനെല്ലിൻ കതിരുകൊത്തി
പറക്കും പെൺകിളി തത്തേ
നീ കണ്ടോ, പുന്നാരമ്പിളി
കൂടണഞ്ഞതും നീ കണ്ടോ"

"കൊച്ചിൻ ഫ്രാൻസിസിന്റെ ൈസക്കിൾ യജ്ഞം ഒറ്റപ്പുന്ന ൈമ താനിയിൽ " 

തിരക്ക് കൂടുന്ന അവസരങ്ങളിൽ മേക്കപ്പിട്ട  കലാകരന്മാർ നിരന്നുള്ള നൃത്തവും നാടകാവിഷ്ക്കരണവുമൊക്കെ ഉണ്ടാകും.

 6 മണി മുതൽ 9 മണി വരെയാകും , ഇത്തരം പരിപാടികൾ . ഓരോ പരിപാടികളുടേയും ഇടവേളകളിൽ കുട്ടികൾ ടിന്നുമായി സംഭാവന പിരിക്കാൻ ഇറങ്ങും. അഞ്ചു മിനിട്ടുകൊണ്ട് നാണയങ്ങൾ നിറയും. കൂടാതെ കോഴിമുട്ട, കോഴി, റൊട്ടി , കപ്പ, നേന്ത്രക്കുല തുടങ്ങിയ  ഉല്പന്നങ്ങൾ സംഭാവനയായി ലഭിക്കും. ഇതെല്ലാം മൈക്കിൽ  കൂടി അനൗൺസ് ചെയ്യുന്നതിനാൽ സഹൃദയർ മത്സര ബുദ്ധിയോടെ സംഭാവനകൾ നൽകി.
കലാപരിപാടികൾ നടക്കുമ്പോഴും ഫ്രാൻസിസ് സൈക്കിളിൽ മൈതാനം വലം വച്ചു കൊണ്ടിരിക്കും.

ശ്വാസം അടക്കിപിടിച്ചാണ് ഞങ്ങൾ സൈക്കിൾ അഭ്യാസം കണ്ടു നിൽക്കാറ്. സൈക്കിളിൽ നിന്ന് വീഴാതെ ആളുകൾ എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ പെറുക്കിയെടുക്കുന്ന വിരുത്, തലകുത്തി നിന്ന് സൈക്കിൾ ഓടിക്കുന്ന വിക്രമം, കാലുകൾ ഹാൻഡൽ ബാറിൽ വച്ച് ശരീരം സീറ്റിലുമായി , കിടക്കുന്ന തരത്തിലുള്ള സൈക്കിളോട്ടം - ഇങ്ങനെ വൈവിധ്യമാർന്ന പ്രദർശനങ്ങൾ . വീട്ടിൽ വൈകിച്ചെന്നാൽ അടി കിട്ടുമെന്നതിനാൽ അധിക നേരം നിന്നു തിരിയാതെ വീട്ടിലേയ്ക്കോടും. എന്തെങ്കിലു
മൊക്കെ വാരിത്തിന്ന്
പിറ്റേന്നത്തേയ്ക്കു വേണ്ട വീട്ടുസാധനങ്ങൾ വാങ്ങാനായി വീണ്ടും ചന്തയിലേയ്ക്ക്. ആ സമയം മച്ചാന്റെ ഹാസ്യ കലാപരിപാടിയായിരുന്നു ഹൈലൈറ്റ്. കൂട്ടത്തിൽ സൈക്കിളിൽ കറങ്ങി
ക്കൊണ്ട്  ഫ്രാൻസിസും
 മറ്റു താരങ്ങളും സഹകരിക്കും. രാത്രി 7 മണിക്ക് ശേഷം നാടകമാണോ ബാലെയാണോയെന്ന് പറയാൻ പറ്റാത്ത ചില കലാരൂപങ്ങളായിരിക്കും. ഇപ്പോഴത്തെ സ്കിറ്റ് പോലുള്ള ചിലത്. കഥാപാത്രങ്ങൾ മേക്കപ്പിട്ട് രംഗത്തെത്തി ചെയ്യുന്ന ചില പ്രഹസനങ്ങൾ.
ഈ സമയത്തും ഫ്രാൻസിസ് സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് ടിന്നുമായി കുട്ടികൾ വരുന്നു. ടിന്നുകൾ നിറയുന്നു. ആളുകളുടെ അകമഴിഞ്ഞ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രം സൈക്ലജ്ഞo 7 ദിവസത്തിൽ നിന്ന് 14 ദിവസവും അതു പിന്നെ 21 ദിവസവും ആയി. ഇപ്പോഴത്തെ കാലത്തെ ബ്ലോക് ബസ്റ്റർ സിനിമയെന്നോണം .

