Tuesday, 14 November 2023

പനമ്പട്ടകളിൽ കാറ്റുപിടിച്ചപ്പോൾ

പാലക്കാട് :


ലോകത്തിലെ പ്രശസ്തമായ അഞ്ച് പൈതൃക ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോടിനെ തെരെഞ്ഞെടുത്തുവെന്ന് പലയിടത്തും പ്രതിപാദ്യo കണ്ടതു മുതൽ കൊല്ലങ്കോട് സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചിരുന്നു. കൂടാതെ ചില യൂട്യൂബ് ചാനലുകളിലും കൊല്ലങ്കോടിന്റെ സൗന്ദര്യവും ആകർഷണീയതയും പൊടിപ്പും തൊങ്ങലും വച്ചവതരിപ്പിക്കപ്പെട്ടപ്പോൾ ആഗ്രഹത്തിന് വീണ്ടും ചിറകു മുളച്ചു. അങ്ങനെയിരിക്കെ സഹോദരിയും കുടുംബവും സന്ദർശനത്തിനെത്തിയപ്പോൾ അവരെ കൂടി കൂട്ടി കൊല്ലങ്കോടിന് തിരിച്ചു.

ഞങ്ങളുടെ കാർ കുഴൽമന്ദം കഴിഞ്ഞതോടെ പാലക്കാടിന്റെ വിശേഷിച്ച് നെല്ലിയാമ്പതിയുടെ  അടിവാരത്തുള്ള
ഗ്രാമങ്ങളുടെ തനതു ഭംഗി മനസ്സിനെ സന്തോഷിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ ചരിവുയരങ്ങൾ താണ്ടി വേണം നെല്ലിയാമ്പതിയെന്ന ഹിൽ സ്റ്റേഷനിൽ എത്താൻ. എന്നാൽ കൊല്ലങ്കോട് ഭൂനിരപ്പിൽ തന്നെ ഫലഭൂയിഷ്ടമായ നെൽവയലുകളാൽ സമൃദ്ധമായ ഭൂഭാഗമാണ്.
വടക്ക് ഗായത്രിപ്പുഴയും കിഴക്ക് മുതലമടയും തെക്ക് നെല്ലിയാമ്പതി മലനിരകളും അതിരിടുന്ന ഈ പ്രദേശം വേങ്ങനാട് നമ്പിടി അഥവാ കൊല്ലങ്കോട്ട് നമ്പിടി എന്ന് അറിയപ്പെട്ടിരുന്ന നാടുവാഴികളുടെ അധീനതയിലായിരുന്നു. അവസാനത്തെ നാടുവാഴിയായി അറിയപ്പെട്ടത് വാസുദേവരാജാ ആയിരുന്നു. വീരരവി എന്ന ക്ഷത്രിയ രാജാവിന്റെ പിൻമുറക്കാരായാണ് വേങ്ങനാട് നാട്ടുവഴികൾ അറിയപ്പെടുന്നത്. കൊല്ലങ്കോട് ദേശത്തെ 999 നായർ കുടുംബങ്ങളുടെ നായകനായിരുന്നു , കൊല്ലങ്കോട് നാടുവാഴി . ഇവർ കോഴിക്കോട് സാമൂതിരിയുടെ സാമന്തരായിരുന്നു. അതിനാൽ വേങ്ങനാട് സ്വരൂപം എന്ന  പേരും ഈ നാട്ടുരാജ്യത്തിനുണ്ടായിരുന്നു. മാമാങ്കത്തിന് വേങ്ങനാട് നാടുവാഴിയെ ക്ഷണിക്കുകയെന്നതുo നായർ യോദ്ധാക്കളെ മാമാങ്കത്തിന് എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു. പറങ്കികളുമായുള്ള യുദ്ധത്തിലും കൊച്ചി രാജാവുമായുള്ള യുദ്ധത്തിലും കൊല്ലങ്കോട്ട് നാടുവാഴികൾ സാമൂതിരിയെ സഹായിച്ചിട്ടുണ്ട്. 1792 ൽ ടിപ്പുവുമായുള്ള യുദ്ധത്തിൽ കൊല്ലങ്കോട്ട് നാട്ടുരാജ്യം അടിയറവ് വയ്ക്ക്ണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ബ്രിട്ടീഷുകാർ അത് വീണ്ടെടുത്ത് ചില വ്യവസ്ഥകളോടെ സാമൂതിരിക്ക് നൽകി. എന്നാൽ ആ വ്യവസ്ഥകൾ പാലിക്കാൻ പറ്റാത്തതിനാൽ ബ്രിട്ടീഷുകാരെതന്നെ അത് തിരികെ യേൽപ്പിച്ചു. അങ്ങനെ കൊല്ലങ്കോട് ബ്രിട്ടീഷ്മലബാർ ജില്ലയുടെ ഭാഗവും സ്വാതന്ത്ര്യാനന്തരം പാലക്കാട് ജില്ലയുടെ ഭാഗവുമായി.





