അവതാരിക
പോർട്ടോ ഫിനോ (ക്രാവല്ലൂർ മുരളീധരൻ)
ഒരു യാത്രാവിവരണം നോവലിലേയ്ക്കു സംക്രമിക്കുന്ന മനോഹരമായ വാങ്മയദൃശ്യമാണ് കാവല്ലൂർ മുരളീധരൻ്റെ പോർട്ടോഫിനോ അനാവരണം ചെയ്യുന്നത്. . കാവ്യാരാമത്തിലെ സല്ലാപസുഖം പോലെ, അനുഭവങ്ങൾക്കും അനുഭൂതികൾക്കും ഇടയിലൂടെ കൈപിടിച്ചു നടക്കുന്ന പോലെ ഒരു തോന്നൽ. ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാനായി വിദേശിയായ സഹപ്രവർത്തകയ്ക്കൊപ്പം അവരുടെ നാട്ടിലേയ്ക്കുള്ള യാത്രയും മസൃണ അനുഭവങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. നായികാനായകന്മാർക്കൊപ്പം അനുവാചകരെയും കൂടെ നടത്തുന്ന തരത്തിൽ യാത്രയിലെ കാഴ്ചകളും വിവരണങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്.
'ജീവിക്കുക എന്നതുതന്നെ ഒരു വലിയ ജോലിയാണ്'
എന്ന ആമുഖത്തോടെയാണ് നോവൽ ആരംഭം. ജോലിയുടെ നൈരന്തര്യവും മടുപ്പും വിരസതയുമെല്ലാം ആ ഒരു വരിയിൽ സമഞ്ജസിപ്പിച്ചിരിക്കുന്നു. മനസ്സിൻ്റെ മടുപ്പിൽ നിന്നും ശരീരത്തിൻ്റെ നിരുന്മേഷത്തിൽ നിന്നും മോചനം തേടാൻ ഉദ്ദേശിച്ച കഥാനായകൻ സ്വരാജ്യത്തെ പുണ്യസ്ഥലങ്ങൾ തേടുമ്പോൾ, തൻ്റെ തന്നെ വിദേശി സഹപ്രവർത്തക അയാളെ അവളുടെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നതോടെയാണ് കഥാരംഭം.
ഒരു വിദേശിക്ക് നമ്മുടെ നാടിനോടുള്ള കാഴ്ചപ്പാട് ഇസബെല്ലയുടെ വാക്കുകളിലൂടെ പുറത്തു വരുന്നു;
" നിങ്ങൾ നിങ്ങളുടെ സംസ്ക്കാരങ്ങളിൽ മുങ്ങിത്താഴ്ന്ന് അപ്രത്യക്ഷരായി ജീവിതത്തിൽ നിന്ന് മുക്തിനേടാൻ ആഗ്രഹിക്കുന്നവരാണല്ലോ "
അവൾ പറഞ്ഞു..
ഇസബെല്ല എന്ന അവളുടെ പേരിൻ്റെ അർത്ഥം തന്നെ ' ജീവിതം ദൈവത്തിന് സമർപ്പിച്ചവൾ ' എന്നാണ് എന്ന് കഥാകാരൻ പറയുന്നു.. ഇസബെല്ലയെ സംബന്ധിച്ചിടത്തോളം മുക്തിയുടെ അർത്ഥതലം മറ്റൊരു തരത്തിലാകാം.
അതുപോലെ സ്വന്തം നാടിനെപ്പറ്റിപ്പറയുമ്പോഴുമുണ്ട് താരതമ്യ നിരീക്ഷണം.
" നിൻ്റെ നാട്ടിലെ പോലെ വലിയ തിരകൾ കുറവാണ് "
എന്നു പറയുമ്പോൾ, കടലിലെ തിരകളെ കുറിച്ചാണ് പരാമർശമെങ്കിലും അതിൽ സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങൾ കണ്ടെടുക്കാൻ കഴിയും.