അടുത്ത വർഷവും ക്രിസ്തുമസ് അടുപ്പിച്ചുള്ള കാലയളവിൽ ഫ്രാൻസിസ് 
സൈക്ലജ്ഞവുമായി എത്തി. വൈവിധ്യമാർന്ന ഐറ്റംസുമായി, വ്യത്യസ്തമായ കലാപരിപാടിയുമായി .

" ഇത്തിരി നെല്ലേ പാണ്ടി നെല്ലേ
ഇന്നലെ നമ്മുടെ കേരളത്തിൽ
പുത്തരി കൊയ്യും പാവങ്ങൾക്ക്
പട്ടിണി കൊണ്ടാണത്താഴം "

ഉയർത്തിക്കെട്ടിയ ഉച്ചഭാഷിണിയിലൂടെ പാട്ടുകേൾക്കാം. അതനസരിച്ച് നൃത്തച്ചുവടുമായി കലാകാരൻമാർ.
നിറസദസിൽ തന്നെ ഇത്തവണയും ഷോ നടന്നു. നാട്ടിലെ കവലച്ചട്ടമ്പികളെ കയ്യിലെടുത്തും ഗ്രാമമുഖ്യന്മാരെ ആദരിച്ചും പരിപാടി ഗംഭീരമായി കടന്നുപോയി. നൃത്തത്തിൽ വൈദഗ്ധ്യം ഉള്ള ജീവാനന്ദൻ
എന്ന കലാകാരനായിരുന്നു പുതുതായി 
അവതരിപ്പിക്കപ്പെട്ടത്. അത്തവണയും
സൈക്കിൾ യജ്ഞം വൻവിജയം തന്നെ
യായിരുന്നു.
എന്നാൽ മൂന്നാം കൊല്ലമായപ്പോഴേയ്ക്കും
ഒറ്റപ്പുന്നയിൽ പുതിയ സിനിമാക്കൊട്ടക തുടങ്ങി. അതോടെ കൊച്ചിൻ ഫ്രാൻസിസിന്റെ ഓപ്പൺ എയർ ഷോയ്ക്ക് ആളു കുറഞ്ഞു. എല്ലാവരും ടിക്കറ്റെടുത്ത് നസീറിന്റേയും സത്യന്റേയും  ഷീലയുടേയും ഒക്കെ സിനിമ കാണാൻ ഇരുന്നു. അക്കൊല്ലം ഏഴു ദിവസo തികച്ച് സൈക്കിൾ യജ്ഞം നടത്താൻ കഴിഞ്ഞില്ല. 6 മണിയായാൽ ആളുകൾ സിനിമാകൊട്ടകയിലേക്ക് ഒഴുകും. ആ സമയത്തായിരുന്നു ഏറെ കളക്ഷൻ കിട്ടിയിരുന്നത്.

പിന്നെ കുറെ കൊല്ലത്തേയ്ക്ക് സൈക്കിൾ യജ്ഞം ഉണ്ടായില്ല. ഫ്രാൻസിസിനെയും കാണാനില്ലായിരുന്നു.
സൈക്കിൾ യജ്ഞം പിന്നീട് ഫ്രാൻസിസ് , മോട്ടോർ സൈക്കിളിലുള്ള സാഹസിക പ്രകടനമാക്കി. കണ്ണു കെട്ടി ബൈക്ക് ഓടിക്കുക, കൈ വിട്ട് ബൈക്കോടിക്കുക, ഒറ്റച്ചക്റത്തിൽ നിർത്തി ബൈക്കോടിക്കുക,
മോട്ടോർസൈക്കിളിൽ കണ്ണുകെട്ടിയിരുന്ന്
കാർ കെട്ടി വലിക്കുക തുടങ്ങിയ സാഹസിക ഇനങ്ങൾ . 

ഒടുവിൽ ഒരു ആക്സിഡന്റിൽ ഡിസ്ക് തകരാറിലായി അയാൾക്ക് ജോലി ചെയ്യാൻ കഴിയാതെയായി.
ഒരു  തവണ ലീവിന് നാട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞു , അയാൾ പടിഞ്ഞാറ് കായലരികിൽ ഒരു വീട്ടിൽ പഴയ ശിഷ്യരിൽ
 ഒരാളുടെ കൂടെ താമസംതുടങ്ങിയെന്ന്.   പിന്നീടെപ്പൊഴോ മരണപ്പെട്ടു.

എന്റെ ഓർമ ഉണർന്ന കാലം മുതൽ കണ്ട സാഹസിക കലാരൂപത്തെ ഇന്നും ഓർക്കുന്നു. സത്യനും രാഗിണിയും നസീറും ഷീലയുമൊക്കെ മനസിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ കാലത്തിന് മുമ്പ്
ഞങ്ങൾ കുട്ടികളുടെ മനസ്സിൽ
 വിളങ്ങിയ  സൂര്യതേജസ് ആയിരുന്നു- കൊച്ചിൻ ഫ്രാൻസിസ്   .


-ശങ്കരനുണ്ണി