ചുറ്റും വിളഞ്ഞു കിടക്കുന്ന നെൽവയലുകൾ. വയലുകൾക്ക് നടുവിലായി പഴുത്തതും പച്ചയുമായ കതിർക്കുലകളുമായി , സ്വർണവർണവും മരതകകാന്തിയും കോർത്തിണക്കിയ പോലെയാണ് പാടശേഖരങ്ങളുടെ നില. വരമ്പോരങ്ങളിൽ അങ്ങിങ്ങ് ചിതറിയും ഒട്ടിടങ്ങളിൽ കൂട്ടായും നിൽക്കുന്ന കുടപ്പനകൾ . വയലിലേയ്ക്ക് യഥാനുസരണം വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ പുരയും ഒന്നുരണ്ടിടത്തായി കണ്ടു. ഞങ്ങൾ സീതാർകുണ്ടും ചിങ്ങൻ ചിറയുമൊക്കെ കാണാനുള്ള യാത്രയിലാണ്. എന്നാൽ ഈ  നെൽവയലുകളും അവയ്ക്ക് കിന്നരി ചാർത്തുന്ന പനവൃക്ഷങ്ങളും പശ്ചാത്തലത്തിൽ കോടമഞ്ഞണിഞ്ഞ
നെല്ലിയാംപതിമല നിരകളുും വശ്യസുന്ദരമായ അനുഭൂതി നൽകി. വാഹനം ഒതുക്കി ഞങ്ങൾ വരമ്പോരത്തു കൂടി ഒട്ടു നടന്ന് വയലുകളുടെ വിശാലതയിൽ എത്തി. ഞാൻ ചെവിയോർത്തു. പനമ്പട്ടയിൽ കാറ്റുപിടിക്കുന്നുണ്ടോ? ഓവി.വിജയന്റെ കഥാപാത്രങ്ങളെ ഞാൻ അവിടൊക്കെ തിരഞ്ഞു. വെള്ളായിയപ്പനെ , അള്ളാപ്പിച്ച  
മൊല്ലാക്കയെ സൈനബയെ . അമ്പതു കൊല്ലം കൊണ്ട് നാട് മാറിയിരിക്കുന്നു. ഈ വയലുകളും പനകളും മലകളുമല്ലാതുള്ള ബാഹ്യ പ്രപഞ്ചം ആകെ മാറിയിരിക്കുന്നു.

റോഡരികിൽ പനമ്പട്ട മേഞ്ഞ ചെറിയ തട്ടുകടയിൽ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന പരിപ്പുവടയുടെ ഗന്ധം ഞങ്ങളെ അങ്ങോട്ടാകർഷിച്ചു. രണ്ടു സ്ത്രീകൾ നടത്തുന്ന ആ കട രുചിയുടെ , ആസ്വാദ്യതയുടെ അവസാന വാക്കായി തോന്നി. മറ്റിടങ്ങളിൽ നിന്ന് വേറിട്ട ഒരു ഗ്രാമ്യത ഇവിടെ ദൃശ്യമായി. അതിന്റ ബോധ്യപ്പെടുത്തലായിരുന്നു , ആ ചായയും പരിപ്പുവടയും.