രണ്ടാം അദ്ധ്യായത്തിൽ അപകർഷതാചിന്തയുമായി ഏകാന്ത ലോകത്ത് കഴിയുന്ന കഥാനായകനെ സാരസവാക്യങ്ങളാൽ പ്രചോദിപ്പിച്ച് ശൂന്യതയിൽ നിന്ന് ജീവിതത്തിലേയ്ക്ക് ആനയിക്കുകയാണ് ബെല്ല . മനുഷ്യന് ഒറ്റയ്ക്ക് നിലനിൽക്കാനാകില്ലയെന്ന് പറയുന്ന അവൾ ജീവിതം കൂടുതൽ മുറിവുകളുണ്ടാക്കി കനത്ത വേദനകൾ ആസ്വദിക്കാനുള്ളതല്ലയെന്നും മുറിവുകൾ തുന്നി ഉണക്കി ജീവിതത്തെ നേരിടാനുള്ളതാണെന്നും ഉദ്ബോധിപ്പിക്കുന്നു.
തുടർന്നങ്ങോട്ടുള്ള കഥ, ഒരു യാത്രാനുഭവക്കുറിപ്പു പോലെയെങ്കിലും മിഴിവും ചാരുതയും പ്രണയവും ചാലിച്ച് ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമാക്കിയിരിക്കുകയാണ് ശ്രീ. കാവല്ലൂർ മുരളീധരൻ.
കാല്പനിക പക്ഷത്തുണ്ടായിരുന്ന തത്വചിന്തകരുടെ കാഴ്ച്ചപ്പാടിൽ
ഉദാത്തതയ്ക്ക് ഉറവിടമായ തത്വങ്ങൾ പലതുണ്ട്. അതെല്ലാം പ്രാവീണ്യം എന്ന മൗലികമായ സിദ്ധിയെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിൽ പ്രധാനം ഉൽകൃഷ്ടമായ വിചാരമാണ്. രണ്ടാമത്തേത് ഊർജ്ജസ്വലവും ചൈതന്യവത്തുമായ വികാരാവിഷ്ക്കരണമാണ്. ഇവ രണ്ടും സഹജമായ സിദ്ധികളെ ആശ്രയിച്ചാണിരിക്കുന്നത്. കലാസങ്കേതങ്ങളുടെ സഹായത്താൽ നിഷ്പന്നമാവുന്ന ഉപാധികൾ വേറെയുമുണ്ട്.
കല്പനയുടെ പ്രയോഗത്തിലുള്ള കൗശലം അതിലൊന്നാണ്. . അന്തസ്സുറ്റ പ്രകാശനം വേറൊന്നാണ് . രചനാ സംവിധാനത്തിൻ്റെ ഗാംഭീര്യവും ഔന്നത്യവുമാണ് അഞ്ചാമത്തേത്.
ഉദാരതയും ഉൽക്കർഷവാഞ്ഛയുമുള്ള ആത്മാവിൽ നിന്നു മാത്രമേ യഥാർത്ഥ വാഗ്മിത സംജാതമാകുകയുള്ളൂ. ഗാംഭീര്യമുള്ള ചിന്തകൾ ഉള്ളവരുടെ വചനങ്ങൾ ഉദാത്തതാനിർഭരമായിത്തീരുന്നു. അതുപോലെ ഭവ്യമായ വചനങ്ങൾ മനസ്വികളുടെ വിശേഷമായ സിദ്ധിയാകുന്നു.
ഇംഗ്ലീഷ് സാഹിത്യവുമായുള്ള സമ്പർക്കത്താൽ മലയാളത്തിനു ലഭിച്ച സാഹിത്യ ശാഖയാണ് നോവൽ. സംസ്കൃതത്തിലെ കാദംബരി പോലുള്ള നീണ്ട കൽപ്പിത കഥകൾ മലയാളിക്കു പരിചിതമായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ നോവല്ലകൾ വായിച്ച് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ നോവലുകൾ രചിക്കപ്പെട്ടത്.
എ ഡി.നാലാം നൂറ്റാണ്ടിനടുപ്പിച്ച് ഗ്രീക്കു ഭാഷയിലെഴുതിയ ഡാഫനിസും ഖ്ളോയും (Daphnis and Chloe), ലാറ്റിനിൽ എഴുതപ്പെട്ട ഗോൾഡൻ ആസ്സ് (Golden Ass) എന്നീ കഥകളിൽ നോവൽ പ്രസ്ഥാനത്തിൻ്റെ സ്ഫുരണങ്ങൾ കണ്ടിരുന്നതായി സാഹിത്യ നിരൂപകർ പറയുന്നു. റിയലിസം, നാച്ചുറലിസം, ഇമ്പ്രഷണിസം ഏറ്റവും ഒടുവിൽ ബോധധാരയും (Stream of consciousness) രചനാ മാധ്യമമാണ്. പാശ്ചാത്യസാഹിത്യത്തിൽ വെർജിനിയ വുൾഫും വില്യം ഫോക്നറും(1897-1962) ജെയിംസ് ജോയ്സും (1882-1941) അവിഷ്ക്കരിച്ച സമ്പ്രദായങ്ങൾ ഭാരതീയ സാഹിത്യകാരന്മാർ വിജയകരമായി പരീക്ഷിച്ചതായി ശ്രീ.ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി നിരീക്ഷിച്ചിട്ടുണ്ട്.
