Wednesday, 25 October 2023

ജലരേഖകൾ

അച്ഛനു കിട്ടിയൊരിത്തിരി കീർത്തി ഞാ -
നിച്ഛിച്ചതേതുമേ ദോഷമായോ?
നൽക്കലാക്ഷേത്രത്തിലേതും പഠിച്ചീല
ചൊൽക്കാഴ്ചയൊന്നുമേ ആടിയില്ല.  
കീർത്തനം ചൊല്ലുവാൻ അമ്മ പഠിപ്പിച്ച -
തോർത്തു വളർന്നതു കൊണ്ടിതോ ഞാൻ
കാവ്യാനുശീലനവ്യഗ്രതയാർന്നൊരു
നവ്യാനുഭൂതിയിൽ മാഴ്കിടുന്നൂ ?


****                       *                           ****
കണ്ണിൽ കവിത വിടർത്തിയ കഥകളി
വേഷം കണ്ടൊരു നാളിൽ ഞാൻ
കൈയിൽ കമലദളങ്ങൾ വിടർത്തുo
മുദ്രയിൽ മുഗ്ദ്ധത കണ്ടെത്തി.
ചെണ്ടയുണർത്തുo താളം, കൂടെ
മദ്ദളമേറ്റുo നാദം, ചേങ്കില ശിഞ്ജിത
രാഗമുതിർക്കും , പിൻപാട്ടുയരും പിന്നാലെ .
കലയുടെ കൈവള കഥകളിശീലായ്
നലമൊടു മുഖരിതമാവുമ്പോൾ
തിര ശീലയൊടെതിരിടുമിരുകയ്യു -
കളും കബരീഭാരകിരീടവുമായ്
അലറും വേഷമതാവാൻ ഞാനോ
അതിയായ് മോഹിച്ചമരുമ്പോൾ ,
അലറും വിധിയൊരു കലിയായ്
എന്നെ തള്ളി കദനക്കടലിൽ ഹാ!
തീരാനോവിൻ അഴലിൽ പെട്ടെൻ 
സ്വപ്നം വെറുമൊരു ജലരേഖ.
എങ്കിലുമെന്നെ കലയുടെ കൈയുകൾ
മാടി വിളിക്കുവതെന്താവോ?

No comments:

Post a Comment