ഇരുവശവും പരന്നു കിടക്കുന്ന വയലുകൾക്കു നടുവിലൂടെ ഞങ്ങൾ പോയതു് സീതാർകുണ്ട് എന്ന ചെറു ജലപാതം കാണുവാനാണ്. നെമ്മാറ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ വരുന്നതാണ് ഈ പ്രദേശം. രാത്രികാലത്ത് ആന, കരടി, പുലി തുടങ്ങിയ വന്യജീവികൾ കൃഷിയിടത്തിലേയ്ക്കും ജനവാസേ കേന്ദ്രങ്ങളിലേയ്ക്കും കടന്നുവരാറുണ്ടെന്ന് വനപാലകൻ പറഞ്ഞു. അവയ തുരത്താനായി രാത്രികാലങ്ങളിൽ മാത്രം ചാർജു ചെയ്യുന്ന വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്. സീതയാർകുണ്ട് ലോപിച്ച് സീതാർകുണ്ട് ആയതാണെന്ന് പറയപ്പെടുന്നു. 
വനവാസകാലത്ത് സീതാദേവിക്ക് കുളിക്കാൻ ശ്രീരാമൻ ഒരു അരുവി കാണിച്ചു കൊടുത്തു. സീതാദേവി കുളിച്ച തീർഥം എന്ന നിലയിൽ ആദിവാസികളും തദ്ദേശീയരും അവിടെ പൂജ നടത്തുന്നതായി പറയുന്നു. നെല്ലിയാമ്പതി മലനിരകളിൽ നിന്നൊഴുകി വരുന്ന അരുവി, ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകളിൽ പതിച്ച് പരന്നൊഴുകുന്നു. പലരും പാറക്കെട്ടുകളിലൂടെ ഇറങ്ങി അരുവിയിൽ കുളിക്കുന്നത് കാണാമായിരുന്നു.






സീതാർകുണ്ടിൽ നിന്ന് നേരേ പോയത് ചിങ്ങംചിറയിലെ ഏകലവ്യ ക്ഷേത്രത്തിലേയ്ക്കാണ്. പ്രകൃതി ക്ഷേത്രമെ െന്നാക്കെ പല പരാമർശങ്ങളും ഉണ്ട്. നിരന്നു നിൽക്കുന്ന വടവൃക്ഷങ്ങൾക്ക് നടുവിൽ പ്രകൃതിയുമായി അഭിരമിച്ച് ഒരു ക്ഷേത്രം. ആൽമരത്തിന്റെ വേരുകൾ ഊന്നു കാലുകൾ പോലെയാകുമ്പോൾ അതൊരു പ്രകൃതികുടീരം പോലെ ആയിത്തീരുന്നു. ഇവിടത്തെ ക്ഷേത്രത്തിന് കറുപ്പസ്വാമി ക്ഷേത്രമെന്നും പേരുണ്ട്. ആദിവാസി ഗോത്രവിഭാഗക്കാരാണ് ഇവിടെ പൂജ നടത്തി വന്നതെന്ന് തോന്നുന്നു. ഇപ്പോൾ എല്ലാ മത വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനമുണ്ട്. മൃഗങ്ങളേയും പക്ഷികളേയും ബലി കൊടുക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ടെന്ന് പറയുന്നു. ചിലർ ആടിനേയും മറ്റു ചിലർ കോഴിയേയും അറക്കാൻ കൊണ്ടു പോകുന്നതും കാണാമായിരുന്നു. പ്രകൃതി ക്ഷേത്രം എന്നു കേട്ടപ്പോൾ തോന്നിയ ഒരന്തരീക്ഷം ഏതായാലും അവിടെ കാണാൻ കഴിഞ്ഞില്ല. വടവൃക്ഷങ്ങൾ ഒരുക്കുന്ന ഒരു പ്രത്യേക പ്രകൃതി മാത്രമാണ് ആകെയുള്ള വിശേഷത.




അധികം ദൂരെയല്ലാതെ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഒരു കളപ്പുരയുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണത്. എങ്കിലും പഴയ കാലത്തെ കാർഷിക ഉപകരണങ്ങളും അളവുപാത്രവുമെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്തു തന്ന വെള്ളാമ്പലുകൾ വിടർന്നു നിൽക്കുന്ന ഒരു താമരക്കുളം കണ്ടു. ഏറെ ആകർഷണീയമായ ഒരു കാഴ്ച തന്നെയാണത്. ഒരു ഭാഗത്ത്  തോട്ട മടിസ്ഥാനത്തിലുള്ള മാവ് കൃഷിയും ഉണ്ട്. വരിയൊപ്പിച്ച്  നിരത്തി വച്ചിരിക്കുന്ന മാവുകൾ നമ്മുടെ നാട്ടിൽ കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി; ഒപ്പം ഭീതിയും . കേരളത്തിന്റെ നെല്ലറയിലേയ്ക്ക് അതി ക്രമിച്ച്  മാവു കൃഷി വ്യാപിക്കുന്നതിന്റ ഒരു സൂചന അവിടെ കാണാൻ കഴിഞ്ഞു. നെൽകൃഷി നഷ്ടത്തിലാണെന്നിരിക്കെ ലാഭകരമായ മാവു കൃഷിയാണ് കർഷകർ താല്പര്യപ്പെടുന്നത്.