നാടകാദി ഗദ്യരചനാ രൂപങ്ങൾ മലയാളത്തിലേയ്ക്ക് കടന്നുവന്നതിൽ നാം ഇംഗ്ലീഷ് സാഹിത്യത്തോടു കടപ്പെട്ടിരിക്കുന്നു. ഗദ്യസാഹിത്യത്തിലെ സുപ്രധാന വിഭാഗമായ നോവൽസാഹിത്യം പാശ്ചാത്യരിൽ നിന്ന് ആദ്യം അനുകരിച്ചത് ബംഗാളികളാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇത് ചുവടുറപ്പിക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.
ആധുനിക മലയാള സാഹിത്യത്തിൻ്റെ പുരോഗതിയിൽ സംസ്കൃത പരിഭാഷയേക്കാൾ കൂടുതൽ സഹായിച്ചത് ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷകളാണ്. അതു തന്നെ നേരിട്ട് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്കും അതു കൂടാതെ ഇതര യൂറോപ്യൻ സാഹിത്യങ്ങളിൽ നിന്ന് ആദ്യം ഇംഗ്ലീഷിലേയ്ക്കും അവിടെ നിന്ന് മലയാളത്തിലേയ്ക്കും എന്ന തരത്തിലായിരുന്നു. ഒരു ഡച്ച് നോവലിൻ്റെ ഇംഗ്ലീഷിലേയ്ക്കുള്ള പരിഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്താണ് വലിയകോയിത്തമ്പുരാൻ 'അക്ബർ' എന്ന നോവൽ എഴുതിയത്. മലയാളത്തിലെ ആദ്യത്തെ നോവൽ തർജ്ജമ ആയിരുന്നു അത്. ഗോൾഡ്സ്മിത്തിൻ്റെ 'വികാർ ഓഫ് വേക്ഫീൽഡ്', മിസ്സസ് ഹെൻറി വുഡിൻ്റെ 'ഈസ്റ്റുലിൻ' തുടങ്ങിയവ ഇത്തരത്തിൽ തർജ്ജമ ചെയ്യപ്പെട്ടവയാണ്.
യാത്രകളിൽ കണ്ടതും അനുഭവിച്ചതും സരസമായി പ്രതിപാദിക്കുന്നതാണ് സഞ്ചാര സാഹിത്യം. ഉണ്ണുനീലി സന്ദേശം മുതൽ എസ്.കെ.പൊറ്റക്കാടുവരെയും തുടർന്നങ്ങോട്ടും സഞ്ചാരസാഹിത്യം മുന്നോട്ടു പോയി. ദൃശ്യാനുഭവങ്ങൾ കൂടി ചേർത്ത് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര അവതരിപിക്കുന്ന സഞ്ചാരാനുഭവങ്ങളും സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്.
ഇവിടെ സഞ്ചാരാനുഭവത്തെ പ്രണയകഥയുടെ പശ്ചാത്തലം നൽകി ആവിഷ്ക്കരിച്ചിരിക്കുന്നു.
ആദ്യത്തെ സാമൂഹ്യാഖ്യായികയായ ഇന്ദുലേഖ ഒരു പ്രണയം പ്രതിപാദിച്ചിരുന്നു.
