അർച്ചന
അഗസ്ത്യ മുനീശ്വരൻ ഗർവിതചിത്തനായി
വിഷണുഭക്തനാം രാജാവിനെ ആനയായ് തീർത്താനല്ലോ!
സത്ത്വ സങ്കല്പന്മാർ മുനിമാർ ശഠരായാൽ
സത്യധർമ്മങ്ങൾക്കുണ്ടോ
ആയുസ്സെന്നറിവീല
ആനയായിട്ടും ഭക്തികൈവിടാതനാരതം
ഭക്തസങ്കല്പനായി കഴിഞ്ഞൂ രാജാവത്രേ!
ഹസ്തിനികൾക്കു മധ്യേ മത്തനായ്
സ്നാനം ചെയ്ത്
പാൽക്കടൽ തന്നിൽ ത്രികൂടാചലേ ക്രീഡിക്കുമ്പോൾ ,
സ്വപ്നേപിയറിഞ്ഞില്ല ശപ്തനാം ഗന്ധർവൻ
നക്രമായ് വന്നു തന്റെ വാസരം ഗ്രഹിച്ചതേ
രാജനും ഗന്ധർവനും ശപ്തരാം ഇരകളാ-
ണുഗ്ര ശാപത്തിൻ വേവിൽ വത്സരം ഹോമിച്ചല്ലോ!
മുനിമാർ ശാപം നൽകി , ഭക്തി തൻ മഹത്വത്തെ
പിൽക്കാലം ഘോഷിപ്പാനായ് കർമങ്ങൾ മെനയുന്നു.
ആയിരംവർഷക്കാലംമുജ്ജന്മസ്മരണയ്ക്കായ്
നക്ര വക്രത്തിൽപെട്ടു ഭക്തനാം ഇന്ദ്രദ്യുമ്നൻ
തുമ്പിക്കരം കൊണ്ടേറെ ക്ലേശിച്ചു ഗ്രഹിച്ച
നൽപങ്കജ മലരിനാൽ അർച്ചന ചെയ്തു
പിന്നെ, നൽസ്തോത്രമലരിനാൽ അർപ്പണം ചെയ്തിതല്ലോ !
മദദർപ്പങ്ങളെല്ലാം മറഞ്ഞു മനസ്സിൽ മന്ദം
തെളിഞ്ഞു ഭവദ്രൂപം മഞ്ജുളം മനോഹരം ആശ്രിതഹൃദയത്തിൻ നോവറിഞ്ഞല്ലോ ഹരി
താർക്ഷ്യാരൂഢനായ് പോയ് നക്രത്തെ വധിച്ചതും
സാരൂപ്യ മുക്തിയേവം കൊടുത്തു ഗന്ധർവനും, ഉത്തമനായ രാജാവിനുമതേ വിധം
ഭക്തർക്ക് സായൂജ്യത്തെ നൽകുന്ന പരബ്രഹ്മ
രൂപത്തെ സ്മരിക്ക നാം ഭജിക്ക നാം പൂജിക്ക നാം
-ശങ്കരനുണ്ണി
No comments:
Post a Comment