വീണ്ടും പല ക്ഷേത്രങ്ങളും മറ്റുമുണ്ടെങ്കിലും അതൊന്നും കാണാൻ ഞങ്ങൾ തുനിഞ്ഞില്ല. കൊല്ലങ്കോട് കൊട്ടാരത്തെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ അത് തൃശ്ശൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാടുവാഴി മകൾക്കു വേണ്ടി പണി കഴിപ്പിച്ചതാണത്.

സഹോദരിക്കും കുടുംബത്തിനും വൈകുന്നേരത്തെ വണ്ടിക്കു പോകണമെന്നതിനാൽ ഞങ്ങൾ പാലക്കാട് ഭാഗത്തേയ്ക്ക് തിരിച്ചു. ഓ.വി.വിജയന്റെ പ്രഖ്യാതമായ ഖസാക്ക് (തസ്റാക്ക് ) കാണണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നു. മനസ്സിലുള്ളതു് തമിഴ്നാട് അതിർത്തിയിലെ ഏതോ വിദൂരഗ്രാമമായിരുന്നു.
"വണ്ടി ചെന്നു നിന്നപ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല." 
കാരണം കാലം കടന്നുപോയിരിക്കുന്നു. എല്ലാ കുഗ്രാമങ്ങളെപ്പോലെ ഇവിടവും പരിഷ്കാരത്തിന്റെ എടുപ്പും തുടുപ്പും എടുത്തണിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇറങ്ങിയത്  കൂമൻകാവിലല്ല. അത് എവിടെയാണാവോ ? ഒരു കടയുടെ ബോർഡിൽ നിന്ന് അത് തസ്രാക്കാണെന്ന് മനസ്സിലായി. അതെ. ഞങ്ങൾ  നേരെ ഖസാക്കിൽ എത്തിയിരിക്കുന്നു. ഇവിടെ നിന്ന് പാലക്കാട് നഗരത്തിലേയ്ക്ക് 13 കി.മി. മാത്രം. മുന്നിൽ പടിപ്പുരയും കമാനവും. ഓ.വി.വിജയൻ സ്മാരകമെന്ന ബോർഡും.
ഞങ്ങൾ കവാടം കടന്നതും ഒരു പഴയ സംരക്ഷിത മന്ദിരത്തിന്റെ മുന്നിലേയ്ക്കാണ്. ചില സാഹിത്യ വിദ്യാർത്ഥികളും സ്മാരക നടത്തിപ്പുകാരും നിൽക്കുന്നതു കണ്ടു. അവർ പറയാതെ തന്നെ മനസ്സിലായി അത് ശിവരാമൻ നായരുടെ ഞാറ്റുപുരയാണെന്ന്. രവി ജോലി ചെയ്ത ഏകാധ്യാപക വിദ്യാലയമാണെന്ന്. ചെമ്മണ്ണ് തേച്ച് ഓടു മേഞ്ഞ കെട്ടിടത്തെ അതേപടി സംരക്ഷിക്കാൻ ഏറെ പ്രയത്നിനിച്ചിട്ടുണ്ടെന്ന് വ്യക്തം.




ഞാറ്റുപുരയുടെ പിൻഭാഗത്ത് ഒരു ഇരുനിലക്കെട്ടിടമുണ്ട്. അതിൽ താഴെ കോൺഫറൻസ് ഹാളും മുകളിൽ ഓ.വി.വിജയന്റെ നോവലുകൾ, കഥകൾ, കാർട്ടൂണുകൾ തുടങ്ങിയവയുടെ പ്രദർശനവുമാണ്. ഞങ്ങൾ ചെല്ലുമ്പോൾ താഴെ ഹാളിൽ ഡോക്ടർമാരുടെ ഒരു കോൺഫറൻസ് നടക്കുകയായിരുന്നു. മുകളിലെ നിലയിലെ പ്രദർശനം കണ്ടു. കെട്ടിടത്തിന്റെ പിറകിലും വശങ്ങളിലും വിശാലമായ നെൽവയലുകൾ ആണ്. തിരൂർ തുഞ്ചൻപറമ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അവിടവിടെ പ്രകൃതിയുമായി സംവദിച്ച് രചനകൾ നടത്താൻ പറ്റിയ തരത്തിൽ മണ്ഡപങ്ങൾ തീർത്തിരിക്കുന്നു. വളരുന്ന സാഹിത്യകാരന്മാരെ ഉദ്ദേശിച്ചാവും അത്. തരുലതാദികൾ ഒരുക്കുന്ന മേലാപ്പിനടിയിൽ കൂടി ഉലാത്താൻ പാകത്തിൽ ഒരു നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്.