പ്രണയകഥ പറയുന്നതിനൊപ്പം തന്നെ അക്കാലത്തെ മരുമക്കത്തായസമ്പ്രദായത്തിലെ ആചാര വൈകൃതങ്ങളെ തുറന്നുകാട്ടുക കൂടി ചെയ്തു. ഇന്ദുലേഖയിലും നായകനായ മാധവൻ്റെ ദേശസഞ്ചാര അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
ഇൻഡ്യൻ നഗരത്തിൽ നിന്നും ഇറ്റലിയിലെ ഫിയാമിസിനോ വരെയുള്ള വിമാനയാത്ര ഒരു യാത്രാനുഭവക്കുറിപ്പിലെന്നപോലെ മനോഹരമായാണ് കാവല്ലൂരിൻ്റെ നോവലിൽ വരച്ചു കാട്ടിയിട്ടുള്ളത്.
ഒപ്പം പ്രണയാതുരമായ മനസ്സുകളുടെ തുടിപ്പുകളും കിതപ്പുകളും അനുഭവവേദ്യമാക്കുന്നു.
ഒരു നോവലിൻ്റെ പാരമ്പര്യവഴികളിലൂടെയല്ല നോവലിസ്റ്റ് നമ്മളെ കൊണ്ടു പോകുന്നത്. മറിച്ച് ഒരു യാത്രാനുഭവത്തെ പ്രണയതരമായി മുന്നോട്ടു നടത്തുകയാണ്.
ഫിയാ മിസിഫിയാമിസിനോയിൽ നിന്ന് ജെനോവയിലേയ്ക്കുള്ള വിമാനയാത്ര', തുടർന്ന് ജനോവ സെസ്റ്റ്രി പോണൻ്റെ റെയിൽവേസ്റ്റേഷനിലേയ്ക്ക് കരമാർഗ്ഗമുള്ള യാത്ര. അവിടെ നിന്ന് സാൻ്റാ മാർഗരിറ്റ ലിഗർ എന്ന തുറമുഖനഗരത്തിലേയ്ക്ക് തീവണ്ടിയിൽ . റെയിൽവേ സ്റ്റേഷനിൽ നിന്ന് റാപ്പല്ലോ ഫെറി പോർട്ടിലേയ്ക്ക് വീണ്ടും കരമാർഗ്ഗം.. അവിടെ നിന്ന പോർട്ടോ ഫിനയിലേയ്ക്ക് കടൽ യാത്ര. അവിടെയാണ് ഇസബെല്ലയുടെ വീട്'.
കഥയിലത്രയും കഥാനായകൻ മൗനത്തിൻ്റെ വല്മീകത്തിൽ ധ്യാനാത്മകമായ നിശബ്ദതയോടെ അതിവർത്തിക്കുകയാണ്. ഒരുപക്ഷേ അതു തന്നെയായിരിക്കാം അയാളുടെ സ്ഥായീഭാവം. കഥയെ മുന്നോട്ടു നടത്തുന്നത് അയാളുടെ സഹപ്രവർത്തകയായ ഇറ്റലിക്കാരി ഇസബെല്ലയാണ്. അയാളുടെ ധ്യാനാത്മകമായ മൗനത്തിൽ ഒളിഞ്ഞിരിക്കുന്ന ഹൃദയമർമ്മരങ്ങൾക്ക് വാഗ്രൂപം നൽകുന്നത് അവളാണ്. ഒരു പക്ഷേ അവൾക്ക് നഷ്ടപ്പെട്ടുപോയവനെ അയാളിൽ തിരയുകയാവാം. ജീവിതത്തിലെ തിരയിളക്കത്തിൽ തനിക്ക് നഷ്ടപ്പെട്ടു പോയ നിർവൃതിദായകമായ മുഹൂർത്തങ്ങളെ അവൾ സൃഷ്ടിച്ചെടുക്കുകയാവാം. വിമാനത്തിൽ പ്രീമിയം ക്ലാസ് ടിക്കറ്റ് എടുത്ത് സ്വകാര്യമായ ലോകം സൃഷ്ടിച്ചെടുത്തത്, പ്രണയത്തിൻ്റെ ലോലഭാവം കൊണ്ട് അയാളെ തരളിത ഹൃദയനാക്കിയത്, തൻ്റെ ഏകാന്തഭവനത്തിലേയ്ക്ക് അയാളെ കൂട്ടിക്കൊണ്ടു പോയത്. ഒടുവിൽ തൻ്റെ പ്രണയം അയാളെ അറിയിച്ച് പ്രത്യാശാപൂർവ്വം മടങ്ങിവരവിനായി കാത്തിരിക്കുന്നത് ; എല്ലാം അയാളിൽ ഒരു നല്ല സുഹൃത്തിനെ കണ്ടുകൊണ്ടാണ്. അഞ്ചു വർഷം കൊണ്ട് താൻ കണ്ടെത്തിയ സുഹൃത്തിനെ ദേശത്തിൻ്റെ ഭാഷയുടെയും അന്തരമുണ്ടെങ്കിലും അവൾ ഹൃദയത്തിൽ സ്വീകരിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈജാത്യമുണ്ടെങ്കിലും മനസ്സിൽ പ്രതിഷ്ഠിച്ചു. സംസ്ക്കാരത്തിൻ്റേയും സമരസപ്പെടലിൻ്റേയും കടമ്പകൾ ഉണ്ടെങ്കിലും കൂടെനിർത്താൻ കൊതിച്ചു. ഉൽക്കടമായ അഭിനിവേശത്തിലും കാതരമായ മനസ്സുകളുടെ ആമന്ത്രണത്തിലും കടലിലും കരയിലും ആകാശത്തിലും അവരുടെ പ്രണയം സുരഭിലദീപ്തമായി.
അയാൾക്ക് അവൾ സഹപ്രവർത്തകയായ സുഹൃത്ത് മാത്രമാണ്. എന്നാൽ അവൾ അയാളെ തൻ്റെ ലൈഫ് പാർട്ട്ണറായി കണ്ടുകൊണ്ട് തൻ്റെ ഏകാന്ത ഭവനത്തിലേയ്ക്ക് കൊണ്ടുപോകുന്നു. തൻ്റെ മാതാപിതാക്കളും സഹോദരനും പ്രിയപ്പെട്ടവനും ഒരു ദ്വീപിൽ ജന്മദിനാഘോഷത്തിനിടെ കടൽത്തിരകയറി നഷ്ടപ്പെട്ടു. താൻ മാത്രം വിധിബലം കൊണ്ട് രക്ഷപെട്ടതായി അവൾ വെളിപ്പെടുത്തുന്നു. തൻ്റെ ജീവിതകഥയും ഇൻഡ്യയിലെ ജോലി കാലയളവ് അവസാനിച്ചെന്നതും അവൾ വെളിപ്പെടുത്തുന്നത് അയാൾക്ക് ഒറ്റയ്ക്കുള്ള മടക്കടിക്കറ്റ് നൽകിക്കൊണ്ടാണ്. അവർ ജോലി ചെയ്തിരുന്ന കമ്പനിക്ക് താമസംവിനാ ഇറ്റലിയിൽ പുതിയ ആഫീസ് ഉണ്ടാകുമെന്നും അപ്പോൾ അയാൾ തന്നെ തേടി വരണമെന്നും അവൾ ആഗ്രഹിക്കുന്നു. പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നു.
.
പ്രബലമായ ഓരോ പ്രണയവും ഏകാന്തമാണ്. പ്രണയത്തിൻ്റെ നിർവ്വഹണം ഏകാന്തതയുടെ സംക്രമണമാണ്. മൂല്യങ്ങളെ അറിയുന്നത് അകലുമ്പോൾ മാത്രം. അഭാവത്തിൽ അനുഭവത്തിൻ്റെ ജ്വരം പിടിക്കുന്നു. കാളിദാസകൃതികളിൽ മുതൽ നാം കണ്ടുകൊണ്ടിരിക്കുന്ന പ്രണയത്തിൻ്റെ ഭാവതലങ്ങൾ അത്തരത്തിലാണ്.
കഥ അപ്രധാനമാവുകയും കഥയുടെ ദൃഢബന്ധത അപ്രധാനമാക്കി സങ്കൽപ്പങ്ങളും സ്മരണകളും കൂടി ചേർത്ത് നെയ്തുണ്ടാക്കുന്ന തരത്തിലാണ് കാവല്ലൂരിൻ്റെ കഥാവതരണം.
തികച്ചും ലളിതമായ ഒരു വിചാരം, അപ്രകാശിതമായിരുന്നാൽ പോലും അതിൻ്റെ ഉദാത്തതയുടെ ശക്തി കൊണ്ട് മാത്രം സമാദരണീയമായിത്തീരാറുണ്ട്. അതിൻ്റെ ഉജ്ജ്വലമാതൃകയാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാം.
ശങ്കർ ഉണ്ണി
അങ്ങാടിപ്പുറം
14.12.2025