അസ്തിത്വദു:ഖത്തിന്റെ അപ്പോസ്തലന്മാരായ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു ശ്രീ. ഓ.വി.വിജയൻ. ചെറുകഥയിലും നോവലിലും മാത്രം ഒരുങ്ങുന്നതായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രതിഭ. നല്ലൊരു കാർട്ടൂണിസ്റ്റും പത്രപ്രവർത്തന മികവ് കാണിച്ചന്ന ആളുമായിരുന്നു അദ്ദേഹം. ശങ്കേഴ്സിലും പാട്രിയറ്റിലും ഡെൽഹി വാസക്കാലത്തും , കേരളത്തിലെത്തിയ ശേഷം കേരള കൗമുദിയിലും അദ്ദേഹം കാർട്ടൂൺ പരമ്പര അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വാരികകളിലെ അക്കാലത്തെ കാർട്ടൂണുകൾ ധിഷണാപരവും പ്രവാചക സ്വഭാവം ഉൾക്കൊള്ളുന്നവയുമായിരുന്നു.

സാഹിത്യകൃതികളിലൂടെയുള്ള സാമൂഹ്യ- രാഷ്ട്രീയവിമർശനത്തിന് ദാർശനികവും ആത്മീയവുമായ പരിവേഷം ചേർത്തിക്കൊണ്ട് വിമർശനത്തിന് അദ്ദേഹം പുതിയ പാത തുറന്നു. 
അദ്ദേഹത്തിന്റെ നോവലുകളെ കവച്ചുവയ്ക്കുന്നവയായിരുന്നു ചെറുകഥകൾ . 'കടൽത്തീരത്ത് ' എന്ന കഥയിലെ വെള്ളായിയപ്പൻ നമ്മുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണ്. നോവലുകളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. മറ്റുള്ളവ വിമർശന പ്രധാനമെങ്കിലും ആസ്വാദ്യതയുടെ അംശം പ്രായേണ കുറയുന്നതായി തോന്നുന്നു.

വിവിധ അക്കാഡമി അവാർഡുകളും പത്മഭൂഷൺ ബഹുമതിയും ലഭിച്ച നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന് ഉചിതമായ സ്മാരകം വേണ്ടത് തന്നെ. സംശയമില്ല.

സ്മാരക പ്രതിമകളും സ്മാരക മന്ദിരങ്ങളും പലപ്പോഴും പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ പ്രൗഢമായ സാന്നിദ്ധ്യം സന്നിവേശിപ്പിക്കുവാൻ പര്യാപ്തമാകുന്നില്ല. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉചിതവും ഗംഭീരവുമായത് തുഞ്ചൻ സ്മാരകം തന്നെയാണ്. മറ്റെല്ലാം അതിന്റെ ഹൃദ്യമല്ലാത്ത അനുകരണങ്ങളും. തുഞ്ചൻ സ്മാരകത്തിന്റെ നിർമ്മിതിക്ക് പിന്നിൽ എം ടി. എന്ന ദ്വയാക്ഷരിയുടെ ദീർഘദർശിത്വവും ഭാവനയും സമർപ്പണബുദ്ധിയും അടയാളപ്പെട്ടു കാണാം.

നിർഭാഗ്യവശാൽ ഓ. വി.വിജയൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും കഥാവിഷ്കാരം രൂപപ്പെടുത്തിയ അന്തരീക്ഷവും കണ്ടെടുക്കാൻ എനിക്കായില്ല. അതിനപവാദം ആദ്യം സൂചിപ്പിച്ച ഞാറ്റുപുര മാത്രം. മിനുക്കുപണികൾ ചെയ്തിട്ടുണ്ടെങ്കിലും സ്മാരകമായി അത് നിലകൊള്ളുന്നു. അത്രയും ആശ്വാസം. കാലഘടനയിലും ഭൗമഘടനയിലും ജീവിതഘടനയിലും വന്ന മാറ്റങ്ങൾ പലപ്പോഴും സ്മാരകങ്ങളെ യാഥാർത്ഥ്യങ്ങളോട് ചേർത്തു നിർതതുന്നതിന് തടസമാവുന്നതാവാം.

 അദ്ധ്യാപകരും ഗ്രന്ഥശാലാ പ്രവർത്തകരും ഉൾപ്പടെ ഒരു ടീം പ്രവേശിച്ചതോടെ ഞങ്ങൾ സന്ദർശനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങി. നിനച്ചതൊന്നും കണ്ടില്ലെങ്കിലും അര നൂറ്റാണ്ട് മുമ്പിറങ്ങിയ നോവലിന്റേയും അതിലും പഴക്കമുള്ള കഥാപാത്രങ്ങളും അഭിരമിച്ച സ്ഥലവും സ്ഥാപനവും സന്ദർശിച്ച ചാരിതാർഥ്യവുമായി ഞങ്ങൾ മടങ്ങി.





പാലക്കാട് നഗരത്തിൽ തന്നെയുള്ള പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ 
കോട്ട കൂടി കണ്ടശേഷം യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. 1766 ൽ അന്നത്തെ െമെസൂർ
രാജാവായിരുന്ന ൈഹദരലി പണി കഴിപ്പിച്ചത് എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ സാമൂതിരിയുടെ കാലത്ത് തന്നെ പാലക്കാടിന്റെ ഭരണാധികാരി പാലക്കാട് അച്ചൻ എന്ന പേരിൽ ഒരു സ്വതന്ത്ര ഭരണാധികാരി ആയിരുന്നു. സാമൂതിരിക്ക് പാലക്കാടിനുമേൽ ആധിപത്യം വേ
ണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ പാലക്കാട് അച്ഛൻ  സാമൂതിരിയുടെ ആക്രമണ ഭീഷണിയെ
തകർക്കാൻ 1757 ൽ ൈ ഹദരലിയുടെ സഹായം തേടി. ൈ ഹദരലി ഈ അവസരം പ്രയോജനപ്പെടുത്തി തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. പിന്നീട് 1790 ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചടക്കി പുനരുദ്ധരിച്ചു. 1900 ന്റെ തുടക്കത്തിൽ താലൂക്ക് ആഫീസ് ഉൾപ്പടെയുള്ള സർക്കാർ ആഫീസുകൾ കോട്ടയ്ക്കുകത്ത് പ്രവർത്തിച്ചു തുടങ്ങി.


കോട്ടയ്ക്കു ചുറ്റും കിടങ്ങും ജലാശയവുമെല്ലാമുണ്ട്. ഇതിൽ മുതലകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കോടയ്ക്കകത്തെ വിശാലമായ പുൽത്തകിടിയിൽ ഒരു ഉയർന്ന ധ്വജസ്തംഭവും അതിൽ പാറിക്കളിക്കുന്ന ദേശീയ പതാകയും കാണാം. കോട്ടവാതിൽ കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നതു് ഒരു ആഞ്ജനേയ ക്ഷേത്രമാണ്. കോദണ്ഡരാമനും അടുത്തു തന്നെ പ്രതിഷ്ഠിതനാണ്. ഹൈദർ പണികഴിപ്പിച്ച കോട്ടയിൽ എങ്ങനെയാണ് ഹൈന്ദവ     ദേവന്മാരുടെ ക്ഷേത്രമെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഹൈദരലി ജ്യോത്സ്യത്തിലും ശകുനത്തിലും എല്ലാം വിശ്വസിക്കുന്ന ആളായിരുന്നു. ഹൈന്ദവ
ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾക്കും മറ്റും ഖജനാവിൽ നിന്ന് പണം മുടക്കാൻ ഒരു പക്ഷേ വിമുഖത കാട്ടാത്തതാവാം.  കോട്ടയുടെ എല്ലാ ഭാഗത്തും പുറത്തേയ്ക്ക് ശത്രു നീക്കം വീക്ഷിക്കാനുള്ള പൊസിഷനുകളുണ്ട്. കൂടാതെ തടവിൽ പിടിക്കുന്നവരെ ഇടാൻ ഗോപ്യമായ തടവറകളും ഇതിനുള്ളിൽ കാണാൻ കഴിഞ്ഞു. ഏതായാലും ഒരു കാലഘട്ടത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഈ കോട്ട പാലക്കാടിന്റെ ഗതകാലസ്മരണകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് ഇനിയും ഏറെക്കാലം നിലനിൽക്കും.



No comments:

Post a Comment